ADVERTISEMENT

വിടരാത്ത പൂമൊട്ടുകൾ (കഥ) 

 

കോഫി ഹൗസിന്റെ കുടയ്ക്ക് കീഴിൽ കാപ്പിക്ക് ഓർഡർ കൊടുത്തിരിക്കുമ്പോൾ  ഞാൻ ആലോചിക്കുകയായിരുന്നു.

‘‘എന്തിനാവും കാണണമെന്ന് പറഞ്ഞത്? അതും ഇന്നു തന്നെ’’

 

അവധിക്കാലം തുടങ്ങാൻ പോകുന്ന ലഹരിയിൽ ക്യാമ്പസിൽ ആഘോഷങ്ങളാണ്.

 

ട്രയാംഗളിലെ, കൂട്ടം കൂടിയിരിക്കുന്ന ആൺകുട്ടികളുടെ ഇടയിൽ നിന്ന്, പെട്ടെന്ന് കൂട്ടച്ചിരി ഉയർന്ന് താഴും, ഒരു വേലിയേറ്റത്തിലെ തിരമാല പോലെ.  ആരെയെങ്കിലും പാരവച്ചുള്ള കമന്റുകൾ ആയിരിക്കും. അല്ലെങ്കിൽ ഏതെങ്കിലും  പെൺകുട്ടികളെ കളിയാക്കിക്കൊണ്ടുള്ളത്, ആർക്കെങ്കിലും പറ്റിയ അമളി. ഏതായാലും ഉച്ചത്തിലുള്ള ചിരികൾ ഉയർന്നു താഴ്ന്നു കൊണ്ടിരുന്നു.

 

സമയം മൂന്നര ആകുന്നതേയുള്ളൂ കാന്റീനിൽ തിരക്കു കൂടി തുടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ് താൻ ഈ കുടക്കീഴിൽ വന്നിരുന്നത്.

അല്ലെങ്കിലും എപ്പോഴും ഏകാന്തതയായിരുന്നുവല്ലോ തനിക്ക് പ്രിയം.

 

 

‘‘ഹായ്, അനിൽ, എന്താ ഒറ്റയ്ക്ക്? പുതിയ എന്തെങ്കിലും രചനയുടെ പണിപ്പുരയിലാണോ?’’

 

ജൂനിയറിലെ ഹരിയാണ്. സൗമ്യൻ അധികം സംസാരിക്കാറില്ല. പലപ്പോഴും മിണ്ടിയാൽ  തന്നെ സാഹിത്യം ആയിരിക്കും പ്രധാന ചർച്ചാവിഷയം. 

 

‘‘ഹേയ് ഒന്നുമില്ല; വെറുതെ ഇരുന്നു എന്നേയുള്ളൂ. ഇന്ന് കോഴ്സ് തീരുകയല്ലേ ഇനിയിവിടെ ഇങ്ങനെയൊക്കെ ഇരിക്കാൻ പറ്റുമോ?’’ ഞാനെന്റെ ഏകാന്തതയ്ക്ക് വിശദീകരണം നൽകാൻ ശ്രമിച്ചു.

 

ഓ അനിലിന്റെ ഹൗസ് സർജൻസി ഇന്ന്  തീരുകയാണ് അല്ലേ? അപ്പോൾ ഓർമ്മകളുടെ പൂമരത്തണലിൽ ആണ്. ഹരി സാഹിത്യം സംസാരിച്ചു തുടങ്ങിയിരിക്കുന്നു. പുതിയ കവിതകൾ വല്ലതും?

 

ഓ, അതൊക്കെ നിർത്തി. അല്ലെങ്കിൽ തന്നെ ജീവിതം തന്നെ ഒരു കവിതയല്ലേ! കാലം രചിക്കുന്ന കവിത!

 

മറുപടിയിലറിയാതെ സാഹിത്യം കടന്നുവന്നു.

 

നല്ല മൂഡിൽ ആണെന്ന് തോന്നുന്നു. എന്തായാലും ഞാൻ ഡിസ്റ്റർബ് ചെയ്യുന്നില്ല. എനിക്ക് പാക്ക് ചെയ്യാനുണ്ട് കോളജ് ബസ്സിന് പോകേണ്ടതാണ്. കോൺവക്കേഷന് വിളിക്കുമല്ലോ ല്ലേ ഹരി കൈവീശി ബൈ പറഞ്ഞ് തിരക്കിട്ട് നടന്നു. ഞാൻ ആലോചിക്കുകയായിരുന്നു എത്രനാളായി എന്തെങ്കിലും എഴുതിയിട്ട്? ഒന്നും തോന്നാത്തത് അല്ല മനപ്പൂർവം എഴുതാത്തത് ആണ്. എഴുത്ത് ആരംഭിക്കുന്നത് തന്നെ ഈ ക്യാമ്പസിൽ നിന്നാണല്ലോ? ഇവിടുത്തെ അനുഭവങ്ങൾ, ഇവിടുത്തെ സുഹൃത്ബന്ധങ്ങൾ, ജയപരാജയങ്ങൾ ഇവയാണ് തന്നെ കൊണ്ടെഴുതിച്ചത്. ക്യാമ്പസിൽ വന്നതിനു ശേഷം ആദ്യമായി എഴുതിയ കവിത താൻ ഇപ്പോഴും ഓർക്കുന്നു. സൗഹൃദത്തെക്കുറിച്ച് പഴയ പുസ്തകങ്ങൾ. അടുക്കുമ്പോൾ കിട്ടിയത്. പിന്നെയും എത്രയോ എഴുതി, അല്ല എഴുതിച്ചു എന്ന് പറയുന്നതാവും ശരി. എന്തിനെക്കുറിച്ചെല്ലാം ആധുനികത,ആത്മീയത പ്രണയം അങ്ങനെ ഒരുപാട് ഒരുപാട്.പക്ഷേ ഒന്നും വെളിച്ചം കണ്ടില്ല. തനിക്ക് ഭയമായിരുന്നു തൻറെ ജൽപനങ്ങൾ ആളുകൾ എങ്ങനെ കാണുമെന്ന ഭയം.

 

മുന്നിലെ ബെഞ്ചിൽ ഒരു ആൺകുട്ടിയും പെൺകുട്ടിയും വന്നിരുന്നു. തന്നെ കണ്ടപ്പോൾ പരിചയ ഭാവത്തിൽ ആൺകുട്ടി ചിരിച്ചു. ഫസ്റ്റ് ഇയർ ആണെന്ന് തോന്നുന്നു. എന്തായാലും ഏറ്റവും ജൂനിയറാണ്. അവനെ അത്ര പരിചയം പോര. താനും ചിരിച്ചെന്നു വരുത്തി.

 

പെൺകുട്ടി ഇംഗ്ലീഷിൽ എന്തോ പറഞ്ഞു രണ്ടാളും കൂടി ഉറക്കെ ചിരിച്ചു.

താൻ ശ്രദ്ധിക്കുന്നത് ആ പെൺകുട്ടി ശ്രദ്ധിച്ചു എന്ന് തോന്നുന്നു. അവൾ പെട്ടെന്ന് ചിരി നിർത്തി വിളിച്ചുകൂവി.

 

‘‘വെയിറ്റർ, രണ്ട് കോഫി’’ അവർ കാമുകീകാമുകന്മാരായിരിക്കും. അതോ സുഹൃത്തുക്കളോ? തന്റെ ചിന്തകൾ കാടു കയറി തുടങ്ങി. അല്ലെങ്കിൽ തന്നെ ഇതൊക്കെ എന്തിന് അന്വേഷിക്കുന്നു. ഇങ്ങനെ എത്രയെത്ര ബന്ധങ്ങൾ ഒരു  ടേബിളിന് ചുറ്റുമുള്ള സൗഹൃദം. യൂണിറ്റ് മേറ്റുകൾ തമ്മിലുള്ള സൗഹൃദം, ഒരു മസാലദോശയ് ചുറ്റും വിരിയുന്ന സൗഹൃദം. അവയിൽ ചിലത് പ്രണയമാകുന്നു, പൂക്കുന്നു, കായ്ക്കുന്നു ചിലത് അകാലത്തിൽ കൊഴിയുന്നു. വിടരാത്ത പൂമൊട്ടുകളായി ചിലർ ചില ബന്ധങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നു. എന്റെ കണ്ണുകൾ ആ  ആൺകുട്ടിയെയും  പെൺകുട്ടിയെയും ശ്രദ്ധിച്ചു കൊണ്ടിരുന്നു.

 

ചിന്തകൾ വർഷങ്ങൾക്കു പുറകിലേക്ക് പാഞ്ഞു. ഇതുപോലെ ഒരു കുടക്കീഴിൽ ഒരു ടേബിളിന് അപ്പുറത്തും ഇപ്പുറത്തും ആയി ഒരു ആൺകുട്ടിയും പെൺകുട്ടിയും. അവൾ കൃശഗാത്രി ആയിരുന്നില്ല, വെളുത്തിട്ടുമായിരുന്നില്ല. നല്ല സാഹിത്യഭാഷയിൽ മലയാളം സംസാരിക്കുമായിരുന്നു. അവർക്കിടയിൽ സാഹിത്യവും, ചരിത്രവും, വേദാന്തവും, സിനിമയും, രാഷ്ട്രീയവും എല്ലാം ചർച്ചയ്ക്ക് വരുമായിരുന്നു. എന്തെല്ലാം വിഷയങ്ങൾ മണിക്കൂറുകളോളം നീളുന്ന ചർച്ചകൾ.. ഒടുവിൽ മാനേജർ കാന്റീൻ അടയ്ക്കാൻ നേരം കസേരകൾ എടുത്തു വയ്ക്കാൻ വരുമ്പോൾ, അല്ലെങ്കിൽ വാദപ്രതിവാദം മൂത്ത് വഴക്കിൽ എത്തുമ്പോഴാണ് അവർ സംഭാഷണം അവസാനിപ്പിക്കാറുള്ളത്.

 

ആ സംഭാഷണങ്ങളുടെ അവസാനത്തെ ദിവസം ഇന്നും ഓർമ്മയുണ്ട്. ഇതുപോലെ ഒരു അവധിക്കാലം തുടങ്ങാൻ പോകുന്ന ലഹരിയിലായിരുന്നു ക്യാമ്പസ്. കാപ്പിയും കുടിച്ചു കുടക്കീഴിൽ ഇരിക്കുമ്പോൾ അവർ പലതിനെയും കുറിച്ച് സംസാരിച്ചു. ഒഴിവുകാലത്തെ പരിപാടികളെക്കുറിച്ച്, കഴിഞ്ഞ പരീക്ഷകളെക്കുറിച്ച്.... താനാണ് അന്ന് വിഷയം മാറ്റിയത്. താൻ ചോദിച്ചു 

‘‘ഞാനൊരു കാര്യം ചോദിച്ചാൽ അനിത  ദേഷ്യപ്പെടുമോ? ’’

‘‘അത് കാര്യം പറയട്ടെ' എന്നായി അവൾ.’’

‘‘നമ്മൾ തമ്മിലുള്ള ബന്ധം തുടങ്ങിയിട്ട് എത്ര കാലമായി?’’

‘‘എന്താ ഇപ്പോൾ ഇങ്ങനെ ചോദിക്കാൻ നമ്മൾ ഒരുമിച്ച് പഠിക്കാൻ തുടങ്ങിയതിൽ പിന്നെ’’ അവൾ ആശ്ചര്യത്തോടെ പറഞ്ഞു.

 

‘‘അല്ല യുഗങ്ങളുടെ പഴക്കമുണ്ട് ഈ ബന്ധത്തിന്. അത് യുഗങ്ങളോളം നില നിൽക്കുമോ?’’ എന്റെ സാഹിത്യം മനസ്സിലാവാത്ത പോലെ അവൾ ചോദിച്ചു–

 

‘‘അല്ല ,അനിൽ എന്താണ് ഉദ്ദേശിക്കുന്നത്?’’

 ‘‘ഞാൻ ...എന്നും ...എന്റെ കൂടെ ...’’

ആ വാചകം പൂർത്തിയാക്കുവാൻ എനിക്ക് കഴിഞ്ഞില്ല. അവളുടെ മുഖഭാവം എന്നെ സ്തബ്ധനാക്കി എന്നു പറയുന്നതാവും ശരി. ആദ്യം ഒരു അമ്പരപ്പ്, പിന്നെ ഒരു പൊട്ടിത്തെറി. 

 

‘‘നോക്കൂ അനിൽ. അനിലിനെ കുറിച്ച് ഞാൻ ഇങ്ങനെ ഒന്നും കരുതിയില്ല. എന്നെക്കൊണ്ട് സാധ്യമല്ല. നിങ്ങളെക്കുറിച്ച് ഇങ്ങനെയല്ല കരുതിയത്.

അനിലല്ലായിരുന്നെങ്കിൽ....’’

 

 അവൾ ദേഷ്യപ്പെട്ട് എഴുന്നേറ്റുപോയി. എന്തു കരുതിയത്? ഞാൻ എന്തു ചെയ്തു എന്നാണ്? ഞാൻ ആയതുകൊണ്ട് എന്താ? എന്താ തനിക്കുള്ള പ്രത്യേകത? എന്നൊക്കെ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ചോദിച്ചില്ല അല്ലെങ്കിലും, ചോദിക്കേണ്ട ചോദ്യങ്ങൾ ചോദിക്കേണ്ട സമയത്ത് താൻ ചോദിക്കാറില്ലല്ലോ.

 

പിന്നെയും കാണാറുണ്ടായിരുന്നു. പക്ഷേ പഴയപോലെ വാചാലത ഇല്ല. അളന്നു കുറിച്ച വാക്കുകൾ ഔപചാരികത നിറഞ്ഞ സംഭാഷണങ്ങൾ. താൻ എന്താണ് ഇത്ര വലിയ തെറ്റ് ചെയ്തത് എന്ന് അന്നും ഇന്നും എനിക്ക് മനസ്സിലായിട്ടില്ല. അല്ലെങ്കിലും എല്ലാ ചോദ്യങ്ങൾക്കും എപ്പോഴും ഉത്തരം കിട്ടാറില്ലല്ലോ.

 

പിന്നീടൊരിക്കൽ ഒരു ആശംസാ  കാർഡിൽ അവൾ എഴുതി.

 

‘സുഹൃത്തേ, ജീവിതം ഒരു യാത്രയാണ് സഹയാത്രികർ തമ്മിലുള്ള ബന്ധമാണ്  നാം ഓരോരുത്തരും തമ്മിലുള്ളത്. യാത്രയുടെ അവസാനത്തോടെ എല്ലാം അവസാനിക്കും. എല്ലാം നശ്വരങ്ങളാണ്. മറ്റൊരാളെ കൂടാതെ നമുക്ക് ജീവിക്കാൻ കഴിയില്ലയെന്ന് ചിന്തിക്കുന്നതേ  മൗഢ്യമാണ്. ആർക്കും ആരെ കൂടാതെയും ജീവിക്കാം.’

 

ഫിലോസഫിയെ കൂട്ടുപിടിച്ച് എഴുതിയ വാക്കുകൾ, അത്രയേ തനിക്ക് തോന്നിയുള്ളൂ.

 

ഇതിലും നന്നായി ഫിലോസഫി പറയുവാൻ തനിക്ക് കഴിയുമായിരുന്നു. പക്ഷേ ഹൃദയത്തിന്റെയും ബുദ്ധിയുടെയും ഭാഷ എപ്പോഴും രണ്ടായിരുന്നുവല്ലോ!

 

തിരിച്ച് തനിക്കും ചോദിക്കണമെന്നുണ്ടായിരുന്നു. നിങ്ങളും നിങ്ങളുടെ അമ്മയും തമ്മിലുള്ള ബന്ധം നശ്വരമാണോ? താനല്ലേ ഒരിക്കൽ പറഞ്ഞത് അമ്മയെ കൂടാതെയുള്ള ജീവിതം തനിക്ക് ആലോചിക്കുവാൻ വയ്യെന്ന്.

അപ്പോൾ എല്ലാ ബന്ധങ്ങളും നശ്വരങ്ങളല്ല. ബന്ധങ്ങൾക്ക് നാം കൽപ്പിക്കുന്ന വിലയാണ് അവയെ നശ്വരവും അനശ്വരവും ആക്കുന്നത്.

 

‘‘ഇനിയെന്തെങ്കിലും?’’ കാപ്പി കൊണ്ട് വന്ന ബെയററുടെ ചോദ്യമാണ്

 തന്നെ ചിന്തകളിൽ നിന്നുണർത്തിയത്.

 

‘‘ഒന്നും വേണ്ട ’’

 

ഇനിയും കാണുന്നില്ലല്ലോ? മൂന്നരയ്ക്ക്  വരാം  എന്നല്ലേ പറഞ്ഞത്. ഇന്ന് കാലത്ത് റൗണ്ട്സ്  കഴിഞ്ഞ് ചായകുടിക്കാൻ പോകുമ്പോഴാണ് ആരതി പറഞ്ഞത്.

അനിൽ വൈകുന്നേരം ഫ്രീ ആണെങ്കിൽ എനിക്ക് തനിച്ച്  ഒന്ന് കാണണം. ഒരു അത്യാവശ്യ കാര്യം പറയാനുണ്ട്. മറന്നു കാണുമോ ? നാല് മണി ആകുന്നു. കോളേജ് ബസ് പുറപ്പെടാറായി. വലിയ ബാഗുമെടുത്ത് എടുത്ത് കുട്ടികൾ ബസിന്റെ അടുത്തേക്ക് ഓടുന്നു. നാട്ടിൽ പോകാനുള്ള തിരക്കിലാണ്. 

 

ആ കൂട്ടത്തിൽ ആരതി വരുന്നത് അപ്പോഴാണ് ശ്രദ്ധിച്ചത്.

‘‘സോറി അനിൽ .എനിക്ക് എന്റെ ഒരു കസിനെ കാണണമായിരുന്നു. അവൾ നാട്ടിലേക്ക് പോകുമ്പോൾ കുറച്ചു പുസ്തകങ്ങൾ തിരിച്ചു കൊടുക്കാൻ ആണ്. ഞാൻ എന്തായാലും കോൺവെക്കേഷൻ കഴിഞ്ഞേ പോകുന്നുള്ളൂ. അതിനുമുമ്പ് കാണാൻ പറ്റിയില്ലെങ്കിലോ എന്ന് കരുതിയാണ് കാണണമെന്ന് പറഞ്ഞത്.’’

ആരതി ഇരിക്കൂ, ഞാൻ ആദിത്യമര്യാദ കാട്ടി .

 

‘‘സാർ ഇനിയെന്തെങ്കിലും?’’ പുതിയൊരു  കസ്റ്റമറെ കൂടി കണ്ടപ്പോൾ വെയിറ്റർ വീണ്ടും വന്നു.

‘‘ഒരു കാപ്പി ആയിക്കോട്ടെ’’ ആരതി മടികാണിച്ചില്ല.

 

അയാൾ പോയപ്പോൾ ഞാൻ ചോദിച്ചു. ‘‘എന്താണ് തനിച്ച് കാണാൻ പറയാൻ കാരണം ?’’

 

‘‘അത് മറ്റൊന്നുമല്ല അനിൽ, തെറ്റിദ്ധരിക്കരുത്. ഞാൻ ഒരു കാര്യം ചോദിക്കണം എന്ന് കുറെ നാളായി വിചാരിച്ചിട്ട്. ഒരു റൂമർ കേൾക്കുന്നു. സത്യമാണോ എന്നറിയാൻ വേണ്ടി ചോദിക്കുന്നതാണ് എന്ന് കരുതിയാൽ മതി. അനിൽ എങ്ങനെയാണ് എന്നെ കാണുന്നത്? ഐ മീൻ ...’’

 

എന്താണ് ഉദ്ദേശിക്കുന്നത് എന്ന് തനിക്കറിയാം. ഒരു ഭാവഭേദമില്ലാതെ ഞാൻ പറഞ്ഞു. 

‘‘ഒരു സുഹൃത്ത് അല്ലെങ്കിൽ ഒരു സഹപാഠി.’’

 

‘‘സോറി അനിൽ, ഞാൻ മറ്റു ചിലർ പറയുന്നത് കേട്ട് ചോദിച്ചതാണ്. തെറ്റിദ്ധരിക്കരുത്.’’ ആരതിയുടെ ശബ്ദമിടറുന്നുണ്ടായിരുന്നു.

 

തനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു, എന്താ അങ്ങനെ തോന്നാൻ എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും ... അല്ലെങ്കിൽ ദേഷ്യപ്പെടാമായിരുന്നു. എന്തുകൊണ്ടാണ് കുട്ടി അനാവശ്യം പറയുന്നത്? പക്ഷേ ദേഷ്യപ്പെട്ടില്ല. ആവശ്യവും അനാവശ്യവും വ്യക്തിപരമായ കാര്യങ്ങളല്ലേ.

 

മറ്റുചിലർ ആരാണെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിച്ചില്ല അല്ലെങ്കിൽ തന്നെ അറിഞ്ഞിട്ട് എന്തിനാണ്? മറ്റുള്ളവരുടെ ചിന്തകൾക്ക് നമുക്ക് കടിഞ്ഞാണിടാനാവില്ലല്ലോ അല്ലെങ്കിൽ തന്നെ ഒരാളോടും നമ്മളെ സ്നേഹിക്കണം ന്നോ വെറുക്കണമെന്നോ പറയുവാൻ നമുക്ക് അധികാരം ഇല്ലല്ലോ.

 

‘‘സോറി അനിൽ ഞാൻതെറ്റായി എന്തെങ്കിലും... ആരതി ശബ്ദത്തിന്റെ ഇടർച്ച മറയ്ക്കുവാൻ പാടുപെന്നുണ്ടായിരുന്നു.

 

എന്ത്  തെറ്റും ശരിയും? ഈ ശരിയും തെറ്റും ആപേക്ഷികമല്ലേ? ഫിലോസഫിയുടെ കൂട്ടുപിടിച്ച് ഒരു മറുപടി പറയാമായിരുന്നു. പക്ഷേ പറഞ്ഞില്ല. ഫിലോസഫിക്ക് ആത്മാവിന്റെ ചോദ്യങ്ങൾക്കെ ഉത്തരം നൽകാനാവൂ. മജ്ജയും മാംസവും മനസ്സുമുള്ള മനുഷ്യന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാവില്ല.

 

 സർ കാപ്പി. ബെയറർ കാപ്പി കൊണ്ട് വന്നു.

‘‘ബില്ല്’’

ഞാൻ പോകാൻ സമയമായി എന്ന് സൂചിപ്പിച്ചു കൊണ്ട് പറഞ്ഞു .

 

ബില്ലിന്റെ പൈസ കൊടുത്ത് യാത്രപറഞ്ഞ് നടക്കുമ്പോൾ മനസ്സിൽ ഒരു ഓർമ്മ വന്നത് പണ്ട് പഠിച്ച ഒരു സംസ്കൃത ശ്ലോകമായിരുന്നു.

 

യാം ചിന്തയാമി സതതം 

മയി സാ വിരക്താ

സാപ്യന്യമിച്ഛതി ജനം സോപ്യന്യജനസക്ത:

 

(ആരെക്കുറിച്ച് ഞാനെപ്പോഴും ചിന്തിക്കുന്നുവോ അവൾക്കെന്നിൽ താൽപ്പര്യമില്ല. അവൾ മറ്റൊരാളെ ആഗ്രഹിക്കുന്നു. അവനാകട്ടെ വേറൊരാളെയും.)

 

തിരിച്ചറിയപ്പെടാത്ത പ്രണയം വിടരാത്ത പൂമൊട്ടായി കൊഴിയുന്നു.

 

English Summary: Vidaratha poomottukal Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com