ADVERTISEMENT

ബിറ്റ് ദി ഗിവർ ക്രെഡിറ്റ് ദി റിസീവർ (കഥ)

രാവിലെ തന്നെ പെൻഷൻ ടെല്ലർ കൗണ്ടറിൽ ആണ് ഡ്യൂട്ടിയെങ്കിലും തെല്ലു മയക്കത്തിൽ ആയിരുന്നു. കോവിഡ് കാരണം ഇപ്പൊ കാര്യമായി ആരും നേരിട്ട് ട്രെഷറിയിൽ വരുന്നില്ലല്ലോ. അമ്മയുടെ നെഞ്ചു വേദന കാരണം പാതിരാത്രിക്ക് മെഡിക്കൽ കോളജിന്റെ വരാന്തയിൽ ഇരുന്നുറങ്ങേണ്ടി വന്നതിന്റെ ബാക്കിപത്രം. അല്ലെങ്കിലും ആൻജിയോ പ്ലാസ്‌റ്റി കഴിഞ്ഞപ്പോഴേ ഡോക്ടർ പറഞ്ഞിരുന്നു ചെറിയ ഒരു ബ്ലോക്ക് കൂടി ഉണ്ടെന്ന്. എഫ് ഡി സെക്ഷനിലെ പുതിയതായി ജോയിൻ ചെയ്ത പയ്യന്റെ സെക്ഷനിൽ നിന്നും ഉച്ചത്തിൽ ഉള്ള ശബ്ദം മയക്കത്തിന് വിഘ്‌നം ആയി. തല ഉയർത്തി നോക്കിയപ്പോ വയസ്സായ കാർന്നോരുമായി പയ്യൻ ഒന്ന് കൊമ്പു കോർത്തതാ. അല്ലെങ്കിലും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് അവന് ഇത്തിരി ക്ഷമ കുറവാണ്. എന്തായാലും എഴുന്നേറ്റു ചെന്നു. കാര്യം തിരക്കി. “എഫ് ഡി ക്ലോസ് ചെയ്യാൻ വന്നതാ ചേച്ചി, സെർവർ ഡൗൺ ആയ കാരണം ചെയ്യാൻ പറ്റുന്നില്ല” അവൻ പറഞ്ഞു. കാർന്നോരും ഒട്ടും മോശം ഇല്ല.

 

പാസ് ബുക്ക് വാങ്ങി ഞാൻ ശരിയാക്കാം എന്ന് പറഞ്ഞു സീറ്റിൽ ഇരുന്നു. പാസ് ബുക്ക് തുറന്നു അഡ്രസ് വായിച്ചപ്പോ ചങ്ക് ഒന്ന് പിടഞ്ഞു. ദേവസ്സി സാർ നാട്ടിലെ പഴയ ഡെപ്യൂട്ടി തഹസിൽദാർ. വട്ടപേര് പറഞ്ഞാൽ ‘‘ദേവസ്സി മാപ്ല.’’ ആ മുഖത്തേക്ക് ഞാൻ ഒന്ന് പാളി നോക്കി. മാസ്ക് കാരണം സത്യത്തിൽ നേരത്തെ ആളെ മനസ്സിലായില്ല. മൂപ്പർക്കും എന്നെ മനസ്സിലായിട്ടില്ല. ഒരു നിമിഷം സ്ഥലകാല ബോധം വീണ്ടെടുത്ത് ഞാൻ പറഞ്ഞു സാർ ഇരിക്കണം നമുക്ക് ശരിയാക്കാം. അപ്പോഴും പുള്ളി വിടാൻ ഉദ്ദേശ്യം ഇല്ല. മൂപ്പര് വരാന്തയിലേക്ക് ചൂണ്ടി കാട്ടി പറഞ്ഞു ‘‘എന്റെ ഭാര്യയെയും കൂട്ടി ഞാൻ ഒരു മണിക്കൂർ ആയി ആയി ഇവിടെ വന്നിട്ട്. പറ്റില്ല ഇപ്പൊ ശരിയാക്കണം അവളെ ഡോക്ടറെ കാണിക്കാൻ പോകേണ്ടതാ.” 

 

അപ്പോളാണ് വരാന്തയിൽ കസേരയിൽ ചാരി ഇരുന്ന് ഉറങ്ങുന്ന അന്നമ്മ ടീച്ചറെ ഞാൻ കണ്ടത്. ടീച്ചർ സർക്കാർ സ്കൂളിൽ പഠിപ്പിച്ചത് കൊണ്ടും ഞാൻ ചേലക്കര കോൺവെന്റ് സ്കൂളിൽ പഠിച്ചത് കൊണ്ടും ടീച്ചറുടെ ഉപദേശം കേൾക്കേണ്ടി വന്നിട്ടില്ല. നന്നേ കണിശക്കാരി ആയിരുന്ന കണക്കു ടീച്ചർ ആയിരുന്നു അന്നമ്മ ടീച്ചർ. പക്ഷേ എന്നിട്ടും സെബി കാരണം... അതെ സെബി കാരണം മാത്രം ഞാൻ ടീച്ചറുടെ വഴക്കും, ഉപദേശവും കേൾക്കേണ്ടി വന്നു. അല്ല ഞാനും കുറ്റക്കാരി ആണ്.. അർഹിക്കാത്തതു  ആഗ്രഹിക്കാൻ പാടില്ലാലോ. വടക്കാഞ്ചേരി പാരലൽ കോളജിലെ പഴയ ബികോം ക്ലാസ്സായി മാറി എന്റെ മനസ്സ്. സെബി പഴയ എം കോം കാരനായും (ലാലേട്ടൻ പറഞ്ഞ പോലെ എന്തോ വ്യാസ കോളേജിൽ ഡിഗ്രിക്കു പഠിച്ച  മൂപ്പർക്ക് ബികോം നു ഫസ്റ്റ് ക്ലാസ്സ് കിട്ടിയില്ല. അതാവും ഈ മണ്ടി പഠിക്കാൻ വന്ന പാരലലിൽ തന്നെ വന്നു പെട്ടത്).

              

എന്തായിരുന്നു സെബിയെ എന്നിലേക്ക്‌ അടുപ്പിച്ചത്. അടുത്തുള്ള പഞ്ചായത്തിലെ താമസക്കാരായിരുന്നത് കൊണ്ട് എന്നും ബസിൽ കണ്ടത് കൊണ്ടോ. അതോ ചേലുള്ള ചേലക്കരയിൽ നിന്നും വരുന്ന  അത്രയൊന്നും ചേലില്ലാത്ത മഞ്ജുവിനോട് പ്രണയം തോന്നാൻ മാത്രം എന്താ ഉള്ളത്. ചിന്താപരമായി ഞാൻ പഴയ മോഹൻലാൽ സിനിമകളിലെ ആരാധികയായിരുന്നു. ഒന്ന് കൂടി വ്യക്തമായി പറഞ്ഞാൽ കഥാപാത്രങ്ങളോടും തമാശകളോടും അതിലെ ഗ്രാമ അന്തരീക്ഷങ്ങളോടും. എന്നും അത്തരം സിനിമകളിലെ സ്ഥലങ്ങളിലേക്കു യാത്ര പോകണം എന്നായിരുന്നല്ലോ എന്റെ സ്വപനത്തിലെ ഹോബി. സെബിയാകട്ടെ പഴയ വേണുനാഗവള്ളി ഫാനും. എന്തിനു പറയണം എല്ലാവരും പ്രണയ ലേഖനം എഴുതിയപ്പോ മൂപ്പര് എഴുതിയത് ‘‘അനുരാഗിണി ഇതാ എൻ കരളിൽ പൊലിഞ്ഞ പൂക്കൾ’’ എന്നല്ലേ.  എപ്പോഴും സിനിമ ലോകത്തെ കഥാപാത്രങ്ങളുടെ ലോകത്തു ആയിരുന്ന ഞാൻ സ്വപനം കണ്ടിരുന്നത് എന്നെ കല്യാണം കഴിച്ചു അയക്കുന്ന വീട്ടിൽ നെടുമുടി വേണുവിനെ പോലെ ഉള്ള അമ്മായി അച്ഛനും കവിയൂർ പൊന്നമ്മയെ പോലുള്ള അമ്മായി അമ്മയും വേണം എന്നായിരുന്നു. സെബിയുമായി പ്രണയത്തിൽ ആയപ്പോൾ ആണ് മനസ്സിലായത് ഞാൻ എത്തിപ്പെടാൻ പോകുന്നത് കീരിക്കാടൻ ജോസിന്റെയും ഫിലോമിന ചേച്ചിയുടെയും വീട്ടിലേക്കാണ് എന്ന്. അതും പറഞ്ഞു സെബി എന്നെ എപ്പോഴും  കളിയാക്കുമായിരുന്നു. മൂപ്പര് എപ്പോഴും പറയുമായിരുന്നു ‘‘നിന്നെ ഞാൻ സ്വപനലോകത്തെ യാത്രകളിൽ നിന്നും ഇറക്കും എന്ന്.’’ 

 

പകൽ വീട് തോറും ട്യൂഷൻ എടുത്തു കിട്ടിയതും, സ്പിന്നിങ് മില്ലിലെ രാത്രി ഷിഫ്റ്റ് ചെയ്തു കിട്ടിയതും കൂടി കൂട്ടി വച്ച് സ്കൂട്ടർ വാങ്ങിയപ്പോളും ഞാൻ ആദ്യ യാത്ര പോയത് ദേവാസുരം സിനിയിലെ ഏഴിലക്കര ശിവ ക്ഷേത്രം അന്വേഷിച്ചാണല്ലോ. അതും ജീവിതത്തിൽ ആദ്യമായി ജില്ല വിട്ടു പാലക്കാട്ടേക്ക്... ജില്ല പോയിട്ടു താലൂക്ക് വിട്ടു പോലും പോകാൻ അച്ഛനുള്ളപ്പോൾ സമ്മതിച്ചിട്ടില്ല. പെങ്കുട്യോള് ദൂരേക്ക്‌ പോയാൽ ചീത്തയായി പോകും എന്നായിരുന്നു അച്ഛന്റെ പക്ഷം. ചങ്കരന് ഒത്ത ചക്കിയായി അമ്മയും. രാഷ്ട്രീയ പ്രവർത്തനം തലക്ക് പിടിച്ച അച്ഛന് പാർട്ടി വിട്ടു ഒരു കളിയുണ്ടായിരുന്നില്ല.

 

സ്വന്തം ആയുണ്ടായിരുന്ന പലചരക്കു കട പോലും ഞാൻ പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ ബന്ധുക്കൾ ശത്രുക്കൾ പറ്റിച്ചു കൊണ്ട് പോയി. അച്ഛന് അൽഷിമേഴ്‌സ് വന്നാൽ പിന്നെ ആരൊക്കെ പറ്റിക്കും പറ്റിക്കില്ല എന്നൊന്നും വകതിരിവില്ലാലോ. അഞ്ജുവിനെയും മഞ്ജുവിനെയും ഒരുമിച്ചു കുഞ്ചു എന്ന് വിളിച്ചാൽ വരണമെന്നായിരുന്നു അച്ഛന്റെ കൽപന. കല്യാണം കഴിഞ്ഞു രണ്ടു കുഞ്ഞുങ്ങൾ ആയതോടെ ചേച്ചിയുടെ വരവ് താരതമ്യേന കുറഞ്ഞു... അല്ല അവളെ പറഞ്ഞിട്ടും കാര്യം ഇല്ല, അവിടുത്തെ അമ്മയുടെ കാൻസർ ആ കുടുംബത്തെയും തളർത്തിയല്ലോ. ഇവിടെ വന്നിട്ടും എന്തിനാ, തിരിച്ചു പോകുമ്പോ കൊടുക്കാനും ഒന്നൂല്യ. ബുദ്ധിമുട്ടു മനസ്സിലാക്കി അവളും വരവ് കുറച്ചു. ഇടക്കൊക്കെ തെക്കേലെ സിസിലി ചേച്ചിയുടെ വീട്ടിലെ ഫോണിലേക്കു വിളിക്കും. അൽഷിമേഴ്‌സ് അച്ഛന്റെ ഓർമകളെ പാടേ തകർത്തു കളഞ്ഞു. 

 

അമ്മയെയും ചേച്ചിയെയും പോലും തിരിച്ചറിഞ്ഞിരുന്നില്ല. എന്നാലും സ്പിന്നിങ് മില്ലിലെ ജോലി കഴിഞ്ഞു രാവിലെ വന്നാൽ അച്ഛന് മുത്തം കൊടുക്കാതെ ഞാൻ ട്യൂഷൻ എടുക്കാൻ പോകാറില്ലലോ. എന്തോ അത് മാത്രം ആയിരുന്നു ഞാൻ മകൾ ആയിരുന്നു എന്ന് മൂപ്പര് തിരിച്ചറിയാൻ കാരണം ആയിരുന്നത്. 

 

പെട്ടന്നാണ് ദേവസ്സി സാറിന്റെ ഘന ഗംഭീര ശബ്ദം കേട്ടത്. ‘‘എന്തായി കുട്ടി’’. ഒന്ന് ഞെട്ടിയെങ്കിലും പരിസരബോധം വീണ്ടെടുത്ത് ഞാൻ പറഞ്ഞു ‘‘സാർ ദിപ്പോ ശരിയാക്കാം.’’ മൂപ്പര് വിടാൻ ഉദ്ദേശ്യം ഇല്ല ‘‘പറഞ്ഞാ പോരാ. ദാ അന്നമ്മയെ കണ്ടോ തളർന്ന് ഉറങ്ങി പാവം.’’ എന്തോ ഭാഗ്യത്തിന് സെർവർ ശരിയായി. പെട്ടന്ന് എഫ് ഡി ക്ലോസ് ചെയ്തു വേഗത്തിൽ ടെല്ലർ കൗണ്ടറിൽ എത്തി ക്യാഷ് കൊടുത്തു. എന്നിട്ടു ദേവസ്സി സാറിനൊപ്പം ഞാൻ അന്നമ്മ ടീച്ചറുടെ അടുത്തേക്ക് പോയി. ഞങ്ങളുടെ നാട്ടിലെ പേര് കേട്ട സ്ഥലം അളക്കുന്ന വ്യക്തി കൂടിയായിരുന്നു ദേവസ്സി മാപ്ല. ഒരു ഒഴിവു ദിവസം പോലും മൂപ്പരെ കിട്ടണമെങ്കിൽ ഒരു മാസം മുൻപേ പറയണം. ആവശ്യത്തിന് ഭൂസ്വത്തും സർക്കാർ ജോലിയും ഉള്ള ഒരു ഉയർന്ന കുടുംബം. 

 

സെബിയുമായുള്ള അടുപ്പം അവരുടെ വീട്ടിൽ എങ്ങിനെയോ അറിഞ്ഞു സെബിയുടെ ചേച്ചിയും ഡോക്ടറും ആയ സീനയും അന്നമ്മ ടീച്ചറും അന്ന് എന്നെ കുറെയേറെ ഗുണദോഷിച്ചു... മറക്കണം എന്ന്. സെബിയെ പിന്നീട് അവരുടെ ഒരു ബന്ധുവഴി ഗൾഫിലേക്ക് വിട്ടു. എന്നിട്ടും കത്തുകളിലൂടെയും കൂട്ടുകാരിയുടെ വീട്ടിലേക്കുള്ള എസ് ടി ഡി കോളുകളിലൂടെയും ഞങ്ങൾ പ്രണയം തുടർന്നു. പിന്നെ എപ്പോഴോ വിളികൾ, കത്തുകൾ ഒക്കെ കുറഞ്ഞു തുടങ്ങി. സെബി ജീവിതത്തിലും നല്ല ഒരു അക്കൗണ്ടന്റ് ആയി മാറി. അല്ലെങ്കിലും ലാഭങ്ങളും നഷ്ടങ്ങളും കൂട്ടി ബാലൻസ് ഷീറ്റ് ടാലി ആക്കുന്ന ആളാണല്ലോ നല്ലൊരു അക്കൗണ്ടന്റ്. അച്ഛന്റെ മരണവും എന്നെ ആകെ തളർത്തി. പിന്നെ അന്നമ്മ ടീച്ചറുടെ ശാപം കൂടി ഞാൻ വാങ്ങേണ്ടെന്നു കരുതി. സെബിയെ ഞാൻ അവർക്കു വിട്ടു കൊടുത്തു. ഓർക്കുമ്പോൾ സങ്കടം അടക്കാൻ പറ്റുന്നില്ല. പിന്നെ അങ്ങനെ എല്ലാം നേടി ജീവിക്കാൻ ഞാൻ “വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ഭാവനയൊന്നും” അല്ലാലോ. 

 

മഹാഭാരതത്തിലെ പഴയ ഒരു കണ്ണാടി ഇല്ലേ ഛായാമുഖി. നമ്മൾ നോക്കിയാൽ നമ്മളെ കാണില്ല പക്ഷേ നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവരെ കാണും. ഹിഡുംബി അതിൽ നോക്കിയപ്പോ കണ്ടത് ഭീമനെ. ഹിഡുംബി അത് ഭീമന് കൊടുത്തു. ഭീമൻ നോക്കിയപ്പോളോ ദ്രൗപദിയെ. പിന്നെ ഭീമൻ അത് ദ്രൗപതിക്കു കൊടുത്തു. ദ്രൗപതി നോക്കിയപ്പോ അതിൽ അർജ്ജുനൻ. എന്താലേ?.... അത് പോലെ ആ കണ്ണാടി ഹിഡുംബിയായ ഞാൻ ഭീമനായ സെബിക്ക് കൊടുത്തത് പോലെ ആയി പിന്നീടങ്ങോട്ട് ജീവിതം. എന്ന് വച്ച് എന്റെ ജീവിതത്തിൽ പിന്നെ മറ്റൊരു ഭീമനും അർജുനനും വന്നില്ലാട്ടോ. ഒരു കാലഘട്ടത്തിൽ കണ്ണാടിയിൽ ഞാൻ  നോക്കിയപ്പോ സെബിയും സെബി നോക്കിയപ്പോ ഞാനും ആയിരുന്നു. പിന്നെപ്പോഴോ സെബി നോക്കിയപ്പോ എന്നെ മാത്രം കണ്ടില്ല.

 

പൂത്തില്ലേലും കായ്ച്ചില്ലേലും നാമ്പിട്ടതൊന്നും കരിഞ്ഞില്ലെൻ മനസ്സിൽ

 

എങ്കിലും സാരി തലപ്പ് കൊണ്ട് ഞാൻ കണ്ണീർ തുടച്ചു. എന്നെ കണ്ടപ്പോ അവർക്കു മനസ്സിലായൊന്നുമില്ല. ഞാൻ പഴയ കാര്യങ്ങളും പേരും ചിരിച്ചു കൊണ്ട് പറഞ്ഞപ്പോ അവർ ഞെട്ടിപ്പോയി. മാസ്ക് ഊരി മാറ്റി അവരെ ഞാൻ ഒരു ചായ കുടിക്കാൻ ക്യാന്റീനിലേക്കു ക്ഷണിച്ചു. അവർക്ക് അത്ഭുതമായി, സന്തോഷത്തോടെ അവർ വന്നു. താലി ഉണ്ടോന്ന് നോക്കിയില്ല എന്ന് തോന്നുന്നു. അന്നമ്മ ടീച്ചർ എന്റെ കയ്യിൽ പിടിച്ചു ചോദിച്ചു ഭർത്താവ് എന്ത് ചെയ്യുന്നു. എത്ര കുട്ടികളാ എന്നൊക്കെ. ഞാൻ വിഷമം പുറത്തു കാണിക്കാതെ പഴയ നെടുമുടി വേണു – കവിയൂർ പൊന്നമ്മ ഡയലോഗ് വച്ച് കാച്ചി. ഗൗരവക്കാരനായ ദേവസ്സി സാറും ടീച്ചറും ചിരിച്ചു മണ്ണ് കപ്പി. സെബി ഇപ്പൊ ഗൾഫിലെ ഒരു കമ്പനിയിലെ ചീഫ് അക്കൗണ്ട്സ് മാനേജർ ആണത്ര.. 

 

ഭാര്യയും രണ്ട് ആൺമക്കളുമായി സന്തോഷത്തോടെ ജീവിക്കുന്നു. അങ്ങനെ വിശേഷങ്ങളൊക്കെ പറഞ്ഞ് അവർ പോയി.. ഒരിക്കലും കാണില്ല എന്ന് കരുതിയ വ്യക്തികൾ... അല്ലെങ്കിലും കാലം ഇങ്ങനെ ചില സർപ്രൈസുകൾ കാത്തു വച്ചിട്ടുണ്ടാകും. ഫോണിൽ ഉത്രാളിക്കാവമ്മയുടെ പാട്ട് .... ‘അമ്മ വിളിക്കുമ്പോ ഉള്ള റിങ്ടോൺ ആണ്.’ അഞ്ജു വിളിച്ചിരുന്നു. ഗോപേട്ടന്റെ കടേല്  ഇപ്പൊ വലിയ കച്ചോടം ഒന്നും ഇല്ലാത്രേ.കാശു വല്ലതും ഉണ്ടോ നിന്റെല്., കുട്ടിയോൾക്കു ഓൺലൈൻ ക്ലാസിനു ഫോൺ വാങ്ങാനാത്രേ. എന്റെ മരുന്നിനു തന്നെ ഒരുപാടു കാശാവുന്നറിയാം. എന്നാലും കുട്ട്യേ ഒന്നു നോക്കു”. 

നോക്കട്ടെ അമ്മെ ഈ മാസം മുതല് ശമ്പളം പിടിക്കില്ല്യാന്നു സർക്കാർ പറഞ്ഞിട്ടുണ്ട് നമുക്ക് വഴിയുണ്ടാക്കാം. അതെ പഴയ അക്കൗണ്ടൻസി സാർ നാരായണൻ മാഷുടെ ശബ്ദം ഓർമ വന്നു ‘‘ഡെബിറ്റ് ദി ഗിവർ ക്രെഡിറ്റ് ദി റീസിവർ.’’ ഒരു തരത്തിൽ നമ്മളും ക്രെഡിറ്റർ അല്ലേ ദൈവത്തിന്റെ, മാതാപിതാക്കളുടെ, അധ്യാപകരുടെ, സുഹൃത്തുക്കളുടെ ഒക്കെ നന്മകൾക്ക് മുൻപിൽ.... അതെ ‘ഡെബിറ്റ് ദി ഗിവർ ക്രെഡിറ്റ് ദി റീസിവർ’ 

 

English Summary: Debit the receiver credit the giver, Malayalam short story by Shajan TK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com