ADVERTISEMENT

എന്റെ ഡ്രൈവിങ് പരിശീലനം (കഥ)

 

ഇതു തന്നെ ആദ്യം എഴുതാൻ ഒരു കാരണമുണ്ട്. അതാവുമ്പോൾ നിങ്ങൾക്ക് എന്നെ കുറിച്ച് വ്യക്തമായ ഒരു ധാരണ കിട്ടും. പത്തുനാൽപതു വയസ്സ് ആയപ്പോഴാണ് ഞാൻ ഡ്രൈവിങ് പഠിക്കാൻ തീരുമാനിച്ചത്. കുറേ നാൾ ഭർത്താവിന്റെ പുറകെ നടന്ന് എന്നെ എവിടെയെങ്കിലും ഡ്രൈവിങ് പഠിക്കാൻ ചേർക്കാൻ പറഞ്ഞു. പക്ഷേ അങ്ങേര് കട്ടായം പറഞ്ഞു, സൈക്കിൾ ബാലൻസ് ഇല്ലാത്തവർക്ക് ടൂവീലർ ഓടിക്കാൻ പറ്റില്ല എന്ന്. അതുകൊണ്ട് ആദ്യം ഒരു സൈക്കിൾ വാങ്ങി അത് ഓടിക്കാൻ പഠിച്ചിട്ടു മതി ടൂവീലർ എന്ന്. പക്ഷേ ഈ പ്രായത്തിൽ ആളുകൾ കാണെ സൈക്കിൾ ഓടിച്ചു പഠിക്കാൻ എനിക്കൊരു മടി. പിന്നെ ഞാൻ തന്നെ രണ്ടും കല്പിച്ച് ഒരു ഡ്രൈവിങ് സ്കൂൾ കണ്ടു പിടിച്ചു ചേർന്നു. വയസ്സായ ഒരു പാവം ആശാൻ. ഒരു വഴിക്ക് വന്നതല്ലേ എന്ന് കരുതി ഞാൻ ഫോർ വീലറിനും ടു വീലറിനും ചേർന്നു. 

 

പിറ്റേ ദിവസം രാവിലെ ഞാൻ ദക്ഷിണയുമായി ചെന്നു. കോളജിൽ വർക്ക് ചെയ്യുന്ന സാരിയുടുത്ത് എന്നെ കണ്ടപ്പോൾ ആശാൻ ഒരു പക്വത ഒക്കെ പ്രതീക്ഷിച്ചു. പക്ഷേ വെറും അഞ്ചു നിമിഷം കൊണ്ട് ഞാൻ അതു തകർത്തു. ദക്ഷിണ വാങ്ങിയതിനുശേഷം എന്നോട് കയറി ഇരിക്കാൻ പറഞ്ഞ് ആശാൻ ആ പഴയ ട്രക്കറിന്റെ ഫ്രണ്ടിൽ ഉള്ള പാസഞ്ചർ സീറ്റിൽ കയറിയിരുന്നു. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് പുറകിലെ സീറ്റിൽ കയറിയിരിക്കുന്ന എന്നെയാണ്. ഒരു നിമിഷം കൊണ്ട് ഒരുപാട് ഭാഗങ്ങൾ പാവം ആ വയസ്സായ മുഖത്തിലൂടെ മിന്നിമറഞ്ഞു. എന്നിട്ട് എന്നോട് ചോദിച്ചു: അവിടെ എന്താ? 

 

ഞാൻ സോറി പറഞ്ഞ്, ആശാൻ പറഞ്ഞതനുസരിച്ച് ഡ്രൈവിങ് സീറ്റിൽ കയറിയിരുന്നു. സത്യത്തിൽ ഞാൻ വിചാരിച്ചത് ആദ്യത്തെ ദിവസം ആശാൻ ഓടിച്ചു കാണിച്ചിട്ട് എനിക്ക് വണ്ടിയുടെ പാർട്സും തിയറിയൊക്കെ പറഞ്ഞു തരും എന്നാണ്. അപ്പോൾത്തന്നെ ആശാൻ തന്റെ വരും ദിനങ്ങളിലേക്ക് ഒന്ന് ആധിയോടെ എത്തി നോക്കിയിട്ടുണ്ടാവും. എന്നെ H എടുക്കാൻ പഠിപ്പിക്കുന്നതിനിടെ ആശാൻ പലപ്പോഴും മനസ്സുകൊണ്ട് എന്റെ കാലു തൊട്ടു വന്ദിക്കുന്നത് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ഏതായാലും ലേണേഴ്സ് കാലാവധി തീരാറായപ്പോഴേക്കും ഞാൻ H എടുക്കാൻ ടെസ്റ്റിന് പോയി. സാധാരണ ഞാനും ഒരു കമ്പിയും തമ്മിൽ വലിയ കൂട്ടാണ്. ഞാൻ പോരുമ്പോൾ വണ്ടിയുടെ കൂടെ പോരും. പക്ഷേ ടെസ്റ്റിന്റെ അന്ന് ഞാൻ ഇതുവരെ കാണാത്ത ഒരു പുതിയ കമ്പി കൂടി ഇടിച്ചിട്ടു. ആശാൻ ഒന്നും മിണ്ടിയില്ല. ഒരു പ്രയോജനവുമില്ല എന്നറിയാവുന്നതു കൊണ്ടായിരിക്കും. എന്തായാലും രണ്ടാമത്തെ ടെസ്റ്റിന്റെ അന്ന് ആശാൻ എന്നോട് പറഞ്ഞു: പേടിക്കണ്ട ഇത് കിട്ടിയില്ല എന്ന് കരുതി നിങ്ങടെ ജോലി ഒന്നും പോകാൻ പോകുന്നില്ല. ഏതായാലും അന്ന് ഞാൻ എല്ലാ കമ്പികളോടും ഒരു അന്യതാ ഭാവം പുലർത്തി, H പുഷ്പംപോലെ എടുത്തു തിരിച്ചു വന്നു. തിരിച്ചു വന്ന് എന്നെ നോക്കി ആശാൻ സ്വരമില്ലാതെ പറഞ്ഞു: നന്ദിയുണ്ട് മോളെ ഒരുപാട് ഒരുപാട് നന്ദി. അടുത്തത് റോഡ് ടെസ്റ്റ്.

 

ജയിച്ചവർ എല്ലാവരും കൂടി ജാഥ പോലെ റോഡ് ടെസ്റ്റിന് പോയി. മുന്നിലെ സീറ്റിൽ വെഹിക്കിൾ ഇൻസ്പെക്ടർ. പുറകിൽ മുഴുവൻ ടെസ്റ്റ് കൊടുക്കാൻ ഉള്ളവർ. ഓരോരുത്തരായി ഡ്രൈവിങ് സീറ്റിൽ കയറിയിരിക്കുന്നു. ചിലർക്ക് സ്റ്റാർട്ട് ആകുന്നില്ല. ചിലർ ഗിയറും ആയി ഗുസ്തി. അങ്ങനെ ഓരോരുത്തരായി റീടെസ്റ്റ് അടിച്ചു വാങ്ങി തിരിച്ചു വന്നു. അടുത്തത് ഞാൻ. ആശാനെ ഒന്നു നോക്കി ഞാൻ ഡ്രൈവിങ് സീറ്റിൽ കയറിയിരുന്നു. സ്റ്റാർട്ട് ആക്കുന്നു നോ പ്രോബ്ലം! ഗിയർ ഒക്കെ മാറ്റി. പക്ഷേ എന്റെ വെപ്രാളം കണ്ടിട്ട്, എന്നെ കൊണ്ടുപോയി കൊല്ലുമോ എന്ന മട്ടിൽ ഇൻസ്പെക്ടർ എന്നെ ഒന്നു നോക്കി. കുറച്ചു ദൂരം ഓടിച്ചു കഴിഞ്ഞപ്പോൾ സൈഡ് ഒതുക്കി നിർത്താൻ ഇൻസ്പെക്ടർ എന്നോട് പറഞ്ഞു. എന്റെ സൈഡിൽ ഒതുക്കി ഉള്ള ആ വല്ലാത്ത നിർത്തൽ കണ്ടപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു: മുന്നേ പോയ മൂന്നാലെണ്ണം റീ ടെസ്റ്റ്‌ ആയതുകൊണ്ട് തൽക്കാലം ഞാൻ പാസാക്കുന്നു.

 

ഏതായാലും അന്നു കിട്ടിയ ആ പൊതിക്കാത്ത തേങ്ങ ഇന്നും എന്റെ അലമാരയിൽ അനങ്ങാതെ ഇരിപ്പുണ്ട്.

 

പെട്ടെന്നൊരു ദിവസം വെളിപാട് കിട്ടി ടൂവീലർ ഓടിക്കാൻ തീരുമാനിച്ച ധീരവനിത ഒന്നുമല്ല ഞാൻ. അതിന് എനിക്ക് നിരന്തര പ്രോത്സാഹനവും പ്രചോദനം നൽകിയ രണ്ട് ഘടകങ്ങളുണ്ട്. ഒന്നാമത്തേത്, ഞങ്ങളുടെ മനോഹരമായ ഗ്രാമം. നമ്മൾ ഓടിയണച്ചു ബസ്‌സ്റ്റോപ്പിൽ വരുമ്പോൾ ജസ്റ്റ് മിസ്സ് ആയ ബസിന്റെ പിൻഭാഗം ആണ് കാണുന്നതെങ്കിൽ പിന്നെ നമുക്ക് മൂന്ന് ഓപ്ഷൻ ആണുള്ളത്. 

അവിടെയിരുന്ന് ഏതെങ്കിലും മന്ത്രമോ നമസ്കാരമോ ഒക്കെ ആയിരം തവണ ഉരുക്കഴിക്കുകയോ ഒരു മുഴുവൻ കൊന്ത ചൊല്ലി തീർക്കുകയോ ആവാം. വേറെ ലേറ്റ് കമേഴ്‌സ് ആരും വന്ന് ശല്യപ്പെടുത്തിയില്ലെങ്കിൽ സുഖമായി ചാരിയിരുന്ന് ഉറങ്ങാം. 

വീട് ബസ് സ്റ്റോപ്പിനടുത്ത് ആണെങ്കിൽ തിരിച്ചുപോയി സിങ്കിൽ കഴുകാൻ ബാക്കിയിരിക്കുന്ന പാത്രങ്ങൾ കഴുകുകയോ അലക്കിയിട്ടും വിരിക്കാൻ സമയം കിട്ടാതെ വച്ചിരുന്ന തുണികൾ വിരിക്കുകയോ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ സമയം കിട്ടിയിട്ടില്ലെങ്കിൽ അതൊക്കെ ഉണ്ടാക്കി ആസ്വദിച്ച് കഴിക്കുകയോ ആവാം. കാരണം 40 മിനിറ്റിനുശേഷം മാത്രമേ ആ മഹാദ്ഭുതം വീണ്ടും സംഭവിക്കുകയുള്ളൂ, ഏത് - അടുത്ത ബസ്. 

 

രണ്ടാമത്തെ പ്രചോദനം : സാധാരണ ദിവസങ്ങളിൽ 8. 45 -9 നോട് അടുപ്പിച്ച് ജോലിക്കുപോകുന്ന, എന്നാൽ നമ്മളെ ഒന്ന് ടൗൺ വരെ ആക്കുമോ എന്നു ചോദിച്ചാൽ അന്ന് 8. 15 ന് ഒരു മുന്നറിയിപ്പും കൂടാതെ ബൈക്ക് സ്റ്റാർട്ട് ആക്കുന്ന എന്റെ പ്രിയ ഭർത്താവ്. പിന്നെ കുളിച്ചു എന്ന് നാട്ടുകാരെ ബോധിപ്പിക്കാൻ രണ്ട് കപ്പ് വെള്ളം കോരിയൊഴിച്ച്, സാരി, രണ്ടു പിന്ന് കൊണ്ട് ദേഹത്ത് തൂക്കി (പിന്ന് ഇല്ലാത്തതുകൊണ്ട് അല്ലാട്ടോ സമയം ഇല്ലാത്തതുകൊണ്ടാണേ) വണ്ടിയുടെ പുറകിൽ കയറി ഇരിക്കണം. റോഡിലൂടെ ഈ മീൻകാരുടെ വണ്ടി പോകുന്നത് കണ്ടിട്ടില്ലേ. ആരും അറിയാത്തപോലെ ഒരു ഒരു കുഴൽ റോഡിലേക്ക് നീട്ടി ഇട്ടിട്ടുണ്ടാവും. അത് ഇങ്ങനെ പോണ വഴിയിലൊക്കെ വെള്ളം ഒഴുക്കി കൊണ്ടുപോകുന്നത്. അതുപോലെ എന്റെ മുടിത്തുമ്പിൽനിന്ന് റോഡിലേക്ക് വെള്ളം ഇങ്ങനെ ധാരധാരയായി ഒഴുകുന്നുണ്ടാവും. പിന്നെ ജോലിസ്ഥലത്തിനടുത്തുള്ള എന്റെ വീട്ടിലേക്കുള്ള ആ 15 മിനിറ്റ് ദൂരം ഞാൻ ടൈം മാനേജ്മെന്റ്നെക്കുറിച്ചുള്ള അങ്ങേരുടെ ക്ലാസും സഹിക്കണം. പലപ്പോഴും ഞാൻ പുറകിലൂടെ വരുന്ന വാഹനങ്ങളിലേക്ക് കൺഫ്യൂഷനോടെ നോക്കാറുണ്ട്. ഏതിന്റെ മുൻപിലേക്ക് ചാടിയാൽ ആണ് ഒറ്റയടിക്ക് കാര്യം നടക്കുക

അതേ ഒരു മിനിറ്റ്, പുള്ളി അങ്ങനെ ഒരു മൂരാച്ചി ഒന്നുമല്ല കേട്ടോ. പക്ഷേ ഞാൻ പുള്ളിയെ ആശ്രയിക്കുന്നതിന്റെ ഉൾപുളകം കൊണ്ടുള്ള ഒരു ചെറിയ ജാഡ.

 

എന്തിനു പറയണം, അങ്ങനെ ഞാൻ, ഇനി ടൂവീലർ ഓടിക്കാൻ പഠിച്ചാൽ മാത്രമേ രക്ഷയുള്ളൂ എന്ന അവസ്ഥയിൽ എത്തി. 

 

ഇനി നമുക്ക് 8 എടുത്താലോ. പറഞ്ഞതുപോലെ ഒരു ദിവസം ഞാൻ ഗ്രൗണ്ടിൽ ചെന്നു. 10- 25 വയസ്സുള്ള ഒരു ചെറിയ പയ്യനാണ് ഞങ്ങളെ പഠിപ്പിക്കാൻ ഉള്ളത്. ഞാൻ ചെന്നു പരിചയപ്പെട്ടു. അവൻ ചോദിച്ചു: ചേച്ചി സൈക്കിൾ ഒക്കെ ഓടിക്കോ? ഇല്ല എന്ന് ഞാൻ പറഞ്ഞപ്പോൾ അവൻ പറഞ്ഞു, അതൊന്നും സാരമില്ല ചേച്ചി നമുക്ക് ശരിയാക്കാം എന്ന്. 

അങ്ങനെ ഒരു പഴയ ലൂണയുമായി അവൻ വന്നു. ഞാൻ കയറിയിരുന്നു പിന്നെ പിള്ളേരെ സൈക്കിൾ ചവിട്ടാൻ പഠിപ്പിക്കുന്ന കാരണവന്മാരെ പോലെ വണ്ടിയിൽ പിടിച്ച് അവനും. വണ്ടി പതുക്കെ പതുക്കെ നിരക്കി കൊണ്ട് ഞാനും മൂന്നാലു റൗണ്ട് ഇഴഞ്ഞു. അവസാനം അണച്ച് അവശനായ അവൻ പറഞ്ഞു ഇന്നത്തേക്ക് ഇതു മതി ചേച്ചി നാളെ മുതൽ ചേച്ചി പതുക്കെ കാലുകുത്തി നിരക്കി നിരക്കി ഓടിക്കണം. 

പിന്നെ കുറെ നാൾ ഞാൻ,  രണ്ടു വയസ്സായ കുട്ടികളൊക്കെ മൂന്ന് ചക്ര സൈക്കിൾ വെച്ച് നിരക്കി നടക്കുന്നത് പോലെ നടന്നു. നമുക്ക് സ്കൂളിൽ പരീക്ഷാപേപ്പർ കിട്ടുമ്പോൾ, നമ്മളെക്കാൾ മാർക്ക് കുറവുള്ള പിള്ളേർ ക്ലാസ്സിൽ ഉണ്ടെങ്കിൽ ഉള്ള ഒരു സന്തോഷം ഇല്ലേ, അതുപോലെ രണ്ടുമൂന്നു വല്യമ്മ കേസുകൾ ഉള്ളതായിരുന്നു ആകെ ഒരു സമാധാനം. അവർ എന്നോട് പറയും, ആഹാ മോൾ ഒരു കാല് കേറ്റി വെച്ചു തുടങ്ങിയല്ലോ ഞങ്ങൾ അതൊന്നും ആയിട്ടില്ല എന്ന്. സത്യത്തിൽ ഇത് കേൾക്കുമ്പോഴാണ്, ചില വൃത്തികെട്ട പിള്ളേരില്ലേ, വന്നിട്ട് ഒരാഴ്ച കൊണ്ട് ലൈസൻസ് എടുത്ത് പോകുന്നത്, അവരോടുള്ള എന്റെ കലിപ്പ് തീരുന്നത്. 

അങ്ങനെ ഒറ്റക്കാൽ വെച്ച്, രണ്ടു കാലും വെച്ച് ഞാൻ മെല്ലെ മുന്നേറിക്കൊണ്ടിരുന്നു. അവസാനം നമ്മുടെ 8എത്തി. എന്താ മറിമായം എന്ന് അറിയില്ല ഞാനും '8'ഉം തമ്മിൽ ഒരു പ്രശ്നവുമില്ല. അപ്പോഴേ അപകടം മണക്കേണ്ടതായിരുന്നു. പോട്ടെ... എന്നെ പഠിപ്പിച്ച പയ്യനും പറയും ചേച്ചി ഒരു കുഴപ്പവുമില്ലാതെ എടുക്കുന്നു ഉണ്ടല്ലോ എന്ന്. 

അങ്ങനെ ടെസ്റ്റിന് ദിവസമെത്തി. ഗ്രൗണ്ടിൽ ചെന്നപ്പോൾ ഒരു ചെറിയ പെരുന്നാളിന് ആള്. എന്റെ ആത്മവിശ്വാസം മുഴുവൻ കാറ്റ് പോയ ബലൂൺ പോലെ നിലംപറ്റി. എന്തിനു പറയുന്നു എന്റെ ഊഴമെത്തി. നമ്മുടെ ട്യൂട്ടർ പയ്യൻ പറഞ്ഞു: ചേച്ചി എന്തിനാ പേടിക്കുന്നത്. ചേച്ചി എന്നും സുഖമായി എടുക്കുന്നതല്ലേ? മെല്ലെ തലയാട്ടി ഞാൻ മുന്നോട്ട്. 8 എടുക്കുന്നു. ആരും പേടിക്കേണ്ട, കമ്പി ഒന്നും പോയില്ല. പക്ഷേ ഇനി ആണ് ട്വിസ്റ്റ്. 

8 എടുത്ത് പുറത്തെത്തിയതും ഞാനൊരു നെടുവീർപ്പിട്ടതു മാത്രമേ ഓർമ്മയുള്ളൂ. എന്റെ ഇടതുകൈ ഒന്ന് വെട്ടി, ഞാൻ, നമ്മൾ 8എടുക്കാൻ പോകുന്ന വഴിയില്ലേ, അതിലൂടെ വീണ്ടും അകത്തുകയറി. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഞാൻ കാലുകുത്തി. 8എടുത്ത് വിജയശ്രീലാളിതയായി വരുന്ന എന്നെ സ്വീകരിക്കാനായി ഓടിവന്ന പയ്യൻ തലയിൽ കയ്യും വച്ച് നിൽക്കുന്നത്, ഒരു പുക പോലെ ഞാൻ കാണുന്നുണ്ട്. പുറത്തേക്ക് വന്ന എന്നോട് അവൻ പറഞ്ഞു: ‘ഒരു പ്രാവശ്യം 8 ശരിക്കും എടുത്തിട്ട് കൊതി മാറാതെ വീണ്ടും ശ്രമിക്കുന്ന ലോകത്തിലെ ആദ്യത്തെ ആൾ ആയിരിക്കും ചേച്ചി’. 

രണ്ടാമത്തെ ടെസ്റ്റിന്റെ ദിവസം. വീട്ടിൽനിന്ന് ഇറങ്ങാൻ നേരത്ത്, എന്റെ ഭർത്താവ് എന്നോട് പറയുകയാണ്, പേടിക്കേണ്ട ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണ്, അടുത്ത പ്രാവശ്യം എന്തായാലും കിട്ടും എന്ന്. അപ്പോൾത്തന്നെ ആ കഴുത്തിൽ പിടിച്ചു ഞെക്കിക്കൊല്ലാൻ ആണ് എനിക്ക് തോന്നിയത്. പക്ഷേ പൊലീസും കേസും ഒക്കെയായി ടെസ്റ്റിന് പോകാൻ വൈകിയാലോ എന്ന് കരുതി ഞാൻ ഒന്നും മിണ്ടാതെ പോയി. 

ഗ്രൗണ്ടിൽ നമ്മുടെ പയ്യൻ ഇന്ന് എല്ലാം ശരിയാവും ചേച്ചി എന്ന് പറഞ്ഞ് എന്നെ സ്വീകരിച്ചു. വീണ്ടും എട്ട്. കഴിഞ്ഞ പ്രാവശ്യത്തെ ഓർമകളൊക്കെ മെല്ലെ പൊന്തി വരാൻ തുടങ്ങി. എന്തിനു പറയുന്നു ഞാൻ എട്ടിന്റെ മണ്ടയ്ക്ക് ഉള്ള ഒരു കമ്പിയോടു ചേർത്താണ് എടുത്തത്.ആരും കണ്ടില്ല. പക്ഷേ എനിക്ക് മനസ്സിലായി. നമ്മുടെ പയ്യൻ ഓടി വന്നു കിട്ടി ചേച്ചി എന്ന് പറഞ്ഞു. ഞാൻ ചോദിച്ചു: അതെങ്ങനെ ശരിയാവും ഞാനാ കമ്പിയുടെ കടയോട് ചേർത്ത് ആണല്ലോ എടുത്തത്. അവൻ പറഞ്ഞു ഇല്ലല്ലോ ഞങ്ങളൊന്നും കണ്ടില്ല എന്ന്. എന്തായാലും ശരിക്കും കണ്ടത് കൊണ്ടാണോ അതോ ഞങ്ങളുടെ ചർച്ച കണ്ടത് കൊണ്ടാണോ എന്നറിയില്ല എനിക്ക് വെഹിക്കിൾ ഇൻസ്പെക്ടർ ഒരു ‘റീ’ കൂടി തന്നു. 

അന്നാണ് അവൻ എന്നോട്, ഇന്നും ഞാൻ ഇടയ്ക്കിടയ്ക്ക് ഓർക്കുന്ന ആ ചോദ്യം ചോദിച്ചത്. ശരിക്കും ചേച്ചിയും ഗണപതിയും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന്. 

ഇന്നും അതെനിക്കറിയില്ല ഏതായാലും ഞാൻ നേർന്നതു കൂടാതെ, അവൻ വല്ല നേർച്ചയും നേർന്നോ എന്നറിയില്ല. മൂന്നാമത്തെ പ്രാവശ്യം ഞാൻ, എന്റെ ഭർത്താവ് പറഞ്ഞതുപോലെ, ‘8’ ഉം എടുത്തു ലൈസൻസും മേടിച്ചു. 

 

വാൽക്കഷണം. 

ഈ തേങ്ങ ഞാൻ പൊതിച്ചു കേട്ടോ. ഏത്- ടൂവീലർ ലൈസൻസ്. സത്യത്തിൽ ഇത് കരിക്കു പ്രായത്തിലേ ഉപയോഗിച്ചുതുടങ്ങി. എങ്ങനെയെന്നല്ലേ

ഗ്രൗണ്ടിൽ ഇരുകാലി കുത്തി നീന്തി തുടങ്ങിയ കാലം, ഭർത്താവ് എനിക്കൊരു പഴയ സ്‌കൂട്ടി വാങ്ങിച്ചു തന്നു. കുറെ നാൾ ഞാൻ അത് വീടിനു മുൻപിൽ ഉള്ള, കഷ്ടി നാലഞ്ചു മീറ്റർ നീളമുള്ള റോഡിലൂടെ നിരക്കാൻ തുടങ്ങി. പാതിരാക്കളി ആണ്. കാരണം അയൽക്കാരൊക്കെ ഉറങ്ങണമല്ലോ. അത്യാവശ്യം ബാലൻസ് ഒക്കെയായി. പക്ഷേ കുഴപ്പം എന്താണെന്ന് വെച്ചാൽ ഞാൻ വണ്ടി സ്റ്റാർട്ട് ആക്കി, കാല് ഓരോന്നായി പെറുക്കി വെച്ച് വരുമ്പോഴേക്കും റോഡിന്റെ അങ്ങേ അറ്റത്തു എത്തും. വീണ്ടും വണ്ടി തിരിച്ചു സ്റ്റെഡി ആവുമ്പോഴേക്കും ഇങ്ങേ അറ്റത്തു എത്തും. ഇങ്ങനെ കുറേ ദിവസമായപ്പോൾ എന്റെ അയൽവാസിയായ ഒരു പെൺകുട്ടി ഇറങ്ങി വന്ന്, ചേച്ചി, ഇത് ഇങ്ങനെയായാൽ ഒരിക്കലും വണ്ടി ഓടിക്കലുണ്ടാവില്ല, വേറെ വല്ല റോഡിലും ഓടിച്ചു പഠിക്കണം. നാളെ ഞാൻ ചേച്ചിയെ  കൊണ്ടുപോകാം  എന്ന് പറഞ്ഞു. 

പിറ്റേദിവസം, ഞാനും ഈ കക്ഷിയും കൂടി ഞങ്ങളുടെ വീടിനടുത്തുള്ള അമ്പലത്തിന്റെ ഗ്രൗണ്ടിലേക്ക് പോയി. നമ്മുടെ ഗണപതി കാര്യമില്ലേ, എന്റെ ട്യൂട്ടർ പയ്യൻ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നുണ്ട് കേട്ടോ. ഞങ്ങൾ രണ്ടുപേരും കൂടി നേരെ ചെന്നത് ഒരു പോലീസ് വണ്ടിയുടെ മുന്നിലേക്ക് ആണ്. പാവം എന്റെ വണ്ടി, എന്റെ കയ്യിൽ കിട്ടിയിട്ട് ആദ്യമായിട്ടാ ടാറിട്ട റോഡ് കണ്ടത്. എന്നെ പഠിപ്പിക്കാനുള്ള ആവേശത്തിൽ ഈ അയൽവാസി കുട്ടി ഹെൽമറ്റ് എടുക്കാൻ മറന്നുപോയി. ഞങ്ങളുടെ വണ്ടി പോലീസ് കൈകാണിച്ചു നിർത്തി. ആ കുട്ടി പറഞ്ഞു, സാറേ ഞാൻ ഈ ചേച്ചിയെ കൊണ്ട് വണ്ടി ഓടിക്കാൻ പഠിപ്പിക്കാൻ ഈ ഗ്രൗണ്ടിൽ വന്നതാ. ഞങ്ങൾ ഗ്രൗണ്ടിന്റെ തൊട്ടുമുൻപിൽ ആയിരുന്നു. ഞങ്ങളുടെ നിൽപ്പും ഭാവം ഒക്കെ കണ്ടിട്ടാണോ എന്നറിയില്ല, ആ ശരി എന്ന് പറഞ്ഞ് ഞങ്ങളെ വെറുതെ വിട്ടു. അന്ന് തന്നെ ഈ കുട്ടിയേയും പുറകിലിരുത്തി ഞാൻ റോഡിലൂടെ ഓടിച്ചു തുടങ്ങി.

 

അടുത്തദിവസം വീട്ടിൽ നിന്നിറങ്ങിയപ്പോൾ തന്നെ പറഞ്ഞു വിട്ടിരുന്നതാണ് മുനമ്പം കവല വിട്ട് അപ്പുറം പോകരുതെന്ന്. ഈ മുനമ്പം കവല ഒരു ബർമുഡ ട്രയാങ്കിൾ ഒന്നുമല്ല കേട്ടോ, എന്നേം വണ്ടിയും കൂടി വിഴുങ്ങാൻ. ഇതിന്റെ അപ്പുറമാണ് തൃശൂർ-എറണാകുളം റൂട്ടിലോടുന്ന ചില ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ, ഈ റോഡിന്റെ ഒക്കെ ആധാരം എന്റെ അപ്പന്റെ അലമാരയിൽ ഉണ്ടെന്ന മട്ടിൽ പായുന്ന നാഷനൽ ഹൈവേ. അതുകൊണ്ടാണ് കുഞ്ഞുങ്ങളോട് മുതിർന്നവർ, കാട്ടിൽ പോകല്ലേ, കിണറ്റിൽ എത്തിനോക്കല്ലേ എന്നൊക്കെ പറയുന്നതുപോലെ പ്രത്യേകം പറഞ്ഞു വിട്ടത്. 

പക്ഷേ എന്നെ പഠിപ്പിക്കാൻ വന്ന ഈ ആളുണ്ടല്ലോ, ലോകത്ത് ഒന്നിനെയും പേടി ഇല്ലാത്ത ആളാണ്. പഠിക്കാൻ തുടങ്ങി മൂന്നാം ദിവസം, ഈ കക്ഷിയേയും പുറകിലിരുത്തി, ഈ മുനമ്പം കവലയും കടന്ന് ഞാൻ പറവൂർ ടൗൺചുറ്റി വന്നു. അങ്ങനെ രണ്ടാമത്തെ എട്ടിന്റെ പരാജയത്തിനു ശേഷം ഞാൻ വണ്ടി കൊണ്ട് ജോലിക്ക് പോയി തുടങ്ങി.

ആദ്യ പ്രളയം കഴിഞ്ഞപ്പോൾ, കേരളത്തിലെ എല്ലാവരും പുതിയ പാത്രങ്ങളും ബെഡും ഒക്കെ വാങ്ങിച്ചത് പോലെ ഞാനും എന്റെ വണ്ടി മാറ്റി പുതിയത് വാങ്ങേണ്ടി വന്നു. 

എന്തിനു പറയുന്നു ഞാൻ വണ്ടി ഓടിച്ചതു കൊണ്ട് മാത്രം, വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന് മനസ്സിലായി വേറെ ഒത്തിരി പേർ കോളജിൽ പുതിയതായി വണ്ടി ഓടിക്കാൻ പഠിച്ചു.

എപ്പടി? 

ഇതോടുകൂടി ഡ്രൈവിങ് പരിശീലന വിശേഷങ്ങൾ നമുക്കു നിർത്താം. 

 

English Summary: Ente Driving Parisheelanam, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com