ADVERTISEMENT

പിൻ (കഥ)

 

ചീരുവിന്റെ പുതിയ അമ്മ നന്നാക്കുന്ന മുഴുത്ത മീനിന്റെ മണം പിടിച്ച് ചുറ്റി നടന്നിരുന്ന കുറിഞ്ചി, പതിവുള്ള  അടയാളശബ്ദം കേട്ടതും പാഞ്ഞു വന്നു. കാത്തിരുന്ന കണ്ടനെ കണ്ട് ഏതോ വഴിയ്ക്കു പായുമ്പോൾ കുറിഞ്ചിയുടെ ചെവിയിലെ പഴകിയ മുറിവിലെ പൊറ്റയടർന്നു രക്തമൊഴുകുന്നുണ്ടായിരുന്നു.

 

ചീരുവിന്റെ അടയാളശബ്ദം വീണ്ടും കേൾക്കുന്നുണ്ട്... മുതുക്കനായ കണ്ടൻ കണ്ണുവച്ചന്നു മുതലാണ്  കഷ്ടകാലം തുടങ്ങിയത്. കണ്ടനെ കല്ലെറിഞ്ഞോടിയ്ക്കാനുള്ള സ്വാതന്ത്ര്യം കൂടി നഷ്ട്ടപ്പെട്ട്, കൂടെ പഠിച്ചിരുന്നവർ സ്കൂളിൽ പോകുന്നതൊളിച്ചു നോക്കി നിൽക്കുന്ന ചീരുവിന്, കാലം മോശമായിരുന്നു, അതിനും മുൻപേ ....

 

ചീരുവിന്റെ അച്ഛൻ ഒരു യന്ത്രം കണക്കെ വരികയും പോവുകയും ചെയ്തു. നിർവികാരതയുടെ മൂടുപടമിട്ട് അയാൾ ചീരുവിനെ വല്ലപ്പോഴും മാത്രം ഒന്നു നോക്കി. കുറിഞ്ചിയും ചീരുവും ഒരു രഹസ്യധാരണയിലെത്തിയത് പിന്നെയും കുറെ കഴിഞ്ഞാണ്.... വീട്ടിലാളൊഴിഞ്ഞൊരു നേരം പുതിയ അമ്മയുടെ വയസ്സായ അച്ഛനുമായുള്ള മൽപിടുത്തത്തിൽ നിന്ന് അയാളുടെ നടുംപുറത്ത് നല്ലൊരു നെടുനീളൻ മാന്തുമാന്തി കുറിഞ്ചിയാണ് ചീരുവിനെ രക്ഷിച്ചത് ...

 

കരുതലിന്റെ ഏറ്റക്കുറച്ചിലുകൾ ആർക്കുമില്ലാതെ പിന്നെ അവരുടെതു മാത്രമായി. നേരമില്ലാത്തവർ കണ്ടെത്തിയ നേരം പോക്കുകളിൽ മരണത്തെ മുഖാമുഖം കാണുന്ന ദിനങ്ങൾ, അവരെ നോക്കി നീണ്ടു നിവർന്നു കിടന്നു. 1098 എന്ന ഒരു നമ്പർ ഉണ്ട്, അതിലേയ്ക്കു വിളിയ്ക്കാൻ ഏതു പിന്നടിച്ചാലാണ് ഒരു ഫോണെങ്കിലും ഒന്നു തുറക്കുക? 

 

English Summary: Pin, Malayalam short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com