‘തെറ്റു ചെയ്യാതെ കുറ്റം ആരോപിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന സങ്കടം ഞാൻ അന്ന് അറിഞ്ഞു’

sugarcane
പ്രതീകാത്മക ചിത്രം. Photocredit : jeep2499 / Shutterstock
SHARE

കരിമ്പ് (കഥ)

ദാഹിച്ചു വലഞ്ഞ്, ഈ ജ്യൂസ്‌ കടയുടെ മുൻപിൽ നിൽക്കുവാൻ  തുടങ്ങിയിട്ടു കുറച്ചു നേരമായി. മൈസൂരിലെ ഉച്ച നേരങ്ങളിലെ വെയിലിന്, ഇത്ര തീവ്രത ഉണ്ടാകുമെന്നു കരുതിയില്ല.. കടക്കാരൻ ഞങ്ങൾക്കു വേണ്ടി, കരിമ്പിൻ ജ്യൂസ്‌ ഉണ്ടാക്കുന്ന തിരക്കിൽ ആണ്.. ജ്യൂസ്‌ ഉണ്ടാക്കുന്ന യന്ത്രം കണ്ടപ്പോൾ, വീട്ടിലെ റബ്ബർ ഷീറ്റ് അടിക്കുന്ന ‘മെഷീൻ’ ആണ് ഓർമ വന്നത്.

അടുത്തു നിന്നിരുന്ന വിജി പാട്ടു തുടങ്ങിക്കഴിഞ്ഞു; ‘‘കരിമ്പു കൊണ്ടൊരു നയമ്പുമായെൻ കരളിൻ കായലിൽ വന്നവനേ...’’ ഹോ! ഇവളെക്കൊണ്ടു തോറ്റു.. കോളേജിൽ നിന്നു ‘ടൂർ’ പോകുവാനുള്ള ബസ്സിൽ കയറിയപ്പോൾ മുതൽ, പാട്ടും നൃത്തവും ഒക്കെയായി പൊടിപൊടിക്കുകയാണ് കക്ഷി.. 

കരിമ്പു ജ്യൂസ്‌ കയ്യിൽ കിട്ടിയപ്പോൾ, എന്തൊരാശ്വാസം! പതുക്കെ ഒന്ന് രുചിച്ചു നോക്കി. ഞാനറിയാതെ, ഓർമ്മയുടെ താളുകൾ പുറകിലേക്ക് മറിഞ്ഞു. കുറച്ചു വേനൽക്കാല ഓർമ്മകൾ!

മൂന്നാം ക്ലാസ്സിൽ നിന്നു പരീക്ഷയൊക്കെ ജയിച്ച്, നാലിലേക്കു കയറുന്നതിനു മുൻപുള്ള നീണ്ട അവധി തുടങ്ങിയ സമയം.. സൂര്യ താപം ഉച്ചസ്ഥായിയിൽ നിൽക്കുന്നു. എല്ലാ വേനൽക്കാലത്തും, ജലക്ഷാമം കൊണ്ടു ‘പൊറുതി മുട്ടിയിരുന്ന’ വീടായിരുന്നു ഞങ്ങളുടേത്‌.. കുന്നിൻചരിവിലുള്ള ഭവനത്തിന്റെ, കിഴക്കു ഭാഗത്തായുള്ള കിണർ, ചൂടിന്റെ ആധിക്യത്താൽ പണിമുടക്കിക്കൊണ്ടിരുന്നു. വെള്ളം വറ്റുന്നുവെന്നു കാണുമ്പോൾ, ഏറ്റവും വെപ്രാളം അമ്മയ്ക്കായിരുന്നു. ആധി മൂത്ത്, പല വിധ ആലോചനകളിൽ മുഴുകി, അവസാനം ഒരു നിർദ്ദേശം മുൻപോട്ടു വച്ചു..

അയൽക്കാരിൽ പലരുമായും, പല ചർച്ചകൾ നടത്തിക്കഴിഞ്ഞു എന്നും, ഇനിയൊരൊറ്റ വഴി മാത്രമാണുള്ളതെന്നുമാണ് മാതാവിന്റെ വാദം.. കാര്യം ഇതാണ്.. ഞങ്ങളുടെ വീടിനല്പം അകലെയായി, ഒരു വൃദ്ധ ദമ്പതികൾ താമസിച്ചിരുന്നു. അവർക്കു വറ്റാത്ത ഒരു കിണറുണ്ട്. അവിടെ വന്നു വെള്ളം എടുത്തു കൊള്ളുവാനും, കുളിമുറി ഉപയോഗിച്ചു കൊള്ളുവാനും അവർ സമ്മതിച്ചിരിക്കുന്നു. അതുകൊണ്ട്, അധികം വെള്ളം ആവശ്യമായി വരുന്ന കുളി, അലക്ക്, തുടങ്ങിയ കാര്യങ്ങളെല്ലാം, അവരുടെ വീട്ടിലാക്കിക്കൊള്ളണം.. ഇതാണ്, ജനനിയുടെ ആജ്ഞ.. സംഗതി ശിരസ്സാവഹിച്ചനുസരിച്ചില്ലെങ്കിൽ, പ്രശ്നം ആകും. അതു കൊണ്ട്, മനസ്സില്ലാമനസ്സോടെ സമ്മതിക്കേണ്ടി വന്നു.. 

അങ്ങനെ അപ്പത്തായിയുടെയും  കുഞ്ഞേമ്മയുടെയും വീട്ടിലേക്കുള്ള സവാരികൾ തുടങ്ങി.. കുഞ്ഞുങ്ങളില്ലാതെ ഒറ്റപ്പെട്ടിരുന്ന അവർ, ഞങ്ങളുടെ വരവോടെ, സംസാരപ്രിയരായി മാറി.. കിണറ്റിലെ വെള്ളം അമ്മ കോരുന്നതിനിടയിൽ, അപ്പത്തായി, തങ്ങൾ കിണറിന് എങ്ങനെ സ്ഥാനം കണ്ടുവെന്നും, തന്റെ ബുദ്ധി എങ്ങനെ കണ്ണാടി പോലുള്ള തെളിനീർ ലഭ്യമാക്കി എന്നും മറ്റുമുള്ള ചരിത്രം പറഞ്ഞ്, നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു.. 

എന്നാൽ, അമ്മയോടൊപ്പം കിണറ്റിൻകരയിൽ നിന്നിരുന്ന എന്റെ ശ്രദ്ധ മുഴുവൻ, കിണറിനോടു ചേർന്നു നിന്നിരുന്ന കരിമ്പു ചെടികളിൽ ആയിരുന്നു.. പച്ചയും കദളിയും നിറത്തിൽ, നല്ല നീളത്തിൽ, ഗമയിലാണ് അവയുടെ നിൽപ്.. ഇലകളോ? ഒരു സുന്ദരിപ്പെണ്ണിന്റെ കാർകൂന്തൽ എന്ന പോലെ, കാറ്റിൽ ആടി ഉലഞ്ഞു! അവയുടെ ആ നിൽപ്പും ഭാവവും, എനിക്കു നന്നേ ബോധിച്ചു.. കരിമ്പിൽ നിന്നാണ്‌ ‘പഞ്ചാര’ എടുക്കുന്നതെന്നും, ഇവ തൊലി ഒക്കെക്കളഞ്ഞു കഴിക്കുവാൻ ഉഗ്രൻ രുചിയാണെന്നും കേട്ടപ്പോൾ, എന്നിലെ ജിജ്ഞാസു ഉണർന്നു.. 

പിന്നെ ദിവസവും, അപ്പത്തായിയുടെ വീട്ടിൽ ചെല്ലുമ്പോൾ, കരിമ്പിനെ തൊട്ടു തലോടുക, അവയെ പല കോണുകളിൽ നിന്നു വീക്ഷിക്കുക, എന്നിവയായി എന്റെ പ്രിയ വിനോദങ്ങൾ.. കരിമ്പിൻ പാനീയം എടുക്കുന്ന വിധം, കരിമ്പു കഴിയ്ക്കുന്ന വിധം, എന്നു വേണ്ട, നാനാവിധ ചോദ്യങ്ങളുമായി ഞാൻ അപ്പത്തായിയെയും, കുഞ്ഞേമ്മയെയും ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നു. അവർക്കാണെങ്കിൽ, ഇതൊക്കെപ്പറഞ്ഞു തരുവാൻ ബഹുസന്തോഷം... പല നാളുകൾ കഴിഞ്ഞപ്പോൾ, ‘‘ഇത് എപ്പോൾ വിളയും?’’ എന്നുള്ള ചോദ്യത്തിലേക്കു  പ്രവേശിച്ചു. ‘‘ഉടനെ തന്നെ!’’ എന്നുള്ള ഉത്തരവും ലഭിച്ചു. 

പിറ്റേ ദിവസം, പതിവു പോലെ കരിമ്പിൻ ചെടിയുടെ ചുവട്ടിൽ ഉത്സാഹത്തോടെ ഓടിച്ചെന്നു. നോക്കിയപ്പോൾ, എന്തോ ഒരു മാറ്റം.. പല കമ്പുകളും ഒടിഞ്ഞു കിടക്കുന്നു! കരിമ്പിൻ ചെടികൾ പകുതിയും നശിച്ചിരിക്കുന്നു; അല്ലെങ്കിൽ ആരോ നശിപ്പിച്ചിരിക്കുന്നു! ഞാൻ അന്ധാളിച്ചു പോയി.. ആരാണ് ഈ ക്രൂര കൃത്യം ചെയ്തത്? വെപ്രാളത്തിൽ അപ്പത്തായിയെ വിളിച്ചു. ‘‘അപ്പച്ചാ, ആരാ നമ്മുടെ കരിമ്പിങ്ങനെ ഒടിച്ചത്?’’

‘‘കൊച്ചു തന്നെ, അല്ലാതാരാ? വേറേയാരും ആ കരിമ്പിന്റെ അടുത്ത് പോകാറുവില്ല, തൊട്ടു നോക്കാറുവില്ല. നിങ്ങളെ വെള്ളം കോരാൻ സമ്മതിച്ചത്‌, ഒട്ടകത്തിനു സ്ഥലം കൊടുത്ത പോലായിപ്പോയി.. കൊച്ചുങ്ങളായാൽ കുറച്ചു മര്യാദയൊക്കെ വേണം; അല്ലാതെ കണ്ടോന്റെ മുതൽ മുടിപ്പിക്കുവല്ല വേണ്ടത്.’’

വളരെ ദേഷ്യത്തിൽ ഇത്രയും പറഞ്ഞിട്ട്, ആ വൃദ്ധൻ അകത്തേക്ക് കയറിപ്പോയി.. ഞാൻ വായും പൊളിച്ചു നിന്നു പോയി. മനസ്സാവാചാ അറിയാത്ത കാര്യം! ജീവിതത്തിൽ എനിക്കു നേരെ വന്ന, ആദ്യത്തെ ശക്തമായ ആരോപണം! എങ്ങനെ നേരിടണം എന്ന് അറിയില്ല.. ഉള്ളിൽ നല്ല വിഷമം.. കിണറ്റിൻകരയിലെ തിട്ടയിൽ, ഇരുന്നു പോയി ഞാൻ.. എന്റെ സങ്കടം കണ്ടിട്ട്, ചേച്ചി ഒരു ഉപായം പറഞ്ഞു തന്നു. അടുക്കളയിൽ ചെന്ന്, കുഞ്ഞേമ്മയെക്കണ്ടു നിരപരാധിത്വം ബോധ്യപ്പെടുത്തുക. അവർക്കു മനസ്സിലാകാതിരിക്കില്ല. എങ്കിൽ അങ്ങനെ ചെയ്തു നോക്കാം.. 

അടുക്കള വാതിൽക്കലെത്തി, കുഞ്ഞേമ്മയെ വിളിക്കുന്നതു വരെ, നല്ല പ്രതീക്ഷകൾ തന്നെ ആയിരുന്നു. എന്നാൽ, ഇറങ്ങി വന്ന വൃദ്ധ, വാക്കുകൾ കൊണ്ടുള്ള ശരവർഷം ചൊരിഞ്ഞു. ഇതു പോലെയുള്ള ‘കുരുത്തം കെട്ട’ ഒരു കൊച്ചിനെ, അവർ കണ്ടിട്ടില്ല അത്രേ.. അവരുടെ ബന്ധുക്കളായ കുട്ടികൾ, വളരെ അടക്കവും ഒതുക്കവും ഉള്ളവരാണ്.. അല്ലാതെ, ഇതു പോലെ ‘കരിമ്പ് കക്കാൻ’ നടക്കുന്നവരല്ല.. ‘കട്ടതും’ പോരാഞ്ഞ്, കുറ്റം നിഷേധിക്കുകയും ചെയ്യുന്നു. ‘അഹങ്കാരം പിടിച്ച പിശാച്ചു കൊച്ച്!’ ഇങ്ങനെയൊക്കെയായിരുന്നു, കുഞ്ഞേമ്മയുടെ ശാപ വാക്കുകൾ.

ഇത്ര കേട്ടപ്പോഴേക്കും മതിയായി.. ആദ്യമായി, തെറ്റു ചെയ്യാതെ കുറ്റം ആരോപിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ധർമസങ്കടം, ഞാൻ അറിഞ്ഞു. ‘‘ചേച്ചിപ്പെണ്ണേ, നമ്മക്ക് പോകാം..’’ സഹോദരിയുടെ കയ്യ് പിടിച്ചു വലിച്ച്, ഒരു തരത്തിൽ അവിടെ നിന്നു മടങ്ങി.. കണ്ണിൽ നിന്നു നീർത്തുള്ളികൾ ഇറ്റിറ്റു വീണു കൊണ്ടേയിരുന്നു.. പ്രായത്തിനു താങ്ങാവുന്നതിനപ്പുറമുള്ള  വാക്കുകൾ, കൂരമ്പുകൾ പോലെ ഹൃദയത്തെ തുളച്ചു വേദനിപ്പിച്ചു.. 

അങ്ങനെ വെള്ളത്തിനായുള്ള അപ്പത്തായിയുടെ വീട്ടിലേക്കുള്ള യാത്രകൾ, ഞാൻ മതിയാക്കി.. ഇനി ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ, വലിഞ്ഞു കയറി ചെല്ലുകയില്ല, എന്ന് മനസ്സാ ഉറപ്പിച്ചു. ചെളി വെള്ളമാണെങ്കിലും, സ്വന്തം കിണറ്റിലെ ജലം തന്നെ അമൃത്.. അമ്മ കുറേ പറഞ്ഞു നോക്കി. അമ്മയും, ചേച്ചിയും, വീണ്ടും നാണമില്ലാതെ, കുടിനീരിനായി അപ്പത്തായിയുടെയും കുഞ്ഞേമ്മയുടെയും വീട്ടിൽ തന്നെ പൊയ്ക്കൊണ്ടിരുന്നു.. ഒരു നാൾ, അമ്മ തിരിച്ചു വന്നത് വലിയ ഒരു വാർത്തയും ആയാണ്.. 

അപ്പത്തായിക്കും, കുഞ്ഞേമ്മക്കും എന്നെക്കാണാഞ്ഞിട്ടു വളരെ വിഷമം ആണത്രേ.. ഒന്നു കണ്ടാൽ കൊള്ളാമെന്നുണ്ട്.. കരിമ്പു സംഭവത്തിൽ പറഞ്ഞതെല്ലാം, ‘കുഞ്ഞു’ മറക്കണം, എന്ന് പ്രത്യേകം പറഞ്ഞു വിട്ടിരിക്കുന്നു.. എനിക്കു  നല്ല ദേഷ്യമാണു വന്നത്.. ‘പിശാച്’, എന്ന് വിളിച്ചതൊക്കെ, എത്ര നിസ്സാരമായിട്ടായിരുന്നു! എന്നിട്ടിപ്പോൾ ക്ഷമയുമായി വന്നിരിക്കുന്നു. കരിമ്പു കട്ട കള്ളനെ പിടി കിട്ടിക്കാണും.. അപ്പോൾ, പറഞ്ഞതിൽ ഒക്കെ, കുറ്റബോധവും തോന്നിക്കാണണം..  അതാണിത്ര സ്നേഹം!

‘‘എനിക്കെങ്ങും പറ്റുകേല, അവരുടെ വീട്ടിപ്പോകാൻ.’’ എന്റെ ദൃഢ നിശ്ചയം! തീരുമാനം, എടുത്തപ്പോൾ ഉറച്ചതായിരുന്നുവെങ്കിലും, അതിനെ ഉലയ്ക്കുവാനുതകുന്ന വർത്തമാനങ്ങളും ആയി, വീട്ടിലുള്ളവർ എന്റെ ചുറ്റും കൂടി.

‘‘സന്താനഭാഗ്യം ലഭിക്കാത്ത, ആ വയോധികരോട്, നമ്മളങ്ങനെ പെരുമാറാൻ പാടില്ല. കാരണം, അത്രയധികം ദുഖങ്ങളിലൂടെയാണ്, അവർ കടന്നു പോകുന്നത്.. തന്നെയുമല്ല, കുട്ടികളോടെങ്ങനെ സംസാരിക്കണമെന്നു പോലും, അവർക്കു പരിചയമില്ല.. അതായിരിക്കുമങ്ങനെ സംഭവിച്ചു പോയത്. ഇതൊക്കെ കൊച്ചു പിള്ളേരാണു ക്ഷമിക്കേണ്ടിയത്.’’

ഇങ്ങനെയുള്ള, സഹതാപം ഉണർത്തുന്ന ഉപദേശങ്ങളുമായി, എനിക്കു ‘ചെവി തല’ തരാതെ, വീട്ടുകാർ എന്റെ സ്വൈര്യം കെടുത്തി ..

അങ്ങനെ പേരിന്, ആ വീട്ടിൽ ഒന്ന് പോയി വരാൻ ഞാൻ തീരുമാനിച്ചു.. അപ്പത്തായിയുടെയും കുഞ്ഞേമ്മയുടെയും സന്തോഷത്തിന് അതിരില്ലായിരുന്നു.. എന്നാൽ എട്ടു വയസ്സുകാരിപ്പെൺകുട്ടി, ചുവടുകൾ സൂക്ഷിച്ചു വയ്ക്കുവാൻ പഠിച്ചു തുടങ്ങിയിരുന്നു.. കരിമ്പിന്റെ ഭാഗത്തേക്കു പോകാതിരിക്കുവാനും, കരിമ്പ്, പഞ്ചസാര തുടങ്ങിയ പദങ്ങൾ സംസാരത്തിൽ വരാതെയും വരുത്താതെയും ഇരിക്കുവാനും, മനസ്സിനെ പറഞ്ഞു പരിശീലിപ്പിച്ചിരുന്നു..

അധികം വൈകാതെ, കുടി വെള്ളം തേടിയുള്ള അലച്ചിൽ അവസാനിക്കുകയും ചെയ്തു.. കാലവർഷം തകർത്തു പെയ്തു.. ഞങ്ങളുടെ കിണറും നിറഞ്ഞു കവിഞ്ഞു.. ഏറ്റവും സന്തോഷം എനിക്കായിരുന്നു.. ഇനിയും മറ്റൊരു വീട്ടിൽ പോയി, വഴക്കും വയ്യാവേലിയും, ഒന്നും വേണ്ടല്ലോ. പിറ്റേ വർഷം, അല്പം താഴെയായി, പറമ്പിൽ, ഒത്ത സ്ഥാനത്ത്, ഒരു കിണർ കുഴിക്കുവാൻ തീരുമാനം ആകുകയും, പിന്നീടുള്ള വർഷങ്ങൾ, വെള്ള പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്തു.. നാളുകൾ കഴിഞ്ഞപ്പോൾ, എന്റെ  ദേഷ്യവും സങ്കടവും ഒക്കെ എങ്ങോട്ടാ പോയ്മറഞ്ഞു.. തന്നെയുമല്ല, അപ്പത്തായിയെയും കുഞ്ഞേമ്മയെയും തന്നെ, ഞാൻ മറന്നു പോയി, എന്നുള്ളതാണ് സത്യം.. 

വർഷങ്ങൾക്കു ശേഷം, ടിപ്പു സുൽത്താന്റെ നാട്ടിൽ എത്തിയപ്പോൾ ആണ്, കരിമ്പു കഥ ഓർമ വന്നത്.. കരിമ്പിന്റെ നാലു തണ്ടുകൾ നഷ്ടപ്പെട്ടപ്പോൾ, സത്യാവസ്ഥ അന്വേഷിക്കാതെ പൊട്ടിത്തെറിച്ച, അപ്പത്തായിയും, കുഞ്ഞേമ്മയും, കാലം മാറി മറിഞ്ഞപ്പോൾ, വീണ്ടും ബലഹീനരായി. മരണം ഏതു നിമിഷവും പടി കടന്നു വരുമെന്ന് ഉഴറി, വിഷമിച്ചു നിസ്സഹായരായി. ജീവിത സായാഹ്നത്തിൽ ആലംബമാകും, എന്ന്‌ അവർ പ്രതീക്ഷിച്ചിരുന്ന ബന്ധുക്കൾ, അവരുടെ സ്വത്തിനും വീടിനുമായി കടിപിടി തുടങ്ങുകയും ചെയ്തു. ഈ കാര്യങ്ങൾ ഒക്കെയും, വീട്ടിൽ വിളിച്ചപ്പോളെപ്പോഴോ, അമ്മ പറഞ്ഞു കേട്ടിരുന്നു.. 

മധുരംകിനിയുന്ന കരിമ്പിൻ  ചെടികൾ നട്ടു പിടിപ്പിച്ചുവെങ്കിലും, ശാശ്വതമായ ഹൃദയബന്ധങ്ങളെ പരിപോഷിപ്പിക്കുവാൻ, അവർ പാടേ  മറന്നു പോയിരുന്നിരിക്കാം.. അല്ലെങ്കിലും, സ്വാർഥരായ മനുഷ്യർ നിറയെ ഉള്ള ഈ ലോകത്ത്, മനുഷ്യർക്കിടയിൽ സ്വത്തിനും, പണത്തിനും, പദവിക്കും മേലെയുള്ള, ബന്ധങ്ങളോ സന്തോഷങ്ങളോ ഉണ്ടോ? ഉണ്ടെങ്കിൽ തന്നെ, അവയ്ക്ക്‌ എന്തെങ്കിലും വില, ആരെങ്കിലും കൊടുക്കുമോ? അറിയില്ല...

‘‘കൊതുമ്പു തോണിയിൽ എന്നെ ഇരുത്തി, തുഴഞ്ഞു പോവുക നീ’’ ഈ പെണ്ണ്, പാട്ടു നിർത്തുന്ന മട്ടില്ല.. ഓർമ്മപുസ്തകം, തത്കാലം അടച്ചു വച്ച്, കരിമ്പിൻ ജ്യൂസ്‌ ഒറ്റയടിക്കു വലിച്ചു കുടിച്ചു. വിജിയുടെ കയ്യും പിടിച്ച്, ടൂർ ബസ്സിന്റെ അടുത്തേക്ക്, ധൃതിയിൽ നടന്നു.. സമയം ഇപ്പോൾ തന്നെ താമസിച്ചിരിക്കുന്നു.. ഇനിയും  കാണുവാൻ കാഴ്ചകൾ വളരെ ഏറെ.

English Summary: Karimpu, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;