ADVERTISEMENT

ഞാൻ പുഴു (കഥ)

 

ഞാൻ പുഴു, അതെ, തമാശയല്ല, ഞാനൊരു പുഴു ആണ്, പുഴുക്കളിൽ ഏറെ വകഭേദങ്ങൾ ഉണ്ടെങ്കിലും,  ഞാൻ ഒരു കുഞ്ഞു കമ്പിളിപ്പുഴു..... 

കാലാകാലങ്ങളായി എന്റെ പൂർവികരും മറ്റും താമസിച്ചു വരുന്ന ഒരു തറവാടിന്റെ കുളപ്പുരയിലാണ് എന്റെയും, അത്രേം ചെറുതല്ലാത്ത എന്റെ കുടുംബത്തിന്റെയും താമസം. 

 

കളപ്പുരയ്ക്കൽ തറവാട്, കുളപ്പുര,  കുളം, നനവിന്റെ സുഗന്ധം തങ്ങിനിൽക്കുന്ന തണുത്ത മണ്ണും പായൽ പച്ചപ്പ്‌ പാകി മനോഹരമാക്കിയ കുളപ്പടവുകളും സൂര്യദേവനെ അഗാധമായി പ്രണയിക്കുന്ന ആമ്പൽ പൂക്കളും.. എല്ലാം ഒത്തിണങ്ങിയ ഒരിടം.  ഭൂമിയിലെ  ഞങ്ങളുടെ സ്വർഗം.. 

 

ഇടയ്ക്ക് ഞാൻ ഒരു സർകീട്ടുണ്ട്,  വേറെ എവിടേക്കും അല്ല കേട്ടോ, കുളപ്പുര കടന്നു മുറ്റത്തും, തക്കം കിട്ടിയാൽ ആ അടുക്കള വരെയും ഒരു കറക്കം.

 

ദിവസങ്ങൾ കടന്നു പോയി, ഞാൻ ഒരു ഒത്ത പുഴുവായി പരിണമിച്ചെന്ന തോന്നൽ എനിക്കുണ്ടായി, അച്ഛൻ പറഞ്ഞിട്ടുണ്ട് മനുഷ്യരുമായി സഹവർത്തിത്വം നമ്മുടെ വർഗത്തിന് ചേരില്ല എന്ന്, എന്നിട്ടും ഏതോ ദുർബല നിമിഷത്തിൽ ആ വാക്കുകൾ ധിക്കരിക്കാൻ ധൈര്യം ഉണ്ടായി, 

 

വച്ചുപിടിച്ചു  തറവാട്ടിലേക്ക്, അകത്തെ  കാഴ്ചകൾ കണ്ടു തിരിച്ചുപോരാൻ നേരം, ആരുടെയോ കാൽപ്പെരുമാറ്റം, അത് അടുത്തടുത്ത് വരുന്നു, പിന്നെ ഒന്നും നോക്കിയില്ല, അടുത്ത് കണ്ട ഭീമൻ പെട്ടിയിലേക്ക് ഏന്തി വലിഞ്ഞു കയറി,  പടോം... പെട്ടി അടഞ്ഞതും ഒന്നിച്ചായിരുന്നു, പുറത്തെ ശബ്ദങ്ങളിൽ നിന്നും മനസ്സിലായി, ആരോ എവിടെയോ പോവുകയാണ്, ആരായിരിക്കും? പൂമുഖത്തു കാണാറുള്ള ആ സുന്ദരിപെണ്ണായിരിക്കുമോ?

 

ശോ ! എന്റെ കഥ കഴിയാൻ പോകുന്ന നേരത്തും ഏതോ പെണ്ണിനെ കുറിച്ചാണല്ലോ ഓർത്തത്, നല്ല കഥ !

 

മണിക്കൂറുകൾ കഴിഞ്ഞാണ് പെട്ടിയുടെ കവാടം തുറക്കപ്പെട്ടത്, (അതിനിടയിൽ പല വലംവയ്ക്കലുകൾ പെട്ടിക്കുള്ളിൽ നടത്തിയിരുന്നു.) കിട്ടിയ അവസരം പാഴാക്കാതെ ഒരു ചാട്ടം, ഒട്ടും മുൻപരിചയം ഇല്ലാത്ത ഒരിടത്തു ഞാൻ എത്തിയിരിക്കുന്നു. ഭയം കീഴ്പെടുത്തും മുൻപ്, ഉള്ള ശക്തി എല്ലാം എടുത്തു നടന്നു, 

 

നഗരം! വല്യപ്പൂപ്പനിലൂടെ പറഞ്ഞു കേട്ട നഗരം, എത്തിപ്പെട്ടിരിക്കുന്നത് അവിടെത്തന്നെ, എന്തു വലിയ കെട്ടിടങ്ങൾ, മണിമാളികകൾ, മനുഷ്യന്റെ കഴിവുകൾ അപാരം തന്നെ എന്നു തോന്നിപ്പോയി. കാഴ്ചകൾ കണ്ടു നടക്കാൻ തീരുമാനിച്ചു. 

 

‘‘ഓഹ് ഈ മനുഷ്യന്മാർക്ക് നോക്കി നടന്നൂടെ? ബൂട്ടിട്ട കാലുവെച്ച് ഒരുത്തനിപ്പോ എന്നെ പച്ചടി അരച്ചേനെ’’, 

എന്തിനോ വേണ്ടി കിതച്ചോടുന്ന ഒരു പറ്റം മനുഷ്യർ, ‘‘ ഇത്ര ധൃതിപ്പെട്ട് എങ്ങോട്ടാ എന്തോ!’’   

 

വെയിലു കനത്തു, ചെറുതായിട്ട് വിശപ്പും, എന്നാ പിന്നെ വല്ലതും കഴിച്ചേക്കാം എന്നു കരുതി അടുത്തു കണ്ട കടയിലേക്ക് കയറി. ഛെ , നാറ്റം കൊണ്ട് മൂക്ക് പൊത്തിപ്പോയി, പുറമെ കാണാനുള്ള ചന്തം മാത്രം, നിലത്തൂടെ ഇഴയുമ്പോ അറിയാം അവസ്ഥ,  വൃത്തിയും വെടിപ്പും തൊട്ടു തീണ്ടിയിട്ടില്ലാത്ത ആ തറയിലൂടെ നടക്കാൻ വിമ്മിഷ്ടം, പക്ഷേ വിശപ്പു വൃത്തിയേക്കാൾ അതിക്രമിച്ചിരിക്കുന്നു,  

 

മേശമുകളിലേക്കു നടക്കുംനേരം- ആ കുളപടവുകളെ ഓർത്തു, സൂര്യദേവനെ കാണാൻ വേണ്ടി വിടർന്ന ആമ്പൽ പൂക്കളെയും, സുഖമുള്ള സുഗന്ധ വാഹകരായ ഇളം കാറ്റിനെയും .... 

 

മേശമേൽ വെച്ച പ്ലേറ്റിൽ കയറി, അവിടെ കണ്ട ഭക്ഷണത്തിൽ ഒരു കടി.... അയ്യേ..... എന്തായിത്?  പണ്ട് നാട്ടിലെ അടുക്കളയിൽ മണം പിടിച്ചു ചെന്നു കൊതി സഹിക്കാതെ  ചക്കയിൽ കടിച്ചപ്പോ ചക്കപ്പശ കൊണ്ട് ഒട്ടിപ്പോയി ഞാൻ, അന്ന് രക്ഷിച്ചത് അച്ഛൻ ! ഇന്നിപ്പോ ആരു വരും?  

 

ഇതെന്താ ചക്കപ്പശ ആണോ, വെളിഞ്ഞറുപോലെ, വായിലും, മൂക്കിലും എന്നുവേണ്ട കണ്ണിലുവരെ, മണം ചക്കയുടെ അല്ല, പറമ്പിൽ ചത്ത വണ്ടിന്റെ ശവം നാറുന്ന പോലെയുണ്ട് ! ആളുകൾ പിസ്സ പിസ്സ എന്നു പുലമ്പുന്നതു കേട്ടു... ഇതൊക്കെ തിന്നാനാകും മനുഷ്യരെ പോലെ എന്റേം വിധി.... 

 

അവിടുന്ന് ഇറങ്ങിനടന്നു, ബൊംമമ്മ്മ്മ് ....! ഒരു മൂളൽ, ചെവി നിരത്തിൽ ചേർത്തുവെച്ചു നോക്കി, അതെ ആ മൂളൽ അടുത്തടുത്ത് വരുന്നു.. 

 

ഭൂഊഊ മ്മ്മ്മ്മ്മ്മ്മ്മ്...... 

 

പേടിച്ച് ഓരം ചാരി നിന്നതും ഓറഞ്ച് നിറത്തിൽ ഒരു ബൈക്ക് ചീറിപ്പാഞ്ഞു പോയി....  കുറ്റി മീശക്കാർ രണ്ടുപേർ, ‘‘ഇങ്ങിനേം വണ്ടികളോ? കാതടപ്പിക്കുന്ന മുരൾച്ച, രൗദ്രഭാവം,  കളപ്പുരയ്ക്കലെ ആ പഴേയ ശകടത്തിനു ഇത്ര കോലാഹലം ഇല്ലല്ലോ...’’ നഗരത്തിൽ എങ്ങിനൊക്കെ ആവും എന്നു സമാധാനിച്ചു. 

 

പിന്നെയും നടന്നുകൊണ്ടിരിക്കുമ്പോൾ ഒന്നു മനസ്സിലായി വണ്ടികളുടെ പൊക കൂടാതെ വേറെ പൊടിപടലങ്ങൾ ധാരാളം, കണ്ണു എന്തോ വന്നു മൂടിയിരിക്കുന്നു, ഏറെ പണിപ്പെട്ടു ഒരു നീർച്ചാലിൽ എത്തി വെള്ളത്തിലേക്ക് മുഖം താഴ്ത്തി,  യ്യോ .. കണ്ണു നീറി പുകഞ്ഞു, അടുത്തൊരു തൊട്ടി കണ്ടു അതിലെ വെള്ളത്തിലേക്കു ഊളിയിട്ടു... ഹാവു...ആശ്വാസം,  ചുറ്റുപാടും അപ്പോഴാ ശ്രദ്ധിച്ചത്,  അടുത്തുള്ള ഫാക്ടറിയിലെ മാലിന്യം ഇട്ടു നീർച്ചാൽ ആകെ  മലിനം ആയിരിക്കുന്നു. തന്റെ വാസസ്ഥലത്തെ ആ കുളത്തിലെ വെള്ളത്തെ കുറിച്ച് അറിയാതെ ആലോചിച്ചു പോകുന്നു......

 

നിരത്തിൽ ഒരു ബഹളം, നോക്കുമ്പോൾ നേരത്തെ മുന്നിലൂടെ ചീറിപ്പാഞ്ഞു പോയ ആ വണ്ടി താറുമാറായി കിടക്കുന്നു, ചോര ഒഴുകി പരന്നിട്ടുണ്ട്, ആ ചെറുപ്പക്കാർക്ക് എന്ത്പറ്റി എന്നു അറിയാൻ ആകാംക്ഷയോടെ നോക്കിനിക്കുമ്പോൾ ഞാൻ നീങ്ങുന്നു എന്നു തോന്നി, ഏയ്‌ എന്റെ കാലുകൾ അനങ്ങുന്നില്ലല്ലോ? പിന്നെങ്ങനെ??  

 

 

ഞാൻ ആരുടെയോ ചെരുപ്പിനടിയിൽ പെട്ടിരിക്കുന്നു ! എന്തും വരട്ടെ എന്നു കരുതി, ഇത്തിരി തണുപ്പുതേടി ചളിക്കട്ടയ്ക് ഉള്ളിലേക്കു പൂഴ്ന്നു കിടന്നു. 

 

എത്രനേരം അങ്ങിനെ കിടന്നു എന്നു അറിയില്ല, ഒരു മയക്കം കഴിഞ്ഞു എണീറ്റു, സ്വപ്നത്തിൽ എന്റെ വീടും, കുളപ്പടവും അച്ഛനും അമ്മയും പ്രിയപ്പെട്ടവരും  എന്നെ സന്തോഷിപ്പിച്ചു... ഓർക്കുമ്പോൾത്തന്നെ എന്തൊരു സമാധാനം തരുന്ന ചിത്രം !

 

കണ്ണു തുറന്നു നോക്കി, ഇല്ല.. നഗരത്തിന്റെ ചീഞ്ഞമണം ഇല്ല, ഒന്നൂടി മൂക്ക് അടച്ചു പിടിച്ചു, തുറന്നു ആഞ്ഞു ശ്വാസം വലിച്ചുനോക്കി, നല്ല പരിചിതമായ മണം... പതുക്കെ ആ ചളിയിൽ പൂണ്ട ശരീരം വലിച്ചെടുത്തു പുറത്തേക്കു കാലെടുത്തു വെച്ചു.

 

ആാാഹ് !

 

സ്വപ്നം ആണോ?  സ്വയം നുള്ളി നോക്കി.. അല്ലല്ല... സ്വപ്നം അല്ല... ഞാനെന്റെ വാസസ്ഥലത്തു തിരിച്ചെത്തിയിരിക്കുന്നു.. ഇതെങ്ങനെ?  നഗരത്തിൽ കിടന്നു മരിക്കും എന്നു വിചാരിച്ച ഞാൻ ഇതാ.

 

കളപ്പുരക്കലിൽനിന്നും ഒരാൾ പുറത്തേക്കു വരുന്നത് കണ്ടു, ആളെ മനസ്സിലായി, അവിടത്തെ കാരണവർ... കാര്യങ്ങൾ ഏകദേശം പിടികിട്ടി... മോൾ നഗരത്തിൽ എത്തിച്ചത് അച്ഛൻ തിരിച്ചെത്തിച്ചു... !!! 

 

നടന്നു, അല്ലാ.. ഓടുകയായിരുന്നു എന്റെ സ്വർഗത്തിലേക്ക്... ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇവിടെയാണ് ..... ഇവിടെയാണ്  എന്ന് ഉരുവിട്ടുകൊണ്ട്...

 

English Summary :  ‘Njan Puzhu’ Malayalam short story written by Deepa Bhadra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com