ADVERTISEMENT

സൈക്കഡലിക്ക് ട്രിപ്പ് (കഥ)

 

ഉള്ളു തണുപ്പിച്ചൊരു ഡിസംബർ മാസം. വലിയ ആൾക്കൂട്ടമായിരുന്നു എയർപോർട്ടിൽ. പേരെഴുതിയ നെയിംകാർഡുകൾ വരുന്നവരേയും കാത്ത് വായുവിൽ ഉയർന്നു നിൽക്കുന്നുണ്ടായിരുന്നു. രണ്ടായിരമാണ്ട് പിറക്കാൻ പോകുന്നതിന്റെ ആഹ്ലാദമായിരുന്നു എല്ലാ മുഖങ്ങളിലും!  ലഗ്ഗേജുകളെടുത്ത് ബോംബെ എയർപ്പോർട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ഞാനോർത്തു, വർഷങ്ങൾക്കുമുമ്പ് താൻ ഇവിടം വിടുമ്പോഴുള്ള ബോംബെയല്ല ഇപ്പോൾ മുന്നിൽ കാണുന്നത്, ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുന്നു. അങ്ങനെ കറങ്ങിതിരിഞ്ഞ് അവസാനം താൻ ഇന്ത്യയിൽ തിരിച്ചെത്തിയിരിക്കുന്നു. ഒരു ദീർഘ നിശ്വാസമെടുത്തു കൊണ്ട് ഞാൻ ഒരു ടാക്സി വിളിച്ചു. അന്ധേരിയിലെ വീട്ടിലേക്കുള്ള യാത്രയിൽ പുതിയ ബോംബെയെ ശരിക്കും ആസ്വദിക്കാൻ കഴിഞ്ഞു. വീട്ടിലെത്തുമ്പോൾ അച്ഛന്റെയും സഹോദരന്റെയും പ്രതികരണം മനസ്സിലോർത്തപ്പോൾ ഞാൻ അറിയാതെ ചിരിച്ചുപ്പോയി. അരമണിക്കൂർ ഓട്ടത്തിനു ശേഷം ടാക്സിക്കാർ ‘‘ആഷിയാന ഹൗസിന്റെ’’ പടിക്കൽ എത്തി.

‘‘സാബ്, പഹുഞ്ച് ഗയാ...’’ ഡ്രൈവർ തട്ടിവിളിച്ചു

 

ഉറക്കമുണർന്ന് കണ്ണുതുറന്നു നോക്കിയപ്പോൾ കൺമുന്നിൽ എന്റെ ആഷിയാന! ഒരുപാട് മോടി വരുത്തിയിട്ടുണ്ട് പക്ഷേ ഇന്നും പണ്ടത്തെപ്പോലെത്തന്നെയുണ്ട്. എന്നെ സ്വീകരിക്കാൻ വന്ന അച്ഛന്റേയും ഏട്ടന്റെയും മുഖത്ത് സന്തോഷം നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു, അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതും ഞാൻ ശ്രദ്ധിച്ചു. എല്ലാവർക്കും വയസ്സായിരിക്കുന്നു, എന്നെപ്പോലെ ! പിന്നാലെ എത്തിയ പുതുതലമുറക്കാർക്ക് പുതുതായി ആരെയോ കാണുന്ന ആശ്ചര്യമായിരുന്നു. അവരെ പറഞ്ഞിട്ടും കാര്യമില്ല, ഇവരൊന്നും ജനിക്കുമ്പോൾ ഞാനിവിടെയില്ല! അവരെ നോക്കിക്കൊണ്ട് അച്ഛൻ പറഞ്ഞു, ‘‘എന്താ എല്ലാവരും മിഴിച്ചു നിൽക്കുന്നത്, ഇതാണ് പണ്ട് നാട് വിട്ടുപോയ നിങ്ങളുടെ അങ്കിൾ, സാഗർ’’ കുട്ടികളും ഏട്ടന്റെ ഭാര്യയും എന്നെ നോക്കി ചിരിച്ചു. വർഷങ്ങൾ നീണ്ട എന്റെ വിശേഷങ്ങൾ എല്ലാവരുമായി പങ്കുവച്ചതിനു ശേഷം അമ്മയുടെ ഫോട്ടോയിൽ നോക്കി പ്രാർത്ഥിച്ച് ഞാനെന്റെ റൂമിലേയ്ക്ക് കടന്നു. എട്ടന്റെ മൂത്ത മകൻ അർജ്ജുൻ ആണിപ്പോൾ ഈ റും ഉപയോഗിക്കുന്നത്. ഇവരുടെ സംസാരത്തിനിടയിൽ നിന്ന് ഇവനും എന്നെപ്പോലൊരു ട്രാവൽ ജങ്കിയാണെന്നെനിക്ക് വീണുകിട്ടിയിരുന്നു. ഞാൻ മനസ്സിൽ ആശ്വസിച്ചു, ഒരേ മനസ്സുള്ളവരെ കണ്ടുകിട്ടുക പ്രയാസമാണല്ലോ. രാത്രിയായപ്പോളായിരുന്നു കതകിലൊരു മുട്ട് കേട്ടത്, കൂടെ ഒരു ചെറുപ്പക്കാരന്റെ ശബ്ദവും,

‘‘അങ്കിൾ, ഇറ്റ്സ് മി അർജ്ജുൻ’’ കതക് തുറന്ന് അവനെ ഞാൻ വെൽക്കം ചെയ്തു.  അവന്റെ ശരീരത്തിൽ നിന്നുള്ള മദ്യത്തിന്റെ ഗന്ധം മുറിയിലാകെ പടർന്നിരുന്നു.

‘‘അങ്കിളിന്റെ റൂം ഞാൻ വൃത്തികേടാക്കിയോ ..’’ അർജുൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

 

‘‘ഹേയ്, നോ യങ്ങ് മാൻ, ഇവിടം ഞാനുപേക്ഷിച്ച് പോകുമ്പോൾ ഏങ്ങനെയുണ്ടായിരുന്നോ അങ്ങനെത്തന്നെയുണ്ട്, ഈ ഗന്ധം പോലും’’ ഞാൻ മുറി മുഴുവൻ വീക്ഷിച്ചു കൊണ്ട് മറുപടി പറഞ്ഞു. കുറച്ചു നേരം കൊണ്ടു തന്നെ ഞങ്ങൾ വല്ലാതെ അടുത്തു. ഒരേ മനസ്സുള്ളവർ അടുക്കാൻ അധികം നേരം വേണ്ട എന്നാണല്ലോ. അർജ്ജുൻ കട്ടിലിനടിയിൽ നിന്നും ഒരു മദ്യകുപ്പി പുറത്തെടുത്തു പൊട്ടിച്ചൊഴിക്കുന്നതിനിടയിൽ ചോദിച്ചു ‘‘അങ്കിളിന്റെ ന്യൂയർ പ്ലാൻ എന്താ ?’’

അവന്റെ കയ്യിൽ നിന്നും ചിയേഴ്സ് പറഞ്ഞ് ഗ്ലാസിലെ മദ്യം സിപ്പ് ചെയ്യുന്നതിനിടയിൽ ഞാൻ പറഞ്ഞു,

‘‘ ഗോവ .... ഈ 1999 ലെ അവസാന രാത്രി എനിക്ക് അവിടം ആഘോഷിക്കണം. അത് വെറുമൊരു ആഗ്രഹം മാത്രമല്ല അർജ്ജുൻ , ഞാനെന്റെ ഓർമകളിലേയ്ക്ക് നടത്താൻ പോകുന്നൊരു യാത്രയാണ്.. ലൈക് എൻ Psychedelic trip...’’

 

‘‘സൈക്കഡലിക് !’’ - അവൻ ആവേശത്തോടെ അതേറ്റ് പറഞ്ഞു. നീയും കൂടുന്നോ എന്ന എന്റെ ചോദ്യത്തിന് അവൻ നോ പറയില്ല എന്നെനിയ്ക്കുറപ്പായിരുന്നു. മുറി മുഴുവൻ പടർന്നു കിടന്ന അവൻ വരച്ച സൈക്കഡലിക്ക് ടച്ചുള്ള ആർട്ട് വർക്കുകൾ അർജ്ജുന്റെ ഇഷ്ടങ്ങൾ നേരത്തേ എന്നോട് വിളിച്ചു പറഞ്ഞിരുന്നു. സിരകളിൽ മദ്യം നിറച്ച് ഞങ്ങൾ രണ്ടു പേരും പുലരും വരെ സംസാരിച്ചിരുന്നു. കിസ്തുമസ് വരെ കാക്കാനുള്ള ക്ഷമയേ എനിക്കുണ്ടായിരുന്നുള്ളു. ക്രിസ്തുമസ് പിറ്റേന്ന് എല്ലാവർക്കും ഗുഡ് ബൈ പറഞ്ഞ് ഞങ്ങൾ ഇറങ്ങി. ഹിപ്പിവാൻ തന്നെ വേണമെന്ന് ഞാനായിരുന്നു നിർബന്ധം പിടിച്ചത്. പൂനെയിൽ നിന്നും അർജ്ജുന്റെ ഗേൾഫ്രണ്ട് ഇഷ ഞങ്ങളുടെ കൂടെ ജോയിൻ ചെയ്തു.ബ്രൗൺ കണ്ണുകളും ബോബ് ചെയ്ത മുടിയിഴകളുമുള്ള അവൾ ഹിന്ദിയോടൊപ്പം ഇംഗ്ലീഷ് കലർത്തി ആയിരുന്നു സംസാരിച്ചിരുന്നത്. അവളെയും എനിക്ക് ഒരുപാട് ഇഷ്ടമായി. യൗവ്വനം നിറഞ്ഞ ഈ യാത്രയിൽ തന്റെ ഉള്ളിലും യൗവ്വനം വന്ന് നിറയുന്നതായി ഞാൻ അറിഞ്ഞു. പിന്നെ പതിയെ അനാരിയിലെ ഇഷ്ടഗാനം പുറത്തു വന്നു,

 

‘‘കിസി കി മുസ്കുറാഹതോ പെ ഹോ നിസാർ

കിസി കാ ദർദ് മിൽ സകേതോ ലെ ഉദർ

കിസി കേ വാസ്തേ ഹോ തേരെ ദിൽ മേം പ്യാർ, ജീനാ ഇസികാ നാം ഹേ...’’

 

പൂനെയും കഴിഞ്ഞ് താനെയിലെ റോഡിലൂടെ ആ വാൻ കാറ്റിനെ തഴുകി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. ഇഷ ശരിക്കും ഒരു വായാടി തന്നെയായിരുന്നു പൂനെയിൽ നിന്ന് കേറിയതിൽ പിന്നെ അവൾ നിർത്താതെ സംസാരിച്ചു കൊണ്ടേയിരുന്നു. അർജുനും യാത്ര നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഗോവയിൽ ഹോളിഡേ ആഘോഷിക്കാൻ പോയതിനെക്കുറിച്ച് രണ്ടു പേരും വാചാലരായി. പങ്കെടുത്ത റേവ് പാർട്ടികളെക്കുറിച്ചും ട്രാൻസ് മ്യൂസിക്കിലെ രണ്ടുപേരുടെയും ഇഷ്ടത്തിനെക്കുറിച്ചും അവർ വാതോരാതെ എന്നോട് സംസാരിച്ചു. സംഗീതം അതെന്നും അനശ്വരമാണ്.. വശ്യമാണ്..ലഹരിയാണ്, കാലങ്ങൾ മാറുന്നു എന്നേ ഉള്ളു . സംഗീതം അതെന്നും സിരകളിൽ ലഹരി പടർത്തി കൊണ്ടേയിരിക്കുന്നു. 

അജ്ഞുന ബീച്ചിൽ സൂര്യൻ താഴ്ന്നിറങ്ങിയ ഒരു വൈകുന്നേരത്ത് വാൻ ഗോവയിലെത്തി. സൂര്യപ്രകാശം അണയുന്നതു കാത്ത് ഇരുട്ട് കൂടണയാൻ കാത്ത പക്ഷിയെപ്പോലെ നോക്കി നിന്നു. അങ്ങിങ്ങായി ബീച്ചിലെ സായാഹ്നം ആസ്വദിക്കുന്ന വിദേശികളെക്കാണാം. ബിക്കിനിയിലും തുടിച്ചു നിൽക്കുന്ന പെൺശരീരങ്ങൾ,തമാശകൾ പങ്കിടുന്ന മനുഷ്യഹൃദയങ്ങൾ , ചുണ്ടുകളിൽ എരിയുന്ന സിഗാറുകൾ, ഗോവ അവൾ എന്നത്തേയും പോലെ വല്ലാതെ സുന്ദരിയാണ്. റൂം എടുത്തതിനു ശേഷം കമിതാക്കളെ അലയാൻ വിട്ട് ഞാൻ അജ്ഞുനയിലെ മണൽത്തരികൾക്ക് മീതെ നടക്കാൻ തുടങ്ങി. രാത്രികളിൽ ഗോവയ്ക്ക് വല്ലാത്തൊരു വശ്യതയാണ് , നെഞ്ചോട് ചേർത്ത് ചുംബിക്കാൻ കൊതിക്കുന്ന പെണ്ണുടൽ പോലെ . ദൂരെ ചില്ലം പുകയ്ക്കുന്ന ഒരു ഫോറിൻകൂട്ടത്തെ കണ്ടപ്പോൾ ഞാൻ അങ്ങോട്ട് നടന്നു. ഫ്രാങ്ക് സിനാട്രയുടെ ‘‘സ്ട്രയിഞ്ചേഴ്സ് ഇൻ ദ നൈറ്റ്’’ ഗിറ്റാറിന്റെ അകമ്പടിയോടെ അന്തരീക്ഷത്തിൽ പാറിക്കളിക്കുന്നുണ്ടായിരുന്നു. ഞാൻ അവരുടെ കൂടെ ജോയിൻ ചെയ്തു. ആളിക്കത്തിയ തീയിൽ നോക്കി സംഗീതം ആസ്വദിച്ചു കൊണ്ടിരിക്കവേ ഒരാൾ എന്റെ നേരെ ചില്ലം നീട്ടി. എനിയ്ക്ക് നിരസിക്കാനായില്ല. പതിയെ പുകച്ചുരുളുകൾ  ഉള്ളം തൊട്ടു .ചില്ലം അടുത്തയാൾക്ക് കൈമാറി കൊണ്ട് ഞാൻ നിശ്വസിച്ചു. മുന്നിലാളിക്കത്തുന്ന തീ കണക്കെ ഉള്ളിലെന്തോ കത്തുന്നതായി ഞാൻ വൈകാതെ തിരിച്ചറിഞ്ഞു. ലഹരി തലയ്ക്ക് ചുറ്റും വലയം ചെയ്തിരിക്കുന്നു. പാറി വന്ന കാറ്റ് എന്നെ ഓർമകളിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ടു പോയി. രാത്രി പകലായി മാറുന്നതും വർഷങ്ങൾ പിന്നോട്ട് പോകുന്നതും ഒരു ലൂസിഡ് ഡ്രീമിലെന്നപോലെ ഞാനനുഭവിച്ചു. പാറിപ്പറന്നു നടക്കുന്ന നീണ്ട മുടിയിഴകളുമായി അജഞുനയിലെ ഫ്ലീ മാർക്കറ്റിൽ അലയുന്ന എന്റെ ഹിപ്പി മേറ്റ്സിനെ ഞാൻ കണ്ടു. അത് അഗാതയാണോ ? അതെ അവൾ തന്നെ. അലക്സാണ്ടർ, ലൂയി , മാർത്ത, മരിയ എല്ലാവരുമുണ്ട്. കടലിൽ നീന്താൻ ലൂയി എന്നെ വിളിക്കുന്നു. കഞ്ചാവ് ബീഡിയിൽ നിന്നും പുകയെടുത്ത് കൊണ്ട് മരിയ എന്നെ നോക്കി പൊട്ടിച്ചിരിക്കുന്നു

 

പെട്ടെന്ന് രാത്രിയായോ? അതെ നേരം ഇരുണ്ടിരിക്കുന്നു. ആരോ എന്നെ ചേർത്തുപിടിച്ച് വാരിപ്പുണരുന്നു... ആരാണത്? അഗാത അവൾ തന്നെ.. ഇരുട്ടിൽ ഞങ്ങൾ ഒരുടലായി ചേർന്ന അതേ ഇടം, അതേ രാത്രി ... ചുംബനങ്ങളാൽ വീർപ്പുമുട്ടിയ രണ്ട് ശരീരങ്ങൾ .. അലിഞ്ഞുചേർന്നിടാൻ കൊതിച്ച രണ്ട് മനസ്സുകൾ, എനിക്കിവിടം വിട്ട് പോരാൻ തോന്നുന്നില്ല ....

‘‘ആർ യൂ ഓക്കേ?’’ തട്ടിയുള്ള വിളി കേട്ടാണ് ഞാൻ സ്വബോധം വീണ്ടെടുത്തത് പിന്നെ വേഗം എഴുന്നേറ്റ് റൂമിലേയ്ക്ക് നടന്നു. മനസ്സ് മുഴുവൻ ശൂന്യമായൊരവസ്ഥ. രാവെന്നോ പകലെന്നോ അറിയാതെ എന്റെ ശരീരം ആ ഇരുട്ടിൽ നീങ്ങി കൊണ്ടിരുന്നു. ഗോവയിൽ ഒരു പകലുണർന്നെഴുന്നേറ്റു, രാവുറങ്ങാൻ കിടന്നു.

ഇഷ വന്നു വിളിക്കുമ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നത്.

 

‘‘നമുക്കൊന്ന് കറങ്ങാനിറങ്ങാം അങ്കിൾ’’ അർജ്ജുന്റെ നിർദേശത്തിന് തലയാട്ടുകയല്ലാതെ വേറെ വഴി എനിക്കില്ലായിരുന്നു. ചിരിച്ചു കൊണ്ട് രണ്ടു പേരും റെഡിയാവാൻ പോയി. ഇന്നലത്തെ അവശത ഇന്ന് ഒരു തലത്തിലും ബാധിച്ചിട്ടില്ലെന്ന് ഞാനറിഞ്ഞു. ശരീരം പൂർണ്ണ ആരോഗ്യവാനാണ് , കൂടാതെ എന്തോ ഒരു ആവേശവും. അവർ റെഡിയായി വന്നപ്പോൾ വാനുമെടുത്ത് ഞങ്ങൾ അജ്ഞുനയിലെ ഫ്ലീ മാർക്കറ്റിലേയ്ക്ക് തിരിച്ചു.

 

‘‘അങ്കിൾ ഹിപ്പിയായിരുന്നോ ? ഷെൽഫിലെ ആൽബത്തിൽ ഒരുപാട് ഹോട്ടോകൾ കണ്ടു’’ യാത്രക്കിടയിൽ അർജ്ജുൻ ചോദിച്ചു.

‘‘അന്നത്തെ നീണ്ട തലമുടിയും യൗവ്വനവും ഇല്ലന്നേ ഉള്ളു അർജ്ജുൻ, ഞാനിന്നുമൊരു ഹിപ്പിയാണ് ‘‘സൈഡ് സീറ്റിലിരുന്നു പുറത്തേയ്ക്ക് കണ്ണോടിച്ചു കൊണ്ടു ഞാൻ പറഞ്ഞു. വാൻ മുന്നോട്ട് പോയി കൊണ്ടിരുന്നു. അരമണിക്കൂറുകൾക്കകം തന്നെ അർജ്ജുൻ ഞങ്ങളെ ഫ്ലീ മാർക്കറ്റിലെത്തിച്ചു.പണ്ടേ ഇളംവെയിൽ കൊണ്ട് അവിടെ നടക്കാൻ നല്ല രസമാണ്. ന്യൂ ഇയർ ആവുന്നതിനാൽ അവിടെയും വലിയ തിരക്കനുഭവപ്പെട്ടു. ഇപ്പോഴും അവിടം ഹിപ്പികളുടെ ആർട്ട് വർക്കുകളാൽ സമ്പന്നമാണ്. നടന്ന് ക്ഷീണിച്ച ഇഷ ആളൊഴിഞ്ഞ സ്ഥലത്തെ തണലിൽ ഇരുന്നു. ഒരു സിഗററ്റ് കത്തിച്ചു കൊണ്ട് അർജ്ജുൻ ചോദിച്ചു,

‘‘അറുപതുകളിൽ ഗോവ ഇങ്ങനെയായിരുന്നോ?’’ അവന്റെ മുഖത്ത് പഴയ ഗോവയെ അടുത്തറിയാനുള്ള ജിജ്ഞാസ ഉണ്ടായിരുന്നു.

 

‘‘അന്ന് ഞാൻ പഠിപ്പുമുപേക്ഷിച്ച് ഹിപ്പ മൂവ്മന്റിൽ ആകൃഷ്ടനായി ഇവിടെയെത്തുമ്പോൾ ബാഗയിലും അജ്ഞുനയിലും അധികം വീടുകളേയില്ല. കൂടാതെ അന്ന് ഇവിടേയ്ക്ക് രാവിലെയും വൈകിട്ടുമുള്ള ബസ്സുകളൊഴിച്ചാൽ ട്രാൻസ്പോർട്ടേഷനും കുറവായിരുന്നു. യാത്രകൾ അധികവും കാൽനടയായിട്ടായിരുന്നു. അന്ന് ഇവിടം മുഴുവൻ മുടി നീട്ടിവളർത്തിയവരായിരുന്നു , ഇന്നിപ്പോൾ നിന്നെപ്പോലുള്ള റേവേഴ്സിനെ കൊണ്ട് നിറഞ്ഞു ഗോവയിലെ റോഡുകളെല്ലാം ’’ - അർജ്ജുനത് നന്നായി രസിച്ചു. അവനത് ഇഷയ്ക് ഇംഗ്ലീഷിൽ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു.

‘‘അങ്കിൾ, ആരാണീ അഗാത ?’’ എന്റെ ഇടംകയ്യിലെ ടാറ്റൂ ചൂണ്ടികാണിച്ചു കൊണ്ട് അർജ്ജുൻ ചോദിച്ചു. ചൂടുള്ള ഒരു നിശ്വാസം ഞാനെടുത്തു. ഇപ്പോൾ ചുറ്റിലും വല്ലാത്തൊരു നിശബ്ദത തളം കെട്ടി നിൽപ്പുണ്ടായിരുന്നു. ഓർമകൾ മെല്ലെ കരൾ തലോടാൻ തുടങ്ങി.

‘‘അഗാത, അവൾ അമേരിക്കയിൽ നിന്നും വന്നൊരു ഹിപ്പിയായിരുന്നു. അഗാത മാത്രമല്ല, 

അലക്സാണ്ടർ, ലൂയി , മാർത്ത, മരിയ അവരെല്ലാം കാലിഫോർണിയയിൽ നിന്നായിരുന്നു. മാറിമാറി വിശ്വസിച്ചു പോന്ന പ്രത്യയശാസ്ത്രങ്ങൾക്കിടയിലും വിശ്വാസം അറ്റുപോയ അന്നത്തെ വ്യവസ്ഥിതികളോടുമുള്ള വെറുപ്പായിരുന്നു ഞങ്ങളെല്ലാവരെയും ഹിപ്പികളാക്കിയത്. ഞങ്ങളെല്ലാവരും അന്നത്തെ സമൂഹം വെച്ചു നീട്ടിയ ലോകം നിരസിച്ച് സ്വന്തം ലോകം ചുറ്റാനിറങ്ങി. ഏതൻസ് , ടർക്കി, ഇറാൻ, അഹ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ ഇവിടെക്കൊയായിരുന്നു ഹിപ്പികൾ അന്ന് തമ്പടിച്ചിരുന്നത്. കണ്ണുകളിൽ ലഹരിയുടെ തിളക്കവുമായി ഒരിക്കൽ ഇവിടെ ഇന്ത്യയിലും ഹിപ്പി വസന്തം വന്നെത്തി. വാരണാസിയും ഗോവയുമായിരുന്നു ഞങ്ങളുടെ ഇഷ്ട സ്ഥലങ്ങൾ. എന്റെ മനസ്സ് എവിടേയും ഉറച്ച് നിൽക്കാത്ത ഒന്നായിരുന്നു , യാത്രകളെ സ്നേഹിക്കാൻ ഞാൻ പഠിച്ചതും അങ്ങനെയാണ്  

‘‘വേണ്ടപ്പെട്ടവരേയും സ്നേഹിക്കുന്നവരേയും വിട്ട് അങ്ങനൊരു ലൈഫ്.... എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല’’ അർജ്ജുൻ ചിരിച്ചു.

 

‘‘ശരിയായിരിക്കാം , എല്ലാം വിട്ടു വന്നവർ ആയിരുന്നു ഞങ്ങൾ. കാരണം ആ ഐഡിയലിസത്തിനോട് ഞങ്ങൾ വല്ലാതെ ആകൃഷ്ടനായിരുന്നു. എല്ലാവർക്കും ഒരു മാറ്റം ആവശ്യമായിരുന്നു , ക്യാറ്റ് സ്റ്റീവൻസിന്റെ ‘‘Take a chance-have a change’’ സോങ്ങ് പോലെ. കേട്ടപാടെ ഇഷ ആ പാട്ടുറക്കെ പാടാൻ തുടങ്ങി, ഞാനും കൂടെക്കൂടി ഞങ്ങളുടെ ശബ്ദം അവിടെ അലയടിച്ചു. ഞാൻ എഴുന്നേറ്റു .

‘‘ അന്ന് ഞങ്ങളിവിടെ നയിച്ചിരുന്നത് ,ഇന്നത്തെ യുവത്വത്തിന് ചിന്തിക്കാൻ പോലും പറ്റാത്ത തരത്തിലുളള ജീവിതമായിരുന്നു. നാളികേരം ,പശുവിൽ നിന്ന് പാൽ, കടലിൽ നിന്നും മീൻ, പാടങ്ങളിൽ നിന്നും അരി, പ്രകൃതിയായിരുന്നു ഞങ്ങളുടെ ദൈവം, എല്ലാം കൊണ്ടും . അന്ന് അജ്ഞുനയിലും ബാഗയിലും വിരലിലെണ്ണാവുന്ന വീടുകളേ ഉള്ളു. ഇവിടെ നിൽക്കണമെങ്കിൽ നമ്മൾ തന്നെ ഓരോ കുടിലുകൾ പണിയേണ്ടിയിരുന്നു. ജീവിതം ഒരു തെങ്ങിൻ തണലിൽ ഒതുങ്ങുന്നതിനേക്കാൾ മനോഹരമായി വോറൊന്നുണ്ടെന്ന് തോന്നുന്നുണ്ടോ നിങ്ങൾക്ക് ? ചിരിച്ചു കൊണ്ട് ഞാൻ തുടർന്നു.

‘‘ യാതൊന്നും ആരേയും അലട്ടിയിരുന്നില്ല , പ്രഭാതങ്ങളിൽ എഴുന്നേൽക്കുന്നു , പുകച്ചുരുളുകൾ കത്തിച്ചു തള്ളുന്നു, ആഘോഷിക്കുന്നു.ഇന്നത്തെ നിങ്ങളുടെയൊക്കെ യുവത്വം ആഘോഷിച്ചതിനേക്കാൾ പതിന്മടങ്ങ് ഈ കടൽത്തീരങ്ങളിൽ ഞങ്ങൾ ആഘോഷിച്ചിട്ടുണ്ട്’’ ആവേശം കൊണ്ട് ഞാൻ നിന്നു കിതച്ചു.

‘‘എന്നിട്ടിപ്പോൾ എന്തുണ്ട് ബാക്കിയായി ?’’

‘‘ ഈ പറവകൾ, ഈ ആകാശം, ഈ കടൽത്തീരം ,അതെല്ലാം ഇവിടെത്തന്നെയില്ലേ? ഞങ്ങളിൽ ഇവിടെ  അവശേഷിച്ചവർ പലരും സന്യാസിമാരും സാധുവും ആയി മാറി, പിന്നെയും ബാക്കിയായത് എന്നെപ്പോലുള്ളവരാണ്’’ അതും പറഞ്ഞ് പുറമേ ഉറക്കെ ചിരിച്ചുവെങ്കിലും അകലങ്ങളിൽ എന്റെ കണ്ണുകൾ പഴയ കാലത്തെ തിരഞ്ഞു. തിരിച്ചു വാനിലേയ്ക്ക് നടക്കവേ അർജ്ജുൻ വീണ്ടും ചോദിച്ചു എന്തുകൊണ്ടാണ് ഈ പേരു മാത്രം പച്ചകുത്തിയിരിക്കുന്നതെന്ന്, അവനോട് പറയണമെന്നുണ്ടായിരുന്നു ആദ്യമായി രുചിച്ച മദ്യവും പെണ്ണും മറക്കാനിടയില്ലെന്ന് പക്ഷേ ഒരു പുഞ്ചിരിയിൽ ഞാൻ മറുപടി ഒതുക്കി. അഗാതയോട് എനിക്കുണ്ടായിരുന്ന വികാരത്തെ പ്രേമമെന്നോ കാമമെന്നോ ഇഷ്ടമെന്നോ തുടങ്ങിയ പേരുകൾ കൊണ്ട് വിശേഷിപ്പിക്കാനാവില്ലെന്ന് അവനറിയില്ലല്ലോ!

 

അന്തിമയങ്ങിയപ്പോൾ അർജ്ജുനും ഇഷയും നിർബന്ധിച്ച് അവരുടെ കൂടെ ബാംബൂ ഫോറസ്റ്റിൽ ഒരു റേവ് പാർട്ടിയ്ക്ക് പോയി. എൽവിസ് പ്രിസ്ലിയുടേയും ബീറ്റിൽസിന്റേയും ആരാധകനായിരുന്ന എനിക്ക് 170 ബീറ്റ്സ് /സെക്കന്റിലുളള അവരുടെ ട്രാൻസിന്റെ ഭംഗി ആസ്വദിക്കാൻ കുറച്ച് സമയമെടുത്തു. പതിയെ ഞാനും ട്രാക്കിനനുസരിച്ച് ഡാൻസ് ചെയ്യാൻ തുടങ്ങി. ആ രാത്രിയെയും ഞാൻ നെറുകയിൽ ചുംബിച്ച് ബലമായി കീഴ്പ്പെടുത്തിയിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് ഡിസ്കോ വാലിയിലെ റേവ് പാർട്ടിയും കഴിഞ്ഞ് പോരാൻ നേരം, അവിടെ കണ്ട ഒരു കല്ലിൽ ഞാൻ ഇങ്ങനെ കുറിച്ചു ,

‘‘Goa is not a place, Goa is a state of mind’’

 

English Summary : ‘Psychedelic Trip’ Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com