‘എനിക്ക് എന്താണ് അസുഖം, എന്തുകൊണ്ടാണ് അമ്മ എന്നെ ഓട്ടമത്സരത്തിന് കൂട്ടാത്തത്?’ ഒരു കുഞ്ഞിന്റെ സങ്കടം

School-boy
Representative Image. Photo Credit : zhukovvvlad / Shutterstock.com
SHARE

ഓട്ടമത്സരം  (കഥ)

ആർത്തു പെയ്യുന്ന തുലാമഴയെയും വകച്ചു മാറ്റി നാണുവിന്റെ  ഓട്ടോറിക്ഷ റോഡിലെ കുഴികളിൽ നിന്നും വെട്ടിച്ചു വെട്ടിച്ചു പതുക്കെ രാഹുലിനെയും  അമ്മയെയും കൊണ്ട് ഓടിക്കൊണ്ടിരിക്കുകയാണ് . തലശ്ശേരിയിലേക്ക് കിട്ടിയ ഓട്ടം കഴിഞ്ഞ് ആളില്ലാതെ തിരിച്ചു പോകേണ്ടി വരും എന്ന് കരുതി ഇരിക്കുമ്പോൾ ആയിരുന്നു തലശ്ശേരി ഗവണ്മെന്റ് ആശുപത്രിയുടെ മുന്നിൽനിന്നും രാഹുലിനെയും അമ്മയെയും കാണുന്നത്. നാണുവിന്റെ  അകന്ന കുടുംബത്തിലെ ബന്ധു ആണ് രാഹുലിന്റെ അമ്മസീത .ഏതായാലും തിരിച്ചു പോകുമ്പോളേക്കും നട്ടുവർത്തമാനം പറഞ്ഞിരിക്കാൻ ഒരാളായല്ലോ .രാമേട്ടൻ മനസ്സിൽ ഓർത്തു .

എന്താ സീതേ ആശുപത്രിയിൽ .എന്തെങ്കിലും കുഴപ്പം ഉണ്ടോ .റിയർ വ്യൂ മിററിൽ കൂടെ നോക്കി നാണു ചോദിച്ചു .

ഏയ് , ഇല്ല നാണുവേട്ടാ . മോന് ചെറിയൊരു വല്ലായ്മ .അതൊന്നു കാണിക്കാൻ വന്നതാ .

എന്താ കുഴപ്പം ??

വലുതായിട്ട് ഒന്നും ഇല്ല .സീത താൽപര്യം തീരെ ഇല്ലാത്ത രീതിയിൽ മറുപടി പറഞ്ഞു .

മറുപടിയിലെ  താൽപര്യമില്ലായ്‌മ മനസിലായത് കൊണ്ടാവണം നാണു പിന്നെ ഒന്നും ചോദിച്ചില്ല .ശ്രദ്ധ മുഴുവൻ ഡ്രൈവിങ്ങിൽചെലുത്തി അധികം വൈകാതെ തന്നെ പാലയാട് സ്കൂളിന് മുന്നിൽ ഉള്ള സീതയുടെ വീടിനു മുന്നിൽ കൊണ്ട് നിർത്തി .സീതപേഴ്സിൽ നിന്നും പൈസ എടുത്തു കൊടുക്കുന്ന സമയത്തു അമ്മയെ കാത്തു നിൽക്കാതെ രാഹുൽ ഓടി വീടിനകത്തേക് കയറി.

രാഹുൽ നേരെ ഓടി ചെന്നത് അകത്തെ കോലായിലെ മുറിയിലേക്കാണ് . കോലായിൽ നിന്ന് നേരെ എത്തുക ഈമുറിയിലേക്കാണ് .മുറിയുടെ നടുക്ക് തന്നെ ഒരു ഡൈനിങ്ങ് ടേബിൾ ഉണ്ട് .വലതു  വശത്തെ ചുമരിനോട് ചേർന്ന് ഒരു സോഫയും ഇടത്തു വശത്തെ ചുമരിൽ ഒരു ചില്ലിട്ട അലമാരയും ഉണ്ട് .അതിൽ ആണ് കഴിഞ്ഞ വർഷം സ്കൂൾ സ്പോർട്സ് മത്സരത്തിൽ ഓട്ടമത്സരത്തിനു ഒന്നാം സ്ഥാനം കിട്ടിയപ്പോൾ ലഭിച്ച മെഡലും ചെറിയ ഒരു കപ്പും ഇരിക്കുന്നത് .മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന രാഹുൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന ചേട്ടന്മാരെ ഓടി തോല്പിച്ചപ്പോൾ തെല്ലൊന്നുമല്ല അഭിനന്ദനം ലഭിച്ചത് ..പ്രിൻസിപ്പൽ രാമാനുജൻ മാഷിന്റെ കൈയിൽ നിന്നും ആ സമ്മാനം വാങ്ങിക്കുമ്പോൾ ലഭിച്ച കൈ അടിയുടെ ശബ്ദം ഇപ്പോളും തന്റെകാതുകളിൽ കേൾക്കുന്നത് പോലെ രാഹുലിന് അനുഭവപ്പെട്ടു .

അകത്തെ കോലായിൽ എത്തിയ രാഹുൽ ഓടിച്ചെന്നു അലമാരയോട് ചേർന്നുള്ള ടി വി യുടെ അരികിൽ എത്തി കൈ പരമാവധിപൊക്കി ടി വി യുടെ സ്വിച്ച് ഇടാൻ ശ്രമിച്ചു .പക്ഷെ അത്രയും ഉയരത്തിൽ കൈ എത്തുന്നില്ല . സാധാരണ അമ്മയോട് പറഞ്ഞാൽഅമ്മ വന്നാണ് ടി വി ഓൺ ചെയ്തു തരാറു .ഇന്ന് അമ്മയെ കാത്തിരിക്കാൻ തീരെ സമയമില്ല .ഒളിമ്പിക്സിലെ 100 മീറ്റർഓട്ടത്തിന്റെ ഫൈനൽ ഇന്നാണ് ..രാവിലെ പത്രത്തിൽ കണ്ടിരുന്നു .12 മണിക്ക് ആണ് മത്സരം .മണി 12 ആവാൻ ഇനി മൂന്ന്മിനിട്ടെ ഉള്ളു .അമ്മയെ കാത്തിരിക്കാൻ വയ്യ .

എന്ത് ചെയ്യണം എന്ന് ആലോചിച്ചു നിൽകുമ്പോൾ ആണ് മൂലയ്ക്കിരുന്നു കസേര അവൻ കണ്ടത് .അത് വലിച്ചു ടി വി യുടെഅടുത്തു കൊണ്ട് വന്നു അതിന്റെ മുകളിൽ കയറി സ്വിച്ച് ഇട്ടു ..സോണി എന്നു വലിയ ഇംഗ്ലീഷ് അക്ഷരത്തിൽ ടി വി യുടെമുന്നിൽ പ്രത്യക്ഷപ്പെട്ടു .അവൻ ഉടൻ തന്നെ തന്റെ കൊച്ചു കൈയിൽ റിമോട്ടും എടുത്തു സ്റ്റാർ സ്പോർട്സ് ചാനൽ ട്യൂൺചെയ്തു .അവരാണ് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത് .

ഭാഗ്യം മത്സരം തുടങ്ങിയിട്ടില്ല  .രാഹുൽ മനസിൽ പറഞ്ഞു .

അപ്പോഴേക്കും അമ്മ അകത്തു എത്തിയിരുന്നു .

അതുശരി ഇതിനായിരുന്നല്ലേ ഓടി ചാടി വന്നത് .വന്നേ വന്നു കുപ്പായം അഴിച്ചിടു . അമ്മ സഹായിക്കാം . വരൂ .

നിൽക്ക് അമ്മെ . ഇതൊന്നു കഴിഞ്ഞോട്ടെ .രാഹുൽ മറുപടി പറഞ്ഞു .

അമ്മ പിന്നെ ഒന്നും പറയാതെ അടുക്കളയിലോട്ട് പോയി .

രാഹുൽ ടി വി യിൽ തന്നെ കണ്ണും കാതും കൂർപ്പിച്ചു ഇരിപ്പായി .മത്സരാർത്ഥികൾ ഓടാൻ വേണ്ടി തയ്യാറെടുക്കുന്നതും വെടി ഒച്ചകേട്ടപ്പോൾ ശരം വിട്ട പോലെ എല്ലാവരും ഒരുമിച്ചു ഓടുന്നതും ജയിച്ച വ്യക്തി സ്വന്തം രാജ്യത്തിൻറെ പതാക എടുത്തു വേദിമുഴുവൻ വലം വെക്കുന്നതും അവൻ കൗതുകത്തോടെ നോക്കി നിന്നു .

നാളെയാണ് സ്കൂളിലെ ഓട്ട മത്സരത്തിന്റെ സെലെക്ഷൻ നടക്കുന്നത് .കഴിഞ്ഞ ആഴ്ച ക്ലാസ്സിൽ വെച്ചു ജയദേവൻ മാഷ്ആയിരുന്നു നോട്ടീസ് വായിച്ചത് .അത് കേട്ടത് മുതൽ പിന്നെ ക്ലാസ്സിൽ ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല .ഇന്റെർവെല്ലിനു  പിടി യുടെ ഉഷ ടീച്ചറുടെ അടുത്തു പോയി പേര് കൊടുത്തതിനു ശേഷമാണു മനസമാധാനം വന്നത് .

അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അവന്റ മനസ് മുഴുവൻ ഈ രംഗങ്ങൾ മാത്രം ആയിരുന്നു .നാളെ സ്കൂളിലെ മത്സരത്തിൽഓടി ജയിക്കുന്നതും അങ്ങനെ കുറെ മത്സരത്തിൽ പങ്കെടുത്തു ജയിച്ചു രാജ്യത്തെ പ്രതിനീധീകരിച്ചു ഓടാൻ പോകുന്നതും ഒക്കെ അവൻ മനസിൽ കാണാൻ തുടങ്ങി .വലുതാവുമ്പോൾ ഞാനും എന്റെ രാജ്യത്തിൻറെ പതാകയും കൈയിലേന്തി മൈതാനം വലംവെക്കുന്നതും ഓർത്തു കൊണ്ട് പതിയെ കണ്ണുകൾ അടച്ചു .

പിറ്റേ ദിവസം സ്കൂളിൽ പോവാൻ ഒരുങ്ങി ഇരിക്കുമ്പോളാണ് അമ്മയും സാരിയും ഉടുത്തു കൊണ്ട് മുറിയിൽ നിന്ന് പുറത്തേക്ക്ഇറങ്ങുന്നത് അവൻ കണ്ടത് .

അമ്മ എങ്ങോട്ടാ ?? അവൻ ആകാംഷയോടെ ചോദിച്ചു .

ഞാനും വരുന്നുണ്ട് സ്കൂളിലേക്ക് .ഇന്ന് ഞാൻ നിന്നെ സ്കൂളിൽ കൊണ്ട് വിടാം 

വേണ്ട .ഞാൻ തനിയെ പോയി കൊള്ളാം .ഞാൻ വലിയ കുട്ടി ആയില്ലേ .ഇപ്പോഴും അമ്മ സ്കൂളിൽ കൊണ്ട് വിടുന്നത് കണ്ടാൽകൂട്ടുകാരൊക്കെ കളിയാക്കും .

അതിനെന്താ ഇന്നൊരു ദിവസത്തേക്ക് അല്ലെ .അമ്മ മറുപടി പറഞ്ഞു 

അമ്മയോട് തർക്കിച്ചു കാര്യമില്ലെന്നു അറിയാവുന്നത് കൊണ്ട് അവൻ ശരി എന്ന അർത്ഥത്തിൽ തല കുലുക്കി .

അത്രയും നേരം അമ്മയുടെ കൈ പിടിച്ചു നടന്ന അവൻ സ്കൂൾ പരിസരത്ത് എത്തിയപ്പോൾ പതിയെ അമ്മയുടെ കൈയിൽനിന്ന് പിടി വിടിവിച്ചു .ക്ലാസ്സിലെ ആരെങ്കിലും അമ്മയുടെ കൈയും പിടിച്ചു വരുന്നത് കണ്ടാൽ ഇന്നത്തെ ദിവസം കളിയാക്കാൻ അവർക്ക് ആ ഒരു കാരണം മതി  .ഇന്നാളൊരു ദിവസം അഭിജിത് അവന്റെ അച്ഛന്റെ കൈയും പിടിച്ചു സ്കൂളിൽ വന്ന ദിവസംതാൻ അടക്കം എല്ലാവരും അവനെ കളിയാക്കിയത് അവൻ മനസ്സിൽ ഓർത്തു .

ആ കാണുന്നതല്ലേ നിന്റെ ക്ലാസ് മുറി .ഇനി നീ പൊയ്ക്കോളൂ .അമ്മയ്ക്ക് ഇവിടെ ഒരാളെ കാണാൻ ഉണ്ട് .

അതും പറഞ്ഞു അമ്മ നേരെ സ്റ്റാഫ് റൂമിന്റെ അടുത്തോട്ട് പോയി .

അമ്മ എന്തിനാണാവോ സ്റ്റാഫ് റൂമിലോട്ട് പോകുന്നത് എന്നോർത്തു കൊണ്ട് അവൻ ക്ലാസ്സിലേക്ക് നടക്കാൻ തുടങ്ങി .

ക്ലാസ്സിൽ എത്തിയപ്പോൾ എല്ലാവരും ചർച്ചയിൽ ആണ് .ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഓട്ട മത്സരത്തെ പറ്റി ആണ് ചർച്ച . ആരൊക്കെ ആണ് ജയിക്കാൻ സാധ്യത ഉണ്ടെന്നു തമ്മിൽ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു തർക്കിക്കുക ആണ് എല്ലാരും .സാധ്യത ഉള്ളവരുടെ കൂട്ടത്തിൽ തന്റെ പേരും കൂടി കേട്ടപ്പോൾ അഭിമാനം കൊണ്ട് അവന്റെ മുഖം ചുവന്നു .

അന്ന് ക്ലാസ്സിൽ പഠിപ്പിച്ചത് ഒന്നും അവനു ശ്രദ്ധിക്കാൻ കഴിഞ്ഞില്ല . ഉച്ച കഴിഞ്ഞുള്ള മത്സരത്തിനെ കുറിച്ചുള്ള സ്വപനങ്ങളിൽ അവൻ ഉച്ച വരെ കഴിഞ്ഞു കൂടി .

ഉച്ചക്ക് ശേഷം സ്കൂൾ ഗ്രൗണ്ടിൽ എല്ലാ ക്ലാസിലെയും കുട്ടികൾ ഒത്തുകൂടി .മത്സരിക്കാത്ത കുട്ടികൾ ഒക്കെ ഓരോ തണൽമരത്തിന്റെയും ച്ചുവട്ടിൽ സ്ഥാനം പിടിച്ചു .മത്സരത്തിൽ പങ്കെടുക്കുന്ന എല്ല്ലാവർക്കും കൈ അടിച്ചും കൂകി വിളിച്ചും അവർപ്രോത്സാഹനം നൽകി .ഉഷ ടീച്ചർ മത്സരിക്കുന്ന കുട്ടികളുടെ പേര് വിവരങ്ങൾ മൈക്കിലൂടെ ഉച്ചത്തിൽ വിളിക്കാൻ തുടങ്ങി.എല്ലാ പേരും വിളിച്ചു കഴിഞ്ഞിട്ടും തന്റെ പേര് വിളിക്കാത്തത് കേട്ടപ്പോൾ രാഹുലിന് സംശയമായി .അവൻ ഓടി ഉഷ ടീച്ചറുടെഅടുത്തു എത്തി.

ടീച്ചർ .ഞാൻ ഓട്ട മത്സരത്തിന് പേര് കൊടുത്തിരുന്നു . പക്ഷേ ടീച്ചർ എന്റെ പേര് വിളിച്ചില്ല .

മോൻ അല്ലെ രാഹുൽ .ടീച്ചർ ചോദിച്ചു .

അതെ . കഴിഞ്ഞ പ്രാവശ്യം എനിക്ക് ആയിരുന്നു ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം .

ആണോ .മിടുക്കൻ .ടീച്ചർ തുടർന്നു  . മോന്റെ അമ്മ ഇന്ന് രാവിലെ എന്നെ വന്നു കണ്ടിരുന്നു .മോന്റെ ക്ലാസ് ടീച്ചർദേവൻ മാഷും കൂടെ ഉണ്ടായിരുന്നു .മോൻ ഈ പ്രാവശ്യം മത്സരിക്കണ്ട .മോന് എന്തോ ചെറിയ അസുഖം ഉണ്ടെന്നാ മോന്റെ അമ്മപറഞ്ഞത്. ഒടാനും ചാടാനും ഒക്കെ തുടങ്ങിയാൽ അസുഖം കൂടും .അതുകൊണ്ട് മോൻ ഈ വർഷം മത്സരിക്കണ്ട .അടുത്തവർഷം അസുഖം ഒക്കെ മാറി നമുക്ക് മത്സരിക്കാം .

ടീച്ചർ ഇത് പറഞ്ഞു കഴിഞ്ഞതും അവനു തന്റെ ഹൃദയം രണ്ടായി പിളരുന്നത് പോലെ തോന്നി .അവൻ  മറുപടി ഒന്നും പറയാതെനേരെ ക്ലാസ്സിലേക്ക് പോയി .ക്ലാസ് ശൂന്യം ആയിരുന്നു .അവൻ നേരെ അവന്റെ ഇരിപ്പിടത്തിലേക്കു പോയി ഡെസ്കിൽ തലവെച്ചു കരയാൻ തുടങ്ങി .താൻ നെയ്തു കൂട്ടിയ സ്വപനങ്ങൾ ഒക്കെ ഒരു ചീട്ടു കൊട്ടാരം പോലെ തകർന്നടിയുന്നത് അവൻമനസ്സിൽ കണ്ടു .വീണ്ടും വീണ്ടും ഓർക്കും തോറും അവന്റെ കരച്ചിലിന്റെ ശക്തി കൂടി കൂടി വന്നു .അവന്റെ കണ്ണിൽ നിന്നുംഉതിർന്നു വന്ന കണ്ണുനീർ അവന്റെ കൊച്ചുമുഖത്തിന്റെ സൗന്ദര്യം കുറച്ചു .എന്തുകൊണ്ടാണ് തന്നോട് ഈ കാര്യം അമ്മപറയാതിരുന്നത് എന്നായി അവന്റെ ചിന്ത .ഇതിനായിരുന്നോ ഇന്നലെ ഡോക്ടറുടെ അടുത്തു അമ്മ തന്നെ കൊണ്ട്പോയത് . നെഞ്ചിലും വയറിലും ഒക്കെ ആയി എന്തൊക്കെയോ ട്യൂബുകളും വയറുകളും കുത്തി എത്ര ടെസ്റ്റുകൾ ആണ് ഇന്നലെആശുപത്രിയിൽ നിന്നും എടുത്തത് .അതൊക്കെ എന്തിനാണ് എന്ന് ചോതിച്ചപ്പോൾ ഡോക്ടറും തന്നില്ല അമ്മയും തന്നില്ല മറുപടി .എത്രയും വേഗം സ്കൂൾ വിട്ടു വീട്ടിലേക്ക് എത്താൻ കഴിയണേ എന്നായി അവന്റെ മനസ് മുഴുവൻ .

സ്കൂളിലെ കൂട്ട മണിയടിയുടെ ശബ്ദം കേട്ട ഉടൻ അവൻ തന്റെ ബാഗും എടുത്തു ഓടാൻ തുടങ്ങി .സ്കൂളിലെ മത്സരത്തിൽപങ്കെടുക്കാൻ പറ്റാത്ത വിഷമം മുഴുവൻ ആ ഓട്ടം കൊണ്ട് തീർത്തു . ഓരോ പാദം വയ്ക്കുമ്പോളും കൂടുതൽ ശക്തിയിൽ ഭൂമിദേവിയെ ചവിട്ടി കൊണ്ട് അവൻ തന്റെ പ്രതിഷേധം അറിയിച്ചു .ഓടി വീട്ടു മുറ്റത്തു എത്തിയപ്പോഴേക്കും അവനു ശ്വാസംഎടുക്കാൻ കഴിയാതെ വന്നു .കിതച്ചു കൊണ്ട് അവൻ വീടിന്റെ തിണ്ണയിൽ വന്നിരുന്നു .കണ്ണിൽ മുഴുവൻ ഇരുട്ട് കയറുന്നത്പോലെ അവനു തോന്നി .തിണ്ണയിലിരുന്നു അവൻ അമ്മെ എന്ന് ഉറക്കെ വിളിക്കാൻ ശ്രമിച്ചു .പക്ഷെ വാക്കുകൾ ഒന്നുംപുറത്തോട്ടു വരുന്നുണ്ടായിരുന്നില്ല .പതിയെ കണ്ണുകൾ അടഞ്ഞു പുറകിലോട്ടു മറിഞ്ഞു വീഴാൻ പോകുമ്പോൾ ആരോഅടുത്തേക്ക് ഓടി വരുന്നതായി അവനു അനുഭവപ്പെട്ടു .അത് അവന്റെ അമ്മ ആയിരുന്നു .

പിന്നീട് കണ്ണു തുറക്കുമ്പോൾ അവൻ അമ്മയുടെ മടിയിൽ ആണ് .അവൻ നോക്കുമ്പോൾ അമ്മയുടെ മുഖമത്രയും കരഞ്ഞുകലങ്ങി ഇരിക്കുക ആണ് 

അമ്മേ ....അവൻ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു .

ഹാ ..എന്റെ കുട്ടി എഴുന്നേറ്റോ .അമ്മയെ പേടിപ്പിച്ചു കളഞ്ഞല്ലോ നീ .

എന്താ അമ്മെ എനിക്ക് കുഴപ്പം .

എന്റെ മോന് ഒരു കുഴപ്പവും ഇല്ല .

അല്ല എന്തോ കുഴപ്പം ഉണ്ട് . ഞാൻ മരിച്ചു പോകുമോ അമ്മേ ??

എന്താ മോനെ ഇങ്ങനെ ഒക്കെ പറയുന്നത് .നമ്മൾ ഇന്നലെ ആശുപത്രിയിൽ പോയില്ലേ .അവിടുത്തെ ഡോക്ടർ ആണ് പറഞ്ഞെ മോന്റെ ഹൃദയത്തിനു ചെറിയ ഒരു അസുഖം ഉണ്ട് .അത്ര പേടിക്കാൻ ഉള്ളത് ഒന്നും അല്ല .മരുന്ന് കഴിച്ചാൽ മാറാവുന്നതേ ഉള്ളുഎന്നാ ഡോക്ടർ പറഞ്ഞത് .പക്ഷേ അസുഖം മാറുന്നത് വരെ ഒടാനും ചാടാനും ഒന്നും പോകാൻ പാടില്ല .അങ്ങനെ ചെയ്താൽഅസുഖം വീണ്ടും കൂടുകയേ ഉള്ളു .അത് കൊണ്ടാണ് അമ്മ ഇന്ന് സ്കൂളിൽ വന്നു കുറച്ചു കാലത്തേക്ക് നിന്നെ ഒടാനുംകളിക്കാനും ഒന്നും വിടേണ്ട എന്ന് ടീച്ചറോട് പറഞ്ഞത് .അല്ലെങ്കിൽ നീ ഓടി ജയിച്ചു വരുമ്പോൾ ലോകത്ത്‌ വേറെ ആരെക്കാളുംസന്തോഷം നിന്റെ അമ്മക്കല്ലേ ഉണ്ടാവുക .മോൻ അമ്മ പറഞ്ഞാൽ കേൾക്കില്ലേ . കുറച്ചു കാലത്തേക്ക് മോൻ കളിക്കാനും ഒടാനുംഒന്നും പോവരുത് കേട്ടോ .അമ്മയ്ക്ക് നീ അല്ലാതെ വേറെ ആരാ ഉള്ളെ .

അവൻ പതിയെ ശരി എന്ന അർത്ഥത്തിൽ തലയാട്ടി .അവന്റെ കണ്ണിൽ നിന്ന് ഒരു ചെറിയ തുള്ളി കണ്ണുനീർ പൊടിഞ്ഞുഅമ്മയുടെ സാരിയിൽ വന്നു പതിച്ചു .ഇനി കുറച്ചു കാലം ഓടാൻ കഴിയാത്തതിലുള്ള സങ്കടം ആയിരുന്നില്ല അത് . മറിച്ചു കുറച്ചുമുമ്പ് അമ്മയോട് ദേഷ്യം തോന്നിയതിലുള്ള കുറ്റബോധമായിരുന്നു ആ കണ്ണീരിൽ .

അവൻ അമ്മയുടെ കൈ എടുത്തു അവന്റെ മുഖത്തോട് ചേർത്ത് വച്ചു ..ആ കൈയുടെ ചെറു ചൂടിൽ അവൻ തന്റെ കണ്ണുകൾഅടച്ചു കിടന്നു .

English Summary: Ottamathsaram, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;