ADVERTISEMENT

ഗൗരി (കഥ)  

“നിങ്ങള് രാവിലെ വന്നപ്പോ തന്നെ ഞാൻ കണ്ടിരുന്നു പക്ഷേ കുട്ട്യോളെ സ്കൂളിൽ വിടുന്നതിന്റെ തിരക്കിലാരുന്നു അതാ വരാൻ പറ്റാഞ്ഞെ’’ സോഫയിലേക്കിരിക്കവേ ബിന്ദു ചേച്ചി പറഞ്ഞു. 

“ഓ അത് സാരില്ല്യ. ചേച്ചിക്ക് കുടിക്കാനെന്താ എടുക്കണ്ടെ” ഗൗരി അടുക്കളയിലേക്ക് നടക്കാനാഞ്ഞു. 

“ഒന്നും വേണ്ടാ, നീയിവിടെയിരിക്ക് മോളെ. ഞാൻ ചോയ്ക്കട്ടെ” അവർ ഗൗരിയെ ബലമായി പിടിച്ചു അവർക്കടുത്തായിരുത്തി.

 

“നിങ്ങളിവിടെ വാടകയ്ക്കാണോ. അതോ വാങ്ങിക്കാൻ പ്ലാനുണ്ടോ? ”

 

“തൽകാലം വാടകയ്ക്ക് നിക്കാന്നാ ഏട്ടൻ പറയണേ. ഒരു മാസം കഴിഞ്ഞിട്ട് ഒരു ഡിസിഷൻ എടുക്കാലോ”

 

“എന്തേ ഈ വീട് തന്നെ എടുക്കാൻ തിരുമാനിച്ചേ” ബിന്ദു ചേച്ചിയുടെ കണ്ണുകൾ ചോദ്യച്ചിഹ്നം പോലെ വടിവാർന്നു

.

“പ്രത്യേകിച്ചു അങ്ങനെ ഒന്നുമില്ല. നല്ല സൈലന്റ് ആയ നെയ്ബർഹുഡാണ്. സിറ്റിയുടെ പൊടിയും പുകയുമൊന്നുമില്ല. പിന്നെ ഏട്ടന്റെ ഓഫീസിലേക്ക്  അധികം ദൂരവുമില്ല”

 

“ഇവിടെങ്ങും ആരെയും പരിചയമില്ലാലേ നിങ്ങൾക്ക്”

 

“ഇല്ല”

 

“അതാണുപറ്റിയത്, അല്ലെങ്കിൽ ആരെങ്കിലും പറഞ്ഞു തന്നേനെ. വേണ്ടിയിരുന്നില്ല” ബിന്ദു ചേച്ചിയുടെ ശബ്ദത്തിൽ സഹതാപമായിരുന്നു.

 

“എന്തുപറ്റി എന്തേലും പ്രശ്നമുണ്ടോ’’ ഗൗരി സോഫയിലേക്ക് ഒന്നുകൂടി അമർന്നിരുന്നു.

 

“പ്രശ്നമുണ്ടോന്നു ചോദിച്ചാ മോള് ശ്രദ്ധിച്ചില്ലേ റോഡിന്റെ അങ്ങേ വശം നിറച്ചു വീടുകളുണ്ട് പക്ഷെ ഇങ്ങേ വശം ആകെ ഈ വീട് മാത്രേ ഉള്ളു”

 

“അത് ഞാനും ശ്രദ്ധിച്ചതാ ചേച്ചി. രാവിലെ അനൂപേട്ടനോട് പറയേം ചെയ്തു. ഇപ്പുറത്ത് അയൽവക്കം ഉണ്ടായിരുന്നേൽ നന്നായേനെ. ഇതിപ്പോ മുഴുവൻ കാടുമൂടി കിടക്കുവല്ലെ”

 

“അതാ മോളെ ഞാൻ പറഞ്ഞുവന്നത് ഈ സ്ഥലത്തിന് ചില ഭയപ്പെടുത്തുന്ന പ്രത്യേകതകളുണ്ട്” ബിന്ദു ചേച്ചിയുടെ ശബ്ദം പതിഞ്ഞ താളത്തിൽ മുഴങ്ങി.

 

“എന്താത് “ ഭയം അതിന്റെ നേർത്ത രൂപത്തിൽ ഗൗരിയെ പിടികൂടി തുടങ്ങിയിരുന്നു.

 

കാർകൂന്തൽ തോളിന്റെ ഇടതു ഭാഗത്തേക്കിട്ട് അത് തലോടിക്കൊണ്ട് ബിന്ദു ചേച്ചി കഥപറഞ്ഞു തുടങ്ങി.

 

“ഇവിടെ പണ്ടൊരു കാവുണ്ടായിരുന്നു മോളെ. സർപ്പക്കാവ്. വടക്കേമറ്റത്തും  തെക്കേമറ്റത്തും ഓരോ കാവുകളുണ്ട്. അവിടുള്ള നാഗങ്ങൾ ഇണ ചേർന്നിരുന്നത് ഇവിടെ വച്ചായിരുന്നു. കുന്നുംപുറത്തെ തറവാട്ടുകാര് പണ്ടു തൊട്ടേ വെച്ചാരാധിച്ചിരുന്നതാണ് നാഗങ്ങളെ. തറവാട് മുടിഞ്ഞപ്പോ പതുക്കെ കാവിന്റെ കാര്യം എല്ലാരും മറന്നു. 

 

വിളക്കുവെക്കലും നിന്നു പൂജയും നിന്നു. അവർക്കെന്ത് ചേതം. തറവാട് പൂട്ടി അവരൊക്കെ കണ്ട വഴിക്കുപോയി. അനുഭവിക്കണത് ഇവിടുള്ളോരല്ലേ. രാത്രിയൊക്കെ പുറത്തിറങ്ങാൻ പേടിയാണ് മോളെ. കാത്തിരിക്കുവാ നാഗങ്ങള്. കുറെ വർഷങ്ങളായി എത്ര പേരായിവിടെ പാമ്പുകടിയേറ്റ് മരിച്ചതെന്നറിയാമോ. ഞങ്ങടെ കാര്യംപോട്ടെന്നുവെക്കാം. ഈ വീട്ടിൽ താമസിച്ചവരുടെ കാര്യാ കഷ്ടം.”

 

“അതെന്താ ചേച്ചി “ ഗൗരി വിയർത്തു തുടങ്ങിയിരുന്നു.

 

“മോളെ പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. നിന്റെ പ്രായമുള്ള ഒരു അനുജത്തിയുണ്ട് എനിക്കും.”

 

“പറ ചേച്ചി”

 

“ഇവിടെ താമസിച്ച സുമംഗലികളാരും മൂന്ന് ദിവസം തികച്ചിട്ടില്ല മോളെ. നാഗങ്ങളിണ ചേർന്നിരുന്ന കാവായിത്. ആ കാവ് വെട്ടി അവിടെ വീട് വെച്ചിട്ട്. അവിടെ മനുഷ്യരുടെ ദാമ്പത്യം അവറ്റകളനുവദിക്കുമെന്ന് തോന്നണിണ്ടൊ .”

 

ഗൗരിയുടെ വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു അവളൊന്നും ഉരിയാടാതെ കുമ്പിട്ടിരുന്നു.

 

“നാലിൽ കൂടുതൽ അനുഭവങ്ങളായിരിക്കുന്നു മോളെ. ആ പോലീസുകാരന്റെ ഭാര്യ. പിന്നെ വന്ന സ്കൂൾ ടീച്ചറ്. അവസാനം വന്ന ആ ക്രിസ്ത്യാനി കൊച്ചുൾപ്പടെ. ഇതെല്ലാം കണ്ടിട്ട് യാദൃച്ഛികം എന്ന വാക്കുപയോഗിക്കാൻ എനിക്കാവില്ല കുട്ടി.”

 

“ഒരാഴ്ച്ച മുമ്പ് ഈ വീട് വൃത്തിയാക്കാൻ വന്ന പണിക്കാര് കണ്ട കാഴ്ച്ച എന്താന്നറിയാമോ മോൾക്ക്. വീടിന്റെ അകത്തും പുറത്തും കിടന്നു ഞൊളക്കുവായിരുന്നു പാമ്പുകള്. അണലിയും മൂർഖനും പേരറിയാത്ത കുറേ വേറെ. എന്തോ ഇതൊരുതരത്തിൽ പാമ്പുകളുടെ വീടാ മോളെ. നമ്മള് മാറി കൊടക്കണതാ ബുദ്ധി. വെറും പാമ്പുകളാണെങ്കിൽ പോട്ടെ, ഇതോർമ്മയുള്ള ജാതിയാ. നാഗങ്ങൾക്ക് ഭൂതകാലവും ഭാവിയും കാണാൻ കഴിയും. പോരാത്തതിന് കഴിഞ്ഞായുസ്സിലെ കണക്ക് വരെ അവറ്റകൾക്ക് ഓർമ്മയുണ്ടാവും.”

 

“ചെറുതായി പാമ്പുകളുടെ ശല്ല്യമുണ്ടെന്ന് ബ്രോക്കർ പറഞ്ഞിരുന്നു. കുറേനാളായി കാട് പിടിച്ചുകിടക്കണ സ്ഥലമല്ലേ എന്ന് വിചാരിച്ച് അത് അത്ര കാര്യാക്കീല.” ഗൗരിയുടെ ഭയമപ്പോഴും വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല.

 

“എന്തായാലും ഹസ്ബൻഡ് വരുമ്പോ മോളിക്കാര്യം പറ.”

 

“പക്ഷേ അനൂപേട്ടന് ഇതിലൊന്നും വിശ്വാസമില്ല ചേച്ചി. ഞാൻ പറഞ്ഞാൽ കേൾക്കൂലാ”

 

“എങ്ങനെയെങ്കിലും പറഞ്ഞു മനസിലാക്ക് മോളെ. എന്നാ ഞാനങ്ങോട് ചെല്ലട്ടെ മുത്തശ്ശിക്ക് ചായക്ക് നേരായി” മുറ്റത്തേക്കിറങ്ങിയ ബിന്ദുച്ചേച്ചി കാലുകൾ ഉറച്ച് ചവിട്ടാതെ നിലത്തെല്ലാം സൂക്ഷ്മമായി നോക്കി നടന്നത് അവൾ ശ്രദ്ധിച്ചു.

 

ഗൗരി വീട്ടിൽ തനിച്ചായി മനസ്സിൽ പലതരം ചിന്തകളായിരുന്നു. കുറെ നേരമവൾ ഒന്നും ചെയ്യാതെ സോഫയിലങ്ങനെ കിടന്നു.

 

പെട്ടന്ന് കാലുകളിൽ വഴുവഴുത്ത എന്തൊഒന്നിന്റെ സ്പര്ശനം അവളറിഞ്ഞു .ഞെട്ടിയെണീറ്റ് നോക്കവെ വീടിന്റെ ശൂന്യത മാത്രം ബാക്കി. അറപ്പുളവാക്കുന്ന എന്തോ വസ്തു കാലുകളിൽ പറ്റിയിരിപ്പുണ്ടെന്ന് അവൾക്ക് തോന്നി. കാലുകഴുകുവാനായി അവൾ ബാത്റൂമിലേക്ക് നടന്നു.’ബാത്‌റൂമിൽ കയറിയാൽ ആദ്യം ലൈറ്റിടണം’അച്ഛൻ ചെറുപ്പത്തിലേ പഠിപ്പിച്ചതവളോർത്തു.അവൾ പുറത്തിറങ്ങി ലൈറ്റ് ഇട്ടു. പെട്ടന്നാണ് ബക്കറ്റിനകത്തു നിന്ന് ഒരു ശബ്ദം.വെള്ളത്തിൽ കിടന്ന് എന്തോ പിടയ്ക്കുന്നുണ്ട്. ധൈര്യം സംഭരിച്ചവൾ ബക്കറ്റിലേക്ക് നോക്കി. കറുകറുത്തൊരു പാമ്പ് അവൾക്കുനേരെ ചീറ്റി. വലിയൊരു നിലവിളിയോടുകൂടി അവൾ പുറത്തേക്കോടി.

 

“എന്താ എന്തുപറ്റി മോളെ “ അവൾ അനൂപിനെ കെട്ടിപിടിച്ച് കരഞ്ഞു.എത്ര ശ്രമിച്ചിട്ടും വാക്കുകളൊന്നും പുറത്തു  വന്നില്ല അവൾ ബാത്റൂമിന് നേരെ കൈചൂണ്ടി.

 

“ഇവിടൊന്നുമില്ലലോ “ ബക്കറ്റിലെ വെള്ളമൊഴിച്ച് കളഞ്ഞുകൊണ്ട് അനൂപ് ചോദിച്ചു.

 

അവൾ ഭീതിയോടെ ചുറ്റിലും നോക്കി. പാമ്പ് അപ്രത്യക്ഷമായിരിക്കുന്നു ബിന്ദുചേച്ചിയുടെ വാക്കുകൾ വീണ്ടും മുഴങ്ങി.”അവ സാധാരണ പാമ്പുകളല്ല, നാഗങ്ങളാണ്’

 

രാത്രി അവൾക്ക് ഉറക്കം വന്നില്ല.”നിങ്ങളെന്താ ഞാൻ പറഞ്ഞതൊന്നും വിശ്വസിക്കാത്തത്.” 

 

തിരിഞ്ഞുകിടക്കുന്ന അനൂപും ഉറങ്ങിയിട്ടില്ലെന്ന് അവൾക്കുറപ്പായിരുന്നു.

 

“ഫോണിൽ കളിക്കാതെ ഞാൻ ചോദിച്ചതിന് മറുപടി പറയുന്നുണ്ടോ. ആർക്കാ ഈ രാത്രി മേസ്സേജിങ്” അവൾക്ക് ശുണ്ഠി കേറി.

 

“ മെസ്സേജിങ്ങൊന്നുമില്ല മോളെ വെറുതെ ഫെയ്സ്ബുക് നോക്കീതാ. പിന്നെ നീയെന്താ പറഞ്ഞത് ആ പാമ്പുകളുടെ കാര്യം. അതിപ്പോ ശരിക്കുമവിടെ പാമ്പുണ്ടായിരുന്നു എന്നുതന്നെ വെച്ചോ. ഒരുപാട് നാള് പൂട്ടിക്കിടന്ന വീടല്ലേ പാമ്പൊക്കെ കേറും. കുറച്ചുനാള് മനുഷ്യരുടെ പെരുമാറ്റം വന്നുകഴിയുമ്പോ അവ തന്നെ പൊക്കോളും. അതല്ലാതെ ഏതോ ബിന്ദു ചേച്ചി പറഞ്ഞ കഥയുമായി എന്റടുത്തേക്ക് വരണ്ടാ. നാഗങ്ങളും... സർപ്പശാപവും ഇതൊക്കെ ഇപ്പൊ ആരെങ്കിലും വിശ്വസിക്കുവോ. പാമ്പിനെ തിന്നണ ചൈനയിലില്ലാത്ത സർപ്പശാപമാണ് ഇവിടെ. എന്താ കഥ”

 

അവൻ പതുക്കെ കൈകൾ അവളുടെ തോളിൽ വെച്ചു.കവിളിൽ ചുംബിച്ചു. അവൾക്ക് നാണം വന്നു. തിരിഞ്ഞ് അവന്റെ മുഖത്തേക്കു നോക്കവേ അവൾക്ക് പെട്ടന്ന് ബിന്ദുച്ചേച്ചി പറഞ്ഞത് ഓർമ്മ വന്നു.

“ഇന്നു വേണ്ട. കിടന്നുറങ്ങാൻ നോക്ക്” അവളവന്റെ കൈ തട്ടിമാറ്റി. 

 

ഉറക്കം വരാഞ്ഞിട്ടും അവൾ കണ്ണുകളടച്ചു കിടന്നു. ഇടയിലെപ്പോഴോ ഉറങ്ങിയും പോയി. 

രാത്രി കുറച്ചുദൂരം നടന്നു കഴിഞ്ഞിരുന്നു.അപ്പോഴാണ് വീണ്ടും കാലുകളിൽ നനഞ്ഞൊരു സ്പർശം അവൾക്ക് അനുഭവപ്പെട്ടത്.അവൾ കണ്ണുകൾ തുറക്കാൻ വിഫലമായി ശ്രമിച്ചു.എന്നാൽ കൺപോളകൾ തുറക്കാൻ കൂട്ടാക്കിയില്ല. ഒരുപാടുനേരത്തെ ശ്രമത്തിനുശേഷം അവൾ കണ്ണുകൾ തുറന്നു. ആ നിമിഷം അവൾ മനസ്സിലാക്കി അവൾ പുറത്താണ്. കാലിന്നടിയിൽ നനഞ്ഞ മണ്ണ്. ചുറ്റും ആൽമരങ്ങൾ.... ഇരുട്ട്. ഏത് ധ്രുവത്തിൽ നോക്കിയിട്ടും അവൾക്ക് വീട് കണ്ടെത്താനായില്ല. 

 

ഗൗരി മുന്നോട്ട് നടന്നു. കാറ്റിന് നല്ല കുളിരുണ്ട്. ദൂരെയങ്ങ് ഒരു നുറുങ്ങു വെട്ടം തെളിഞ്ഞിട്ടുണ്ട്. അവളെങ്ങോട്ട് നടന്നു.വലിയൊരു ആൽമരച്ചോട്ടിൽ ഒരു ചെറിയ തറ നിലകൊണ്ടു. അതിൽ ആരോ ദീപം തെളിച്ചിട്ടുണ്ട്. അതിനുനടുവിലായി കണ്ട നാഗത്താന്റെ രൂപത്തെ അവൾ കണ്ണെടുക്കാതെ നോക്കി നിന്നു. ആ രൂപത്തിന് ചുറ്റും സ്വർണ്ണ നിറത്തിലുള്ള എന്തോവൊന്നു പിണഞ്ഞു കിടന്നിരുന്നു. അവളതിനെ തൊട്ടു.അതറിഞ്ഞുവെന്നോണം അത് പതുക്കെ ഒന്നനങ്ങി. ’സ്വർണ്ണ നാഗം ‘ .അതിന്റെ ദേഹത്ത് രക്ത ചുവപ്പിൽ ചില അക്ഷരങ്ങൾ തെളിഞ്ഞുവന്നു.ശ്രമകരമായി അവളത് വായിച്ചു.

 

‘ഗൗരി’

 

പെട്ടന്നുണ്ടായ ഞെട്ടലിൽ അവൾ പിന്നോട്ട് മാറി.ഞൊടിയിടയിൽ മണ്ണിൽ നിന്ന് അനേകായിരം നാഗങ്ങൾ ഉയർന്നുവന്ന് അവളെ മൂടി. ശ്വാസമെടുക്കാനാവാതെ ഗൗരി പിടഞ്ഞു.

 

“മോളെ എന്തു പറ്റി’’ അനൂപ് ഒരുപാടുനേരം വിളിച്ചിട്ടാണ് അവളെണീറ്റത്. കണ്ണുതുറക്കുമ്പോൾ അവൾ കിടക്കയിലായിരുന്നു.

 

“നമുക്കിവിടുന്ന് പോവാം “ അവളയാളെ കെട്ടിപ്പിടിച്ചു കരഞ്ഞു

 

അനൂപ് ഓഫിസിൽ പോയതിന് ശേഷം പകൽ മുഴുവൻ അവൾ ബിന്ദുചേച്ചിയുടെ വീട്ടിൽ കഴിച്ചുകൂട്ടി. സ്വർണ്ണ നാഗത്തിന്റെ ദേഹത്ത് അവളുടെ പേരുകണ്ടതുൾപ്പടെ നടന്നെതെല്ലാം അവരോട് പറഞ്ഞു. മുൻപവിടെ താമസിച്ചിരുന്ന അലീന എന്ന പെൺകുട്ടിക്കും ഇതേപോലൊരു അനുഭവമുണ്ടായതായി അവർ പറഞ്ഞത് ഗൗരി ഞെട്ടലോടെ കേട്ടിരുന്നു.

 

വൈകുന്നേരം അനൂപ് വന്നതിന് ശേഷവും അവർ പരസ്പരം അധികമൊന്നും സംസാരിച്ചില്ല. രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോഴും അവൾ തലേന്നത് പോലത്തെ അനുഭവം പ്രതീക്ഷിച്ചു. പക്ഷേ സമാധാനകരമായി തന്നെ ആ രാത്രി കടന്നുപോയി. അങ്ങനെ അവൾ ഭയപ്പെട്ടിരുന്ന മൂന്നാം ദിവസം വന്നെത്തി.

 

വൈകുന്നേരം ബിന്ദു ചേച്ചിയുടെ വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം അവരവളെ ചേർത്തുപിടിച്ചു.”നാളെ രാവിലെ ഞാൻ നീ വരുന്നതും കാത്തിരിക്കും” വിറയ്ക്കുന്ന കാൽ വെപ്പുകളോടെ അവൾ വീട്ടിലേക്കുനടന്നു. മുറ്റത്ത് കിടന്ന് കരിയിലകൾ പാമ്പുകളുടെ പടങ്ങളായി അവൾക്ക് തോന്നി. അവൾ ഓരോ ചുവടും സൂക്ഷ്മമായി വച്ച് അകത്തേക്കുകയറി.

 

സന്ധ്യയായപ്പോഴേക്കും അനൂപിന്റെ ഫോൺ വന്നു 

 

“മോളെ ഞാനെത്താൻ കുറച്ച് ലേറ്റ് ആവും.നീ കഴിച്ചു കിടന്നോ”

 

മൂന്നാം  രാത്രി താൻ ഒറ്റയ്ക്കാണെന്നുള്ള സത്യം അവളെ കൂടുതൽ ഭീതിയിലാഴ്ത്തി. അവൾക്ക് തീരെ വിശന്നില്ല. വാതിലുകളും ജനലുകളും അടച്ചുപൂട്ടി. ഒരു പുഴുവിന് പോഴും പഴുത് കൊടുക്കാത്ത രീതിയിൽ അവൾ ബെഡ്‌റൂം സുരക്ഷിതമാക്കി. പാമ്പുകളെ അടിക്കുവാൻ വളയുന്നതരം വടികളാണ് വേണ്ടത് എന്ന് പണ്ടെങ്ങോ ആരോ പറഞ്ഞത് അവളോർത്തു.വലിയൊരു കേബിൾ കഷ്ണം തലയിണയുടെ അടിയിൽ  അവൾ കരുതിവെച്ചു. ചാവാനെനിക്ക് മനസ്സില്ല’ അവൾ ഉരുവിട്ടുകൊണ്ടേയിരുന്നു.

 

രാത്രിയതിന്റെ ഇരുണ്ട യാമത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞിരുന്നു. പാതിയുറക്കത്തിൽ നിന്ന് അവൾ ഞെട്ടിയെണീറ്റു.പുതപ്പിനടിയിൽ കാലുകൾക്കിടയിൽ എന്തോ ഇഴയുന്നുണ്ട്.പെട്ടന്ന് കാലുകളിൽ മുള്ള് കുത്തുന്നത് പോലൊരു വേദന അനുഭവപ്പെട്ടു.അവൾ ഒറ്റ ശ്വാസത്തിൽ പുതപ്പു മാറ്റി ലൈറ്റിട്ടു. പത്തിവിടർത്തിയ കരിമൂർഖന്റെ ചുണ്ടുകൾ അവളെനോക്കി ചിരിച്ചു. ശരവേഗത്തിൽ ആയുധമെടുത്തവൾ വീശി. പാമ്പ് ഭിത്തിയിൽ തട്ടിത്തെറിച്ചു. അപ്പോഴാണ് മതിലിന്റെ നിഴലിനോട് പറ്റിനിൽക്കുന്ന ആ രൂപത്തെ അവൾ ശ്രദ്ധിച്ചത്. 

 

കറുത്ത മുഖമൂടിയണിഞ്ഞൊരു മനുഷ്യൻ. അതൊരു സ്‌ത്രീയോ പുരുഷനോ അവൾക്കുറപ്പില്ല. പുറത്തേക്ക് കുതിക്കുവാനാഞ്ഞ ആ രൂപത്തെ അവൾ പിന്നിൽ നിന്നാക്രമിച്ചു. ആ രൂപം അവളെ ചവിട്ടി താഴെയിട്ടു. അതിന്റെ കൈകൾ അവളുടെ കഴുത്തിനെ വരിഞ്ഞു. അനേകായിരം നാഗങ്ങളെ പോലെ ആ കൈകൾ അവളുടെ ശ്വാസത്തിന് തടയിട്ടു.വായുവിനായി അവൾ പിടഞ്ഞു. ഉളളിൽ ബാക്കിയുള്ള ആർജവത്തിൽ അവൾ ആ കൈകളിൽ കടിച്ചു. മറ്റേ കൈകൊണ്ട് ആ രൂപം അവളുടെ മുഖത്തെ ബലമായിടിച്ചു. 

 

വിരലറ്റു പോകും വരെ അവളത് തുടർന്നു. നിലവിളിയുമായി ആ രൂപം അവളെ തട്ടി മാറ്റി പുറത്തേക്ക് കുതിച്ചു. അവൾ മതിലിൽ ചാരി തളർന്നിരുന്നു. കാലിൽ കരിമൂർഖന്റെ ചുംബനമേറ്റ പാടുകളിൽ നിന്ന് രക്തം ചെറുതായി ഇറ്റു. അവൾക്ക് കാഴ്ചകൾ മങ്ങി തുടങ്ങി. 

 

കാലുകൾ വിറയ്ക്കുന്നുണ്ട്. ഫോണെടുത്ത് അനൂപേട്ടനെ വിളിക്കാനാഞ്ഞപ്പോൾ അവൾ ആ മനുഷ്യന്റെ  അറ്റുകിടന്ന വിരലിലേക്ക് ഒരുവട്ടം കൂടി  നോക്കി. ആ വിരൽ അത് നാഗത്താന്റെ രൂപമായി അവൾക്കുതോന്നി. അതിൽ സ്വർണ്ണ നാഗത്തെപോലെ പിണഞ്ഞു കിടന്ന ആ വിവാഹ മോതിരത്തെ അവൾ കണ്ടു. അതിൽ കൊത്തിവെച്ചിരുന്ന പേരവൾ അവസാനമായി വായിച്ചു.

 

‘ഗൗരി’

 

English Summary : Gouri, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com