വീട്ടുജോലി, കുട്ടികളുടെ ഓൺലൈൻ ക്ലാസ്, വർക്ക് ഫ്രം ഹോം; ലോക്ഡൗണിൽ ഒരു ശരാശരി സ്ത്രീയുടെ ജീവിതം

busy-mother
പ്രതീകാത്മക ചിത്രം. Photocredit : Kaspars Grinvalds/ Shutterstock
SHARE

ഓൺലൈൻ ക്ലാസും ഓഫ്‌ലൈൻ വീടും (കഥ)

അസുഖകരമായ ഉറക്കത്തിൽ നിന്നും അവൾ ഞെട്ടിയുണർന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ഇങ്ങനെയാണ്. തന്നെ മുറുക്കെ ചുറ്റിപ്പിടിച്ചിരിക്കുന്ന മകന്റെ കൈകളെ പതിയെ വേർപെടുത്തി, അഞ്ചരക്ക് മുഴങ്ങാൻ തയ്യാറായി നിന്ന മൊബൈൽ അലാറം ഓഫ് ചെയ്ത്, അവൾ കിടക്കയിൽ നിന്നെണീറ്റു.

പഴകിത്തേഞ്ഞ ബ്രഷ് കൊണ്ട് പല്ലിട കുത്തിച്ചികയുന്നതിനിടയിൽ അവളുടെ ചിന്തകൾ കയററ്റ് മേയാൻ തുടങ്ങി. മുമ്പെല്ലാം ആറരക്ക് എണീറ്റാലും പണിയെല്ലാം തീർത്ത്, മോനേം നഴ്സറീൽ വിട്ട്, ഒമ്പതരക്ക് തന്നെ സ്കൂളിലെത്താമായിരുന്നു. ഇപ്പോഴാകട്ടെ ഒന്നിനും സമയം തികയുന്നില്ല. മുഖം ചുളിച്ചു കൊണ്ടാണെങ്കിലും, കറിക്കരിയാനും പാത്രം കഴുകാനുമൊക്കെ  ഭർത്താവ് സഹായിക്കാറുള്ളതായിരുന്നു.

‘‘നിനക്ക് പോകാനില്ലല്ലോ’’ എന്ന ഒറ്റവാചകത്തിൽ ആ സഹായം അയാൾ അവസാനിപ്പിച്ചു. മാത്രമോ, കോവിഡ് കാരണം ബാങ്കിലെ കാന്റീൻ മുടങ്ങിയതോടെ ഇപ്പോൾ ഉച്ചഭക്ഷണം കൊണ്ട് പോകുന്നുമുണ്ട്. അയാൾ എട്ടരക്ക്  ഇറങ്ങുന്നതിന് മുമ്പെ പ്രാതലും ഊണും തയ്യാറാവണം. അവൾ വേഗം ചെന്ന് അടുക്കളയന്ത്രത്തിന്റെ സ്വിച്ചമർത്തി. പിന്നെ, സ്വയമൊരു യന്ത്രമായി പ്രവർത്തിച്ചു തുടങ്ങി.

ഇരപ്പിച്ചു നിർത്തിയ ബൈക്കിന്റെ സൈഡ് ബോക്സിൽ ലഞ്ച് കിറ്റ് വെച്ചു കൊടുത്ത് തിരിച്ചു നടക്കുന്നതിനിടയിലാണ് തളർന്നു കിടക്കുന്ന പൂച്ചെടികളെ ശ്രദ്ധിച്ചത്. വെള്ളമൊഴിച്ചു കൊടുക്കുന്നതിനിടയിൽ മതിലിനപ്പുറത്ത് നിന്നും സീമേച്ചി :

‘‘ആശേ..എങ്ങനെ പോണു ഓൺലൈൻ ക്ലാസൊക്കെ?’’

‘‘ഓ...അങ്ങനെ പോണു ചേച്ചീ’’

‘‘നിങ്ങളാെക്കെ ഭാഗ്യം ചെയ്തോരാട്ടോ. വെറുതെ വീട്ടിലിരുന്നാലും മാസാവസാനം ശമ്പളമുറപ്പല്ലേ. എന്റെ കട തുറക്കാണ്ടിത് ആറാം മാസാ.’’

സമയം കൊല്ലാൻ വേണ്ടി മാത്രം, നഗരത്തിലെ ഷോപ്പിങ്ങ് മാളിൽ തുറന്ന് വെച്ചിരിക്കുന്ന ബൊട്ടീക്കിനെ പറ്റിയാണ് സീമേച്ചിയുടെ പരിഭവം. ആശയുടെ വരണ്ട ചിരി ഗൗനിക്കാതെ, അവർ വീട്ടിനകത്തേക്ക് കയറിപ്പോയി.

ഇന്നത്തെ ക്ലാസ് ഉച്ചക്ക് ശേഷമാണ്. മൂന്ന് തൊട്ട് നാലര വരെ രണ്ട് പീരിയഡ്. പക്ഷേ, ഇന്നലെത്തെ ക്ലാസിന്റെ  ‘ഡൗട്ട് ക്ലിയറൻസ് സെഷൻ’ രാവിലെയുണ്ട്. മോനാണെങ്കിൽ രാവിലെ ഒരു മണിക്കൂർ ക്ലാസുമുണ്ട്. പെപ്പാ പിഗാെക്കെ കണ്ട് എത്ര നേരം വേണമെങ്കിലും ടിവിക്കു മുന്നിലിരിക്കുന്നവന് ഓൺലൈൻ ക്ലാസിലിരിക്കണമെങ്കിൽ അമ്മ കൂടെ വേണം.

കുളി കഴിഞ്ഞ് ചെന്ന് മോനെ ഉണർത്തി പല്ലു തേപ്പിച്ച് അവനൊപ്പം പ്രാതൽ കഴിച്ചപ്പോഴേക്കും അവന്റെ ക്ലാസിന് സമയമായി. ഒരു മണിക്കൂർ ഇരുന്നെണീറ്റ ശേഷം കാർട്ടൂൺ ചാനൽ വെച്ച് കൊടുത്ത് അവനെ ടിവിക്ക് മുന്നിലിരുത്തി. ഇല്ലെങ്കിൽ ഒന്നിനും സമ്മതിക്കില്ല. ക്ലാസ്സുകൾ റെക്കോഡ് ചെയ്ത് അയക്കുന്ന കാലത്ത്, പശ്ചാത്തലത്തിലെ അവന്റെ ബഹളം കൊണ്ട് മാത്രം പലവട്ടം റീ-റെക്കോഡ് ചെയ്യേണ്ടി വന്നിട്ടുണ്ട്. അവനെയും കുറ്റം പറയാനാവില്ല. പാറിപ്പറന്ന് നടക്കേണ്ട കാലത്ത് അടച്ചു പൂട്ടിയിടുന്നതിലുള്ള ഈർഷ്യ നന്നായി പ്രകടിപ്പിക്കുന്നുണ്ട്. 

അവൾ വാട്ട്സാപ്പ് തുറന്ന് നോക്കി. ക്ലാസ് ഗ്രൂപ്പിൽ ഒരു ലോഡ് സംശയങ്ങൾ വന്ന് നിറഞ്ഞിട്ടുണ്ട്. വേണ്ടതും വേണ്ടാത്തതുമെല്ലാമുണ്ട്. കൂടാതെ, പുതിയ നമ്പറുകൾ ചേർക്കാനുള്ള റിക്വസ്റ്റുകൾ കുറെയെണ്ണമുണ്ട്. അച്ഛന്റെയും അമ്മയുടേയും സഹോദരുടേയുമൊക്കെ മൊബൈൽ ഉപയോഗിക്കുന്ന കുട്ടികൾ, അപ്പോഴത്തെ ലഭ്യതയനുസരിച്ച് മൊബൈൽ നമ്പർ മാറ്റാൻ അപേക്ഷിക്കും. മുമ്പ് അത്തരം അപേക്ഷകളെല്ലാം കണ്ണടച്ച് അപ്രൂവ് ചെയ്തിരുന്നു. അങ്ങനെ കയറിക്കൂടിയ ഒരുത്തനാണ് ഗ്രൂപ്പിൽ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഷെയർ ചെയ്തത്. അത് കൊണ്ട് പുതുതായി നൽകുന്ന നമ്പറിൽ വിളിച്ച് ഉറപ്പ് വരുത്തിയിട്ടേ അപ്രൂവ് ചെയ്യാൻ പാടുള്ളു എന്ന് പ്രിൻസിപ്പലിന്റെ കർശന നിർദ്ദേശമുണ്ട്.

ഓൺലൈൻ ക്ലാസിനായുള്ള ആപ്പിൽ ലോഗിൻ ചെയ്തപ്പോഴാണ് സ്ക്രീനിലെ സ്വന്തം രൂപം കണ്ട് ഞെട്ടിയത്. പെട്ടെന്ന് ഡിസ്കണക്ട് ചെയ്ത്, തലയിൽ നിന്നും ഈറൻ തോർത്ത് അഴിച്ചെടുത്തു. അയ്യേ... ആകെ നാണക്കേടായി. കുട്ടികൾ കണ്ടിട്ടുണ്ടാകുമെന്ന് തീർച്ചയാണ്. 

വിക്ടേഴ്സ് ചാനലിലെ ഓൺലൈൻ ക്ലാസുകൾക്ക് താഴെ വരുന്ന കമന്റുകൾ കണ്ട് പേടിച്ചു പോയിട്ടുണ്ട്. അത് കൊണ്ട് തന്നെ, പരമാവധി ശ്രദ്ധയോടെ വേഷം ധരിച്ചാണ് ക്ലാസെടുക്കാൻ മൊബൈലിന് മുന്നിൽ ചെന്നിരിക്കാറ്. പക്ഷേ ഇന്നെന്തോ ശ്രദ്ധ അൽപം പാളിപ്പോയി. മുഖത്തെ ചമ്മൽ തൂത്തെറിഞ്ഞ് അവൾ വീണ്ടും ലോഗിൻ ചെയ്തു.

സംശയനിവാരണം ഒന്നരമണിക്കൂർ നീണ്ടു. കുട്ടികളെയും പറഞ്ഞിട്ട് കാര്യമില്ല. കാര്യങ്ങൾ വ്യക്തമായി പറഞ്ഞ് ഫലിപ്പിക്കാൻ കഴിയുന്നില്ലെന്ന് അവൾക്കും തോന്നാറുണ്ട്. ലോഗൗട്ട് ചെയ്ത്, ടീവിക്ക് മുന്നിൽ കുത്തിയിരിക്കുന്ന മകനെ പിടിച്ചു വലിച്ചു കൊണ്ട് പോയി കുളിപ്പിച്ചു. ഭക്ഷണം നൽകി അവനെ ഉറക്കിയ ശേഷമാണ് അവൾ കഴിക്കാനിരുന്നത്. അഞ്ച് മിനിറ്റ് കൊണ്ട് വാരി വലിച്ചു തിന്നപ്പോഴേക്കും മണി മൂന്നാവുന്നു. അവൾ വീണ്ടും ലോഗിൻ ചെയ്ത് ആദ്യ പിരീയഡിനായി തയാറായി.

ക്ലാസ് കഴിഞ്ഞ്, ടീച്ചേഴ്സ് ഗ്രൂപ്പിൽ അന്നത്തെ ക്ലാസിന്റെ ഫീഡ്ബാക്ക് റിവ്യൂ കൂടി അറ്റൻഡ് ചെയ്തപ്പോഴേക്കും മണി ആറ് കഴിഞ്ഞിരുന്നു. ഇടയിൽ ഉറക്കമുണർന്ന മകന്  പാലും കൊടുത്ത് വീണ്ടും ടിവിയുടെ മുന്നിലിരുത്തിയിരിക്കുകയാണ്. അവനരികിലെ സോഫയിൽ പോയി ചാരി കിടന്നതേ ഓർമ്മയുള്ളു. മൊബെൽ റിങ്ങ് ചെയ്യുന്നത് കേട്ടാണ് ഉണർന്നത്. വാട്സാപ്പ് കോളാണ്. ശശി മാഷിന്റെ താടിയുള്ള മുഖം സ്ക്രീനിൽ നിറഞ്ഞു. പ്രതികരിക്കാൻ തോന്നിയില്ല. പക്ഷേ, തൊട്ട് പുറകെ വന്ന രണ്ട് വോയ്സ് മെസേജുകൾ അവൾ തുറന്ന് നോക്കി. 

‘‘എന്താ ടീച്ചറേ. കുറച്ച് കാലം കാണാത്തപ്പോഴേക്കും മറന്നോ...? ഞാനിവിടെ കോവിഡ് ഡ്യൂട്ടീലാ. നിങ്ങള് പെണ്ണുങ്ങടെയൊരു യോഗം. വീട്ടിലിരുന്ന് സുഖിക്ക്യല്ലേ. പിന്നെ, വെറുതെയിരുന്ന് തടി വെക്കാതെ നോക്കിക്കോ... ഫിഗറ് പോണ്ട’’

ഒരു വഷളൻ ചിരിയോടെ അവസാനിച്ച അയാളുടെ ശബ്ദശകലത്തിന്, ഏറെ ആലോചിച്ച ശേഷമാണ് ഒരു ചിരി സ്മൈലി മടക്കിയത്. സംഘടനാ നേതാവിനെ പിണക്കാനാവില്ലല്ലോ.

മകന് രാത്രിഭക്ഷണം കൊടുത്ത് എണീക്കുമ്പോഴാണ് ഭർത്താവ് തിരിച്ചെത്തിയത്. അയാൾ ഊരിയിട്ട വസ്ത്രങ്ങളെടുത്ത് സോപ്പ് വെള്ളത്തിൽ കുതിർത്തു വെച്ചു. അത് വാഷിങ്ങ് മെഷീനിൽ മറ്റ് തുണികൾക്കൊപ്പം ഇടാറില്ല. ലഞ്ച് ബാഗ് സാനിറ്റൈസ് ചെയ്ത് അകത്തേക്ക് എടുത്ത് വെച്ചു. 

മകനെ ഉറക്കിയ ശേഷം അവൾ ചെല്ലുമ്പോഴേക്കും അയാൾ ഭക്ഷണം കഴിച്ചു തുടങ്ങിയിരുന്നു.  ബാങ്കിലെ ജോലി ഭാരത്തെയും, കോവിഡ് കാലത്ത് താനടക്കമുള്ളവരെടുക്കുന്ന റിസ്കിനെയും, വീട്ടിൽ വെറുതെ ഇരിക്കാൻ പറ്റുന്ന അവളെ പോലുളളവരുടെ ഭാഗ്യത്തെയും പറ്റി, എന്നുമെന്ന പോലെ, കുറെയേറെ സംസാരിച്ച ശേഷം ഒരേമ്പക്കവും വിട്ട് അയാൾ എണീറ്റ് കൈ കഴുകാൻ പോയി. എച്ചിൽപ്പാത്രങ്ങളുമായി അവൾ അടുക്കളയിലേക്ക് നടന്നു.

സിങ്കിൽ നിറഞ്ഞ് കിടന്ന പാത്രങ്ങൾ കഴുകി വെച്ച്, സോപ്പിൽ മുക്കിയിട്ട തുണി അലക്കി വിരിച്ച്, മേല് കഴുകി വന്നപ്പോഴേക്കും മണി പതിനൊന്നായി. അപ്പോഴേക്കും അയാൾ കിടന്നിരുന്നു. ഒരു മണിക്കൂർ ഉറക്കം തൂങ്ങിയിരുന്നിട്ടാണ് നാളത്തെ ക്ലാസിനായുള്ള ടീച്ചിങ്ങ് നോട്ട് റെഡിയായത്. അത് ഫോട്ടോ എടുത്ത് പ്രിൻസിപ്പലിന് വാട്ട്സാപ്പ് ചെയ്ത ശേഷം നെറ്റ് ഓഫ് ചെയ്ത് കിടപ്പുമുറിയിലേക്ക് ചെന്നു. മൊബൈലിൽ അഞ്ചരക്ക് അലാറം വെച്ച് അവൾ കിടന്നു.

English Summary: Online classum offline veedum, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;