ADVERTISEMENT

ഗോദാവരി (കഥ)

 

അമ്മ തന്നുവിട്ട പൊതിച്ചോർ ഇനിയും വച്ച് തണുപ്പിക്കേണ്ടെന്ന് കരുതി അയാൾ ഉണ്ണാൻ തീരുമാനിച്ചു. ബാഗ് തുറന്നു ചോറുപൊതി പുറത്തെടുത്തു. വായിച്ചുകൊണ്ടിരുന്ന പത്രം ഫുഡ് സ്റ്റാൻഡിൽ നിവർത്തിയിട്ടു. ‘ഭക്ഷണം വല്ലതും കഴിക്കണ്ടേ’ തൊട്ടടുത്ത സീറ്റിലെ യാത്രക്കാരോട് അയാൾ ചോദിച്ചു. ‘ചെന്നൈയിൽ എത്തിയിട്ട് ആകാം. അവിടെ നിന്നു രണ്ടുപേർ കൂടി കേറാനുണ്ട്’.

 

‘ങ്ങാ  ഇപ്പൊ ആരക്കോണം ആയതേ ഉള്ളു. ചെന്നൈയിലെത്താൻ ഇനി ഒരുമണിക്കൂർ കൂടി എടുക്കും.’

അയാൾ സാവധാനം പൊതിയഴിച്ചു. തീയിൽവാട്ടിയെടുത്ത വാഴയിലയിൽ പൊതിഞ്ഞ പാലക്കാടൻമട്ടയുടെ പൂപോലെത്തെ ചോറ്. ഇപ്പോഴും ചെറിയ ചൂടുണ്ട്. പൊതിക്കുള്ളിൽ രണ്ട് ഇലപ്പൊതികൾ വേറെ. ഒന്നിൽ തോരനും. പിന്നേ ഒരു കഷ്ണം ആവോലി വറുത്തതും. നമ്പീശൻ നെയ്യ് വരുന്ന ചെറിയ കുപ്പിയിൽ ഒഴിച്ചുകൂട്ടാൻ പുളിശ്ശേരിയും. അമ്മ എല്ലാം കൃത്യമായി ബാഗിൽ  ഒതുക്കിയിട്ടുണ്ട്. കുടിക്കാനുള്ള വെള്ളം പോലും. 

 

ഹൈദരാബാദിൽ ഒരു കൺസ്ട്രക്‌ഷൻ കമ്പനിയിലായിരുന്നു അച്ഛന് ജോലി. ഒരിക്കൽ അച്ഛന് കലശലായ വയറു വേദന. വളരെ നിർബന്ധിച്ചു ഹോസ്പിറ്റലിൽ കൊണ്ടുപോയി. അൾസർ വളരെ പഴകിപ്പോയി. ഓപ്പറേഷൻ കഴിഞ്ഞു. കുറെ നാൾ ലീവെടുത്തു. കഴിഞ്ഞ വർഷം അച്ഛൻ ഞങ്ങളെ വിട്ടുപോയി …

 

അതിൽ പിന്നെ അമ്മ ഇങ്ങനെയാണ്‌ യാത്രയിൽ വെളിയിൽനിന്ന് ഒരു ഭക്ഷണവും കഴിക്കാൻ സമ്മതിക്കില്ല. ഈ അമ്മയുടെ ഒരു കാര്യം. ‘ബാഗില് ചോറുപൊതീടെ കൂടെ വേറൊരു പൊതി കൂടെ വച്ചിട്ടുണ്ട്. നല്ല അരിയുണ്ടയാണ്‌. അത് റൂമിൽവച്ചു ചായക്ക്‌ കൂട്ടി കഴിക്കണം’ എന്ന് ദേ ഇപ്പംവിളിച്ച് പറഞ്ഞിട്ട് വച്ചതേയുള്ളു.

 

ഊണ് കഴിഞ്ഞു… ലോവർ ബെർത്താണ് ‘ശരി അന്നാ ഇനി കിടക്കട്ടെ.’ എന്റെ സീറ്റിനടിയിലും സൈഡിലും പോരാഞ്ഞു ബെർത്തിലും ഒക്കെയായി നാലഞ്ചു വലിയ ബാഗുകൾ അവർ കുത്തിനിറച്ചിട്ടുണ്ട്. ‘നിങ്ങൾ ഒരു നീണ്ട യാത്രക്കാണെന്നു തോന്നുന്നു’ ഈ ബാഗിൻകൂട്ടം കണ്ടപ്പോൾ ചുമ്മാ ഒന്ന് ചോദിച്ചതാ. 

 

‘ങ്ങാ ബദരീനാഥിലേക്കാ..’ ബദരീനാഥ്‌ എന്നുകേട്ടപ്പോൾ അയാൾ മെല്ലേ എഴുന്നേറ്റിരുന്നു. ‘വിശാഖപട്ടണത്തുനിന്നു സ്പെഷൽ ട്രെയിനുണ്ട്. ഞാൻ അമ്മയെയും കൊണ്ട് ബദരീനാഥും കേദാര്നാഥും ഋഷികേശും ഒക്കെ പോയിട്ടുണ്ട്’

‘ഇപ്പൊ നല്ല സീസണാ. ഈ അക്ഷയതൃദീയ മുതല് കാർത്തിക പൗർണമി വരെയാ അവിടെ ശിവ ക്ഷേത്രങ്ങൾ തുറന്നിരിക്കുന്നത്.’ തന്റെ വിശാലമായ പാണ്ഡിത്യം നിരത്താൻ അയാൾ ഒന്ന് നിവർന്നിരുന്നു. പക്ഷേ മറുപക്ഷത്തുനിന്നും പ്രതികരണം ഒന്നും ഉണ്ടാകാത്തതുകൊണ്ട് അയാൾ കിടക്കാൻതന്നെ തീരുമാനിച്ചു. അമ്മ തേച്ചു മടക്കിവെച്ചവലിയ മഞ്ഞ പൂക്കളുള്ള ആ ബെഡ്ഷീറ്റിനുള്ളിലേക്ക് അയാൾ ഊളിയിട്ടു. ബദരീനാഥിലെ അളകനന്ദ നദിയിലും കേദാർനാഥിലെ മന്ദാകിനി നദിയിലും അയാൾ മാറി മാറി ഒഴുകിക്കൊണ്ടിരുന്നു. 

 

ചായ്. ചായ് എന്ന വിളി കേട്ടുകൊണ്ടാണ് ഉണർന്നത്. വിൻഡോ ഗ്ലാസ്‌ ഉയർത്തി നോക്കി വണ്ടി ചിരാല സ്റ്റേഷനിലാണ്. ബാത്‌റൂമിൽ പോകണം. അതിനു മുൻപ് മുഖമൊന്നു കഴുകാൻ വാഷ്ബേസിനടത്തു ചെന്നു. വല്ലാത്തൊരു തണുത്തകാറ്റ്. 

മുഷിഞ്ഞു കീറിയ കരിമ്പടം പുതച്ച് ഒരു പെൺകുട്ടി താഴെ ഇരിക്കുന്നു. ഒരു ചെറിയ തുണിക്കെട്ട് ആരും എടുത്തുകൊണ്ടു പോകരുത് എന്ന് കരുതി മാറോടു ചേർത്ത് പിടിച്ചിട്ടുണ്ട്. തണുത്ത കാറ്റിൽ അവളുടെ ചെമ്പൻ മുടി മുഖത്തേക്ക് പാറിക്കളിക്കുന്നുണ്ട്. 

 

വണ്ടി ചിരാല വിട്ടു. ഞാൻ ബാത്റൂമിലേക്ക് പോയി.

 

മിഡിൽ ബർത്ത്കാരൻ ഇനിയും ഉണർന്നിട്ടില്ല. ഞാൻ വന്നു സീറ്റ് അഡ്ജസ്റ്റ് ചെയ്ത് ഇരുന്നു. ഈ ഇരിപ്പിൽ അവിടെ താഴെ ഇരിക്കുന്ന കുട്ടിയെ എനിക്ക് കാണാം. തണുപ്പ് കൊണ്ടിട്ടാവാം കുട്ടി ചെറുതായി വിറയ്ക്കുന്നുണ്ട്. ഞാൻ ആ കുട്ടിയെ ശ്രദ്ധിക്കുന്നുണ്ട് എന്ന് അതിനു തോന്നിക്കാണും. കുട്ടി കരിമ്പടം ഒന്നുകൂടി വലിച്ചു കയറ്റിയിട്ടു. എന്നിട്ട് ഒന്ന് അനങ്ങി ഇരുന്നു. അപ്പോഴും ആ കാറ്റിന്റെ വികൃതി കുട്ടിയുടെ മുടിയിഴകളിൽ കാണിച്ചു കൊണ്ടിരുന്നു.

 

അടുത്ത ചായക്കാരൻ വരുന്നുണ്ട്.  ഞാൻ രണ്ടു ചായ വാങ്ങി അതിൽ ഒരെണ്ണം എടുത്ത് ആ കുട്ടിക്ക് നേരെ നീട്ടി … അത് വാങ്ങാതെ എന്നെയും പിന്നെ ചായയിലേക്കും മാറി മാറി നോക്കിയിരുന്നു. ‘ചായയാണ് കുടിച്ചോളൂ’ ഞാൻ പറഞ്ഞു.. പറഞ്ഞത് മനസ്സിലായില്ല എന്ന് എനിക്ക് തോന്നി. എങ്കിലും ഇത് ചായയാണ് കുടിക്കാൻ ഉള്ളതാണ് എന്ന് അവൾക്കറിയാം. അവൾ ചായ വാങ്ങി മെല്ലെ ഊതി  കുടിക്കാൻ തുടങ്ങി. ഞാൻ ചെന്ന് ബാഗ് തുറന്ന് അരിയുണ്ട യുടെ പൊതി അഴിച്ചു  ഒരെണ്ണം ആ കുട്ടിക്ക് കൊടുത്തു.‘ഇത് അരിയുണ്ട’ ഞാൻ പറഞ്ഞു. അവൾ കയ്യിൽ കിട്ടിയ ബോൾ കൗതുകത്തോടെ തിരിച്ചു മറിച്ചും  നിരീക്ഷിച്ചു കൊണ്ടിരുന്നു. ഞാൻ ചായ കുടിക്കുന്നതും അരിയുണ്ടാ കടിച്ചു പൊട്ടിക്കുന്നതും ആ കുട്ടി കാണുന്നുണ്ട്. അവളിലെ കറുത്ത കാർമേഘം അൽപ്പാൽപ്പം നീങ്ങി മുഖം മൊന്നു തെളിഞ്ഞു ഒരു ചെറുപുഞ്ചിരിയോടെ അരിയുണ്ട തകർക്കാനുള്ള പരിശ്രമത്തിൽ ആയി.

 

വണ്ടിയുടെ വേഗത കൂടിയ പോലെ വിജയവാഡയും കഴിഞ്ഞ് ഗോദാവരി സ്റ്റേഷനിലേക്ക് വണ്ടി അടുക്കുന്നു. ഈ നദിയുടെ പേര് തന്നെയാണ് റെയിൽവേ സ്റ്റേഷനും ഇട്ടിരിക്കുന്നത്. വണ്ടി പാലത്തിലേക്ക് കയറി. നദിയിലെ ജലവിതാനം വളരെ താണിരിക്കുന്നു. കുട്ടികൾ കൂട്ടമായി നദിക്കരയിൽ നിന്നും വെള്ളത്തിലേക്ക് ചാടി കളിക്കുന്നു. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന ഈ നദിയിലേക്ക് ട്രെയിനിലെ യാത്രക്കാർ നാണയത്തുട്ടുകൾ എറിയുന്നത് കാണാം.

 

രാജമുണ്ട്രിയും കടന്ന് വണ്ടി കൃത്യസമയത്തുതന്നെ വിശാഖപട്ടണത്ത് എത്തി. പതിവിലും വലിയ തിരക്കുണ്ട് സ്റ്റേഷനിൽ...

നാലാം നമ്പർ പ്ലാറ്റ്ഫോമിലാണ് വണ്ടി വന്നു നിന്നത്. ബാഗുമെടുത്ത് ഞാൻ എസ്‌കലേറ്റർ വഴി മെയിൻ കവാടത്തിലെത്തി. ഗോകുൽദാസ് നേരെത്തെ എത്തിയിരുന്നു. അവന്റെ ബൈക്കിൽ ഞങ്ങൾ താമസസ്ഥലത്തേക്ക് പോയി. ശ്രീഹരിപുരത്ത് എത്തുമ്പോൾ ചെറിയ മഴ ഉണ്ടായിരുന്നു. ചൂടേറ്റ് വിണ്ടുകീറി കിടന്ന  റോഡിന്റെ പലയിടത്തും പൊടിയും മണ്ണും കൂടിക്കുഴഞ്ഞു കിടക്കുന്നു. അവിടെ ആ സിമന്റ് ഫാക്ടറിയിൽനിന്ന് ഉയരുന്ന പുകയിലൂടെ ചാരവും കരിയും കെട്ടിടങ്ങളിലും മരച്ചില്ലകളിലും പറ്റി പതിഞ്ഞിരിക്കും. മഴയത്ത് എല്ലാംകൂടി ഒലിച്ചു റോഡിലേക്ക് ഇറങ്ങും. അവിടമാകെ കുഴമ്പു പരുവത്തിൽ ഒഴുകിപരക്കും. 

ഞങ്ങൾ കോറോമണ്ഡൽ ഗേറ്റ് കഴിഞ്ഞ് താമസസ്ഥലമായ ശ്രീഹരിപുരത്ത് എത്തി.

 

പ്രഭാത സവാരി മുടക്കാറില്ല…. വിശാലമായ റോഡിന്റെ നടപ്പാതയിലൂടെ ഗജുവാക്കയിൽ തുടങ്ങി കോരമണ്ഡൽ ഗേറ്റും കഴിഞ്ഞു മെയിൻ സിഗ്നൽ വരെ. പിന്നെ ഗോവിന്ദ രാജിന്റെ തട്ടുകടയിലെ ഇഞ്ചി ചായ കേമമാണ്. ഒരുമരപ്പലകയിൽ മൊരികളഞ്ഞ ഇഞ്ചി കഷ്ണമാക്കിവെച്ചിട്ടുണ്ട്  തൊട്ടടുത്തുതന്നെ ഒരു തടിയും. സ്പെഷൽ ടീ ഓർഡർ ചെയ്താൽ ഒരുകഷ്ണം ഇഞ്ചി എടുത്തു പലകയിൽവെച്ചു ആ തടികൊണ്ട് കൊണ്ട് ഒരു പെട. ചതഞ്ഞ ഇഞ്ചി തിളയ്ക്കുന്ന ചായയിൽ കിടന്നു കുറച്ചു സമയം നീന്തും. ഒരിറ്റു ഇറക്കുമ്പോൾ തൊണ്ണക്ക് ഒരു സുഖം. വായ്‌ക്കൊരു രുചി. ഒരിഞ്ചിച്ചായയും കഴിച്ചു റൂമിലേക്ക്‌. പോകും വഴി റോഡിനോട് ചേർന്ന് ഒരു മുസ്‌ലിം പള്ളിയുണ്ട്.. പള്ളി എന്നുപറഞ്ഞാൽ ഒരു പത്തു പേർക്ക് നിൽക്കുവാനുള്ള സൗകര്യം മാത്രം. മേൽക്കൂര പ്ലാസ്റ്റിക് ഷീറ്റ് ആണ്. മുറ്റത്തു ഒരു ഇരുമ്പ്കാലിൽ ഒരു കോളാമ്പി ഫിറ്റ്‌ ചെയ്തിട്ടുണ്ട്. ബാങ്ക് വിളിക്കുന്നത് അതിലൂടെ കേൾക്കാം. ഞായറാഴ്ചകളിൽ ഈ പള്ളിയുടെ മുറ്റത്ത് അഞ്ചാറു ആടുകളുണ്ടാകും. മൈലാഞ്ചി ഇട്ട് ചുവപ്പിച്ച് അല്പം നീണ്ട താടിയുള്ള എല്ലും തോലും മാത്രമായ ഒരു നീണ്ട ഒരാളെ ഒരു നീണ്ട കുപ്പായത്തിനുള്ളിൽ അവിടെ കാണാം. അയാൾ ഉടുക്കുന്ന കൈലി മുണ്ട് എപ്പോഴും കാൽ മുട്ടിന് അല്പം താഴെയായി നിൽക്കും. രണ്ട് മല്ലന്മാർ കൊഴുത്തു തടിച്ച ആടുകളെ പിടിച്ചു മറിച്ചു തറയിൽ കിടത്തും.  നീണ്ട കുപ്പായത്തിനുള്ളിലെ ആ മനുഷ്യക്കോലം. മൂർച്ചയുള്ള ഒരു കത്തി ആടുകളുടെ കഴുത്തിൽ അമർത്തി  താഴ്ത്തുമ്പോൾ  കത്തി പോലെ മൂർച്ചയുള്ള ചില മന്ത്രങ്ങളും ഉരുവിടുന്നുണ്ടാകും. അപ്പോൾ അയാളുടെ ചുവന്ന് നീണ്ട താടിയും പിടയുന്ന ആടിന്റെ നീണ്ട താടിയും വൈബ്രെറ്റ്‌ ചെയ്തു കൊണ്ടിരിക്കും. പുറത്തേക്കു ചീറ്റി ഒഴുകുന്ന രക്തം ഒട്ടും കളയാതെ അവിടെ നിൽക്കുന്ന സ്ത്രീകൾ അലുമിനിയം ബക്കറ്റുകളിൽ ശേഖരിക്കും. പിന്നീട് അത് അവിടെ തന്നെ മണ്ണെണ്ണ സ്റ്റേവിൽ വെച്ചു ചൂടാക്കും. ആട്ടിൻ ചോര ചുവന്ന ബലൂൺ പോലെ വീർത്തു വീർത്തു വരും. സ്റ്റൗ ഓഫാക്കി തണുത്തു കഴിയുമ്പോൾ നല്ല ചുവന്ന ഹലുവ പോലെ. പട്ടണത്തിന്റെ പിന്നാപുറത്തെ ചില കൂരകളിലെ കരിമഷി കോലങ്ങൾക്കു ഒരു നേരത്തെ വിശപ്പു മാറാനുള്ള മരുന്നാണത്. 

 

വൈകുന്നേരം ഓഫിസ് വിട്ടുപോരുമ്പോൾ വഴിയരുകിൽ സ്ട്രോബറി കണ്ടു ഞാൻ ബൈക്ക് ഒതുക്കി. സ്ട്രോബറി അമ്മക്ക് വലിയ ഇഷ്ടമാണ്. അടുത്ത ആഴ്ച വീട്ടിൽ പോകുമ്പോഴും കുറച്ച് വാങ്ങി കൊണ്ട് പോകണം. ആ കടയോട് ചേർന്നു റോഡരുകിൽ പ്ലാസ്റ്റർ ഓഫ് പാരീസ് കൊണ്ട് ഉണ്ടാക്കിയ കുറെ പ്രതിമകളും രൂപങ്ങളും വിഗ്രഹങ്ങളും  നിരത്തിവച്ചിരിക്കുന്നു. അവിടെ വിൽപ്പനക്കിരിക്കുന്ന പെൺകുട്ടിയെ ഞാനൊന്നു ശ്രദ്ധിച്ചുനോക്കി.

 

അല്പം അടുത്തേക്ക് ചെന്നു.. ഒരു കൈയിൽ ചെറിയ ബ്രഷും മറുകയ്യിൽ ചാലിച്ച ചായവും ആയി അവൾ തല ഉയർത്തി എന്തേ എന്ന ഭാവേന എന്നെ നോക്കി... ഈ കുട്ടിയെ ഞാൻ എവിടെയോ കണ്ടത് പോലെ. ചെമ്പിച്ച മുടിരണ്ടായി വകഞ്ഞു  പിന്നി അതിനറ്റത്തു ചുവന്നതും നീലയുമായ ഈരണ്ടു കുഞ്ചലങ്ങൾ തൂങ്ങുന്നു 

 

പെൺകുട്ടിയുടെ ചലനങ്ങൾക്ക് അനുസരിച്ച് ആ കുഞ്ചലങ്ങൾ തത്തി കളിക്കുന്നു. പാദം വരെ ഇറക്കമുള്ള ഞൊറിവെച്ച വലിയ വെളുത്ത പുള്ളികളുള്ള മഞ്ഞ പാവാട. രണ്ട് കൈയും  മറയുന്ന ഇറക്കമുള്ള ചുവന്ന ഉടുപ്പ്. കൈനിറയെ പച്ച കുപ്പിവളകൾ കാതിൽ ചെറു മുത്തുകൾ തൂങ്ങുന്ന വെള്ളി വളയം. ചുവന്ന് തുടുത്ത ചുണ്ടുകൾ അവളെ ഞാൻ പകച്ച് നോക്കി നിന്നു പോയി….

 

ഒരു ചെറു പുഞ്ചിരിയോടെ എന്നെ നോക്കി അവൾ പറഞ്ഞു  ‘അറിയൂ ഉണ്ട’ എനിക്കു മനസ്സിലായില്ല. അവൾ വീണ്ടും ആംഗ്യം കാണിച്ച് ചിരിയിൽ മുക്കി മൊഴിഞ്ഞു ‘അറിയുണ്ടാ’ എനിക്ക് മനസ്സിലായി ട്രെയിനിൽ വെച്ച് ഞാൻ അരിയുണ്ട കൊടുത്ത ആ  കുട്ടി കറുത്ത കീറിയ കരിമ്പടം പുതച്ചിരുന്നതു ഈ സുന്ദരി കിടാവ് ആണോ. കുപ്പയിൽ നിന്ന് ഒരു നക്ഷത്ര അഴക്. എന്റെ കണ്ണുകളെ വിശ്വസിക്കാനാവാതെ ഞാൻ മിഴിച്ചു നിന്നു പോയി. അവളുടെ പൊട്ടിച്ചിരിയാണ് എന്നെ ഉണർത്തിയത്. വെള്ളാരം കല്ലുകളുംപളുങ്കുമണികളും കൂട്ടിയുരസുമ്പോളുണ്ടാകുന്ന ആ മണിനാദം. 

 

ഞാൻ അവളോട് പേര് ചോദിച്ചു 

‘പൗർണമി’ ആ മണിനാദം വീണ്ടും ഞാൻ കേട്ടു. 

 

മുറിയിലെത്തി ഭക്ഷണം കഴിഞ്ഞു കിടക്കുമ്പോഴും കാതിൽ കുപ്പിവളകളുടെ കിലുകിലുക്കം … കണ്മുന്നിൽ പൗർണമി. ഉറക്കം എവിടെയോ ഇരുട്ടിൽ പോയൊളിച്ചു. ജനൽപാളികൾ തുറന്നിട്ട്‌ തെരുവിലെ അരണ്ട വെളിച്ചത്തിലേയ്ക്കു നോക്കി അങ്ങ് ദൂരെ വഴിവിളക്കിന്റെ പ്രകാശത്തിൽ ആ സുന്ദരികിടാവിന്റെ നേർത്ത നിഴലുകൾ മാത്രം. അയാളുടെ 

ഉള്ളിൽ ആയിരം മിന്നാമിനുങ്ങുകൾ കൂടുകൂട്ടി. ഓഫീസിലേക്ക് പോകുമ്പോൾ ആ സുന്ദരി കിടാവിനെ കണ്ടു ഒരു നിറ പുഞ്ചിരി സമ്മാനിക്കും. പിന്നീടുള്ള ഓരോ സന്ധ്യകളിലും വഴിവിളക്കിന്റെ ചുവന്ന വെളിച്ചത്തിൽ വിവിധ വർണങ്ങളിൽ മുക്കിയ ബ്രഷ് കൊണ്ട്  ഞങ്ങളുടെ മനസ്സിലെ വസന്തത്തിന് നിറക്കൂട്ടേകി.

മൂന്നു ആഴ്‌ചകൾ കടന്നുപോയി. 

 

അന്ന് ഓഫിസിൽ നിന്നും വരും വഴി ഞാൻ  പൗർണമിയെ നോക്കി. കണ്ടില്ല. പ്രതിമ വിൽപനക്കാർ ആരെയും കാണുന്നില്ല.‘അവര് ഇന്ന് രാവിലെ പോയി ‘ഫ്രൂട്സ് കച്ചവടക്കാരൻ പറഞ്ഞു. തളർന്ന മനസ്സോടെ ഞാൻ റൂമിലേക്ക്‌ പോയി. അടുത്ത നാല് ദിവസവും പൗർണമിയെ തെരഞ്ഞു. ഇല്ല കാണാൻ കഴിഞ്ഞില്ല. ഒരു സ്വപ്നം മനസ്സിലൂടെ കയറിയിറങ്ങി പോയതുപോലെ… നാളെ നാട്ടിലേക്കു പോകുകയാണ്. 

 

അമ്മ ഗേറ്റിൽ തന്നെ ഉണ്ടായിരുന്നു. എന്റെ കയ്യിലെ ബാഗും വാങ്ങി അമ്മ അകത്തേക്കുപോയി. അമ്മയുടെ പിന്നാലെ ഞാനും. ‘മോനെ നാളെ നമുക്ക് ഗുരുവായൂര് തൊഴാൻ പോണം’

‘പോകാം’ എന്തിനാണെന്നോ എപ്പോഴാണെന്നോ ചോദിച്ചില്ല. 

ഒരു യാന്ത്രികത … മനസ്സിൽ ചാലിച്ച മഷിക്കൂട്ടു മറിഞ്ഞു പോയതുപോലെ. 

 

കാറ്‌ ഗുരുവായൂർ നിന്നു ഹൈവേയിലൂടെ അടുത്ത ട്രാഫിക് ജങ്ഷനിൽ നിന്നു. വണ്ടിയുടെ സൈഡ് ഗ്ലാസ്സിൽ ഞാൻ കണ്ടു ദാ, പൗർണമി നടന്നുവരുന്നു. അവളുടെ കയ്യിൽ ഉണ്ണിക്കണ്ണന്റെ ചന്തമുള്ള ഒരു പ്രതിമ. തോളിൽ ഒരു സഞ്ചി. സൈഡ് ഗ്ലാസിൽ നോക്കികൊണ്ടുതന്നെ ഞാൻ സീറ്റുബെൽറ്റു നീക്കി ഡോർ തുറന്നു. അവൾ എന്നെകണ്ടു. ‘ദേവ് നന്ദൻ.’

 

അവൾ വിളിച്ചുകൊണ്ട് ഓടി വന്നു. അവൾ നന്നായി കിതക്കുന്നു. ഞാൻ വേഗത്തിൽ ബാക്‌ഡോർ തുറന്നുകൊടുത്തു. 

അവൾ കാറിൽ കയറി. അമ്മേ ‘ഇതു  പൗർണമി’. സിഗ്നലിൽ പച്ചവെളിച്ചം. കാർ മുന്നോട്ടുനീങ്ങി അമ്മ ആശ്ചര്യത്തോടെ അവളെ നോക്കുന്നുണ്ട്. ഒന്നും പറയാൻ കഴിയാതെവരുമ്പോളുള്ള ഒരു നിശബ്ദത ….

 

വണ്ടി വീടിന്റെ പോർച്ചിലെത്തിനിന്നു. അവർ ലിവിങ് റൂമിലേക്ക്‌ കയറി. പൗർണമി ഒതുങ്ങി മാറിനിന്നുകൊണ്ടു ഭയത്തോടെ ചുറ്റും നോക്കുന്നു. ‘മോനെ ഏതാ ഈ കുട്ടി’ അമ്മ അവളെ നോക്കികൊണ്ട്‌ ചോദിച്ചു. ‘അമ്മേ ഇതു പൗർണമി. അവിടെയുള്ളതാ’ അവൻപറഞ്ഞു തീരും മുൻപ് ‘മേരി സാബ്. സാബ്. എന്ന് ഉറക്കെ വിളിച്ച് ഭിത്തിയിലെ ചിത്രം കണ്ടു പൗർണമി അങ്ങോട്ട്‌ ഓടി. അച്ഛന്റെ ചിത്രത്തിൽ നോക്കി അവൾ തേങ്ങി ‘സാബ് മെ പിങ്കി ഹും. തുമരാ പിങ്കി ഹും …’ അവൾ സഞ്ചിയിൽ നിന്ന് ഒരു പഴയ ഫോട്ടോ എടുത്തു നീട്ടി ഞാനതു വാങ്ങി. ‘അമ്മേ ദാ നമ്മുടെ അച്ഛൻ …’ ഞാൻഫോട്ടോ അമ്മക്ക് കൊടുത്തു. ഈശ്വരാ എന്ന ഒരു വിളിയോടെ അമ്മ അകത്തെ മുറിയിലേക്കോടി. കയ്യിൽ ഒരു ഡയറിയുമായി അമ്മ തിരിച്ചുവന്നു. 

 

ദേവരാജു മരിച്ച മൂന്നാം ദിവസം ഞാനും കമ്പനി സ്റ്റാഫ് രണ്ടുപേരും കൂടി ദേവരാജുവിന്റെ കൂരയിൽ പോയിരുന്നു. തുരുമ്പിച്ച തകര വാതിലിൽമുട്ടി ഞങ്ങൾ അകത്തു കയറി. ഒരു കയറ്റുകട്ടിലിൽ ശരീരത്തിന്റെ ഒരുവശം തളർന്നു കിടക്കുന്ന ദേവരാജുവിന്റെ ഭാര്യ. പണിക്കിടെ തളർന്നുവീണ് ഇവർ കിടപ്പിലാണെന്നു ദേവരാജു പറഞ്ഞ് എനിക്കറിയാമായിരുന്നു. കട്ടിലിനടുത്തു ദേവരാജുവിന്റെ അമ്മ അവരുടെ കൈപിടിച്ച് പൂർണിമ. ദേവരാജുവിന്റെ ഒരേ ഒരു മകൾ. ഓഫീസിൽ ചായയുമായി വരുമ്പോളെല്ലാം അവൻ എല്ലാ വിശേഷങ്ങളും എന്നോടുപറയുമായിരുന്നു. അതിനുള്ള സ്വാതന്ത്ര്യം അവന്‌ ഞാൻ കൊടുത്തിരുന്നു. പലപ്പോഴും പണം കൊടുത്തും സഹായിച്ചിട്ടുണ്ട്. 

 

അന്ന് ഞങ്ങൾക്ക് ചായ തന്നിട്ട് ഇറങ്ങിയതാണ്. കമ്പിയും കയറ്റിവന്ന ട്ടോറസിന്റെ ഗർജനം താഴെ കേട്ടു. കൂടെ ഒരലർച്ചയും. റിവേഴ്‌സ് വന്ന വണ്ടിക്കു പിന്നിലെ കൂറ്റൻ മെറ്റൽ കൂനക്കുള്ളിലേക്കു ദേവരാജും സൈക്കിളും ചായക്കെറ്റിലും ഞെരിഞ്ഞമർന്നു …

 

‘പിങ്കീ നീയിങ്ങുവാ.’ പൗർണമിയെ ഞാൻ പിങ്കീ എന്നാണ് വിളിച്ചിരുന്നത്. കരഞ്ഞു കലങ്ങിയ കണ്ണുകൾ വരണ്ടുണങ്ങിയ അവളുടെ ചുണ്ടുകൾ വിണ്ടു കീറിയിരുന്നു. പാറിപ്പറന്ന മുടിയിൽ തലോടിക്കൊണ്ട് ഞങ്ങൾ കൊണ്ടുചെന്ന ആ കവർ അവളുടെ കൈകളിൽ വെച്ചുകൊടുത്തു. എന്റെ കണ്ണുകൾ നിറഞ്ഞുപോയി. അവളുടെയും. അവിടെന്നു ഇറങ്ങാൻ നേരം ആ മൺചുമരിൽ ഒരുചിത്രം തൂങ്ങുന്നത് ഞാൻകണ്ടു ചിരിച്ചുകൊണ്ടിക്കുന്ന ദേവരാജുവും പിങ്കിയും പിന്നെ ഞാനും …

 

അമ്മയുടെ കണ്ണുകൾ നിറഞ്ഞു ‘മോനെ അച്ഛന്റെ ഈ ഡയറി ഞാൻ വായിക്കാത്ത ദിവസങ്ങൾ ഇല്ല’

‘മോളെ പിങ്കീ…’ കണ്ഠമിടറി അമ്മ അവളെ വിളിച്ചു. 

 

കയ്യിൽ ഉണ്ണിക്കണ്ണന്റെ പുഞ്ചിരിക്കുന്ന പ്രതിമയുമായി പൗർണമി നിറകണ്ണോടെ അമ്മയെ നോക്കി …

അമ്പലത്തിൽനിന്നും കിട്ടിയ വാഴയിലച്ചീന്തിലെ ആ പ്രസാദം അമ്മ ഞങ്ങളുടെ നെറ്റികളിൽ ചാർത്തിത്തന്നു. ചന്ദന തൈലത്തിന്റെ സുഗന്ധം മുറിയാകെ പാറിക്കളിച്ചു…

English Summary: Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com