‘നിന്നെ ഒരാളെ ഏൽപ്പിച്ചാൽ അച്ഛന് സമാധാനം ആയി മരിക്കാം’ പിന്നെ സംഭവിച്ചത്!

patient
പ്രതീകാത്മക ചിത്രം. Photocredit : anek.soowannaphoom / Shutterstock
SHARE

അച്ഛന്റെ മകൾ (കഥ)

അച്ഛന്റെ കുഴിമാടത്തിനരികെ നിൽക്കുമ്പോൾ നിരാശയാണോ  സങ്കടം ആണോ എന്ന് ഗീതുവിന് അറിയില്ലാരുന്നു. എങ്കിലും കണ്ണ്  നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. മോളെ ആരുടെയെങ്കിലും കയ്യിൽ ഏൽപ്പിച്ചാലേ അച്ഛന് സമാധാനം ആകൂ എന്ന് പറയുമായിരുന്നു. പല സാഹചര്യം കൊണ്ടും കല്യാണം വൈകിയപ്പോഴും പ്രത്യേകിച്ച് നിരാശ ഒന്നും തോന്നിയിരുന്നില്ല. ഉള്ളിൽ ഒരു ആശ്വാസം മാത്രം.

അച്ഛൻ ഇനി എത്ര നാൾ കൂടി കാണും എന്ന് അറിയില്ല.

ഒരു ആലോചന വന്നപ്പോൾ അച്ഛൻ പറഞ്ഞു. നിന്നെ ഒരാളെ ഏൽപ്പിച്ചാൽ അച്ഛന് സമാധാനം ആയി മരിക്കാം. പെണ്ണിനെക്കാൾ ഏറെ പണത്തെ മോഹിക്കുന്ന ആളാണ് എന്ന് തോന്നിയിട്ടും അച്ഛൻ പറഞ്ഞ വാക്ക് കേട്ടു.

വലിയ താല്പര്യം ഇല്ലായിരുന്നു എങ്കിലും കല്യാണം ആയപ്പോൾ ഏതൊരു പെണ്ണിനേയും പോലെ തനിക്കും മോഹങ്ങൾ പൂത്തു തുടങ്ങി. താനും സ്വപ്നങ്ങൾ കണ്ടു തുടങ്ങി. നിരാശയുടെ ലോകത്തുനിന്നും പെട്ടെന്ന് തന്നെ പ്രതീക്ഷയുടെ ലോകത്തേയ്ക്ക് താനും ഉയർത്തെഴുന്നേറ്റു.

പക്ഷേ ഇരുട്ടിന്റെ മറവിൽ  മാത്രം സ്നേഹിക്കുന്ന ഒരാളെയാണ് തനിക്ക് ലഭിച്ചത് എന്ന് അറിഞ്ഞപ്പോൾ തന്റെ പ്രതീക്ഷകളോ സ്വപ്‌നങ്ങളോ തകർന്നു പോയതിനേക്കാൾ സങ്കടം ആയിരുന്നു തന്റെ അച്ഛന്  അദ്ദേഹം ആഗ്രഹിച്ചത് ഈ കല്യാണം കൊണ്ടു പറ്റിയില്ലല്ലോ എന്നോർത്തപ്പോൾ. ആരോടും ഒന്നും പറഞ്ഞില്ല, പക്ഷേ എപ്പോഴും ചിലച്ചുകൊണ്ടിരുന്ന തന്നിൽ ഉണ്ടായ മാറ്റം ആദ്യം അറിഞ്ഞത് അമ്മയാണ്.

മോൾക്ക് അവിടെ ബുദ്ധിമുട്ട് ആണോ. അവൻ മോളോട് സ്നേഹത്തോടെ അല്ലേ പെരുമാറുന്നെ. മോളോട് വഴക്ക് ഇടാറുണ്ടോ.

അമ്മയുടെ ചോദ്യങ്ങൾക്ക് കുഴപ്പമില്ല എന്ന് മാത്രം മറുപടി പറഞ്ഞു.

പക്ഷേ അച്ഛൻ, ഒന്നും ചോദിക്കാതെ തന്നേ എല്ലാം അറിയുന്നുണ്ടായിരുന്നു. ഫോൺ വിളിക്കുമ്പോൾ എന്റെ ശ്വാസം കൊണ്ടു പോലും എല്ലാം മനസിലാക്കിയിരുന്നു. മോളെ എന്ന് വിളിക്കുമ്പോൾ മറുതലയ്ക്കൽ ഏങ്ങൽ പുറത്ത് വരാതിരിക്കാൻ ഞാൻ ഒത്തിരി പാടുപെട്ടു. മോൾ ഇങ്ങു പോരെ എന്ന് ഇടയ്ക്കിടെ അച്ഛൻ പറഞ്ഞുകൊണ്ടിരുന്നു.

അപ്പോഴൊക്കെ മകളെ സുരക്ഷിത ആക്കാൻ നോക്കിയ ഒരു അപ്പന്റെ മകൾ, അവൾ എവിടെ പോയാലും ജീവിക്കും എന്ന ആത്മവിശ്വാസം, നാളെ മറ്റാർക്കും ബാധ്യത ആകാൻ ഇഷ്ടം അല്ലാത്ത തന്റെ മനസ്.. എല്ലാം ഓർത്തപ്പോൾ പിടിച്ചു നിന്നു.

സംസാരിക്കാൻ പോലും പ്രായമാകാത്ത മോളെ നോക്കി സങ്കടം പറയുമ്പോൾ ആ കുഞ്ഞു മുഖം, സാരമില്ല അമ്മേ, ഞാൻ വലുത് ആകട്ടെ എന്ന് പറയുന്ന പോലെ തോന്നി. പതിയെ പതിയെ കുഞ്ഞിന് വേണ്ടി മാത്രം ജീവിച്ചു തുടങ്ങി. സ്വന്തം കാലിൽ നിൽക്കാൻ ഒരു മോഹം തോന്നിയപ്പോൾ ചെറിയ ഒരു ജോലി കണ്ടുപിടിച്ചു.

പൊരുത്തകേടുകൾ മാത്രം ഉള്ള കുടുംബജീവിതം മകൾക്ക് വേണ്ടി ആയാലും വലിച്ചു നീട്ടികൊണ്ട് പോകുന്നതിൽ താല്പര്യം തോന്നിയില്ല. എല്ലാരും പറയും മക്കൾക്ക് വേണ്ടി ജീവിച്ചു പോകുന്നു എന്ന്. പൊരുത്തമില്ലായ്മയുടെ ഇടയിൽ, പരസ്പരം സ്നേഹിക്കാൻ അറിയാത്ത മാതാപിതാക്കൾക്കിടയിൽ ശ്വാസം മുട്ടി ജീവിക്കുന്നതിനേക്കാൾ കുട്ടികൾക്ക് നല്ലത് അവരെ മനസ്സിലാക്കുന്ന അവരുടെ ഇഷ്ടങ്ങളെ അറിയുന്ന, ആരുടെയെങ്കിലും ഒരാളുടെ കൂടെ ജീവിക്കുന്നതാണ് ശരിയെന്നു തോന്നിയപ്പോൾ മകളുടെ കൈപിടിച്ച് ഒരു വാടകവീട്ടിലേക്ക് മാറി. അച്ഛന് അപ്പോഴേയ്ക്കും തീരെ വയ്യാതായിരുന്നു. അതിലേറെ മകളോട് എന്തോ അരുതാത്തത് ചെയ്തു എന്നപോലെ..

സാരമില്ല എന്ന് താൻ പറയും.. തന്റെ വിധി ഇതായിരുന്നു എന്ന്. എങ്കിലും തന്നെക്കുറിച്ച് മാത്രം ആയിരുന്നു മരിക്കുമ്പോഴും വിഷമം.

ജീവിക്കണം എന്ന് ഒരുപാട് ആഗ്രഹിച്ച നാളുകൾ ഉണ്ടായിരുന്നു.  ജീവിതയാത്രയിൽ വിജയ് എന്ന തന്റെ പ്രിയപ്പെട്ടവനെ  കണ്ടുമുട്ടിയപ്പോൾ കൊതിതീരുവോളം ജീവിക്കാൻ ആഗ്രഹിച്ചിരുന്നു.

പക്ഷേ മനസ്സിലെ ഇഷ്ടം അത് ജീവിതത്തിലേയ്ക്ക് എത്തിക്കാൻ  ആകുമായിരുന്നില്ല.. പരസ്പരം ചങ്ക് പൊട്ടി സ്നേഹിച്ചപ്പോഴും ഒന്നിക്കാൻ ആവില്ല എന്നു മനസ്സിലാക്കിയപ്പോൾ ഒരുപാട് സങ്കടം ആയിരുന്നു. പിന്നീട് ജീവിക്കാൻ തോന്നിയിരുന്നില്ല. പക്ഷേ വിവാഹമായപ്പോൾ അതൊക്കെ മറന്നു തുടങ്ങി.

പിന്നിൽ നിന്നും മോളുടെ വിളി കേട്ടാണ് ചിന്തയിൽ നിന്നും ഉണർന്നത്. യാത്രക്കിടയിൽ അച്ഛന്റെ കുഴിമാടം ഒന്ന് കാണാൻ തോന്നി. അമ്മ ഇപ്പോഴുമുണ്ടെങ്കിലും സങ്കടം പറയാൻ അച്ഛനെ തന്നെ ആണ് ഇപ്പോഴും ആശ്രയിക്കുന്നത്.

എല്ലാരോടും യാത്ര പറഞ്ഞു കാറിൽ കേറുമ്പോഴും അച്ഛന്റെ ഓർമ്മകൾ തന്നെ ആയിരുന്നു മനസ്സിൽ. മോൾ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. മരിക്കുമ്പോൾ തന്നെക്കുറിച്ചു മാത്രം ആയിരുന്നു വിഷമവും. പക്ഷേ തന്റെ സങ്കടം താനും അറിയിച്ചില്ല. ജീവിതം മുരടിച്ചു പോയത് അല്ലെങ്കിൽ ഒറ്റപ്പെടൽ അറിഞ്ഞത് ശരിക്കും അവിടെ നിന്നാണ്. മരിച്ചു എന്ന് വിശ്വസിക്കാൻ ഇഷ്ടം ആയിരുന്നില്ല, ഇപ്പോഴും.

സത്യത്തിൽ അച്ഛൻ തന്നെ വിട്ടുപോയിരുന്നുമില്ല. തനിക്ക് ഏറ്റവും സങ്കടം വരുമ്പോൾ തന്റെ കട്ടിലിൽ വന്നിരിക്കും. ഒരുപാട് കരയുമ്പോൾ  ആശ്വസിപ്പിക്കും. ഒരിക്കൽ നേരിട്ട് കണ്ടു.. പക്ഷേ ആരും വിശ്വസിക്കില്ല. കൂടെ വിജയ്|യുടെ അച്ഛനും. തനിക്ക് രാത്രിയിൽ അതിഭയങ്കര ശ്വാസംമുട്ടൽ. മരിച്ചുപോകും എന്ന് തോന്നി. കിടന്നിട്ട് കിടക്കാൻ പറ്റുന്നില്ല. മോളെ ഉണർത്താൻ ധൈര്യം ഇല്ലായിരുന്നു. ശ്വാസം കിട്ടാൻ വിഷമിക്കുമ്പോൾ അവർ രണ്ടുപേരും ഒരുമിച്ചു അടുത്ത് നിൽക്കുന്നത് പോലെ. രണ്ടു പേർക്കും കുറ്റബോധം പോലെ തോന്നി. അന്ന് വിജയ് യുടെ അച്ഛൻ പറഞ്ഞു.. മോളെ നിനക്ക് അവനെ ഒരുപാട് ഇഷ്ടം ആയിരുന്നു അല്ലേ എന്ന്. അവനും നിന്റെ കൂടെ ആയിരുന്നപ്പോൾ ഒരുപാട് സന്തോഷിച്ചിരുന്നു.

എന്നിട്ട് മാറി നിന്നപ്പോൾ അച്ഛൻ അരികിലെത്തി.. തന്റെ വിഷമം കണ്ടു നോക്കി നിന്നു. പക്ഷേ തൊട്ടില്ല. പലപ്പോഴും സ്വപ്‌നത്തിൽ മാത്രം കണ്ടിരുന്ന അന്നാണ് നേരിൽ കാണുന്നത്.. തോന്നിയത് ആകാം എന്ന് എല്ലാരും പറഞ്ഞു. തനിക്ക് അതങ്ങനെ അല്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും ഇഷ്ടം.

ഒരിക്കൽ ജീവിതത്തിലെ യാതനകൾ, ബുദ്ധിമുട്ടുകൾ എല്ലാം ഓർത്തു കിടന്നപ്പോൾ ഉറക്കത്തിൽ അച്ഛൻ അടുത്ത് വന്നു തലോടി. എന്നിട്ട് ചേച്ചിയോട് പറഞ്ഞു. ‘‘എന്റെ മോളുടെ കണ്ണുനീർ കണ്ടു മടുത്തു ഞാൻ, അവളെ ഞാൻ കൊണ്ടുപോകുവാ. അവളുടെ മോളെ നീ നല്ലപോലെ നോക്കണം’’ എന്ന്.

ചേച്ചിയോട് പറഞ്ഞപ്പോൾ ചേച്ചി വഴക്ക് പറഞ്ഞു. നിനക്ക് മാത്രം അച്ഛൻ ഉള്ളൂ.. ഞങ്ങൾ ആരും ഇതൊന്നും കാണാറില്ല എന്ന് പറഞ്ഞു. എന്തായാലും എപ്പോൾ വിളിച്ചാലും തിരികെ പോകണ്ടവർ ആണ് എന്നുള്ള വിശ്വാസം ഉണ്ടായിരുന്നത് കൊണ്ടു മോളെ ഓരോന്നും പറഞ്ഞു മനസ്സിലാക്കി വളർത്തി. ഇന്ന്‌ പ്ലസ് ടുവിന് ആണെങ്കിലും ജീവിതം മുൻപോട്ട് കൊണ്ടുപോകാൻ പ്രാപ്‌തി ഉള്ളവൾ ആയി.

കാർ വിജയ്​യുടെ വീട് കടന്നു പോന്നപ്പോൾ ഓർത്തു, താൻ അന്ന് ജോലിക്ക് പോകുന്ന സമയം നോക്കി വഴിയിൽ നിൽക്കുന്ന ആളെ. മിഴികൾ കൊണ്ടു മാത്രം ആയിരുന്നു സംസാരം. ആരും ഒന്നും അറിഞ്ഞില്ല. ഒരു ദിവസം കണ്ടില്ലെങ്കിൽ ആകെ വേവലാതി. അങ്ങനെ വന്നാൽ വൈകുന്നേരം അവിടെ കാണും. എപ്പോഴെങ്കിലും ഫോൺ വിളിക്കും. മണിക്കൂറുകൾ പോകുന്നത് അറിയാതെ പറഞ്ഞുകൊണ്ടിരിക്കും. ഇപ്പോഴും അവിടെ നിൽക്കുന്നത് പോലെ തോന്നി. ആളുടെ കല്യാണം കഴിഞ്ഞു, മൂന്നു കുട്ടികൾ ആയത്രേ. താൻ ഒറ്റയ്ക്ക് ജീവിച്ചു തുടങ്ങി എന്ന് അറിഞ്ഞപ്പോൾ ഒരിക്കൽ വിളിച്ചിരുന്നു. സംസാരത്തിൽ ഇത്തിരി കുറ്റബോധം ഉള്ളപോലെ തോന്നി.

വികാരങ്ങൾ നഷ്ടപ്പെട്ടുപോയ തനിക്ക് ഇപ്പോഴും നെഞ്ചിൽ ഒരിഷ്ടം ബാക്കി ഉണ്ടെന്നു മനസ്സിലാക്കിയപ്പോൾ പിന്നെ വിളിക്കാം എന്ന് പറഞ്ഞു വെച്ചു. മോളുടെ അച്ഛൻ വേറെ വിവാഹം കഴിച്ചില്ല, എങ്കിലും ഒരിക്കൽ പോലും കാണാൻ തോന്നിയില്ല. മോളെ കാണാൻ ഇടയ്ക്ക് സ്കൂളിൽ ചെല്ലാറുണ്ട്. താൻ ഒരിക്കലും അത് വേണ്ടാന്ന് പറഞ്ഞില്ല.

ചിറ്റേ, ആ വീട് ഇനി വിട്ടിട്ട് ചിറ്റ ഞങ്ങളുടെ ഒപ്പം താമസിച്ചാൽ മതി. ഇവൾ എവിടെ എങ്കിലും പഠിക്കാൻ പോയാൽ ചിറ്റ ഒറ്റയ്ക്ക് ഇനി.. അത് വേണ്ട. ഹോസ്പിറ്റലിൽ നിന്നും ഇനി വീട്ടിലേയ്ക്ക് പോന്നാൽ മതി..

ചേച്ചിയുടെ മോൻ അമൽ ആണ്. ഇപ്പോ എഞ്ചിനീയർ ആയി. അവരൊക്കെ പറക്കമുറ്റി, തന്റെ മോൾ, അത് മാത്രം ആയിരുന്നു വേദന. എങ്കിലും ഒരു സമാധാനം, തന്നെപോലെ ആകാതിരിക്കാൻ   നല്ലപോലെ പഠിക്കാനും  വേണ്ട സമയത്ത് വേണ്ടപോലെ സ്വന്തം തീരുമാനം എടുക്കാനുമൊക്കെ അവളെ പ്രാപ്തയാക്കിയിട്ടുണ്ട്.

‘‘അത് തന്നേ ആണമ്മേ ഞാനും പറയുന്നേ. അമ്മ ഒറ്റയ്ക്ക് ആണേൽ സമാധാനം ആയിട്ട് എനിക്ക് പഠിക്കാൻ പോകാൻ പറ്റില്ല. അമ്മ ചേച്ചമ്മയുടെ കൂടെ നിൽക്ക്,’’ മോൾ കീർത്തനയുടെ വക. 

നോക്കാം.. ഒറ്റയ്ക്ക് ജീവിക്കാൻ ആണ് എനിക്ക് ഏറെ ഇഷ്ടം. പിന്നെ ഹോസ്പിറ്റലിൽ നിന്നും ഏതവസ്ഥയിൽ ആണ് തിരികെ വരുന്നത് എന്ന് അറിയില്ലല്ലോ. മറ്റെന്നാൾ തനിക്ക് ഒരു സർജറി ഉണ്ടെന്നു വിജയ്​യോട് ഒന്ന് പറയാൻ തോന്നി. മോളോട് പറഞ്ഞിരുന്നു അവളുടെ അച്ഛനോട് പറയാൻ.

‘‘മോളെ നീ അച്ഛനോട് പറഞ്ഞിരുന്നോ..?’’

ഇല്ല അമ്മേ.. ഇപ്പോ വിളിക്കാം.. കാറിൽ ഇരുന്നു തന്നെ അവൾ വിളിച്ചു. കാര്യം പറഞ്ഞു.

‘അമ്മ ഇപ്പോ അടുത്ത് ഉണ്ട് അച്ഛാ, കൊടുക്കട്ടെ.’

അവൾ ചോദിക്കുന്നത് കേട്ടു. ഇത്തിരി നേരം മിണ്ടാതെ ഇരുന്ന അവളുടെ മുഖം ശ്രദ്ധിച്ചു. എന്താടി നിന്റെ അച്ഛൻ എന്താ പറഞ്ഞെ..

അമൽ അവളോട് ചോദിച്ചു. നീ അമ്മയ്ക്ക് കൊടുക്കാഞ്ഞത് എന്താ

ചേട്ടായി.. അത്..

അവൾ പരുങ്ങുന്നത് കണ്ടപ്പോൾ താൻ പുറത്തേയ്ക്ക് നോക്കിയിരുന്നു.

അമ്മയ്ക്ക് കൊടുക്കണ്ട എന്ന് അച്ഛൻ പറഞ്ഞു. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതീന്ന്... അവൻ പല്ലുകടിക്കുന്നത് കണ്ണാടിയിലൂടെ കണ്ടു.

തനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. പിരിഞ്ഞു താമസിക്കാൻ തുടങ്ങിയിട്ട് ആറു വർഷം. ഒന്നോ രണ്ടോ തവണ നേരിട്ട് കണ്ടപ്പോഴും കാര്യമായി ഒന്നും സംസാരിച്ചിരുന്നില്ല. ഒന്നിച്ചു ജീവിച്ചപ്പോൾ ഇല്ലായിരുന്നു, പിന്നെ അല്ലേ എന്നോർത്തു സമാധാനിക്കാൻ ശ്രമിച്ചു. ജീവിതം ഒറ്റയ്ക്ക് താണ്ടാൻ തീരുമാനിച്ചപ്പോൾ ഇതൊക്കെ ഇങ്ങനെ ആകും എന്ന് അറിയാരുന്നു. പക്ഷേ ഒരിക്കലും സന്തോഷിക്കാൻ ഒരവസരം തരാത്തതിൽ ചിലപ്പോഴൊക്കെ ദൈവത്തോട് പരാതി പറയുമായിരുന്നു. അവളെ ഞാനങ്ങു കൊണ്ടുപോകുവാണ് എന്ന് അച്ചൻ പറഞ്ഞത് ഓർക്കുമ്പോൾ മോളെ കുറിച്ച് മാത്രം ആശങ്ക ഉണ്ടായിരുന്നു. 

പക്ഷേ.. വിധി, അത് ആശങ്കൾക്കും അപ്പുറത്താണല്ലോ.  ഇടയ്ക്കിടെ വരാറുള്ള ശ്വാസം മുട്ടൽ ഇത്തിരി കൂടിയപ്പോൾ മോളുടെ നിർബന്ധം കൊണ്ടായിരുന്നു ഹോസ്പിറ്റലിൽ പോയത്. കുറച്ചു മരുന്നുകൾ, തത്കാലം ഇത് നോക്കാം എന്ന് ഡോക്ടർ പറഞ്ഞു. പക്ഷേ ഓരോ ദിവസവും ഓരോരോ അസ്വസ്ഥതകൾ, അവസാനം ജീവിതത്തെ മുഴുവൻ ഒറ്റയടിക്ക് ഷോക്ക് അടിപ്പിച്ചപോലെ ആ വാർത്ത എത്തി. ഇടത് ബ്രെസ്റ്റിൽ കാൻസർ ആണത്രേ. ശരീരം എമ്പാടും വ്യാപിച്ചു തുടങ്ങി.. ഏറെ വൈകി പോയി കണ്ടുപിടിക്കാൻ എന്ന് ഡോക്ടർ കുറ്റപ്പെടുത്തും  പോലെ പറഞ്ഞു. ശ്രദ്ധിച്ചിരുന്നില്ല, ജീവിതം അർത്ഥശൂന്യമായവർക്ക് അങ്ങനെ ശ്രദ്ധിക്കാൻ തോന്നില്ലല്ലോ. എങ്കിലും കേട്ടപ്പോൾ ഒരു വല്ലായ്മ. ജീവിക്കാൻ കൊതി ആയിട്ടല്ല. മോളെ കുറിച്ച് ഓർത്തപ്പോൾ മാത്രം. അവളോട് പറഞ്ഞപ്പോൾ അവൾ ഒരുപാട് കരഞ്ഞു. വിധി തോൽപ്പിക്കാൻ ശ്രമിക്കുമ്പോൾ തോൽക്കാൻ ഉള്ളത് അല്ല മോളുടെ ജീവിതം എന്ന് അവളെ ബോധ്യപ്പെടുത്താൻ കുറെ ദിവസങ്ങൾ വേണ്ടിവന്നു.

ചിറ്റേ.. ചിറ്റ എന്താ ഇത്രയും ആലോചിക്കാൻ.. അമൽ ചോദിച്ചപ്പോൾ ഞെട്ടി ഉണർന്നു..

ഇല്ല മോനെ. നാളേകഴിഞ്ഞു സർജറി.. മോളുടെ കാര്യം ഓർത്തിരുന്നതാ..

ചിറ്റ ധൈര്യം ആയിട്ടിരിക്ക്.. ചിറ്റയ്ക്ക് ഒന്നും വരില്ല. അവൻ പറഞ്ഞപ്പോൾ ഒരു നെടുവീർപ്പ് മാത്രം.

‘‘അമ്മേ അമ്മയുടെ പഴയ ഫ്രണ്ട് ഇല്ലേ.. അയാളോട് പറയണം എന്ന് അമ്മയ്ക്ക് ആഗ്രഹം ഉണ്ടോ.’’ മോളോട് എല്ലാം പറഞ്ഞിരുന്നു. അതുകൊണ്ട് അവൾ അത് ചോദിച്ചപ്പോൾ വലിയ ഒരു ആശ്വാസം തോന്നി.

ജീവിതത്തിൽ ഏതു പ്രതിസന്ധി വന്നാലും കൂടെ കാണും എന്ന് പറഞ്ഞിരുന്നു. പക്ഷേ മറ്റൊരു വിവാഹം കഴിക്കേണ്ടി വന്നപ്പോൾ മനസ്സിൽ അതെല്ലാം ഉപേക്ഷിച്ചു കാണും എന്നോർത്തു. പക്ഷേ ഇടയ്ക്ക് വിളിച്ചപ്പോൾ മറന്നിട്ടില്ല എന്ന് മനസ്സിലായി. തന്റെ  ഓർമ്മയിൽ ഇന്നലെ എന്ന പോലെ എല്ലാം മങ്ങാതെയുണ്ട്. ഒരിക്കലും ഒന്നാകാൻ സാഹചര്യം അനുവദിക്കില്ല എന്ന് മനസ്സിലാക്കിയപ്പോൾ നഷ്ടപ്രണയം ആയിരുന്നു മനസ്സിൽ. എങ്കിലും ജീവനേക്കാൾ സ്നേഹം ആയിരുന്നു തനിക്ക്. അവനെക്കുറിച്ച് ഓർക്കുമ്പോൾ ഇടത് കയ്യിൽ ഒരു മരവിപ്പ് കേറുന്ന പോലെ തോന്നും., സഫലമാകില്ല എന്ന് ഉറപ്പുള്ള പ്രണയം ആയിരുന്നതുകൊണ്ട്,  മരണത്തെ സ്വപ്നം കണ്ട് കണ്ണടച്ച് കിടക്കും. അപ്പോൾ വിജയ് തന്റെ അടുത്ത് ഇരിക്കുന്നത് മനകണ്ണിൽ കാണും. എന്റെ ഇടത് കരം പിടിച്ചു കണ്ണിൽ നോക്കാതെ തലയിൽ തലോടുന്ന വിജയ്. അവന്റെ ഹൃദയമിടിപ്പ് താൻ അപ്പോൾ കേൾക്കും. അങ്ങനെ കിടക്കുമ്പോൾ മരിക്കണം. എന്നും അങ്ങനെ മാത്രം ആയിരുന്നു ഓർത്തിരുന്നത്. മറ്റെന്നാൾ മരണം ആണോ ജീവിതം ആണോ എന്ന് നിശ്ചയം ഇല്ലാത്ത ഒരു അവസ്ഥയെ നേരിടേണ്ടി വരുമ്പോൾ വിജയ് യെ ഒന്ന് കാണാൻ ഏറെ ആഗ്രഹം തോന്നിയിരുന്നു. പക്ഷേ മോളോട് എങ്ങനെ പറയും എന്നോർത്തു.. അപ്പോഴാണ് അവൾ..

‘‘ഒന്ന് വിളിച്ചാലോ എന്ന് ഓർത്തിരുന്നു, പിന്നെ...’’

ബാക്കി പൂർത്തിയാക്കുന്നതിനു മുൻപേ അവൾ പറഞ്ഞു..

   

ഒരു പിന്നെയും ഇല്ല. അമ്മ വിളിക്കണം. അമ്മയ്ക്ക് അദ്ദേഹത്തെ കാണാൻ നല്ല ആഗ്രഹം ഉണ്ട് എന്ന് അറിയാം. അവൾ ചേട്ടായിയെ ഒന്ന് നോക്കി., അവൻ ഒന്നും മിണ്ടിയില്ല.

ഫോൺ ബെൽ അടിക്കുന്നുണ്ട്.

ഹലോ.. കാതിൽ ആ സ്വരം. ഒരു നിമിഷം മിണ്ടാൻ പറ്റിയില്ല..

വിജയ്, ഞാൻ ഗീതു ആണ്..

ഗീതു. നീ ഇപ്പോൾ? എവിടുന്നാ വിളിക്കുന്നെ.

വിജയ് ഞാൻ ഇപ്പോ അതുവഴി കടന്നു പോന്നിരുന്നു.

എനിക്ക് വിജയ് യെ ഒന്ന് കാണണം എന്നുണ്ട്. എനിക്ക് ചെറിയ ഒരു ഹോസ്പിറ്റൽ കേസ്.. മറ്റെന്നാൾ രാവിലെ ഞാൻ മെഡിക്കൽ കോളജിൽ ഉണ്ടാകും. രാവിലെ പറ്റുമെങ്കിൽ ഒന്ന് വന്നിരുന്നു എങ്കിൽ എനിക്ക് ഒന്ന് കാണാമായിരുന്നു.

‘‘ഗീതു.. തനിക്ക് എന്താ പറ്റിയെ..?!’’

പേടിക്കാൻ ഒന്നുമില്ല വിജയ്.. ഒന്ന് വന്നിരുന്നു എങ്കിൽ.. ഗീതു ഞാൻ നാളെ അവിടെ എത്തും.. ഉറപ്പ്. ഞാൻ വന്നിട്ട് വിളിക്കാം.

വിജയ് ഫോൺ വെച്ചുകഴിഞ്ഞപ്പോൾ ആകെ ഒരു നിരാശ. ഒരിക്കൽ എല്ലാമായിരുന്നവൻ. ഇന്ന്‌ മറ്റൊരാളുടെ സ്വന്തം ആണ് എന്ന് അറിഞ്ഞിട്ടും കാണാൻ തോന്നി. കാരണം പിന്നെ ഒരു ജീവിതം ഇല്ലെങ്കിൽ, അവസാനശ്വാസം എടുക്കുമ്പോഴും ഒരു വേദന ആണ് വിജയ് യെ കുറിച്ച് ഉള്ള ഓർമ്മകൾ

അമ്മേ, എന്ത് പറഞ്ഞു? നാളെ ഹോസ്പിറ്റലിൽ എത്താം എന്ന്.

തന്റെ മുഖത്തെ ഭാവം കണ്ടിട്ട് ആകും ആരും പിന്നെ മിണ്ടിയില്ല.

ഹോസ്പിറ്റലിൽ എത്തി കാർ നിർത്തുമ്പോൾ ആകെ ഒരു പേടി..

‘‘ദൈവമേ’’.. ഉള്ളിൽ വിളിച്ചു.. നാളെ ഒരു ദിവസം കൂടി കഴിഞ്ഞാൽ എന്റെ മോൾ.. ഓർക്കാൻ കൂടി ധൈര്യം ഇല്ലാലോ.

ആശുപത്രി ജീവിതം.. ഭയങ്കര പേടി ആയിരുന്നു പണ്ട് മുതൽ.. രാത്രിയിൽ മോൾ അരികെ തന്നെ നിന്നു. അവൾക്കും പേടി ഉണ്ടായിരുന്നു, എങ്കിലും പുറമെ ധൈര്യം കാട്ടി നിൽക്കുന്നുണ്ട്.

മയങ്ങി വരുമ്പോൾ അച്ഛന്റെ മുഖം.. മോളെ എന്ന് വിളിക്കുന്ന പോലെ..

അച്ഛാ, മോൾ ഒറ്റയ്ക്ക് ആയാൽ.. എനിക്ക് പേടി ഉണ്ട്.

അച്ഛൻ മൗനം ആണ്.. മിണ്ടുന്നില്ല. അച്ഛന് എല്ലാം അറിയാവുന്ന പോലെ.

പിറ്റേന്ന് ഉച്ചകഴിഞ്ഞു ചേച്ചിയും ഏട്ടനും ഒക്കെ എത്തി. നാളെ തന്റെ ജീവിതയാത്ര തീരുമോ. എല്ലാവരുടെയും മുഖത്തു ആശങ്ക. ചേച്ചിയോട് ‘‘എനിക്ക് എന്തെങ്കിലും പറ്റിയാൽ മോളെ നോക്കണം. പഠിപ്പിക്കണം.. അവളുടെ ഇഷ്ടം അറിഞ്ഞു വേണം വിവാഹം കഴിപ്പിക്കാൻ’’ അത്രയും പറഞ്ഞപ്പോൾ ആകെ പൊട്ടിപ്പോയി.

നീ ഇപ്പോ വേണ്ടാത്തത് ഒന്നും ആലോചിക്കണ്ട. നിനക്ക് ഒന്നും വരില്ല. എല്ലാരും പ്രാർത്ഥിക്കുന്നുണ്ട്. ചേച്ചി അത് പറഞ്ഞു എങ്കിലും കരഞ്ഞുപോയി. മോൾ അപ്പോൾ പുറത്ത് ആയിരുന്നത് കൊണ്ടു ഒരു വലിയ സങ്കടം ഒഴിവായി. ഇത്തിരി കഴിഞ്ഞു മോൾ വേഗം കേറി വന്നു.

‘‘അമ്മേ.. അമ്മേടെ... പഴയ.. ആ അങ്കിൾ..’’ അവൾ പതറിക്കൊണ്ട് പറഞ്ഞിട്ട് ചേച്ചിയെ നോക്കി.. പെട്ടെന്ന് വിജയ് കയറി വന്നപ്പോൾ ആകെ പരിഭ്രമം.. എഴുനേൽക്കാൻ ശ്രമിച്ചപ്പോൾ,

വേണ്ട.. കിടന്നോളു എന്ന് പറഞ്ഞു.

വിജയ്.. വിളിച്ചത് ബുദ്ധിമുട്ട് ആയി കാണും അല്ലേ.

അപ്പോഴേയ്ക്കും മോൾ ചേച്ചിയെ കൂട്ടി വെളിയിൽ ഇറങ്ങി.

ഗീതു... താൻ ഇപ്പോഴും എന്നെ ഓർക്കുന്നുണ്ടായിരുന്നു അല്ലേ.?

മറക്കാൻ പറ്റിയിട്ടില്ല ഒരിക്കലും. എന്നും ഒരു നോവായി മനസ്സിൽ ഉണ്ടായിരുന്നു വിജയ്. ഈ രോഗമാണ് എന്ന് അറിഞ്ഞപ്പോൾ മോളു കഴിഞ്ഞാൽ ഓർത്തത് നിങ്ങളെ ആണ്.

ഒരിക്കൽ എങ്കിലും ഒന്ന് കാണാൻ, ഒന്ന് അടുത്തിരിക്കാൻ തോന്നാറുണ്ടായിരുന്നു. പക്ഷേ വിജയ് ഇപ്പോൾ മറ്റൊരാളുടേത് ആണെന്നുള്ള ചിന്ത വിലക്കി. പക്ഷേ ഇപ്പോൾ..

വിജയ് ഓർക്കുന്നോ.. പണ്ട് ഞാൻ പറയുമായിരുന്ന കയ്യിലെ മരവിപ്പ്.. അതിടയ്ക്ക് ഇപ്പോഴും ഉണ്ടാകാറുണ്ട്. അപ്പോഴൊക്കെ ഞാൻ ഓർത്തിരുന്നു..

എന്റെ കയ്യിൽ മുറുകെ പിടിച്ചു വിജയ്  പറയുന്നപോലെ.. ഗീതു ഞാൻ കൂടെ കാണും എന്ന്. വിജയ് ഓർക്കാറുണ്ടോ.. പണ്ട് ഞാൻ പറയുമായിരുന്നു.. ഞാൻ മരിക്കും എന്നുറപ്പായാൽ വിളിക്കും. എന്നെ ഒന്ന് കാണാൻ വരണം. എന്റെ ഇടത് കയ്യ് മുറുകെ പിടിക്കണം. വിജയ് യുടെ മുഖംത്തേയ്ക്ക് നോക്കി എനിക്ക് മരിക്കണം എന്ന് പറയുന്നത്. അപ്പോ വിജയ് പറയും ഓരോന്ന് പറഞ്ഞു ഇല്ലാത്ത അസുഖം വിളിച്ചു വരുത്തിക്കോണം എന്ന്. ഇപ്പോ വിളിക്കാഞ്ഞിട്ടും മരണം അടുത്ത് എത്തിയപോലെ തോന്നുന്നു വിജയ്..

വിജയ് മെല്ലെ മുഖം ഉയർത്തി.. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നു.. പതിയെ കയ്യ് ഉയർത്തി എന്റെ ഇടത് കയ്യ് എടുത്ത് പിടിച്ചു..

ക്ഷമിക്കണം. ഗീതു.. എനിക്ക് ഒന്നിനും പറ്റിയില്ല. നീ ഇപ്പോഴും എന്നെ സ്നേഹിക്കുന്നു എന്ന് അറിഞ്ഞപ്പോൾ ഉള്ള് പിടയ്ക്കുന്നു. ഞാൻ എങ്ങനാ മാപ്പ് പറയണ്ടേ. ജീവിതത്തിൽ തന്ന പ്രതീക്ഷകൾ ഒന്നും പാലിക്കാൻ എനിക്ക് പറ്റിയില്ല ഗീതു.

വിജയ് യുടെ കയ്യിൽ ഇരുന്നു എന്റെ കൈ വിറയ്ക്കുണ്ടായിരുന്നു. മകൾ കയറി വന്നപ്പോൾ വിജയ് കയ്യെടുത്തു.

വിജയ്ക്ക് ഇപ്പോൾ പോകണോ? ഇല്ല ഗീതു.. ഈ അവസ്ഥയിൽ എനിക്ക് പോകാൻ ആകില്ല.. ഞാൻ രാവിലെ വരാം.. ഇവിടെ ഏതെങ്കിലും ലോഡ്ജിൽ രാത്രി തങ്ങാം.

അതും പറഞ്ഞു വിജയ് നടന്നു നീങ്ങി. മോൾ കയറി വന്നപ്പോൾ 

അടുത്തിരുത്തി അവളുടെ കയ്യിൽ തലോടി കൊണ്ടിരുന്നു.. അവളുടെ ഹൃദയം ഇടിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. രാത്രിയിൽ മരുന്നിന്റെ  ഷീണം ഉണ്ടെങ്കിലും ഉറങ്ങാൻ അത്ര പറ്റിയില്ല. കണ്ണടച്ചാൽ പേടി സ്വപ്നം.. ദൈവമേ എന്റെ മോൾ.. അതിരാവിലെ ഉണർന്നു കുളിച്ചു, മോളെ നോക്കാൻ വിഷമം.. എങ്കിലും ഇടയ്ക്ക് ഒന്ന് നോക്കിയപ്പോൾ ഇപ്പോൾ പെയ്യുന്ന മഴമേഘം അവളുടെ മുഖത്തു ഉണ്ടായിരുന്നു..

സർജറിക്ക് വേണ്ടുന്ന ഡ്രസ്സ്‌ ഇട്ട് കഴിഞ്ഞപ്പോഴേയ്ക്കും അവൾ ആകെ ബഹളം ആയി. വല്ലാത്ത കരച്ചിൽ,

‘‘അമ്മയെ വിഷമിപ്പിക്കാതെ, സന്തോഷം ആയിട്ട് അമ്മയെ വിടാൻ നോക്ക്.. അമ്മയ്ക്ക് മോളുടെ മുഖം ഓർത്തു വേണം അവിടെ കിടക്കാൻ.’’

അവളെ ആശ്വസിപ്പിക്കാൻ അങ്ങനെ പറഞ്ഞു എങ്കിലും എന്റെ ചങ്ക് പൊട്ടുന്നുണ്ടായിരുന്നു. അപ്പോഴേയ്ക്കും വിജയ് എത്തി. ഒറ്റ ദിവസം കൊണ്ട് ആളാകെ മാറിപ്പോയി. മുഖം വല്ലാതെ.. ആരുടെയൊക്കെയോ മുഖത്ത് അനിഷ്ടം പോലെ തോന്നി. ‘‘വിജയ് എന്റെ അടുത്ത് ഒന്നിരിക്കാവോ’’, എല്ലാരും ഉണ്ടെങ്കിലും ഞാൻ ചോദിച്ചപ്പോൾ വിജയ് എന്റെ അടുത്ത് ഇരുന്നു. എന്റെ കയ്യ് എടുത്തു നെഞ്ചോട് ചേർത്തിട്ട്  മുടിയിൽ പതിയെ തലോടി, കയ്യിൽ ഇടയ്ക്ക് പിടിത്തം മുറുകി, ആ കയ്യിൽ ഇരുന്ന് തന്റെ കയ്യ് ഞെരിഞ്ഞമർന്നു. മരണത്തിനു പോലും ഇനിയൊരിക്കലും വിട്ടുകൊടുക്കില്ല എന്ന് പറയുന്ന പോലെ. പിന്നെ കുനിഞ്ഞു നെറ്റിയിൽ ഒരുമ്മ.. മുഖത്തോട് മുഖം ചേർത്തപ്പോൾ 

കണ്ണ് നിറഞ്ഞു കണ്ണുനീർ എന്റെ മുഖത്തു വീണു.. ഞാൻ പതിയെ എന്റെ കണ്ണുകൾ അടച്ചു.. ഓപ്പറേഷൻ തിയേറ്ററിന്റെ വാതിൽ തുറക്കുന്നതും എന്നെ അകത്തേയ്ക്ക് കയറ്റുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു. മകളുടെ കരച്ചിലും.. വിജയ് യുടെ നിസ്സഹായത നിറഞ്ഞ മുഖവും മനസ്സിൽ തിങ്ങി നിൽക്കുന്നു.  അപ്പോഴേക്കും ആരോ വിജയ് യുടെ കയ്യിൽ നിന്നും എന്റെ കയ്യ് ബലമായി എടുത്ത് മാറ്റി.. അടഞ്ഞ കണ്ണുകൾ തുറക്കാൻ താൻ ശ്രമിച്ചില്ല. ആരെയും നോക്കാൻ ധൈര്യം ഇല്ലാത്തപ്പോലെ. 

നെറ്റിയിലെ നനുത്ത ഉമ്മയുടെ തണുപ്പ് ശരീരത്തേയ്ക്ക് വ്യാപിക്കുന്ന പോലെ.. കണ്ണുകൾ ഇറുക്കെ പൂട്ടി. ഇനി തുറക്കേണ്ടതില്ലാത്ത പോലെ.

English Summary: Achante makal, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;