‘ഒരു പാവം പെണ്ണിനെ പിച്ചി ചീന്തിയില്ലെ? എന്നിട്ട് അവളുടെ ആത്മാവിനെയെങ്കിലും വെറുതെ വിട്ടോ?’

ghost
പ്രതീകാത്മക ചിത്രം. Photocredit : Annette Shaff / Shutterstock
SHARE

കള്ളിയം കാട്ട് നീലി (കഥ)

നേരം സന്ധ്യ കഴിഞ്ഞു. ചാറ്റൽ മഴ തോർന്നു തുടങ്ങി ഇളം തണുത്ത കാറ്റ് നനഞ്ഞ ദേഹത്തെ വീണ്ടും കുളിരുകോരിച്ചു കടന്നു പോയ്ക്കൊണ്ടിരിക്കുന്നു. പാറ കെട്ടുകളിലേക്ക് വെള്ളം കുത്തിയൊഴുകുന്ന കാതടപ്പിക്കുന്ന ശബ്ദം. അത് താണ്ടികഴിഞ്ഞാൽ ഇരുവശത്തും ഇടതൂർന്ന കള്ളിയംകാട്. അയാൾ മെഴുകുതിരി വെട്ടത്തിൽ മൂളിപ്പാട്ടും പാടി നടന്നു. 

മണ്ണട്ടയുടെയും ചീവിടുകളുടെയും ശബ്ദം ഇരുട്ടിൽ ഓളം തീർത്തു.

കയ്യിലെ വെട്ടം മങ്ങി ... മുന്നിലെ ഇരുട്ട് കണ്ണിലേക്കു കയറിത്തുടങ്ങി. പതിവ് വഴി അയാൾക്ക് നന്നായി അറിയാം. കുറച്ചു ദൂരം കഴിഞ്ഞാൽ കാവാണ്. പഴയ ഏതോ അമ്പലം തകർന്ന സ്ഥലം ചില പ്രതിഷ്ടകളുടെ ഓർമ്മകൾ പേറി കുറച്ചു കല്ലുകൾ ചിതറി കിടക്കുന്നു. പേടിപ്പെടുത്തുന്ന പല അപസർപ്പക കഥകളും ഓർമ്മകളിലേക്ക് തികട്ടി വരുമ്പോളൊക്കെ കിതപ്പ് കൂടി ഹൃദയമിടിപ്പിന്റെ പെരുമ്പറ കാതിൽ വന്നടിക്കും. പക്ഷേ അയാൾക്ക് അത് പേടിയല്ല ഒരു ലഹരിപോലെ നുരഞ്ഞു പൊന്തും.  

കാവിനു മുൻപിൽ എത്തിയാൽ അയാൾക്ക് വശ്യമായ ഒരു മത്ത് മൂർത്ത ഭാവത്തിൽ ശരീരത്തിൽ ഇരച്ചു കയറും. പിന്നെ ആവേശത്തോടെ കാവിലേക്ക് ഓടി കയറും... ഹൃദയത്തിന്റ ഉള്ളിൽ നിന്നും ഒരു വിളിയാണ്……

“എടിയേ ..... നീലി പ്പെണ്ണേ .....” ഞാൻ അൽപ്പം വൈകി…… ചേട്ടന് കുറച്ചു പണിയുണ്ടായിരുന്നു അതാ രണ്ടീസം കാണാഞ്ഞെ. 

പാലപ്പൂവിന്റെ സുഗന്ധം ആഞ്ഞു ശ്വസിച്ചു. കണ്ണുമടച്ച് തല മുകളിലേക്ക് ഉയർത്തി അങ്ങനെ കുറച്ചു സമയം നിന്നു. കാഞ്ഞിര മരത്തിൽ നിന്നും ഊർന്നിറങ്ങുന്ന പത്തി വിടർത്തിയ സർപ്പം കണക്കെ കാട്ടു വള്ളികൾ ഭൂമിയെ തൊടാൻ വെമ്പി നിൽക്കുന്നു. വള്ളിയിലകൾ ഇടതടവില്ലാതെ ഭൂമിയെ മഴവെള്ളത്താൽ ധാര കോരിത്തണുപ്പിക്കുന്നു.

അതിലെവിടെയോ അവൾ നീലി ... ഒളിച്ചിരിപ്പുണ്ട് തന്നെ പറ്റിക്കാൻ ... അതാ അവൾ ഒന്നും മിണ്ടാത്തെ. 

“മതിയാക്ക് പെണ്ണെ നിന്റെ ഒളിച്ചു കളി ... ചേട്ടനൊന്ന് കാണട്ടെ….”

അവൾ പലപ്പോഴും അങ്ങനാണ് ഇടയ്ക്കു പാറക്കെട്ടിൽ നിന്നും ഇടിമിന്നൽ പോലെ പൊട്ടി മുളയ്ക്കും. അല്ലെങ്കിൽ രാക്ഷസ മരങ്ങളിൽ നിന്നും പുകയായ് ഒഴുകി വരും. അതുമല്ലെങ്കിൽ കള്ളിയമാറ്റിൽ നിന്നും ഉയർന്നു വരും.

കാഞ്ഞിര ചോട്ടിൽ അവൾ ഇരിക്കുന്നത് പിന്നീടാണ് അയാളുടെ കണ്ണിൽ പെട്ടത്….

എന്താ പെണ്ണെ നിനക്ക് പറ്റിയത്... ആരെയും പേടിപ്പെടുത്താൻ, രക്തമൂറ്റികുടിക്കാൻ കെൽപ്പുള്ള നീ... വെറും പെണ്ണിനെപ്പോലെ കണ്ണ് നിറയുന്നോ?

“വെറും പെണ്ണ്…….!!? ഞങ്ങൾക്ക് ഒരു ഹൃദയമുണ്ട് ....സ്വപ്നങ്ങളും അത്  പിച്ചി ചീന്താൻ മറ്റുള്ളവർക്ക് എന്തവകാശം…?

നീ മരിച്ചിട്ട് പത്ത് വര്‍ഷം കഴിഞ്ഞില്ലേ .... നിന്നെ ഇല്ലായ്മ ചെയ്തവർ ഇപ്പോഴും ജയിലിൽ ശിക്ഷ അനുഭവിക്കുന്നു. എന്നിട്ടും നിന്റെ വിഷമം മാറിയില്ലേ. 

എന്ത് കാര്യം ... ഞാൻ ഇന്നും മരിച്ചു കൊണ്ടിരിക്കുന്നു!

ഗോതമ്പു മണികൾ വിളയുന്ന പാടത്തു ഒരു ഗ്രാമത്തിന്റെ വിശുദ്ധിയും പേറി തന്റെ സ്വപ്നങ്ങളിൽ സന്തോഷത്തോടെ ജീവിച്ച ഒരു പാവം പെണ്ണിനെ... നാല് ഇരുകാലി മൃഗങ്ങൾ പിച്ചി ചീന്തിയില്ലെ. പിന്നീടവളുടെ ആത്മാവിനെപ്പോലും വെറുതെ വിട്ടില്ല ......നിങ്ങൾ കരുതുന്ന ഒരു പെണ്ണിന്റെ വില ...മഹത്വം….. ഇതാണോ ...?

ചേട്ടനൊരു കാര്യമറിയാമോ ... മോക്ഷം കിട്ടി നിത്യതയിലേക്ക് മടങ്ങാൻ കിട്ടിയ അവസരം ഞാൻ ഉപയോഗിച്ചില്ല. കാരണം. ഈ സുന്ദരമായ ഭൂമിയിൽ ജീവിച്ചു കൊതി തീർന്നില്ല. എന്റെ അമ്മ അച്ഛൻ സുഹൃത്തുക്കൾ... എന്ത് മനോഹരമായിരുന്നു. എന്തിനാണ് മനുഷ്യർ എന്റെ ഏടുകൾ പിച്ചി ചീന്തിയത് .... അവർ നേടിയതെന്ത്.....

ഇന്ന് ഈ ഭൂമിയിലെ എന്റെ അവസാന ദിവസമാണ്! അവളുടെ കണ്ണുകൾ നിറഞ്ഞു.

പെണ്ണെ നീയെന്തായീ പറയുന്നേ... പിന്നെ ഈ ഭ്രാന്തൻ ആരോട് മിണ്ടിയും പറഞ്ഞും ഇരിക്കും... നീയും പോയാൽ... ഞാൻ ...! അയാൾ തരിച്ചു നിന്നു…..

ചേട്ടാ ഞാനൊരു പുണ്യകർമ്മം ചെയ്യാൻ പറഞ്ഞാൽ അനുസരിക്കുമോ ....

“നൂറുവട്ടം ...”

ഞാൻ ചേട്ടനിലേക്ക് പരകായ പ്രവേശം ചെയ്‌താൽ പിന്നീടൊരു തിരിച്ചു വരവ് എനിക്ക് സാധ്യമല്ല... അതുപോലെ ചേട്ടനും. 

ഞാൻ ചേട്ടനിലേക്ക് പരകായ പ്രവേശം ചെയ്‌താൽ പിന്നീടൊരു തിരിച്ചു വരവ് എനിക്ക് സാധ്യമല്ല... അതുപോലെ ചേട്ടനും. നേരം പുലരുന്നത് വരെ ചേട്ടൻ സർവ്വ ശക്തനായി അമാനുഷ്യതയിലേക്ക് ഉയരും.

ഞാൻ എന്താണ് ചെയ്യേണ്ടത്. വേഗം പറ… അയാളുടെ മുഖത്ത് ആവേശം തിരതല്ലി ...

ഞാൻ ചേട്ടനിൽ പ്രവേശിച്ചാൽ ഒട്ടും വൈകരുത് ഗോതമ്പ് പാടത്തേക്ക് കുതിക്കുക. അവിടെ കത്തിയെരിഞ്ഞ ചാരം വാരിയെടുക്കുക. അപ്പോൾ തെളിയുന്ന മുഖങ്ങൾ നാളത്തെ സൂര്യോദയം കാണരുത്. തുടർന്ന് നിങ്ങൾക്ക് മോക്ഷം കിട്ടി നിത്യതയിലേക്ക് മടങ്ങാം.

തണുത്ത കാറ്റ് അതിശക്തമായി വീശി... ആകാശത്തു മിന്നൽ ചാലുകൾ വെട്ടി. കോരി ചൊരിയുന്ന മഴ. താഴെ  ഒന്നും ചെയ്യാൻ കഴിയാതെ കല്ലുകളിൽ തളച്ചിടപ്പെട്ട  ദൈവങ്ങൾ നിസ്സഹരായ് നിന്നു.

English Summary: Kalliyamkattu Neeli, Malayalam Short Story 

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;