ADVERTISEMENT

ഇടുക്കി വട്ടവടയിലെ മുടിവെട്ടുകടകളില്‍ കഴിഞ്ഞ മാസം വരെ അയിത്തം നിലനിന്നിരുന്നു എന്നു കേട്ടത് ഒരു ഞെട്ടലോടെ ആയിരുന്നു. അവിടെ ചക്‌ലിയര്‍ എന്ന ദളിതര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ്‌‌ പഞ്ചായത്ത്‌ അധികൃതര്‍ ഇടപെട്ട് ആ കടകള്‍ അടപ്പിച്ചതും പിന്നീട് പുതിയ നിബന്ധനകളോടെ വേറെ കടകള്‍ തുറക്കാനിടയായതും. 

 

രാമന്‍ മരിച്ചത് ആ ദിവസങ്ങളിലൊന്നിലായിരുന്നു. ഞങ്ങളുടെ ഗ്രാമത്തില്‍ നിന്ന്‌ എന്‍റെ ഒരു അയല്‍‌വാസിയാണ്‌ ആ മരണവിവരം രാമന്‍റെ ചില ചിത്രങ്ങളോടൊപ്പം എനിക്ക് അയച്ചുതന്നത്.. ഓര്‍മ്മകള്‍  അര ശതാബ്ദം പിന്നിലേയ്ക്ക് ഒരു മലവെള്ളപ്പാച്ചിലായി. എന്നേക്കാളൊത്തിരി മുതിര്‍ന്നിട്ടാണെങ്കിലും രാമന്‍ എനിക്കൊരു സുഹൃത്തിനെപ്പോലെയായിരുന്നു. ആ സൗഹൃദത്തെക്കുറിച്ച് പറയണമെങ്കില്‍ രാമന്‍റെ അച്ഛന്‍ അയ്യപ്പനില്‍ നിന്ന് എനിക്ക് തുടങ്ങേണ്ടിവരും.

 

മുടിവെട്ട് കുലത്തൊഴിലാക്കിയ കുടുംബം. അതിലപ്പുറം ചിന്തിക്കാന്‍ അനുവാദമോ അവകാശമോ അവര്‍ക്കുണ്ടായിരുന്നോ എന്നു പോലും സംശയം തോന്നിയിരുന്നു. അത്രയേറെ ജാതിവേരുകള്‍ സമൂഹത്തിലേയ്ക്ക് ആണ്ടിറങ്ങിയ കാലമായിരുന്നു അത്. അന്നൊക്കെ ഞങ്ങളുടെ വീടുകളിലേയ്ക്ക് വന്നിട്ടാണ്‌ മുടിമുറിക്കല്‍ ചടങ്ങുകള്‍ നടന്നിരുന്നത്. ആ പ്രദേശങ്ങളിലെ പുരാതനകുടുംബങ്ങളിലെല്ലാം അത് അയ്യപ്പന്‍റെ ‘അവകാശ’മായിരുന്നു. അതിലേയ്ക്ക് അത്ര പെട്ടെന്നൊന്നും മറ്റൊരു പ്രതിയോഗി കടന്നുവരാറുമില്ല. ഏതാണ്ടൊരു കാലം കണക്കാക്കി അയ്യപ്പന്‍ എത്തിയാല്‍ ‘മുടിവെട്ടുല്‍സവം’ ആരംഭിക്കുകയായി. വീട്ടിലെ കാരണവരില്‍ നിന്നു തുടങ്ങി ഇളമുറയിലേയ്ക്ക് അവസാനിക്കുന്ന യജ്ഞം. പുരുഷന്മാര്‍ക്കു മാത്രം. താടിവടിയ്ക്കല്‍ വേണ്ടവര്‍ക്ക് അതും ഒപ്പം കഴിക്കും. പെണ്‍കുട്ടികള്‍ക്കുള്ള മുടിവെട്ട് വളരെ അപൂര്‍‌വ്വമായതിനാല്‍ അയ്യപ്പന്‍റെ മകളാണ്‌ സാധാരണ അതേറ്റെടുക്കുന്നത്.

 

മെലിഞ്ഞ് ഉയരമുള്ള അയ്യപ്പന്‍ ഒന്നു പുഞ്ചിരിച്ചതായോ തമാശ പറഞ്ഞതോ ആയി ചരിത്രം പോലും പറയുന്നില്ല. തോളത്ത് ഒരു തോര്‍ത്തും കക്ഷത്തില്‍ ഒരു പഴയ തോല്‍സഞ്ചിയുമുണ്ടാവും. ആ സഞ്ചിയിലാണ്‌ അയ്യപ്പന്‍റെ അതിപുരാതനസാമഗ്രികള്‍. ആ വരവു തന്നെ ഞങ്ങള്‍ കുട്ടികളെ ഭീതിദരാക്കും. മെലിഞ്ഞുനീണ്ടവിരലുകള്‍. ശരീരത്തില്‍ അവിടവിടെ ഞരമ്പുകള്‍ പിടച്ചുനില്‍ക്കുന്നുണ്ടാവും. ഉമിനീരിറക്കുന്നതനുസരിച്ച് തൊണ്ടയിലെ ഉണ്ട ഉയരുകയും താഴുകയും ചെയ്യും. എന്‍റെ ഓര്‍‌മ്മയില്‍ അയ്യപ്പന്‌ എന്നും ഒരേ പ്രായവും രൂപവുമാണ്‌.

 

ഉച്ചത്തിലുള്ള കണ്ഠശുദ്ധിയാണ്‌ അയ്യപ്പന്‍ മുറ്റത്തെത്തിയതായി ഞങ്ങളെയൊക്കെ അറിയിക്കുന്നത്. അതിനൊരു പ്രതികരണം കിട്ടിയാലുടനെ‌ അയ്യപ്പന്‍ സഞ്ചിയിലെ പാത്രം പുറത്തെടുക്കും. തിണ്ണയിലുള്ള കിണ്ടിയില്‍നിന്നോ മൊന്തയില്‍ നിന്നോ അതിലേയ്ക്ക് വെള്ളം പകര്‍ന്ന്  തെക്കുവശത്തുള്ള കാപ്പിത്തോട്ടത്തില്‍ സ്ഥാനം പിടിക്കും. അത്യാവശ്യം വേണ്ട സംസാരം മാത്രം. പ്രായം അനുസരിച്ച് ഓരോരുത്തര്‍ക്കായി ഇരുന്നുകൊടുക്കാം. താമസിച്ചാല്‍ പിന്നീടുള്ള അനുഭവം അത്ര നല്ലതല്ലെന്ന് എല്ലാവര്‍ക്കും അറിയാം. ആദ്യ ഊഴം ഗൃഹനാഥന്‍റേതാണ്‌. ഒരു പട്ടാളവെട്ടാണ്‌ അയ്യപ്പനറിയാവുന്ന ഒരേ ഒരു സ്റ്റൈല്‍. തലയുടെ പിന്‍ഭാഗത്ത് തീരെ നീളമില്ലാത്ത രീതിയിലാണ്‌ വെട്ട്. 

 

ഓരോഭാഗവും സൗകര്യത്തിനുകിട്ടാനായി നിര്‍ദ്ദയം തലപിടിച്ചു തിരിക്കും‌ം. അടുത്ത ആംഗിളിലേയ്ക്ക് തല സെറ്റ് ചെയ്യുന്നതുവരെ അനങ്ങാതെ ഇരിക്കണം. ആ നില അറിയാതെതെങ്ങാനും തെറ്റിയാല്‍ കത്രികയുടെ അറ്റം വച്ച് ചിലപ്പോള്‍ ഒരു കുത്തുകിട്ടും. ആ കുത്തുകിട്ടാതിരിക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ വളരെ ശ്രദ്ധിക്കാറുണ്ട്. അനങ്ങാതെ, ഒരേ ദിശയിലേയ്ക്കുള്ള ആ ഇരിപ്പിലാണ്‌ ഞങ്ങള്‍ പുതിയ കാഴ്ചകള്‍ കാണുന്നത്. പുളിമരത്തിന്‍റെ പൊത്തിനുള്ളിലേയ്ക്ക് തത്തമ്മ കയറിപ്പോകുന്നതും അതിന്‍റെ കുഞ്ഞിനെ പിടിക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതുമൊക്കെ അപ്പോഴാണ്‌.  ദൈവത്തിന്‍റെ പല അദ്ഭുതസൃഷ്ടികളിലേയ്ക്കും കണ്ണെത്തുന്നത് ആ അവസരങ്ങളിലാവും. അടങ്ങിയൊതുങ്ങി, അല്ലെങ്കില്‍ അതൊക്കെ ശ്രദ്ധിക്കാന്‍ ആര്‍ക്കാണ്‌ സമയം കിട്ടുക? പാദങ്ങള്‍ക്കു താഴെയുള്ള കരിയിലകള്‍ മാറ്റി, നിരയായി പൊയ്‌ക്കൊണ്ടിരിക്കുന്ന ഉറുമ്പുകളുടെ ഗതി കലക്കി രസിക്കും. പിടലിയുടെ വേദന മറക്കാന്‍ ആ അനങ്ങാതെയുള്ള ഇരിപ്പ് ഉപകരിക്കും. ഒന്നു രസം പിടിച്ചുവരുമ്പോഴേയ്ക്കും തലയുടെ ദിശ മാറേണ്ട സമയമാകും. അപ്പോള്‍ മറ്റൊരു കാഴ്ചയിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ കത്രിക ഇടയ്ക്കിടെ മുടി പറിച്ചെടുക്കുന്ന വേദനയ്ക്ക് ചെറുതായൊരു ശമനമുണ്ടാകും.

 

കത്രികപ്രയോഗത്തിനു ശേഷം ആവനാഴിയില്‍ നിന്നു അദ്ദേഹം പുറത്തെടുക്കുന്നത് മറ്റൊരായുധമാണ്‌. ചാടാന്‍ തയ്യാറായി നില്‍ക്കുന്ന തവളയെ ഓര്‍മ്മിപ്പിക്കുന്ന ആ ആയുധത്തിന്‍റെ ധര്‍മ്മമാകട്ടെ ഊടുപാട് കടിച്ചുപറിക്കുന്ന നായയുടേതും. രണ്ടു വിരലുകള്‍ കൊണ്ട് അമര്‍ത്തിയും വിടര്‍ത്തിയുമാണ്‌ അത് തലയുടെ പിന്നില്‍ കഴുത്തിനു മുകളിലായുള്ള രോമങ്ങളെ ഉന്മൂലനം ചെയ്യുന്നത്. ഒരു കടകട ശബ്ദവുമുണ്ട്. പിന്നീട്, വളരെക്കാലത്തിനുശേഷമാണ്‌ അതിന്‍റെ പേര്‌ ക്ലിപ്പര്‍ ആണെന്നൊക്കെ മനസ്സിലാവുന്നത്. അത് കഴിയുന്നത്തോടെ നമ്മള്‍ ഏതാണ്ട് പകുതി രക്തസാക്ഷിത്വം വരിച്ച് ക്ലീന്‍ ആയതായി പ്രഖ്യാപിക്കപ്പെടും. രക്തംപൊടിയുന്നിടത്തൊക്കെ ഐസ് പോലെ തോന്നിക്കുന്ന ഒരു വെള്ളക്കട്ട ഉരച്ച് പ്രശ്നം പരിഹരിക്കും. അതിന്‍റെ പേര്‌ ‘ആലം’ എന്നാണെന്നു പിന്നീടൊക്കെയാണു മനസ്സിലാകുന്നത്. കുട്ടികളാണെങ്കില്‍ അതോടെ ആയ്യപ്പാധിപത്യത്തില്‍ നിന്നു സ്വതന്ത്രരാവും. മുഖത്തു രോമമുള്ളവര്‍ക്കാണെങ്കില്‍ ഭീകരമായ മറ്റൊരു പീഡാനുഭവത്തിലേയ്ക്കുള്ള പ്രൊമോഷനുമാകും. അതൊരു പാക്കേജ് പദ്ധതിയായതിനാല്‍ വേണ്ടെന്നുള്ള അപ്പീലിനൊന്നും  അവിടെ പ്രസക്തിയില്ല. അയ്യപ്പന്‍റെ മുഖത്തുനോക്കി ആ അപേക്ഷ സമര്‍പ്പിക്കാനും ആര്‍ക്കും ധൈര്യമുണ്ടാവില്ല.

 

മുഖവടിവിനു സ്വന്തമായി സോപ്പുണ്ടെങ്കില്‍, അയ്യപ്പന്‍റെ സഞ്ചിയില്‍ പലരേയും ഉമ്മവച്ച് ക്ഷീണിച്ചുറങ്ങുന്ന സോപ്പിനെ ഉണര്‍ത്താതെ കഴിക്കാം. സഞ്ചിയിലെ സോപ്പിന്‍റെ ബ്രാന്‍ഡൊന്നും ഓര്‍മ്മയില്ല. വ്യാസം കുറഞ്ഞ, വട്ടത്തിലുള്ള  ഒരു പ്ലാസ്റ്റിക് ഡപ്പിയിലാണ്‌ അയ്യപ്പന്‍റെ വെളുത്ത കട്ടിയുള്ള സോപ്പ്. വെള്ളത്തില്‍ മുക്കിയ ബ്രഷ് ആ സോപ്പില്‍  ചാലിച്ച് മുഖത്തു തേച്ചുപിടിപ്പിക്കും. പിന്നീട് കത്തി  സഞ്ചിയില്‍ നിന്നു പുറത്തെടുത്ത്, മറ്റൊരു കട്ടിയിലുരച്ച് മൂര്‍ച്ച കൂട്ടും. പിന്നെയൊരു പിടിത്തമാണ്‌. വടിച്ചെടുത്ത രോമവും സോപ്പും ഒരു ഇലയില്‍ തേയ്ക്കും. ഇലയില്ലെങ്കില്‍ കൈവെള്ളയിലാവും. അതിനിടെ ചോരപൊടിയലൊക്കെ ഉണ്ടാവും. തലമുറ കൈമാറിവരുന്ന ആയുധങ്ങള്‍ പ്രയോഗിച്ചുള്ള യുദ്ധമാകുമ്പോള്‍ ചോരപൊടിയലിനൊന്നും പ്രസക്തിയില്ല. പഴയ ആലം കട്ടയെടുത്ത്, അതിനെ അല്പം വെള്ളം കുടിപ്പിച്ച്  മുഖത്തു തേയ്ക്കുന്നതോടെ രക്തസാക്ഷികള്‍ക്ക് ശാന്തരായി പോകാനുള്ള അനുമതിയാവും. ഏതാണ്ട് ഒന്നൊന്നര മാസത്തേയ്ക്കുള്ള സ്വാതന്ത്ര്യകാലമാണ്‌ പിന്നീട്. ഒളിച്ചുമാറി, ആര്‍ത്ത് സ്വതന്ത്രരായവരില്‍ കനത്ത അസൂയപാകിക്കൊണ്ട് അടുത്തയാള്‍ ബലിപീഠത്തിലേയ്ക്ക് കയറും.

 

അയ്യപ്പന്‍റെ വരവിനെ ഞങ്ങള്‍ മനസ്സുകൊണ്ട് എതിര്‍ത്തിരുന്നതിന്‍റെ കാരണം കത്രികക്കുത്തും തലതിരിക്കലും മാത്രമല്ല. അയാളുടെ ഉച്ഛ്വാസവായു സഹിക്കണം. ചൂടും വിയര്‍പ്പും ദേഹത്തുവീഴുന്ന മുടിയുണ്ടാക്കുന്ന ചൊറിച്ചിലിനെതിരേ പ്രതികരിക്കാന്‍ പറ്റാത്ത അവസ്ഥയും. മുടിവെട്ടുകഴിഞ്ഞ ഞങ്ങള്‍ കുട്ടിക്കരടികളെപ്പോലെയിരിക്കുന്നതിനാല്‍  അമ്മ വീടിനകത്തു കയറ്റുകയില്ല. തോട്ടില്‍ വെള്ളമുള്ള കാലത്താണെങ്കില്‍ പിന്നെ അങ്ങോട്ടാണ്‌ ഓട്ടം. വസ്ത്രങ്ങളൊക്കെ നനയ്ക്കുകയും വേണം. ഒരു നീര്‍ക്കാംകുഴിയിട്ടാല്‍ ദേഹം ക്ലീന്‍. തോടല്ലെങ്കില്‍ പിന്നെ കിണറ്റുകരയിലാക്കണം കുളി.

 

മധ്യവേനലവധിക്ക് ഞങ്ങള്‍ കസിന്‍സ് എല്ലാവരും കൂടി അമ്മവീട്ടില്‍ എത്തിപ്പറ്റും. ഞങ്ങള്‍ സഹോദരങ്ങളുടെ ദയാരഹിതമായ ഹെയര്‍ സ്റ്റൈല്‍ കണ്ട് എല്ലാവരും പരിഹസിക്കും.' ‘‘ചക്കയും തേങ്ങയും കൊടുത്ത് മുടിവെട്ടിച്ചാല്‍ ഇങ്ങനെയിരിക്കും!'’’ അത്കേള്‍ക്കുമ്പോള്‍ വിഷമം തോന്നുമെങ്കിലും ഞങ്ങളും തിരിച്ചടിക്കും. ഞങ്ങളുടേത് ആസ്ഥാനക്ഷുരകനാണെന്നും ആഭിജാത്യമുള്ള കുടുംബങ്ങള്‍ക്കുമാത്രമേ അത് വിധിച്ചിട്ടുള്ളു എന്നൊക്കെ പറഞ്ഞ് ഞങ്ങളും തടിതപ്പും. മൂത്ത ചേച്ചിയില്‍നിന്നാണ്‌ ഞങ്ങള്‍ മുടിവെട്ടിന്‍റെ ഏറ്റവും പുതിയ സ്റ്റൈലൊക്കെ മനസ്സിലാക്കിയെടുക്കുന്നത്. അതുപ്രകാരം അന്നത്തെ ഫാഷന്‍ ബോംബെ കട്ടിങ് ആണ്‌.

 

അവധി കഴിഞ്ഞുള്ള അയ്യപ്പന്‍റെ വരവ്. എനിക്ക് ബോംബെ കട്ടിങ് മതി എന്നു പറഞ്ഞതും അയ്യപ്പനു ദേഷ്യമായി. പിന്നെ മുടിവെട്ടുശാസ്ത്രത്തെക്കുറിച്ചുള്ള പ്രഭാഷണം കേള്‍ക്കേണ്ടിവന്നു. അയ്യപ്പന്‍ പറഞ്ഞു : ചില കണക്കുകളൊക്കെയുണ്ട് മുടിവെട്ടിന്‌. അതറിയാത്തവരാണ്‌ കടകളിട്ടിരിക്കുന്നത്. വിദ്യയില്ലാതെ വെറും അഭ്യാസം കൊണ്ടു ജീവിച്ചുപോകുന്നവരാണ്‌ അവര്‍. കുരുത്തം എന്നൊരു സാധനം തലയില്‍ വരച്ചുകിട്ടാത്തവര്‍ മുടിവെട്ടിയാലെങ്ങനെ നന്നാവും!

 

അടുത്ത അവധിക്കാലത്ത് ചേച്ചി ഞങ്ങളുടെ തലയില്‍ കയറ്റിവിട്ടത് ‘സമ്മര്‍കട്ട്’ ആയിരുന്നു. അന്നും നഷ്ടം എനിക്കു തന്നെയായിരുന്നു. സംഗതി നടന്നുമില്ല, ഒരു കത്രികക്കുത്തും കിട്ടി. അതിനും പുറമേ അപ്പനോടു പരാതിയും പറഞ്ഞു. ഭാഗ്യത്തിനു അപ്പന്‍ അതില്‍ ഇടപെട്ടില്ല. 

 

ഞാന്‍ കോളജില്‍ പോകാന്‍ തുടങ്ങിയ കാലം. അയ്യപ്പന്‍റെ പെരുമാറ്റത്തില്‍ അല്‌പമൊക്കെ മയം വരാന്‍ തുടങ്ങി. കത്രികക്കുത്ത് നിന്നു. അപ്പന്‍റെ മരണത്തോടെ ഞാന്‍ ഗൃഹനാഥന്‍ ആയതും ഒരു കാരണമാകാം. അതോടെ അയ്യപ്പന്‍റെ വരവറിഞ്ഞ് ഞാന്‍ മുങ്ങാനും തുടങ്ങി. അങ്ങനെയാണ്‌ ഞാന്‍ രാമനിലേയ്ക്ക് പ്രവേശിക്കുന്നതും അയാളെ എന്‍റെ സെര്വ്വീസ് പ്രൊവൈഡര്‍ ആക്കുന്നതും.

 

അയ്യപ്പന്‍റെ മകളാണ്‌ വീട്ടിലെ പെണ്‍കുട്ടികളുടെ മുടിവെട്ട് നടത്തിയിരുന്നത്. അവര്‍ വീടിന്‍റെ പിന്നിലെ മുറ്റത്ത് കുത്തിയിരുന്ന് ഓരോരുത്തരെയായി പേരുചൊല്ലി വിളിക്കും. ആര്‍ക്കും പോകാന്‍ താല്പര്യമുണ്ടാവില്ല. അങ്ങനെ അമ്മയ്ക്ക് ഇടപെടേണ്ടിവരും. ഓരോരുത്തരെയായി പിടിച്ചുവലിച്ചുകൊണ്ടുവന്നു മുമ്പിലിരുത്തും. 

 

എണ്ണ വേണ്ടുവോളം തേയ്ക്കില്ല, മുടി ചീകിവയ്ക്കുന്നില്ല, ആകെ ജടപിടിച്ചിരിക്കുന്നു എന്നുതുടങ്ങിയ ശകാരങ്ങളാവും പിന്നീട്. എന്നിട്ട് അവരുടെ മുടി കഴുത്തിനു പിന്നില്‍ തോളിനു മുകളിലായി വട്ടം മുറിക്കും. മുന്‍‌വശത്താണെങ്കില്‍ നെറ്റിയുടെ മുന്നിലേയ്ക്ക് ചീകി ഒരു ലൈനിടുന്നതുപോലെ മുറിച്ച് വൃത്തിയാക്കും. തീരെ ചെറിയ കുട്ടികളായിരിക്കുമ്പോള്‍ ഒരു മൊട്ടയടി ചടങ്ങുണ്ട്. മുടി നന്നായി വളരാനാണെന്നാണു വയ്‌പ്പ്. കാറലും പിഴിച്ചിലുമായി മൊത്തം ബഹളം. അനേകം സഹായഹസ്തങ്ങള്‍ ആവശ്യമായിവരുന്ന ഒരു മുഹൂര്‍ത്തമാണത്.

 

അഞ്ച് ആണുങ്ങളും നാല്‌ പെണ്ണുങ്ങളുമായിരുന്നു വീട്ടില്‍. അവരില്‍ ചുരുങ്ങിയത് മൂന്നുപേര്‍ വീതമെങ്കിലും ഈ പ്രക്രിയയില്‍ക്കൂടി കടന്നുപോയിരുന്നു. എന്‍റെ ഓര്‍മ്മയില്‍ അയ്യപ്പനു 10 രൂപയായിരുന്നു വാര്‍ഷികവിഹിതം. ആദ്യകാലങ്ങളില്‍ കുട്ടികളും കുറവായിരുന്നല്ലോ. അതിനും പുറമേ, വീട്ടിലെ ഓരോ വിളവെടുപ്പിന്‍റേയും ഒരു ഭാഗം അയ്യപ്പനുണ്ടായിരുന്നു. തേങ്ങ, നെല്ല് അല്ലെങ്കില്‍ അരി അങ്ങനെയൊക്കെയായിരുന്നു നാട്ടുനടപ്പ്. അതിനു പ്രത്യേകമായി അങ്ങനെ കണക്കൊന്നുമില്ല. മറ്റു കാര്‍ഷികവിളകളാണെങ്കിലും ആവശ്യാനുസരണം അയ്യപ്പന്‌ എടുക്കാന്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നു.

 

രാമനിലേയ്ക്ക് തിരിച്ചുവരാം. മുടി വെട്ടാറാകുമ്പോള്‍, രാമന്‍ കവലയ്ക്ക് ചായകുടിക്കാനിറങ്ങുന്ന നേരം നോക്കി വഴിയരികില്‍ കാത്തുനില്‍ക്കും. രാമനും അച്ഛനെപോലെ നല്ല പൊക്കമുണ്ട്. കണ്ടാല്‍ ഒരു മുടിവെട്ടുകാരനാണെന്നേ പറയില്ല. എന്തെന്നാല്‍ രാമന്‍ സ്വന്തം താടി മുറിക്കാറില്ല. നല്ല സമൃദ്ധമായ താടി. എന്നെ കാണുമ്പോളേ ചിരിച്ചുകൊണ്ടു ചോദിക്കും, മുടി വെട്ടണോന്ന്‌. കോളജില്‍ പോകേണ്ട പയ്യനല്ലേ, ചായകുടി അല്‌പം താമസിച്ചാലും പ്രശ്നമല്ല എന്നും പറഞ്ഞ് അടുത്തുള്ള തേങ്ങാക്കച്ചവടക്കാരന്‍റെ പീടികയുടെ പിന്നിലേയ്ക്ക് മാറും. ഷര്‍ട്ടൂരി അവിടെയെവിടെയെങ്കിലും വച്ചിട്ട് കുത്തിയിരിക്കും. ആരെങ്കിലും കാണുന്നുണ്ടോ എന്നൊക്കെ ചുറ്റും നോക്കിയിട്ടാണ്‌ ഇരിപ്പ്. രാമന്‍ വിശേഷങ്ങളൊക്കെ ചോദിക്കും. കോളജിലെ കാര്യങ്ങളൊക്കെ അന്വേഷിക്കും. ഞാനാണെങ്കില്‍ കുറെ പെരുപ്പിച്ചൊക്കെ പറയും. ഞാന്‍ പറയുന്ന സ്റ്റൈലിലൊക്കെ വെട്ടിത്തരും.

 

ഇങ്ങനെ വീടുകളില്‍‌പ്പോയി വെട്ടുന്നത് നിറുത്തണമെന്നും സ്വന്തമായി  ഒരു കടയിട്ടുകൂടേ എന്നുമൊക്കെ ഞാന്‍ ചോദിക്കും. രാമന്‍ പറയും: അതൊന്നും അച്ഛന്‌ ഇഷ്ടമാവില്ല. പഴയകുടുംബങ്ങളില്‍ മാത്രം പോയി മുടിവെട്ടുന്നതില്‍ അഭിമാനം കൊണ്ടിരുന്നു, അയ്യപ്പന്‍. ഒരുപക്ഷേ കടയുണ്ടായിരുന്നെങ്കില്‍ നല്ല പണമുണ്ടാക്കാമായിരുന്നു ആ കുടുംബത്തിന്‌.

 

‘‘കടയിട്ടാല്‍ കസേരയില്‍ ആര്‍ക്കും കയറിവന്നിരിക്കാം, നമ്മള്‍ മുടിവെട്ടിക്കൊടുക്കുകയും ക്ഷൗരം ചെയ്യേണ്ടിയും വരും'’’, രാമന്‍ പറഞ്ഞു. അയ്യപ്പന്‍റെയും ഭയം അതായിരുന്നു. കുലത്തൊഴിലിലെ ബ്രാഹ്മണ്യം - ഞാനോര്‍ത്തു. പണം കിട്ടുമെന്നുണ്ടെങ്കിലും അവര്‍ ചില വിഭാഗം മനുഷ്യര്‍ക്കു വേണ്ടി ഈ തൊഴില്‍ ചെയ്യാറില്ല. കുടുംബപാരമ്പര്യത്തിന്‍റെ ‘മഹിമ’ കളഞ്ഞുകുളിക്കരുതെന്ന് അവര്‍ക്കെല്ലാമുണ്ടായിരുന്നു. 

 

ഒരു മുടിവെട്ടല്‍കര്‍മ്മത്തിനിടയില്‍, എന്‍റെ മുടി കൊഴിയുന്നുണ്ടെന്ന് രാമന്‍ കണ്ടുപിടിച്ചു. പ്രതിവിധിയും അദ്ദേഹം തന്നെ തീരുമാനിച്ചു. ഏതൊക്കെയോ പച്ചമരുന്നുകള്‍ ചേര്‍ത്ത് എണ്ണ കാച്ചി, ഒരു കുപ്പിയിലാക്കി എനിക്കെത്തിച്ചു. ഞാന്‍ ദില്ലിയിലേയ്ക്ക് പോകുന്നു എന്നറിഞ്ഞ് എണ്ണക്കുപ്പിയുമായി വീണ്ടും വന്നു.

 

രാമനും പോയിരിക്കുന്നു. അച്ഛന്‍ അയ്യപ്പനെപ്പോലെ തന്‍റേതായ ഒരു ലോകവും കൊണ്ടാണ്‌ പോയിരിക്കുന്നത്. ഇടയ്ക്ക് നാട്ടില്‍ പോകാറുള്ളപ്പോള്‍ രാമനെക്കുറിച്ച് അന്വേഷിക്കാതിരുന്നത് ഒരു കുറ്റബോധമായി മനസ്സില്‍ ബാക്കികിടക്കുന്നു. പഴയ തേങ്ങാക്കട കടന്നുപോകുമ്പോള്‍ എപ്പോഴെങ്കിലുമൊക്കെ രാമന്‍ എന്നെയും ഓര്‍ത്തിട്ടുണ്ടാവില്ലേ?

 

English Summary: Memoir written by Xavier Mathew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com