ADVERTISEMENT

ലിംഗനീതി (കഥ) 

 

അന്ന് മാസാവസാന ആഴ്ചയിലെ ഒരു ഞായറാഴ്ച ആയിരുന്നു. രണ്ടു ദിവസത്തെ അവധിയും സുഹൃത്തുക്കളും ബന്ധുക്കളുമായി സാധാരണ ആഴ്ച അവധി ആഘോഷം കഴിഞ്ഞത് കൊണ്ടും ഈ മാസത്തെ സെയിൽസ് ടാർജെറ്റ് ആയതുകൊണ്ടും ഇത്തിരി ജന്മസിദ്ധമായ മടിയും കൂടി ഓഫീസിൽ പോകണോ വേണ്ടയോ എന്ന ഒരു ആശയകുഴപ്പം ഉള്ളിൽ ഉണ്ടാവുകയും പിന്നീട് തോന്നി വെറുതെ അവധി എടുത്തു വീട്ടിൽ ഇരുന്നിട്ട് എന്തിനാണ് എന്ന് കരുതി ഇത്തിരി വൈകി ഓഫീസിൽ പോകാൻ വേണ്ടി ഇറങ്ങി. 

 

ഓഫീസിലേക്ക് പോകുന്നേരം വഴിയരികിൽ കണ്ട അബുദാബി ഡ്യൂട്ടിഫ്രീ റാഫിൾ ടിക്കറ്റിന്റെ ബമ്പർ പ്രൈസിന്റെ പരസ്യം നോക്കി അതൊന്നടിച്ചാൽ ഈ പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ കൂടാം എന്നൊക്കെ ചിന്തിച്ചു വണ്ടി കമ്പനിയിൽ എത്തിയത് അറിഞ്ഞില്ല. പാർക്കിംഗ് ഏരിയയിൽ വണ്ടി പാർക്ക്‌ ചെയ്ത് റിസപ്ഷൻ ഏരിയയിൽ എത്തിയപ്പോൾ പതിവുപോലെ ബബ്ൾസ് എന്ന ഫിലിപിനോ യുവതിയുടെ നിറഞ്ഞ ചിരിയോടെയുള്ള ഗുഡ് മോർണിംഗ് ഏറ്റു വാങ്ങി ഫസ്റ്റ് ഫ്ലോറിൽ ഉള്ള ക്യാബിനിലേക്ക് നടക്കുമ്പോൾ അക്കൗണ്ട്സ് ഡിപ്പാർട്മെന്റിൽ റിസീവബിൾ സെക്ഷനിൽ ഉള്ള അസ്മ എന്ന ഈജിപ്ഷൻ സുന്ദരി ഉച്ചത്തിൽ ആരെയോ ചീത്ത പറയുന്നത് കേട്ടപ്പോൾ എന്താണ് സംഭവം എന്ന് ഒന്നറിയാം എന്നു കരുതി അങ്ങോട്ട്‌ ചെന്നപ്പോൾ അവിടെ ഓഫീസ് അസിസ്റ്റന്റ് ശ്രീധരേട്ടൻ അദ്ദേഹത്തിന്റെ കവിളിൽ കൈ വെച്ച് നിൽക്കുന്നുണ്ട്, 

 

എന്താണ് സംഭവം എന്ന് ചോദിച്ചപ്പോൾ ശ്രീധരേട്ടൻ പറഞ്ഞു, മാഡത്തിന് ചായയും വെള്ളവും കൊടുത്തപ്പോൾ ഇത്തിരി വെള്ളം മാഡത്തിന്റെ ദേഹത്ത് ഇറ്റിവീണു അതിനാണ് ഇങ്ങിനെ ഒക്കെ, സാരല്ല്യ ശ്രീധരേട്ടാ ഞാൻ അവളെ പറഞ്ഞു സമാധാനിപ്പിച്ചോളാം, അതല്ല ലത്തീഫ്ക്ക ഇവൾ അതിന്റെ പേരിൽ എന്നെ അടിച്ചു എന്ന്, അതെന്താ അസ്മ അങ്ങിനെ അടിക്കാൻ പാടുണ്ടോ ഒന്നുമില്ലെങ്കിലും നിന്നെക്കാൾ പ്രായമുള്ള ആളല്ലേ? (അസ്മ ഏകദേശം 25 വയസ്സ് വരുന്ന നല്ല വെളുത്ത ഒരു സുന്ദരി കുട്ടി ആണ്) 

 

ഉടനെ അവളുടെ ധിക്കാരവും അഹങ്കാരവും നിറഞ്ഞ മറുപടി വന്നു ഞാൻ വേണ്ടി വന്നാൽ ഇനിയും അടിക്കും എന്നെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല എനിക്ക് കമ്പനിയിലും പുറത്തും നല്ല സ്വാധീനം ഉണ്ട്. ഞാൻ പറഞ്ഞു അടിച്ചത് എന്തായാലും ശരിയായില്ല, ഉടനെ അവൾ പറഞ്ഞു നിങ്ങൾ പോയി കേസ് കൊടുക്കാൻ, ഞാൻ ശ്രീധരേട്ടനോട് ചോദിച്ചു ഇനി എന്താണ് ചെയ്യുക. ശ്രീധരേട്ടൻ എന്നോട് പറഞ്ഞു ഞാൻ നിങ്ങൾക്ക് ചായയും വെള്ളവും ഒക്കെ തരുന്ന ആൾ തന്നെയാണ് എന്നാലും ഞാനും ഒരു മനുഷ്യനല്ലേ എന്നെ അവൾ അടിക്കാൻ പാടുണ്ടോ, അത്കൊണ്ട് ഇത് ഉന്നത ഉദ്യോഗസ്ഥൻമാരോട് പരാതി പറഞ്ഞേ പറ്റൂ, പെട്ടെന്ന് ഒരു പരാതി എഴുതി പ്രോട്ടോകോൾ അനുസരിച്ചു കോഴിക്കോടുകാരൻ ജിനചന്ദ്രേട്ടൻ, ഫിനാൻസ് മാനേജറുടെ അടുത്ത് പരാതി സമർപ്പിച്ചു. 

 

ആൾ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു ഇങ്ങള് ഇതൊന്നായി നടക്കണ്ട ഓല് പെണ്ണുങ്ങൾ അല്ലെ? അടികൊണ്ട് വിഷമം സഹിക്കാതെ ശ്രീധരേട്ടൻ പറഞ്ഞു അതല്ല, അവൾ ഇത്തിരി വെള്ളം കളഞ്ഞതിനാണ് എന്നെ അടിച്ചത് അത്‌ കൊണ്ട് ഇങ്ങള് ഇതിന് ഒരു തീരുമാനം എടുക്കണം, ജിനേട്ടൻ പറഞ്ഞു അതൊക്ക ഒരു കുഴപ്പം പിടിച്ച കേസ് ആണ് എന്നെകൊണ്ട് കൂട്ടിയാൽ കൂടില്ല എന്ന്. 

 

ഞാൻ ഇനി എന്ത് ചെയ്യും എന്ന രീതിയിൽ ശ്രീധരേട്ടനെ നോക്കി, ആൾ അടികൊണ്ട വേദനയും അതിനേക്കാൾ വലിയ അപമാനഭാരത്താലും തല കുനിച്ചു നിൽക്കുന്ന ശ്രീധരേട്ടനെ അങ്ങനെ ഒഴിവാക്കി പോരാനും തോന്നിയില്ല, ഇനി എന്ത് എന്ന ചോദ്യ ചിഹ്നവുമായി ശ്രീധരേട്ടനെ ഒന്ന് നോക്കി ആൾ അത്‌ വിടാൻ ഭാവമില്ലായിരുന്നു. എന്നോട് പറഞ്ഞു നമ്മൾക്കു ജനറൽ മാനേജർടെ അടുത്ത് പരാതി ബോധിപ്പിച്ചാലോ? അയർലൻഡ് കാരനായ വളരെ നല്ല സൗമ്യ സ്വഭാവം കാണിക്കുന്ന മിസ്റ്റർ പോൾ എന്തായാലും ഒരു അനുകൂല തീരുമാനം എടുക്കും എന്ന് ഉറച്ച വിശ്വാസം ഉള്ളിൽ ഉള്ളത് കൊണ്ട് പരാതിയുമായി മുന്നോട്ട് പോകാം എന്നു കരുതി. ഒരു ബലത്തിന് സംഭവ സമയത്തെ CCTV ഫൂട്ടേജ് IT സെക്ഷനിൽ നിന്നും എടുത്തു പരാതിക്കൊപ്പം സമർപ്പിച്ചു, പരാതി വായിച്ചു നോക്കി ജനറൽ മാനേജർ പറഞ്ഞു ഞാൻ നോക്കട്ടെ നാളെ നിങ്ങളെ വിവരം അറിയിക്കാം. 

 

കുറച്ച് ആത്മ വിശ്വാസത്തോടെ ഞാനും ശ്രീധരേട്ടനും തിരിച്ചു പോരുകയും ചെയ്തു. പിറ്റേന്ന് പതിവ് പോലെ ഞാൻ എന്റെ മാർക്കറ്റ് വിസിറ്റും കസ്റ്റമർ മീറ്റിങ്ങും ഒക്കെയായി മുന്നോട്ടു പോയിക്കൊണ്ടിരിക്കെ ശ്രീധരേട്ടന്റെ വിളിവന്നു, വളരെ വിഷമസ്വരത്തിൽ അദ്ദേഹം പറഞ്ഞൊപ്പിച്ചു അദ്ദേഹത്തിനെ കമ്പനിയിൽ നിന്നും പിരിച്ചുവിട്ടതായി നോട്ടീസ് ലഭിക്കുകയും കാരണം (negligence of duties) ഇത്തിരി വെള്ളം കളഞ്ഞു എന്ന്, അധികം കഴിയുന്നതിന് മുൻപ് എനിക്ക് ഓഫീസിൽ നിന്നും വിളി വന്നു പെട്ടെന്ന് ജനറൽ മാനേജറെ കാണാൻ, ഒരു പിരിച്ചുവിടൽ ആകും എന്ന് കരുതി എന്തും അനുഭവിക്കാൻ മനസ്സിനെ പാകപ്പെടുത്തി ഓഫീസിൽ എത്തി ജനറൽ മാനേജറെ കണ്ടപ്പോൾ താരതമേന്യ ബിസിനസ്‌ കുറഞ്ഞ മറ്റൊരു റീജിയനിലേക്ക് ട്രാൻസ്ഫർ അതും അടുത്ത മാസം മുതൽ, ജനറൽ മാനേജറോട്‌ ഈ ട്രാൻസ്ഫർ മക്കളുടെ വിദ്യാഭ്യാസത്തെ ബാധിക്കും എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും ആൾ പുറത്ത് ലഞ്ച് കഴിക്കാൻ പോകാനുള്ള തിരക്കിൽ ആണ് എന്ന് പറഞ്ഞ് എന്നെ അവിടെ നിന്നും ഒഴിവാക്കി. 

 

പതുക്കെ കാർ പാർക്കിനടുത്തേക്ക് വന്നപ്പോൾ ജനറൽ മാനേജറും അസ്മയും കൂടെ ചിരിച്ചു കൊണ്ട് കാറിൽ കയറിപോകുകയും ചെയ്തു. കുറച്ച് കഴിഞ്ഞു ജിനേട്ടൻ വിളിച്ചു പറഞ്ഞു, ഞാൻ അപ്പോളേ നിങ്ങളോട് പറഞ്ഞില്ലേ, എനിക്കറിയാമായിരുന്നു ഇത് ഇങ്ങിനെ ഒക്കെ വരുകയുള്ളൂ അതാണ്‌ പണ്ടുള്ളവർ പറയുന്നത് പെണ്ണൊരുമ്പെട്ടാൽ എന്ന്, തിരിച്ചു വീട്ടിൽ വന്ന് പതിവ് പോലെ ടെലിവിഷൻ ഓൺ ചെയ്തപ്പോൾ വലിയ ഒരു ചാനൽ ചർച്ച ഒരു വിഭാഗം സ്വപ്ന യുടെ സ്വാധീനത്തെ കുറിച്ചും മറു വിഭാഗം സരിതയുടെ സ്വാധീനത്തെ കുറിച്ചും. 

ഓഫീസിൽ ഉണ്ടായ സംഭവ വികാസം ഭാര്യയും ആയി ഷെയർ ചെയ്തപ്പോൾ അവൾ പറയുകയാണ് നിങ്ങൾക്ക്‌ എപ്പോഴും വല്ലവർക്ക് വേണ്ടി വാദിക്കാൻ അല്ലേ നേരമുള്ളൂ മറ്റുള്ളവരെ പോലെ സ്വന്തം കാര്യം നോക്കിയാൽ പോരെന്ന്.  സരിതയും സ്വപ്നയും ആസ്മയും എല്ലായിടത്തും ഉണ്ട്. അത്‌ കൊണ്ട് ഇങ്ങള് ഇത്തിരി സൂക്ഷിച്ചു നടന്നോ എന്ന്.

 

English Summary: Linganeethi, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com