ADVERTISEMENT

ഉറക്കമില്ലാത്ത രാത്രി (കഥ)

 

എന്നത്തേയും പോലെ ഇന്നും ഹോട്ടലിൽ നിന്നായിരുന്നു അവൻ ഭക്ഷണം കഴിച്ചത്, ഇൻകം ടാക്സ് ഓഫീസിലെ തിരക്ക്, കഴിഞ്ഞ ഒരാഴ്ച കൂടുതൽ ആയതുകൊണ്ട് വീട്ടിൽ എത്തുമ്പോൾ ഉള്ള ക്ഷീണം സ്വതവേ പാചകം ചെയ്യാനുള്ള അവന്റെ മടിയെ ഒന്നുകൂടെ കൂട്ടിയതിൽ അവന് അത്‍ഭുതം ഒരിക്കലും തോന്നിയിരുന്നില്ല, വർഷങ്ങൾക്കു മുൻപ് ജീവിതം ഒറ്റയ്ക്ക് ജീവിച്ചു തീർക്കും എന്ന ഭീഷ്മ ശപഥം എടുത്തപ്പോൾ അവൻ ഇതൊക്കെ മുൻകൂട്ടി കണ്ടിരുന്നു എന്നു വേണം പറയാൻ. വയസ്സ് 30 കഴിഞ്ഞു എങ്കിലും ഒറ്റക്കുള്ള ഈ ജീവിതം അവന് പലപ്പോഴും ആനന്ദം പകർന്നിരുന്നു.  

 

പക്ഷേ ദൈവഹിതം എപ്പോഴും ഒരു മനുഷ്യന്റെ ഒപ്പം നിൽക്കണം എന്നില്ലല്ലോ, അന്ന് ബൈക്കിൽ തിരികെ വരുന്നതിന്റെ ഇടയിൽ വഴി അരികിൽ ഉള്ള ബസ് സ്റ്റോപ്പിൽ ഒരു സ്ത്രീ നിൽക്കുന്നതായി അവന്റെ ശ്രദ്ധയിൽ പെട്ടു, ഒരു നിമിഷം 10 വർഷങ്ങൾക്കു മുൻപ് അവസാനിച്ചു എന്ന് കരുതിയ അധ്യായം വീണ്ടും തുടങ്ങിയതായി അവനു തോന്നി. ബസ് സ്റ്റോപ്പിന് കുറച്ചു മുൻപിൽ അവൻ പോലും അറിയാതെ അവൻ ബൈക്ക് നിർത്തി പോയി, തിരിഞ്ഞ് ആ സ്ത്രീയെ നോക്കിയപ്പോൾ അവന് നിരാശൻ ആകേണ്ടി വന്നു,  അവൻ മനസ്സിൽ വിചാരിച്ച ആൾ ആയിരുന്നില്ല അത്. ഒന്നും സംഭവിക്കാത്ത മട്ടിൽ അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് അവിടെ നിന്നു പോന്നു. വീട്ടിൽ തിരികെ എത്തിയതും ഓഫീസിലെ തിരക്കുകളെക്കാൾ അവനെ വലച്ചത് അവൻ കണ്ട കാഴ്ച ആയിരുന്നു. ആൾ മാറി പോയിരുന്നു എങ്കിലും ഒരുപാട് കാലമായി അവന്റെ മനസ്സിലേക്കു വരാതെ ഇരുന്ന, മറന്നു എന്ന് കരുതിയിരുന്ന അവളുടെ ഓർമ്മകൾ വീണ്ടും രംഗ പ്രവേശം ചെയ്തത് അവനെ ശല്യപ്പെടുത്താൻ തുടങ്ങി. വെപ്രാളം കുറക്കാനായി കുറച്ചു നേരത്തേക്ക് അവൻ കിടന്നു. പക്ഷേ പത്ത് വർഷങ്ങൾക്കു മുൻപ് നടന്ന സംഭവങ്ങൾ അവന്റെ മനസ്സിലേക്ക് വീണ്ടും വീണ്ടും വന്നുകൊണ്ടേ ഇരുന്നു.

 

ഡിഗ്രിക്ക് എൻഎസ്എസ് കോളേജിൽ ചേർന്ന അന്ന് പരിചയപ്പെട്ടതാണ് അവൻ അമൃതയെ, അവന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നെങ്കിലും അവനെക്കാൾ മൂന്നു വയസ്സിനു മൂത്തതായിരുന്നു അവൾ. പൊതുവെ പെൺകുട്ടികളോട് സംസാരിക്കാത്ത ആളായിരുന്നു അവൻ. അവർ തമ്മിൽ ആദ്യം സംസാരിക്കുന്നത് പഠനസംബന്ധമായി അവൾ ഒരു സംശയം ചോദിക്കാൻ അവനെ സമീപിച്ചപ്പോൾ ആയിരുന്നു. കഷ്ടിച്ച് 5 സെക്കന്റ്‌ മാത്രം നീണ്ടു നിന്ന ആ സംസാരം പക്ഷേ, അവന് അവളോട്‌ പ്രണയം തോന്നിക്കാൻ കെല്പുള്ളതായിരുന്നു എന്ന് വൈകി ആണ് അവൻ മനസ്സിലാക്കിയത്. പിന്നീടങ്ങോട്ട് പല തവണ അവർ തമ്മിൽ സംസാരിച്ചപ്പോളും അവൾ അടുത്തുവരുമ്പോളും എല്ലാം അവന്റെ മനസ്സിൽ ഒരു തരം വെപ്രാളം ആയിരുന്നു. പക്ഷേ അത് പ്രണയം ആണെന്ന് സമ്മതിച്ചു കൊടുക്കാൻ അവൻ തയാർ ആയിരുന്നില്ല. 

 

അമൃതയും അവനും തമ്മിലുള്ള പ്രായവ്യത്യാസം തന്നെ പ്രധാന കാരണം. പെൺകുട്ടികളോട് ആകർഷണം തോന്നുന്നത് അവന് പുതുമയുള്ള കാര്യം ആയിരുന്നില്ല. 17 വയസ്സാകുന്നതിനു മുൻപു തന്നെ അവന് പത്തോളം പെൺകുട്ടികളോട് അത് തോന്നിയിരുന്നു. ഇപ്പോൾ തോന്നുന്നതും അവന് മുൻപ് മറ്റുള്ളവരോട് തോന്നിയത് പോലെ ഒരു ആകർഷണം ആയി തള്ളി കളയാനായിരുന്നു തോന്നിയത്. എത്രത്തോളം അവളുടെ ഓർമ്മകൾ അവനെ വലയം ചെയ്യാൻ തുടങ്ങിയോ, അത്രത്തോളം അവൻ അതിനെ എതിർക്കാൻ തുടങ്ങി. എങ്കിലും പലപ്പോഴും അവൻ അതിൽ വിജയിച്ചിരുന്നില്ല. 

 

ഒരു പെൺകുട്ടിയോട് പ്രണയം തോന്നി കഴിഞ്ഞാൽ ചില ആണുങ്ങൾ കരുതുന്നതു പോലെ, അമൃത  അവനോട് ഇടയ്ക്കിടയ്ക്ക് സംസാരിക്കുന്നത് അവനോടുള്ള താല്പര്യം കൊണ്ടാണെന്നുള്ള മിഥ്യാധാരണ അവന്റെ മനസ്സിലേക്ക് കടന്നുകൂടാൻ തുടങ്ങി പതിയെ പൊസ്സസീവ്നെസ്സിന്റെ അംശവും അതിലേക്കു വന്നു ചേർന്നു, അമൃതയോടു തന്റെ ഇഷ്ടം തുറന്നു പറയാൻ അവന് താല്പര്യം ഇല്ലായിരുന്നു എന്നു മാത്രമല്ല അവൾ മറ്റു ആണുങ്ങളോട് സംസാരിക്കുന്നത്തുതു ചില സമയങ്ങളിൽ അവനെ ദേഷ്യം പിടിപ്പിക്കാൻ തുടങ്ങി. താൻ ഒരു അപകടകരമായ അവസ്ഥയിലേക്ക് പോയേക്കാം എന്ന് തോന്നിത്തുടങ്ങിയ അവൻ, അമൃതയിൽ  നിന്നും ഒരുപാട് അകലാൻ തുടങ്ങി. ജീവിതകാലം മുഴുവൻ ഇത് ആരും അറിയരുത് എന്ന് അവന് നിർബന്ധം ഉണ്ടായിരുന്നു.  

 

അങ്ങനെയിരിക്കെ രണ്ടാം വർഷം അവസാനം ആയപ്പോഴേക്കും വീണ്ടും അവൻ അവളുമായി അടുക്കാൻ തുടങ്ങി, പ്രായത്തിന്റെ വ്യത്യാസത്തെയോ അവന്റെ പോരായ്മകളെയോ ഒന്നും അവന് പേടി തോന്നിയില്ല. പൊതുവേ അവളുടെ മുഖത്ത് നോക്കാൻ ധൈര്യം ഇല്ലാതിരുന്ന അവൻ അന്നൊരിക്കൽ,  ക്ലാസ്സിൽ വച്ച് ആദ്യമായി അവളുടെ മുഖത്തേക്കു കുറച്ചു നേരം അവൾ അറിയാതെ നോക്കി ഇരുന്നു പോയി. താൻ ഇന്നേ വരെ കണ്ടതിൽ വച്ച് ഏറ്റവും സുന്ദരി അവൾ ആണെന്ന് അവന് ആദ്യമായി തോന്നിപോയി. 

 

മൂന്നാം വർഷ ക്ലാസ്സ്‌ തുടങ്ങിയതോടെ ഇതുവരെ ചെയ്യാത്ത രീതിയിൽ അവൻ അമൃതയെ അറിയാൻ ശ്രമിച്ചു, സ്വഭാവം കൊണ്ട് പരിശുദ്ധ അല്ലായിരുന്നു എങ്കിലും അവന്റെ താല്പര്യം കുറഞ്ഞില്ല, ചില രാത്രികളിൽ അവൾ അവന്റെ സ്വപ്നത്തിൽ വന്നുകൊണ്ടേ ഇരുന്നു. 

 

ആ വർഷം ഒക്ടോബറിൽ, കോളേജിലെ ഫിസിക്സ്‌ ഡിപ്പാർട്മെന്റിൽ നടന്ന പവർ ക്വിസിന്റെ പ്രാഥമിക ഘട്ട മത്സരം നടന്നു. ഭാഗ്യമോ നിർഭാഗ്യമോ എന്നറിയില്ല, കോണ്ടെസ്റ്റിന്റെ രണ്ടാം ഘട്ടത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടത് അവനും അമൃതയും ആയിരുന്നു. അതുവരെ വാങ്ങിക്കാൻ തോന്നാതെ ഇരുന്ന അവളുടെ ഫോൺ നമ്പർ കിട്ടിയതും ക്വിസ് കോണ്ടെസ്റ്റുമായി ബന്ധപ്പെട്ടു മെസ്സേജുകൾ അയക്കാൻ പറ്റിയതും അടുപ്പം വല്ലാതെ വർധിപ്പിച്ചു. ഓരോ തവണ അവളുടെ മറുപടികൾക്കായി കാത്തിരിക്കുന്നതിന് ഒരു പ്രത്യേക സുഖം ഉണ്ടെന്ന് അവൻ മനസ്സിലാക്കി. എല്ലാത്തിലും ഉപരി അവളുടെ സ്വഭാവവും പെരുമാറ്റരീതിയൊക്കെ അംഗീകരിക്കാൻ കഴിഞ്ഞത് തനിക്ക് അവളോട്‌ തോന്നിയത് പ്രണയം തന്നെ ആകാം എന്ന് തോന്നിച്ചു. 

 

ക്വിസ് കോണ്ടസ്റ്റിന്റെ രണ്ടാം റൗണ്ടിൽ അവർ തോറ്റുപോയി എങ്കിലും, അവളോട്‌ തന്റെ താല്പര്യം തുറന്നു പറയാൻ അവൻ തയാറായി, ഒരു പ്രൊപോസൽ ആയിരുന്നില്ല അവന്റെ ഉദ്ദേശം. തന്റെ ഇഷ്ടം അവളെ അറിയിക്കുക. ബാക്കി എന്തുവേണം എന്ന് അവൾ തീരുമാനിക്കട്ടെ, അതായിരുന്നു അവന്റെ നിലപാട്. അങ്ങനെ തന്റെ ഇഷ്ടം മെസ്സേജിലൂടെ അവളെ അറിയിച്ചു മറുപടിക്കായി അവൻ കാത്തിരുന്നു,  

 മിനിറ്റുകൾക്കകം വളുടെ മറുപടി വന്നു;  

 

‘‘ഐ ആം സോറി വൈഭവ്, നിനക്ക് എന്നോട് ഇങ്ങനെ ഒരു താല്പര്യം ഉള്ള കാര്യം എനിക്കറിയില്ലായിരുന്നു, പക്ഷേ ഞാൻ മറ്റൊരാളുമായി 6 വർഷത്തിലധികമായി പ്രണയത്തിലാണ്,  എന്റെ ലൈഫ് പാർട്ണർ ആയി എനിക്ക് അയാളെ അല്ലാതെ മറ്റൊരാളെ കാണാൻ കഴിയില്ല, റിയലി  വെരി സോറി’’  

 

‘‘കുഴപ്പം ഇല്ല,  ഇക്കാര്യം നിന്നെ ഒന്ന് അറിയിക്കുക എന്ന് മാത്രമേ ഞാൻ ഉദ്ദേശിച്ചിരുന്നുള്ളു’’,  എന്ന് അവൻ പറഞ്ഞു.  

 

‘‘വൈഭവിനായി എന്നെക്കാൾ നല്ല ഒരു പെൺകുട്ടി എവിടെയെങ്കിലും കാത്തിരിക്കുന്നുണ്ടാവും’’ ഇത്രയും പറഞ്ഞ് അവൾ ആ ചാറ്റ് അവസാനിപ്പിച്ചു.  

 

മനസ്സിൽ ആദ്യം ഒരു ശൂന്യത അനുഭവപ്പെട്ടെങ്കിലും, പിന്നീട് അവളുമായി ബന്ധപ്പെടുള്ള പലതരം ചിന്തകൾ മനസ്സിലൂടെ അതിവേഗം കടന്നു പോയി.  

 

ഒരു തരം  വെപ്രാളവും മനപ്രയാസവും അവനെ മൂടാൻ തുടങ്ങി. പ്രണയം നേടുന്നതുപോലെ തന്നെ മഹത്തരമാണ് പ്രണയം വിട്ടുകൊടുക്കുന്നത് എന്ന് അവൻ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ കുറച്ചു ദിവസത്തേക്ക് അവന് ആദ്യം അനുഭവിച്ച വെപ്രാളം അനുഭവിക്കേണ്ടി വന്നുള്ളൂ. 3 മാസത്തിനകം കോഴ്സ് അവസാനിച്ചു. ഫിസിക്സിൽ അവൻ നല്ല മാർക്കോടെ പാസ്സ് ആയി. എല്ലാ കൗമാരക്കാരേയും പോലെ തന്നെ ഒരു ജോലി കണ്ടെത്താൻ അവൻ നന്നേ പാടുപെട്ടു,  കോഴ്സ് കഴിഞ്ഞു ആദ്യ നാളുകളിൽ അമൃതയുടെ  ഓർമ്മകൾ പലതവണ അവന്റെ മനസ്സിലേക്ക് കടന്നു വന്നുകൊണ്ടേ ഇരുന്നു. അവൾക്കു  മറ്റൊരാളെ ഇഷ്ടമാണെന്ന് അറിയാമായിരുന്നിട്ടുകൂടി അവന് ആ ഓർമകളെ ഒഴിവാക്കാൻ കഴിഞ്ഞില്ല, അവൾ ഒരിക്കലും തന്റേതാകില്ല എന്ന ധാരണയോടെ അവൻ ജീവിതം മുൻപോട്ടു തള്ളി നീക്കി. പിന്നീട് പഠിച്ച് ഇൻകം ടാക്സ് ഡിപ്പാർട്മെന്റിൽ ഉദ്യോഗസ്ഥൻ ആയി. തന്റെ ജോലിയെകുറിച്ചുള്ള ചിന്ത മനസ്സിലേക്ക് ഒരുപാട് കടന്നു കൂടിയതിനാൽ അവൻ പതുക്കെ അവളെ മറന്നു.  

 

അന്ന് രാത്രി അവന് ഉറക്കം വന്നില്ല. സന്ധ്യക്ക്‌ തുടങ്ങിയ ഓർമകളുടെ പ്രവാഹം അപ്പോഴും നിലച്ചിരുന്നില്ല. ഒരുപാട് നേരം കഴിഞ്ഞപ്പോൾ അവന്റെ മനസ്സിലേക്ക് ഒരു ചോദ്യം കടന്നു വന്നു. തനിക്ക് ഇത്ര നാളായി ഒറ്റയ്ക്ക് ജീവിക്കാൻ കഴിയുന്നത് പണ്ട് എടുത്ത ശപഥംകാരണമാണോ, അതോ അമൃതായല്ലാതെ തനിക്കു യോജിച്ച ഒരു പാർട്ണറിനെ കിട്ടില്ല എന്ന ധാരണ താൻ പോലും അറിയാതെ മനസ്സിൽ കയറികൂടിയിരുന്നതുകൊണ്ടാണോ?  

 

English Summary: Urakkamillatha Rathri, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com