‘എന്റെ നൃത്തം കണ്ട് വിവാഹം കഴിച്ചു, വിവാഹ ശേഷം പറഞ്ഞു ഇനി നൃത്തം വേണ്ടെന്ന്...’

mohiniyattam
പ്രതീകാത്മക ചിത്രം
SHARE

മോഹിനി ആടുന്നൂ (കഥ)

അലമാരി നിറയെ പട്ടുസാരികൾ. കടും നിറങ്ങൾ. ചുവപ്പ്, പച്ച,നീല.

ഇളം നിറത്തിലുള്ള ഒരു സാരി പോലുമില്ല. കാര്യമെന്താണെന്നോ? 

മനുവിന് അതാണിഷ്ടം. കുളിച്ച്, തലമുടി വിടർത്തിയിട്ട്, കടുംനിറമുള്ള സാരി ചുറ്റി, വലിയ കുങ്കുമപൊട്ടും തൊട്ട്, മനു ഓഫിസിലേക്കിറങ്ങും മുമ്പ് മുന്നിൽ ഹാജരാകണം. 

വർഷം ഒന്നും രണ്ടുമല്ല. മുപ്പത് കഴിഞ്ഞു. എന്നും ഇതു തന്നെ. തയ്യാറാക്കി വച്ചിരിക്കുന്ന ടിഫിൻ ബോക്സ് മനുവിന് കൊടുക്കുന്നു. മനു അടിമുടി എന്നെയൊന്നു നോക്കുന്നു. ആ മുഖത്തറിയാം എല്ലാം. ഇതു പോലെത്ര ദിവസങ്ങൾ. 

സാരികൾക്കിടയിലൂടെ ഞാൻ പരതുന്നതെന്താണന്നല്ലേ, പറയാം കേട്ടോ. ഞാനതൊന്ന് എടുത്തോട്ടേ, സൂക്ഷിച്ച്. താഴേ വീണ് വല്ലതും പറ്റിയാൽ പിന്നെ ഒരിക്കലും തിരിച്ച് കിട്ടില്ല. 

ചെറിയ പൂക്കളുള്ള ഇളം മഞ്ഞ ഷിഫോൺ സാരി. മനോഹരം.

അതിലെന്താണെന്നല്ലേ?

എന്റെ ജീവന്റെ ജീവൻ. കാണിക്കാമിപ്പോൾ. 

മെല്ലെ ഓരോ മടക്കുകൾ നിവർത്തിയപ്പോൾ അതിലൊളിച്ചിരിക്കുന്നു, നേർത്തൊരു കവണി കസവ് സാരി, സുന്ദരമായ് ഞൊറിയിട്ടത്. ഒപ്പം ഒരു കൊച്ചുപെട്ടിയും

ഇനി അതിലെന്താണെന്നോ? എനിക്ക് പ്രിയപ്പെട്ട ചിലങ്കകൾ. 

ആഭരണപ്പെട്ടിയിലാണ് നെറ്റിചുട്ടിയും തോടയും ഒഡ്യാണവും കാശുമാലയും പൂത്താലിയും. അതിപ്പോളെടുക്കാനോ? അയ്യോ! പറ്റില്ല. കാശും ആഭരണവും വയ്ക്കുന്ന അലമാരിയുടെ താക്കോൽ എവിടെയാണെന്ന് ഇന്നും മനുവിന് മാത്രമേ അറിയൂ. 

സുനന്ദയ്ക്ക് വിവാഹമായപ്പോൾ എന്റെ ആഭരണത്തിന്റെ നല്ലൊരു പങ്ക് മനു തന്നെയാണ് അവൾക്കെടുത്തു കൊടുത്തത്. മകളല്ലേ, വാത്സല്യമാണ്. 

പക്ഷേ, എനിക്ക് പ്രവേശനമില്ല. 

ഏയ്, വിഷമമൊന്നുമില്ല. വിവാഹത്തിനോ മറ്റോ പോകുമ്പോൾ മനു തന്നെയാണ് അലമാരയിൽനിന്ന് അണിയേണ്ട സാരിയും ആഭരണവും തരുന്നത്. എനിക്കെന്താണൊരു കുറവ്!

മനുവെത്തും മുൻപേ ഇന്നത്തെ പണികളൊക്കെ തീർക്കണം. ഇപ്പോൾ വരാം കേട്ടോ. പോവരുതേ... ഇനിയും പറയാനുണ്ട്. 

*****************

അടുക്കള വാതിലടച്ചോ എന്നു നോക്കട്ടേ, ജനാലകളും. പണി എല്ലാം കഴിഞ്ഞു. 

തുണിയലക്കിയതെല്ലാം തേച്ചു വച്ചു. കൈലേസു മുതൽ തോർത്ത് വരെ, ഒരു ചുളിവുപോലും പാടില്ല.

മൂന്നു മണിക്കിനി അധികം സമയമില്ല. ഞാനീ കവണി സാരി ഒന്നണിയട്ടെ, ചിലങ്കകളും. എന്തിനാണെന്നോ? അവസാനമായി ഞാനിതണിഞ്ഞിട്ട് വർഷം മുപ്പത് കഴിഞ്ഞു. എല്ലാം മറന്നിട്ടുണ്ടാവുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ അങ്ങനെയായിരുന്നില്ല. 

റീന. ഒരു കോളേജധ്യാപികയാണ് ഇന്നവൾ. പഠനകാലത്തവൾക്ക് വേറിട്ട ചിന്തകളായിരുന്നു. എന്നെപ്പോലെ നൃത്തവും പാട്ടുമില്ല. ഒരു ബഹളക്കാരി. ഒരു കൂസലുമില്ലാത്ത ജീവിതം. എനിക്ക് വരുന്ന പ്രേമലേഖനമെല്ലാം അവളുറക്കെ വായിച്ച് പൊട്ടിച്ചിരിക്കും. യുവജനോൽസവത്തിൽ കലാതിലകമായി എന്നെ തിരഞ്ഞെടുത്തപ്പോൾ അവളോടി വന്ന് എന്നെ പുണർന്നു പറഞ്ഞു. നീ നിർത്തരുത്. കഴിയുമെങ്കിൽ നൃത്തത്തിൽ ഗവേഷണവും ചെയ്യണം. 

അവളാണ് കാരണക്കാരി. ഈ ചിലങ്കകൾ വീണ്ടും അണിയാൻ. അവൾ പറഞ്ഞാൽ ഞാൻ അനുസരിക്കേണ്ടേ. കുട്ടികളെ ഏർപ്പാടാക്കാം, ക്ളാസെടുക്കാം ഓൺലൈനിൽ, അൽപം കൈക്കാശും ആകുമല്ലോ എന്ന്. അവൾക്കങ്ങിനെയൊക്കെ പറയാം. അവളുടെ ഭർത്താവ് സഖാവാണ്. 

ദാ, നോക്കൂ. കൊണ്ട കെട്ടിവച്ച മുടിയും മുല്ലപ്പൂവും ഒന്നുമില്ലാട്ടോ. ആകെ ഈ വേഷവും ചിലങ്കളുടെ താളവും. 

കണ്ണുകളോ? അഞ്ജനമെഴുതി കറുപ്പിച്ചിട്ടില്ല. ചുണ്ടുകള്‍ ചുവപ്പിച്ചിട്ടില്ല. നെറ്റിയില്‍ കുറിയുമില്ല. 

ഇല്ല, വായ്പ്പാട്ടും മദ്ദളവും തിത്തിയും സോമൻ മാഷും...

ഇപ്പോൾ വിളിക്കുമവൾ. ഫോണിന് ചാർജ്ജുണ്ടോ. നോക്കട്ടേ. അതെ, ഡാറ്റയും ഓണാക്കിയിട്ടുണ്ട്. മെസ്സഞ്ചറിൽ ‘ഓൺലൈൻ’ കണ്ടാൽ മനു ചോദിക്കും ആരോടായിരുന്നു സംസാരമെന്ന്. മോളെ കാണിക്കാൻ സുനന്ദ വിളിച്ചതാണെന്ന് പറയും. അതേ, വയസ്സ് നാൽപത്തിയെട്ടേയുള്ളൂ എങ്കിലും ഞാനൊരു അമ്മമ്മയുമാണ് കേട്ടോ.

എന്റെ നൃത്തത്തിലെ ലാസ്യഭാവത്തിലലിഞ്ഞ് മനുവെന്നെ വിവാഹം കഴിച്ചത് എന്തിനാണെന്നല്ലേ ഇപ്പോൾ സംശയം ? അതിന് ഉത്തരമെനിക്കും അറിയില്ല. നർത്തനം വേണ്ടിനി എന്നു പറഞ്ഞതും മനുവാണ്. 

ദാ, റീന വിളിക്കുന്നു. അവൾക്ക് കാണണം. ഞാനാടുന്നത്. ഞാൻ എനിക്കിഷ്ടമുള്ള നൃത്തജീവിതത്തിലേക്ക് തിരിച്ചു വരുന്നത്. മനു പറയുന്നത് പോലെ മോഹിനിയാട്ടം കളിച്ചാൽ ഞാൻ ദേവദാസി ഗണത്തിലാവില്ലെന്ന് അവളിപ്പോഴും പറഞ്ഞു.

മറന്നുവെന്നു ഞാൻ കരുതി. ഇല്ലല്ലേ? കാണുന്നില്ലേ നിങ്ങൾ? എത്ര മനോഹരമായാണ് ഞാൻ ആടുന്നത്. ഹസ്തമുദ്രകൾ നോക്കൂ.  പതാക, കടകം, ഹംസപക്ഷം, അഞ്ജലി, മുകുളം... അരമണ്ഡലവും മുഴുമണ്ഡലവും.... താളം തെറ്റിയോ? ഇല്ലല്ലേ...

മനു വരുന്നത് വരെ മാത്രം ഈ നൃത്തം. 

പിന്നെ,  ഒരു കാര്യം. ഇതാരോടും പറയരുത്. ഇത് നമ്മൾ സൂക്ഷിക്കുന്ന മറ്റൊരു രഹസ്യം...

സ്വാതി പദം... ശൃംഗാരം, ലാസ്യം ഉൾപ്പടെ ഒട്ടനവധി ഭാവങ്ങൾ, നേത്രചലനങ്ങൾ, വര്‍ണം ഘടനയോടെ... പക്കമേളത്തിൻ മുഴക്കം. മോഹിനി ആടുന്നു...

‘‘അളിവേണി എന്തു ചെയ്‌വൂ

ഹന്ത ഞാനിനി മാനിനി

നളിനമിഴി ശ്രീ പദ്മനാഭൻ ഇഹ വന്നീലല്ലോ...

English Summary: Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;