ADVERTISEMENT

ഒരു നൂറാശകൾ (കഥ) 

സന്ധ്യ മയങ്ങി ഏറെ കഴിഞ്ഞിരിക്കുന്നു. നേർത്ത നിലാവിൽ നിഴലുകളായി മാറിയ മരചില്ലകൾക്കിടയിലൂടെ ആകാശത്തട്ടിൽ നക്ഷത്രങ്ങൾ കണ്ണു ചിമ്മുന്നതും നോക്കി, ഉമ്മറത്തെ തിണ്ണയിൽ അമ്മയുടെ മടിയിൽ അച്ചു ഇരുന്നു.   

‘‘അച്ഛനെ എന്താ കാണാത്തെ?’’

‘‘ഇപ്പൊ വരും, ഉറക്കം വരുന്നുണ്ടെങ്കിൽ പോയി കിടന്നോ..’’

അച്ചുവിന്റെ ചുരുണ്ട മുടിക്കിടയിലൂടെ തലയോടു തൊട്ട് വിരലുകൾ ഞാവികൊണ്ട് ജാനകി പറഞ്ഞു. 

 

വറുത്ത മീനും, മീൻകറിയും കൂട്ടി അത്താഴം നേരത്തെ കഴിച്ചിരുന്നു. വടക്കുപുറത്തിലൂടെ പമ്മി പതുങ്ങി വന്ന വെള്ള പൂച്ച മുറ്റംവഴി, ഇടം കണ്ണിട്ട് പരുങ്ങികൊണ്ട് ഇറങ്ങി പോകുന്നത് കണ്ടു. ചാഞ്ഞു കിടക്കുന്ന പുളിമരകൊമ്പിലൂടെ എന്നും രാത്രി ഓട്ടും പുറത്ത് ചാടി ചില അനക്കങ്ങൾ സൃഷ്ടിക്കുന്ന ജന്തു. മിക്ക രാത്രികളിലും കേട്ട് ഞെട്ടി ഉണരുമ്പോൾ, പല്ലിറുമ്പി തലയിണയിൽ മുഖമമർത്തി മനസ്സിൽ പുലമ്പും : എന്നെങ്കിലും നിന്നെ എന്റെ കയ്യിൽ കിട്ടും നോക്കിക്കോ. പലതവണ ഒത്തുകിട്ടിയതാണ് പക്ഷേ തല്ലി കൊല്ലുന്നതിനു പകരം മടിയിൽ വച്ച് തലോടാനാണ് തോന്നിയത്. വിരൽ തുമ്പിലെ കൂർത്ത മുനകൾ കണ്ടപ്പോൾ അതിനും മുതിർന്നില്ല. 

‘‘ ഈ പൂച്ച…’’

ദേഷ്യത്തോടെയാണ് അലറിയതെങ്കിലും അതിന്റെ കഠിന്യം ഒന്നും അമ്മയുടെ ശബ്ദത്തിൽ അച്ചു കണ്ടില്ല.  

‘‘അമ്മാ… !’’

‘‘ ഇപ്പൊ വരൂ ടാ..’’

 

തുളുമ്പി നിൽക്കുന്ന കവിൾ തടത്തിൽ അമർത്തി ഒന്നു നുള്ളി. ഒരു ഞരക്കത്തോടെ പല്ലു കടിച്ചു മൂക്ക് ചുളിച്ച് അമ്മയുടെ ഒട്ടിയ കവിൾ തടങ്ങൾ അവനും കൈ പിടിയിൽ ഒതുക്കാൻ ശ്രമിച്ചു.               

 

അമ്മയുടെ കൈ മലത്തി വച്ച് അതിൽ അവന്റെ ഇളം കൈവിരലുകൾ തൊട്ടുഴിഞ്ഞു നോക്കി. നല്ല പരുപരുപ്പ്, ഇടക്ക് എന്തോ കൊളുത്തി വലിക്കുന്നു. ഇന്നലെ പെൻസിൽ വാങ്ങിക്കാൻ കൈ വെള്ളയിൽ പൈസ വച്ച് നീട്ടിയപ്പോൾ കണ്ടു – കറി കത്തി പോറിയിട്ട വരകൾ വിരലുകളിൽ. പിന്നെ തഴമ്പുകളിൽ പറ്റി നിൽക്കുന്ന, കഴുകിയിട്ടും മായാത്ത കറുത്ത ചായവും.  

 

ആകാശത്ത് ചിമ്മികൊണ്ടിരിക്കുന്ന നക്ഷത്രങ്ങളെ നോക്കി അച്ചു ഇന്നത്തെ ദിവസം പങ്കുവക്കാൻ തുടങ്ങി.

 

സ്കൂളിലേക്ക് പോകുമ്പോൾ കേശവൻ നായരുടെ വീടിന്റെ മുമ്പിലെ നിരത്തിൽ വച്ച്, മതിലുചാരി പടർന്നു നിൽക്കുന്ന കോളാമ്പി മരം പൂത്തുലഞ്ഞു നിൽക്കുന്നത് കണ്ടു. ഒരു മഞ്ഞ കാട് ഉയർന്നു നിൽക്കുന്നു! കൊഴിഞ്ഞു വീണവ നിരത്തിന്റെ ഒരു വശം മഞ്ഞ പൂമെത്ത വിരിച്ചു വച്ചിരിക്കുന്നു. കൗതുകത്തോടെ നോക്കി നിൽക്കുമ്പോഴാണ് ഓർത്തത്. ഇന്നലെ അഞ്ജന ടീച്ചർ പറഞ്ഞിരുന്നു, നാളെ വരുമ്പോൾ എല്ലാവരും പൂക്കൾ കൊണ്ട് എന്തെങ്കിലും ഉണ്ടാക്കി കൊണ്ടുവരാൻ. 

 

നല്ല പട്ടു ചേല ചുറ്റി, മുഖത്ത് എപ്പോഴും നേർത്ത പുഞ്ചിരിയുമായി നടക്കുന്ന അഞ്ജന ടീച്ചറെ അച്ചുവിന് ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ അവന്റെ മനസ് പിടഞ്ഞു. അനുസരണ കേട് കാട്ടിയാൽ… ഒരുപാട് സ്നേഹിക്കുന്നവർ ദേഷ്യപ്പെടുന്നത് ഓർക്കാൻ തന്നെ പ്രയാസമാണ്. 

 

എന്തു ചെയ്യും… അവൻ വിഷമിച്ചു. വീട്ടിലേക്ക് തിരിച്ച് പോയാലോ… 

 

കയ്യിൽ കിട്ടിയ ഒരു ഈർക്കിൽ എടുത്ത്, നിലത്തു വീണ ഓരോ കോളാമ്പി പൂവെടുത്ത് ഒന്നിന് മുകളിൽ ഒന്നായി കോർത്തു വച്ചു. കഴിഞ്ഞ് അല്പം വിട്ട് പിടിച്ചു നോക്കിയപ്പോൾ ‘കൊള്ളാം….’ അതൊരുവിടർന്നു നിൽക്കുന്ന മഞ്ഞ സ്തൂപം പോലെ കാണപ്പെട്ടു. 

 

ആലില പോലെ വിറച്ചു കൊണ്ടാണ് അത് ടീച്ചറുടെ മുമ്പിലേക്ക് നീട്ടിയത്. പക്ഷേ എല്ലാം വിചാരിച്ചതിനു വിപരീതമായിരുന്നു. എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങി, മേശയുടെ മുകളിൽ അത് നെടുങ്ങനെ സ്ഥാനം പിടിച്ചു. അന്തംവിട്ട് അഭിമാനത്തോടെ അച്ചു കരഘോഷങ്ങൾ ഏറ്റുവാങ്ങി. 

 

പിന്നെ… എന്നിട്ട്… എന്ന മട്ടിൽ ജാനകി എല്ലാം കേട്ടിരുന്നു. 

‘‘പിന്നെ ഒന്നൂല്ല.’’ അവൻ ദേഷ്യം നടിച്ചു. 

 

അമർത്തി ഒരു ‘പിന്നെ’ യും പറഞ്ഞ് ജാനകി അവന്റെ കവിൾ തടം ആർത്തിയോടെ കടിച്ചു. അവൻ മുരണ്ടുകൊണ്ട് ഒട്ടിയ കവിൾ വാരി പിടിക്കാൻ ശ്രമിച്ചു. 

 

ദൂരെ വഴിതാരയിലൂടെ ഒരു ടോർച്ചു വെട്ടം തെന്നി തെറിച്ചു വരുന്നത് മടിയിൽ ഇരുന്നുകൊണ്ട് അച്ചു ശ്രദ്ധിച്ചു. നിലാവ് പൊഴിയുന്ന ഇരുട്ടിൽ ഒരു മെലിഞ്ഞ നിഴൽ രൂപം അവ്യക്തമായി കാണാം. കയ്യിൽ ഒരു വെളുത്ത കവർ തൂങ്ങി ആടുന്നുണ്ട്. ബീഡി തുമ്പ്, മിന്നാമിന്നി വെട്ടം പോലെ ഇടക്ക് പ്രകാശിച്ചും അണഞ്ഞും കൊണ്ടിരുന്നു. 

 

‘‘അച്ഛൻ വരുന്നുണ്ട്…’’

 

അച്ഛൻ വരും. കയ്യിലെ പൊതി അമ്മയെ ഏൽപ്പിക്കും. ഷർട്ടഴിച്ച് നരച്ചു വെളുത്ത തോർത്ത്‌ മുണ്ട് തോളിലിട്ട് അടുത്ത ബീഡിയും പുകച്ച് ഉമ്മറത്ത് അൽപ്പ നേരം ഇരിക്കും – പിന്നെ കഷണ്ടി കയറിയ ശിരസ്സിൽ അല്പം വെളിച്ചെണ്ണ തടവി കുളിക്കാൻ കയറാൻ ഒരുങ്ങി നിൽക്കും – ആ സമയം നോക്കി അമ്മ തണുപ്പ് വിടുവിച്ച വെള്ളം കുളിമുറിയിൽ കൊണ്ടു വയ്ക്കും. പിന്നെ കുളി. ശേഷം അത്താഴം. അതിനിടയിൽ സംസാര വിഷയം വല്ലതും ഉണ്ടെങ്കിൽ അതും നടക്കും. ഒടുവിൽ പഞ്ഞി നിറച്ച, എണ്ണ മെഴുക്കു പുരണ്ട തലയിണയിൽ തല ചായിച്ചു കിടക്കും.. ഇടക്കെപ്പോഴോ ഉറക്കം പിടിക്കും.  

 

എല്ലാം പതിവ് പോലെ….

 

കോണി പടികൾ ഒന്നൊന്നായി ചവിട്ടി കയറിയപ്പോൾ, അവ ഞരങ്ങി അമരുന്ന ശബ്ദം കേട്ട് കിടക്കയിൽ, ഒരു ചന്ദന കുറി തൊട്ട് വിടർന്ന ചിരിയുമായ സുന്ദരിയുടെ മുഖചിത്രമുള്ള പുസ്തകം വായിച്ച് കൊണ്ടിരുന്ന ചേച്ചി രൂക്ഷമായി മുഖം തിരിച്ച് നോക്കി. അത് ശ്രദ്ധിക്കാതെ മുകളിൽ കയറി. മേശ പുറത്ത് ഡയറി തുറന്നിരുന്നു. നാളെയെ കുറിച്ചുള്ള ആവേശത്തോടെ, പകുതിയും തീർന്ന പെൻസിൽ പിടിച്ച് ഇരുന്നു. അറിയാതെ ഒരു ചിരി പുറത്തു ചാടി. 

 

‘‘എന്താടാ പൊട്ട വെറുതെ ഇരുന്ന് ഇളിക്കണത്…’’

ചിരി നിന്നു. നാണകേട് ഉണ്ടായപോലെ പരുങ്ങി ഇരുന്ന്, ഇടം കണ്ണിട്ടൊന്ന് നോക്കി. ചേച്ചി വായന തുടരുകയാണ്. 

ഇന്ന്‌ നടന്ന, ഇന്നലെകൾ ആയി മാറിയവ വിശദമായി കുറിച്ചു. നാളെ നടക്കേണ്ട,  ഭാവി കാര്യങ്ങൾ വിശദമായി കുറിച്ചു.

നാളെ ചിത്ര രചന മത്സരം നടക്കുന്നുണ്ട്. അഞ്ജന ടീച്ചർ അനുവാദം പോലും ചോദിക്കാതെ തന്റെ പേര് ചേർത്തിട്ടുണ്ട്.    

 

ഒരിക്കൽ ഒരു കടലാസ് കഷ്ണത്തിൽ എന്തോ കോറികൊണ്ടിരിക്കുമ്പോൾ ടീച്ചർ പുറകിൽ വന്ന് എത്തി നോക്കുന്നത് അറിഞ്ഞില്ല. അതൊരു നെൽകതിർ കൊത്തി പറക്കുന്ന തത്തയുടെ ചിത്രമായിരുന്നു. ഒരിക്കൽ ബാഗും പിടിച്ച് മുൻപേ നടക്കുന്ന അമ്മയുടെ പുറകെ, ചാഞ്ഞു കിടക്കുന്ന നെൽ കതിർ കുലകൾ തടവി കൊണ്ട് നടക്കുമ്പോൾ ദൂരെ വയലുകൾക്കിടയിൽ നിന്നും ഒരു തത്ത തന്റെ ചുവന്ന് അറ്റം വളഞ്ഞ കൊക്കിൽ ഒരു മുഴുവൻ കതിർ കൈക്കലാക്കി കൊണ്ട് പറന്നുയരുന്നത് കണ്ടു. എന്തോ ആ ചിത്രം മനസ്സിൽ പച്ചകുത്തിയതുപോലെ മായാതെ കിടന്നിരുന്നു. കടലാസ്സിൽ പെൻസിൽ തുമ്പു തൊട്ടപ്പോൾ മനസ്സിൽ പതിഞ്ഞ ദൃശ്യം അറിയാതെ കടലാസ്സിൽ ഊർന്നു വീണു. അതാണ് ടീച്ചർ കാണാനിടയായത്. അന്നേ പറഞ്ഞിരുന്നു ‘വരുന്ന ചിത്രരചനക്ക് പങ്കെടുക്കണം കേട്ടോ അച്ചു.’

 

പിന്നെയും ഉണ്ട് നാളേക്ക്. രേണു കണക്ക് പുസ്തകം ആവശ്യപെട്ടിരുന്നു. അത് കൊടുക്കണം. ഹാജരാവാൻ കഴിയാത്ത ദിവസത്തെ എഴുതിയെടുക്കാനാണ്. 

 

രണ്ട് ദിവസം മുൻപ് സ്കൂൾ വിടും നേരം മാനം ഇരുണ്ടു ചാറ്റൽ പെയ്യുന്നുണ്ടായിരുന്നു. അവൾ അതും കൊണ്ടുകൊണ്ടാണ് പാടം കടന്നത്. പാടം കടന്ന് നിരത്തിൽ എത്തിയപ്പോഴേക്കും ചാറ്റൽ നിന്നു. വെറുതെ ഒരു ചാറ്റൽ. അവൾക്കൊപ്പം അച്ചുവും ഉണ്ടായിരുന്നു. പക്ഷേ പനി പിടിച്ചത് അവൾക്ക് മാത്രമാണ്. ചാറ്റൽ മഴ കൊണ്ടാൽ പനി വരുമെന്ന് അമ്മ ഒരിക്കൽ പറഞ്ഞു തന്നിട്ടുണ്ട്. ‘രേണുവിനു പനി പിടിപ്പിക്കാൻ വേണ്ടി മാത്രം വന്ന് പോയ മഴ’ ആണെന്ന്, അവളുടെ സാനിധ്യമില്ലാതെ, വിളഞ്ഞു നിൽക്കുന്ന പാടം മുറിച്ചു കടക്കുമ്പോൾ അച്ചുവിനു തോന്നി. ‘കണക്ക് പുസ്തകം രേണുവിനു കൊടുക്കണം…’

 

പിന്നെയും ഉണ്ട് ഒരുപാട്… ശങ്കുണ്ണി ചേട്ടന്റെ പീടികയിൽ പുതിയതായി വന്നിട്ടുള്ള കാരറ്റ് അച്ചാർ കണ്ടതു മുതൽ ഓർക്കുമ്പോഴെല്ലാം വായിൽ ഒരു കുടം വെള്ളം നിറയും….

 

പൊട്ടിയ സ്ലയിറ്റ് മാറ്റി പൊട്ടാത്ത പുതിയത് വേടിക്കാൻ അച്ഛൻ പൈസ തന്നിട്ടുണ്ട്. ശങ്കുണ്ണി ചേട്ടന്റെ പീടികയിൽ അതും അച്ചു കണ്ടു വച്ചിട്ടുണ്ട്. അങ്ങനെ നാളേക്ക് ഉള്ള ഒരുപിടി ആശകൾ - ഒരു നൂറാശകൾ… 

 

ഉറക്കത്തിന്റെ മധ്യത്തിൽ എത്തിയപ്പോൾ ചില ശബ്ദങ്ങൾ…. എപ്പോഴാണ് ആശകൾ ചികയൽ നിർത്തി ചേച്ചിയെ പറ്റിചൂളി കിടന്നുറങ്ങിയത് ! ഉറക്ക ചടവിൽ കണ്ണു തിരുമ്മി അച്ചു, ആകാശം മറക്കുന്ന മേൽകൂരയിലേക്ക് നോക്കി.

 

ചാഞ്ഞു കിടക്കുന്ന പുളികൊമ്പിലൂടെ പൂച്ച ഓട്ടിൻ പുറത്ത് കാല് കുത്തിയോ? അല്ല ! ശബ്ദം താഴെ നിന്നാണ്; ചേച്ചിയുടെ വാവിട്ട കരച്ചിൽ. ഇരിക്കുന്ന വലതു വശം കൈകൊണ്ട് തടവി നോക്കി ചേച്ചിയില്ല- അവിടം ശൂന്യമായി കിടക്കുന്നു.

 

കോണി ചുവട്ടിൽ പരന്നു കിടക്കുന്ന വെളിച്ചം മുകളിലേക്കും അരിച്ചെത്തിയിരിക്കുന്നു. താഴേക്ക് ഇറങ്ങുമ്പോൾ കോണി പടികൾ ഞരങ്ങിയില്ല. അവ മരവിച്ച പോലെ… ഇടനാഴിയിലൂടെ ഒന്നു രണ്ട് പേർ തലങ്ങും വിലങ്ങും നടക്കുന്നു. അടുക്കും തോറും ചേച്ചിയുടെ നിലവിളി കനം കൂടി വരുന്നു. 

 

ഇടനാഴിയിൽ വേച്ച് വേച്ച് എത്തിയപ്പോൾ വല്യമ്മയുടെ മടിയിൽ ചേച്ചി തളർന്നു കിടക്കുന്നു… നിലവിളിക്കുന്നു… അച്ചുവിന് കാതുകൾ കൊട്ടിയടക്കും പോലെ തോന്നി. തുറന്ന, ചലനം നഷ്ടപെട്ടുകൊണ്ടിരിക്കുന്ന കണ്ണുകൾ പ്രയാസപെട്ട് അനക്കിയപ്പോൾ, ഇടത്തെ വാതിൽ പടിയിൽ അച്ഛൻ ചുമർ ചാരി കൂനികൂടിയിരിക്കുന്നു. ആ ചെറിയ കണ്ണുകൾ നനഞ്ഞു ചുവന്നിരിക്കുന്നു. പതിയെ അടുത്തേക്ക് എത്തിയപ്പോൾ, ആ ബലമുള്ള കൈകൾ അവനെ വാരിപിടിച്ചു തോളിലമർത്തി തേങ്ങാൻ തുടങ്ങി. തന്നെ ഇറുക്കി പിടിച്ച അച്ഛന്റെ വലം കൈ തളരുന്നുണ്ടെന്ന് അച്ചുവിനു തോന്നി. അതെ… തളരുകയാണ്… 

 

ഒരു ഞട്ടി പിടച്ചിലിൽ തോളിൽ നിന്നും തല ഉയർത്തി ചുറ്റും നോക്കി. ഒരു വിതുമ്പൽ തൊണ്ടയിൽ വന്ന് തട്ടുന്നു. കണ്ണുകളിൽ ഉറവ പൊട്ടി തുടങ്ങി. വന്നു കൂടുന്ന ആളുകൾക്കിടയിലും, അടുക്കള വാതിൽക്കലും, നിറഞ്ഞ കണ്ണുകൾ തിരഞ്ഞുകൊണ്ടിരുന്നു. 

 

വ്യക്തത നഷ്ടപെട്ടുകൊണ്ടിരിക്കുന്ന കണ്ണുകൾ വടക്കേ മുറിയുടെ വാതിൽ കടന്ന് അകത്തേക്ക് പ്രവേശിപ്പോൾ, അല്പം മുൻപായി, കഴുത്തറ്റം വെള്ള പുതപ്പിച്ച ഒരു സ്ത്രീ രൂപം കട്ടിലിൽ നിവർന്നു കിടക്കുന്നത് കണ്ടു. 

 

വരണ്ട ചുണ്ടുകൾ പാതി തുറന്നു കിടക്കുന്ന വിളറിയ മുഖത്ത്, അടഞ്ഞ കൺപോളകൾക്കുള്ളിൽ കൃഷ്ണമണികൾ ഉണരാത്ത ഉറക്കത്തിലേക്ക് ആണ്ടു പോയതുപോലെ. 

 

അച്ചുവിന്റെ തൊണ്ടയിൽ നിന്നും ശബ്ദം കാലിടറി വീണു: ‘അ….മ്മ….’

സമീപം നടുന്നു പോയ ആരോ പറയുന്നത് കേട്ടു : ‘ഇത്രേ ള്ളു മനുഷ്യന്റെ കാര്യം…. !’

എണ്ണമയം കിനിഞ്ഞിറങ്ങിയ നെറ്റിതടത്തിൽ ഒരു ഈച്ച അലസമായി പരുങ്ങി നൽക്കുന്നത് അച്ചു കണ്ടു. 

മേശപുറത്ത് തുറന്നു കിടക്കുന്ന ഡയറിയുടെ മുകളിൽ, കഴുകോലിൽ നിന്നും പിടിവിട്ട് ഒരു മുഴുത്ത പല്ലി നെഞ്ചു തല്ലി വീണു…..

 

ഒരു നൂറാശകൾക്ക് മുകളിൽ, കുന്തകാലിലിരുന്ന് യാഥാർഥ്യം വെളിപ്പെടുത്തികൊണ്ട് കാലം വിദൂഷക വേഷത്തിൽ അരുളി ചെയ്തു : 

 

‘‘നൂറാശകൾ ഇരിക്കട്ടെ… ഇപ്പോൾ നീ പെറ്റമ്മയുടെ ചിതക്ക് തീ കൊളുത്തുക…’’

 

English Summary: Oru nooru ashakal, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com