ഏട്ടത്തീടെ കല്ല്യാണം കൂടാൻ പോയി, തിരിച്ചുവന്നത് സ്വന്തം കല്ല്യാണം കൂടി ഉറപ്പിച്ചിട്ട് !

wedding
പ്രതീകാത്മക ചിത്രം. Photo Credit : Arun Mohan / Shutterstock.com
SHARE

കുട്ട്യോപ്പോയുടെ ശ്രീയേട്ടൻ (കഥ)

‘‘എപ്പഴായിരുന്നു... എവിടെവെച്ചായിരുന്നു... ആഹ് ഓർമ്മെണ്ട്.. അല്ല മറന്നിട്ടുണ്ടെങ്കിലല്ലേ!’’

‘‘അമ്പടി കള്ളി... പറയ്, എനിക്കു കേൾക്കാൻ കൊതി ആവുന്നു .... !!’’ അടുത്ത കൂട്ടുകാരി കല്യാണി എന്നെ ഇക്കിളിയിട്ടുകൊണ്ട് ശല്യപ്പെടുത്തി, അവൾക്കു കേൾക്കാൻ..... 

‘‘നീ ഇടയ്ക്ക് കയറി ആ ഫ്ലോ കളയരുത്, അങ്ങിനച്ചാൽ പറയില്ല’’ ഞാനും ഒട്ടും കുറച്ചില്ല...

‘‘ശോ ഇല്ലേ... ഇതിപ്പോ കേൾക്കാൻ പുണ്യം ചെയ്യണല്ലോ! ’’

‘‘കളിയാക്കേണ്ട... ശരിയാ അത്രേം പുണ്യം ചെയ്യണം ! ’’

വല്യ അമ്പാത്തോളിന്റെ രണ്ടാമത്തെ മകളുടെ പെങ്കൊടയ്ക്കു ആ തറവാട്ടിലേക്ക് ഞാൻ രണ്ടീസം മുന്നേ പോയി, അന്നുവരെ പട്ടുപാവാടയിൽ നടന്ന എനിക്ക് ആദ്യായിട്ട് ദാവണി വാങ്ങിത്തന്നത് വല്യ അമ്പാത്തോളായിരുന്നു, പിറ്റേന്ന് പെങ്കൊടയ്ക്കു അതൊക്കെ ചുറ്റാം എന്ന മോഹം ഉള്ളിലുണ്ട്,  അതിന്റെ സന്തോഷം മുഖത്തും!

പതിവുപോലെ കുട്ടിപട്ടാളത്തിന്റെ നേതാവായി ഞാൻ, പെങ്കൊടയ്ക്കു തലേന്നു രാത്രിയിലെ പരിപാടികൾക്കു കുട്ടികളെ ഡാൻസ്, പാട്ട്, നാടകം തുടങ്ങി കലാപരിപാടികൾ പഠിപ്പിക്കുന്ന തിരക്കിലായിരുന്നു ഞാൻ, 

‘‘കുട്യോപ്പോളെ കുളിക്കാൻ വരിനിണ്ടോ?’’ അനുക്കുട്ടി താഴേന്നു വിളിച്ചു ചോദിച്ചപ്പോഴാ .... 

ഓഹ്.. മറന്നു.... ഇല്ലത്തുന്നു ഇറങ്ങുമ്പോഴേ അച്ഛമ്മയുടെ ഓർഡർ ഉണ്ടായിരുന്നു, വൈകുന്നേരം കുളി ജപം മുടക്കരുതെന്ന്.

‘‘ദാ ഞാൻ വന്നു’’, ധൃതിയിൽ ഒരു മുണ്ടും നേര്യതും പിന്നെ പാട്ടുപാവാടയുടെ ബ്ലൗസും എടുത്ത് ഓടി,  കുളത്തിലേക്ക് 

‘‘ഈ കുട്യോൾടെ കൂടെ കളിച്ചു, എല്ലാം സമയം തെറ്റി നിക്ക് ’’ എന്നിലെ പരിഭവം പാർവതി എണീറ്റു, 

‘‘ആരാ ഇപ്പൊ പറേണേ.....!! കുട്യോപ്പോളും ഒട്ടും മോശല്ല.... പേരിൽ തന്നേണ്ടല്ലോ ഒരു കുട്ടി.... ഹിഹി’’, 

‘‘അത് വേണ്ട ട്ടോ, അനുട്ട്യേ... ന്നെ എല്ലാരും അങ്ങിനെ വിളിക്കുണു, അത്രേന്നെ... നിന്നെ ആനകുട്ടിന്നു വിളിക്കണില്ലേ... അതുപോലെ ...!’’

വൈകിയതു കൊണ്ട് രണ്ടുവട്ടം മാത്രം  അക്കരേം ഇക്കരേം നീന്തി,  കുളപ്പുരയിൽ ചെന്നു,  മുണ്ടും ബ്ലൗസും ഇട്ടു, തലേല് നേര്യതും കെട്ടി, ഇല്ലേൽ മുടിയിലെ വെള്ളം തുളസിക്ക് വീണൂന്ന് ആവും അടുത്ത കാര്യം. 

‘‘ത്രിസന്ധ്യാ നേരത്ത് കുളപ്പുരയിലാരാ..?’’

ശബ്ദത്തിലെ ഗാംഭീര്യം കൊണ്ട് മനസിലായി വല്യമ്മാവൻ, 

‘‘ഇപ്പൊ വഴക്കു കിട്ടും, ഒന്ന് ഓടി വാ അനു, ഞാൻ നടക്കുവാ.’’ പേടിച്ച് ഓട്ടം ആയിരുന്നു, ഇടയിൽ പടിഞ്ഞാറ്റയ്‌ക്കു മുന്നിൽ നിന്നും ഭസ്മം എടുത്തു നെറ്റില് ശ്ശി നീട്ടി വരയും വരച്ചു, അട്ടത്തേക്ക്,  ഇല്ല....

പകുതി കയറി ഞാൻ നിൽക്കുവാണ്..... 

ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു മുഖം, ആയാളും പകുതിവരെ എത്തി നിൽക്കുന്നു, മനസ്സിൽ ഉറപ്പിച്ചു ഞാൻ താഴേക്ക് ഇറങ്ങി മാറി നിൽക്കില്യ...... 

ഹും!

ഞാൻ മനസ്സിൽ പറഞ്ഞത് കേട്ടോ ആവോ, ആള് തിരിഞ്ഞു മുകളിലോട്ടു കയറി,  

ജയിച്ച ഭാവം അപ്പോ വേണ്ട... ല്ലേ ഭദ്രേ... മനസ്സിൽ പറഞ്ഞ് പടി കയറി മുകളിൽ എത്തി... അയാളെ നന്ദി സൂചകം ഒന്ന് നോക്കിയില്ല, നി അയാളത് പ്രതീക്ഷിച്ചോ എന്നും ആലോചിച്ചില്ല..... 

തിരിച്ചു മുറിയിൽ എത്തി, കടും പച്ച പാട്ടുപാവാട, പാലയ്ക്ക ഞാത്തും, അതിനൊത്ത കുപ്പിവളകളും,  കണ്ണെഴുതി പൊട്ടും തൊട്ടു, പിന്നേം ഒന്നൂടി നോക്കിയേക്കാം എന്നു കരുതി കണ്ണാടീല് നോക്കി...

‘‘കുട്ട്യോപ്പ രാജകുമാരി അല്ലേ...!’’  വാതിൽക്കൽ അനുകുട്ടി. 

‘‘നീ ന്നെ വലിച്ചിടുത്തു ഇട്ടതാണോ അനു, വേണ്ട ട്ടോ’’

‘‘അല്ല ഒപ്പേ നിക്ക് നല്ല ഇഷ്ടല്ലേ, ന്റെ പോന്നോപ്പല്ലേ, പിന്നെ ഞാൻ കള്ളം പറയോ?’’

‘‘വാ മുടി കെട്ടിത്തരാം നിയ്യും ഒട്ടും കുറയ്ക്കണ്ട..... ന്റെ പൊന്നും കുടം !’’

ഒരുങ്ങി, തറവാട്ട് അമ്പലത്തിൽ ഒന്ന് തൊഴുതു, തിരിച്ചെത്തി അയിനിയൂണിന്റെ ആയിരം തിരിക്കുള്ള ഒറ്റ എടുക്കാൻ മേലേയ്ക്ക്,  

ഇത്തവണ പടി എത്തീല,  കൂട്ടിയിടിച്ചു, തല നന്നായൊന്നു വേദനിച്ചു.. മേല് നൊന്താൽ ശരിക്കുള്ള ഭദ്രകാളി രൂപം എടുക്കുന്ന ഞാൻ.... 

‘‘മാഷ്ക്ക് കണ്ണു പിടിക്കില്ല്യേ....?’’

‘‘പിന്നേ... എനിക്ക് ഇയാളെ പോലെ ഉണ്ടക്കണ്ണില്ല എന്നേ ഉള്ളു, ചെറുത്‌ രണ്ടെണ്ണം ഉണ്ടല്ലോ...’’

തീരെ പ്രതീക്ഷിക്കാത്ത ഉത്തരം. ഉണ്ടക്കണ്ണി, ഇയാളിതെങ്ങിനെ അറിഞ്ഞു, എന്റെ കുറ്റപേരാണ്,  സ്കൂളിൽ കുട്യോള് വിളിച്ചാൽ തന്നെ ദേഷ്യാണ്.... പിന്നെ ഒന്നും പറയാൻ നിന്നില്ല.... 

ഹും. ഗോഷ്ട്ടി കാണിച്ചു തിരിഞ്ഞു നടന്നു. തിരിഞ്ഞുനോക്കുമ്പോൾ ചിരിച്ചുകൊണ്ട് പോകുന്നു അയാൾ... 

നാലുകെട്ടിൽ, എല്ലാർക്കും പുൽപ്പായ വിരിച്ച് ഇരിപ്പിടം ഒരുക്കി, തെക്കിനി സ്റ്റേജ് ആയി മാറി... രാത്രിയിൽ  കലാപരിപാടികൾ ഉണ്ടായിരുന്നു, കുട്യോള് നന്നായി ചെയ്തു, ഈ ഗുരുവിന്റെ മാനം കാത്തു... 

ഞങ്ങൾ വല്യ കുട്ടികളുടെ ഡാൻസ് ഉണ്ടായിരുന്നു, കളിച്ചുകഴിഞ്ഞു ‘‘അസ്സലാക്കി.. കുട്യോളെ...!’’  മുത്തശ്ശി വെറ്റില മുറുക്കി ചുവന്ന ചെറി തുറന്നു ചിരിച്ചു.

ഇനി ചിറ്റേടെ അവിടുത്തെ അനിയൻ, ശ്രീദേവ്... അസ്സലായി പാടും എന്നൊക്കെ വല്യമ്മാവൻ വിളിച്ചു പറയുന്നത് കേട്ടു. ആരാ ഈ വരണ മഹാൻ ന്നു നിരീച്ചു.... 

ദാ ഇരിക്കുന്നു... അയാൾ.... എല്ലാം കണ്ടോണ്ട് അവിടെ, നാലുകെട്ടിൽ തൂണിന്റെ മറവിൽ ആയതുകൊണ്ട് കണ്ടില്ലെന്നേ ഉള്ളു.... അപ്പൊ ഇതാണ് ശ്രീദേവ് !

ചിരിച്ചുകൊണ്ട് വന്നു മൈക്ക് വാങ്ങി....

‘‘കളിയൊക്കെ കണ്ടാൽ ചെമ്പൈ യുടെ ശിഷ്യൻ ആണെന്ന് പറയുല്ലോ... !’’ ഉള്ളിലുള്ള ഈർഷ്യ അറിയാതെ പുറത്തുവന്നു. 

‘‘കളിയാക്കണ്ട കുട്ട്യേ, ആളു സിനിമേല് പാടാൻ പോവാ...’’ മുത്തശ്ശി ആൾടെ സൈഡ് പിടിച്ചു. 

‘‘അല്ലേലും മുത്തശ്ശിക്ക് പാട്ട് പാടണ ആളെ കണ്ടാൽ ന്നെ വേണ്ടാലോ...’’

കുശുമ്പ് അടിമുടി കയറിയ ഞാനും. 

‘‘ന്റെ കുട്ടി കഴിഞ്ഞേ ഉള്ളു ഈ മുത്തശ്ശിക്ക് ആരും ’’ ആഹ്,  ഞാൻ  മുത്തശ്ശിടെ ചാരുകസേരടെ കയ്യിൽ ഒന്നൂടി മുത്തശ്ശിയോട് ചേർന്നിരുന്നു...

‘‘ഇന്ന് ഇവിടെ വരാൻ കഴിയുന്നു വിചാരിച്ചതല്ല, പരീക്ഷ മാറ്റി വെച്ചതുകൊണ്ട് എനിക്കിവിടെ പങ്കെടുക്കാൻ കഴിഞ്ഞു, ഒത്തിരി പേരെ എനിക്കു അത്ര പരിചയം ഇല്ല, ന്നാലും അമ്മ പറഞ്ഞ് ഇപ്പൊ ഓരോന്നും പഠിച്ചുവരുന്നു...’’

‘‘ന്താ ഇതു കഥ,  പാട്ടു പാടാൻ പറഞ്ഞാൽ പാടിയാൽ മതീലോ,’’ എനിക്കു ആകെ ദേഷ്യായി. 

‘‘കുട്ടിക്ക് വിശക്കുന്നു ല്ലേ, ന്നാ പോയി കഴിക്കു, മുത്തശ്ശിടെ കൂടെ പിന്നീടാവാം’’,  അത് കേൾക്കേണ്ട താമസം ഞാൻ നടന്നു അപ്രത്ത് ഊട്ടു പുരയിലേക്ക്.

‘‘എന്റെ കഥ കേട്ടു ബോറടിച്ചു ആരും പോകല്ലേ ...  ഇവിടെ വന്നത് ഒരു നിമിത്തമായി എനിക്കിപ്പോ തോന്നുന്നു... ഇത്രേം ബന്ധുജനങ്ങൾ ഉണ്ട് എന്നത് ഒരുപാട് സന്തോഷം തരുന്നു.. ഇവിടെ എല്ലാർക്കും വേണ്ടി ഈ പാട്ട്, 

‘‘അനുരാഗിണി ഇതാ എൻ... ’’

എല്ലാരും ലയിച്ച് ഇരിക്യാ, മുത്തശ്ശി അതോടെ ഫ്ലാറ്റ്, പുള്ളികാരിയുടെ പ്രിയപ്പെട്ട പാട്ട്,  മനോഹരമായി പാടുന്നു, ആനന്ദലബ്ദിക്കിനി ഇതിലപ്പുറം വേറെ എന്തുവേണം! ഞാൻ പോയി നന്നായി ഭക്ഷണം കഴിച്ചുവന്നു.

എല്ലാരും ഭക്ഷണം കഴിഞ്ഞു പിന്നേം സമ്മേളനം, അപ്പൊ അധികവും കുട്ടികൾ ആയിരുന്നു, വല്യേട്ടൻ നേതാവും, നമ്മുടെ ഭാവി യേശുദാസിന്റെ വക അടുത്ത പാട്ട്,  

‘‘അല്ല.. അനുട്യേ, ഭാഗ്യത്തിന് നേരത്തെ രക്ഷപെട്ടു,  ഇതിപ്പോ കാളരാഗം നിർത്താൻ ഭാവം ഒന്നുല്യേ?’’

‘‘കുട്യോപ്പ അവിടെ പതുങ്ങി നിന്നു നേരത്തെ പാട്ട്  കേക്കണുണ്ടായിരുന്നല്ലോ ... ഞാൻ കണ്ടു’’

‘‘ശ്ശി...’’ അവളുടെ വാ പൊത്തി പിടിച്ചു, ‘‘നീയിനി ഇതു ആരോടും വിളമ്പാൻ നിക്കണ്ട...’’

‘‘ഇനി എനിക്ക് പ്രിയപ്പെട്ട ഒരു പാട്ട്,  അതിലും പ്രിയപ്പെട്ട ഒരു കുട്ടിക്ക് വേണ്ടി’’, മൈക്ക് കിട്ടിയതും ആളു പിന്നേം കഥ തുടങ്ങി.....

ഹായ്, അതാരാ.. അതാരാ... എല്ലാരും ആകാംഷയോടെ ചോദിച്ചു,  

‘‘അമ്പടാ കള്ളാ,  മുത്തശ്ശിയോട് പറയു ആരാ? !’’

ഇത്ര വയസ്സായിട്ടും മുത്തശ്ശിക്ക് കുട്ടിക്കളി വിട്ടിട്ടീല്യെ? ,  ആരാ, എന്താ,  ജാതകം ചോദിക്കാനാണോ?  ‘‘ ഹും,  എന്തൊരു ഉത്കണ്ഠ,  ആരായാലും അവൾക്കു അതുതന്നെ കിട്ടണം,  മൊശടൻ.....!!!!!

മനസ്സിൽ പറഞ്ഞു.

 ‘‘അത്രേം ആയിട്ടില്ല, സമയം ആകുമ്പോൾ പറയാം,  കണ്ടിട്ടിപ്പോ ഇഷ്ടായി...ഒരുപാട്... ബാക്കി പിന്നേ... ഈ പാട്ട് ആ കുട്ടിക്കുള്ളതാണ്...  ‘‘

 ‘‘പഞ്ചമിതിങ്കൾ പുഞ്ചിരിക്കുന്നു അഞ്ജനക്കണ്ണാളേ.......

അക്ഷരപ്പൂവിൽ തേൻകുടം വാർന്നു സുന്ദരിപെണ്ണാളേ ..... 

മഴവില്ലിന്റെ  വർണങ്ങൾ, അനുരാഗത്തിൻ ചായങ്ങൾ..... അഴകേഴുംനിന്നിൽ കണ്ണും വെച്ചു പൊന്നേ പൊന്നാരെ....!!!!!! ‘‘ 

.....

പാടുമ്പോഴും അയാളുടെ ആ രണ്ടു കണ്ണും തേടിയത് ഈ  മുഖമായിരുന്നു!

ഈ ഞാനോ...പാട്ടു കേട്ടപ്പോതൊട്ട്   ആലോചിക്ക്യാരുന്നു ഏതു പടത്തിലെ പാട്ട് എന്ന്, ഞാൻ കേൾക്കാത്ത പാട്ടോ...?  

പെട്ടെന്ന് ആലോചന വിട്ടപ്പോൾ കണ്ടത് ചെറുചിരിയും ചിരിച്ചു എന്നെ നോക്കി പാടുന്ന ആ മുഖം!

ശോ!

നാണം... എനിക്കന്നേവരെ അനുഭവപെട്ടിട്ടില്ലാത്ത ഒരു വികാരം, ആ കണ്ണുകൾ എന്റെ മുഖത്തൂന്ന് എടുത്തു മാറ്റാൻ പറ്റില്യാലോ,  അപ്പൊ ഞാൻ അവിടുന്ന് എണീറ്റു തിരിഞ്ഞു നടന്നു, ആ കണ്ണുകൾ ഞാൻ വയ്ക്കുന്ന ഓരോ ചുവടിലും എന്റെ കൂടെ വരുന്നുണ്ടോ?

കുട്യോപ്പ എങ്ങടാ, ഞാനും വരാണ്, അനുട്ടി പിറകിലുണ്ട്....

പിറ്റേന്ന് രാവിലെ എണീറ്റു കുളത്തിലേക്കു പോകുംവഴി നോക്കി വഴീലെങ്ങാനും ആ കണ്ണുകൾ... ഭാഗ്യം ഇല്ല, കുളികഴിഞ്ഞു വരുമ്പോൾ മുന്നിൽ പ്രത്യക്ഷപെട്ടു, ഓടാൻ നോക്യപ്പോ തടഞ്ഞു.. 

‘‘ ഈ കളി ന്നോട് വേണ്ടാട്ടോ’’

‘‘ ന്തു കളി, ?’’

‘‘ഹോ ഒന്നും ഇല്ലേ’’ കൈ തൊഴുതുകൊണ്ട് ഞാൻ നിന്നു.... 

‘‘കുട്ടി, ന്നെ ഒന്ന് സർപ്പക്കാവിൽ കൊണ്ടുവോ, എല്ലാരും പറയുന്നു കുട്ടിയാണ്‌ നേതാവെന്ന് !’’

‘‘കൊണ്ടു പോണില്ല, ആരേം, നിക്കിവിടെ പിടിപ്പത് പണിയുണ്ടേ, പാട്ടുപാടി മയക്കി ഒന്നും ചെയ്യാണ്ടിരിക്കാൻ വയ്യല്ലോ...’’

‘‘ഓഹോ അപ്പൊ വെച്ചതാണല്ലേ, ശരിക്കും ഇഷ്ടായി ട്ടോ, അല്ല.... ആ പറഞ്ഞത് !’’

ഹും ! തിരിഞ്ഞു നടന്നു ഞാൻ. 

പെങ്കൊട... ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ വല്യ ചുവടുവയ്പ്പ്...

നാലുകെട്ടിലിരുന്നു കൺനിറയെ കണ്ടു. കാശു മാലേം, അഷ്ടലക്ഷ്മി വളേം ഒക്കെ ഇട്ടു, ദാവണിയും ചുറ്റിയതുകൊണ്ട് ഞാനും വല്യ പെണ്ണായി എന്ന ഭാവത്തിൽ!

‘‘അത്രേം ബലം പിടിക്കേണ്ട’’

തിരിഞ്ഞു നോക്കുമ്പോൾ ആള്... 

‘‘കുട്യോപ്പയോട് ആണ് പറയുന്നത് എന്നു പറയു അനുകുട്യേ...... ബലം ഇശ്ശിരി കുറയ്ക്കാൻ’’

‘‘കുട്യോപ്പ പിണക്കത്തിലാ, മിണ്ടില്ല’’

‘‘അതെന്താ പിണക്കം, ഞാൻ ആണോ പിണക്കത്തിന് കാരണം?’’

‘‘അല്ല, മുല്ലപ്പൂ കിട്ടിയില്ല, അതുകൊണ്ട്’’

‘‘ഓഹോ അത് വല്യ കഷ്ടയല്ലോ’’

പിന്നെ കുറച്ചു നേരത്തേക്ക് ആളുടെ ശബ്ദം കേട്ടില്ല, അനുകുട്ടി തോണ്ടി വിളിച്ചപ്പോ തിരിഞ്ഞു നോക്കി,  ദാ ആള്... കൈ കൊണ്ട് മുകളിലേക്കു വരാൻ പറഞ്ഞു, എന്നിട്ട് കയറിപ്പോയി.

‘‘ഞാൻ പോവില്യ, അല്ല പോവാം, വിളിച്ചിട്ട് പോവാഞ്ഞാൽ പ്രശ്നാവും, മുത്തശ്ശിടെ പാട്ടുകാരന്’’

അവിടെ മൂളിപ്പാട്ടും പാടി കണ്ണാടിടെ മുന്നില്,  ‘‘ഇങ്ങോട് വാ, ന്നിട്ട് ഇവിടെ ഇരിക്ക്’’

‘‘എന്തിന് ?’’ ആദ്യം അറിഞ്ഞിട്ട് ഇരിക്കാം എന്നുകരുതി ഞാൻ ചോദിച്ചു.. 

‘‘അധികം ചോദ്യോന്നും വേണ്ട..’’

പിന്നെ നോക്കിയില്ല,  ഇരുന്നു,  ഒരു പൊതി നിറയെ മുല്ലപ്പൂ...

‘‘ ആഹ് ഇതേവ്ട്ന്നാ...’’ സന്തോഷം കൊണ്ട് മുഖം തിളങ്ങി 

‘‘ അപ്പം തിന്നാൽ പോരെ,  കുഴി എണ്ണണോ?’’

മുടിയിൽ ഭംഗിയായി വെച്ചു തന്നു, ഇത് എവിടുന്നാ ഇങ്ങനെ കെട്ടാനൊക്കെ പഠിച്ചത് എന്ന് ഞാൻ പിന്നേം ചോദിച്ചുപോയി... 

‘‘രണ്ടു ചേച്ചിമാർ ഉണ്ട്, അവരുടെ ശിക്ഷണം ആണ്... ജീവിക്കണ്ടേ ഭദ്രേ...’’

‘‘ശ്രീയേട്ടൻ..... !’’ അങ്ങിനെ വിളിച്ചപ്പോ പിന്നേം നാണം കയറിവന്നു...

‘‘ഇപ്പൊ ന്താ വിളിച്ചേ, ഒന്നൂടി വിളിക്കു...’’

‘‘ഞാ...ഇല്ല... ഞാൻ വിളിക്കില്ല ’’

‘‘ഇഷ്ടായി ട്ടോ, ശ്രീയേട്ടാ ന്നു വിളിക്കില്ലേ?’’

‘‘ഇപ്പോഴോ?’’ ഇപ്പൊ വിളിക്കാനായാലും ഞാൻ വിളിക്കാം എന്ന മട്ടിൽ ഞാനും.

‘‘കുട്ട്യേ ഞാൻ പെങ്കൊട കഴിച്ചു കൊണ്ടുപോയിട്ട്, പിന്നേ എന്നും !’’

രണ്ടു കൈകൊണ്ടും മുഖം പൊത്തി, വയ്യ!... ആ മുഖത്ത് നോക്കുമ്പോഴേ....

‘‘ഞാൻ എല്ലാം കാണുന്നുണ്ടേ...’’  അനുട്ടി ആണ്, കുറുമ്പി... 

‘‘ ഞാൻ പറയും എല്ലാരോടും’’

‘‘ എന്ത് ?’’

‘‘കുട്യോപ്പേടെ മുടീലു മുല്ലപ്പൂ!’’

ശോ ഈ പെണ്ണ്.... അവിടെ നിക്ക്, ഞാൻ അവളുടെ പിറകെ താഴേക്ക് ഓടി...

അന്നു ശ്രീയേട്ടൻ പിന്നേം പാടി കൊറേ പാട്ടുകൾ, എല്ലാർക്കും വേണ്ടി എന്ന ഭാവത്തിൽ എനിക്കുവേണ്ടി, നാണം കൊണ്ട് ചുവന്നു തുടുക്കുന്ന എന്നെ പിന്നേം പിന്നേം നോക്കി നിന്നു.

ഞാൻ കല്യാണിയോട് കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അകത്തു നിന്നു കേട്ടു പിന്നേം പാട്ട്.

‘‘അനുരാഗിണി നിനക്കടയാളമായിത്തന്ന, കനകാംഗുലീയം കളഞ്ഞുപോയോ...’’

‘‘ഇല്ല കളഞ്ഞു പോയിട്ടില്ല, എന്റെ മോതിരവിരലിൽ എന്നോട് ചേർന്നു കിടപ്പുണ്ട്.!’’

‘‘അന്നു വല്യേട്ടത്തീടെ പെങ്കൊട കൂടാൻ പോയ ഞാൻ തിരിച്ചുവന്നത് ദാ ഈ മോതിരവും കൊണ്ടാണ്.!’’

‘‘ശോ എനിക്കിത് കേട്ടിട്ടു, നിങ്ങൾ രണ്ടാളും ആളുകൊള്ളാലൊ..!’’ കല്യാണിക്കു തന്നെ നാണം വന്നു.

അപ്പഴും ആ പാട്ട് കേൾക്കുന്നുണ്ടായിരുന്നു 

‘‘എവിടെയോ വച്ചു, മറന്നോതൻ മാണിക്യം തിരയുന്ന നാഗമായലയുന്നു ഞാൻ.... അനുരാഗിണീ...!’’

English Summary: Kuttiyoppode Sreeyettan, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;