ADVERTISEMENT

ജീവന്റെ പുസ്തകം  

 

ചുവപ്പു നിറമുള്ള ഇരുട്ടായിരുന്നു ആ മുറിക്ക്. നടുക്കായി ഉയർന്നു നിൽക്കുന്ന പീഠത്തിൽ തിരിഞ്ഞിരിക്കുന്ന രൂപത്തിന് മുഖമില്ല. കഴുത്തിന് പകരമായി കൂർത്ത് വളഞ്ഞ രണ്ട് കൊമ്പുകൾ. അറ്റത്തായി കാണുന്ന തീഗോളങ്ങൾ കണ്ണുകളാവണം. മരണതുല്യമായ ഒരു നിശബ്ദത അവിടെ തളം കെട്ടിനിൽക്കുന്നുണ്ട്. പീഠത്തിന് ചുറ്റുമായി അടച്ചു മൂടിയ ശവപ്പെട്ടികൾക്ക് മുകളിൽ ആരൊക്കെയോ ഇരിക്കുന്നു. വെളിച്ചം അതിരാകുന്ന ആ മുറിക്ക് ഭിത്തികൾ ഉണ്ടായിരുന്നില്ല. കാഴ്ചയ്ക്കുമപ്പുറം ഇരുട്ട് പരന്ന് കിടക്കുന്ന തറയിൽ ശവപ്പെട്ടികൾ നിരന്നു കിടക്കുന്നു. പുതുതായി വന്നു വീഴുന്ന പെട്ടികളുടെ ശബ്ദം കേട്ടിട്ടാവണം പീഠത്തിലിരിക്കുന്നവൻ ആർത്ത് ചിരിക്കുന്നത്. മേൽക്കൂരയില്ലാത്ത മുറിയുടെ മുകളിലേക്ക് കൂട്ടച്ചിരി ഉയരുമ്പോൾ അകലെയെവിടെയോ കുറുനരികളുടെ കൂട്ടക്കരച്ചിൽ കേൾക്കാം. ദിക്കും ദിശയും അതിരുകളും ആകാശവുമില്ലാത്ത ഒരു ദേശം.. അടുത്ത് വരുന്ന മണിയടി ശബ്ദം വലിയൊരു വാഹനത്തിന്റെ ആരവമാണ്. കട്ടപിടിച്ച മനുഷ്യരക്തത്താൽ ഉണ്ടാക്കപ്പെട്ട ആ ശവവണ്ടിക്ക് ഭൂമിയിലെ മേഘത്തിന്റെ രൂപമാകുന്നു. ശവപ്പെട്ടികൾ ഓരോന്നായി താഴേയ്ക്ക് തള്ളിയിടുന്ന രൂപങ്ങൾക്കും കഴുത്തിനു മുകളിൽ കൊമ്പുകളുണ്ട്. ഇത് പിശാചിന്റെ പറുദീസ. താഴെനിന്നുള്ള ഭൂമിക്കാഴ്ചകളിൽ അവനിന്ന് സന്തുഷ്ടനാണ്. ചെകുത്താൻ ചിരിക്കുകയാണ്.

 

ദൈവം മരണത്തെ സൃഷ്ടിച്ചില്ല. ജീവിക്കുന്നവരുടെ മരണത്തിൽ അവിടുന്ന് ആഹ്ലാദിക്കുന്നുമില്ല (ജ്ഞാനം 1:13).

ഞായറാഴ്ച കുർബാനയും കഴിഞ്ഞ് അൾത്താരയ്ക്ക് മുൻപിൽ ബൈബിളുമായി കുറച്ചു സമയമിരിക്കുന്ന ജോസച്ചന്റെ പഴയ പതിവിനു മാറ്റമൊന്നുമില്ല. വാതിലുകളും ജനലുകളുമൊക്കെ തുറന്നിട്ട് മാസം അഞ്ച് കഴിഞ്ഞിരിക്കുന്നു. കൈപ്പിടിയിൽ ഒതുങ്ങുന്നതും തൊട്ടാൽ കാണുന്നതുമായ ഈശോയോട് വിശ്വാസികളും പൊരുത്തപ്പെട്ടത് പോലെ... വേദപാഠത്തിന് വരുന്ന കുരുന്നുകളെ ഉണ്ണീശോമാരെന്നാണ് അച്ചൻ വിളിക്കാറ്. ഒരു മലയുടെ മുകളിലായിരുന്നു ആ പള്ളി. മേടയിലിരുന്നാൽ മേഘങ്ങളെയൊക്കെ അടുത്ത് കാണാം. ഭൂമിയിലെ സ്വർഗ്ഗം നരകമാവുമ്പോൾ എങ്ങുമില്ലാത്തൊരു അന്ധകാരമാണ്.. കഴിഞ്ഞ പ്രളയത്തിന് അടിവാരത്തുള്ളവരെല്ലാം പള്ളിയിലാണ് കിടന്നുറങ്ങിയത്. മതത്തെ മറന്നവർ ഒന്നിച്ചിരുന്ന് ദൈവത്തെ വിളിച്ചപ്പോൾ മഴ മാറിപ്പോയി. പകലുകളുടെ നിറം മങ്ങിത്തുടങ്ങിയതു കൊണ്ടാവണം ദേശാടനക്കിളികളും വഴി മാറിപ്പോകുന്നത്. കിഴക്കു നിന്നുമെത്തിയ ഒരു കൊലയാളി ഇപ്പോൾ കൊല്ലാതെ കൊന്നുകൊണ്ടിരിക്കുന്നത് ഒരു കൂട്ടം ആളുകളുടെ സ്വപ്നങ്ങളേയും അധ്വാനങ്ങളേയുമാകുന്നു. ഒരിക്കലും ഉണരാത്ത ഉറക്കത്തെയോർത്ത് ഉറക്കം കളയുന്നവർ കേൾക്കുന്നില്ല, തലയില്ലാത്തവന്റെ പരിഹാസച്ചിരി... അതേ, ചെകുത്താൻ ചിരിക്കുകയാണ്.

 

സഹോദരനെ വെറുക്കുന്നവൻ കൊലപാതകിയാണ് (യോഹന്നാൻ. 3:15)

 

പൊട്ടിപ്പോയ കണ്ണട മാറ്റിവെച്ചൂടേയെന്ന് നാട്ടുകാർ ചോദിക്കുമ്പോൾ ലോനന് ചിരി വരും. നിരാശ നിറഞ്ഞ ചില ചിരികൾക്കു പിന്നിൽ ഉത്തരമില്ലാത്ത കുറേ നിശ്ശബ്ദതകളുണ്ട്. വർഷങ്ങളായി വശം തളർന്നു കിടന്നിരുന്ന പകുതിക്ക് പനി കൂടിയപ്പോൾ അയൽവാസികളൊക്കെ അറിയാത്ത മട്ടിലിരുന്നു. എടുത്തു കൊണ്ട് പോകാനുള്ള തത്രപ്പാടിൽ താഴെ വീണതായിരുന്നു അയാളുടെ കണ്ണട. വയസ്സും വയ്യായ്കയുമാണ് വൈറസിനെ ചൊടിപ്പിച്ചതെന്നും വീട്ടിലും വയസ്സായവർ ഉള്ളതു കൊണ്ടാണ് വരാതിരുന്നതെന്നും ശവവണ്ടിയോട് ആത്മഗതം പറയുന്നുണ്ട് അടുത്ത വീടുകളിലുള്ളവർ... 

 

പരിശോധന നടത്തിയ പ്ലാസ്റ്റിക് മനുഷ്യർ പച്ചക്കൊടി കാണിക്കുന്നതു വരെ ശോശാമ്മയുടെ ശവക്കുഴി തുറന്ന് തന്നെ കിടന്നു. കുന്തിരിക്കത്തിന്റെ പുക പൊട്ടിയ ചില്ലുകൾക്കിടയിലൂടെ ലോനന്റെ ഇടത്തെ കണ്ണിനെ കരയിപ്പിക്കുന്നുണ്ട്. ലോനന് ആരോടും പരിഭവമില്ല. ജീവനുണ്ടെന്നുള്ളതിന്റെ തെളിവാകുന്നു ഭയം. കൊതി എന്ന വാക്കിന്റെ പര്യായ പദം... കട്ടിലൊഴിഞ്ഞിട്ട് മാസം മൂന്ന് കഴിഞ്ഞിരിക്കുന്നു. മുകളിലുള്ള ഒരോട് അയാൾ ഇളക്കിമാറ്റിയത് മഴയെ അകത്തേക്കു വിളിക്കാൻ വേണ്ടിയായിരുന്നു. വെള്ളം വീണ് മെത്ത കുതിരുമ്പോൾ അവളുടെ മൂത്രമണം അയാൾക്ക് കിട്ടും. കണ്ണടക്കഷ്ണങ്ങൾക്കിടയിലൂടെ നോക്കുമ്പോൾ കാലിക്കട്ടിലിൽ ശോശാമ്മ ഉണർന്ന് കിടപ്പുണ്ട്.. പരിചിതമായ കൊലച്ചിരി ഉറക്കം കളയുന്ന രാത്രികളിൽ അയാൾ ഇറയത്തേക്കിറങ്ങും. പൊങ്ങിനിൽക്കുന്ന കൊമ്പുള്ള തലകളെല്ലാം തന്നെ പരിചയമുള്ള മുഖങ്ങളാകുന്നു. കറുത്ത ഒരു കാലഘട്ടത്തിന്റെ കരച്ചിലുകൾ...

 

നീ സാഷ്ടാംഗം പ്രണമിച്ച്‌ എന്നെ ആരാധിച്ചാൽ ഈ കാണുന്നതൊക്കെ ഞാൻ നിനക്ക് തരാം. (പിശാചിന്റെ പ്രലോഭനം)

(മത്തായി 4 : 9-10)

 

മരണത്തിന്റെ മണമായിരുന്നു ആ തെരുവിന്... വണ്ടിയാത്രക്കാരെ വഴിതടയുന്ന കാക്കി വസ്ത്രങ്ങൾക്ക് കരുതലിന്റെ മുഖവും.. കിഴക്കൻ കാറ്റ് വിതറിയിട്ടു പോയ വൈറസ്സുകളെ വാശിക്ക് ചുമച്ചു തുപ്പുകയാണ് ലോകം മുഴുവനും. ആത്മാവുകൾ പറക്കാൻ തുടങ്ങിയപ്പോഴാണ് ആകാശമിളകിത്തുടങ്ങിയത്. പ്രാണഭയം പട്ടിണിക്ക് വഴിമാറിത്തുടങ്ങുമ്പോൾ അവന്റെ അട്ടഹാസം അടുത്തെത്തിയപോലെ... ആളുകൾ ആരും പുറത്തിറങ്ങുന്നില്ല. പരിഭ്രാന്തരായ ഭരണകൂടങ്ങൾ വൈറസിനെ ഭയന്ന് വഴികളൊക്കെ അടയ്ക്കാൻ തുടങ്ങിയിരിക്കുന്നു. പണം വന്നിരുന്ന വഴികൾ അടയുന്ന കാഴ്ച വൈറസ്സിനേയും ചിരിപ്പിക്കുന്നുണ്ട്. കുട്ടികൾ കരയാൻ തുടങ്ങിയതോടെ പച്ചക്കറികളും പലഹാരപ്പൊതികളുമായി മുതിർന്നവർ തെരുവിലിറങ്ങി. വിശപ്പ് സഹിക്കാൻ വയ്യാതെ വാഹനങ്ങൾക്ക് വട്ടം ചാടി ചാവാനോങ്ങുന്ന തെരുവ് പട്ടികൾ. ആരാധനാലയങ്ങളും വിദ്യാലയങ്ങളുമൊക്കെ അടഞ്ഞു കിടക്കുന്നത് കണ്ട് ആനന്ദിക്കുകയാണ് തലയിൽ വലിയ കൊമ്പുള്ളവൻ. ആരാധനയും അംഗീകാരവും ആഗ്രഹിക്കുന്നവന്റെ ആളുകളൊക്കെ ഉത്സവലഹരിയിലാകുന്നു. തിന്മകളെ തിന്നുകൊഴുക്കാനായി ഇട്ട് കൊടുക്കുമ്പോൾ വിഴുങ്ങാൻ നിൽക്കുന്നവരുടെ നേതാവിന്  ചിരി നിർത്താനാവുന്നില്ല.. ഇന്ന് ലോകം നിശ്ചലമാണ്. ഭയപ്പെടുത്തുന്ന നിശബ്ദതക്കിടയിലൂടെ, അത് കേൾക്കുന്നുണ്ട്... ചെകുത്താന്റെ കൊലച്ചിരി.

 

ഒരു പുതിയ ആകാശവും പുതിയഭൂമിയും ഞാൻ കണ്ടു. പഴയ ആകാശവും പഴയ ഭൂമിയും കടന്ന് പോയിരുന്നു (വെളിപാട് 21:1)

 

ചുവപ്പ് നിറമുള്ള ഇരുട്ടു മുറിയിൽനിന്നു ജോസച്ചൻ ഉണർന്നിരിക്കുന്നു. പീഠത്തിൽ തിരിഞ്ഞ് ഇരുന്നിരുന്ന തലയില്ലാത്ത ഉടൽ ഇപ്പോൾ മുന്നിലില്ല. തറയിൽ നിരന്ന് കിടന്നിരുന്ന ശവപ്പെട്ടികളും കാണുന്നില്ല. ഇരുട്ട് തെളിച്ചു തന്ന വെളിച്ചം ജനലിലൂടെ അകത്തേക്കു കയറുന്നുണ്ട്. ഭയപ്പെടുത്തിയിരുന്ന കൊലച്ചിരിക്ക് പകരം പടിഞ്ഞാറു നിന്നുമെത്തിയ ദേശാടനക്കിളികൾ പാട്ട് പാടുന്നു. സഹനങ്ങൾ പിശാചിന്റെ വിജയമാണെന്ന ദുഃസ്വപ്നം കാണിച്ചു തന്നത് പിശാചാവണം. മേടയിൽ നിന്നുള്ള താഴേക്കാഴ്ചയിൽ, വഴിയിലൂടെ വാഹനങ്ങൾ ഓടുന്നുണ്ട്. തലയിൽ തട്ടമൊക്കെയിട്ട് സ്കൂളിലേക്ക് പോകുന്ന ആമിനയും അബുവും ശ്രീധരനും കൊച്ചാപ്പിയുമൊക്ക അച്ചന്റെ കൂട്ടുകാര് തന്നെ. മലകയറി വരുന്ന മനുഷ്യരുടെ കൂട്ടത്തിൽ മൗലവിയും വെളിച്ചപ്പാടുമുണ്ടായിരുന്നു. മാസങ്ങൾക്കു ശേഷം ജനലുകളും വാതിലുകളും തുറക്കപ്പെടുമ്പോൾ പുതിയൊരു പ്രകാശം അകത്ത് നിറയുകയാണ്. വൈറസിനെ ഭയന്നിട്ടല്ല മനുഷ്യരൊക്കെ ഇപ്പോൾ മുഖം മൂടി വയ്ക്കുന്നത്. സ്രഷ്ടാവിന് മുഖം കൊടുക്കാൻ പാപിയായ മനുഷ്യന് കഴിയുന്നില്ല. അവന്റെ അഹങ്കാരത്തിന് കിട്ടിയ അടിയാകണം അണുവിന്റെ രൂപത്തിൽ കറങ്ങി നടക്കുന്നത്. അതിജീവനത്തിനുള്ള കൃപ ഇനി മുതൽ അവിടുന്ന് തരും. ചെകുത്താനെ ചാമ്പലാക്കാനുള്ള ചിതയ്ക്ക് മനുഷ്യർ തന്നെ തീയിടട്ടെ.

 

നമ്മുടെ വഴികളല്ല അവിടുത്തെ വഴികൾ.. നമ്മുടെ വിചാരങ്ങളല്ല അവിടുത്തെ വിചാരങ്ങൾ...

 

English Summary: Jeevante Pusthakam, Malayalam Short Story 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com