ADVERTISEMENT

ബോൺസായ് (കഥ)

പരിണാമവഴികളിലൂടെ നഷ്ടപ്പെടാതെ കാത്തുസൂക്ഷിച്ചു പോന്ന ഒരു പൊതുവായ തന്മാത്രയാവണം എല്ലാ ജീവനെയും വികാരങ്ങളിൽ ബന്ധിപ്പിച്ച് നിർത്തുന്നത്. 

ഞാനിത് പറഞ്ഞത് ഇനി പറയാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി സമർത്ഥിക്കാനാണ്. ജീവന്റെ സമസ്ത മേഖലകളെയും അഞ്ചു പ്രവിശ്യകളായി (five kingdoms) ഇന്ന് തരം തിരിച്ചെങ്കിലും അവയുടെയെല്ലാം ഉത്ഭവം നിഗൂഢമായ ഒരു സ്രോതസ്സിൽ  ഒളിഞ്ഞിരിക്കുകയാണ്. 

അതൊരു ഒറ്റയായ തന്മാത്രയാവാം. 

 

ജീവൻ തുടിക്കുന്ന ഒരേക തന്മാത്രയിൽ നിന്ന് രൂപം കൊണ്ട സമസ്ത ജീവലോകം. അപ്പോൾ എല്ലാം എല്ലാറ്റിലും ബന്ധപ്പെട്ടു കിടക്കുന്നു. അങ്ങനെ മിഥ്യയും ഗൂഢാർത്ഥങ്ങളും കലർന്ന, സത്യം നുണകളോട് ചേർന്നു വാഴുന്ന ഈ ലോകത്ത് സ്നേഹമെന്ന സന്നിഗ്ധ വികാരത്തെ ഏതിലേക്കും നമുക്ക് സന്നിവേശിപ്പിക്കാൻ ആവും. അത്തരമൊരു സ്നേഹമായിരുന്നു ഞാൻ ആ ബോൺസായിലും കണ്ടെത്തിയത്. അതിനൊരു കാരണവും ഉണ്ട്. 

 

ഒരു കളിക്കൂട്ടുകാരി, ഒരു സുഹൃത്ത്, ഒരു പ്രണയം എന്ന മനുഷ്യന്റെ കാല്പനിക നാമം സ്വീകരിച്ച ബന്ധത്തെ തിരിച്ചറിയാൻ പോന്ന പക്വത എത്തുന്നതിന് മുൻപേ രേണുവിന്റെ ആകസ്മികമരണം എന്നെ മാനസികമായി അലട്ടിയിരുന്നു. ആ സ്നേഹത്തെ മാനസിക തലത്തിൽ  ഉപേക്ഷിക്കാൻ എന്റെ മനസ്സ് പര്യാപ്തമയിരുന്നില്ല എന്നതായിരുന്നു കാരണം. 

 

സ്നേഹം തോന്നുന്ന എല്ലാറ്റിലും ഞാൻ  രേണുവിനെ അറിയാതെ കണ്ടു. അത് നിങ്ങൾക്ക് പറഞ്ഞാൽ മനസിലായെന്ന് വരില്ല. കാരണം, ഒരകൽച്ചയ്ക്ക് ഇടമില്ലാത്ത ബന്ധമായിരുന്നു ഞാനും രേണുവും തമ്മിൽ. അതു പോലെ തന്നെ ആയിരുന്നു പിന്നീട് ആ ബോൺസായിയോടും, ചിലപ്പോൾ അതിനേക്കാൾ ഏറെയോ. അതുകൊണ്ടാവാം ഇതെഴുതാൻ ഞാൻ പ്രേരിതൻ ആയതും. 

 

പതിനാലുവർഷം.

പതിനാല് വർഷത്തിനൊടുവിൽ ഞാനിതെഴുതുമ്പോൾ അതിന്റെ അവസാന സ്മരണ സ്ഫുരിക്കുന്ന വാക്കുകൾ ആവരുത് ഇതെന്ന ഒരാഗ്രഹമുണ്ട്. (ചില സത്യങ്ങൾ മറയ്ക്കാൻ ചിലപ്പോൾ മറ്റു ചില സത്യങ്ങൾ പറയുക തന്നെ വേണം ) 

 

വീണ്ടും വീണ്ടും അതിനെപ്പറ്റി ചിന്തിച്ച് നേരം കളയാനില്ല. ചിന്തകൾക്കും ഉറക്കമാവാം. അവയ്ക്കും ഞാൻ വിശ്രമം കൊടുക്കണം. ആ പതിനെട്ട് ഇഞ്ച് നീളം മാത്രമുള്ള ബോസായിക്ക് ഞാൻ എന്റെ ഹൃദയത്തിൽ വലിയൊരു ഇടം കണ്ടെത്തിയിരുന്നു. അതിൽ ഒരത്ഭുതം എനിക്കും തോന്നാറുണ്ട്. ആ തോന്നലായിരുന്നു ആദ്യം, മറ്റൊരർത്ഥത്തിൽ, സ്നേഹമായി മാറിയത്. 

 

എന്നാൽ ഇന്ന് ആ സ്ഥാനം ഞാൻ മറ്റൊന്നിലേക്ക് കടത്തിവിട്ടു. അപ്പോൾ ആ ചെറിയ മരത്തിന്മേൽ പഴുത്ത് തുടങ്ങിയ കുറച്ച് മൾബറി കായ്കൾ ഞാന്ന് കിടന്നിരുന്നു. 

‘‘യഹ് ആപ്കേലിയെ ക്യാ ഹെ?’’

‘‘ഇസ്മെൻ കുച്ഛ് ഹെ. കുച്ഛ് ഐസാ ജോ ഇസ്‌ ദുനിയാ കൊ ഞ്യാൻ സെ പോഷിത് കർത്താ ഹെ.  ക്യോങ്കി ഹം വഹാം ദുനിയാ മെയിൻ രഹത്തെ ഹൈൻ.’’ 

അന്ന് കുറച്ച് വർഷങ്ങൾക്ക് മുൻപ് പൂജയോട് പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു. അതെ നമ്മൾ അവരുടെ ലോകത്താണ്. നമ്മെ പിടിച്ചു നിർത്തുന്ന ലോകം. നമ്മെ മോഹിപ്പിക്കുന്ന അവരുടെ ലോകം. 

 

എഴുതാൻ മോഹിച്ച്, ഇടം തേടി നടന്നിരുന്ന ഒരു കാലത്ത് ഞാൻ അവളെ മാത്രമേ മറക്കാതെ കൊണ്ട് നടന്നിരുന്നുള്ളു. ആ ബോൻസായിയെ. തുരുമ്പിന്റെ മണം പരത്തി പായുന്ന ബസുകളിലും നരച്ച  ട്രെയിൻ കംപാർട്‌മെന്റുകളിലും എന്റെ ഒപ്പം സ്ഥാനം പിടിച്ച ആ ബോൺസായ് വൃക്ഷത്തിന് എന്റെ ഇന്നു വരെയുള്ള ഓർമ്മകളുടെ കാലയളവുണ്ട്.  

             

ഒരിക്കൽ സൺ‌ഡേ സ്കൂൾ കഴിഞ്ഞ് വരുന്ന, ഒരു ചെറു പ്രായത്തിൽ (മഴത്തുള്ളികൾ വെയിൽ തട്ടി  വെളിച്ചം പ്രതിഫലിപ്പിച്ച് നിൽക്കുന്ന ഒരു കുളിർന്ന പ്രഭാതം ഇന്നും ഓർമയിൽ ഉണ്ട്), വഴിയരികിലുള്ളൊരു വീട്ടുമുറ്റത്താണ് നിറയെ മൾബറി പഴങ്ങളുമായി ഞാൻ അതിന്റെ തായ് വൃക്ഷത്തെ കണ്ടു മുട്ടിയത്.

 

അന്ന് ആദ്യമായി മൾബറി കായ്കൾ പറയ്ക്കുമ്പോൾ ആ വീട്ടിൽ നിന്ന് ആരെങ്കിലും എതിർപ്പ് പറയുമോ എന്ന ഒരു ഭയം നിറഞ്ഞ സങ്കോചം എനിക്കും കൂട്ടുകാർക്കും ഉണ്ടായിരുന്നു. 

കായ്കളുടെ മധുരം ആ സങ്കോചത്തെ മൂടി. ഓരോ ഞായറാഴ്ചയും ഞങ്ങൾ അതിന്റെ ചുവട്ടിൽ ആർത്തിയോടെ നിന്നു. 

 

ചിലരുണ്ട്. പഴുക്കാത്തവയും പഴുക്കാൻ ആരംഭിച്ചവയും പറക്കും. പക്ഷേ ഞാൻ അവരെ തടഞ്ഞു. 

‘‘ഡാ അത് പറയ്ക്കല്ലേ, പഴുക്കട്ടെ. അടുത്താഴ്ചയും വരേണ്ടതല്ലേ’’

അങ്ങനെ പറിയ്ക്കാതെ വിട്ട പച്ച കായ്കളെ വിശ്വസിച്ച് ഞാനും എന്റെ സുഹൃത്തുക്കളും വീണ്ടും ഒരാഴ്ച്ചയോടൊപ്പം കടന്നുപോയി. 

 

പിറ്റേ ഞായറാഴ്ച്ച മതിലിനു വെളിയിൽ തായ്തണ്ടിനോട് വേർപെടുത്തപ്പെട്ട് കൂട്ടിയിട്ടിരുന്ന ആ മൾബറി കമ്പുകൾ ഞങ്ങൾ കണ്ടു അവയിൽ വാടി നിന്ന കുറെ ചെറുകായ്കളും. 

സുഹൃത്തുക്കൾ ആരെയൊക്കെയോ ശപിച്ചും ചീത്തവിളിച്ചും കടന്നു പോയി.

പക്ഷേ അറ്റ് കിടന്ന ശാഖകൾക്കുള്ളിലെ പിരിയാത്ത ജീവനെ എന്തുകൊണ്ടോ ആദ്യമായി എനിക്ക് കാണുവാൻ സാധിച്ചു .  

 

ചിലപ്പോൾ അടുപ്പം തോന്നിയ മറ്റൊന്നും നശിച്ചു എന്ന തോന്നൽ കൊണ്ടാവാം. അല്ലെങ്കിൽ എനിക്ക് ഓർമ്മിച്ചെടുക്കുവാൻ കഴിയാത്ത ഒരു കൗതുകം കൊണ്ടാവാം. കടന്നുപോയ ആരെയും ഗൗനിക്കാതെ അല്പനേരം ആ മരക്കമ്പിനെ തന്നെ ശ്രദ്ധിച്ചു നിന്നു. ഉച്ചവെയിലിന്റെ പൊള്ളുന്ന ചൂടിൽ കുറെ നിഴലുകൾ ഞങ്ങളെ കടന്നു നീങ്ങി. 

 

അന്ന് വീടിന്റെ തെക്കുവശത്ത് കുളിമുറിയോട് ചേർന്നിരുന്ന മതിലിനു മുകളിൽ കമ്പിപ്പാരക്ക് മണ്ണിൽ പിളർപ്പുണ്ടാക്കി ആ ശിഖരത്തെ ഇറക്കി മൂടി.

നനച്ചുകൊടുത്തു.

ആ നന്ദി അധികം വൈകാതെ കണ്ട് തുടങ്ങി. 

 

ഓരോ ദിവസവും അതിന്റെ ചെറിയ വളർച്ചയെ ഞാൻ നോക്കി കണ്ടു. അതെനിക്കൊരത്ഭുതം തന്നെയായിരുന്നു. തിരികെ കിട്ടുന്നയൊരു സ്നേഹം പോലെ. 

നിമിഷങ്ങൾക്കൊപ്പം കാലങ്ങൾക്കൊപ്പം ഭൂമിയുടെ ഭ്രമണത്തിനൊപ്പം നിഗൂഢമായ ഒരതിജീവനം. 

അതിനെ ഞാൻ രേണു എന്ന് വിളിച്ചു.

 

ഒരു വൃക്ഷത്തെ പേരെടുത്ത് വിളിക്കാൻ മാത്രം എന്ത് പ്രതികരണമാണ് അത് തരാറ്?

പറയാം.

അവളുടെ വളർച്ച തന്നെയാണ് അവളുടെ പ്രതികരണവും. വളർത്തുന്ന ഓരോ സസ്യങ്ങളെയും ഒന്ന് ശ്രദ്ധിച്ചാൽ മതി.

ഞാനവളെ വളരെയധികം ശ്രദ്ധിച്ചു. മരണത്തോടൊപ്പം ഗമിച്ച ചിത്രശലഭങ്ങൾ അവളുടെ ഇലകളായി പുനർജനിച്ചു. ഞാനവളെ ദിവസവും തലോടി നിൽക്കും. ഇടക്ക് അവളെന്നെ  നോക്കി മുഖമില്ലാതെ പുഞ്ചിരിക്കും.

 

അതിന്റെ വളർച്ച  ബാലെ നൃത്തം ചെയ്യുന്ന പലസ്തീനിയൻ സുന്ദരിയുടേത് പോലെ തോന്നി. 

അത് നിശ്ചലമായ വൃക്ഷമായിരുന്നില്ല, അതിന്റെ വളർച്ച തന്നെ ഒരു സഞ്ചാരമാണ്. ഭൂമിയെ തന്നോട് ചേർത്ത് വലം വയ്ക്കുന്ന ഒരു സഞ്ചാരം.   

 

‘‘നിങ്ങൾ എന്തിനാണ് ഈ ചെടിയും കൊണ്ട് നടക്കുന്നത്?’’ നാല് വർഷങ്ങൾക്ക് മുൻപൊരു  ട്രെയിൻ യാത്രയ്ക്കിടയിൽവച്ച് പരിചയപ്പെട്ടയൊരാൾ തന്റെ ബാഗുകൾ പ്ലാറ്റ്ഫോമിലേക്ക് തകൃതിയിൽ ഇറക്കി വയ്ക്കുന്ന കൂട്ടത്തിൽ വാതിലിന്റെ മുമ്പിൽ നിന്ന എന്നോട് ചോദിച്ചു. 

‘‘നിങ്ങൾ ഒരു വെറ്റിനറി ഡോക്ടർ അല്ലെ. നിങ്ങൾ എങ്ങനെയാണ് ഓരോ മൃഗങ്ങളെയും കാണുന്നത്?’’

ഞാൻ തിരിച്ച് ചോദിച്ചു. 

 

‘‘കാണുന്നത് എങ്ങനെ എന്നല്ല. എങ്ങനെ സമീപിക്കുന്നു എന്നതാണ് മൃഗങ്ങളെ ചികിത്സിക്കാൻ ഉതകുന്ന ഉത്തമ രീതി. അതിൽ പ്രധാനമായും വേണ്ടത് കരുണയാണ്. അത് മൃഗങ്ങൾക്ക് വേഗം തിരിച്ചറിയാൻ കഴിയും.’’

അയാൾ പറഞ്ഞു. ട്രെയിൻ നീങ്ങുവാൻ തയ്യാറായി തുടങ്ങി. 

 

‘‘ഞാൻ ഈ ചെടിയെ എന്റെ അരുമയായി കാണുന്നില്ല. കരുണയോടെ അതിനെ സമീപിക്കുന്നില്ല. ഞാൻ ഈ ചെടിയിലൂടെ  ലോകത്തെ പഠിക്കുകയാണ്.’’

ട്രെയിൻ മുന്നോട്ട് നീങ്ങി. അയാൾ അവിടെ തന്നെ നിന്ന് എനിക്ക് പുഞ്ചിരി സമ്മാനിച്ചു. ഞാൻ പറഞ്ഞത് നേര് കലർന്ന ഒരു നുണയായിരുന്നു. വെറും നുണ.

 

കർണാടകയിലെ ദേവനഹള്ളിയിൽ നാല് വർഷങ്ങൾക്ക് മുൻപ് അഗ്രോണോമിസ്റ്റ് ആയി ജോലിക്ക് പ്രവേശിച്ചപ്പോൾ കമ്പനി ക്വാട്ടേഴ്‌സിലൊരു മുറി എനിക്കായി നേരത്തെ തന്നെ ചോദിച്ച് തരപ്പെടുത്തിയിരുന്നു. 

 

സ്വസ്ഥമായി ഇരുന്നെഴുതാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി തന്നെ. പരസ്യജീവിതത്തിൽ ഞാൻ ആ ബോൺസായിക്കു കൊടുക്കുന്ന ഒരു പ്രത്യേക കരുതൽ മറ്റുള്ളവരിൽ എന്തുകൊണ്ടോ അസ്വസ്ഥത ഉണ്ടാക്കി. 

 

ഒരു വെറും ചെടി എന്നതിലുപരി അരുമയായ വൃക്ഷം തന്നെ ആയിരുന്നു എനിക്കത്. 

ബാഹ്യ ലോകത്ത് ഞാനൊറ്റക്കായിരുന്നു. പക്ഷേ അല്ലതാനും.

ഞാനെഴുതി പൂർത്തിയാക്കിയ കഥകൾ ഞാനവൾളെ വായിച്ചു കേൾപ്പിക്കും.

പതിയെ അവളെന്നോട് സംസാരിച്ചു തുടങ്ങി. 

ചില ദിവസങ്ങളിൽ അവൾ എനിക്കും കഥകൾ പറഞ്ഞു തരും. 

ആരും കേൾക്കാത്ത കഥകൾ. ലോകത്തിന് മിഥ്യ എന്ന് തോന്നിക്കുന്ന പ്രകൃതിയുടെ ജീവനുള്ള സത്യങ്ങൾ. ഞാൻ അവളിലൂടെ ലോകത്തെ അറിയുകയായിരുന്നു. 

 

എന്റേതെന്നു കരുതി ആളുകൾ സ്വീകരിക്കുന്ന കഥകൾ പലതും അവളുടേത്  മാത്രമായിരുന്നു. ആ രൂപം എനിക്ക് വർണ്ണിക്കാനാവില്ല. ഒരു ജീവനുറങ്ങുന്ന, ആത്മാവുള്ള വൃക്ഷം എന്നൊക്കെ പറയാം . 

പലപ്പോഴും മുറിയിൽ അതിന്റെ മുന്നിൽ നഗ്നത വെളിപ്പെടുത്താൻ പോലും എനിക്ക് ആദ്യം ലജ്ജ തോന്നിയിരുന്നു. സത്യത്തിൽ മനുഷ്യനിലെ നഗ്നത എന്ന ചിന്ത എന്താണെന്ന് അതിന് വ്യക്തമല്ല  എന്ന വസ്തുത ഞാൻ വൈകാതെ അറിഞ്ഞു. നഗ്നത മറയ്ക്കുന്നത് സ്പഷ്ടതയില്ലാത്ത ജീവിതത്തെ പിന്തുടരാനല്ലെ എന്ന അവളുടെ ചോദ്യം എന്നെയേറെ  ചിന്തിപ്പിച്ചു. 

 

എന്റെ പല സുഹൃത്തുക്കൾക്കും അവളെ അറിയാം. ഒരു മനോഹരമായ ബോൺസായ് എന്ന വിശേഷണം അവർക്കിടയിൽ ഞാൻ കണ്ടു. അത് മനുഷ്യൻ കണ്ടെത്തിയ മനോഹരമായ വസ്തുക്കളിൽ ഒന്ന് മാത്രം എന്ന വിശേഷണമാണ്. 

സൗന്ദര്യം എന്നാൽ ചാപല്യവും വിചിത്രവുമാണ്. 

സത്യത്തിൽ അങ്ങനൊന്നില്ല. 

അതൊരു മിഥ്യയാണ് എന്ന സത്യം ഞാനറിഞ്ഞത് അവൾ പറഞ്ഞ ലോകത്തിന്റെ ഉത്ഭവ ഹേതുവിൽ നിന്നാണ്. അവിടെ സൗന്ദര്യത്തിനായിരുന്നില്ല മുൻഗണന, അതിജീവനത്തിനാണ്. 

അതിജീവിക്കുന്നവർ രക്ഷപെടും, അവർ  തലമുറകൾക്ക് ജന്മം നൽകും. 

അവൾ പറഞ്ഞ ലോകത്തിന്റെ ഉത്ഭവം ഒരു ‘പരിണാമം’ ആയിരുന്നു. 

എല്ലാ പിറവികളുടെയും അടിസ്ഥാനവും പരിണാമം മാത്രമാണ്.

ദിവസവും ഞാൻ അതിന്റെ ഇലകളിൽ തലോടി സംസാരിക്കും, അതെന്നോടും. 

ജീവന്റെ ഉത്ഭവവും പരിണാമങ്ങളും വ്യക്തമായി അതിനറിയാം.

മനുഷ്യൻ ഇന്നും തേടുന്ന വ്യകതതയില്ലാത്ത ജീവന്റെ ആവിർഭാവത്തെ അതിന്റെ ഓരോ കോശങ്ങളിലും എഴുതി ചേർത്തിട്ടുണ്ട്. 

 

ഒരിക്കൽ ഞാൻ ദേവനഹള്ളിയിൽ വച്ച് അവളെ  എസ് -13 ഇനത്തിൽപെട്ട മൾബറികൾക്ക് പരിചയപ്പെടുത്തി. ആ ദിവസത്തിന്റെ മൂകമായ വ്യക്തത ഞാൻ  ഓർക്കുന്നു.

വിഷാദം മൂടി തല കുനിച്ചു നിന്ന കുറെ ആളുകൾക്കിടയിൽ പ്രതീക്ഷ നൽകി ഒരാൾ കടന്നു വരുന്ന രംഗം .

 

അത് ഞാൻ അവിടെ ദർശിച്ചു. ഏക്കറുകളോളം കിടക്കുന്ന മൾബറി തോട്ടം, അതിന്റെ നടുവിൽ, ആ കൊച്ചു വൃക്ഷങ്ങൾ വൈകാതെ പട്ടുനൂൽ പുഴുക്കൾക്കായി ചില്ലകൾ മുറിക്കപ്പെടാൻ ഒരുങ്ങി നിൽക്കുകയാണ്. 

 

ഞാൻ കയ്യിലേന്തി വന്ന സ്വന്തം വർഗ്ഗത്തിൽപെട്ടവളെ കണ്ടപ്പോൾ അവർ ആദ്യം എന്തൊക്കെയോ തമ്മിൽ പിറുപിറുത്തു. പിന്നെ  ഏറെനേരം അവർ അവളോട് സംസാരിച്ചു. 

ഞാൻ ദർശിച്ച ആയിരക്കണക്കിന് ചെടികൾക്ക് ഭാഷയുടെ മാധ്യമം മണ്ണും വായുവുമായിരുന്നു. 

വായു അവരുടെ ജല്പനങ്ങൾ പടർത്തി. അത് ഭൂമിയിലൂടെ തന്നെ ഭൂമി മുഴുവൻ നിമിഷങ്ങൾ കൊണ്ട് വ്യാപിച്ചു. 

 

അവർ ഭൂമിയുടെ ചലനം അറിവുള്ളവരാണ്. 

എല്ലാം എല്ലാറ്റിനോടും ബന്ധപ്പെട്ട് കിടന്നു.

സന്ധ്യ മയങ്ങിയപ്പോൾ അവയുടെ ഇലകളെല്ലാം ചിത്രശലഭങ്ങളായി കാറ്റിൽ പാറിനടന്നു. 

ആ പട്ടുനൂൽ ഉല്പാദനകേന്ദ്രത്തെ ഞാൻ ഒരു വർഷത്തിന് ശേഷം പിരിഞ്ഞു. 

ശേഷം എത്തിപെട്ടത് ഗുജറാത്തിലെ ഗാന്ധിഗാമിലാണ്. ആരോ കല്പിച്ചതുപോലെ. 

ഒരു വേനലിന്റെ അവസാനം ട്രെയിനിൽ ഞാൻ അവളോടൊപ്പം യാത്ര ചെയ്ത് ഗാന്ധിഗാമിൽ ഹൈഡ്രോപോണിക്സ് ഫാമിന്റെ മേൽനോട്ടം ഏറ്റെടുത്തു.

 

മണ്ണിന്റെ രുചി അറിഞ്ഞിട്ടില്ലാത്ത ഭാവിയുടെ സസ്യങ്ങളെ ഞാൻ അവിടെ വച്ച് പരിചയപ്പെട്ടു. അവരിലും കൈമാറി വന്ന അനേകം തലമുറകളുടെ അറിവുണ്ടായിരിന്നു. എന്നാൽ ആ അറിവിന്‌ ഒരു പരിധി നിശ്ചയിക്കപ്പെട്ടിരുന്നു. അവ മറ്റുള്ളവയെ അപേക്ഷിച്ച് ന്യുനവും. 

ഞാനവയ്ക്കും ഇവളെ പരിചയപ്പെടുത്തി കൊടുത്തു. അവരുടെ സംസാരം ഒരു പരിധിയിൽ നിശ്ചലമായി. പക്ഷേ അതും മനോഹരമായിരുന്നു.

 

പത്ത് വർഷങ്ങൾക്ക് മുൻപ്, കോളേജ് ജീവിതത്തിന്റെ തുടക്കത്തിലാണ് ഞാൻ വളർത്തിയെടുത്ത ആ തായ് വൃക്ഷം നിന്നിരുന്ന പറമ്പ് വിൽക്കാൻ കരാറായത്. അറിയിപ്പ് കിട്ടിയതിന് ആഴ്ചകൾക്കുള്ളിൽ മുന്നേ നിശ്ചയിച്ച് ഉറപ്പിച്ചതുപോലെ ഞാൻ വീട്ടിലെത്തി.

അപ്പോൾ ആ പറമ്പ് നികത്തി മറ്റൊന്നിലേക്ക് വഴി വെട്ടിയിരുന്നു.

 

ഒരു തേക്കിന്റെ ചുവട്ടിൽ മാന്തിയെടുത്ത് വച്ച നിലയിൽ ഞാനാ കൊച്ചു വൃക്ഷത്തെ കണ്ടു. അതിന്റെ മുറിവേറ്റ തടിയിൽ നിന്ന് വെളുത്ത കറ ഊർന്നിറങ്ങി ഉണങ്ങി കിടന്നിരുന്നു. 

കനമില്ലാതെ പൊഴിഞ്ഞ മഴയുടെ താളം കാറ്റ് ഏറ്റെടുത്തു. അവ ഭൂമിയെ കശക്കിയെറിഞ്ഞ പരേതാത്മാക്കളുടെ കണ്ണീരുകളായി മണ്ണിൽ പതിച്ചു. വീട്ടുകാർക്ക് അറിയാം ഞാൻ അവൾക്ക് കൊടുത്തിരുന്ന പരിഗണന. അതുകൊണ്ട് അവർ അത് നശിപ്പിച്ചില്ല. 

 

തായ്തടിയിൽ നിന്ന് കുറച്ചുയരത്തിൽ ഒരു കാണ്ഡം ഞാൻ മുറിച്ചെടുത്തു. 

പണ്ട് നിറയെ പഴുത്ത മൾബറി കായ്കളുമായി നിന്നിരുന്ന വൃക്ഷത്തെ ഞാൻ ഓർമയിൽ വരച്ചുനോക്കി. ദിവസവും രാവിലെ അടിയിൽ തടപ്പായ് വിരിച്ച് കുലുക്കി വീഴിച്ച ഓരോ പഴങ്ങളും തലമുറകൾ പഴക്കമുള്ള ഭരണിയിൽ ശേഖരിച്ച്  മാസങ്ങളെടുത്ത് വൈനുണ്ടാക്കി എടുത്തിരുന്നു. ആ രുചിക്ക് ഒരുന്മാദം ഉണ്ട്. പ്രകൃതി നൽകുന്ന ഉന്മാദം. 

 

മുറിച്ചെടുത്ത തണ്ട് ഒരു ചെറിയ പാത്രത്തിൽ മണ്ണ് നിറച്ച് ഇറക്കി ഞാൻ യാത്ര പറഞ്ഞ് ഡൽഹിയിൽ കോളേജിലേക്ക് തിരികെപ്പോയി. അവിടുന്നായിരുന്നു എന്റെ മൾബറി വൃക്ഷം  ബോൺസായിയായി പരിണമിക്കപ്പെട്ടത്. അവിടെ നാല് വർഷം ആ മരക്കഷണം മറ്റൊരു ചട്ടിയിൽ ഒരു ചെറിയ വൃക്ഷമായി വളർന്നതിൽ എന്റെ ആ കാലഘട്ടത്തിന്റെ ജീവിതവുമായി ഇടകലർന്നാണ്. അവിടെ ആർക്കും അവൾ  അപരിചിതയായിരുന്നില്ല . 

വേനലും മഴയും മഞ്ഞും കടന്നുപോയി. 

 

കഞ്ചാവിന്റെ പുകമുറ്റിയ മുറിക്കുള്ളിൽ അവൾ ഉശിരോടെ വളർന്നു വന്നു. കൂടെയുള്ള സുഹൃത്തുക്കൾ പുകയൂതി അവളുടെ നേർക്ക് അടുക്കും. ഞാൻ അവരെ തടഞ്ഞു 

‘‘അതൊരു ജീവനുള്ള വൃക്ഷമാണ്, മനുഷ്യനല്ല. ’’

എന്നാൽ ആരും അറിയാതെ അവളത് ശ്വസിച്ചെടുത്തിരുന്നു. ആ വായുവിൽ കണ്ണുനീർ അടങ്ങിയിരുന്നു, ഭ്രാന്ത്‌ അടങ്ങിയിരുന്നു, എരിഞ്ഞു തീരുന്ന ജീവനുകളും.

അപ്പോൾ സ്നേഹപൂർവ്വം അവളുടെ ഇലകൾ ഞാൻ കോതിവിട്ടു. അവളെ മറ്റൊരു ചെറിയ ചട്ടിയിലേയ്ക്ക് പറിച്ച് നട്ടു.

  

ഗാന്ധിഗാമിൽ വെച്ച് പൂജ എന്ന കർഷകകുടുംബത്തിൽ പെട്ട പെൺകുട്ടിയെ വൈകാതെ പരിചയപ്പെടാൻ ഇടയായി. അവളുടെ കൈരേഖകൾക്കുള്ളിൽ മണ്ണിന്റെ കറ പുരണ്ടിരുന്നത് ശ്രദ്ധിച്ചു. 

 

ആ പരിചയപ്പെടൽ ഒരു പൂർണ്ണതയെത്താത്ത പ്രണയമായി ഉടൻതന്നെ മാറി. അന്ന് എന്റെ ബോൺസായിയിൽ പൂക്കൾ പരിണമിച്ച്  ഉണർന്നുതുടങ്ങിയിരുന്നു. അവളുടെ നഗ്നത ഞാനാസ്വദിച്ചപ്പോൾ  മുറിക്കുള്ളിൽ ഒരു ടേബിളിൽ ബോൺസായി  ഇലകൾ വിടർത്തി നിശ്ചലമായി നിൽക്കുകയാണ്.

 

ബോൺസായ് അന്ന് കൊച്ച് മൾബറി കായ്കളെ ഉരുവാക്കി. 

അതിന്റെ ചെറിയ ശാഖകളിലെ കായ്കൾ ഞാനും പൂജയും എണ്ണി തിട്ടപ്പെടുത്തി. 

ഞങ്ങൾ ഭൂമിയുടെ ഉത്ഭവം സ്വപ്നം കണ്ടുറങ്ങി. ആ സ്വപ്നത്തിൽ ജന്തുക്കൾ സസ്യങ്ങളെ പിന്തുടർന്ന് ജലത്തിൽ നിന്നും കരയ്ക്ക് കയറി. ഒരവസാനത്തിൽ എത്തിപ്പെടാത്ത ആ  പിന്തുടർച്ച അവയെ സസ്യങ്ങളുടെ ലോകത്തെ അതിഥികളാക്കി. ആ ജന്തുക്കളുടെ കൂട്ടത്തിൽ എന്റെ മുഖവും ഞാൻ ദർശിച്ചു. 

 

ഒരു കണ്ണ് ചിമ്മുന്ന സമയം കൊണ്ട് പലതും അവസാനിച്ചു. പലതും പരിണമിക്കപ്പെട്ടു പല അത്ഭുതങ്ങളും സംഭവിച്ചു. അത്രയും സമയം കൊണ്ട് ഒരു നക്ഷത്രം ഇല്ലാതായി, ഒരു പുതിയ നക്ഷത്രം ഉദിച്ചു. പക്ഷേ എല്ലാറ്റിനും ഉപരിയായി ഒരു ജീവൻ പുതിയ പരിണാമത്തിലേക്ക് കടക്കപ്പെട്ടു. 

 

നാളുകൾ കഴിയുന്തോറും പൂജ എന്നിൽ സമർപ്പിച്ച വിശ്വാസം തിരികെ നൽകണം എന്ന തോന്നൽ പതിയെ എന്നിൽ ഉരുവായി. അവളെ അന്ന് ചേർത്തു നിർത്തിയ കൈകളെ പിന്നെ എനിക്ക് പിരിക്കുവാൻ കഴിയുമായിരുന്നില്ല. ആ വിശ്വാസം അവളിലും പ്രകടമായിരുന്നു. 

രേണുവിന്റെ ശിഖരങ്ങളിലെ പഴുത്ത കായ്കളുടെ ആദ്യ രുചി പൂജയുടെ ചുണ്ടിലൂടെ ഞാൻ അറിഞ്ഞു. 

 

പുതിയൊരു സ്നേഹത്തെ ഞാൻ ഏറ്റെടുത്തു തുടങ്ങിയിരുന്നു. അത് എങ്ങനെ വിവരിക്കണം എന്നെനിക്കറിയില്ല. കാരണം സ്നേഹം നമുക്ക് സ്വയം സൃഷ്ടിക്കാൻ കഴിയുന്ന ഒരു കഴിവാണ്. 

ചിലപ്പോൾ അതിന് നാം സ്വയം ഒരുങ്ങണം. ചിലപ്പോൾ നാം അറിയാതെ അത് നമ്മെ കണ്ടെത്തും. ഇവിടെ ഞാൻ സ്വയം ഒരുങ്ങുകയായിരുന്നു. 

പക്ഷേ ആ വൃക്ഷം എന്നെ കണ്ടെത്തുകയായിരുന്നു, മറ്റാരിലൂടെയോ. 

പതിയെ ആ നാട് എനിക്ക് അന്യമായി തോന്നിതുടങ്ങി. ഒരു യാത്രക്കുള്ള തയ്യാറെടുപ്പുകൾക്ക് ഞാൻ ശ്രമിച്ചപ്പോൾ രേണു ഇലകൾ പൊഴിച്ച് ശിശിര നിദ്രയിലേക്ക് കടന്നു. അതൊരു എതിർപ്പാണ്.

ആരംഭത്തിന്റെ ഒരുക്കത്തിന് എതിരെയുള്ള തടയിടൽ. 

 

പിന്നെയും ഞാൻ കാത്തു. കുറച്ച് നാളുകൾ അവൾ തന്റെ നിദ്രയെ പുൽകി നിന്നു. പതിയെ പുതുമുളകൾ ഒരു പഴുതിലൂടെ അരിച്ചിറങ്ങി  തുടങ്ങി. അവൾ  ഉണർന്നു.

ശേഷം ഞങ്ങളുടെ യാത്രക്ക് ഒപ്പം പിടിക്കാൻ അവൾ ഒരാളെ കൂടെ ക്ഷണിച്ചു. അങ്ങനെ എന്റെ ജീവിതത്തിന്റെ പരിണാമത്തിലേക്ക് ഞാൻ പൂജയെയും ചേർത്തു. 

 

ആ രാത്രി അവളുടെ  പുതിയ കഥകൾ കേട്ട് ഞങ്ങൾ ഇരുന്നു. ഇന്ന് ആ ഭാഷ ഒരാൾക്കുകൂടി ഗണിക്കാൻ തക്ക പാകമുള്ളതായി. ഒരു അസ്വാതന്ത്ര്യം രേണുവിനെ പിടിമുറുക്കിയതുപോലെ ഞങ്ങൾക്ക് തോന്നി.സ്വാതന്ത്ര്യത്തിന്റെ മൂളലുകൾ അവളിൽ നിന്നും കേട്ട് തുടങ്ങി. 

 

വരുന്ന നൂറു വർഷങ്ങളും ആയിരം വർഷങ്ങളും ലക്ഷം വർഷങ്ങളും വലിയ പരിണാമത്തിന്റെ ഭാവിയാണ്. അത് ഈ കൊച്ചു വൃക്ഷത്തിന് ഊഹിക്കാവുന്നതേയുള്ളു. പരിണാമത്തിന് അസന്നിഗ്ധതയില്ല, സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിട്ടില്ലെങ്കിൽ. അതൊരു പ്രവചനമായിരുന്നില്ല.

മനുഷ്യന് ചിന്തിക്കാവുന്നതിലും അപ്പുറത്തുള്ള, ആരംഭത്തിനും മുമ്പുള്ള കണികകൾ അവശേഷിക്കുന്ന ഒരു വൃക്ഷത്തിന്റെ ഏറ്റു പറച്ചിലാണ്. 

 

തിരികെ നാട്ടിലേക്ക് പോരുമ്പോൾ പൂജയുടെ കൈകളിലായിരുന്നു അവളുടെ സ്ഥാനം. ഇന്നുവരെയുള്ള ഓരോ യാത്രകളെയും ഞാൻ അന്ന് പിന്തുടർന്നു.

വളരാൻ അനുവാദമില്ലാത്ത ധാരാളം വൃക്ഷങ്ങളെ ഞാൻ ഇന്നുവരെ കണ്ടിരുന്നു. 

അവയ്ക്ക് സ്വാതന്ത്ര്യം അനുവദിച്ചാൽ ആകാശത്തിന്റെ തടുക്കിൽ വിശ്രമിക്കാം. 

അവിടെ ഇരുന്ന് പുതിയ നാമ്പുകൾ വളർത്താം. 

ഒരു പുതിയ സ്വപ്നം കാണാം. 

പുതിയതെന്നാൽ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത സ്വപ്‌നങ്ങൾ. 

 

ഇവിടെ ഞാൻ കണ്ടയോരോ വൃക്ഷങ്ങൾക്കും മനുഷ്യരുടെ ഛായ ഉണ്ടായിരുന്നു. 

നാട്ടിൽ പുതിയ വീടിന്റെ കിഴക്കുവശത്ത് ഞാൻ അവൾക്കൊരു ഇടം കണ്ടെത്തി. അവളെ ഭൂമിയോട് ചേർത്തു.

 

എന്റെയൊപ്പമുള്ള, ദേശങ്ങൾ താണ്ടിയുള്ള അവളുടെ യാത്രകൾക്ക് വിരാമമായി. 

പക്ഷേ ഇതായിരുന്നു അവൾ ആഗ്രഹിച്ച യഥാർഥ യാത്രയുടെ ആരംഭം. ഭൂമിയെ തേടിയുള്ള യാത്ര.

ഉത്ഭവവും പരിണാമവും അതിജീവനും തേടിയുള്ള ജീവന്റെ യാത്ര. അവളുടെ യാത്രക്കൊപ്പം ഭൂമിയിലെ മറ്റ് ജീവനുകളുടെ പരിണാമത്തിന് ഒരു ഉപകർത്താവാകുവാനുള്ള യാത്രയും ഞാൻ ആരംഭിച്ചു. അപ്പോൾ ഒരാത്മാവ് ആ വൃക്ഷത്തെ വലം വച്ച് ഭൂമിയുടെ ആരും കാണാത്ത അകത്തളങ്ങളിലേക്ക് നിശബ്ദമായി സഞ്ചരിച്ചു. 

 

ഇന്നലെ വീടിന്റെ മട്ടുപ്പാവിൽ ഞാനും പൂജയും ആ വൃക്ഷത്തിന്റെ വളർച്ച കണ്ടു നിൽക്കുമ്പോൾ അവളുടെ ഉദരത്തിൽ ഒരു പുതിയ ജീവൻ മൊട്ടിട്ട് തുടങ്ങിയിരുന്നു. ആ ജീവന് സസ്യങ്ങളുടെ ലോകത്തെ കഥ പറഞ്ഞു കൊടുക്കാൻ ഞാനും തയ്യാറാവുകയാണ്.

 

English Summary: Bonsai, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com