‘സുരലോക ജലധാര ഒഴുകിയൊഴുകി’ നാളെയാണ് നാളെയാണ് നാളെയാണ്...

music-lover
പ്രതീകാത്മക ചിത്രം
SHARE

കര്‍ണന്‍, നെപ്പോളിയന്‍, ഭഗത് സിങ്... ഇവര്‍ മൂന്നുപേരുമല്ലെന്റെ ഹീറോസ്. 

ലോട്ടറി വിൽക്കുന്ന ജോസേട്ടൻ, ഓട്ടോ ഡ്രൈവർ ഷാജു, നിഷ ബസ്സിലെ കണ്ടക്ടർ സുനി.. ഇവരാണ് എന്റെ ഹീറോസ്. 

സ്‌കൂൾ വിട്ടുവരുമ്പോൾ, കോട്ടപ്പടി സെന്ററിൽ ബസ്സിറങ്ങിയാൽ കണ്ണുകൾ പരതുക ജോസേട്ടനെയാണ്. ടാക്സിക്കാർ കിടക്കുന്ന ബദാമിന്റെ ചുവട്ടിലോ ശശിയേട്ടന്റെ മുറുക്കാൻ കടയുടെ സമീപത്തോ തന്റെ സൈക്കിളുമായി. ജോസേട്ടൻ നിൽക്കുന്നുണ്ടാകും. 

റാലി സൈക്കിളിന്റെ ഹാൻഡിലിനോട് വെൽഡ് ചെയ്തു ചേർത്ത ഫ്രെയിമിൽ ഘടിപ്പിച്ചിട്ടുള്ള തകരഷീറ്റിൽ നിർത്തിവച്ചിരുന്ന ലോട്ടറിടിക്കറ്റുകൾ. ആ ഷീറ്റുനുതാഴെ ഒരു ചെറിയ കോളാമ്പി സ്പീക്കർ. പിറകിൽ കെട്ടിവച്ചിരിക്കുന്ന ഒരു പഴയ ടേപ്പ് റിക്കോർഡർ. അതിൽ നിന്നും അനുസ്യൂതം ഒഴുകിവരുന്നുണ്ടാകും.

‘സുരലോക ജലധാര ഒഴുകിയൊഴുകി’ നാളെയാണ് നാളെയാണ് നാളെയാണ്...

നാളത്തെ ടിക്കറ്റുകൾ കേരള സംസ്ഥാന ലോട്ടറി ഒന്നാം സമ്മാനം അഞ്ചുലക്ഷം രൂപയും ഒരു മാരുതിക്കാറും ‘പുളകങ്ങൾ ആത്മാവിൽ തഴുകി തഴുകി’ 

‘‘രണ്ടാംസമ്മാനം അമ്പതിനായിരം രൂപ വീതം അഞ്ചുപേർക്ക്... ഇങ്ങനെ ചെറുതും വലുതുമായി ഒട്ടനവധി സമ്മാനങ്ങൾ’’

‘ഇളങ്കാറ്റ് മധുമാരി തൂകി തൂകി’ കടന്നുവരൂ കടന്നുവരൂ... 

‘വാനമൊരു വർണ്ണചിത്രം എഴുതി എഴുതീ’ 

‘നാളത്തെ ഭാഗ്യവാൻ ഒരുപക്ഷേ നിങ്ങളാകാം’

അനൗൺസ്മെന്റിന്റെ ഇടയിൽ പാട്ടും പാട്ടിന്റെ ഇടയിൽ അനൗൺസ്മെന്റുമായി ജോസേട്ടനും സൈക്കിളും അടുത്ത് ഞാനും. ഏതാണ്ട് സമയം അഞ്ചുമണിയാവുമ്പോൾ ജോസേട്ടനോട് ചോദിക്കും. 

‘‘ഇനി എങ്ങട്ടാ ചൊവല്ലൂർ പടിക്കാണോ?’’

‘‘അല്ല അങ്ങാടിയിലേക്കാ...’’

‘‘ന്നാ ശരി’’ ഞാൻ പതുക്കെ വീട്ടിലേക്ക് നടക്കും. ഇനി ചൊവ്വല്ലൂർപടിയിലേക്കാണെങ്കിൽ ആ സൈക്കിളിന്റെ പിന്നാലെ ഞാനും ഉണ്ടാകും. 

വ്യാഴാഴ്ച ദിവസം അരുണാചൽ പ്രദേശ് സർക്കാരിന്റെ ജയ് മാതൃഭൂമി ടിക്കറ്റിന്റെ നറുക്കെടുപ്പാണ്.സാന്റിയാഗോ മാർട്ടിനും ഭൂട്ടാൻ ഡാറ്റയുമൊന്നും തള്ളിക്കേറാതിരുന്ന എൺപതുകളുടെ അവസാനത്തിൽ അരുണാചൽ സർക്കാരിന്റെ ലോട്ടറി കേരളത്തിൽ സുലഭമായിരുന്നു. എസ്എസ് മണിയൻ ലോട്ടറി ഏജൻസീസ് അക്കാലത്ത് ഇതര സംസ്ഥാന ലോട്ടറി അനൗൺസ്മെന്റിൽ ഭൂരിഭാഗവും ഹിന്ദി പാട്ടുകളാണ് ഉപയോഗിച്ചിരുന്നത്. കേരള ഭാഗ്യക്കുറിയുടെ പോലെ ഒരു വരി പാടിക്കഴിഞ്ഞാൽ ഉടനെ പരസ്യം എന്ന രീതിയും ആയിരുന്നില്ല. അതുകൊണ്ടു തന്നെ ബുധനാഴ്ചകൾ ഏറ്റവും പ്രിയപ്പെട്ടതായി. ആനന്ദ് മഹലിലെ ‘‘നിസ ഗമ പനി സരിഗാ’’ ആയിരുന്നു അക്കാലത്തെ പരസ്യഗാനം. ഹിന്ദി പാട്ടുകളോടുള്ള ഇഷ്ടം അവിടെ തുടങ്ങുന്നു. ഒരിക്കൽ ആ പാട്ട് കേട്ടുകേട്ട് ഞാൻ ജോസേട്ടന്റെ പിറകെ പോയി തൊട്ടടുത്ത ഗ്രാമത്തിലെത്തി. സമയം ഇരുട്ടാകാൻ തുടങ്ങി പാട്ടിൽ മുഴുകി ഞാനും ഇതൊന്നുമറിയാതെ സൈക്കിൾ ചവിട്ടി ജോസേട്ടനും. അഞ്ചുമണിക്ക് സ്‌കൂൾ വിട്ട് വീട്ടിലെത്തുന്ന മകനെ കാണാതെ അവിടെ അന്വേഷണക്കമ്മിഷൻ പ്രവർത്തനം ആരംഭിച്ചു. കുളങ്ങൾ, തോടുകൾ, പൊട്ടക്കിണറുകൾ എന്നിവയിലേക്ക് അന്വേഷണം വ്യാപിച്ചപ്പോൾ ആരോ പറഞ്ഞു ലോട്ടറിക്കാരൻ ജോസിന്റെ പിന്നാലെ പോകുന്നത് കണ്ടു എന്ന്. ജോസേട്ടന്റെ പതിവ് റൂട്ടുകൾ അറിയാവുന്നവർ ഒടുവിൽ എന്നെ കണ്ടെത്തുമ്പോൾ സമയം ഏതാണ്ട് ആറര.

പാട്ടിന്റെ പിറകെയുള്ള പോക്ക് അന്നത്തോടെ നിർത്തിയെങ്കിലും ആ പാട്ട് ഉള്ളിൽ കിടന്ന് വിങ്ങാൻ തുടങ്ങി. ആകാശവാണി തൃശൂർ നിലയത്തിൽ പ്രക്ഷേപണം ചെയ്യുന്ന ‘‘ശ്രോതാക്കളുടെ ഇഷ്ടഗാനങ്ങൾ’’ പരിപാടിയിലേക്ക് ഉറുമ്പുകൾ നിരനിരയായി പോകുന്ന തരത്തിൽ കൈപ്പടയുള്ള പോസ്റ്റുകാർഡ് നിരന്തരം ആനന്ദ് മഹലിലെ നിസ ഗമ പനി ആവശ്യപ്പെട്ടുതുടങ്ങിയതും ആ വിങ്ങലിലാണ്. 

‘‘ബാറ്ററി ചാർജ് തീർന്നാൽ വണ്ടി സ്റ്റാർട്ടാക്കാൻ തള്ളിത്തരും ന്ന് വച്ചാൽ പാട്ട് വെക്കാം’’

ഷാജുന്റെ ഡിമാൻഡ് അത്രേ ഉള്ളൂ. ഒരു തവണയല്ല, ഒരായിരം തവണ ഓട്ടോറിക്ഷ തള്ളാൻ തയ്യാറായിട്ടാണ് മ്മ്‌ടെ നിൽപ്പ്. അതുകൊണ്ട് ഷാജു പാട്ട് വയ്ക്കും. നല്ല തട്ടുപൊളിപ്പൻ ശബ്ദത്തിൽ. ബാക്ക് സീറ്റിൽ എൻജിന് തൊട്ടുമുകളിലുള്ള സ്‌പേസിൽ ഇടിവെട്ട് തോൽക്കുന്ന ശബ്ദസജ്ജീകരണമാണ് ഷാജുന്റെ ഓട്ടോറിക്ഷയുടെ പ്രത്യേകത. അലുമിനിയക്കലത്തിൽ സ്പീക്കർ ഘടിപ്പിച്ചിട്ടുള്ള ലോക്കൽ ഓട്ടോറിക്ഷകളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഷാജൂന്റെ ഓട്ടോറിക്ഷ. രണ്ട് സ്പീക്കർ, രണ്ട് റ്റ്യുട്ടർ, ഒരു സബ്ബ് വൂഫർ അങ്ങനെയായിരുന്നു ഷാജന്റെ ഓട്ടോയിലെ ശബ്ദവിന്യാസം. അകലെനിന്ന് പാട്ടിങ്ങനെ ഒഴുകിവരുന്നുണ്ടെങ്കിൽ ഉറപ്പാണ് ഷാജു വരുന്നുണ്ട്. ഞങ്ങൾ ചെറുപ്പക്കാർക്ക് മാത്രമാണ് ഷാജുനെ ഇഷ്ടം. പ്രായമായവർ അധികവും ഷാജുവിനെ വിളിക്കാറില്ല. കാരണം പാട്ടുതന്നെ. പാട്ടില്ലാതെ അവനു വണ്ടിയോടിക്കാൻ ഭയങ്കരപാടാണ്. സ്റ്റാൻഡിൽ പാട്ടും വച്ച് ഞാനും അവനും ഓട്ടോയിൽ ഇരിക്കും. വാടകക്കാർ വന്ന് ഓട്ടം വിളിക്കുമ്പോൾ ഞാൻ ഇറങ്ങും. സ്റ്റാർട്ട് ചെയ്യാൻ നോക്കുമ്പോൾ ബാറ്ററി ഇറങ്ങിയിട്ടുണ്ടാകും. പാസഞ്ചറെയും ഇരുത്തി ഞാൻ പിറകീന്ന് തള്ളും. സ്റ്റാർട്ടായാൽ ഡ്രൈവിങ് സീറ്റിൽ ഞാനും കയറിക്കൂടും. ഓട്ടം കഴിഞ്ഞു തിരിച്ചുവരുമ്പോൾ ഫുൾ വോള്യയത്തിൽ പാട്ടുവച്ചുള്ള ഒരു വരവുണ്ട് ‘അഖിയോം മീലാ കഭി’ രാജ എന്ന സിനിമയിലെ പാട്ട് ആയിരുന്നു അന്നത്തെ ഹൈ ലൈറ്റ് . രാത്രി പാട്ടുവച്ചു പോകുമ്പോൾ പാട്ടിന്റെ കൂടെ ലൈറ്റ് അറേഞ്ച്മെന്റ് കൂടി ഉണ്ടായിരുന്നു. അക്കാലത്ത് ഇറങ്ങിയ ഹിന്ദി പാട്ടുകൾ ഇന്ന് കേൾക്കുമ്പോൾ ഓർമ വരുന്നത് ആ ഓട്ടോറിക്ഷയാണ്. 

ഓഡിയോ കാസറ്റുകളിൽനിന്ന് പാട്ടുകൾ സിഡികളിലേക്ക് മാറിയ എംപി3 വിപ്ലവത്തിന് തൊട്ടുമുൻപുള്ള കാലം. പ്രൈവറ്റ് ബസ്സുകൾ സ്റ്റാൻഡുകളിൽനിന്ന് ആളുകളെ കയറ്റാൻ സകല അടവുകളും പയറ്റിയിരുന്ന സമയം. ബസ്സുകളിൽ ഫുൾ ഫെയർ ടിക്കറ്റുകൾക്ക് മുൻഗണനയുണ്ട്. പകുതിയോളം ആളുകൾ നിറഞ്ഞാൽ മാത്രമാണ് ഷോർട് ഫെയറുകളിലേക്ക് ആളുകളെ കയറ്റുകയുള്ളൂ. പോകുന്നതിനു തൊട്ടുമുൻപുള്ള ഒരുമിനിറ്റിൽ മാത്രം വിദ്യാർഥികളെ കയറ്റും. ഈ സാഹചര്യത്തിൽ ഫുൾ ഫെയർ ടിക്കറ്റുകളെ ആകർഷിക്കാൻ വേണ്ടി ബസ് ജീവനക്കാർ ചെയ്യുന്ന ഒരു അടവാണ് പാട്ടുവയ്ക്കൽ. ഊഴം കാത്ത് സ്റ്റാൻഡിൽ വരിവരിയായി കിടക്കുന്നസമയത്തു തന്നെ ബസ്സിൽ പാട്ടുണ്ടാകും. പാട്ടുകേട്ട് ഫുൾ ടിക്കറ്റുകാർ ബസ്സിൽ കയറും. പിന്നെയാണ് രസം. രണ്ടോ മൂന്നോ സ്റ്റോപ്പ് കഴിയുമ്പോൾ അവർ പാട്ടങ്ങുനിർത്തും. പാട്ടുകേട്ട് ബസ്സുകയറുന്നവർ ചമ്മിപ്പോകും. അതിന് ഒരു അപവാദമായിരുന്നു നിഷ ബസ്. സ്റ്റാൻഡിൽ നിന്ന് പാട്ടുതുടങ്ങിയാൽ ലക്ഷ്യസ്ഥലത്ത് എത്തുന്നവരെ നിഷയിൽ പാട്ട് ഉണ്ടാകും. അങ്ങനെയാണ് ഞാനും നിഷയും തമ്മിൽ പ്രണയത്തിലാകുന്നത്‌. പാട്ടിനോടുള്ള എന്റെ താല്പര്യം അറിഞ്ഞിട്ടാണെന്നു തോന്നുന്നു, കണ്ടക്ടർ സുനി, വിദ്യാർഥിയായിരുന്നിട്ടുകൂടി എനിക്ക് സീറ്റിൽ ഇരിക്കാനുള്ള അനുമതി തന്നു. ചില സമയത്ത് ഡോർ തുറന്നുകൊടുക്കുക, തിരക്കുള്ള സമയങ്ങളിൽ ഇറങ്ങുന്നവരുടെ കാശ് വാങ്ങുക എന്നിങ്ങനെയുള്ള ചില്ലറ സഹായങ്ങൾ ഞാൻ അവർക്കും ചെയ്തു. 

പിജി കാലം മൊത്തം നിഷയും ഞാനും പ്രണയത്തിലായിരുന്നു എന്ന് വേണം കരുതാൻ. പാട്ടുകൾ സിഡിയിലേക്ക് കോപ്പി ചെയ്യുക എന്ന കർത്തവ്യം കൂടി എന്നിൽ നിക്ഷിപ്തമായിരുന്നു. ചില ദിവസങ്ങളിൽ ബസ്സിൽ തീരെ ആളുകൾ ഉണ്ടാവില്ല അപ്പോഴാണ് ഞാനും സുനിയും കൂടി പാട്ടുകളെ കുറിച്ച് ചർച്ച ചെയ്യുക. ഇളയരാജയുടെ കടുത്ത ആരാധകനായിരുന്നു സുനി. സ്ഥിരം യാത്രക്കാരായി ഏതാണ്ട് പത്തോളം ആളുകൾ ഉണ്ടായിരുന്നു നിഷയിൽ അന്ന്. കുന്നംകുളത്തുനിന്ന് തൃശ്ശൂരിലേക്ക് 50 മിനിറ്റായിരുന്നു സഞ്ചാരസമയം. അത് തൃശൂർ 10 പാട്ട് അകലെ എന്നൊരു പരസ്യവാചകം കൊണ്ടുവന്നത് സുനിയായിരുന്നു. അത്രമേൽ ബന്ധമായിരുന്നു പാട്ടുകളോട്. ഇന്നിപ്പോൾ ഫോണിലെ ഒന്നര സെന്റിമീറ്റർ നീളമുള്ള മെമ്മറികാർഡിൽ പാട്ടുകളുടെ വൻ ശേഖരം തന്നെയുണ്ട്. അത്യാധുനികമായ കേൾവിയുപകരണങ്ങളുണ്ട്. ഓരോ മൂഡിനും പറ്റിയ പാട്ടുകൾ ചേർത്തുവച്ച ഫോൾഡറുകൾ ഉണ്ട്. ഇതൊന്നും ഇല്ലാതിരുന്നകാലം അതി വിദൂരതയിലൊന്നുമല്ല. അതുകൊണ്ടാണ് ആ പാട്ടുകൾ മധുരമാകുന്നതും അന്നത്തെ കൂട്ടുകാർ ഹീറോകൾ ആകുന്നതും.

English Summary: Memoir written by a music lover

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;