ADVERTISEMENT

ജെല്ലിക്കെട്ട് (കഥ)

 

മീനമാസത്തിലെ സൂര്യൻ ജ്വലിച്ചു നിൽക്കുന്ന ഒരു ദിവസമാണ് സുഹൃത്ത് അയാളെ  നാട്ടിലെ ജെല്ലിക്കെട്ട് കാണാൻ ക്ഷണിച്ചത്. വളരെ നാളായി ആഗ്രഹിച്ചിരുന്ന ഒന്നായിരുന്നു ജെല്ലിക്കെട്ടുകാണുകയെന്നത്. ഇത് ഭാര്യയോട് പറഞ്ഞപ്പോൾ

വാസുകൊച്ചാട്ടൻ തങ്ങളെ ജെല്ലിക്കെട്ട് കാണാൻ കൊണ്ടുപോയ കാര്യം അവൾപറഞ്ഞു ...

 

കുട്ടികളെ ഉയരമുള്ള ഒരു സ്ഥലത്തു നിർത്തിയാണ് അന്ന് കണ്ടതെന്ന്.

അവധിയെടുത്തിട്ടാണെങ്കിലും ജെല്ലിക്കെട്ട് കാണണമെന്ന് അതുകൊണ്ടു കൂടിയാണ് കണക്കാക്കിയത്....

 

വാ തോരാതെ സംസാരിക്കുന്ന  എന്ത് കാര്യം പറഞ്ഞാലും അതിൽ ഒരു ഉദാഹരണം വാസു കൊച്ചാട്ടന്റേതായി അവൾ പറയും. കഴിഞ്ഞ കാവിലെ ഉത്സവത്തിന് പോയി മടങ്ങുമ്പോൾ അവൾ പറഞ്ഞു നാട്ടിലെ ക്ഷേത്രത്തിൽ വളരെ ചെറുപ്പത്തിലേ കുട്ടികളായ അവരെ കൊണ്ട് പോയ കഥ... അതിരാവിലെ മുതൽ സന്ധ്യവരെ ചുറ്റിക്കറങ്ങിയ കുട്ടികളെ നയിച്ചിരുന്നത്, പിന്നീട് ആനപ്പുറത്തു കയറാൻ അനുവാദം ചോദിച്ചതും വാസുകൊച്ചാട്ടാനായിരുന്നു പോലും...

 

കഴിഞ്ഞ  ദിവസം താഴെ വീട്ടീന്ന് കൊടുത്ത രുചിയുള്ള പാലട പായസം കുടിച്ചു കൊണ്ടിരുന്നപ്പോഴും അവൾ പറഞ്ഞു. വാസു കൊച്ചാട്ടൻ ഉണ്ടാക്കുന്ന പായസത്തിന്റെ രുചി. അതൊന്നു വേറെ തന്നെയാണേ... മേലുദ്യോഗസ്ഥന്റെ ശാസന മതിയാവോളം കേട്ട് മുരടിച്ച മനസുമായി വീട്ടിലെത്തിയപ്പോൾ ഭാര്യ തുടങ്ങി. വാസുകൊച്ചാട്ടന്റെ കഥ... 

 

ഇപ്പോൾ അവൾ ചെറുപ്പ കാലത്തേക്ക് പോയിരിക്കുന്നു.. പുഴയിലെ ഒഴുക്കില്ലാത്ത ഭാഗത്തു അവർ കുട്ടികൾ വെള്ളാരം കല്ലുകൾ പെറുക്കിക്കൂട്ടിക്കൊണ്ടിരുന്നു. ചുവപ്പു കളറുള്ള മീൻ വാസുകൊച്ചാട്ടന്റെ മകൾ മീനാക്ഷി പറഞ്ഞപ്പോൾ എല്ലാവരുടെയും കണ്ണുകൾ അങ്ങോട്ടേക്ക് പതിച്ചു. പിന്നെ ആ മീനിന്റെ പിറകെയാണ് എല്ലാരും.....

കുളിയും തേവാരവും എല്ലാം കഴിഞ്ഞു വരുമ്പോൾ പ്രാതൽ ശരിയാക്കിവെച്ചു തങ്കേടത്തി കാത്തിരിക്കുന്നുണ്ടാവും. മോരും പപ്പടം കാച്ചിയതും മെഴുക്കുപുരട്ടിയതുമൊക്കെയായി. അവൾ തുടർന്നു... വാസു കൊച്ചാട്ടനാണെങ്കിൽ ഞങ്ങൾ കുട്ടികളെല്ലാം ഉണ്ടെങ്കിലേ കഴിക്കുകയുള്ളു താനും  

 

പകൽ കത്തിജ്വലിക്കുന്ന ചൂടുള്ള ആ ദിവസം സുഹൃത്തുക്കളും ഞാനും അങ്ങനെ മധുരയിലേക്ക് യാത്ര തിരിച്ചു. മധുരക്കടുത്തുള്ള അളകനല്ലൂരിലാണ് പ്രസിദ്ധമായ ജെല്ലിക്കെട്ട് നടക്കുന്നത്. ചുട്ടുപഴുത്ത മണൽ കാറ്റു ചെകിടടിച്ചു വീശിയടിച്ചു... തിരുനെറ്റി ചുട്ടു പഴുത്തു.... തീകനലിൽ കടല ചെടി പരിപാലിക്കുന്ന തമിഴരെ അയാൾ കണ്ടു. അകലെ മലയിൽ നിന്നും താഴേക്ക് പതിക്കുന്ന തൂ വെള്ള ജലധാര കണ്ണിനു സുഖം നൽകി....

 

പകൽ കത്തിജ്വലിക്കുന്ന ചൂടുള്ള ആ ദിവസം സുഹൃത്തുക്കളും ഞാനും അങ്ങനെ മധുരയിലേക്ക് യാത്ര തിരിച്ചു. ഞങ്ങളുടെ ജീപ്പ് കടന്നു പോകുമ്പോൾ തേനി കഴിഞ്ഞപ്പോൾ തന്നെ കണ്ടു ഒരുപാട് ഗ്രാമീണർ തലയിൽ പത്രങ്ങളിൽ ആഹാരമൊക്കെയുണ്ടാക്കി ജെല്ലിക്കെട്ട് കാണാനായി പോകുന്നുണ്ടായിരുന്നു.

ഇത് മുമ്പേ കണേണ്ടതായിരുന്നല്ലോ... അയാൾക്ക്‌ കടുത്ത നിരാശ തോന്നി.

എങ്കിലും ഇപ്പോഴെങ്കിലും പറ്റിയല്ലോ. ..കടുത്ത ചൂടിലും അയാൾക്ക്‌ ആവേശം തോന്നി.

ഞങ്ങളെ കാത്തു പഴനി നിൽപ്പുണ്ടായിരുന്നു. അകലെ ഉച്ചഭാഷിണിയിൽ നിന്നും

തകർപ്പൻ തമിഴ്പ്പാട്ട് കേൾക്കുന്നുണ്ടായിരുന്നു.

 

അവിടെയൊക്കെ വർണ്ണക്കടലാസുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

തെരുവിന്റെ ഇടവഴിയിലൂടെ ജീപ്പ് വേഗത കുറച്ചു ഞങ്ങൾ യാത്ര തുടർന്നു.

തെരുവിലെ ഇരുവശത്തുമുള്ള മിക്കവാറും കടകൾ അടഞ്ഞു കിടന്നു.

ഇന്ന് അവരുടെ ഉത്സവമാണല്ലോ...

പഴനി പറഞ്ഞു ...

അണ്ണാ നിങ്ങൾക്കു നല്ലപോലെ കാണാനുള്ള സ്ഥലം ഞാൻ നേരത്തെ ബുക്ക് ചെയ്തിട്ടുണ്ട്.

 

ഞാൻ മനസ്സിൽ പഴനിക്ക് നന്ദി പറഞ്ഞു. ഒന്നാമതെ കനത്ത ചൂട്. അപ്പൊ ബുക്ക് ചെയ്തിരിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അഞ്ചു പേർക്കും തങ്ങളുടെ സീറ്റിൽ ചാരിക്കിടന്നു... ജെല്ലിക്കെട്ട് കാണാമല്ലോ... ചൂടും കൊള്ളേണ്ടി വരില്ലല്ലോ....

ഭാര്യയെ യാത്രയ്ക്ക് കൂട്ടാതിരുന്നതിൽ കൂട്ടത്തിൽ ആദ്യമായി അയാൾക്ക്‌ ദുഃഖം തോന്നി...

 

അവിടെ ചെന്നിട്ടു വിശാലമായി ജെല്ലിക്കെട്ട് കണ്ടു തിരിച്ചുപോരുമ്പോൾ,അവളോട് ചോദിക്കേണ്ടിയിരുന്നു... നീ വന്നു കണ്ടപ്പോൾ നിന്റെ വാസുകൊച്ചാട്ടൻ ഇതുപോലെയുള്ള സൗകര്യങ്ങൾ ചെയ്തു തന്നായിരുന്നോന്ന്....

 

ഒരുപാട് ആളുകൾ കൂടി നിൽക്കുന്ന മൈതാനത്തിന്റെ കുറച്ചകലെ എത്തിയപ്പോൾ പഴനി പറഞ്ഞു. വണ്ടി ഇവിടെ നിർത്തിക്കൊള്ളാൻ. കുറെ വാഹനങ്ങൾ അവിടെ പാർക്ക് ചെയ്തിരുന്നു. അവർ ജീപ്പിൽ നിന്നുമിറങ്ങി... പുറത്തിറങ്ങിയപ്പോൾ കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യ രശ്മികൾ നേരെ നട്ടുച്ചിയിലേക്ക്  പതിച്ചു. മൈതാനവും ചുട്ടുപഴുത്തിരിക്കുന്നു.

 

ഏതായാലും കുറച്ചു നടന്നാൽ പഴനി ബുക്ക് ചെയ്തിരിക്കുന്ന ഇരിപ്പിടത്തിൽ എത്തി വിശ്രമിക്കാമല്ലോ... സ്വയം ആശ്വസിച്ചു... ജീപ്പിൽ നിന്നും കൈയിൽ കരുതിയ കുപ്പിവെള്ളം മടമടാ കുടിച്ചിറക്കി... വസ്ത്രങ്ങൾ വിയർപ്പിൽ കുതിർന്നു തുടങ്ങിയിരുന്നു.

മൈതാനത്തിനടുത്തെത്തിയപ്പോൾ സൗണ്ട് ബോക്സിൽ നിന്നും ഉയരുന്ന കാതടപ്പിക്കുന്ന തകർപ്പൻ പാട്ടുകൾ. അവിടുത്തെ ആവശ്യത്തിൽ കവിഞ്ഞ ചെകിടടപ്പിക്കുന്ന ശബ്ദ കോലാഹലങ്ങൾ നെഞ്ചിൽ വന്നു തട്ടി പ്രതിധ്വനിക്കുന്നതു പോലെ തോന്നി... വലിയ ഒരുപാടു സൗണ്ട് ബോക്സുകളും അകലെ കേൾക്കാനായി വലിയ കോളാമ്പികളും... ചിലർ നൃത്തം ചെയ്യുന്നു....

 

എന്തിന് ഇത്രയേറെ ശബ്ദ കോലാഹലങ്ങൾ...

യഥാർഥത്തിൽ ചുറ്റുപാടുകളെ ശബ്ദകോലാഹലങ്ങളിലൂടെ മലീമസമാക്കുന്നതു പോലെ അയാൾക്ക്‌ തോന്നി...

കാതിന്റെ സംവേദന ശക്തി തകർന്നു തരിപ്പണമാകുമെന്നു അയാൾക്ക്‌ തോന്നി... കാഹള പരിവേഷങ്ങൾക്കു മേലങ്കി ചാർത്തി തമിഴ് മക്കൾ തലങ്ങും വിലങ്ങും പാഞ്ഞു നടക്കുന്നു. മനസ് കൈവിട്ടു പോകുന്നത് പോലെ... നിയന്ത്രങ്ങൾ നഷ്ട്ടപ്പെട്ടു സ്വയം നിയന്ത്രണശേഷി നഷ്ട്ടപ്പെട്ടു അയാൾ അവരുടെ കൂടെ നടന്നു... അമിതമായ ശബ്ദ കോലാഹലങ്ങൾക്കിടയിൽ നിന്നും കഴുത ചാണകത്തിന്റെ മനം മടുപ്പിക്കുന്ന ഗന്ധം അവിടെയെല്ലാം...

 

പടുകൂറ്റൻ കാള കടന്നു വരേണ്ട പാതയിൽ യാതൊരു സുരക്ഷയുമില്ലെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു... മൈതാനത്തിന്റെ അരികിലെ ഒരു പടുത മൂടിയ ഒരു സ്റ്റേജ് പോലെ.... അതിന്റെ മുൻവശം തുണിയിട്ടു മറച്ചിരിക്കുന്നു... അതിലെ ആണ് മത്സര കാള ഓടിവരേണ്ടത്...

 

എണ്ണ തൂത്തു മിനുസപ്പെടുത്തിയിക്കുന്ന മത്സര കാള... അതിന്റെ മുതുകിൽ വലിയ മുഴ കാണും... കളർ ചേർത്ത് മിനുസപ്പെടുത്തിയ വീതുളിപോലുള്ള വളഞ്ഞ വലിയ കൊമ്പും ...

 

പഴനി നടക്കുന്നതിനിടയിൽ വലിയ ശബ്ദത്തിൽ പറഞ്ഞു തന്നു കൊണ്ടിരുന്നു.

ഇത് പണ്ട് കാലത്തു തുടങ്ങിയതാണ്... ധൈര്യശാലികളായ ആളുകൾ കാളയുടെ മുതുകിലോ കൊമ്പിലോ പിടിച്ച് അതിനെ നിർത്തിയാൽ അവനു ആ രാജ്യത്തിന്റെ പകുതി സ്വത്തും രാജകുമാരിയെ വിവാഹം ചെയ്തു കൊടുത്തിരുന്നതുമായ കഥകൾ പറഞ്ഞു.

 

ഇത് ഒരു മത്സരമാണ്.. കാളയുടെ ഉടമകൾ തമ്മിൽ... ഒരുപാട് കാളകളെ മത്സരത്തിനായി കൊണ്ട് വരാറുണ്ട്... വീര്യം കൂട്ടാൻ വേണ്ടി ചിലർ കാളയെ മദ്യം കുടിപ്പിക്കും ... മറ്റു ചിലർ മത്സരം തുടങ്ങുമ്പോൾ അവറ്റയുടെ വാലിൽ കടിച്ചു മുറിവേല്പിക്കും ...

ആ മിണ്ടാപ്രാണികൾ പ്രാണ രക്ഷർത്ഥം ഓടും. അതിനെ പിടിച്ചു കെട്ടാൻ എത്തുന്നവരെ അവൻ കുത്തി മലർത്തും. അവറ്റകൾ നിർദാക്ഷണ്യം കുത്തിമലർത്തും 

അതിനിടയിൽ ചിലപ്പോൾ നഷ്ട്ടപ്പെടുന്നതു കൈകൾ, കാലുകൾ, ശരീരഭാഗങ്ങൾ ... സ്ഥിരമായ അംഗവൈകല്യങ്ങൾ... ചിലപ്പോൾ പരലോകം പൂകാനും

ഇത് കേട്ടപ്പോൾ അയാളുടെ പെരുവിരലിൽ നിന്നും ഒരു ഭയം ഉടലെടുത്തു... മുകളിലേക്ക് ... കൈകളിൽ... നെഞ്ചിൽ ....

 

ആ കാളകൾ കുതിച്ചോടേണ്ട വഴിക്കിരുവശവും തമിഴർ നിറഞ്ഞു നിന്നു... അവരിലാരും ഒരു ഭയപ്പാടും ഞാൻ കണ്ടില്ല... പൊടിയുയരുന്ന മൈതാനത്തിന്റെ മധ്യഭാഗത്തു നിന്നും ഞാൻ നാലുപാടും നോക്കി... എവിടെ സ്റ്റേഡിയം, എവിടെ വെയിൽ മറക്കാനും കാണികൾക്കു കാണാനുമുള്ള സൗകര്യങ്ങൾ... വളരെ അകാലത്തിലുള്ള ഇടിഞ്ഞു വീഴാറായ കെട്ടിടങ്ങളുടെ മുകൾ മുഴുവനും കാണികളെ കൊണ്ടു നിറഞ്ഞിരുന്നു...

പിന്നെയുള്ളത് കാളവണ്ടികളിൽ നിന്നു കാളയെ അഴിച്ചു മാറ്റി മേയാൻ വിട്ടപ്പോൾ ഉപേക്ഷിച്ചിരിക്കുന്ന കാളവണ്ടികൾ... അതിൽ ഓരോന്നിലും കുറഞ്ഞത് ഇരുപതിൽ കുറയാത്ത ആളുകൾ തിങ്ങിഞെരുങ്ങി നിൽക്കുന്നു... അവർ ചിലർ ആർപ്പു വിളിക്കുന്നു...

 

പഴനി പറഞ്ഞു ... ‘‘വാങ്കോ സർ’’-

 

മൈതാനത്തിന്റെ ഒത്തനടുക്ക് കാള കൂറ്റൻ മാർ അലമുറയിട്ടു കടന്നു വരുന്ന പാതയിൽ നിറഞ്ഞിരിക്കുന്ന ഒരു കാളവണ്ടിയിൽ നിന്നു പഴനി ബലമായി ഏതാനും പേരെ താഴെ ഇറക്കി... പെട്ടെന്ന് ഞങ്ങളെ അതിൽ തള്ളിക്കയറ്റി... ഒന്നര മീറ്റർ ഉയരമുള്ള കാളവണ്ടിയിൽ ഞങ്ങൾ എങ്ങനെ കയറിപ്പറ്റിയെന്നുപോലും മനസ്സിലാകുന്നതിന് മുമ്പ് 

ജെല്ലിക്കെട്ട് ആരംഭിച്ചിരുന്നു.... നിരവധി സമ്മാനങ്ങൾ ... അനൗൺസ് ചെയ്യുന്നുണ്ടായിരുന്നു... കാളക്കൂറ്റനെ പിടിച്ചു കെട്ടുന്നവർക്കു

സൈക്കിൾ, ടി വി, ഒരു ഗ്രാം സ്വർണ കോയിൻ, ആയിരം ,അഞ്ഞൂറ് രൂപ .....

തമിഴ് മക്കൾ ഇത് കേട്ട് പുളകം കൊണ്ട് വിസിലടിക്കുന്നു....

ആർപ്പു വിളിക്കുന്നു...

ആഹ്ലാദാരവങ്ങൾ ....

 

ആളുകൾ തിങ്ങിക്കൂടി നിൽക്കുന്ന ആ കാളവണ്ടിയുടെ ഒരു ഒടിഞ്ഞ പലകയിൽ ചവിട്ടി ഒരു സർക്കസ് അഭ്യാസിയുടെ വൈദക്ത്യത്തോടെ മുമ്പിലേക്ക് മറിഞ്ഞു വീഴാതെ അയാൾ ഒരു തരത്തിൽ അള്ളിപ്പിടിച്ചു ഒറ്റക്കാലിൽ പിടിച്ചു നിന്നു... കാണികൾ ആവേശത്തിമിർപ്പിലായിരുന്ന സമയത്തു പൊടുന്നനെ അയാൾ ആ കാഴ്ച കണ്ടു... ഒരു കൂറ്റൻ കാള ചീറിപ്പാഞ്ഞു വരുന്നു... കഷ്ട്ടിച്ചു ഓടിപ്പോകാനുള്ള പാതയിൽ ഇരുവശവും ജനക്കൂട്ടം... കുതിച്ചു പാഞ്ഞു വന്ന കാള കൂറ്റൻ ചവിട്ടിമെതിച്ചു ഭ്രാന്താവേശത്തോടെ കടന്നുപോയി...

 

പിന്നിൽ നിന്നുള്ള തള്ളലിൽ മുന്നിലേക്ക് വീഴുമെന്ന് അയാൾ ഭയപ്പെട്ടു... മുക്രയിട്ടുകൊണ്ട് ആ കാള കൂറ്റനെ പിടിക്കാനായി താഴെ നിന്ന ഒരു തമിഴൻ ശ്രമിച്ചെങ്കിലും അയാളുടെ തുടകൾ വലിയ കൊമ്പു കൊണ്ട് കുത്തി തകർത്തെറിഞ്ഞശേഷം കാള മുമ്പോട്ടു പാഞ്ഞു... ആർപ്പുവിളികൾ ഉയരുകയാണ്..... ആളുകളെ കുത്തിവീഴ്ത്തുന്നു പെരും കാളകൾ ...

ചിലരെ വീണ്ടും വീണ്ടും കുത്തുന്നു ....

ചവിട്ടി മെതിക്കുന്നു... ഭീകരരംഗം വർധിച്ച വീര്യത്തോടെ രജനിപ്പടം കാണുന്ന ലാഘവത്തോടെ ആളുകൾ കയ്യടിക്കുന്നു ...

വിസിലടികൾ....

സൗണ്ട് ബോക്സ് അത്യുച്ചത്തിൽ ...

അയാൾക്ക്‌ തല കറങ്ങി...

അപ്പോഴതാ അടുത്ത കാള കൂറ്റൻ ...

 

ഒന്ന് രണ്ട്.. മൂന്ന്... തൊട്ടടുത്ത കാളവണ്ടിയുടെ മുകളിൽ നിന്നിരുന്ന പോലീസുകാരൻ കാളവണ്ടിയിലെ പഴയ പലക ഒടിച്ചുകൊണ്ട് തലയും കുത്തി താഴെ വീഴുന്നത് അയാൾ അതിനിടയിൽ കണ്ടു... പിടഞ്ഞെണീറ്റ  പോലീസുകാരൻ ആ തിരക്കിനിടയിൽ തന്റെ താഴെ വീണ തൊപ്പി പരതുന്നതും അയാൾ കണ്ടു... ഇതൊന്നും ആ വലിയ മഹാ ആരവങ്ങൾക്കിടയിൽ ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല... ചൂടും ഭയവും കൊണ്ട് കൊണ്ട് പരവേശം പിടിച്ച അയാളുടെ അവസ്ഥ തന്നെ ആയിരുന്നു മറ്റു സുഹൃത്തുക്കളുടെയും...

 

ആ കാഹളങ്ങളുടെ ഇടയിൽ നിന്നും എങ്ങനെയും രക്ഷപ്പെട്ടാൽ മതിയെന്നായി അവർക്ക്. പാഞ്ഞു വരുന്ന കാളക്കൂറ്റനെ പിടിക്കാൻ മുതിരുന്ന ആരെയൊക്കെയോ  കാള കുത്തിമലർത്തുന്നു... അവരെ ആംബുലൻസിലേക്കു മാറ്റുന്നു...

കുത്തു കൊണ്ട് കാളയെ പിടിച്ചു കെട്ടിയാൽ കിട്ടുന്ന സൈക്കിൾ അല്ലെങ്കിൽ ആയിരം രൂപയുടെ അത്ഭുത സിദ്ധി അയാളെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്...

ചുമ്മാതല്ല ആരോ പറഞ്ഞത് ... കഴുതപ്പാൽ കുടിച്ചു വളർന്നവർ എന്ന് ..അപ്പൊ ഇതും ഇതിലപ്പുറവും സംഭവിക്കും....

 

അടുത്ത കാളയെ അഴിച്ചുവിടുന്നതിനിടയിൽ കിട്ടിയ ഒരൽപം ഇടവേളയിൽ അവർ കാളവണ്ടിയിൽ നിന്നും ചാടിയിറങ്ങി... പഴനി ആഹ്ലാദത്തിരക്കിലാണ് ....അവർ ആ വലിയ തിരക്കിനിടയിൽലോടെ എങ്ങനെയൊക്കെയോ ഊളിയിട്ടു ജീപ്പ് കിടക്കുന്ന ഭാഗത്തെത്തി... ആശ്വാസത്തോടെ തിരിഞ്ഞു നോക്കിയപ്പോൾ... ആദ്യം ഓടിയെത്തിയ കൂറ്റൻ കാള ...തൊട്ടപ്പുറത്തെ എവിടെയൊക്കെയോ ചുറ്റിത്തിരിഞ്ഞു വന്നു നില്കുന്നു.... അല്ല ... അവർ അതിന്റെ മുമ്പിൽ ചെന്ന് പെട്ടു എന്ന് പറയുന്നതാവും ശരി.....

 

എന്ത് ചെയ്യണമെന്നറിയാതെ തരിച്ചു നിന്ന ഞങ്ങളെ നോക്കി... കാള തന്റെ കാൽ പിന്നോട്ടുരച്ചു...മുക്രയിട്ടു ... പിന്നോട്ട് ഏതാനും അടി ...പി ന്നെ ഞങ്ങളുടെ നേരെ കുതിച്ചു പാഞ്ഞു... നിമിഷങ്ങൾ ...അവർ അഞ്ചുപേരും എങ്ങനെ പാർക്ക് ചെയ്തിരുന്ന ജീപ്പിന്റെ ക്യാരിയറിനു മുകളിലെത്തി എന്നറിയില്ല....

പിന്നാലെ എത്തിയ കാള ജീപ്പിന്റെ കട്ടിയുള്ള തകിടുള്ള ബോണറ്റിൽ ഇടിച്ചു ...ജീപ്പ് ശക്തിയായി ഒന്ന് കുലുങ്ങി .... മുകളിൽ നിന്നവരും....

 

പിന്നീട് ഏതൊക്കെയോ വഴിയിലൂടെ കാള കുതിച്ചു പോകുന്നത് അവർ കണ്ടു....

തിരിച്ചുള്ള യാത്രയിൽ ആരും ഒന്നും മിണ്ടുന്നില്ലായിരുന്നു. ജെല്ലിക്കെട്ടിന്റെ കരാള കൈകളിൽ നിന്നുള്ള അത്ഭുത രക്ഷപ്പെടലിന്റെ ഓർമ്മകളിൽ ഒരു പക്ഷെ അവർ ആശ്വാസം കണ്ടെത്തുകയായിരിക്കാം.... വീട്ടിൽ വന്നു കയറിയപ്പോൾ തല പൊട്ടിപ്പിളരുന്ന വേദന.... പകൽ കൊണ്ട ചൂടിന്റെ ആവാം ....

 

ഇന്ന് കാലത്തേ മുതൽ ഭക്ഷണവും മര്യാദയ്ക്ക് കഴിച്ചിരുന്നില്ലല്ലോ. ഒരു ചൂട് കാപ്പി കിട്ടിയിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു. തളന്നിരുന്ന  അയാൾ കസേരയിൽ കണ്ണുകളടച്ചു ചാരിക്കിടന്നു. അയാളുടെ മനസ്സിൽ വിരണ്ടോടുന്ന കാളകൾ

... അതിനിടെ തലയിലെ വലിയ കൊമ്പുകൾ .... മിനുങ്ങുന്ന മുതുകത്തെ വലിയ മുഴകൾ ... കഴുത്തിലെ കിലുങ്ങുന്ന മണികൾ... അപ്പോഴേക്കും ഭാര്യ അകത്തു നിന്നും വന്നു...

‘‘ആഹാ എത്തിയോ...’’-  ജെല്ലിക്കെട്ട് കാണണൊന്നു ഇതാ പറഞ്ഞത് ....

‘‘ഞങ്ങൾ വരുന്നില്ലെന്ന് പറഞ്ഞപ്പോഴും വാസുകൊച്ചാട്ടൻ ഞങ്ങളെ നിർബന്ധിച്ച കൊണ്ടുപോയത് ...’’ ‘‘പിന്നല്ലേ കണ്ടില്ലെങ്കിൽ നഷ്ട്ടമാണെന്നു മനസിലായത്..

വാസുകൊച്ചാട്ടൻ... പളനിയിലും കൊണ്ടുപോകാമെന്ന് പറഞ്ഞിരുന്നതാ..’’

അവൾ തുടർന്ന് കൊണ്ടിരുന്നു....

തലവേദന അയാൾക്ക്‌ അതിന്റെ തീവ്രതയിലെത്തിയിരുന്നു... തൊണ്ട വരളുന്നു...

കോപകടലിന്റെ വൻ തിരമാലകളുണർത്തി അയാൾ ഉറക്കെ പറയാൻ ശ്രമിച്ചു 

‘‘തല പൊട്ടിപ്പിളരുമ്പോഴാ അവളുടെ അമ്മാമ്മയുടെ വാസുകൊച്ചാട്ടൻ ....’’

പക്ഷേ വരണ്ടിരുന്ന തൊണ്ടയിൽ നിന്നും നിന്നും അയാളുടെ ശബ്ദം വെളിയിലേക്കു വന്നില്ല…

 

അതുകൊണ്ടുതന്നെ അയാൾ പറഞ്ഞത്  അവൾ അറിഞ്ഞില്ല. എന്താണ് സംഭവിച്ചതെന്നും. അയാളുടെ മനസ്സിൽ അപ്പോൾ പെരും കാളകളുടെ ഗതിയില്ലാ പ്രയാണങ്ങളും ചെവിയിൽ പച്ച മനുഷ്യരുടെ നിലവിളികളുമായിരുന്നു.

 

English Summary: Jallikattu, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com