ADVERTISEMENT

കേഡി പീലി (കഥ) 

                                                 

‘‘സായ് പോരു കുത്തി, ഞാൻ പള്ളിക്കൂടത്തിൽ പോകേല’’

 

സ്കൂളിൽ ചേർത്തതിന്റെ പിറ്റേ ദിവസം വീട്ടിൽ എത്തി പീലി മുരണ്ടു. ക്ലാസ് വിടുന്നതിനുള്ള മണിയടിച്ചു കഴിഞ്ഞാൽ കുട്ടികളെ വരി വരി ആയി മാത്രം പുറത്തേക്കു തള്ളിയിരുന്നു ഗോപാലപിള്ള  സാർ. അത് കൂട്ടാക്കാതെ ഓടാൻശ്രമിച്ച  പീലിയുടെ മുയൽചെവിയിൽ ഒന്ന് കരണ്ടു. അന്നു മുതൽ സാറിന് കുറച്ചു ദിവസത്തേക്ക് ടി . എം. ഫിലിപ് എന്ന തന്റെ വിദ്യാർഥിയെ നഷ്ടപ്പെട്ടു. 

 

ഏതാനും ദിവസങ്ങൾക്കു ശേഷം കൊഞ്ഞയും മൂക്കൊലിപ്പും കൈമുതലായിരുന്ന പീലി ഓലക്കുട ചൂടി സ്കൂളിൽ പോകാൻ  സതീർഥ്യനായ കുട്ടപ്പായിയുടെ വീട്ടിൽ എത്തി. സ്ലേറ്റിന്റെ മുകളിൽ പുസ്തകം വച്ചുകെട്ടിയിരുന്ന കറുത്ത തടിയൻ റബ്ബർ കാണിച്ചുകൊണ്ട് പീലി ചോദിച്ചു. ‘‘കണ്ടോ എന്റെ ലവർ’’ പീലിയെ പള്ളിക്കൂടത്തിലേക്കു വീണ്ടും  വിടുവാൻ അവന്റെ അപ്പൻ നടത്തിയ ശ്രമത്തിന്റെ  ഭാഗമായിരുന്നു. സ്ലേറ്റ് തുടയ്ക്കുന്നതിനുള്ള കോലുമഷി പീലി ചെവിയിൽ തിരുകിയിരുന്നു. തോട് കടക്കുമ്പോൾ നാലിൽ പഠിക്കുന്ന മുരളി അവരോടൊപ്പം എത്തി. പോക്കറ്റിൽനിന്നും പഴുത്ത ചാമ്പയ്ക്ക കാണിച്ചുകൊണ്ട് മുരളി ചോദിച്ചു ‘‘ആ സ്ലേറ്റ് ഒറ്റ ഏറിനു പൊട്ടിക്കാമോ? ഒന്നിൽ പഠിക്കുന്നവർക്ക് അത് പറ്റും എന്ന് തോന്നുന്നില്ല’’ പീലി റബ്ബർ അഴിച്ച് സ്ലേറ്റ് ഓങ്ങി നിന്നു. അരുത് എന്ന് പറയാൻ ധൈര്യമില്ലാതെ കുട്ടപ്പായി മിഴിച്ചു നിന്നു. പീലി സ്ലേറ്റ് കയ്യാലയിൽ എറിഞ്ഞുടച്ചു.

 

‘‘നോക്ക്’’ പീലി, പീലിവിടർത്തി. റബ്ബർ തലയിൽ ഇട്ട് ചാമ്പക്കാ ചവച്ചുകൊണ്ട് പീലി ഗമയിൽ നടന്നു.

ഒരിക്കൽ ‘ആ’ ബോർഡിൽ എഴുതാൻ കൗസല്യ ടീച്ചർ പറഞ്ഞപ്പോൾ മലയാള അക്ഷരമാലയിൽ തനിക്കറിയുമായിരുന്ന ഏക അക്ഷരമായ റ എഴുതി. ആശാൻ കളരിയിൽ ഒരുവർഷം പോയെങ്കിലും സ്വരാക്ഷരങ്ങൾ എല്ലാം പീലിയോടു തോറ്റു പിൻവാങ്ങുകയായിരുന്നു. റ കണ്ട് ടീച്ചർ ചിരി അമർത്തി. ഒപ്പം പീലിയുടെ ചെവിയും. അന്ന് വെളിക്കുവിട്ടപ്പോൾ ടീച്ചറിന്റെ  മകനെ കൊഞ്ഞനം കാണിച്ച് പീലി പകരം വീട്ടി. കൂടാതെ സ്കൂൾ മുറ്റത്തെ ചെമ്പകത്തിൽ കയറി അതിസാഹസികമായി ചില്ലയിൽ നിന്നും പൂപറിച്ച് തന്റെ പഠ്യേതര സാമർഥ്യം തെളിയിക്കുകയും ചെയ്തു. 

 

ഓണപരീക്ഷ കഴിഞ്ഞദിവസം പീലി മുന്നേ ഓടി. സ്ലേറ്റിൽ ഇട്ടു കിട്ടിയ മുട്ട ഞാറു പറിച്ചുകൊണ്ടിരുന്ന അമ്മയെ കാണിച്ചു. അമ്മ ഞെട്ടി. പീലി ഞെളിഞ്ഞു. തുടർന്നുള്ള എല്ലാ പരീക്ഷകൾകും സ്ലേറ്റിൽ ഇട്ടുകിട്ടുന്ന മുട്ടകൾ  മുടങ്ങാതെ പീലി വീട്ടിൽ എത്തിക്കുമായിരുന്നു.

 

കാക്ക മയിലിന്റെ കടം വാങ്ങിയ പീലി വാലിൽതിരുകിയ കഥ പഠിപ്പിച്ചപ്പോൾ കുട്ടികൾ ഊറി ചിരിച്ചു. ‘‘പീലി വാലിൽതിരുകി’’ എന്ന്പറഞ്ഞ് കളിയാക്കിയവരെ മണ്ണുവാരി എറിഞ്ഞും മാന്തിയും കേഡിപ്പീലി എന്നു വിളിച്ച മുതിർന്നകുട്ടികളെ ദേഹത്ത് മൂക്കുപിഴിഞ്ഞുതേച്ചും പീലി പ്രതികാരം ചെയ്തു.  സ്കൂളിലെ ഏക ചെരിപ്പുധാരിയായ കൗസല്യ ടീച്ചറിന്റെ മകൻ ഉണ്ണിയുടെ പിന്നാലെ പീലി കൂടുമായിരുന്നു. ആ ചെരിപ്പൊന്നു ഇടാൻ കിട്ടുമോ എന്ന് നോക്കി. തോടുകടക്കുമ്പോൾ ഉണ്ണിയുടെ  ചെരിപ്പ് പീലി തന്നെ കൈയിൽ എടുക്കുമായിരുന്നു.

 

തവളയെ കൊന്ന്‌ അതിന്റെ കാലിൽ ഈർക്കിൽ കെട്ടിത്തൂക്കി ആട്ടിക്കൊണ്ടു നടക്കുക പീലിയുടെ ഒരു സായംകാല വിനോദമായിരുന്നു. ഒരിക്കൽ ഇതുകണ്ട് അപ്പൻ തല്ലി. അന്ന് മുഴുവൻ വീടിന്റെ പരിസരത്തുകൂടി പരതിനടന് എല്ലാ തവളകളെയും പീലി കൊന്നൊടുക്കി . അവയുടെ വംശനാശം ആയിരുന്നു പീലിയുടെ ലക്ഷ്യം. അരണയെ കൊന്നാൽ പാപമാണെന്നും ഓന്തിനെ എവിടെ കണ്ടാലും കൊല്ലണമെന്നും തവളയെ കൊന്നാൽ ചെവി പൊട്ടും എന്നും എല്ലാ കുട്ടികൾക്കും അറിയാമായിരുന്നു. പീലിയുടെ ചെവി എന്നെങ്കിലും പൊട്ടുമെന്ന് എല്ലാ കുട്ടികളും വിശ്വസിച്ചിരുന്നു.

 

വലിയ അവധിയായാൽ ചായക്കടക്കാരൻ കൃഷ്ണപിള്ളയുടെ മകൻ ഉപ്പൻ ഗോപിയും പലക പല്ലൻ വർക്കിയും കേഡിപീലിയും പതിവായി കുട്ടപ്പായിയുടെ വീട്ടിൽ എത്തുമായിരുന്നു, കപ്പലണ്ടി കളിക്കാൻ. യാതൊരു മൂലധനവും ഇല്ലത്തെ എത്തുന്ന പീലി, ഒരു ‘‘വാപ്പാണ്ടി’’ കുട്ടപ്പായിയോട് മേടിച്ച് കളി തുടങ്ങും. നിക്കർ ഒന്ന് മുറുക്കിയുടുത്ത് മൂക്കൊന്ന് ആഞ്ഞുവലിച്ച് കുനിഞ്ഞുനിന്ന് ഇടതുകൈകൊണ്ട് ഒറ്റ ഏറ്. എല്ലാ കപ്പലണ്ടികളും കുഴിക്കു  പുറത്ത്. കളിയിൽ സമർഥനായ പീലി എല്ലാം സ്വന്തമാക്കുമായിരുന്നു.

 

 

വൈകുന്നേരം ചക്കപ്പുഴുക്ക് തിന്നാൻ  അവന്റെ അമ്മ വേലിയ്ക്കൽ നിന്ന്  ഉച്ചത്തിൽ  വിളിക്കുമ്പോൾ ഇടതു പോക്കറ്റിൽ നിന്നും വായ്പ മേടിച്ച കപ്പലണ്ടി കുട്ടപ്പായിക്ക് കൃത്യമായി തിരിച്ചു കൊടുത്തിട്ട് പീലി  പോകും. കളിച്ചു നേടിയ ഏറ്റവും മുഴുത്തതും ഭംഗിയുള്ളതുമായ കപ്പലണ്ടികൾ തന്റെ സേവിങ്  ബാങ്ക്ആയ വലതു പോക്കറ്റിലാണ് പീലി  ഭദ്രമായി സൂക്ഷിച്ചിരുന്നത്. 

 

നാലാം ക്ലാസ്സിൽ എത്തിയപ്പോൾ  തോറ്റവന്റെ   തൊപ്പി   തനിക്കു നന്നായി ഇണങ്ങുമെന്ന്  പീലി പലവട്ടം തെളിയിച്ചു. എങ്കിലും തന്നേക്കാൾ മൂന്ന് വയസ്സുകുറഞ്ഞ കുഞ്ഞമ്മിണി നാലിലേക്കു ജയച്ചനാൾ പീലി ഒരു കടുത്ത തീരുമാനമെടുത്തു. അപ്പൻറെ മുഖത്ത്നോക്കി പീലി തറപ്പിച്ചങ്ങ് പറഞ്ഞു ‘‘ഞാൻ ഇനി പള്ളിക്കോടത്തിൽ പോകേല’’ അങ്ങനെ ആകാലത്ത് ഓൾ പ്രൊമോഷൻ ഇല്ലാതിരുന്നതിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി പീലി ജീവിതം തുടർന്നു. 

 

ഇന്ന് അധ്വാനിയായ പീലി റബ്ബർ തോട്ടം വച്ചുപിടിപ്പിച്ച് സസന്തോഷം കഴിയുന്നു. യൂണിഫോം ധാരിയായ മകനെയുംകൊണ്ട് സ്കൂൾ ബസ് കാത്തുനിൽക്കുന്ന പീലിയെ കണ്ടപ്പോൾ ഗൾഫിൽനിന്നും അവധിക്കുവന്ന കുട്ടപ്പായി പഴയ വിഡ്ഢി പീലിയെ ഓർത്തുപോയി. 

 

ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് മകൻ പഠിക്കുന്നത് എന്ന് പറഞ്ഞപ്പോൾ ഏതോ ഒരു സാമ്രാജ്യം താൻ വെട്ടിപ്പിടിച്ച മട്ടുണ്ടായിരുന്നു. കനത്ത മേൽമീശക്കടിയിൽ പഴയ ഓവുചാലുകൾതീർത്ത ചുവന്ന രേഖകൾ ഉണ്ടോ ആവോ, കുട്ടപ്പായി പീലിയുടെ മുഖത്ത് സൂക്ഷിച്ചു നോക്കി.

 

English Summary : kedi peeli, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com