ADVERTISEMENT

അഗ്നിനക്ഷത്രങ്ങൾ (കഥ)

 

വർഷങ്ങൾക്കു ശേഷം ജനിച്ച നാട്ടിലേക്കൊരു തിരിച്ചു വരവ്.. ആഗ്രഹിച്ചതല്ല.. പക്ഷേ ഈ വരവിന് ഒരു സുഖമുണ്ടെന്ന് തോന്നി.. ഇരുട്ടിന്റെ മറവിൽ ഒളിച്ചു തല താഴ്ത്തി നടന്ന് പോയവളുടെ തല ഉയർത്തി പിടിച്ചുള്ള തിരിച്ചു വരവ്.

എട്ടാം വയസ്സിൽ പോയതാണിവിടെ നിന്ന്.. ഓർമ്മകളിൽ നിറയെ കണ്ണുനീരും ചൂരലിന്റെ വേദനയും മാത്രമേ ഉളളൂ.

ജനിച്ചു വളർന്ന സ്വന്തം വീടായിരുന്നിട്ടും വേലക്കാരിയായി ജീവിക്കാൻ വിധിക്കപ്പെട്ട സ്ത്രീ ജന്മം. എന്റെ അമ്മ ശ്രീദേവി. നാട്ടിലെ പ്രമാണിയായിരുന്ന ശ്രീനിലയം നാരായണപ്പണിക്കരുടെ ഏകമകൾ. അന്നത്തെ കാലത്ത് പട്ടണത്തിൽ പോയി കോളേജ് പഠനം നടത്തിയ ആ ഗ്രാമത്തിലെ ഏക പെൺകുട്ടി. സൗഭാഗ്യങ്ങൾക്ക് നടുവിലുള്ള ജീവിതം. പക്ഷേ ആ ഭാഗ്യങ്ങളൊന്നും ആ അച്ഛന്റെയും മകളുടെയും കണ്ണുകൾ മഞ്ഞളിപ്പിച്ചിരുന്നില്ല. മനുഷ്യസ്നേഹം നിറഞ്ഞ രണ്ട് മനസ്സിനുടമകളായിരുന്നു അവർ.

 

അമ്മയില്ലാത്ത കുറവറിയിക്കാതെ മകളെ വളർത്താൻ ശ്രമിച്ചിരുന്ന അച്ഛനായിരുന്നു നാരായണപ്പണിക്കർ. പക്ഷേ, ഈ ലോകം മുഴുവൻ കാൽക്കീഴിലിരുന്നാലും അമ്മയുടെ കുറവ് പരിഹരിക്കാൻ മറ്റൊന്നില്ലെന്ന് തിരിച്ചറിഞ്ഞീട്ടും ശ്രീദേവി അച്ഛന്റെ മുന്നിൽ ഒരിക്കൽ പോലും ആ വിഷമം കാണിച്ചിരുന്നില്ല.

 

ശ്രീദേവിയുടെ വിവാഹകാര്യത്തിൽ മാത്രം പണിക്കർക്ക് ഒരു കടുംപിടുത്തം ഉണ്ടായിരുന്നു. ഇത്രയും പഠിച്ച കുട്ടിയല്ലേ. ഒരു സർക്കാരുദ്യോഗസ്ഥൻ ആയിരിക്കണം മകൾക്ക് ഭർത്താവായി വരേണ്ടത് എന്ന്. കാരണം തന്റെ മകളുടെ വിദ്യാഭ്യാസത്തിന്റെ വില പഠിപ്പും ഉദ്യോഗവുമുള്ളൊരാൾക്കേ മനസ്സിലാവുകയുള്ളൂ എന്നും, അവൾക്ക് അർഹിക്കുന്ന അംഗീകാരം അതുവഴി ലഭിക്കുമെന്നായിരുന്നു ആ പാവം നാട്ടിൻപുറത്തുകാരന്റെ ചിന്ത. കൂടെയുള്ള ആളെ അംഗീകരിക്കുന്നതിന് മനസ്സിന് ഒരൽപ്പം വിശാലത കൂടി വേണമെന്ന് അദ്ദേഹം മറന്നുപോയോ എന്തോ?

 

അങ്ങനെ ഒരു ഉദ്യോഗസ്ഥനെ പണിക്കർ മകൾക്കായി കണ്ടെത്തുകയും ചെയ്തു. പട്ടണത്തിലായിരുന്നു രാമചന്ദ്രന് ജോലി. ഏകമകൾ ആയതുകൊണ്ട് വിവാഹശേഷവും ശ്രീദേവിയും രാമചന്ദ്രനും ശ്രീനിലയത്തിൽ തന്നെ ആയിരുന്നു താമസിച്ചിരുന്നത്. സന്തോഷം നിറഞ്ഞ ആ ദാമ്പത്യജീവിതത്തിൽ ഒരു മകളും പിറന്നു. പണിക്കരുടെ ആഗ്രഹപ്രകാരമാണ് മകൾക്ക് പ്രിയദർശിനി എന്ന പേരിട്ടത്. ഇന്ദിര പ്രിയദർശിനിയോടുള്ള ആരാധനയാണ് ആ പേരിന് പിന്നിൽ...

 

പ്രിയദർശിനിക്ക് രണ്ട് വയസ്സുള്ളപ്പോൾ പെട്ടെന്നൊരു ദിവസം നാരായണപ്പണിക്കർ മരിച്ചു. ശ്രീദേവിയെ ആ മരണം വല്ലാതെ  തളർത്തി. ഒരു മാസത്തോളം ഒരേ ഇരുപ്പായിരുന്നു. ഇതിനിടയിൽ രാമചന്ദ്രൻ ബാങ്കിൽ എന്തൊക്കെയോ കാര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് ചില കടലാസുകളിൽ ശ്രീദേവിയുടെ ഒപ്പുകൾ വാങ്ങിയിരുന്നു.

 

എല്ലാവരുടെയും ഉപദേശങ്ങളും നിർബന്ധവും മൂലം ശ്രീദേവി പതിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി.. രാമചന്ദ്രൻ ലീവൊക്കെ കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിച്ചു.

 

എല്ലാ ആഴ്ച അവസാനവും വരുമായിരുന്ന രാമചന്ദ്രൻ ആ ആഴ്ച വന്നില്ല. ഫോൺ വിളിച്ചിട്ട് കിട്ടിയതുമില്ല. പക്ഷേ രണ്ട് ദിവസങ്ങൾക്ക് ശേഷം രാമചന്ദ്രൻ വന്നു. ഒപ്പം ഒരു ആൺകുട്ടിയും സ്ത്രീയും. അയാളുടെ ഭാര്യയും മകനുമെന്ന് പറഞ്ഞാണ് വന്നത്. ശ്രീദേവി എതിർത്തെങ്കിലും എല്ലാം വിഫലമായിപ്പോയി.. കാരണം അപ്പോഴേക്കും ശ്രീദേവി സ്വന്തം വീട്ടിലെ വെറുമൊരു ആശ്രിതയായി കഴിഞ്ഞിരുന്നു.

 

നാരായണപണിക്കർ മരിച്ചതിനടുത്ത ദിവസങ്ങളിൽ  രാമചന്ദ്രൻ ശ്രീദേവിയിൽ നിന്നും ഒപ്പിട്ടു വാങ്ങിയ പേപ്പറുകളിലൂടെ ശ്രീദേവിയുടെ പേരിൽ എഴുതി വച്ചിരുന്ന നാരായണപ്പണിക്കരുടെ സ്വത്തുവകകൾ മുഴുവൻ അയാളുടെ പേരിലേക്ക് മാറ്റിയിരുന്നു. ശ്രീദേവിക്ക് വേണ്ടി സംസാരിക്കാൻ അവിടെ ആരുമില്ലായിരുന്നു. അവൾ വിഷമങ്ങളെല്ലാം ഉള്ളിലൊതുക്കി. പിന്നീട് വീട്ടിലെ പണിക്കാർ പറഞ്ഞറിഞ്ഞു.. രാമചന്ദ്രൻ ശ്രീദേവിയെ വിവാഹം ചെയ്യുന്നതിനുമുൻപേ കാഞ്ചനയുമായി ബന്ധമുണ്ടായിരുന്നെന്നും ശ്രീനിലയത്തിലെ സ്വത്ത്‌ മോഹിച്ചു തന്നെയാണ് ശ്രീദേവിയെ വിവാഹം ചെയ്തതെന്നും.

 

അവിടെ നിന്നങ്ങോട്ട് ശ്രീദേവിയുടെയും മകളുടേയും ജീവിതം നരകതുല്യമാവുകയായിരുന്നു. വീട്ടിൽ ആവശ്യത്തിലധികം ജോലിക്കാരുണ്ടായിട്ടും ശ്രീദേവിയെക്കൊണ്ട് രാമചന്ദ്രന്റെ പുതിയ ഭാര്യ കാഞ്ചന പണികളെല്ലാം എടുപ്പിക്കുമായിരുന്നു. കുഞ്ഞിന് സമയത്തിന്  ഭക്ഷണം കൊടുക്കാൻ പോലും സമ്മതിക്കാതെ പണിയെടുപ്പിച്ചുകൊണ്ടിരുന്നു. 

 

ജോലിക്കാരികൾക്ക് വിഷമം തോന്നി സഹായിക്കാൻ ചെന്നത് കാഞ്ചന അറിഞ്ഞാൽ, അതിനുള്ള ശിക്ഷ കുഞ്ഞിനായിരുന്നു. ആ കുഞ്ഞിനെ തല്ലുന്നത് കണ്ടുനിൽക്കാനാവാതെ ജോലിക്കാർ മുഖം തിരിച്ച് കരഞ്ഞുകൊണ്ട് പോകും. രാമചന്ദ്രന്റെ സ്വന്തം മകളായിട്ട് പോലും അയാൾക്കും ഒരു സഹതാപവും ഇല്ലായിരുന്നു.

 

കുഞ്ഞ് മൂത്രമൊഴിച്ച് അകം വൃത്തികേടാക്കുമെന്ന് പറഞ്ഞ് പകൽ വീടിനകത്തേക്ക് കയറ്റുകയേ ഇല്ലായിരുന്നു. പകൽ മുഴുവൻ അടുക്കളവശത്തെ മുറ്റത്ത് നടന്നും ഇരുന്നും കളിച്ചും കരഞ്ഞുമുറങ്ങിയുമാണവൾ വളർന്നത്.. പണിതിരക്കിൽ ശ്രീദേവിയ്ക്ക്  കുഞ്ഞിനെ നോക്കാൻ പറ്റാതെ വരുന്നത് കൊണ്ട് പല പ്രാവശ്യം  എങ്ങോട്ടും മാറി പോകാതിരിക്കാൻ കെട്ടിയിടുക വരെ ചെയ്തിട്ടുണ്ട്. അതേസമയം രാമചന്ദ്രനും കാഞ്ചനയും അവരുടെ മകൻ വരുണിനെ ഒരു രാജകുമാരനെപ്പോലെ വളർത്തി.. അച്ഛന്റെയും അമ്മയുടേയും പെരുമാറ്റം കണ്ടിട്ടോ എന്തോ വരുണിനും ശ്രീദേവിയോടും കുഞ്ഞിനോടും അടുപ്പമില്ലായിരുന്നു.

 

ശ്രീദേവിക്ക് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും മകളെ പഠിപ്പിച്ച് ഒരു നിലയിൽ എത്തിക്കണം. ഈ ലോകത്തിന് മുൻപിൽ തല ഉയർത്തിപിടിച്ച് ജീവിക്കാൻ പ്രാപ്തയക്കണം. തന്നെപ്പോലൊരു അവസ്ഥ മകൾക്ക് വരരുത്.

അച്ഛൻ തന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ഒരു ഭർത്താവിനെ കണ്ടുപിടിച്ചതിന് പകരം ഒരു ജോലിക്കാണ് അയച്ചിരുന്നതെങ്കിൽ ഈ മകളുടെ അഭിമാനം എങ്ങും അടിയറവ് പറയേണ്ടി വരില്ലായിരുന്നു.

 

പ്രിയദർശിനിയും വരുണും ഒരേ പ്രായമായിരുന്നു. വരുൺ മാസങ്ങൾക്ക് മൂത്തതായിരുന്നു. രണ്ട് പേർക്കും നാല്  വയസ്സായി. പ്രിയയെ ഇതുവരെ എഴുത്തിന് ഇരുത്തിയില്ല. എന്നാൽ ഇതിനിടയിൽ വരുണിനെ  എഴുത്തിനിരുത്തുകയും ആശാത്തിയുടെ അടുത്ത് അക്ഷരം പഠിയ്ക്കാൻ വിടുകയും ചെയ്തിരുന്നു. വായനയ്ക്കിരുത്തും കേമമായി നടത്തി.

പ്രിയയെ എഴുത്തിനിരുത്താൻ പറ്റാതെ വന്നതിന്റെ പ്രധാന കാരണം രാമചന്ദ്രനും കാഞ്ചനയും സമ്മതിക്കാത്തത് തന്നെ ആയിരുന്നു. അവളെ പഠിപ്പിയ്ക്കാൻ അയക്കില്ലാന്ന് തീർത്തു പറഞ്ഞിരുന്നു.

 

പുറമെ എതിർപ്പൊന്നും കാണിച്ചില്ലെങ്കിലും, കുഞ്ഞിനെ എങ്ങിനെയെങ്കിലും പഠിപ്പിക്കുമെന്ന് ശ്രീദേവി ഉറപ്പിച്ചിരുന്നു. ഈ വിജയദശമിക്ക് എഴുത്തിനിരുത്തിയാലേ വരുന്ന അധ്യായന വർഷം സ്കൂളിൽ വിടാൻ പറ്റൂ. ഒരു വഴിയാലോചിച്ച് നടക്കുമ്പോഴാണ് കാഞ്ചനയുടെ അനിയത്തിയുടെ കുഞ്ഞിന്റെ എഴുത്തിനിരുത്തിന് വേണ്ടി അവർ എല്ലാവരും പോകുന്നത്.. അതൊരു ദൈവാനുഗ്രഹമായി കണ്ട് ശ്രീദേവി മകളെ വീട്ടിലെ പൂജമുറിയിൽ വച്ച് ഹരിശ്രീ കുറിപ്പിച്ചു. അന്ന് തന്നെ മറ്റൊരു സംഭവം കൂടി ഉണ്ടായി.. ശ്രീദേവിക്ക് വന്നൊരു കത്ത് അവിടത്തെ കാര്യസ്ഥാൻ മാറ്റി വച്ചിരുന്നത് ശ്രീദേവിയെ ഏൽപ്പിച്ചു. 

രാമചന്ദ്രനോ കാഞ്ചനയോ കണ്ടാൽ അത്‌ ശ്രീദേവിക്ക് കിട്ടില്ലെന്ന്‌ അറിയാമായിരുന്നത് കൊണ്ടാണ്  അയാൾ അങ്ങനെ ചെയ്തത്.

ശ്രീദേവിയുടെ ടീച്ചറുടെ കത്തായിരുന്നു അത്‌. ടീച്ചറുടെ കുടുംബത്തിന് അവരുടെ നാട്ടിൽ ഒരു സ്കൂൾ ഉണ്ടായിരുന്നു. താല്പര്യമുണ്ടെങ്കിൽ അവിടെ അധ്യാപികയായി ചേരുവാനുള്ള ക്ഷണമായിരുന്നു ആ കത്ത്. ശ്രീദേവി ആരും കാണാതെ അത്‌ ഒളിപ്പിച്ചു വെച്ചു.

 

പ്രിയദർശിനിയെ സ്കൂളിൽ വിടണമെന്ന ആവശ്യം ശ്രീദേവി രാമചന്ദ്രനോട് പറഞ്ഞത് വലിയ കലഹത്തിലാണ് അവസാനിച്ചത്. ആ  അമ്മയ്ക്കും മകൾക്കും അതിനുള്ള ശിക്ഷ കിട്ടിയത് ഒരു ദിവസത്തെ മുഴുപട്ടിണിയുടെ രൂപത്തിലായിരുന്നു. പക്ഷേ ഈശ്വരൻ അവരെ അവിടെയും കാത്തു. ആ നാട്ടിൽ ആകെ ഒരു സ്കൂളെ ഉളളൂ. വിദ്യാഭ്യാസത്തിനേക്കാൾ വലുത് പട്ടിണിയില്ലാതെ കഴിയാൻ സാധിക്കുന്നതാണെന്ന ചിന്തയുള്ള നാട്ടുകാരായിരുന്നു ഭൂരിഭാഗവും. അത്‌ കൊണ്ട് തന്നെ സ്കൂൾ തുറക്കാറാകുമ്പോൾ അധ്യാപകർ വീടുകളിലേക്കിറങ്ങും. കുട്ടികളെ സ്കൂളിലേക്കെത്തിക്കാനുള്ള ശ്രമങ്ങളുമായി. അങ്ങനൊരു ദിവസം അവർ ശ്രീനിലയത്തിലുമെത്തി. അവരുടെ മുൻപിൽ അഭിമാനക്ഷതം സംഭവിച്ചാലോ എന്ന് കരുതിയത് കൊണ്ട്  കാഞ്ചനയ്ക്കും രാമചന്ദ്രനും  പ്രിയദർശിനിയുടെ സ്കൂൾ പ്രവേശനം തടയാനായില്ല.

 

വരുൺ സ്കൂളിൽ പോയത്  പുതിയ ഉടുപ്പും സ്ലേറ്റും കുടയുമൊക്കെ ആയിട്ടാണെങ്കിൽ പ്രിയദർശിനിയുടെ കയ്യിൽ ശ്രീനിലയത്തിലെ പണിക്കാരിയുടെ കുട്ടിയുടെ പഴയ  സ്ലേറ്റും പെൻസിലും ആയിരുന്നു. എങ്കിലും അവൾ മിടുക്കിയായി പഠിച്ചു.

 

മൂന്നാം ക്ലാസ്സിലെ വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ മീനാക്ഷിക്ക് സ്കൂൾ തുറന്ന് ചെല്ലുന്ന അന്ന് പ്രത്യേക സമ്മാനമുണ്ടെന്ന് അറിയിക്കാൻ വന്ന മാഷ് തിരിച്ചു പോയതിനു പുറകെ തുടങ്ങിയതാണ് കാഞ്ചനയുടെ ഉപദ്രവം.. തന്റെ മകന് ലഭിക്കാത്ത സമ്മാനം മറ്റൊരാൾക്ക്‌ പ്രത്യേകിച്ച് പ്രിയദർശിനിക്ക് ലഭിച്ചതിന്റെ ദേഷ്യമായിരുന്നവർക്ക്.

 

രാത്രി കുട്ടിയുടെ കാലിലെ ചൂരലടയാളത്തിൽ പയ്യെ തിരുമിക്കൊണ്ടിരിക്കുമ്പോഴാണ് കാഞ്ചന വന്ന് പറഞ്ഞത്, പ്രിയദർശിനിയെ നാളെ കാഞ്ചനയുടെ വീട്ടിലേക്കയക്കുകയാണെന്ന്. അവരുടെ അമ്മ വീണ് വയ്യാതെ കിടക്കുന്നത് കൊണ്ട് വീട്ടുപണിക്കായി കൊണ്ട് പോവുകയാണെന്ന്.

 

പ്രിയദർശിനിയുടെ പഠനം മുടക്കാനുള്ള ഒരു തന്ത്രവുമായി കാഞ്ചന വരുമെന്ന് ശ്രീദേവിക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ എന്താണ് വേണ്ടതെന്ന കാര്യത്തിൽ ശ്രീദേവി വ്യക്തമായ തീരുമാനവും എടുത്തിരുന്നു. അന്ന് രാത്രി അവൾ ഉറങ്ങിയില്ല.. പതിവായി എഴുന്നേൽക്കുന്ന നേരമായപ്പോൾ കുട്ടിയെ വിളിച്ചുണർത്തി പതുക്കെ അടുക്കളയിലേക്ക് നടന്നു. ആ സമയത്ത് വീട്ടിലെ ആരും എഴുന്നേൽക്കില്ലെന്ന് ഉറപ്പായിരുന്നു. അടുക്കളയിലെ അടുപ്പിന് താഴെ വിറകുകൾ അടുക്കിവച്ചിരിക്കുന്നതിനിടയിൽ നിന്നും ഒരു തുണി സഞ്ചി വലിച്ചെടുത്തു. അത്‌ തുറന്ന് ഉള്ളിലുള്ളതൊക്കെ ഒന്നുകൂടി തീർച്ചപ്പെടുത്തി. അതിൽ ശ്രീദേവിയുടെ സർട്ടിഫിക്കറ്റുകളും അവളുടെ അധ്യാപിക അയച്ച കത്തും കുറച്ച് പൈസയും പിന്നെ അച്ഛന്റെ ഫോട്ടോയുമാണ് ഉണ്ടായിരുന്നത്.

 

കാഞ്ചന വന്നതിനുശേഷം ശ്രീദേവിയുടെ അലമാരയിൽ ഉണ്ടായിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ പലപ്പോഴായി കൈവശപ്പെടുത്തിയപ്പോൾ  ശ്രീദേവി ഒളിപ്പിച്ചു വെച്ചതായിരുന്നു ഇത്രയും സാധനങ്ങൾ. അവളുടെ സർട്ടിഫിക്കറ്റുകൾക്ക് വേണ്ടി കാഞ്ചന ആ വീട്ടിലെ അടുക്കള ഒഴിച്ച് എല്ലായിടവും തിരഞ്ഞിരുന്നു. നശിപ്പിച്ചു കളയും എന്നുറപ്പുണ്ടായിരുന്നത് കൊണ്ട് തന്നെയാണ് ശ്രീദേവി അത്‌ ഒളിപ്പിച്ചത്.

 

സഞ്ചിയുമെടുത്ത് കുഞ്ഞിനേയും കൂട്ടി അടുക്കളവാതിൽ തുറന്ന് പുറത്തേക്കിറങ്ങി. പുറത്തെ ഇരുട്ട് കണ്ട് ആദ്യം ഒന്ന് ഭയന്നെങ്കിലും പിന്നെ ധൈര്യപൂർവ്വം ഉറച്ച കാൽവെപ്പുകളോടെ മകളുടെ കൈ പിടിച്ച്  മുന്നോട്ട് നടന്നു.

 

അമ്പലനടയിൽ നിന്നുമാണ് ആദ്യത്തെ ബസ് പുറപ്പെടുന്നത്. അങ്ങെത്തുമ്പോഴേക്കും ബസ് പുറപ്പെടാൻ തയ്യാറായി നിൽക്കുകയായിരുന്നു. പതിവില്ലാത്തവരെ കണ്ടപ്പോൾ ഡ്രൈവറും കണ്ടക്ടറും നോക്കി.. ആ നാട്ടുകാരായിരുന്ന

അവർ ശ്രീദേവിയെ കണ്ടപ്പോൾ ഒന്നും മിണ്ടിയില്ല. ഡ്രൈവർ വേഗം തന്നെ വണ്ടിയെടുത്തു.. എന്നും വളരെ പയ്യെ പോകുമായിരുന്ന ആ ബസ് അവരെയും കൊണ്ട് അതിവേഗം പാഞ്ഞു.

 

ടൗണിലെ സ്റ്റാൻഡിൽ ഇറങ്ങി നിൽക്കുമ്പോൾ രണ്ട് പേരും അവളുടെ അടുത്തേക്ക് വന്ന് പറഞ്ഞു.

 

നന്നായി കുഞ്ഞേ.. ഇപ്പോഴെങ്കിലും തോന്നിയല്ലോ..വിവരങ്ങളൊക്കെ അറിയാറുണ്ടായിരുന്നു.. പക്ഷേ ഞങ്ങളെ കൊണ്ടൊക്കെ എന്ത് ചെയ്യാനാകും. നാരായണേട്ടന് ഇത്ര വലിയ ചതി പറ്റുമെന്നറിഞ്ഞില്ല.

പക്ഷേ ഇനി എങ്ങോട്ട്  പോകും നിങ്ങൾ..

 

ഒരു ജോലി ശരിയായീട്ടുണ്ട്..

നന്നായി.. എന്ത് ആവശ്യമുണ്ടെങ്കിലും.. ഈ സ്റ്റാൻഡിൽ വന്ന് ഞങ്ങളെ അന്വേഷിച്ചാൽ മതി കേട്ടോ..

 

അവൾ കൈ കൂപ്പി തൊഴുതുകൊണ്ട് തിരിഞ്ഞു നടന്നു.

കത്തിലെ മേൽവിലാസം കണ്ട് പിടിച്ച് ടീച്ചറുടെ അടുത്ത് ചെന്നപ്പോൾ അവർ അവളെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. റിട്ടയേർഡ് ആകുന്നതുവരെ ശ്രീദേവി ആ സ്കൂളിൽ ജോലി ചെയ്തു. മകളെ പഠിപ്പിച്ചു. ഇന്ന് പ്രിയദർശിനി കേരളത്തിലെ ഒരു ജില്ലയുടെ അസിസ്റ്റന്റ് കളക്ടർ ആണ്. വാർത്തകളിലൂടെ വിവരങ്ങളറിഞ്ഞ ശ്രീദേവിയുടെ നാട്ടുകാർ ഈ വർഷത്തെ വിദ്യാരംഭത്തിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന്റെ മുഖ്യതിഥി ആയി പ്രിയദർശിനിയെ ക്ഷണിച്ചിരിക്കുകയാണ്. അതിനായുള്ള യാത്രയിലാണ് ആ അമ്മയും മകളും.

 

പുറത്തെ കാഴ്ചകൾ കണ്ടിരിക്കുമ്പോൾ പ്രിയ ഓർത്തു. ഒന്നും കണ്ടുള്ള  പരിചയമില്ലെങ്കിലും എല്ലാം അമ്മ പറഞ്ഞ് അറിയാം. അമ്മയെ നോക്കിയപ്പോൾ അമ്മയും പുറത്തേക്ക് നോക്കി എന്തൊക്കെയോ ഓർമകളിൽ അലിഞ്ഞിരിക്കുന്നത് പോലെ.. പാവം അമ്മ.. എത്ര കഷ്ടപ്പെട്ടു. പക്ഷേ അമ്മ പറഞ്ഞിരുന്ന കഥകളിലെ നിസ്സഹായായ ഒരമ്മയെ താൻ ഒരിയ്ക്കലും കണ്ടിട്ടില്ല.. തല ഉയർത്തിപ്പിടിച്ച് എല്ലാവരോടും സ്നേഹത്തോടെ ഇടപഴകി സധൈര്യം മുന്നോട്ട് നീങ്ങുന്ന ഒരു സ്ത്രീയെയാണ് താൻ കണ്ടിട്ടുള്ളത്.. ആ മനോധൈര്യം ആണ് തന്നെയും മുന്നോട്ട് നയിച്ചത്...

 

അഭിമാനത്തോടേയും സന്തോഷാശ്രുക്കളോടെയുമാണ് ശ്രീദേവി സ്റ്റേജിൽ നിന്ന് സംസാരിക്കുന്ന മകളുടെ വാക്കുകൾ കേട്ടുകൊണ്ട് ഇരുന്നത്. ഒരിക്കൽ ഇങ്ങനെ ഒരു വിദ്യാരംഭത്തിൽ ഈ മകൾക്ക് ഹരിശ്രീ കുറിക്കാൻ പലരുടെയും കാൽക്കൽ വീണിട്ടുണ്ട്.. അന്നത് നിഷേധിച്ചവർക്ക് മുന്നിലാണ് വീണ്ടുമൊരു വിദ്യാരംഭത്തിന് നാന്ദികുറിക്കുന്ന ചടങ്ങിന് വിശിഷ്ടാതിഥിയായി ആ മകൾ നിൽക്കുന്നത്.. ചില വേദനകളുടെ കടങ്ങൾ വീട്ടാൻ നാം ശ്രമിച്ചില്ലെങ്കിലും കാലം അത്‌ വീട്ടിയിരിക്കും.

 

സമൂഹത്തിലെ എല്ലാവിഭാഗങ്ങളിലും പെട്ട കുട്ടികൾക്ക് വിദ്യഭ്യാസം ഉറപ്പ് വരുത്തേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. ഒരാളുടെയെങ്കിലും, അറിവിന്റെ അനന്തമായ ലോകത്തേക്കുള്ള പ്രയാണത്തിന് കാരണക്കാരാവാൻ നമുക്ക് കഴിഞ്ഞാൽ അതിൽപ്പരമൊരു സുകൃതം ഈ ജീവിതത്തിൽ ലഭിക്കാനില്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.. 

അതുപോലെ തന്നെ നിലവാരമുള്ള ഒരു വിദ്യഭ്യാസം നൽകുകയെന്നത് ഓരോ സംസ്ഥാനത്തിന്റെയും ചുമതലയാണ്. ഭരണസിരാകേന്ദ്രത്തിന്റെ ഒരു വക്താവെന്ന നിലയിൽ അത്‌ ഉറപ്പുവരുത്താൻ എന്നാലവുന്നത് ചെയ്യുമെന്നും ഞാൻ വാക്ക് തരികയാണ്.. വിദ്യാഭ്യാസവും കച്ചവടവൽക്കരിക്കപ്പെട്ട ഈ കാലത്ത് പണക്കൊഴുപ്പിന്റെ ധാർഷ്ട്യത്തിൽ അർഹതപ്പെട്ടവനെ പുറംതള്ളി യോഗ്യത ഇല്ലാത്തവൻ നേടിയെടുക്കുന്ന സ്ഥാനമാനങ്ങൾക്ക് കൊടുക്കുന്ന പ്രോത്സാഹനം വിദ്യഭ്യാസത്തിന്റെ ഗുണമേന്മയെ ചോദ്യം ചെയ്യുന്ന പ്രവണതയാണെന്ന് മനസ്സിലാക്കുകയും  കുട്ടികളെ അവരുടെ താല്പര്യമനുസരിച്ചുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാനും മാതാപിതാക്കളുടെ പണമല്ല കുട്ടികളുടെ യോഗ്യതയാണ് ഉയർന്ന വിദ്യഭ്യാസം നേടാനുള്ള മാനദണ്ഡമെന്ന തിരിച്ചറിവുമുള്ളൊരു സമൂഹമായി മാറുകയും ചെയ്താലേ വിദ്യാഭ്യാസം അതിന്റെ യഥാർത്ഥ ലക്ഷ്യം കൈവരിക്കുകയുള്ളു.

 

വിദ്യാഭ്യാസത്തെ ജോലി നേടാനും സമ്പത്ത്  വർധിപ്പിക്കാനും മാത്രമുള്ളൊരു ഉപാധി ആയി കാണാതെ ഒരാളുടെ വ്യക്തിത്വ  വികാസത്തിലും സാമൂഹികമായ കാഴ്ചപ്പാടിലും വളരെ പ്രധാനപ്പെട്ടൊരു പങ്ക് വഹിക്കുന്നുണ്ടെന്ന തിരിച്ചറിവോടെ മുന്നോട്ട് പോകണമെന്നും അഭ്യർഥിക്കുകയാണ്. 

 

അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ ഹരിശ്രീ കുറിച്ച് നടന്നു കയറുന്ന അനുഗ്രഹപൂർണ്ണമായ ഈ മുഹൂർത്തത്തിലേക്ക് എന്നെ ക്ഷണിച്ചതിനും

വർഷങ്ങൾക്കു ശേഷം എന്റെ നാട്ടിലേക്ക് വരുവാൻ ഒരവസരം നൽകിയതിനും നന്ദി അറിയിച്ചുകൊണ്ടും ഇന്നിവിടെ ഹരിശ്രീ കുറിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും വാഗ്ദേവതയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ടും നിറുത്തുന്നു. നമസ്ക്കാരം 

 

നിറഞ്ഞ കയ്യടികൾക്കിടയിലൂടെ അമ്മയുടെ  അടുത്തേക്ക് ചെല്ലുമ്പോൾ അമ്മ കണ്ണീർ തുടയ്ക്കുകയായിരുന്നു. അമ്മയുടെ കയ്യിൽ പിടിച്ച് പുറത്തേക്കിറങ്ങുമ്പോഴേക്കും കമ്മറ്റിക്കാർ ഓടി വന്ന് കുറച്ച് ദൂരെയായി മാറി നിൽക്കുന്ന രണ്ട് പേരെ ചൂണ്ടിക്കാട്ടികൊണ്ട് പറഞ്ഞു. അവർക്ക് നിങ്ങളോട് ഒന്ന് സംസാരിക്കണമെന്ന്.

 

അങ്ങോട്ട് നോക്കിയ ശ്രീദേവി ഒന്ന് ഞെട്ടി. കാഞ്ചനയും രാമചന്ദ്രനും.

 

ശ്രീദേവി പ്രിയയുടെ കയ്യിലെ പിടി മുറുക്കി. അവൾ ചോദ്യഭാവത്തിൽ അമ്മയെ നോക്കുമ്പോൾ ശ്രീദേവി പതുക്കെ ‘കാഞ്ചന’ എന്ന് പറഞ്ഞു.

 

അപ്പോഴേക്കും അവർ നടന്ന് അടുത്തെത്തിയിരുന്നു. കാഞ്ചന വേഗം ചെന്ന് ശ്രീദേവിയുടെ കയ്യിൽ പിടിച്ചു.

 

തെറ്റുകളാണ് ചെയ്തത്.. പൊറുക്കാനാവില്ലെന്നും അറിയാം.. പക്ഷേ ഇപ്പോൾ ഞങ്ങൾക്ക് ഒരു സഹായം കിട്ടിയേ മതിയാകൂ.. കരഞ്ഞു കൈകൂപ്പികൊണ്ടാണ് കാഞ്ചന അത്‌ പറഞ്ഞത്.

 

രാമചന്ദ്രൻ കയ്യിലിരുന്ന ഒരു പേപ്പർ പ്രിയദർശിനിയുടെ കയ്യിലേക്ക് കൊടുത്തു.

 

പിന്നെ സംസാരിച്ചത് കമ്മറ്റിക്കാരാണ്.

ഇവർക്കൊരു മകനുണ്ട്.. ആളിപ്പോ ജയിലിലാണ്.. മയക്കു മരുന്ന് കേസ് ആണെന്നാണ് അറിഞ്ഞത്. വീട്ടിലൊന്നും വരാറില്ലായിരുന്നു. അറസ്റ്റിലയപ്പോഴാണ് ഇവിടെ വിവരമറിയുന്നത്. ഉണ്ടായിരുന്നതൊക്കെ അവനായീട്ട് നശിപ്പിച്ചു. ഒരു വീട് മാത്രേ ഇനി ബാക്കിയുള്ളു. പക്ഷേ ഈ കേസിൽ അവന് ബന്ധമില്ലന്നാണ് പറയുന്നത്.. ആരോ കുടുക്കിയതാത്രെ.. വേറാരുമില്ല ഇവർക്ക്.. ഇങ്ങേർക്കാണെങ്കിലും വയ്യ.. കീമോ ഒക്കെ കഴിഞ്ഞ് ഇരിക്കുകയാണ്.. മാഡത്തിന് ആകുമെങ്കിൽ ഒന്ന് സഹായിക്കണം.

 

പ്രിയദർശിനി ഒന്നും മിണ്ടാതെ അമ്മയെ കൂട്ടി മുന്നോട്ട് നടന്നു.

 

മോളേ... രാമചന്ദ്രന്റെ വിളികേട്ട് പ്രിയ തിരിഞ്ഞു നിന്നു.

 

മോളോ.. നിങ്ങളോട് ആര് പറഞ്ഞു എന്നെ മോളെന്ന് വിളിക്കാൻ.. എന്ത് അവകാശമുണ്ട് നിങ്ങൾക്കതിന്.. ഒരു നായ്ക്കുട്ടിയോട് കാണിക്കുന്ന പരിഗണനയെങ്കിലും നിങ്ങളെന്നോട് കാണിച്ചീട്ടുണ്ടോ.. എന്റെ അമ്മയെ നിങ്ങൾ എല്ലാവരുംകൂടി ചവിട്ടി മെതിച്ചില്ലേ..

 

മോളേ.. ​ശരിയാണ്.. തെറ്റ് പറ്റിപ്പോയി.. പക്ഷേ ഈ അവസ്ഥയിൽ ഞങ്ങളെ കൈവിടരുത്..

 

എന്റെ അമ്മയ്ക്കും ഒരവസ്ഥ ഉണ്ടായിരുന്നു.. ഇത് എന്റെ സമയമാണ്.. ദേവത പോലൊരു സ്ത്രീയോട് നിങ്ങൾ കാണിച്ചു കൂട്ടിയ ക്രൂരതകൾക്ക് മറുപിടി തരേണ്ട സമയം..

 

പക്ഷേ.. ഞാൻ നിങ്ങളെ ദ്രോഹിക്കാനൊന്നുമില്ല.. കാരണം.. നിങ്ങൾ ചെയ്തതിനുള്ള ഫലം ഈശ്വരൻ നിങ്ങൾക്ക് നൽകികൊണ്ടിരിക്കുകയാണ്. എന്റെ അമ്മയുടെ കാൽ കഴുകി കുടിച്ചാൽപോലും നിങ്ങൾ ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തമാകില്ല..

 

നിങ്ങളെ ദ്രോഹിക്കാൻ ഇറങ്ങിയാൽ ഞാൻ ആ അമ്മ വളർത്തിയ മകളല്ലാതായിതീരും. ഈ കാര്യത്തിൽ ശുപാർശക്കൊന്നും ഞാനില്ല.. പക്ഷേ നൂറ് ശതമാനം ഈ വ്യക്തി നിരപരാധിയാണെങ്കിൽ മാത്രം വേണ്ടത് എന്താണെന്ന് വെച്ചാൽ ചെയ്ത് മുന്നോട്ട് പോകും..

അവർ അവളെ നോക്കി കൈകൂപ്പി.

 

എന്നെയല്ല തൊഴേണ്ടത്.. ഈ സ്ത്രീയെയാണ്.. മനസ്സിലെങ്കിലും മാപ്പ് ചോദിക്ക്.. .എല്ലാം മറന്നത് കൊണ്ടല്ല ഞാൻ സഹായിക്കുന്നത്.. എന്റെ പ്രതികാരമാണിത്. ഞങ്ങളോട് കാണിച്ച മനുഷ്യത്വമില്ലായ്മക്ക് പകരം ചെയ്യുന്ന ഈ സഹായത്തെ ഓർത്ത് നിങ്ങൾ പശ്ചാതാപം കൊണ്ട് നീറണം.. അത്രയെങ്കിലും എനിക്ക് ചെയ്യണം.

 

അവർ ശ്രീദേവിയെ നോക്കിയപ്പോൾ അവൾ തിരിഞ്ഞു നടന്നു ഒരക്ഷരവും മിണ്ടാതെ..

 

പ്രിയദർശിനി പുറകെ ചെന്ന് ശ്രീദേവിയെ ചേർത്ത് പിടിച്ചുകൊണ്ട് നടന്നുപോയി..

ആ അമ്മയുടെ മനസ്സിലപ്പോൾ ആരോടും വിദ്വേഷമില്ലായിരുന്നു പകരം  അഭിമാനമായിരുന്നു. ജീവിതത്തിലെ അഗ്നി പരീക്ഷണങ്ങൾ നേരിട്ട് താൻ  വളർത്തികൊണ്ട് വന്ന മകൾ ഊതി കാച്ചിയെടുത്ത പത്തരമാറ്റുള്ള പൊന്ന് തന്നെയാണല്ലോ എന്നോർത്ത്...

 

English Summary:  My Creatives - Malayalam Short Story - Agninakshathrangal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com