ADVERTISEMENT

കാളിയറമ്പിലെ തങ്കമ്മ (കഥ) 

 

കുറ്റിച്ചൂരാനും കുളക്കോഴിയും മാത്രം കയ്യടക്കുന്ന രാത്രികളിൽ തറവാടിന്റെ പിന്നാമ്പുറത്തെ സിമെന്റ് തിണ്ണയിൽ അമ്മ കോരിത്തരുന്ന ചൂട് കഞ്ഞി കുടിക്കാൻ കുന്തക്കാലിൽ കുത്തിയിരിക്കാറുണ്ട്. സന്ധ്യനാമം ചൊല്ലിക്കഴിഞ്ഞാൽ പിന്നെ അടുക്കളപ്പുറത്തെ പാതകത്തിന് മുകളിലേക്ക് ചാടിക്കേറി ഇരുന്ന് അന്നത്തെ അത്താഴത്തിന്റെ കലാപരിപാടികൾക്ക് കമന്റു പറയുക എന്ന ഉത്തരവാദിത്തം ഏറ്റെടുക്കാനായി. കറുത്ത തടിച്ച ന്‍റെ വല്യമ്മായിനെ നിക്ക് ഒത്തിരി ഇഷ്ടാണ്. അവരുടെ ചുണ്ടിനു താഴെയായി ഒരു കറുത്ത കുന്നിക്കുരു ഉണ്ട്, അതിലൊരു കുഞ്ഞു രോമം അഹങ്കാരത്തോടെ വളഞ്ഞു പുളഞ്ഞു നിൽക്കും. അതിനെ പിടിച്ചു വലിച്ചു കളിക്കാറുണ്ട്. 

 

വല്യമ്മായിക്ക് ചൂടനായ വല്യമ്മാമന്റെ ചീത്ത കേൾക്കാതെ ഇരിക്കണമെങ്കിൽ ഒരൊറ്റ വേവ് മാത്രമുള്ള മുത്തുമണി അരിയുടെ ചോറ് പാത്രത്തിൽ അടച്ചു മാറ്റി വെക്കണം. ആ അരിയുടെ പേര് ഇന്നും എനിക്ക് അറിയില്ല മുത്തുമണിയെന്നാണ് ഞാൻ വിളിക്കാറ്. അതെന്താ ഇപ്പൊ അങ്ങനെ ഒരു പേരെന്ന് ചോദിച്ചാൽ കുഴങ്ങിപ്പോകും.

 

പീടിക പൂട്ടി വല്യ മാമൻ വരുമ്പോൾ രണ്ടു ഉണക്ക കാന്താരി ചുട്ടെടുത്തു കൊച്ചുള്ളിയും ഉപ്പും കൂട്ടി ഇടിച്ചതും ചോറും അരിപ്പെട്ടിയുടെ മുകളിൽ ഹാജരായിരിക്കണം. ഇതുവരെ പരീക്ഷിച്ചു നോക്കിയില്ലെങ്കിലും ആ രുചിക്കൂട്ടാണ് അങ്ങേരുടെ കൊമ്പൻ മീശയുടെയും മൊട്ടത്തലയുടെയും ട്രെയ്ഡ് സീക്രെട്. 

അപ്പോൾ അങ്ങനെ പാതകപ്പുറത്തെ കാഴ്ചകൾ തകർത്തു പൊടി പൊടിക്കുമ്പോൾ അമ്മമ്മയുടെ ഒരു വരവ് ഒണ്ടേയ്. 

 

‘‘അടുക്കളയില്‍ പെണ്ണുങ്ങൾക്കൊന്നും ഒരു കുറവുമില്ല, ഇതുവരെ കൂട്ടാനൊന്നും ആയില്ലേടിയേ... ആണുങ്ങൾ കോലായില് മോറ് കഴുകിയിരുന്നിട്ട് കുറച്ചായി ഹും.’’

എന്നിട്ട് ആ ദേഷ്യത്തിന് കാളിതുള്ളി കൊച്ചടുക്കളയുടെ കട്ടിളപ്പടിയിൽ ആഞ്ഞ ഒരു ചവിട്ടു കൊടുക്കും. എന്നിട്ടും ശുണ്ഠി പോയില്ലെങ്കിൽ പാതകപ്പുറത്തു ഇരിക്കുന്ന എന്നെ പിടിച്ചു താഴെയുള്ള മുട്ടിപ്പലകയിൽ ഇരുത്തും. ആ ഒരു ശീലം അമ്മാമയും ഉപേക്ഷിക്കാറില്ല ഇരിക്കുന്നത് ഞാനും വേണ്ടാന്ന് വെക്കാറില്ല. ഇതിനിടയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വായിലുള്ള മുറക്കാനൊക്കെ എന്‍റെ മുഖത്ത് ചുട്ടി കുത്തും. എന്തൊക്കെയോ പിറുപിറുത്തുകൊണ്ടാണ് എപ്പോളും നടക്കാറ്. അമ്മയുടെ നേര്യതിന്റെ കോന്തല ഉയർത്തി ഞാനതങ്ങു തൂത്തു തുടയ്ക്കും. എന്നാലും എന്തൊരു മണമാണെന്നോ ആ മുറുക്കാന്.

 

ഉമ്മറത്തെ ഓട്ട് തളികകളിൽ കഞ്ഞി ഒഴിച്ച് വല്യമ്മായി പോകും മാമന്റെ ചോറ് എടുത്തുകൊണ്ട് വരാൻ. അപ്പോളേക്കും കുഞ്ഞിമാമനും വല്യമ്മാമനും അരിപ്പെട്ടിയുടെ അപ്പുറവും ഇപ്പുറവും ഇരിപ്പു ഉറപ്പിക്കും. അച്ഛാച്ചക്കു വലിയ മുട്ടിപ്പലക ദിവാകരൻ വല്യച്ചനും വാസു വലച്ചനും പുൽപ്പായക്കെട്ട്. കടലപ്പുഴുക്കും കഞ്ഞിയുമാണ് എന്നും അത്താഴത്തിന്. 

 

ഇനി എന്റെ ഊഴമാണ്... അമ്മ കഞ്ഞി പാത്രവുമായി വരും. കഞ്ഞി കോരിത്തരുന്നതിന്റെ ഇടയിൽ വലതു കൈയുടെ മറുവശം കൊണ്ട് ഇടത്തെ കണ്ണും നെറ്റിയും ചേർത്തു വിയർപ്പും മുടിയും കൂടി തുടച്ചു മാറ്റും. എന്റെ അമ്മ ഏറ്റവും സുന്ദരിയായി തോന്നുന്നത് അപ്പോൾ ആണ്. 

 

ഈ സമയത്തു പാടത്തെ വരമ്പിലൂടെ ഒരു മിന്നാമിന്നി ദൂരെ നിന്ന് ഒഴുകിപ്പോകുന്നതു കാണാം. അത്യാവശ്യം വലിപ്പമുള്ള ആ മിന്നാമിന്നിയുടെ ഉടമ മനയ്ക്കലെ കാര്യസ്ഥൻ രാവുണ്ണ്യാരും മനയ്ക്കലെ തമ്പ്രാനും ആണ്. വരമ്പിന് അപ്പുറമുള്ള അടിയാള കുടിലുകളിലേക്കാണ് പോക്ക്. രാത്രി സംബന്ധം കൂടാനാണത്രെ.

‘‘നേരം വെളുക്കുമ്പെന്തു തീണ്ടലാണ് തമ്പുരാന്റെ തീണ്ടല്...’’ എന്ന് അമ്മാമ മുറുക്കി മുറുക്കി പാടാറുള്ളത് ഇതു കണ്ടാകാം. പണ്ട് മനയ്ക്കലെ പറമ്പിനു ചുറ്റുമാണ് ഈ അടിയാള കുടിലുകൾ ഉണ്ടായിരുന്നത്. പിന്നീട് ഇവരെയെല്ലാം കൂടി ശവപ്പറമ്പിലേക്കു മാറ്റി.

 

അതിനു പിന്നിൽ ഒരു കഥയുണ്ട്. ഇഎംഎസ് ന്‍റെ ഭരണ കാലഘട്ടത്തിൽ കുടിയടപ്പ് അവകാശം നിലവിൽ വന്നു. ഈ സമയം മനയ്ക്കലെ പറമ്പിൽ ആയിരുന്ന പത്തു അമ്പത്തിരണ്ട് അടിയാളക്കുടിലുകൾ ഉണ്ടായിരുന്നു. അതിൽ തന്നെ രണ്ടു നസ്രാണി കുടുംബങ്ങൾ, കുതിരപ്പറമ്പിലെ കാർലോസ് ചേട്ടനും ഔസേപ്പ് ചേട്ടനും പിന്നെ നല്ലറാണി അഥവാ കൊച്ചുറാണിയും. കുടിയടപ്പ് അവകാശ നിയമം പ്രാബല്യത്തിൽ വരാൻ പോകുന്നെന്ന ഗവണ്‍മെന്റ് ദൂത് തമ്പ്രാക്കന്മാരുടെ ഇടയിലേക്ക് പരന്നു. അങ്ങനെ വന്നാല്‍ മനപ്പറമ്പിന് ചുറ്റും താമസിക്കുന്ന കുടുംബങ്ങള്‍ സ്ഥിരമാകും. ഇത് അറിയാവുന്ന മനക്കലെ ഇളമുറ തമ്പുരാന്റെ കൊച്ചുബുദ്ധി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിന്റെ ഫലമായി, പിറ്റേന്ന് തന്നെ ഓരോ കുടുംബങ്ങള്‍ക്കും പത്ത് പന്ത്രണ്ട് സെന്റ് വീതം ഭൂമിയും കുടില് കെട്ടാനുള്ള പൈസയും ഇടങ്ങഴി നെല്ലും നാഴി വെളിച്ചെണ്ണയും കൊടുത്ത് മനയുടെ തന്നെ ശവപ്പറമ്പ് ഭൂമിയിലേക്ക് ആ കുടുംബങ്ങളെയൊക്കെ രണ്ട് ദിവസത്തിനുള്ളിൽ മാറ്റി . 

 

ശവപ്പറമ്പ് ഭൂമിയിലായിരുന്നു ഇതിന് മുൻപ് അടിയാളൻമാരുടെ മരിപ്പ് അടക്കിയിരുന്നത്.

‘‘ഇന്ന് രാവുണ്ണിയാര് നേരത്തെയാണല്ലോ ഏട്ടത്തിയെ ..? നമ്മുടെ സമയം തെറ്റിയതാണോ അതോ മനക്കലെ മണി തെറ്റിയതാവോ....’’ എന്ന് പറഞ്ഞു ചെറിയമ്മയും വല്യമ്മയും ചുണ്ട് കോട്ടിച്ചിരിക്കും ....

 

ഇത്രയും കഥകളെ ഓർമ്മയിൽ നിന്ന് ചികഞ്ഞു കൊത്തിയെടുക്കാനുള്ള പ്രാവീണ്യം എന്റെ ഹൈടെക്ക് തലയ്ക്ക് ഇല്ല എന്ന സത്യത്തിൽ നിന്നുകൊണ്ട് തന്നെ നമ്മുടെ കഥാപാത്രത്തെ അഥവാ ‘‘The Great Female Protagonist’’ കാളിയറമ്പിലെ തങ്കമ്മയെ പരിചയപ്പെടുത്താം. അമ്മയെ കെട്ടിപ്പിടിച്ചു ഉറങ്ങുമ്പോൾ തങ്കമ്മയുടെ കഥകൾ പറഞ്ഞു തരാറുണ്ട്.

 

ഇഷ്ടപ്പെട്ടവരെ കെട്ടിപ്പിടിച്ച് അവരുടെ നെഞ്ചില്‍ മുഖം അമർത്തി അവിടെ ഒരു ഇരുട്ട് ഉണ്ടാക്കുന്നത് ഒരു രസമാണ്. ചില ദിവസങ്ങളിൽ അമ്മയാണ് ഇരുട്ട് നിർമ്മാണത്തിലെ പങ്കാളി മറ്റു ചിലപ്പോള്‍ വല്ല്യമ്മായിയോ അമ്മാമ്മയോ. ചില സമയങ്ങളിൽ ശ്വാസം മുട്ടാറുണ്ട്, മഞ്ഞളും മസാലപ്പൊടിയും കടുക് വറുത്തതും കൂടി വാദിച്ചാണ് മൂക്ക് പാലം തകര്‍ക്കുക. നെഞ്ചിടിപ്പിന്റേം ശ്വാസനിശ്വാസത്തിന്റേം കൂടെ വയറ്റിലെ യന്ത്രങ്ങള്‍ കറങ്ങി തളരുമ്പോൾ ഉള്ള ഗുളു ഗുളു ശബ്ദവും ആസ്വദിക്കുമ്പോൾ ആണ് ആവർത്തന വിരസതയില്ലാത്ത കഥകള്‍ പറയാറ്. ഓരോ തവണ കേൾക്കുമ്പോഴും കണ്ണുകള്‍ കൊണ്ട് വരച്ച് മനസ്സില്‍ ഒളിച്ചു വെച്ചു ആസ്വദിക്കുന്ന കഥാപാത്രങൾ അതിലൊക്കെ ഉണ്ടാകും.

 

അതിലൊന്ന് കാളിയറമ്പിലെ തങ്കമ്മ!

 

മനയുടെ പിന്നാമ്പുറത്തുള്ള വഴിയിലൂടെ പോയാല്‍ കുളക്കടവിന്റെ അടുത്തുള്ള കൈതക്കാട് കാണാം. ആ കൈതപ്പൂവിന് തങ്കേടെ ചൂരാണ്. കൈതക്കാടിന്റെ അപ്പുറത്താണ് ഓളുടെ കൂര.

 

ഒറ്റാം തടിയായ തങ്കമ്മ രാവിലെ കുളിച്ച് ഒരുങ്ങി തൂക്കുപാത്രത്തിൽ നല്ല ഒന്നാംതരം കാന്താരിയും കൊച്ചുള്ളിയും ഞരടി ഇച്ചിരി ഉപ്പും തൈരും ഒഴിച്ച പഴംചോറ് ഉണ്ടാകും. മനേലെ പാടത്ത് കറ്റ കെട്ടാനുള്ള പോക്കാണ്. അല്ലാത്ത സമയത്തൊക്കെ ചന്തയിൽ പപ്പടം വിക്കാൻ കൊട്ടയിലാക്കി കൊണ്ടോകും.

 

വൈകുന്നേരം ആകുമ്പോള്‍ ഉണക്കച്ചെമ്മീൻ വാങ്ങി എളിയില് കൊട്ടയും വെച്ച് ഒരു വരവ് ഒണ്ടേ... ഉണക്കച്ചമ്മീനും മാങ്ങയും ഒണ്ടെങ്കിൽ തങ്ക ഒരു വട്ടി ചോറുണ്ണും അതാണ് തങ്കേടെ ആരോഗ്യത്തിന്റെ രഹസ്യം. 

 

തങ്കമ്മ നടന്നു വരണത് കണ്ടാല്‍ തന്നെ ഒരു ചേലാണ്. നെറ്റിപ്പട്ടം കെട്ടിയ കൊമ്പന്റെ തലയെടുപ്പ്. കണങ്കാല് വരെ ഇറക്കമുള്ള പച്ചയും വെള്ളയും ചെറിയ കളം കളം ഉള്ള ഒറ്റമുണ്ട് വയറിന് മുകളിലായി കേറ്റി ഉടുത്തിട്ടുണ്ടാകും. അതോണ്ട് തന്നെ വയറു കാണാന്നുള്ള അതിമോഹം ആർക്കും വേണ്ട, രാവിലെ ഓലക്കീറിന്റെ ഇടയിലൂടെ ഒളിച്ചു വരുന്ന സൂര്യനെപ്പോലെയാ തങ്കേടെ വയറ്. കണ്ടാൽ ആയി ഇല്ലേല്‍ ഇല്ല!

 

ആ നാട്ടിലെ ഏറ്റവും മൊലയുള്ള പെണ്ണ് തങ്കമ്മയാണ്. വെള്ളയിൽ കറുത്ത പൊട്ടുള്ള ജംബറ് വലിച്ചു മുറുക്കി നെഞ്ചിൻകൂടിന്റെ മുകളില്‍ കേറ്റി ഒരു കെട്ട് ഉണ്ട്. അതിനുള്ളിൽ സുരക്ഷിതമായി ആ നാടിന്റെ അഭിമാനതാരങ്ങൾ അഹങ്കാരത്തോടെ നിവർന്ന് നിൽക്കും... കഴുത്തിലെ കറുത്ത ചരടിൽ ഊഞ്ഞാൽ ആടുന്ന സ്വർണ്ണ ഏലസ്സ് ഉണ്ട്. പണ്ട് ഓളെ ദേവി വിത്തെറിഞ്ഞപ്പോൾ പായിൽ പൊതിഞ്ഞ് ആറ്റിലെറിയാൻ വീട്ടാര് കൊണ്ടുപോയതാ അപ്പോള്‍ തെക്ക് നിന്നൊരു ചാത്തന്‍ സേവക്കാരൻ ഇത് കെട്ടി കൊടുത്ത് രക്ഷപ്പെടുത്തി. മുഖത്ത് വസൂരിക്കുത്ത് ഉണ്ടേലും വെളു വെളാന്നുള്ള മുഖത്ത് അതൊരു അലങ്കാരമാ... പൂച്ചക്കണ്ണിലെ പച്ച കൃഷ്ണമണി പുറത്ത് ചാടാതിരിക്കാൻ എണ്ണക്കരി നീട്ടി എഴുതിയ ഉണ്ടക്കണ്ണും, മുറുക്കി മുറുക്കി ചോപ്പിച്ച ചെറിയ മേൽചുണ്ടും വലിയ കീഴ്ചുണ്ടും, പരവതാനി പോലത്തെ നെറ്റിയുടെ നടുക്ക് ഒരു ചെങ്കല്ല് നിറമുള്ള വട്ടപ്പൊട്ടും ഉണ്ട് .

 

നല്ല ഉള്ളുള്ള കറുത്ത കോലൻ മുടി പിന്നിലേക്ക് കൊതച്ച് ചീകി ഉച്ചിയിൽ വലിച്ചു മുറുക്കി കൊണ്ട കെട്ടി തങ്കമ്മ കൊട്ട എടുത്ത് എളീൽ വെക്കുമ്പോളെ കുളക്കടവിലെ ചെക്കന്‍മാർ വയലറമ്പില് ഹാജര്‍ വെക്കും... പിന്നെ അങോട്ട് തങ്കമ്മപാരായണമാണ്.

എന്ത് കേട്ടാലും രണ്ട് വിരലിന്റെ ഇടയിലേക്ക് കീഴ്ച്ചുണ്ടിനെ തള്ളിപ്പിടിച്ച് ഒരു നീട്ടി തുപ്പാണ്. അത് ഏറ്റുവാങ്ങി ചോക്കാൻ കയ്യോന്നിച്ചെടികളുടെ തിക്കും തിരക്കുമാണ് വഴിയരുകിൽ...

 

ഇങ്ങനെയൊക്കെയാണെങ്കിലും അർധരാത്രിക്ക് തങ്കേടെ വീട്ടിലേക്കുള്ള തമ്പ്രാന്റെ പോക്ക് തങ്കക്ക് നല്ല ഒന്നാന്തരം പേര് വാങ്ങികൊടുത്തിട്ടുണ്ട്.

 

‘‘അതിനിപ്പോ വേറെ എന്ത് തെളിവാ കുട്ട്യേ വേണ്ടത്, തങ്ക തനി പിഴയാണ്. തമ്പ്രാന്റെ മാത്രം ഉരുപ്പിടിയെന്നും പറയാം.’’

അയലത്തെ പുതുതായി കെട്ടിച്ചുകൊണ്ടുവന്ന മൂത്തെച്ചിയോടു അമ്മാമ്മ പറഞ്ഞു കൊടുക്കുമ്പോൾ കേട്ടൊരു ഓർമ്മയുണ്ട്.

 

എന്നാലും തങ്കയെ എനിക്ക് ഇഷ്ടാണ് പ്രായം കുറച്ചു കൂടിയതിന്റെ ഭാഗമായി രണ്ട് നര വന്നു എന്നതല്ലാതെ ഞാനും ആ പൂച്ചകണ്ണിയെ ഒരുപാട്‌ ഇഷ്ടപ്പെട്ടു. പച്ചക്കടലിന്റെ ആഴമുള്ള കണ്ണുകളിൽ എന്തൊക്കെയോ രഹസ്യങ്ങളുണ്ട്. അത് ഒരു പിഴച്ചുപോയ സ്വപ്നങ്ങളാണെന്ന് എല്ലാവരെയും പോലെ എനിക്ക് വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടുണ്ട്. അച്ഛന്റെ വീട്ടിലേക്കു അവധിക്കാലം കഴിഞ്ഞ് എത്തിയപ്പോൾ പിന്നെയുള്ള പോക്കുകളിൽ ഞാൻ തങ്കയെ മറന്നിരുന്നു.

 

**** ***** ***** ******

 

‘‘ സാറേ അടുത്ത വാരം മുതൽ പുതിയ നോവൽ തുടങ്ങണം സാറ് മറന്നിട്ടില്ലാന്നു അറിയാം, എന്നാലും ഓർമിപ്പിക്കേണ്ടത് എന്റെ മര്യാദയാണെല്ലോ. പ്രൂഫ് റീഡിങ് ചെയ്തു സാധനം ടൈപ്പ് ചെയ്തു കൊടുക്കേണ്ടത് ഒരു വലിയ പൊല്ലാപ്പാണ്. ഭാര്യയുടെ പ്രസവത്തിന് കൊണ്ട് പോകേണ്ട ഡേറ്റ് ആകാറായി. ഈ ആഴ്ചത്തേക്ക് തന്നെ കിട്ടണേ ഇല്ലെങ്കിൽ എനിക്ക് ഒരൊറ്റ ലീവ് പോലും നമ്മുടെ മുതലാളി തരില്ല.’’

ഞാൻ സതീശനോട് ഒന്നും പറയാതെ ഫോൺവെച്ചു.

 

‘ജോലിത്തിരക്കിനിടയിൽ ഇതിനൊക്കെ ഇയാൾക്ക് എവിടുന്നാ സമയം കിട്ടുന്നത്’ എന്ന ഡയലോഗിൽ വൃന്ദയുടെ അച്ഛനെ വീഴ്ത്തിയതിന്റെ പച്ച സിഗ്നൽ എന്തൊരു ആവേശമായിരുന്നു അന്ന്.

 

മുകളിലത്തെ മുറിയിലേക്കുള്ള  പിരിയൻ ഗോവണി വൃന്ദയുടെ ആശയമായിരുന്നു. എന്റെ അരക്കു ചുറ്റും കൈ ചുറ്റി അവൾക്കു താഴെ മുറിയിലേക്ക് എത്തണമത്രേ ... എത്ര വിചിത്രമായ ആഗ്രഹങ്ങളാണ് അവൾക്ക്. ഒരിക്കൽ ഉറക്കത്തിനിടയിൽ മഴപെയ്യുന്നു എന്ന് പറഞ്ഞ് അവൾ ഒരു ദിവസം എന്നെ ഉറക്കിയില്ല. കണ്ണുകളടച്ചു മഴയുടെ ശബ്ദവും മണവും അറിഞ്ഞ് അവൾക്ക് എന്റെ മുഖത്തു തൊട്ടുനോക്കാൻ ഇഷ്ടമാണ്. അവൾ എപ്പോളും എന്റെ നെഞ്ചിൽ താലിയുടെ കൂർത്ത അഗ്രം കൊണ്ട് കുത്തിനോവിക്കും...

 

‘‘ ഈ നശിച്ച ഗോവണി പൊളിച്ചുമാറ്റി പുതിയതൊന്ന് പണിയണം. താഴെ നിന്ന് നോക്കിയാൽ വഴുവഴുപ്പുള്ള കരിനാഗത്തെപോലെയാണ്. വാർണിഷ് അടിച്ചു. അതിന്റെ തിളക്കം, ഹോ..!’’

 

മനസ്സിൽ പിറുപിറുത്തത് അവൾ കേട്ടാലോ എന്ന് പേടിച്ച് ഭിത്തിയിലെ ഫോട്ടോയിൽ നോക്കി ഹ ഹ ഹ ... വൃന്ദയുടെ പൊട്ടിച്ചിരി അതുപോലെ തന്നെ. അവൾ പ്രേതമായിക്കഴിഞ്ഞിട്ട് ഒന്നര വർഷത്തോളമായി. പ്രസവസമയത്ത്‌ അമ്മയും കുഞ്ഞും മരിച്ചു എന്ന ഫോൺ കോളിൽ ഞാൻ കരഞ്ഞ ശബ്ദം കേട്ടില്ല എന്ന കാരണത്താൽ അവളുടെ കുടുംബവുമായി ഇന്ന് ബന്ധമൊന്നുമില്ല. അവളുടെ മരണം നിർവികാരത എന്ന വികാരം മാത്രമാണ് എന്നിൽ ഉണ്ടാക്കിയത്. ഞാൻ കരഞ്ഞാൽ അവൾ തിരിച്ചു വരുമെങ്കിൽ ഞാൻ കരഞ്ഞേനെ. ആരോടും പറയണ്ട, ഒരിക്കൽ അവൾ എന്റെ മുഖത്ത് ആഞ്ഞടിച്ചിട്ടുണ്ട്, ഞാൻ കരഞ്ഞു എന്ന് പറഞ്ഞ്.

 

പേനയും പേപ്പറും എന്റെ മുന്നിൽ ഇനി എന്ത് എന്ന ആശ്ചര്യചിഹ്നത്തോടെ മൊബൈൽ വാട്ട്സാപ്പിലെ സ്മൈലിയെ ഓർമപ്പെടുത്തി. ഞാനും കൈമലർത്തി കസേര കുറച്ച് പിറകോട്ട് വലിച്ച് കാലുകൾ ടേബിളിന്റെ അടിയിലേക്ക് നീട്ടി. ജനലിന്റെ ഇടയിലൂടെ തണുത്ത കാറ്റു അരിച്ചിറങ്ങുന്നുണ്ട്. ചെമ്പകത്തിന്റെ സുഗന്ധമാണ്. വൃന്ദ നട്ട വെള്ള ചെമ്പകം. ചെമ്പകം നട്ടാൽ അത് പൂക്കുന്ന കാണാൻ നട്ടയാൾ ഉണ്ടാവില്ല എന്ന അന്ധവിശ്വാസത്തിൽ ഒരു പരമാർത്ഥം ഉണ്ടെന്ന് അവളുടെ മരണശേഷം ഞാൻ ഉറപ്പിച്ചു. ചില വിശ്വാസങ്ങൾ അന്ധമായിരുന്നെങ്കിലും അതിലെ മാജിക്കിനെ ഞാൻ ഇഷ്ടപ്പെടുന്നു. ദൂരെ കടൽ ഇരമ്പിയാർക്കുന്ന ശബ്ദം കേൾക്കാം.... പച്ചക്കടൽ കറുത്തകടൽ .. നീലകടൽ ....

പൊടുന്നനേ ശ്വാസം വലിച്ചെടുത്ത് പേന കയ്യിലെടുത്ത് നീട്ടികുറുക്കി വലിച്ചു എഴുതി 

 

‘‘പച്ചക്കടൽ’’ ഒരു അടിവരയും ഇട്ടു.

 

പച്ചക്കടലിന്റെ ആഴമുള്ള പച്ചക്കണ്ണുകളിൽ എന്നോട് മാത്രം പറയാനൊരു രഹസ്യം സൂക്ഷിച്ചിട്ടുണ്ട് എന്ന ആ പഴയ വിശ്വാസം വീണ്ടും ഓർമ്മയിലെത്തി. എന്നെ തങ്ക നോക്കീട്ടുണ്ടായിരുന്നോ? ഹോ കാളിയറമ്പിലെ തങ്കമ്മ എന്ന ആ സ്ത്രീ ഈ പേട്ട് ചെക്കനെ നോക്കാൻ ഒരു വഴിയുമില്ല.

 

‘‘രാമൂട്ടാ... രാമൂട്ടാ ... ദേ നോക്ക് മോൻ വലുതാകുമ്പോൾ തങ്കയ്‌ക്ക്‌ ഒരൂട്ടം കൊണ്ടുവരണം പേർഷ്യയിൽ നിന്ന് നല്ല വാസനയുള്ള അറബിച്ചികളുടെ വാസനതൈലം. അതോ നീ ഒരു കഥ എഴുതുമോ തങ്കയെക്കുറിച്ച് ? തങ്കയ്ക്കും  രാമൂട്ടനും മാത്രമറിയാവുന്ന കഥ.’’

 

അല്ലെങ്കിലും തങ്കയെ കുറിച്ച് എന്ത് കഥ എഴുതാൻ, അതല്ലേ രാമൂട്ടാ നീ ഇപ്പൊ ചിന്തിച്ചത്. പിഴച്ചു പോയ തങ്കയ്‌ക്ക്‌ ഒരു പ്രേമം ഉണ്ടായിരുന്നു എന്റെ കുട്ടാ. ജീവിതത്തിൽ ഇന്നേവരെ ഒരുത്തനെയും തൊടാൻ സമ്മതിക്കാത്ത എന്റെ ഈ തടി, പിഴച്ചുപോയവളുടെയെന്നു നാടും നാട്ടാരും പറഞ്ഞു നടന്നു. അതൊക്കെ എനിക്ക് പുല്ലാണ്.

 

‘‘അപ്പോൾ വരമ്പത്തൂടെ രാവുണ്ണിയാര് തമ്പ്രാനുമായി വരാറുണ്ടല്ലോ? ഞാനും കണ്ടിരിക്കണു, ന്നോട് കള്ളം പറയണ്ടാട്ടോ... ’’

 

തങ്കയെന്നെ ചുഴിഞ്ഞു നോക്കി പൊട്ടിച്ചിരിച്ചു. എന്റെ ശരീരം തങ്കേടെ ചിരിയിൽ മരവിച്ചുപോയി. ശ്വാസം പോലും കിട്ടുന്നില്ല കുടിച്ച മദ്യം ഇറങ്ങിയോ അതോ ഞാൻ ഉറങ്ങിയോ ?

 

ഞാൻ എഴുന്നേറ്റു. തിരിഞ്ഞു നോക്കിയപ്പോൾ രാമരാഘവൻ എന്ന എഴുത്തുകാരൻ ബോധമില്ലാതെ ബോണ്ടുപേപ്പറുകളിൽ മുഖം അമർത്തികിടക്കുന്നുണ്ടായിരുന്നു.. ഹി ..ഹി...

 

പാവം എഴുത്തുകാരൻ ഈ വള്ളിനിക്കർ എന്നും ലൂസായിട്ടാ ഇരിക്കാറ് പിൻ കുത്തിവെച്ചാലോ?

ശ്വാസം എടുക്കുമ്പോൾ ഠപ്പേന്ന് പൊട്ടി സൂചി പൊക്കിളിൽ കുത്തും. ഇന്ന് രാത്രിഡ്യൂട്ടി കാലിയാരമ്പിലെ തങ്കമ്മയുടെ വീട്ടിലാണ്. 

രാമരാഘവനിൽ നിന്നും രാമൂട്ടാൻ എന്ന എട്ടു വയസ്സുകാരനിലേക്കുള്ള കൂടുമാറ്റം. ചില കഥകൾക്ക് വേണ്ടി കഥാകാരനിലേക്കുള്ള കൂടുമാറ്റം വേണ്ടതാണ് അല്ലേ... രാമരാഘവാ.

വർത്തമാന കാലത്തിൽ നിന്നും ഭൂതകാലത്തിലേക്കു. 

‘‘ഹും , എവിടെ കേൾക്കാൻ കുടിച്ചു ബോധമില്ലാതെ കിടക്കുന്ന ഇവൻ എണീക്കുമ്പോളേക്കും തിരിച്ചു വരണം’’

 

*****    ******   *****   *******

 

തങ്കേടെ അടുക്കളപ്പുറത്തെ പനയോല മാറ്റി ഞാൻ അകത്തു കടന്നു. ചാണകം മെഴുകിയ തറയിൽ തങ്കയുടെ അമ്മ കൂർക്കം വലിച്ചു കിടപ്പുണ്ട്. വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേൾക്കാം. തങ്കയുടെ പിറുപിറുപ്പും പ്രാക്കും കേൾക്കാം.

‘‘ഇതിയനോട് എത്ര പറഞ്ഞാലും കേൾക്കില്ലല്ലോ എന്റെ കാളീ.. തമ്പ്രാന് തങ്കേടെ ആട്ടും അടിയും കിട്ടിയില്ലെങ്കില്‍ ഉറക്കം വരില്ല്യാന്ന് വച്ചാല്‍ ഞാനിപ്പോ എന്ത് ചെയ്യാനാ ?’’ എന്ന് പുലമ്പിക്കൊണ്ട് ഓൾടെ മുടി ഉച്ചിയിലേക്ക് ഒന്നുംകൂടി ഉയര്‍ത്തിക്കെട്ടി മുൻവശത്തെ പനയോല മാറ്റി.

 

ഠപ്പേ.. എന്ന് പൊട്ടിക്കുന്ന ശബ്ദം കേട്ടു പിന്നെ തങ്കയുടെ പ്രശസ്തമായ ഭരണിപ്പാട്ടും. ഞാന്‍ കുറച്ചൊന്ന് പേടിച്ച്. പൊടുന്നനെ ഞാന്‍ ഒളിച്ചിരിക്കുന്ന വലിയ മൺകലത്തിന് മുൻപിലെ പായയിൽ ഒരു ഞെരക്കം... ഹൂ,, എന്തൊരു മുഷിക്കു നാറ്റമാണ്. ആരോ കിടക്കുന്നുണ്ടല്ലോ ഞാന്‍ സൂക്ഷിച്ച് ഒന്നൂടെ എത്തിക്കുത്തി നോക്കി.

അയ്യോ അതാ തങ്ക വരുന്നു. ചിമ്മിനി ഉയര്‍ത്തി അവിടമാകെ ഒന്ന് നോക്കി. തറയിലെ പനംപായയിൽ ചിമ്മിനി വെച്ച് അതില്‍ കിടക്കുന്ന ശോഷിച്ച മനുഷ്യനെ തൊട്ട് തലോടി. അയാളുടെ പല്ലില്ലാത്ത മുച്ചുണ്ടിൽ തങ്ക അമർത്തി ചുംബിക്കുന്നു, എനിക്ക് ഓക്കാനിക്കാൻ വന്നു. ഞാന്‍ വായും മൂക്കും പൊത്തിപ്പിടിച്ചു.

             

പൂരത്തിന് പാടത്ത് ആയിരിക്കും നാടകം കളിക്കാനുള്ള തുണി മറക്കുക. പാതിരാത്രി കുഞ്ഞിപ്പായയും പിടിച്ച് ഞങ്ങള്‍ കുട്ടികള്‍ മുന്നില്‍ നടക്കും. വെളുത്ത് കഴിഞ്ഞാലാണ് പലപ്പോഴും നാടകം കഴിയാറ് അപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് ഉറങാനായീട്ടാണ്. ഈ സമയത്ത് ‘കടല കപ്പലണ്ടി ഞാഞാമിട്ടായിയേ...’ എന്ന് പാട്ട് പാടി നടക്കാറുള്ള പൊട്ടൻ ഔസേപ്പ് ഇണ്ട്. മുച്ചുണ്ടൻ ഔസേപ്പെന്നും ഞങ്ങള്‍ കുട്ടികള്‍ വിളിക്കും. ഒരു കാലില്‍ വലിയൊരു മന്താണ്, അതും വലിച്ചു വലിച്ച് കീറിപ്പറിഞ്ഞ ഒറ്റ മുണ്ടും ചുറ്റി ഔസേപ്പ് വരും. പൂരം കഴിഞ്ഞാല്‍ പിന്നെ എല്ലാ വീടുകളിലും കേറിയിറങ്ങി ആഹാരം വാങ്ങി കഴിക്കും. അതൊരു രസമുള്ള തെണ്ടലാണ്.

 

‘‘ രാമൂട്ടാ...ഔസേപ്പിന് നേരമില്ല്യാട്ടോ ന്റെ മോന്‍ ഓടിച്ചെന്ന് ഇച്ചിരി കഞ്ഞിവെള്ളം കൊണ്ടായോ , രണ്ട് വറ്റ് ഇട്ടാല്‍ മതി... ഔസേപ്പിന് തെരക്കൊണ്ടേ വേഗം ആയിക്കോട്ടെ ’’

 

ഞാന്‍ അകത്തേക്ക് പോകുന്നതിന് മുന്‍പേ വല്ല്യമ്മായി കഞ്ഞിവെള്ളം കൊണ്ടുവരും. അത് കൈയ്യോടെ വാങ്ങി ഒറ്റ വലിക്ക് കുടിച്ച് ആ മുച്ചുണ്ട് ശബ്ദം ഉണ്ടാക്കിക്കൊണ്ട് തെറിപ്പിക്കും. അത് ഒരു നന്ദി പറച്ചിലാണ്. തീർന്നിട്ടില്ല , രണ്ട് വറ്റ് കൃത്യം എടുത്ത് കഴിച്ച് ബാക്കിയുള്ളത് മുറ്റത്തെ പഴുത്ത പ്ളാവിന്റെ ഇല കുമ്പിള് കുത്തി അതില്‍ നിറക്കും. ഇത് വഴിയിലുള്ള പട്ടിക്കും പൂച്ചക്കും കൊടുക്കും. ആ പോക്ക് നോക്കി വല്ല്യമ്മായി ദീർഘനിശ്വാസം വിടും. ആ സമയത്തും ഞാന്‍ ചുണ്ട് തെറിപ്പിച്ച് ചിരിക്കാനുള്ള കഠിന പരിശ്രമത്തിലാകും.

 

അതേ.... മുച്ചുണ്ടൻ ഔസേപ്പും തങ്കമ്മയും എനിക്ക് കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഔസേപ്പിന്റെ നാറുന്ന ശരീരത്തോട് ഒട്ടിപ്പിടിച്ചു തങ്ക കിടക്കുന്നു. എനിക്ക്‌ അവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നായി. എന്റെ രാമരാഘവാ,,, നീ ഒന്ന് എണീറ്റേ.. അല്ലെങ്കില്‍ ഇവിടെ ഞാന്‍ ശ്വാസം മുട്ടി ചാകും.

 

******     *******   *********   ********

‘‘ അയ്യോ !! ഇന്നലെയും ഒന്നും എഴുതിയില്ല ഛെ ,  ഇന്ന് ആ സതീശൻ വിളിക്കുമ്പോള്‍ ഇനി എന്ത് പറയും.’’

 

പച്ചക്കടൽ എന്ന അടിവരയിട്ട ബോണ്ട് പേപ്പറില്‍ നിന്നാണോ അതോ എന്റെ വായില്‍ നിന്നോ ഒരു വൃത്തികെട്ട മണം വരുന്നുണ്ട്. പുഴുകിയ അരിയും കൈതപ്പൂവും കൂടിക്കലർന്ന മണം.

 

English Summary: Kaliyarambile Thankamma, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com