‘എന്തുകൊണ്ട് എന്ന് ചോദിക്കരുത്, നമുക്ക് പിരിയാം!’ വർഷങ്ങൾ നീണ്ട പ്രണയം ഒറ്റ മെസേജിൽ അവസാനിക്കുമ്പോൾ...

lovers
പ്രതീകാത്മക ചിത്രം. Photo Credit : Antonio Guillem / Shutterstock.com
SHARE

മരം പുഴയോട് പറഞ്ഞത് (കഥ)

ആരതി, ബ്രിഗേഡ് റോഡിലുള്ള ഫ്ലാറ്റിന്റെ പന്ത്രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്നും താഴേക്ക് നോക്കി. ബാംഗ്ലൂർ നഗരം ഉണർന്നു വരുന്നതേയുള്ളൂ. കുറച്ചകലെ ഒരു തട്ടുകടക്കാരൻ കട തുറക്കാനുള്ള ഒരുക്കത്തിലാണ്. സ്ട്രീറ്റ് ലൈറ്റുകൾ അപ്പോഴും തെളിഞ്ഞിട്ടുണ്ട്. ഒരു മധ്യവയസ്‌കൻ സൈക്കിളിൽ നിന്നും താഴെ വീണ പത്രകെട്ടുകൾ എടുക്കാൻ നടന്നു വരുന്നത് കാണാം.

അവൾ ഏറെനേരം ബാൽക്കണിയിൽ നിന്ന് ആ കാഴ്ചകൾ ഒക്കെ നോക്കി കണ്ടു. നഗരം ശാന്തമായിരുന്നു. പക്ഷേ അവളുടെ മനസ്സിൽ അപ്പോഴും തിരമാലകൾ ആർത്തലച്ചുകൊണ്ടേയിരുന്നു. 

അൽപ്പനേരത്തിനു ശേഷം അവൾ മൊബൈൽ എടുത്ത് രാഹുൽ അയച്ച വാട്സ്ആപ്പ് മെസ്സേജ് വീണ്ടും വായിച്ചു : 

‘‘ഡോണ്ട് ആസ്ക് വൈ വാട്ട് ഓർ ഹൗ. നമുക്ക് പിരിയാം..!’’

മൂന്ന് കൊല്ലം കൊണ്ട് അവൾ കെട്ടിപ്പൊക്കിയ സ്വപ്ന കൊട്ടാരമാണ് അയാൾ ഒറ്റവരിയിൽ തകർത്തുകളഞ്ഞത്!

ആ മെസ്സേജ് അവൾ ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും അതിന് സാധിക്കാതെ അവൾ തളർന്നു നിന്നു.

രാഹുൽ ഡൽഹിയിലേക്ക് പോയത് ഒരു വർഷം മുമ്പാണ്. ആദ്യകാലങ്ങളിൽ മണിക്കൂറോളം ചാറ്റ് ചെയ്യുമായിരുന്നു. കാലക്രമേണ മണിക്കൂറുകൾ മിനിറ്റുകൾ ആയി ചുരുങ്ങി. രാഹുലിന്റെ അകൽച്ച അവൾക്കു മനസ്സിലാകുന്നുണ്ടായിരുന്നെങ്കിലും അവളുടെ ഹൃദയം അത് ഒരിക്കലും അംഗീകരിച്ചു കൊടുത്തിരുന്നില്ല. 

ഫ്ലാറ്റിൽ ഒറ്റക്കിരിക്കുമ്പോൾ ലോകത്തിന്റെ ഒരു കോണിൽ തന്നെ സ്നേഹിക്കുന്ന ഒരാൾ ഉണ്ട് എന്ന് അവൾ ദൃഢമായി വിശ്വസിച്ചു. അത് അവൾക്ക് നൽകിയ സ്വാന്തനം വളരെ വലുതായിരുന്നു.

ഇന്നിപ്പോൾ അതില്ല. അതുകൊണ്ടാണ് അവൾക്ക് ജോലിയിൽ നിന്നൊക്കെ ഒന്ന് മാറി നിന്ന് നാട്ടിലുള്ള അമ്മയുടെ തണലിൽ കുറച്ചു നാൾ നിൽക്കാൻ തോന്നിയത്. ട്രയിൻ ടിക്കറ്റ് കിട്ടിയില്ല. നാട്ടിലെത്താൻ മറ്റ് മാർഗ്ഗം ഇല്ലാത്തതുകൊണ്ട് ബസ് ബുക്ക് ചെയ്തു. ബാൽക്കണിയിൽ നിന്ന് അവൾ അകത്തുകയറി വേഗം പല്ലുതേപാദികൾ കഴിച്ച് യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ചായ കുടി കഴിഞ്ഞ് പേഴ്സ് തുറന്ന് ബസ് ടിക്കറ്റ് എടുത്തുനോക്കി. 

ബാംഗ്ലൂർ ടു തിരുവല്ല 

കല്ലട ട്രാവൽസ്

24 ജൂലൈ 2019 

08:30 AM

****

ആര്യഭവൻ ഹോട്ടൽ നല്ല തിരക്കായിരുന്നു. അവൾ പൂരി ബാജി ഓർഡർ ചെയ്തു. എണ്ണ ആഹാരം ഒക്കെ ഒഴിവാക്കി വരികയായിരുന്നു ഇനി അതൊന്നും വേണ്ട എന്ന് അവൾ തീരുമാനിച്ചു.

പ്രഭാത ഭക്ഷണം കഴിച്ചതിനുശേഷം അടുത്തുള്ള കല്ലട ബസ്സിന്റെ ഓഫീസിലെത്തി ടിക്കറ്റ് കാണിച്ചു. ടിക്കറ്റ് കൗണ്ടറിൽ ഇരിക്കുന്ന ഒരു തടിച്ച മധ്യവയസ്ക്കൻ ടിക്കറ്റ് വാങ്ങി അയാളുടെ കൈയിലുള്ള ലിസ്റ്റ് നോക്കി എന്തോ അടയാളപ്പെടുത്തി. അതിനുശേഷം പറഞ്ഞു :

‘‘സീറ്റ് നമ്പർ 12B. ബസ്സ് പുറത്തുണ്ട്. മാഡം ബസ്സിൽ കയറി ഇരുന്നോളൂ...’’

അയാളുടെ മുഖത്തു പോലും നോക്കാതെ ഒരു താങ്ക്സ് പറഞ്ഞ് അവൾ പുറത്തിറങ്ങി. പുരുഷ വർഗ്ഗത്തോട് തന്നെ അവൾക്ക് ദേഷ്യം ആയി തുടങ്ങിയിരുന്നു.

ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നു. ആരതി സീറ്റ് നമ്പർ നോക്കി നടന്നു. ബസ്സിന്റെ മുമ്പിലായിരുന്നു  അവളുടെ സീറ്റ്. മുമ്പിൽ ഇരുന്ന് യാത്ര ചെയ്യാൻ തന്നെയാണ് അവർക്ക് ഇഷ്ടം.

കുറച്ചു നേരം തിരഞ്ഞു സീറ്റ് കണ്ടുപിടിച്ചു. അവളുടെ സീറ്റിന്റെ അടുത്ത് വിൻഡോ സീറ്റിൽ മുപ്പതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ ഇരുന്ന് പുസ്തകം വായിക്കുന്നു. ഒതുക്കി വെച്ച താടി. ശാന്തമായ കണ്ണുകൾ. സൗമ്യമായ നോട്ടം. 

ജീൻസും ടീഷർട്ടും ആണ് അയാൾ ധരിച്ചിരുന്നത്. മറ്റേതൊരു സമയത്തും അവൾ അയാളെ പോലെ സൗമ്യനായ ഓരോളോടൊപ്പം സന്തോഷത്തോടെ ഇരുന്നേനെ. പക്ഷേ അപ്പോൾ അവളുടെ മനസ്സ് അതിന് സമ്മതിച്ചില്ല.

“ഹലോ”

അയാൾ തിരിഞ്ഞു നോക്കി.

“വേറൊരു സീറ്റിൽ ഇരിക്കാമോ?”

ആരതി ഒരു ജാള്യതയും ഇല്ലാതെ ചോദിച്ചു .

‘‘ആരെങ്കിലും കൂടെ വരാനുണ്ടോ?’’

അയാളുടെ ചോദ്യത്തിന് ആരതി ഒരു ദീർഘ ശ്വാസമെടുത്തിട്ടാണ് മറുപടി പറഞ്ഞത്

‘‘ഇല്ല. ഞാൻ ഒറ്റക്കാണ്’’

“പിന്നെന്തിനാണ് ഞാൻ സീറ്റ് മാറുന്നത്?” 

ഇത്രയും പറഞ്ഞ് അയാൾ ആരതിയെ നോക്കി ഒന്ന് ചിരിച്ചു. എന്നിട്ട് എഴുന്നേറ്റ് ആരതിയുടെ കയ്യിലുള്ള ബാഗ് ഒതുക്കി വെയ്ക്കാൻ സഹായിച്ചു. ആരതി ഒന്നും പറയാതെ അയാളുടെ അടുത്തുള്ള സീറ്റിൽ ഇരുന്നു. അയാൾ പുസ്തക വായന തുടർന്നു.

ആരതി അയാൾ വായിക്കുന്ന പുസ്തകത്തിന്റെ പുറം ചട്ട നോക്കി. യുവാൻ നോവാ ഹരാരി എഴുതിയ ‘സാപിയൻസ്’ എന്ന പുസ്തകം. ആൾകുരങ്ങുകളിൽ നിന്നും ലോകാധിപരിലേക്കുള്ള മനുഷ്യന്റെ വളർച്ച വിവരിക്കുന്ന പുസ്തകം അവളും വായിച്ചിട്ടുണ്ട്. അതുകൊണ്ട് അയാളോടൊപ്പം ഇരിക്കാനുള്ള വിഷമം കുറച്ചു മാറികിട്ടി.

അധികം വൈകാതെ ഡീസലിന്റെ രൂക്ഷഗന്ധം പരത്തിക്കൊണ്ടു ബസ് നീങ്ങി തുടങ്ങി.

ബസ്സിൽ യാത്ര ചെയ്‌താൽ ആരതിക്ക്‌ തലകറക്കവും ഛർദിയും വരാറുണ്ട്. ഡീസലിന്റെ ഗന്ധം അവൾക്ക് അസഹനീയമായി തോന്നി. അവൾ ഷാൾ എടുത്ത് മുഖം മറച്ചു. അയാൾ വായിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കി അവളെ നോക്കി. എന്നിട്ട് ചോദിച്ചു:

“ട്രാവൽ സിക്ക്നെസ്സ് ഉണ്ടോ?”

“ഉം, അവൾ തലയാട്ടി.”

“സൈഡ് സീറ്റിൽ ഇരുന്നാൽ പ്രശ്നം തീരും.”

ഇത് പറഞ്ഞു അയാൾ ആരതിക്ക്‌ അയാൾ ഇരുന്ന സൈഡ് സീറ്റ് ഒഴിഞ്ഞു കൊടുത്തു. ആരതിക്ക് അത് സന്തോഷമായി. 

സൈഡ് സീറ്റിൽ ഇരുന്നു കുറച്ചു നേരം കാറ്റ് കൊണ്ടപ്പോൾ ആരതിക്ക്‌ നല്ല ആശ്വാസം തോന്നി. അവൾ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു. 

************

ഒരു വലിയ ശബ്ദം കേട്ടാണ് ആരതി ഉറക്കം ഉണണർന്നത്. അവൾ കണ്ണ് തുറന്നു ചുറ്റും നോക്കി. ബസ് നിർത്തി ഇട്ടിരിക്കുന്നു. ആളുകൾ ഒക്കെ പുറത്തേക്കിറങ്ങാൻ തിരക്ക് കൂട്ടുന്നു. ആരതി എന്താണ് സംഭവിക്കുന്നതെന്നറിയാതെ അമ്പരന്ന് നിന്നു.

“ടയർ പഞ്ചറായതാണ്. നമ്മൾ പുറത്തിറങ്ങിയാൽ ഇവർക്ക് പണി എളുപ്പമാവും.” അയാൾ പറഞ്ഞു. 

ബാഗിൽ കരുതിയ കുപ്പിയിൽ നിന്ന് ഒരു കവിൾ വെള്ളം കുടിച്ചു അയാളോടൊപ്പം അവളും പുറത്തിറങ്ങി.

സമയം ഉച്ചയോടടുത്തിരുന്നു. റോഡ് വിജനമാണ്. അടുത്തുള്ള മരത്തിന്റെ തണൽപ്പറ്റി അയാൾ നിന്നു.  ഒരേ പുസ്തകം വായിച്ചിട്ടുള്ളവർ എന്ന പരിചയത്തിൽ അവളും അവനോടൊപ്പം തണൽപ്പറ്റി നിന്നു.

“ആർ യു ഫീലിംഗ് ബെറ്റർ?”

“യാ ... സൈഡ് സീറ്റിൽ ഇരുന്നപ്പോൾ ഒന്ന് ഫ്രഷ് ആയി. താങ്ക്സ്.”

“നോ വറീസ്”. അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു .

അയാളുടെ കരുതലിൽ ആരതിയുടെ മനസൊന്ന് തണുത്തു. അവൾ സ്വയം പരിചയപ്പെടുത്തി:

‘‘ഞാൻ ആരതി. ബാംഗ്ലൂർ ഐബിഎം ൽ ജോലി ചെയ്യുന്നു.’’

“ഞാൻ പ്രശാന്ത്. നൈസ് റ്റു മീറ്റ് യു.”

“പ്രശാന്ത് എന്ത് ചെയ്യുന്നു?” അവൾ ആകാംഷയോടെ ചോദിച്ചു 

“ഐ ആം എ ഫ്രീ ബേഡ്. ജോലി ഒന്നും ഇല്ല. ഊരു ചുറ്റലാണ് ഇപ്പൊ പണി.”

“വൗ. സൗണ്ടസ് ഗുഡ്.” അവൾ ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്.

ആരതിക്കും യാത്രകൾ ഇഷ്ടമാണ്. പക്ഷേ ജോലി തിരക്കുകൾക്കിടയിൽ യാത്രകൾ ഒരു സ്വപ്നമായി അവസാനിക്കുകയായിരുന്നു, ഇതുവരെ.

“പക്ഷേ യാത്രകൾക്കൊക്കെ എങ്ങനെയാണ് പണം കണ്ടെത്തുന്നത്?”

ആരതിയുടെ ചോദ്യം കേട്ട് അയാൾ ഒന്ന് ഉറക്കെ ചിരിച്ച , എന്നിട്ടു ആരതിയോടു ചോദിച്ചു:

“എറണാകുളത്തു ചായക്കട നടത്തുന്ന വിജയേട്ടനെയും ഭാര്യ മോഹനയെയും പറ്റി കേട്ടിട്ടുണ്ടോ?

ചായ വിറ്റുണ്ടാക്കുന്ന കാശുമായി രണ്ടാളും എല്ലാ വർഷവും ഓരോ രാജ്യങ്ങൾ സന്ദർശിക്കും ... ഇരുപതോളം രാജ്യങ്ങൾ ഇപ്പോൾ തന്നെ അവർ സഞ്ചരിച്ചിട്ടുണ്ട് ...”

ഇത്രയും പറഞ്ഞു അയാൾ നിർത്തി.  അവൾ അതിശയത്തോട് അയാളെ നോക്കി നിന്നു .

അപ്പോഴേക്കും സ്റ്റെപ്പിനി ടയർ മാറ്റിയിട്ട് ബസ് പോകാൻ തയ്യാറായിരുന്നു. ആളുകൾ ബസ്സിലേക്ക് തിരികെ കയറി തുടങ്ങിയിരുന്നു.

തണൽ മരത്തിന്റെ അടിയിൽ നിന്നും അവൾ അയാളുടെ പുറകെ ബസ്സിലേക്ക് കയറി. സൈഡ് സീറ്റിൽ തന്നെ ഇരിക്കാൻ അയാൾ കൈ കൊണ്ട് ആംഗ്യം കാട്ടി.

“താങ്ക്സ്. അവൾ പറഞ്ഞു.”

ബസ് ഒന്ന് ഇളകി യാത്ര തുടർന്നു. അവൾ പുറത്തെ കാഴ്ചകൾ കണ്ട് ഇരിക്കുകയായിരുന്നെങ്കിലും മനസ്സിൽ മുഴുവൻ യാത്രകൾ എന്ന സ്വപ്നമായിരുന്നു.

കുറച്ചു സമയത്തിന് ശേഷം അവൾ അയാളോട് ചോദിച്ചു. വിജയൻചേട്ടൻ ചായ വിറ്റു പണം ഉണ്ടാക്കി യാത്ര ചെയ്യുന്നു. പ്രശാന്ത് യാത്രകൾക്ക് പണം കണ്ടെത്താൻ എന്താണ് ചെയ്യുന്നത്? 

“ഇഫ് ദേർ ഈസ് എ വിൽ ദേർ ഈസ് എ വേ.” 

യാത്രകൾ എത്ര അനുഭവങ്ങളാണ് തരുന്നത് ? ആ അനുഭവങ്ങൾ ഞാൻ എഴുതും. കുറച്ചു കാശൊക്കെ കിട്ടും .

പ്രശാന്തിനോട് ആരതിക്ക്‌ വല്ലാത്തൊരു അടുപ്പം തോന്നി തുടങ്ങിയിരുന്നു. അതുകൊണ്ട് സ്നേഹത്തോടെയാണ് അവൾ ചോദിച്ചത് :

എത്ര രാജ്യങ്ങളിൽ പോയിട്ടുണ്ട് ?

ഇറാൻ , ജർമ്മനി , നൈജീരിയ , ഹോളണ്ട് , മൊറോക്കോ .. അങ്ങനെ കുറച്ചു രാജ്യങ്ങൾ .

“നൈസ്. അടുത്ത് എങ്ങോട്ടാണ്?”

അതൊരു സ്വപ്ന ഭൂമിയിലേക്കാണ് .... സ്വിറ്റ്സർലന്റിലേക്ക്... ആൽപ്സ് പർവ്വതനിര കാണാൻ .

ആരതി വരുന്നോ ? 

എനിക്ക് ട്രാവൽ സിക്നെസ്സ് അല്ലെ ? ആരതി ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഞാൻ സൈഡ് സീറ്റ് തരാം…”

രണ്ടുപേരും ചിരിച്ചു.

“പിന്നെ ഈ ട്രാവൽ സിക്നെസ്സിന് മരുന്നൊക്കെ ഉണ്ട് കേട്ടോ ..’’

പ്രശാന്തിന്റെ മറുപടി അവളുടെ മനസ്സിൽ ഒരു പനിനീർ പുഷ്പം വിരിയിച്ചു.

പ്രശാന്ത് അവളുടെ കണ്ണുകളിലേക്ക് നോക്കി വീണ്ടും ചോദിച്ചു :

വിജയനെയും മോഹനയെയും പോലെ നമുക്കും ലോകം ചുറ്റിയാലോ ?

അയാളുടെ ചോദ്യത്തിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല.

കുറച്ചു സമയം കഴിഞ്ഞ് രാഹുൽ അവൾക്കയച്ച മെസ്സേജ് അവൾ വീണ്ടും വായിച്ചു നോക്കി. എന്നിട്ട് ഒട്ടും സംശയിക്കാതെ അവൾ അത് ഡിലീറ്റ് ചെയ്തു.

English Summary : Maram Puzhayod Paranjath, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;