അങ്ങനെ അറുപത്തെട്ടാം വയസ്സിലും ഞാൻ ഒരു കൊച്ച് പ്രണയിനിയായി !

senior-couple
Representative Image. Photo Credit : Ruslan Huzau / Shutterstock.com
SHARE

പ്രഥമാനുരാഗം പോലെ (കഥ) 

ചിത കത്തിയമരുന്ന ശബ്ദത്തിൽ പോലും എന്റെ അവ്യക്തമായ പിറുപിറുക്കൽ ഒരു മടിയുമില്ലാതെ തുടർന്നുകൊണ്ടിരുന്നു. 

- ‘‘അവരെ കത്തിക്കുന്നത് ഇഷ്ടമല്ല ‘‘അലോയുടെ കത്തുകൾ’’ എന്ന അവസാന  നോവലിലും വളരെ വ്യക്തമാക്കിയിട്ടുണ്ട്,  എന്നിട്ടും ഈ മണ്ടന്മാർ എന്തൊക്കെയാണ് കാണിച്ച് കൂട്ടുന്നത് ?’’

‘എന്റെ അമ്മയ്ക്ക് എന്നെ ഒരുപാട് ഇഷ്ടമായിരുന്നു... അച്ഛനെ ഇത്രയും സ്നേഹിച്ച അമ്മ ഇനി അച്ഛന്റെ കൂടെ ഒരുമിച്ച് സന്തോഷിക്കട്ടെ...’

അവരുടെ മകൻ ആയതിനാൽ അൽപം ബുദ്ധി ഞാൻ പ്രതീക്ഷിച്ചിരുന്നു... കഷ്ടം ! ആ മകനെ നിശബ്ദമായി പുച്ഛിക്കാനേ കഴിയുന്നുള്ളൂ. 

‘‘എടാ മണ്ടൻ ഡാക്കിട്ടരേ... അവർ നിന്റെ അച്ഛനെപ്പോലും മനസ്സിൽ  സ്നേഹിചിച്ചിട്ടില്ല, അവർ സ്നേഹിച്ചത് കഥാപാത്രങ്ങളെയാണ്. എന്നെപ്പോലെ ജീവനുള്ള കഥാപാത്രങ്ങളെ.’’

*******    *******    *******     ********

- ദേവമ്മ... നിങ്ങൾക്ക് ഒട്ടും വയ്യെങ്കിൽ നടക്കണമെന്നില്ല. നമുക്ക് അൽപ്പം ഇരിക്കാം. കൂടുതൽ നടന്നാലും ഇതൊക്കെ തന്നെയേ കാണാനുള്ളൂ. കടലല്ലേ കരളേ.... നടന്നാലും നടന്നാലും ഈ തിരമാലകളും, ഇരമ്പുന്ന ശബ്ദവും, കച്ചവടക്കാരുടെ വയറ്റിപ്പിഴപ്പിനായുള്ള പുകഴ്ത്തലുകളും, ഉയർന്നുപൊങ്ങുന്ന പട്ടങ്ങളെക്കുറിച്ചുള്ള കുട്ടികളുടെ ആശങ്കയും, അടുത്ത യജമാനനെ സവാരിക്ക് കയറ്റാൻ കാത്തിരിക്കുന്ന കുതിരയുടെ മുഷിച്ചിലും  പിന്നെ കുറെ വ്യത്യസ്തമായ ചിന്താഭാരങ്ങളുമായി സമ്മിശ്രം കൂടിച്ചേർന്ന വിയർപ്പ് മണവും. 

പിന്നെ... പിന്നെ.. അവരുടെ വെള്ള പകുത്ത കൃഷ്ണമണിയിലേക്ക് ഞാൻ ധൈര്യമില്ലാതെ നോക്കി. 

നിങ്ങളെപ്പോലെ അതിസുന്ദരിയായ ഒരു അമ്മയും...  ‘സ്ത്രീ’ എന്ന വാക്ക് അതി വിധക്തമായി ഞാൻ വിഴുങ്ങി. 

-      അലോഷി...

ആകാശത്തിന് കീഴിൽ അസാധാരണവും വിചിത്രവുമായ ഒരുപാടു സംഗതികൾ സംഭവിക്കുന്നു. ഇതെല്ലാം ദേ... നോക്ക്, ഈ ആകാശം തന്റെ ഇരുട്ടിൽ ഓരോ രാത്രിയും ഒളിച്ചുവെക്കും. ഈ ഇരുട്ടിലാണ് ഒരു ബന്ധവുമില്ലാത്തവർ തങ്ങളുടെ കൈകൾ കൂട്ടിച്ചേർത്തു പിടിക്കുക. ഈ ഇരുട്ടിലാണ് ഒരു നിമിഷത്തെ ആലിംഗനങ്ങൾ ഉണ്ടാവുക. ഈ ഇരുട്ടിലാണ് സമൂഹം കൽപ്പിച്ചു തന്ന ബന്ധങ്ങൾ അഥവാ ബന്ധനങ്ങൾ മറന്ന് മറന്ന് മനുഷ്യർ സ്ത്രീയും പുരുഷനുമായി മാറുക. 

-     ദേവമ്മ...

ഇതാ ഇവിടെ ഇരിക്കാം. നോക്കട്ടെ.., ഇപ്പോൾ കാൽപ്പാദങ്ങളിൽ മരുന്ന് തേയ്ക്കാത്തത് കാണാനുണ്ട്. ഡോക്ടർ സാർ വരുമ്പോൾ എന്നെയാകും തെറി വിളിക്കുക. മക്കളും കൊച്ചുമക്കളും നാളെ വരുമ്പോൾ ഇവർ എന്നെ മറന്ന് പോകുമായിരിക്കും. ഇനി അവരുടെ നോട്ടങ്ങളെ നേരിടാൻ കഴിയാത്തതിനാൽ ആ പാദങ്ങളിൽ മതിവരുവോളം തഴുകിക്കൊണ്ടിരുന്നു. വിരൽത്തുമ്പുകൊണ്ട് പതിയെ മണത്തു നോക്കി -നെറ്റിയിൽ തേയ്ക്കുന്ന ചന്ദനത്തിന്റെ-പുകക്കറയുടെ -വിയർപ്പിന്റെ -ഉണ്ണിയപ്പത്തിന്റെ -മുറുക്കാന്റെ -കർപ്പൂരത്തിന്റെ  അങ്ങനെ അങ്ങനെ മണങ്ങൾ. 

-  അലോഷി... 

ഇത് പ്രഥമനുരാഗം പോലെ തോന്നുന്നു. നിന്നെപ്പോലെ ഒരു യുവാവിനെ കൂട്ടുകാരനായി ലഭിച്ചതിൽ എന്റെ മകനോട് ഈ അവസരത്തിൽ നന്ദി പറയേണ്ടത്. അവൻ ഒരു മണ്ടൻ ഡാക്കിട്ടർ ആണ്. അങ്ങനെ അറുപത്തെട്ടാം വയസ്സിലും ഞാൻ ഒരു കൊച്ച് പ്രണയിനിയായി. എത്ര ശ്രദ്ധയോടെയാണ് നീ എന്റെ മുടിയിഴകൾ മയിലാഞ്ചി ഇട്ട് ചുമപ്പിക്കാറ്? എത്ര സ്നേഹത്തോടെയാണ് ഡയബെറ്റിക്സ് മൂത്രം മണക്കുന്ന കിടക്ക വിരികൾ ചുരുട്ടിയെടുക്കാറ്.? കഴിഞ്ഞ രാത്രിയിൽ ആസ്മ കടുത്തപ്പോൾ ഇൻഹേലറിന് പകരം നിന്റെ ഇടത്തെ കൈത്തണ്ടയിൽ കിടന്ന എന്റെ ശിരസ്സ് അൽപ്പം തണുത്തതല്ലേ ? വിലകൂടിയ മഴവിൽ വർണ്ണമുള്ള ടാബ്ലെറ്റുകളെക്കാൾ ശക്തിയുണ്ട്, എന്നെ പിടിച്ച് നടത്തുന്ന നിന്റെ കൈകൾക്ക്. നാളെ മുതൽ നീയും ഉണ്ടാകില്ല എന്നത് ഒരു പിടച്ചിലാണ്...

ആദ്യമായി ഞാൻ അവരുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നു.  ഈ സ്ത്രീയോടുള്ള ആദരവും പ്രണയവും ഇനിയെങ്കിലും അറിയിക്കുന്നത് ഉചിതമായിരിക്കും എന്ന് തോന്നി. അവർ ഇരിക്കുന്നതിന് തൊട്ട് താഴെയുള്ള  മൺതിട്ടയുടെ മുകളിലായി മുട്ടുകുത്തി നിന്നു. ആ മുഖത്തിന്റെ ഇരുവശങ്ങളിലായി കോൺ ആകൃതിയിൽ കൈപ്പത്തികൾ ചേർത്ത് പിടിച്ചു. പ്രാണികൾ ഓടിക്കളിക്കുന്ന മഞ്ഞ വെട്ടത്തിൽ അവർ ദേവിക ആയിരിക്കുന്നു. നരച്ച കൺപീലികൾക്കിടയിൽ പൊഴിഞ്ഞു വീണ പീലികളെ കൂട്ടിയോജിപ്പിക്കാൻ വലിച്ച് ചേർക്കുന്ന ‘കർപ്പൂര മഷിയുടെ’ കൂട്ട് എന്നോട് പോലും പറയാൻ വിസമ്മതിച്ചിരുന്നു. എത്ര ആഴമേറിയ ബന്ധത്തിലും ചെറിയ രഹസ്യങ്ങൾ ഒളിപ്പിക്കുന്നത് അവരുടെ ശീലമാണ്. ആർക്കുമുന്നിലും തുറക്കില്ല എന്ന പിടിവാശി. നെറ്റിയിലെ മൂന്ന് വരികൾക്കിടയിലെ പ്രൗഡമായ കറുത്ത വട്ടം... ഒറ്റക്കല്ലുള്ള മൂക്കുത്തിയുടെ പ്രകാശം കൺപോളയ്‌ക്ക്‌ താഴെയുള്ള ചുളുങ്ങിയ തൊലിപ്പുറത്തെ ചിലപ്പോളൊക്കെ മറച്ചുവെക്കുന്ന മന്ത്രവാദവും അവർക്ക് അറിയാം. 

വിറയ്ക്കുന്ന ചുണ്ടുകൾക്കിടയിൽ പുഞ്ചിരിയില്ലാതെ ഒരു നിമിഷംപോലും ഇന്നുവരെ കണ്ടിട്ടില്ല. 

-  പറയൂ... ദേവമ്മ,  അന്ന് സ്വപ്നത്തിൽ കുടജാദ്രിയിലെ പാറക്കെട്ടുകൾക്കിടയിൽ വെച്ച് കണ്ട അപരിചിത യുവാവ് ഞാനല്ലേ ?... 

അന്ന് അവർ വർണ്ണിച്ചപോലെ എന്നാലാവും വിധം ഞാനയാളെ വർണ്ണിച്ചുകൊണ്ടിരുന്നു.  

- അല്ല ! 

അവർ നിഷേധാർത്ഥത്തിൽ ശിരസ്സ് വെട്ടിച്ചു. 

-   ദേവമ്മ... 

ഇത് ഉചിതമായ പ്രവർത്തിയല്ല. നിങ്ങൾ കള്ളം പറഞ്ഞിരിക്കുന്നു. അവർ നിശബ്ദതയെ മുറിച്ചുകൊണ്ട് ശ്വാസം കഴിച്ചുകൊണ്ടിരിന്നു... എന്നാൽ സ്വകാര്യ സംതൃപ്തി വെളിവാക്കുന്ന ആഴമാർന്ന പുഞ്ചിരിയും ആ മുഖത്ത് മിന്നി നിന്നു. അത്‌ എന്നിൽ വീണ്ടും സംശയം ഉണർത്തി. 

-  പിന്നെ അത്‌ ആരാണ് ? എന്റെ ശബ്ദം നിരാശയുടെ പടുകുഴിയിൽ കിടന്ന് നിലവിളിച്ചു. 

-  മറ്റൊരു അലോഷി... മറ്റാരുമറിയാതെ കണ്ണുകൾകൊണ്ട് ആലിംഗനങ്ങൾ ആസ്വദിച്ച ഞാനും അലോഷിയും. കവിളുകളിലെ ചെറിയ കുഴികൾ നീളമുള്ള താടിരോമങ്ങളിൽ ഒതുക്കിയ മറ്റൊരു അലോഷി... 

എനിക്ക് ഉത്തരങ്ങൾ ഒന്നുംതന്നെ ഇല്ലായിരുന്നു. മൂർദ്ധാവിൽ അമർത്തി ചുംബിച്ചുകൊണ്ട് ആ രാസ്നാദിപ്പൊടി മൂക്കിലേക്ക് വലിച്ച് കയറ്റി. ആ ആത്മാവിനെ ആവാഹിച്ചെടുക്കുംപോലെ... 

English Summary: Predamanuragam Pole, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;