sections
MORE

പ്രിയപ്പെട്ടവരെ ഒന്നു കാണാൻ പോലും ആകാതെ മരണത്തിന് കീഴടങ്ങുന്നവർ...

doctor
പ്രതീകാത്മക ചിത്രം
SHARE

ഒരു കോവിഡ്കാല അനുഭവ കുറിപ്പ്

കോവിഡിന്റെ സംഹാരതാണ്ഡവം ദോഹയിൽ നടമാടുന്ന കാലം, സംഭവത്തിലേക്ക് കടക്കുന്നതിന് മുൻപ് എന്നെ ഒന്ന് പരിചയപ്പെടുത്താം. ഒരു കൊവിഡ് ഹോസ്പിറ്റലിൽ ICU പേഷ്യന്റിനെ മാത്രം അറ്റെൻഡ് ചെയ്യുന്ന ഒരു ഫിസിയോതെറാപ്പിസ്റ്റ് ആണ് ഞാൻ. ഇന്നലെ ഉണ്ടായഎന്റെ ഒരനുഭവം ആണ് പങ്കുവെക്കുന്നത്. സമയം രാവിലെ പത്ത് മണി പതിവ് പോലെ ഒരു പേഷ്യന്റിനെ കാണാൻ ഞാൻ അയാളുടെ റൂമിൽ കയറി, നേഴ്സും എന്റെ കൂടെ ഉണ്ടായിരുന്നു. വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യണ്ട ഒരു രോഗി ആണ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഈ രോഗി ശ്വാസം എടുക്കുന്നത്. അയാളെ ഞാൻ കാണാൻ തുടങ്ങിയിട്ട് രണ്ട് ദിവസമായി. ഇന്നലെ ഈ രോഗിയെ പ്രോൺ പൊസിഷണിങ് ചെയ്തിരുന്നു ശ്വാസകോശത്തിൽ കയറുന്ന വായുവിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഒരു ട്രീറ്റ്മെന്റ് രീതി ആണ് പ്രോൺ പൊസിഷണിങ്. ഇന്നയാളെ പറ്റിയാൽ വീൽ ചെയറിൽ ഒന്നിരുത്തണം എന്ന ഉദ്ദേശവുമായി ആണ് ഞാൻ ചെന്നത്. അങ്ങനെ ചെയറിൽ ഇരുത്തണമെങ്കിൽ രോഗിയുടെ ഹീമോഡൈനമിക്ക്സ് സ്റ്റേബിൾ ആവണം. രോഗിയെ കണ്ടപ്പോൾ ഉറങ്ങുകയാണെന്ന് തോന്നി ഞാൻ അയാളെ തോളിൽ തട്ടി വിളിച്ചു, എന്നാൽ അയാളിൽ നിന്ന് പ്രതികരണം ഒന്നും ഉണ്ടയില്ല. ഞാൻ വീണ്ടും വീണ്ടും വിളിച്ചു അപ്പോൾ അയാൾ കണ്ണ് മെല്ലെ തുറന്ന് വളരെ ദയനീയ ഭാവത്തിൽ എന്നെ ഒന്ന് നോക്കി. ആ നോട്ടത്തിൽ അയാൾക്ക് എന്നോടൊന്തൊക്കെയോ പറയാൻ ഉള്ളത് പോലെ എനിക്ക് തോന്നി, എന്റെ തോന്നലാണോ എന്തോ എനിക്കറിയില്ല.

പെട്ടെന്നാണ്  ICU മോണിട്ടറിൽ നിന്നും സൂചന അലാറം മുഴങ്ങുന്നത്‌, സാധാരണ ഓക്സിജൻ സാച്ചുറേഷൻ, ഹാർട്ട് റേറ്റ്, ബിപി, റെസ്പിറേട്ടറി റേറ്റ് ഇവയിൽ സാധാരണ തോതിൽ നിന്നും ന്യായമായ വ്യത്യാസം ഉണ്ടാവുമ്പോൾ ആണ് അലാറം അടിക്കുക. ഞാൻ മോണിറ്റർ നോക്കിയപ്പോൾ ഓക്സിജൻ സാച്ചുറേഷൻ കുറയുന്നതായി കണ്ടു പെട്ടെന്ന് ബിപി  നോക്കിയപ്പോൾ അതും കുറവായിരുന്നു. BP വീണ്ടും ചെക്ക് ചെയ്തപ്പോൾ അദ്യത്തേതിലും കുറഞ്ഞാണ് കണ്ടത്. മോണിട്ടറിൽ അലാറം ശക്തമായി അടിക്കൻ തുടങ്ങി നേഴ്സ് ഉടനെ കോഡ് ബ്ളു ആക്ടിവേറ്റ് ചെയ്തു. ഹാർട്ട് അറ്റാക്ക് പോലെ അടിയന്തരസാഹചര്യങ്ങളിൽ ലൈഫ് സേവിംഗിന് വരുന്ന ഡോക്ടേഴ്സും നേഴ്സും ഒക്കെ ആണ് ഈ കോഡ് ബ്ളു ടീമിൽ ഉള്ളത്. എല്ലാ ഹോസ്പിറ്റലിലും ഉണ്ടാവും ഇങ്ങനത്തെ ഒരു ലൈഫ് സേവിംഗ് ടീം. അവർ വളരെ പെട്ടെന്ന് ഏകദേശം രണ്ട് മിനിറ്റ് കൊണ്ട് എത്തി. എമർജൻസി മെഡിക്കേഷൻ പിന്നെ ഓട്ടോമേറ്റഡ്  CPR  ഒക്കെ ഒട്ടും സമയം കളയാതെ തന്നെ സ്റ്റാർട്ട് ചെയ്തു. സാധാരണ ഇത്തരം അവസരങ്ങളിൽ രോഗിയെ കോഡ് ബ്ളു ടീമിന് ഹാൻഡ് ഓവർ ചെയ്താൽ ഞാൻ മെല്ലെ അടുത്ത പേഷ്യന്റിന്റെ അടുത്ത് പോവുകയാണ്‌ പതിവ്, കാരണം കോഡ് ബ്ളു ടീം ആണ് ഇനി ആ രോഗിയെ ഹാൻഡിൽ ചെയ്യുന്നത് തന്നെയുമല്ല എനിക്ക് വേറെ പല രോഗികളെയും കാണാനുമുണ്ട് അതിലുപരി അവിടെ നിന്ന് ആ രോഗി മരിക്കുന്ന രംഗം കണ്ടാൽ ബാക്കി രോഗികളെ കാണാനുള്ള എന്റെ മൂഡും പോവും.

എന്നാൽ ഇന്നലെ എന്തോ ഞാൻ ടീമിന്റെ കൂടെ തന്നെ അവിടെ നിന്നു, അയാളെ രക്ഷിക്കാൻ ഡോക്ടർമാരും, നഴ്സമാരും കിണഞ്ഞു ശ്രമിക്കുന്നുണ്ട് ,പക്ഷെ വിജയിക്കുന്നില്ല ഹീമോഡൈനമിക്സ്  അൺസ്റ്റേബിൾ ആയി തന്നെ തുടരുന്നു. എല്ലാവരുടെ മുഖത്തും ഒരു മ്ളാനത ദൃശ്യമായിരുന്നു. രോഗിയിൽ നിന്നും ഒരു പോസിറ്റീവ് റെസ്പോൺസും കിട്ടുന്നില്ല. ഹാർട്ട് റേറ്റ് 15 ൽ നിന്നും മേൽപോട്ടില്ല, ഓക്സിജൻ സാച്ച്യുറേഷൻ 20 % ൽ താഴെ..സീൻ ആകെ ക്രിട്ടിക്കൽ. ആ രോഗി മെല്ലെ മെല്ലെ ഈ ലോകത്തോട് വിട പറയുകയായിരുന്നു. എല്ലാവരുടെ മുഖത്തും നിരാശ നിഴലിച്ചു.

ആ സമയത്തു ഒരു സിനിമപാട്ട്  ഒരു നിമിഷം ഞാൻ അറിയാതെ ഓർത്തു  പോയി. ‘മരണമെത്തുന്ന നേരത്തു നീ എന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ.... മരണം അരികെ വന്നപ്പോൾ ആ രോഗിയുടെ കൂടെ ആരുമില്ല , കോവിഡ് രോഗികൾക്കു ആരുമുണ്ടാവാറില്ല പൊതുവെ, ഒന്ന് കൂടെയിരിക്കാൻ അവസാനമായി ഒരു സാന്ത്വന വാക്ക് പറയാൻ

ഹൃദയബന്ധമുള്ള ആളിൽനിന്നും ഒരിറ്റ് വെള്ളം വാങ്ങി ചുണ്ട്  ഒന്ന് നനക്കാൻ. ഇങ്ങനെ വല്ലാത്ത ദുരവസ്ഥയിലൂടെ കടന്ന് പോകുന്നവരാണ് കൊവിഡ് രോഗികളും പിന്നെ ഉറ്റവരും ഉടയവരും കൂടെ ഇല്ലാത്ത പ്രവാസികളും. ചില സന്ദർഭങ്ങൾ ഇങ്ങനെ ആണ് മനഷ്യനെ കൊണ്ട് ജീവൻ പിടിച്ച് നിർത്താൻ സാധിക്കില്ല. ഹാർട്ട് റേറ്റ് സീറോ കാണിച്ചുതുടങ്ങി, സിനിമയിലൊക്കെ  സാധാരണ മരണം സൂചിപ്പിക്കാൻ നമ്മളെ കാണിക്കുന്ന ആ നേരെ ഉള്ള വര  (straight line) ICU മോണിട്ടറിൽ കാണിച്ചു തുടങ്ങി... ഓട്ടോമാറ്റഡ് CPR ഒന്ന് രണ്ട് പ്രാവശ്യം കൂടെ നിർത്താതെ വർക്ക് ചെയ്തു, എന്നിട്ടും ഫലമൊന്നുമുണ്ടായില്ല. അയാൾ മരണത്തിന്‌ കീഴടങ്ങി കഴിഞ്ഞിരുന്നു. ആ സാഹചര്യത്തിൽ നിസഹായരായ ഡോക്ടർമാർ CPR നിർത്തി. നഴ്സുമാർ  ആ രോഗിയിൽ കണക്ട് ചെയ്തിരുന്ന ലൈൻസ് ആൻഡ് ലീഡ്സ് ഊരി മാറ്റാൻ തുടങ്ങി. ഞാൻ റൂമിൽ നിന്നും പുറത്തേക്ക് നടന്നു, ഡോക്ടേഴ്സും മെല്ലെ വെളിയിലേക്ക്.

കൂട്ടത്തിൽ ഉണ്ടായിരുന്ന ലീഡ് ഡോക്ടർ നന്നായി വിയർക്കുന്നുണ്ടായിരുന്നു,അവരുടെ മുഖത്തെ മ്ളാനതയിൽ നിന്നും ഒരു മനുഷ്യനെ കൂടി മരണത്തിന് വിട്ട് കൊടുക്കേണ്ടി വന്നതിലുള്ള നിരാശ പ്രകടമായിരുന്നു, ഒരു പച്ചയായ മനുഷ്യന്റെ നിസ്സഹായത....

ഇതിനു ശേഷം വല്ലാത്ത ഒരു നൊമ്പരം എന്നെയും  പിടികൂടി, ഉറ്റവരും ഉടയവരും ഇല്ലാതെ, മെഡിക്കൽ പ്രോഫഷണലുകളുടെ അശ്രാന്ത പരിശ്രമത്തിനും ഒടുവിലുള്ള, ഓരോ കൊവിഡ് രോഗികളുടെയും മരണം. അവർക്കും ഉണ്ടവില്ലേ ഒരു കുടുംബവും കുട്ടികളും ബന്ധുക്കളും സുഹൃത്തുക്കളും അവരെ മാത്രം കാത്തിരിക്കുന്ന ഒരു വീടും, ആരും ഉറങ്ങാത്ത ആ വീട്..

പ്രായഭേദമന്യ  ചിലരെ ഈ രോഗം സാരമായി ബാധിക്കുന്നു അത്കൊണ്ട് തന്നെ റിസ്ക് എടുക്കുന്നത് ഒട്ടും അനിവാര്യമല്ല. ഭയമല്ല ജാഗ്രതയാണ് വേണ്ടത്. കൈകൾ വൃത്തിയാക്കുക,മാസ്ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക എന്നീ മുൻകരുതലുകൾ സ്വീകരിച്ച് നമുക്കൊന്നിച്ച് ഈ മഹാമാരിയെ നേരിടാം.

English Summary: A personal note amid pandemic

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;