ADVERTISEMENT

സ്വപ്നങ്ങൾക്ക് കടപ്പാട് (കഥ)

 

വെറും ഒരു സ്വപ്നം.. അതിന്  കൊച്ചു സ്വപ്നം എന്നൊരു സങ്കല്പം ഉണ്ടോ.. സ്വപ്നത്തിന് വലിപ്പച്ചെറുപ്പം ഉണ്ടോ? പ്രായഭേദങ്ങൾ ഉണ്ടോ? സ്വപ്നം കാണുന്ന മിഴികൾക്കനുസരിച്ച് സ്വപ്ന മിഴിവിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടോ.. അറിയാൻ ആഗ്രഹം ഉണ്ട്. എന്നാൽ അതിനെക്കാളുപരി മനസ്സിൽ മുളയിട്ട മാരിവിൽ സ്വപ്നങ്ങൾ നിഷ്പ്രഭമാകാതിരുന്നാൽ മതിയായിരുന്നു.മഹാ ശൂന്യതയിൽ നിന്നും ചേതോഹരമായ ഒരു സ്വപ്ന രൂപം ഉയർത്തെഴുന്നേറ്റെങ്കിൽ !!

 

ഒരു പ്രത്യേക കാലയളവിൽ കണ്ട സ്വപ്നങ്ങൾക്കെല്ലാം പേരറിയാത്തൊരു പൂവിന്റെ ഇതൾ രൂപമായിരുന്നു എന്ന് അവൾ ഓർത്തെടുത്തു. അവയ്ക്ക് പൊൻ ചെമ്പകത്തിന്റെ നിറം മാത്രമല്ല സൗരഭ്യവും കുളിർമ്മയും നേരിട്ട് അനുഭവിച്ചറിഞ്ഞിരുന്നു.

ഇളം കാറ്റിൽ നേർത്ത സ്വപ്നത്തണ്ട് ഉലഞ്ഞാടുന്നത് വ്യക്തമായി കാണാം.. എന്തെന്നറിയാത്ത ഒരു പ്രസരിപ്പ് ആ തളിർ സ്വപ്നങ്ങൾ അവൾക്ക് സമ്മാനിച്ചിരുന്നു. കാരണം ലോലമായ് ഉലഞ്ഞപ്പോഴൊക്കെ ഉതിർന്നു കൊണ്ടിരുന്ന സ്വപ്നത്തരികൾ അവളെ സംബന്ധിച്ചിടത്തോളം ഒരു നിധിക്ക് തുല്യമായിരുന്നു. സ്വപ്നത്തിന്റെ ഫലപ്രാപ്തിയിൽ അമിതമായൊരു വിശ്വാസമൊന്നും അന്ന് അവൾക്ക് ഇല്ലായിരുന്നു.

കാലത്തിന്റെ കൂട്ടിരിപ്പിൽ ഒറ്റപ്പെട്ടു പോയ ഇന്നലെകൾ അവ്യക്തമായ ഒരു ഓർമ്മക്കുറിപ്പായ് കൂടെ തന്നെ ഉണ്ട്. തന്റെ സ്വപ്ന ഭാരങ്ങളും പേറി ചുറ്റുമുള്ളവർ അകന്നുപോയപ്പോൾ പകച്ചിരുന്നു പോയ നാളുകൾ. സ്വയം സൃഷ്ടിച്ച വീട്ടുതടങ്കലിൽ ഒതുങ്ങിക്കൂടാൻ പാകത്തിൽ രൂപരേഖകൾ ഇല്ലാത്ത കുറേ തെറ്റിദ്ധരിക്കപ്പെട്ട പാവം സ്വപ്നങ്ങൾ .ആർക്കൊക്കെയേ ഭാരിച്ച ചുമടുകളായി മാറിയത് അറിയാതെ.ദിവാസ്വപ്നങ്ങൾ പോലും അന്യം നിന്നുപോയ ഇടക്കാലത്ത് പങ്ക് വയ്ക്കപ്പെടാനുള്ളതല്ല ഒരു സ്വപനവും എന്ന ഗാഢമായ ഒരു ആശയം അവളിൽ ആഴത്തിൽ വേരൂന്നിയിരുന്നു. ഒരാളുടെ സ്വപ്നങ്ങൾ എങ്കിലും അയാൾക്ക് സ്വന്തമായി ഇരിക്കേണ്ടതല്ലേ എന്നൊരു ചോദ്യവും ഇടക്കിടെ അക്കാലത്ത് അവളെ അലട്ടാതിരുന്നില്ല. ഒരു പക പോക്കലിന്റെ ഭാഗമായെങ്കിലും സ്വന്തം സ്വപ്നങ്ങൾ അയാൾക്ക് തന്നെ വിട്ടു കൊടുക്കണം എന്നൊരു ഉത്തരവും കണ്ടെത്തിയിരുന്നു .വി ശ്രമം അത്യാവശ്യമാണ് എന്നൊരു മിഥ്യാധാരണയിൽ ഉച്ചമയക്കം ദിനചര്യയായി മാറ്റിയപ്പോഴും ആലസ്യം വിട്ടകന്നിട്ടില്ലാത്ത കുറേ കിനാവുകൾ തന്മയത്വത്തോടെ വീണ്ടും. 

 

നിറ മനസ്സിന്റെ അടിത്തട്ടിൽ നിന്നും ജീവാംശങ്ങൾ പകുത്തു നൽകിയപ്പോൾ സ്വപ്നങ്ങൾക്ക് വേഷപകർച്ച അനിവാര്യമായി .ഗതകാല വാൽക്കണ്ണാടിയിൽ ദൃശ്യവിസ്മയം തീർത്തു കൊണ്ട് സന്ദർഭോചിതമായ ഒരു തരം പകർന്നാട്ടത്തിന് വേദി ഒരുങ്ങി .

സ്വപ്നക്കലവറ വിപുലമായിക്കൊണ്ടേ ഇരുന്നു. സ്വപ്നപഥത്തിന്റെ അപാരതകളിലൂടെ  നടന്ന തേരോട്ടങ്ങൾക്കൊടുവിൽ ഉടയാതെ ചതയാതെ നിന്നവ ശക്തമായ സ്വപ്ന പിണരുകളിൽ കൂടുതൽ തെളിവാർന്നു. ഒരു ഉൾവിളിയുടെ പ്രതിധ്വനി പോലെ അവ പിച്ചവയ്ക്കുന്ന വടിവൊത്ത അക്ഷരങ്ങളായി രൂപാന്തരപ്പെട്ടു. ഇടറി വീണപ്പോഴും തട്ടി തടഞ്ഞപ്പോഴും മുന്നോട്ട് മാത്രം.നിറഞ്ഞ് കവിഞ്ഞ് കുതിച്ചൊഴുകാൻ തുടങ്ങിയപ്പോൾ അടങ്ങി ഉണർന്നിരുന്ന് വീണ്ടും നവ സ്വപ്നങ്ങൾ കാണാൻ അവൾ അവയെ പ്രേരിപ്പിച്ചു കൊണ്ടേ ഇരുന്നു. അല്ല പഠിപ്പിച്ചു .അങ്ങിനെ നൂറായിരം അർത്ഥവത്തായ സ്വപ്നങ്ങൾ സ്വന്തമാക്കിയ ഓരോ അക്ഷരവും സ്വപ്നത്താളുകളിൽ മന്ത്രാക്ഷരങ്ങളെ പോലെ നിരയൊപ്പിച്ചു നിറഞ്ഞു .പിന്നെ തെളിഞ്ഞ തിരശ്ശീലയിലേക്ക് പതുക്കെ ഉയർന്ന് മിന്നാമിന്നികളായി തെന്നി നീങ്ങി. വർണ്ണ വ്യതിയാനങ്ങളുടെ നിഴലിടങ്ങളിൽ ഒളി മങ്ങാതെ തന്നെ .നിരന്തരം സ്വപ്നം കാണാൻ പഠിപ്പിച്ച അവളിലേക്കു തന്നെ .ഒരു പ്രത്യുപകാരം എന്ന പോലെ .

 

സ്വപ്ന വ്യാഖ്യാനത്തിന്റെ ആദ്യ അധ്യായം രചിക്കപ്പെട്ടപ്പോൾ സ്വപ്ന വയമ്പ് ഉരച്ച് തേച്ച നാവിൻ തുമ്പിൽ നിന്നും കിനിഞ്ഞിറങ്ങിയ രുചി രസമുകുളങ്ങൾ നുണഞ്ഞു. വേർതിരിച്ചിടാൻ പറ്റാത്ത അതിരുകളിലായി പുതുനാമ്പുകൾ പിറവിയെടുത്തു .സ്വപ്നോത്സവ തിരക്കുകളിൽ നിന്നും സ്വയം ഒഴിഞ്ഞുമാറി പെയ്ത് ഒഴിയാൻ പോകുന്ന മഴയുടെ സ്വപ്ന വിഭ്രാന്തികളിൽ അലിഞ്ഞില്ലാതായി .ശാപമോക്ഷത്തിനായി വീണ്ടും മഴ മേഘങ്ങളുടെ ഇരമ്പം കേൾക്കാൻ കാതോർത്ത് കൊതിച്ചിരുന്നു.

പ്രിയ സ്വപ്നങ്ങൾക്ക് വിശ്രമമില്ലാത്ത അവധി കൊടുത്തപ്പോഴും സ്വപ്ന ചിന്തകളിൽ ഉരുകി നീറി .സ്വപന വിഹ്വലതകളിൽ ആത്മാഹുതി ചെയ്ത് അഗ്നിശുദ്ധി വരുത്തി. നേട്ടങ്ങളുടെ വിളവെടുപ്പിൽ പതിരുകൾ കുറവായതിനാൽ ആത്മ പ്രകാശത്തിന്റെ സ്വാംശീകരണം എളുപ്പമായി.

ത്യാഗത്തിന്റെ നീണ്ട നാൾവഴികൾ വൃഥാവിലായില്ല എന്ന തിരിച്ചറിവ് തുടക്കമിട്ട സ്വപ്നങ്ങളുടെ മാറ്റ് കൂട്ടി. വിവിധ സ്വപ്നതലങ്ങളിൽ ജന്മസാഫല്യത്തിന്റെ സ്വപ്ന കല്പനകൾ നിറമാല തീർത്ത സ്വർഗതുല്യമായ ആ ശ്രീകോവിലിന്റെ പടിവാതിൽക്കൽ ഒരു ഏകാധിപതിയുടെ ഉൾക്കരുത്തോടെ സ്വപ്ന ചിരാതുകൾ താനേ തെളിയുന്നതും കാത്ത് അവൾ !!!ശുഭപര്യവസാനത്തോടെയുള്ള ഒരു നല്ല തുടക്കത്തിനായ്!!

 

English Summary: Swapnangalk Kadappadu Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com