ADVERTISEMENT

ചോരയുടെ മണമുള്ള രാത്രികൾ (കഥ)

 

ജെന്നിഫർ, ഡ്യൂട്ടി കഴിഞ്ഞെത്തിയാൽ ഫ്ളാറ്റിലെ ഡ്യൂട്ടികൾ, അതും കഴിഞ്ഞുവേണം നടുനിവർത്താൻ,  അപ്പോഴേക്കും ജോസ് എത്തും പിന്നെ അന്ന് ഓഫീസിൽ നടന്ന കാര്യങ്ങളും വിശകലനങ്ങളും !

 

ജീവിതനൗക തുഴഞ്ഞ് അവരെത്തി നിൽക്കുന്നത്, തങ്ങളുടെ ജീവിതത്തിലേക്ക് വരാൻ പോകുന്ന,  ദൈവത്തിന്റെ ഏറ്റവും വലിയ സമ്മാനത്തിന് അടുത്തായിരിന്നു...

 

ആദ്യ മാസങ്ങളിലെ ശർദിയും വയ്യായ്കയും കാരണം ജോലി രാജിവെച്ചു ഫ്ലാറ്റിൽ ഇരിപ്പായി, ഓരോ നിമിഷങ്ങളും കടന്നു പോകുന്നത് കുഞ്ഞിനെ പറ്റിയുള്ള ആലോചനകളിലൂടെ ആയിരുന്നു. എന്തൊക്കെ വാങ്ങണം, എങ്ങനെ നോക്കണം, അമ്മേ എന്ന വിളി വരെ സ്വപ്നത്തിൽ കൂട്ടായി എത്തി...

 

ജോസിന് ജോലിതിരക്കുകൾ കൂടി വരുമ്പോഴും അവൾ സന്തോഷവതിയായിരുന്നു, ജോസിന്റെ വെപ്രാളം കണ്ട് ഇടയ്ക്ക് അവൾ പറയും, 

 

‘‘ഇച്ചായൻ ജോലിയിൽ ശ്രദ്ധിച്ചോളു, എനിക്കിവിടെ ഒരു പ്രശ്നവും ഇല്ല, പിന്നെ ഒറ്റയ്ക്ക്  അല്ലല്ലോ ഇപ്പൊ!’’

 

അതെ. മനസ്സുകൊണ്ടും ശരീരം കൊണ്ടും ആ രണ്ടു മനുഷ്യർക്കിടയിൽ ഇപ്പോൾ ഒരു കുഞ്ഞു ജീവൻ തുടിക്കുന്നുണ്ട്, ദിവസം എണ്ണി നീക്കി അവർ കാത്തിരിക്കുന്നതും ആ ഒരു നിമിഷത്തിനു വേണ്ടിയാണ്

 

പെട്ടെന്നായിരുന്നു എല്ലാം. സ്കാനിങ്ങിൽ എന്തോ പ്രശ്നം, പേടിക്കണ്ട എന്ന് കരുതി ഡോക്ടർ പറഞ്ഞില്ല, പിന്നെ പറയേണ്ടി വന്നു.  

 

തുടിച്ചു തുടങ്ങിയ കുഞ്ഞു ഹൃദയം നിന്നിട്ട് രണ്ട് ആഴ്ചകളായി, എന്തുകൊണ്ടോ അറിഞ്ഞില്ല, ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി,  

 

‘‘എന്തിനാ ഇച്ചായാ അഡ്മിറ്റ്‌ ചെയ്യണേ? എന്നേലും പ്രശ്നമുണ്ടോ? എന്നാന്നു വെച്ചാ പറ’’

 

നിർത്താതെ ഉള്ള അവളുടെ ചോദ്യത്തിന് മുന്നിൽ അയാൾക്കു പറയേണ്ടി വന്നു, 

 

അവൾ കരഞ്ഞില്ല, ഒച്ച വെച്ചില്ല, ഒന്നും മിണ്ടാതെ ഇരുന്നു... 

 

Dnc ചെയ്യട്ടെ? 

 

ഡോക്ടറുടെ ചോദ്യം കേട്ടപ്പോൾ എന്താ അത്, എന്താ ചെയ്യണ്ടേ എന്ന് അറിയാതെ മുഖത്തോടു മുഖം നോക്കി 

 

‘‘വേണ്ട ഡോക്ടറെ, എനിക്ക് വേദന അറിഞ്ഞു വേണം’’

 

‘‘മോളെ അത്, നല്ല വേദന ആയിരിക്കും, എന്നിട്ട്  പിന്നെ?’’ ഡോക്ടർക്കു സഹതാപം 

 

‘‘എന്നിട്ട് ഒന്നും ബാക്കിയും ഇല്ലല്ലോ അല്ലേ???’’ സാരില്ല ഡോക്ടർ, എനിക്ക് അത് വേണം, ആ വേദന!’’

 

‘‘എന്നാ ശരി,  അങ്ങിനെ എഴുതുന്നു’’ ഡോക്ടർക്കു വേറെ വഴിയില്ലായിരുന്നു,   

 

റൂമിൽ കയറ്റി, ഗുളികകൾ തന്നു, അനുസരണയുള്ള കുട്ടിയെ പോലെ അവർ തന്നത് എല്ലാം കഴിച്ചു, 

മണിക്കൂർ പലതും കഴിഞ്ഞു. എന്നിട്ടും വേദന ഇല്ല.  

 

കിട്ടി, നല്ല രണ്ടു ഇൻജെക്ഷൻ, ആ വേദന ശരിക്കും തോന്നിയില്ല, മനസ്സിന്റെ വേദന ഇഞ്ചക്ഷന്റെ വേദനയേക്കാൾ പതിന്മടങ്ങ് ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞു.. 

 

ഉള്ളൊന്നു ആളി, എന്തോ കൊളുത്തി വലിക്കുന്നുണ്ടോ? ആഹ്  ഉണ്ട് 

 

ഇല്ല,  ഇപ്പൊ ഒന്നും ഇല്ല...

 

എനിമ തന്നു,  അതെന്താണാവോ സാധനം? വേദന ഇല്ലാതാക്കാനാണോ? 

 

അല്ല....

 

പിന്നേം പിന്നേം വേദനകൾ,  കൂടി കൂടി വരുന്നു... ആകെ വിയർത്തു കുളിച്ചു,  റൂമിൽ ആണെങ്കിൽ ആരും ഇല്ല, കുറച്ചു തുണി എടുക്കാൻ ഫ്ലാറ്റിൽ പോയ ഇച്ചായനെ വിളിക്കാൻ തോന്നിയില്ല. പിന്നെ ബെഡിൽ ഉള്ള റിമോട്ട് പിടിച്ചു ഞെക്കി, എന്റെ ഈ പ്രാണ വേദന ഏതോ സിസ്റ്റർമാരെ കാണിക്കാനും തോന്നിയില്ല.... ഇതെന്റെ മാത്രം വേദനയാണ്..... അനുഭവിച്ചു തീരും, തീർക്കും ഞാൻ.... 

 

ഉറച്ച തീരുമാനം പിന്നെ ഇടറിയില്ല...... !

 

അലർച്ചകളും നേർത്ത ശബ്ദങ്ങളും ഉണ്ടായി, ആരോ വന്നു ബെഡിൽ തന്നെ പാഡ് വിരിച്ചു,  രണാങ്കണം തടുക്കാൻ ആ പാഡുകൾക്കു ശേഷി മതിയോ?

 

കിടക്കയിൽ നിന്നും താഴെ വീണു, നിലത്തു കിടന്നു ഉരുണ്ടു. ജനലിൽ പിടിച്ചു നിക്കാൻ നോക്കി, പിന്നേം വീണു, എവിടെയോ പിടുത്തം കിട്ടി, അതും വീണു മേലേയ്ക്ക്,  കർട്ടൻ ആയിരുന്നു.... ഇൻജെക്ഷൻ കയറ്റാൻ ഇട്ട 3 സൂചികൾ, വേദനയ്ക്കിടയിൽ വലിച്ചു പറിച്ചു..... ആദ്യത്തെ ചോര ചീറ്റി..... കയ്യിൽ നിന്നും.. !

 

ഹാവു....  അമ്മേ... ഏതൊരു മനുഷ്യനും മേല് നൊന്താൽ വിളിക്കുന്ന ആദ്യ നാമം, ഇല്ല ഒരമ്മയ്ക്കും രക്ഷിക്കാൻ കഴിയില്ല.... ഇതു ഞാൻ തന്നെ സഹിച്ചേ മതിയാകു...

 

പിന്നേം എത്തി വേദനകൾ പല വിധം,  കണ്ണു പുറത്തേക്കു തള്ളി,  ഹോസ്പിറ്റൽ ഡ്രസ്സ്‌ കുടുക്കുകൾ പൊട്ടിച്ചു വയറ്റിൽ ഇടിച്ചു, വലിച്ചു, വയറോടെ പറിച്ചെടുക്കാൻ നോക്കി.. ഇല്ല പുറത്തേക്കു വരുന്നില്ല...!

 

‘‘ഈശോയെ... എന്നേം കൂടി അങ്ങ് എടുത്തേക്കണേ....’’

 

നിലവിളികൾക്ക് ഇടയിലും മുഴങ്ങിക്കേട്ടു...... 

 

 

ഇടയ്ക്ക് ജോസ് വന്നതും,  നല്ല പാതിയുടെ പിടച്ചിൽ,  ഇത്തിരി ഒന്ന് ശമിപ്പിക്കാൻ തന്നാൽ ആവും വിധം തടവി... അപ്പോൾ അയാൾക്കും കിട്ടി കയ്യിലും തലയിലും കടികൾ.. അയാൾക്കു തോന്നി..  ആ കടികൾ പോലും വേദനിക്കുന്നില്ല,  അവൾ ശ്രദ്ധിക്കുന്നുണ്ടാവാം. ഇങ്ങിനെയും സ്നേഹം.

 

വയറിളകി വിസർജനങ്ങളും വന്നു, ഒപ്പം ചോര പുഴയും..... തെല്ലും മടിയില്ലാതെ ജോസ് അതെല്ലാം മാറ്റി, വേദനിക്കുന്നത് അവൾക്കു ആണേലും, അയാളുടെ  ഹൃദയമായിരുന്നു നുറുങ്ങിക്കൊണ്ടിരുന്നത്.... 

 

വേദന തെല്ലൊന്നു ശമിച്ചപ്പോൾ ആദ്യം ചോദിച്ചത് ‘‘വന്നോ ഇച്ചായാ?’’

 

അർത്ഥം അറിയാവുന്നത് കൊണ്ട് മൂളി, 

 

‘‘മം’’

 

‘‘കണ്ടോ ഇച്ചായാ?

‘‘എന്റെ മോളെ, നീ ഒന്ന് കിടക്കു,’’ 

 

പിന്നെ പതുക്കെ കാട്ടി തന്നു, പാതിവിടർന്ന എന്റെ മലരിതൾ.... !

 

ഉറക്കെ ഉറക്കെ കരഞ്ഞു.... ശരീരത്തിന്റെ വേദനെയെക്കാൾ മനസ്സിന്റെ വേദന അലറി തീർക്കുന്ന പോലെ തോന്നി അയാൾക്ക്.

 

പിന്നീടുള്ള ദിവസങ്ങൾ പരീക്ഷണത്തിന്റെ ആയിരുന്നു. രാത്രികളിൽ ഉറക്കം ഇല്ലാതെ അവൾ നടന്നു, നിഴൽ പോലെ പിന്നാലെ അവനും. ചുറ്റും ചോര, അതിൽ നടുക്ക് കിടക്കുന്ന പോലെ, പകലുകൾ ചിന്തകളും, സ്വപ്നം കണ്ടു നടന്ന സ്ഥലങ്ങളും വേട്ടയാടി!

 

പാതിമാത്രം വീർത്തു, ഒട്ടിപ്പോയ വയറു തടവികൊണ്ടവൾ പറഞ്ഞു.... 

 

‘‘കർത്താവിനു എന്നോട് ദേഷ്യമാണ് !’’

 

Note : കുട്ടികൾ ആയില്ലേ എന്ന് ഒരു പെണ്ണിനോട് നിങ്ങൾ ചോദിക്കുമ്പോൾ അവളുടെ ഉള്ളിൽ ചിലപ്പോൾ ഇതുപോലെ ആയിരം കഥകൾ പറയാനുണ്ടാകും, വിങ്ങിപൊട്ടുന്ന മനസിന്റെ കഥ.

 

English Summary : ‘Chorayude manamulla rathrikal’ Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com