ഓൺലൈൻ പ്രണയങ്ങൾക്കു പിന്നിൽ മറഞ്ഞിരിക്കുന്ന ചതിക്കുഴികൾ...

chating
പ്രതീകാത്മക ചിത്രം. Photocredit : AngieYeoh / Shutterstock
SHARE

ഫെയ്സ്ബുക്കിലെ മാംസനിബദ്ധ പ്രണയം (കഥ)

പ്രതീക്ഷിച്ച പോലെയുള്ള ജോലി ആദ്യമേ കിട്ടിയ സന്തോഷത്തിലായിരുന്നു ഹിമ. എന്നാലും ഉള്ളിലിത്തിരി സങ്കടം തോന്നണ്‌ണ്ട്. കൂട്ടുകാരെല്ലാം എൻജിനീയറിങ് കഴിഞ്ഞ് ജോലി അന്വേഷിച്ച് തുടങ്ങിയിട്ടില്ല. കുറച്ച് ദിവസം വീട്ടിൽ ഇരുന്ന് അമ്മ ഉണ്ടാക്കുന്ന ഭക്ഷണം ഒക്കെ കഴിച്ച് ടി വി യും സിനിമയും കണ്ട് ബന്ധുവീടുകളിൽ ഒരു വിസിറ്റ് ഒക്കെ കഴിഞ്ഞ് പതിയേ തുടങ്ങുന്നുള്ളു എന്നും പറഞ്ഞ് ഇരിപ്പാണ്. ചിലർക്കാണെങ്കിൽ കല്ല്യാണ ആലോചന തുടങ്ങി. ഒന്നു രണ്ടു പേരുടെ കല്ല്യാണം കഴിഞ്ഞു. ഇതിൽ എനിക്ക് മാത്രമാണ് ഇതു പോലൊരു ‘‘പണി’’ കിട്ടിയത്.

അവിടെ ഇരുന്ന് ബോറടിച്ചപ്പോൾ ദുബായ് കാണാൻ വന്നതാണ്. വല്ല്യച്ഛന്റെ മോള് ചിത്ര ഇവിടെ ഉണ്ടല്ലോ. ഒരു പത്രപരസ്യം കണ്ടു ജോലിക്ക് അപേക്ഷിച്ചു. അതു കിട്ടുകയും ചെയ്തു. വീസയും കാര്യങ്ങളും എല്ലാം ശരിയാക്കാം എന്നു പറഞ്ഞപ്പോൾ ചാടി കേറി ജോയിൻ ചെയ്യാൻ സമ്മതം അറിയിച്ചു. ദുബായിലെ വലിയൊരു ബിൽഡിംഗിലെ വലിയ ഓഫിസ് കണ്ടപ്പോൾ അറിയാതെ വീണു പോയി.

ദിനചര്യകൾ കൃത്യമായി ടൈം ടേബിൾ ആയപ്പോഴേ ‘‘എന്നാലും എന്റെ ചിത്തു, ലേശം ബുദ്ധിമുട്ട് തോന്നുന്നു ഇങ്ങനെ യന്ത്ര ജീവിതം കൊണ്ടു പോകാൻ’’

ഓ... എന്നിട്ടാണോ നീ നിന്റെ അച്ഛനോട് അബുദാബിക്കാരൻ ചെക്കനേ കെട്ടുള്ളു പറഞ്ഞത്..

‘‘അതു പിന്നേ.. ഈ പാട്ടിലൊക്കെ പറയണത് കേട്ടിട്ടുണ്ട്. അതോണ്ട് ഒരിഷ്ടം. അത്രയേ ഉള്ളു. ഇനി അമേരിക്കക്കാരൻ ആയാലും എനിക്ക് വിരോധം ഇല്ല !!! ’’

ഇതും പറഞ്ഞ് റൂമിൽ കയറി ഹിമ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. മൊബൈലിലെ ഗെയിം കളിച്ച് മടുത്തപ്പോൾ അതാ നമ്മുടെ നീല താരകം ‘‘ഫെയ്സ്ബുക്ക്’’ നോക്കി ചിരിക്കുന്നു. കുറേ മാസങ്ങളായി തുറന്നിട്ട്. ലോഗ് ഔട്ട് ചെയ്യാത്തത് ഭാഗ്യം. ഇല്ലെങ്കിൽ പാസ് വേർഡ് മറന്നെന്നും പറഞ്ഞ് സീൻ ആയേനെ.

ഏതൊക്കെയോ പോസ്റ്റുകൾ .. ആരുടെയൊക്കെയോ പോസ്റ്റുകൾ. കൂടെ പഠിച്ചവരാണെങ്കിലും ഒന്നിനെയും എനിക്കിഷ്ടമില്ല. അനാവശ്യ വർത്തമാനം പറയുന്ന ബടുക്കൂസുകൾ. സ്വയം പിറു പിറുത്തു കൊണ്ട് മെസഞ്ചർ ബട്ടനിൽ അമർത്തിയതും ഇതാ.. മെസേജുകളുടെ പൂമഴ!!

എല്ലാം തുറന്ന് വായിച്ചെങ്കിലും മറുപടി കൊടുക്കാൻ ഉദ്ദേശമില്ലെന്നും പറഞ്ഞ് മൂടി പുതച്ച് കിടന്നുറങ്ങി.

കണ്ടക ശനി അവളുടെ ജീവിതത്തിലേക്ക് വലിഞ്ഞു കയറി വന്നത് ഫെയ്സ് ബുക്കിലെ ഒരു മെസേജ് രൂപത്തിലായിരുന്നു.

അടുത്ത ദിവസം ബീപ് ശബ്ദം കേട്ടപ്പോഴാണ് മെസഞ്ചർ എടുത്ത് നോക്കിയത്. പരിചയമില്ലാത്ത ഒരാൾ പരിചയം ഉള്ള പോലെ എന്തൊക്കെയോ ചോദിക്കുന്നു.

അങ്ങനെ നേരം പോകാതെ ഇരുന്ന ഹിമ അജ്ഞാതനിലൂടെ നേരത്തെ കൊന്നു കൊണ്ടിരുന്നു.

ദിവസങ്ങൾക്കുള്ളിൽ അടുത്ത സൗഹൃദം ആയപ്പോൾ അയാളുടെ നമ്പർ അവൾക്ക് കൊടുക്കാനും മറന്നില്ല.

ദുബായ് നമ്പർ ആണെന്ന് കണ്ട് അവൾ ഞെട്ടി.

ഈശ്വരാ അപ്പോ ഈ അക്കൗണ്ടിൽ അയാൾ ദുബായ് എന്നിട്ടത് വെറുതെ അല്ലല്ലോ..

എന്തായാലും സ്ഥലം മാറ്റി പറയാൻ അവളും തീരുമാനിച്ചു.

വായിൽ വന്നത് ഖത്തർ ആയോണ്ട് അതിൽ തന്നെ ഉറപ്പിച്ചു ലേലം.

ഹിമയുടെ കല്ല്യാണം ഏതാണ്ട് ശരിയായി. ആഗ്രഹം പോലെ അബുദാബിക്കാരൻ. ഇന്ന് കാണാൻ വരുന്നുണ്ട്. ആ സന്തോഷത്തിനിടയ്ക്കാണ് ഈ മൊബൈൽ നമ്പർ വീണു കിട്ടിയത്.

നമ്പർ എന്തായാലും സേവ് ചെയ്ത് അവൾ സന്ദീപിനെ കാണാൻ മൊഞ്ചത്തിയാകാൻ അകത്തേക്ക് പോയി.

അതിനിടയിൽ സൗഹൃദവും കല്ല്യാണവും ഒരേ പോലെ ഇരുവശങ്ങളിൽ ഉറച്ചു.

പലപ്പോഴും സൗഹൃദത്തിനും അപ്പുറത്തേക്ക് അയാൾ സ്വാതന്ത്ര്യത്തോടെ കടന്നു വന്നപ്പോൾ അവളിൽ തുടക്കത്തിൽ അസ്വസ്ഥത ഉണ്ടായെങ്കിലും പതുക്കെ അവളും ആ മായിക ലോകത്തിൽ വീണു.

രാപകലില്ലാതെ അയാളുടെ പ്രണയം തുളുമ്പുന്ന മെസേജുകൾ അവളുടെ ഫെയ്സ് ബുക്കിൽ കുളിർ മഴയായി പെയ്തു കൊണ്ടിരുന്നു.

നാളുകൾ ഏറെ കഴിഞ്ഞപ്പോൾ സംസാരം രാജ്യാതിർത്തികളുടെ സാംസ്ക്കാരിക വേലിക്കെട്ടുകൾ ഭേദിച്ചു കൊണ്ട് മിസൈൽ പോലെ അവളിലേക്ക് വന്നു തുടങ്ങി. ഒപ്പം നമ്പറിനു വേണ്ടിയുള്ള നിരന്തര ആവശ്യവും.

കല്ല്യാണം ഉറപ്പിച്ച ഈ സമയത്ത് ആവശ്യമില്ലാത്ത വർത്തമാനത്തിന് പോയെന്ന് എങ്ങാനും വീട്ടിൽ അറിഞ്ഞാൽ ചിലപ്പോൾ കാല് തന്നെ തല്ലി ഓടിക്കും.

ഒരു ലോഗ് ഔട്ടിൽ അവസാനിക്കുന്ന ആ ബന്ധത്തിനെ അവൾ ലോഗ് ഔട്ട് കൊടുത്തു കൊന്നു തള്ളാൻ തീരുമാനിച്ചു.

ഇതിനിടയിൽ വിവാഹത്തിന്റെ മണികൾ അവളുടെ തലയ്ക്ക് മുകളിൽ അടിച്ചു തുടങ്ങി. ചെക്കനും പെണ്ണും നാട്ടിൽ ഇല്ലാത്ത കാരണം അവരുടെ ജോലി ഒഴിവ് നോക്കി നിശ്ചയവും കല്യാണവും അടുത്ത തീയതികളിൽ നടത്താൻ തീരുമാനിച്ചു. കാരണവന്മാർ ചേർന്ന് മറ്റു ചടങ്ങുകൾ നടത്തി.

അങ്ങനെ ഒഫീഷ്യൽ ആയി ഒരു ചെക്കനെ കിട്ടിയ സന്തോഷത്തിൽ ഇരിക്കുമ്പോഴാണ് ലോഗൗട്ട് സുഹൃത്തിനെ ഓർമ വന്നത്.

പക്ഷേ പിന്നീട് ഫെയ്സ്ബുക്ക് തുറന്ന അവൾ അയാളുടെ പ്രണയവും വിരഹവും തുളുമ്പുന്ന മെസേജുകൾ വായിച്ചത് ഹൃദയം തുറന്ന് ആയിരുന്നു. മെസെഞ്ചറിന്റെ ഇങ്ങേ അറ്റത്തുള്ള ആൾ ആരെന്ന് പോലും അയാൾക്ക് അറിയില്ലെങ്കിലും കണ്ടിട്ടില്ലെങ്കിലും പ്രണയം തുളുമ്പുന്ന കാവ്യങ്ങൾ ധാര ധാരയായി ഒഴുകി വീണു അവളിലേക്ക്.

ഒരു ഫെയ്ക്ക് അക്കൗണ്ട് അല്ല അതെന്ന് തീർത്തും അവൾ വിശ്വസിച്ചു.

ഇതുവരെയും അനുഭവിക്കാത്ത എന്തോ ഒരു തണുപ്പ് അവളിലേക്ക് ഇരച്ചു കയറുന്നത് അവൾ അറിഞ്ഞു.

മറുപടിക്ക് വേണ്ടി അയാൾ കെഞ്ചുന്നു.

അയാളിൽ ഇത്രയും പ്രണയം ജനിപ്പിക്കാൻ മാത്രം അയാളോട് ഞാൻ എന്താണ് പറഞ്ഞിട്ടുള്ളത് എന്ന് അവൾ ഓർക്കാൻ ശ്രമിച്ചു.

അടുത്ത ദിവസം നേരം വെളുക്കാൻ അക്ഷമയോടെ കാത്തിരുന്നു. പിന്നെ ഓഫീസിലേക്ക് ഒരു ഓട്ടമായിരുന്നു. ലാൻഡ് നമ്പറിൽ നിന്നും ഈ നമ്പറിലേക്ക് പലവുരു വിളിച്ചെങ്കിലും എടുത്തില്ല.

പല ദിവസങ്ങളായി അലട്ടുന്ന പ്രശ്നം അവളുടെ മുഖത്ത് കണ്ട് ചേച്ചി അടുത്തു കൂടി. എന്താടി നിന്റെ പ്രശ്നം? ഓഫീസിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ ?

‘‘എടി ചേച്ചി ... ഞാൻ നിന്നോട് ഒരു കാര്യം പറയാൻ ഇരിക്കുകയായിരുന്നു’’. എല്ലാ സംഭവവും വള്ളി പുള്ളി തെറ്റാതെ അവൾ അവതരിപ്പിച്ചു.

ഹ ഹ ..ഹ ഹ..

‘‘എന്താടി ഇത്ര അട്ടഹസിക്കാൻ ഉള്ളത് ’’

എടി ഇതെല്ലാം പറ്റിക്കലുകൾ ആണ്. ലോകം മുഴുവനും ഉള്ളതാണ്. ദുബായിൽ പിന്നെ പറയുകയും വേണ്ട.

എന്നാലും സേവ് ചെയ്ത ‘xxxxxxxx’ നമ്പർ അവളെ നോക്കി ചിരിച്ചു കൊണ്ടേ ഇരുന്നു.

അടുത്ത ദിവസം പതിവില്ലാതെ പുലർച്ചെ അഞ്ച് മണിക്ക് ചേച്ചിടെ വാതിലിലെ മുട്ടൽ കേട്ടാണ് എണീറ്റത്.

‘‘എന്താടി രാവിലെ നിനക്ക് ?’’

എനിക്ക് രാത്രി കിടന്ന് ഉറക്കം വന്നില്ല. ഇനി മേലിൽ നീ അയാളുമായി ഒരു ബന്ധത്തിനും പോകരുത്.

‘‘ശരി ചേച്ചി. ഞാൻ അക്കൗണ്ട് തന്നെ കളഞ്ഞേക്കാം’’.

അത് തന്നെയാ നല്ലത്.

എന്തായാലും നമ്പർ ഞാൻ ചേച്ചിക്ക് അയക്കാം.

ഓഫീസിൽ എത്തും മുമ്പേ ചേച്ചി ആയിരം തവണ വിളിച്ച് കാണും.

‘‘എന്റെ പൊന്നു ചേച്ചി, ആ വിഷയം വിട്ടേക്ക്. ഞാൻ ഇനി ആ വഴിക്ക് പോകുന്നില്ല പോരേ.. ’’

എന്നാലും അവിശുദ്ധമായ വിശുദ്ധ രാഗം മറുവശത്ത് ആരുമറിയാതെ ഒഴുകി കൊണ്ടിരുന്നു.

എടീ ആ നമ്പറിൽ ചെറിയ ചില സംശയങ്ങൾ ഉണ്ട്. അറിയാവുന്ന ആളാണോ സംശയം. നിന്നെ അറിഞ്ഞു കൊണ്ട് ആരോ കളിപ്പിക്കുന്നതാണ്.

ഉച്ചയ്ക്ക് ചിത്രയുടെ വാട്ട്സാപ്പിലേക്ക് ഇടിത്തീ പോലെ ആണ് ആ വാർത്ത വന്ന് വീണത്.

അതുവരെ ചന്നംപിന്നം ചിലച്ച അമ്മ കിളികൾ മിണ്ടാട്ടം ഇല്ലാതെ ഇരുന്നു ആ നമ്പറിന്റെ ഉടമസ്ഥനെ കുറിച്ചുള്ള മെസേജ് വായിച്ചിട്ട്.

വിവാഹിതനും മൂന്ന് മക്കളും ഉള്ള അയാളെയും കുടുംബത്തെയും വ്യക്തിപരമായി അറിയുന്ന ഒന്നു രണ്ട് പേരും ഗ്രൂപ്പിലുണ്ടായിരുന്നു. ആള് ഭയങ്കര പഞ്ചാരയാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. പക്ഷേ അവിഹിത കഥയിലെ നായകസ്ഥാനം എല്ലാവരുടേയും ചിന്തയ്ക്കും അപ്പുറമായി അവശേഷിച്ചു.

സംസാരിച്ചിരുന്നതും ഹൃദയം കൈമാറിയത് സ്വന്തം സുഹൃത്തിന്റെ ഭാര്യയുടെ സഹോദരിക്കാണെന്ന് അയാളും അറിഞ്ഞില്ല.

തൽക്കാലം അവൾ ആരാണെന്ന് അറിയേണ്ട എന്ന് അവർ തീരുമാനിച്ചു. മറുതലയ്ക്കൽ സ്ത്രീജനങ്ങൾ മാറി മാറി വന്നും പോയും ഇരുന്നു. പക്ഷേ പ്രണയത്തിന്റെ മൂർധന്യാവസ്ഥയിൽ അന്ധനായ അയാൾ മുമ്പോട്ട് പോയി കൊണ്ടിരുന്നു. ഇങ്ങോട്ട് ഇത്രയും കളിപ്പിച്ച ആളെ കുറച്ചെങ്കിലും കളിപ്പിക്കണമെന്ന് അവൾക്ക് തോന്നിയതിനെ ആരും തെറ്റായി കണ്ടില്ല. ഇതുപോലെ ഇനി ഒരു സ്ത്രീയേയും അയാൾ സമീപിക്കരുത്.

വ്യക്തിപരമായി അറിയാവുന്ന പലർക്കും അയാൾക്ക് ഇത് ഒരു പാഠം ആയിരിക്കണമെന്നും തോന്നി.

ഹിമയുടെ ആവശ്യ പ്രകാരം യഥാർഥ വ്യക്തിയെ അവൾക്ക് അവർ കാണിച്ചു കൊടുത്തു.

വിവാഹിതനാണെന്ന് ഒരിക്കൽ പോലും ഒരു സൂചനയും കൊടുക്കാതെ ക്രോണിക് ബാച്ചിലർ എന്ന ഭാവത്തിൽ അയാൾ ഫെയ്സ്ബുക്ക് കാമുകിയിൽ ലയിച്ചു ചേർന്നു.

ഞാൻ നിങ്ങളെ കണ്ടിട്ടുണ്ട്. എനിക്ക് നിങ്ങളെ അറിയാം എന്ന് അവൾ പലയാവർത്തി പറഞ്ഞു. അയാൾ ശ്രവിച്ചത് പോലുമില്ല.

അയാളുടെ വായിൽ നിന്ന് ഒരിക്കൽ പോലും സത്യം വരില്ലെന്ന് മനസിലാക്കിയ അവൾ ഗതികെട്ട് ഞാൻ എല്ലാം അറിഞ്ഞെന്ന് തുറന്ന് പറഞ്ഞപ്പോൾ കുറ്റബോധം ലേശം പോലുമില്ലാതെ ആദ്യ ഭാര്യയെ ഡൈവോഴ്സ് ചെയ്യാൻ മാനസികമായി തയ്യാറെടുത്തെന്നും ഇനി ഒരിക്കലും അവരുമായി ജീവിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. എത്രയും വേഗം ദുബായിൽ വരണമെന്നും ഒരുമിച്ചുള്ള സമയം ഉടൻ വേണമെന്നും കർശനമായി വാശി പിടിച്ചു. അത് ഭാര്യയോടുള്ള വാശിയും പ്രതികാരവുമാണെന്ന് നിർദയം പറഞ്ഞപ്പോൾ അത് കേട്ടിരിക്കാനേ സാധിച്ചുള്ളു. ഇതെല്ലാം അറിഞ്ഞും നിനക്ക് എന്നെ വിവാഹം ചെയ്യാൻ കഴിയില്ലെങ്കിലും ഇപ്പോൾ ഉള്ളവളെ ഉപേക്ഷിച്ച് ഞാൻ മറ്റൊരു കാശുകാരിയെ കല്യാണം കഴിക്കും. എന്റെ കാര്യങ്ങൾ നടക്കണം. അതിന് ഒരു സ്ത്രീ എന്റെ ജീവിതത്തിൽ വേണം. പിന്നെ സാമ്പത്തിക സഹായത്തിനും ആള് വേണം.

ഇതെല്ലാം കേട്ട് തലയിൽ ചുറ്റിക വെച്ചടിച്ച പോലെ അവൾ ഇരുന്നു. കഥ കേട്ട എല്ലാവരും കിളി പോയ അവസ്ഥയിൽ ആയി. പിടിക്കപ്പെടുമ്പോൾ മുഖത്ത് അല്പമെങ്കിലും ജാള്യത ഉണ്ടാകുമെന്ന പൊതുവെയുള്ള കീഴ് വഴക്കത്തിനെ അയാൾ തകിടം മറച്ചു.

കഥകൾ ഇതുവരെ എത്തിയപ്പോൾ ഇനി ഇത് ഭർത്താക്കൻമാരിലേക്കും എത്തിക്കാൻ അവർ തീരുമാനിച്ചു.

ഇതിനിടയിൽ അയാളെ അറിയിക്കാതെ യഥാർത്ഥ കാമുകി വിവാഹിതയും ഗർഭിണിയുമായി. ഇരട്ട കുട്ടികൾ ആണ് ജനിക്കാൻ പോകുന്നതെന്നറിഞ്ഞ സന്തോഷ വാർത്തയുമായി ഹോസ്പിറ്റലിൽ നിന്നു പുറത്തിറങ്ങിയ അവൾ കേട്ടത് എല്ലാ കഥകളും അയാളുടെ വീട്ടിൽ അറിഞ്ഞെന്നും ഭാര്യയും കുട്ടികളും അയാളെ ഉപേക്ഷിച്ച് വീടു വിട്ട് പോയെന്നുള്ള കഥയാണ്.

നായകന്റെ ഈ ഇളക്കത്തിന് മറുമരുന്ന് കൊടുക്കാനുള്ള ശ്രമത്തിനിടെ മറ്റു പലരും ഇതിലെ കൊടുങ്കാറ്റിൽ പെട്ട് വീണു കൊണ്ടിരുന്നു. പ്രണയ കഥകളിൽ എപ്പോഴും രക്തസാക്ഷികളും കാണുമല്ലോ.

ഇന്നും ആ കാമുകിയും ഭർത്താവും അയാളുടെ അടുത്ത് തന്നെ ഉണ്ട്. തിരിച്ചറിയാത്ത ഫെയ്സ്ബുക്ക് പ്രണയ നായികയെ പോലെ..

മാസങ്ങൾക്ക് ശേഷം ഈ കഥയിലെ എല്ലാവരും അവരവരുടെ ജീവിതത്തിൽ സമാധാനത്തോടെ ജീവിച്ചു പോന്നു. അതിനിടയിൽ മീര വെറുതെ പ്രൊഫൈൽ വ്യൂ ലിസ്റ്റ് എടുത്തപ്പോൾ ദേ കിടക്കുന്നു പഴയ ഫേസ്ബുക്ക് നായകൻ. ഇത്തവണ ഉപയോഗിച്ചിരിക്കുന്നത് അയാളുടെ കമ്പനിയുടെ പേരിലുള്ള ഐഡി ആണ്. ഇയാൾ ഇത് വരെയും ഈ കലാപരിപാടി നിർത്തിയില്ലേ എന്നും പറഞ്ഞ് അപ്പോൾ തന്നെ വിവരം അമ്മകിളികളുടെ മുമ്പിലേക്ക് ഇട്ടു കൊടുത്തു.

ആശ്ചര്യത്തിന്റെ സ്മൈലികൾ വീണു കൊണ്ടേയിരുന്നു.റീനയുടെ മറുപടി ഇങ്ങനെ, എടീ .. ഇന്നലെ നിഖിൽ ചേട്ടൻ ഇവിടെ പറയുന്നുണ്ടായിരുന്നു ഇതൊക്കെ അറിഞ്ഞ ശേഷം അവന്റെ മുഖത്തേക്ക് നോക്കാനേ തോന്നുന്നില്ല എന്ന് ...

‘‘എന്നാലും അന്ന് ഹിമ നിന്നോട് എല്ലാം തുറന്ന് പറയാൻ കാണിച്ച ധൈര്യം സമ്മതിക്കണം. ഇന്നത്തെ കാലത്ത് ഓരോരുത്തരുടേയും മനസിലെ രഹസ്യങ്ങൾ കൂടുന്നത് കൊണ്ടാണ് സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട കാമുകനെ അന്വേഷിച്ച് കാമുകി ഇറങ്ങി തിരിക്കുന്നത്. പ്രായമോ വിദ്യാഭ്യാസമോ ജോലിയോ കുടുംബമോ എന്നിങ്ങനെ ഒന്നിനെ കുറിച്ചും അറിയില്ലെങ്കിലും കാണാൻ ഇറങ്ങി പുറപ്പെടും. ഇതൊന്നും പറഞ്ഞില്ലെങ്കിൽ ഒരു പക്ഷേ അവളും ഒരു ഹോട്ടൽ മുറിയിൽ അവളുടെ സ്വപ്നങ്ങൾക്ക് ചിത കൂട്ടേണ്ടി വരുമായിരുന്നു.. അല്ലേ ചിത്രേ ?’’

ശരിയാണ്.. അതുകൊണ്ട് ഇന്നവൾ ജീവിച്ചിരിക്കുന്നു. ഇരട്ടക്കുഞ്ഞുങ്ങളായ ആൺ-പെൺ കുട്ടികളുടെ അമ്മയായി സന്തോഷമായി ഇരിക്കുന്നു.

അല്ലെങ്കിലും പാല് കട്ടു കുടിച്ചത് ആരും അറിഞ്ഞില്ലെന്ന് പൂച്ച മാത്രമല്ലേ വിചാരിക്കൂ !!

ഇതിന്റെ വാൽക്കഷ്ണം എഴുതുന്നില്ല. അത് കഥ വായിക്കുന്നവർക്ക് ഉള്ള അവകാശമായി വിട്ടു തന്നിരിക്കുന്നു. കാരണം ഭാര്യയും മക്കളും ഉണ്ടായിട്ടും സ്ക്രീനിന്റെ മറവിൽ തേടിയിരുന്നത് ഒരിക്കലും പ്രണയമോ പ്രേമമോ ആയിരുന്നില്ലെന്ന് എല്ലാവർക്കും അറിയാം, ഒരു പക്ഷേ എല്ലാവരേക്കാളും കൂടുതലായി ചെയ്യുന്ന വ്യക്തിയ്ക്കും അറിയാം. അന്യ സ്ത്രീകളുടെ നഗ്നതയ്ക്ക് വേണ്ടി പരതുമ്പോൾ അപ്പുറത്തെ വശത്ത് ഉള്ളത് സ്വന്തം സഹോദരിയാണോ അതോ കൂട്ടുകാരന്റെ ഭാര്യയാണോ എന്നെങ്കിലും അറിയാനുള്ള ക്ഷമ കാണിക്കുക.

ചില ഫെയ്സ് ബുക്ക് പ്രണയ രാഗങ്ങൾ മാംസനിബദ്ധമാണ്..

English Summary: Malayalam short story written by Anitha Ammanath

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;