ADVERTISEMENT

രണ്ടാമത്തെ മരണം (കഥ)

 

കുമാരേട്ടൻ രണ്ടാം വട്ടവും മരണപെട്ടു. ഇന്ന് പുലർച്ചെ 5.30ന്. 25 ഒക്ടോബർ 2020

പേപ്പറിൽ കൊടുക്കാൻ ഏർപ്പാടാക്കി..

 

കേശവൻ മാമൻ നേരത്തെ എത്തി കുമാരേട്ടന്റെ അടുത്ത ബന്ധുവാണ് കേശവൻ മാമൻ.. എല്ലാത്തിനും ഓടി വരും.. കല്യാണമായാലും അടിയന്തരമായാലും..

ഡാ മക്കളേ തീയതി കൃത്യമായി എടുത്തു വെക്കണെടാ.. പത്രത്തിൽ എല്ലാ വർഷോം കൊടുക്കണം. മലയാളം മാസവും നോക്കി വെക്കണം. ഇപ്പോഴത്തെ പിള്ളേർക്ക് എന്ത് മലയാള മാസം.. ശിവ ശിവ.. കേശവൻ മാമൻ നെടുവീർപ്പിട്ടു..

 

രണ്ടാമത്തെ മരണം ആയോണ്ട് വാർത്ത കൊറോണ പോലെ പടർന്നു പിടിച്ചു. വീടിന്റെ അകത്തും പുറത്തും ഒക്കെ ആയി ആൾക്കാർ സ്ഥാനം പിടിച്ചു. കൊറോണ ആയത് കാരണം മക്കൾ വീട്ടിൽ തന്നെ ഉണ്ട്. വീടിനു മുന്നിൽ ടർപൊളിൻ വലിച്ചു കേട്ടി. കസേരകൾ നിരനിരയായി നിരന്നു. ഒന്നിനും ഒരു കുറവും വരരുത്..

 

ഡാ മക്കളേ.. വീണ്ടും കേശവൻ മാമൻ.. എല്ലാവരെയും വിവരം അറിയിച്ചില്ലേ.

അറിയിച്ചിട്ടുണ്ട് എല്ലാവരുടെയും വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടിട്ടുണ്ട് എല്ലാവർക്കും വരാനൊന്നും പറ്റില്ലല്ലോ ഇപ്പോൾ.. എന്നാലും ഇട്ടിട്ടുണ്ട്..

 

പണ്ടൊക്കെ ആണേൽ പോയിട്ട് വേണം വിവരം അറിയിക്കാൻ ഇപ്പോൾ ഒന്ന് ഞെക്കിയാൽ എല്ലാം ആയി.. കാലം പോയ പോക്കേ.. ശിവ ശിവ.. ഈ ജന്മത്തിലേക്കും അടുത്ത ജന്മത്തിലേക്കും വേണ്ട നെടുവീർപ്പിട്ട് തീർത്തു നമ്മടെ മാമൻ..

 

കൊറോണയൊന്നും വക വെക്കാതെ ആളുകൾ കൂടാൻ തുടങ്ങി.. മരണത്തിനെന്ത് കൊറോണ പ്രോട്ടോകോൾ.. മാസ്ക് ഒക്കെ എല്ലാവരുടെയും മുഖത്ത് ഉണ്ടെങ്കിലും സംസാരിക്കും അറിയാതെ അത് താഴ്ത്തി പോകും.. അല്ലേലും മുഖത്തോട് മുഖം നോക്കാതെ എങ്ങനെ സംസാരിക്കാനാ.

 

കേശവൻ മാമനും നമ്മടെ യൂത്തൻമാരും ഒരുക്കങ്ങൾ എല്ലാം ചെയ്യുന്നുണ്ട്..

ചിലർ കുശുകുശുക്കുന്നുണ്ട്.. എന്തായാലും മരിച്ചു കഴിഞ്ഞാൽ എല്ലാവരും നന്മ മരങ്ങളായി മാറുന്ന ഒരു വിരോധാഭാസം ഉണ്ട്..

 

എങ്കിലും പഴയകാല കഥകൾ കാതോട് കാതോരം കൈ മാറാനും ചിലർ മിടുക്കു കാട്ടി..

നാട്ടിലെ പ്രമാണി ഒക്കെ ആണേലും ഇയാളൊരു പൊട്ടൻ ആണ് ആരോ അടക്കം പറഞ്ഞു.. കേട്ടതിന്റെ പൊരുൾ അറിയാൻ കുറച്ച് പേർ അടുത്ത് കൂടി.. മറ്റുള്ളവന്റെ കുറവ് കേൾക്കാൻ ഇച്ചിരി ആകാംക്ഷ കൂടും.. നിങ്ങള് പറയപ്പ കൂട്ടത്തിലൊരാൾക്ക് ഇപ്പോൾ നെഞ്ചിടിപ്പ് കൂടി ഹൃദയം പൊട്ടും എന്ന് തോന്നി കാര്യം അറിയാഞ്ഞിട്ട്.... ആ പറ കേൾവിക്കാർ പ്രോത്സാഹിപ്പിച്ചു..

 

അതായത് കുറെ പണ്ട് ആണ്.. ഡിസംബറിലെ മഞ്ഞു പെയ്യുന്ന പുലരികളിൽ ഒന്നിൽ.. സ്റ്റോറി ടെല്ലർ കുറച്ച് സാഹിത്യം വാരി വിതറാൻ ശ്രമിച്ചു.. കേൾവിക്കാർ അതിന്റെ കടയ്ക്കൽ കൊണ്ട് കത്തി വെച്ചു.. നീ അധികം സാഹിത്യം വിളമ്പാതെ ഡയറക്റ്റ് കഥ പറയടോ.. കേൾവിക്കാർ ജിജ്ഞാസ അടക്കാൻ ആവാതെ ഞെരി പിരി കൊണ്ടു..

രാവിലെ ഡിസംബറിൽ നല്ല മഞ്ഞായിരിക്കും.. ഇവിടെ നമ്മടെ കണ്ടത്തിൽ ഒക്കെ പുല്ല് കൂന ആക്കി വെച്ചിട്ടുണ്ടാവും.. രാവിലെ മഞ്ഞായത് കൊണ്ട് അതിന്റെ മുകളിൽ മഞ്ഞ് ഒരു പുകമറ പോലെ നിൽക്കും.. ആര് കണ്ടാലും തീ പിടിച്ചതാണോ എന്ന് സംശയം തോന്നിപ്പിക്കും വിധം ഉണ്ടാവും ആ പുകമറ.. ഒരു ദിവസം കുമാരേട്ടൻ നടന്നു വരുമ്പോ കണ്ട കാഴ്ച ഇതാണ്.. ആരെയൊക്കെയോ കൂക്കി വിളിച്ചു ആളുകൾ വരുന്നതിനു മുന്നേ വെള്ളം കോരി ഒഴിക്കാൻ തുടങ്ങി.. ആളുകൾ ഓടി കൂടി.. എല്ലാവർക്കും ചിരിച്ചു ചിരിച്ചു കുടൽമാല പുറത്തു വരും എന്ന് തോന്നി.. ആകെ ഇളിഭ്യനായി അങ്ങേര് വീട്ടിലേക്ക് മടങ്ങി ഒരു മാസത്തേക്ക് പുറത്തിറങ്ങിയില്ല.. അതാണ് കഥ. മരണവീട്ടിൽ ആണ് എന്ന ബോധം ഉണ്ടായിട്ടും കേട്ടുറപ്പോടെ വച്ച ആ ചിരി അയാൾ അറിയാതെ തന്നെ പുറത്തേക്ക് പൊട്ടി പുറപ്പെട്ടു.. മരണ വീട്ടിൽ പോട്ടിച്ചിരിക്കുകയോ ആളുകൾ പരസ്പരം നോക്കാൻ തുടങ്ങി

എന്താ കഥയിത് ശിവ ശിവ.. ഇതൊരു മരണ വീടാന്നു അറിയില്ലെ.. കേശവൻ മാമന്റെ ഒച്ച പുറത്തേക്കു വന്നു..

 

എല്ലാം എടുത്ത് വച്ചിട്ടുണ്ട് ആരും വരാനില്ല ഇനി കുളിപ്പിച്ചോളൂ..

എന്നാൽ തുടങ്ങാം ല്ലേ നാട്ടുകാരിൽ പ്രധാനികളിൽ ഒരാൾ വിളിച്ചു പറഞ്ഞു..

അല്ല കേശാവേട്ട പഴയ പോലെ ഇനി വീണ്ടും ഉയിർത്തെയുന്നേൽക്കുമോ.. ഒരാൾക്ക് സംശയം

 

എയ് ഇനി അങ്ങനെ ഉണ്ടാവില്ല ഇതിപ്പോ വയസ്സ് 105 കഴിഞ്ഞില്ലേ. ഇനിയും തിരിച്ചു വന്നാൽ 200 കടക്കണം എന്നാ പ്രമാണം. കേശവൻ മാമൻ മറുപടി പറഞ്ഞു

മരണത്തിൽ നിന്നും തിരിച്ചു വന്നാൽ പിന്നീടൊരു മരണം അതിനു കുറെ സമയമെടുക്കും എന്നാ ശാസ്ത്രം.. കാലൻ പോലും ഒന്ന് മടിക്കും വീണ്ടും ആ വഴി വരാൻ.

അന്ന് കാലന് ഒരു അബദ്ധം പറ്റിയതല്ലേ.. ഒരു കറക്കിടകം ആയിരുന്നു.. കാലന് വിശ്രമമില്ലാത്ത സമയം. അന്ന് കുമാരേട്ടന് 65 ഓ മറ്റോ പ്രായം.. ആരെയോ കൊണ്ടു പോകാൻ വന്ന തിരക്കിൽ കാലന്റെ മുന്നിൽ പെട്ടു പോയതാണ് നമ്മടെ കുമാരേട്ടൻ. അപ്പറത്തെ വീട്ടിലെ നാണി തള്ള 90 കഴിഞ്ഞു കിടപ്പിലായിരുന്നു ആ വീട്ടിലേക്ക് പോകും വഴി, വഴി തെറ്റി കയറിയതാണ് കുമാരേട്ടന്റെ വീട്ടിൽ.. അന്ന് ഗൂഗിൾ മാപ് ഒന്നും ഇല്ലായിരുന്നു.. അങ്ങനെ ചെറുതായൊന്നു മരിച്ചതാ ഒരിക്കൽ.

 

അന്ന് ആ വാർത്ത കെട്ടി എല്ലാവരും ഞെട്ടി കാരണം നല്ല ആരോഗ്യമായിരുന്നു വയസ്സ് 65 ആയാലും.. ഇനി ഒരിക്കൽ കൂടി ഞെട്ടേണ്ടി വരും എന്ന് അന്ന് ഞെട്ടിയവർ ആരും കരുതിയില്ല.. അന്ന് തന്നെ ഇല്ലാത്ത ബോധം പോയി കുമാരേട്ടന്റെ സഹധർമ്മിണിയുടെ.. കാലത്തിന്റെ കളികൾ മനസിലാക്കാനുള്ള പരിജ്ഞാനം ആയമ്മക്ക് ഇല്ലായിരുന്നു.. അദ്ദേഹം പൂർവാധികം ശക്തിയായി തിരിച്ചു വരുമെന്നും കുമാരേട്ടനെ കടത്തി വെട്ടി അങ്ങേർക്ക് മുന്നേ താൻ യമലോകം പോകേണ്ടി വരും എന്നും ആ സതി സാവിത്രി വിചാരിച്ചു കാണില്ല.. 

അന്ന് വിവരം അറിഞ്ഞ് എല്ലാവരും എത്തി.. മകളുടെ അട്ടഹാസ തുല്യമായ കരച്ചിൽ കേട്ട് കൂടി നിന്നവർ ചെവി പൊത്തി. പേരമക്കൾ ഒന്നും അറിയാതെ പുറത്ത് കളിച്ചു കൊണ്ടിരുന്നു.. നല്ല മഴകോളുണ്ടായിരുന്നു നല്ല കാറ്റും. വീടിനോട് ചേർന്ന് നിന്ന തലപോയ തെങ്ങ് ഇപ്പോൾ വീഴും ഞാൻ എന്ന് പറഞ്ഞ് ആടി കുഴഞ്ഞു.. ശവം ശവപറമ്പിലേക്ക് എത്തിച്ച കൂട്ടിവച്ച ചിതയുടെ മുകളിൽ കിടത്തിയതും നല്ലൊരു കാറ്റുവന്നു മൂടിയ ചുവന്ന പട്ട് എടുത്ത് നീക്കി.. ചെറിയൊരു മഴതുള്ളി ആ കൈകളിലേക്ക് വീണു ജീവന്റെ മഴനീർക്കണം വീണെന്ന പോലെ ഒരു തുടിപ്പ് ഞരമ്പിൽ അനുഭവപ്പെട്ടു കൈയൊന്നു അനങ്ങി.. ആരോ വിളിച്ചു പറഞ്ഞു ശവത്തിന്റെ കൈ അനങ്ങി.. പേടിയോടെ ആണേലും എല്ലാരും സൂക്ഷിച്ചു നോക്കി.. തോന്നലാവും എന്ന് വിചാരിച്ചു. എന്നാൽ ഏവരെയും അമ്പരപ്പിച്ചു കൊണ്ട് ശവം എഴുന്നേറ്റ് ഇരുന്നു.. കഴുത്തിൽ ഇറുകിയ കാലന്റെ കയർ അഴിച്ചു മാറ്റി പോടാ പുല്ല് ന്നു പറഞ്ഞു പൂർവാധികം ശക്തിയായി ഉയിർത്തേഴുന്നേറ്റു വന്നു..

 

ആരോ വിളിച്ചു പറഞ്ഞു കുമാരേട്ടൻ മരിച്ചിട്ടില്ല.. മൂകത തളം കെട്ടിയ അന്തരീക്ഷം പെട്ടെന്ന് സന്തോഷം കൊണ്ട് നിറഞ്ഞു.. ശവപറമ്പിൽ  ആദ്യായിട്ടായിരിക്കും സന്തോഷത്തിന്റെ പരിമളം നിറഞ്ഞത് .. അല്ലെങ്കിൽ മരണത്തിന്റെയും ദുഖത്തിന്റെയും ഗന്ധം ആണല്ലോ..

കാറ്റും കോളും നിലച്ചു.. പരിസരം തെളിഞ്ഞു.. എല്ലാവരും വീട്ടിലേക്ക് തിരിച്ചു.. അന്ന് എല്ലാരും അടക്കം പറഞ്ഞതാ സെഞ്ച്വറി തികയ്ക്കും ന്ന്  അത് പോലെ ആയി..

ഇപ്പോൾ 105 വയസ്സ്.. ഇനി നോക്കണ്ട.. കുളിപ്പിച്ചു കുമാരേട്ടനാക്കി പൗഡർ ഇട്ട് കോടി ഉടുപ്പിച്ചു തെക്കോട്ടെടുത്തു.

 

മരണത്തെ തോൽപ്പിച്ച് തിരിച്ചു വന്ന അതെ കുമാരേട്ടൻ തല കുമ്പിട്ടു മരണത്തിനു മുന്നിൽ സന്തോഷത്തോടെ നിന്നു കൊടുത്തു.. ആ പാശം എന്റെ കഴുത്തിൽ അണിയിക്കൂ യമദേവ.. ഇപ്പോൾ സമയമായിരിക്കുന്നു.

 

English Summary: Randamathe Maranam, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com