ADVERTISEMENT

ചില ഭൂതകാല സ്മരണകൾ (ഓർമ്മകുറിപ്പ്)

 

ഈ മഴക്കാലവും കടന്നു പോകുന്നത് നോവിപ്പിക്കുന്ന കുറച്ചോർമ്മകൾ നൽകി കൊണ്ടാണ്..

 

കഴിഞ്ഞ പ്രാവശ്യം വീട്ടിലേക്ക് വിളിച്ചപ്പോഴാണ് വീട്ടിലെ ഒരു അംഗത്തെ പോലെ എന്തിനും ഏതിനും സഹായവുമായി ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന കുഞ്ഞമ്മ വിട വാങ്ങിയത് അറിഞ്ഞത്. കുഞ്ഞമ്മ എന്നാണ് ഞങ്ങൾ എല്ലാവരും അവരെ വിളിച്ചിരുന്നത്. പ്രായാധിക്യം കൊണ്ടുള്ള മരണം ആയിരുന്നില്ല അത്.. അപകട മരണമായിരുന്നൂ എന്ന് അമ്മയിൽ നിന്നും അറിഞ്ഞു.. സ്ഥിരം കൊടുങ്ങലൂർ ഭരണിക്ക് പോകുമായിരുന്നൂ കുഞ്ഞമ്മ പോകുമ്പോൾ വീട്ടിൽ വന്ന് എല്ലാവരോടും യാത്ര പറയുകയും, കൈ ‌നിറയെ ഈന്ത പഴവും ഹൽവയും ഒക്കെ ആയി മടങ്ങി എത്തി അത് വീട്ടിൽ ഏല്പിച്ചാണ് കുഞ്ഞമ്മ സ്വന്തം വീട്ടിലേക്കു പോലും പോകുന്നത്. 

 

കുഞ്ഞമ്മയെ പറ്റി ഒരുപാടു നിറമുള്ള ഓർമ്മകൾ ഉണ്ടെങ്കിലും മനസ്സിലേക്ക് ആദ്യം ഓടി എത്തുന്നത് ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴുള്ള എന്റെ പിറന്നാൾ ദിനം ആണ്..

പിറന്നാൾ ദിനത്തിൽ മാത്രമാണ് യൂണിഫോമിൽ നിന്ന് മോചനം ലഭിക്കുന്നത്. അത് കൊണ്ട് തന്നെ ആരും ആ അവസരം പാഴാക്കാറില്ല. തലേ ദിവസം തന്നെ ചോക്ലേറ്റ് വാങ്ങുന്ന കാര്യം അമ്മയെയും അച്ഛനെയും ഓർമ്മിപ്പിച്ചെങ്കിലും രാവിലെ തന്നെ കുഞ്ഞമ്മയെ വിട്ടു ചോക്ലേറ്റ് മേടിപ്പിച്ചു തരാമെന്നു പറഞ്ഞ് എന്നെ സമാധാനിപ്പിച്ചൂ.. പിറന്നാൾ ദിനത്തിൽ രാവിലെ നേരത്തെ തന്നെ കുളിച്ചൊരുങ്ങി അലമാരയിൽ നിന്ന് ഏറ്റവും പുതിയ വസ്ത്രം തന്നെ എടുത്തു ധരിച്ചു സ്കൂളിൽ പോകാനായി തയാറായി നിന്നെങ്കിലും ചോക്ലേറ്റ് വാങ്ങാനായി പോയ കുഞ്ഞമ്മ മടങ്ങി എത്തിയില്ല. നേരം വൈകുന്നത് കണ്ടപ്പോൾ അമ്മ പറഞ്ഞു ‘‘ഇനി കാക്കണ്ട നടന്നോ.. ഇല്ലേൽ സ്കൂൾ ബസ് പോകും.. വഴിയിൽ വെച്ച് എന്തായാലും കുഞ്ഞമ്മയെ കാണാതിരിക്കില്ല ..’’ 

 

അങ്ങനെ പാതി വഴിയിൽ വെച്ച് കുഞ്ഞമ്മയെ കണ്ടൂ. പ്രതീക്ഷയോടെ കുഞ്ഞമ്മയുടെ കയ്യിലേക്ക് നോക്കി.. നോക്കുമ്പോൾ ന്യൂസ്പേപ്പറിൽ ചൂടി കയറു കൊണ്ട് പൊതിഞ്ഞ രീതിയിൽ കുറച്ചു മിഠായി.. തുറന്നു നോക്കിയപ്പോൾ നാരങ്ങാ മിട്ടായി.. ‘‘ദൈവമേ..’’ എന്ന് വിളിച്ചു പോയി ഞാൻ... ഇത് എങ്ങനെ ക്ലാസ്സിൽ കൊണ്ടോയി പിള്ളേർക്കും ടീച്ചേഴ്സിനും കൊടുക്കും..തിരികെ വീട്ടിൽ ചെന്ന് ഡ്രസ്സ് മാറി യൂണിഫോം ധരിച്ചു പോകാനുള്ള സമയവും ഇല്ല. .അനിയൻ സമാധാനിപ്പിച്ചൂ ‘‘സാരമില്ല നീ ഇത് വെച്ച് അഡ്ജസ്റ്റ് ചെയ്യ്‌..’’ അഡ്ജസ്റ്റ് ചെയ്യാനോ.. ഇത് വെച്ചോ.. എങ്ങനെ.. ഇവനെന്താ ഈ പറയുന്നേ.. 

 

എന്തായാലും രണ്ടും കൽപ്പിച്ച് അതുമായി സ്കൂളിലേക്ക് പോയി.. ക്ലാസ്സിൽ ചെന്ന് സുഹൃത്തുക്കളോട് പറഞ്ഞു.. അങ്ങനെ ഞങ്ങൾ എല്ലാവരും ഒരുവിധം അതിന്റെ പൊതി ഒക്കെ ഊരി ഒരു പേഴ്‌സിലോട്ട് മാറ്റി.. ടീച്ചർ ക്ലാസ്സിൽ എത്തി എല്ലാവരോടും ഇന്ന് ഗ്രീഷ്മയുടെ ബർത്ഡേ ആണ് എന്നെല്ലാം അറിയിച്ചൂ.. അങ്ങനെ എല്ലാവരും ബർത്ഡേ പാട്ടൊക്കെ ഉഷാറായി പാടി.. അങ്ങനെ ഞങ്ങൾ പേഴ്‌സിലേക്കു മാറ്റിയ നാരങ്ങ മിട്ടായി പതിയെ ഞാൻ ആ സമയം ബാഗിന് പുറത്തെടുത്തു. ഫസ്റ്റ് ബെഞ്ചിൽ ആദ്യം ഇരിക്കുന്ന ആൾക്ക് കൊടുത്തൂ.. പണ്ട് ജയറാം നായകനായി എത്തിയ മേലേ പറമ്പിലെ ആൺവീട് എന്ന സിനിമയിൽ കഞ്ഞി വിളമ്പി കൂടെ എല്ലാവർക്കും ഓരോ മുളകു കൂടെ അതിലെ'അമ്മ കഥാപാത്രം കൊടുക്കുമ്പോൾ അത് മേടിച്ചു കൊണ്ടുള്ള മക്കളുടെയും ഭർത്താവിന്റെയും പോലെ ഉള്ള പ്രതികരണമായിരുന്നൂ എല്ലാവരുടേം മുഖത്ത്.. നാരങ്ങ മിട്ടായി തിരിച്ചും മറിച്ചും നോക്കും കൂടെ എന്നെയും... ഞാൻ ഇതൊന്നും കാണുന്നെ ഇല്ല എന്ന മട്ടിൽ അടുത്ത ആളുകൾക്ക് വിതരണം ചെയ്തു കൊണ്ടേ ഇരുന്നൂ.. പിന്നെ അന്ന് പരിചയമുള്ള പലരെ കണ്ടപ്പോഴും മിട്ടായി കൊടുക്കാതിരിക്കാൻ ഒളിച്ചു നടന്നതും ഒക്കെ വർഷങ്ങൾ കഴിഞ്ഞെങ്കിലും മിക്കപ്പോഴും ഓർത്തു ചിരിക്കാറുണ്ട്..

 

ഇനി ആ ഓർമ്മകൾ ഒക്കെ സമ്മാനിച്ച കുഞ്ഞമ്മ ഞങ്ങളോടൊപ്പം ഇല്ല.. കൊടുങ്ങല്ലൂർ ഭരണി കഴിഞ്ഞ് അതിന്റെ വിശേഷങ്ങൾ ഒക്കെ പറഞ്ഞെത്താൻ.. നാട്ടിൽ അവധിക്കു പോകുമ്പോൾ വാ തോരാതെ വിശേഷങ്ങളുമായി വരാൻ.. ഇനി കുഞ്ഞമ്മ ഇല്ല.. ചില വിടവാങ്ങലുകൾ ജീവിതത്തിലും ഹൃദയത്തിലും വലിയ വിടവുകളാണ് ഉണ്ടാക്കുന്നത്‌.. 

 

English Summary : Memoir written by Greeshma Kollanghat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com