‘ജീവിതം തീരാറായി എന്ന് ഡോക്ടർ, ഒരു സിനിമയ്ക്കോ ടൂറിനോ പോകാൻ പോലും ജോലിത്തിരക്കിനിടയിൽ മറന്നു’

sad-man
പ്രതീകാത്മക ചിത്രം. Photo Credit : Marjan Apostolovic / Shutterstock.com
SHARE

ഉയിർത്തെഴുന്നേൽപ്പ് (കഥ)

ആശുപത്രിയിൽ നിന്നും ഇറങ്ങുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് ഒരു ഊഹവും ഇല്ലായിരുന്നു. 35 വയസിനുള്ളിൽ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തു തീർത്തു. എങ്കിലും ഇനി അധികമില്ല ഈ ജീവിതം എന്നറിയുമ്പോൾ മനസ്സിൽ എന്തോ കൊളുത്തി വലിക്കുന്നു.

രാജേഷിനു തളർന്നു പോകുന്ന പോലെ തോന്നി, തന്റെ മോനെ പറ്റിയുള്ള ചിന്ത അയാളെ വല്ലാതെ തളർത്തി. ക്യാൻസർ ആണ് എന്ന് ഡോക്ടർ പറഞ്ഞപ്പോൾ തന്നെ രാജേഷിന്റെ മനസ്സിൽ ഇരുട്ട് നിറഞ്ഞിരുന്നു;

ജീവിക്കാനുള്ള ചാൻസ് ഇല്ല എന്ന് ഡോക്ടറുടെ വർത്തമാനത്തിൽ നിന്നും മനസിലായെങ്കിലും പറഞ്ഞത് മുഴുവൻ ധൈര്യത്തോടെ കേട്ടിരുന്നു. പക്ഷേ ഇപ്പോൾ പുറത്തേക്കിറങ്ങിയപ്പോൾ കഴിയുന്നില്ല. ലോകത്തോട് തന്നെ വെറുപ്പ് തോന്നുന്നു.

വീട്ടിലെത്തി കതകടച്ച് ഒറ്റക്കിരുന്നപ്പോൾ മനസ്സിലൊരു കടലിന്റെ ഇരമ്പൽ, ഐടി കമ്പനിയിലെ തിരക്കുള്ള ജീവിതത്തിൽ ജീവിതത്തിന്റെ വർണ്ണങ്ങൾ ഒന്നും ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല എന്നൊരു തോന്നൽ അയാളുടെ മനസ്സിൽ ഒരു തേങ്ങലായി.

മകനെപ്പോലും കളിപ്പിക്കാൻ സമയം കിട്ടിയിരുന്നില്ല, ഒരു സിനിമയ്ക്കോ ടൂറിനു പോകാനോ അയാൾക്ക് നേരം കിട്ടിയിരുന്നില്ല, എന്തിന് ദിവസം ഒരു മണിക്കൂർ ഭാര്യയോടോത്തിരിക്കാൻ കൂടി ജോലിയുടെ തിരക്ക് അയാളെ അനുവദിച്ചിരുന്നില്ല. കുടിയിലും വലിയിലും ഒന്നും തനിക്കൊരിക്കലും സന്തോഷം തോന്നിയിട്ടില്ല. എന്നിട്ടും ക്യാൻസർ എന്ന ചതി ഈശ്വരൻ എന്തിനു എന്നോട് ചെയ്തു. ആലോചിച്ചിട്ട് രാജേഷിനൊരു എത്തും പിടിയും കിട്ടിയില്ല. 

രാജേഷിനു തന്റെ ബാല്യം ഒരു സ്ക്രീനിൽ എന്ന പോലെ മനസ്സിലൂടെ വന്നു. എങ്ങനെ ഒക്കെയോ ജീവിതം തള്ളി നീക്കുന്ന അച്ഛനും അമ്മയും. അതിന്റിടയിൽ ഉള്ള പഠിത്തം. 9–ാംക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛന്റെ മരണം. പഠിത്തത്തിന്റെ ഇടയിൽ തന്നെ ഓരോ പണി ചെയ്തു മുന്നോട്ടു നീങ്ങിയപ്പോഴും ജീവിതത്തിൽ വിജയിക്കണമെന്നുള്ള ഒരു ദൃഢ നിശ്ചയം ഉണ്ടായിരുന്നു. എല്ലാ ക്ലാസ്സിലും നല്ല മാർക്കോടെ പഠിച്ചു ഒരു നല്ല ഐടി കമ്പനിയിൽ തന്നെ ജോലി കിട്ടി. എന്നിട്ടും വന്ന വഴി മറക്കാതെ ചിട്ടയോടു തന്നെ ജീവിച്ചു. വീടും കാറും സ്ഥലങ്ങളും അങ്ങിനെ എല്ലാം സ്വന്തം ആക്കി. അതിനിടയിൽ തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന മഞ്ചു, എന്നും തന്റെ പിന്നിൽ, ഒരു താങ്ങായി നിന്ന ഭാര്യ. പറക്കമുറ്റാത്ത തന്റഎ മോൻ, തന്നെ താനാക്കി വളർത്തിയ തന്റെ അമ്മ, പൊട്ടി കരഞ്ഞു പോയി അയാൾ. എല്ലാത്തിൽ നിന്നും താൻ അകലാൻ പോകുന്നു.

ഒരിക്കലും തിരിച്ചു വരാൻ ആകാത്ത ഒരു യാത്രയ്ക്കു വേണ്ടി തയ്യാറെടുക്കുന്ന മാനസികാവസ്ഥ ഊഹിക്കുന്നതിലും ഭീകരമായിരുന്നു. മരണം എന്ന യാഥാർഥ്യത്തിലേക്ക് ഇനി തനിക്കുള്ള ദൂരം വളരെ കുറവാണെന്ന ബോധം അയാളെ വല്ലാതെ തളർത്തി. ഒരു മയക്കത്തിലേക്കു വീണു പോയപ്പോളേക്കും ആണ് അച്ഛന്റെ മുഖം മനസിലേക്ക് വന്നത് ‘ഒന്നു കൊണ്ടും വിഷമിക്കണ്ട’ എന്നൊരു സാന്ത്വനവും, ഞെട്ടി എണീറ്റപ്പോൾ മനസ്സിൽ വല്ലാത്തൊരു ധൈര്യം തോന്നി. വീട്ടിൽ ആരോടും ഒന്നും പറയണ്ട എന്ന് തന്നെ തീരുമാനിച്ചു. 

എല്ലാ കാര്യങ്ങളും ഉറ്റ സുഹൃത്തായ ഗോവിന്ദിനെ വിളിച്ചു പറഞ്ഞു. മനസിനൊരു വലിയ ആശ്വാസമായിരുന്നു അത്. നാളെ തന്നെ ബാംഗ്ലൂരിലെ ഒരു പ്രഗത്ഭനായ ഡോക്ടറെ കാണാം എന്നവൻ പറഞ്ഞു. എന്ത് കാര്യത്തിനായാലും രണ്ടാമതൊരു അഭിപ്രായം അറിയുന്നത് നല്ലതാണല്ലോ. ‍ഡോ. രമാകാന്ത് ക്യാൻസർ എന്ന രോഗത്തിൽ നിന്നും അനേകം ആയിരം ജനങ്ങളെ രക്ഷിച്ച ദൈവദൂതൻ. കാലത്ത് തന്നെ ഗോവിന്ദ് കാറുമായെത്തി. നേരെ ഹോസ്പിറ്റലിലെക്കു, ചീട്ടെടുത്ത് കാത്തു നിൽക്കുമ്പോൾ മനസിന്റെ കടിഞ്ഞാണ് കൈയ്യിൽ നിന്നും പോയിരുന്നു അത് കണ്ണ് നീരായി ഇറ്റിറ്റു വീണു. ഗോവിന്ദ് ആശ്വസിപ്പികാൻ ശ്രമിക്കുന്നുണ്ടെങ്കിലും നിയന്ത്രിക്കാൻ പറ്റുന്നില്ലായിരുന്നു.

റിപ്പോർട്ടുകൾ ഡോക്ടറുടെ കൈയ്യിൽ കൊടുക്കുമ്പോൾ രാജേഷിന്റെ കൈ വിറക്കുന്നു ഉണ്ടായിരുന്നു. എല്ലാം വായിച്ചു കഴിഞ്ഞു ഒരു ചെറു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു, 3 റിപ്പോർട്ടുകൾ നോക്കുമ്പോൾ എന്തോ ഒരു വൈരുധ്യം പോലെ ഒന്ന് കൂടി ഈ ചെക്കപ് ഒക്കെ ചെയ്യണം എന്ന്. അദ്ദേഹം അപ്പോൾ തന്നെ വേറൊരു ലാബിലേക്ക് വിളിച്ചു കാര്യം പറഞ്ഞു റിപ്പോർട്ട് പെട്ടെന്ന് വേണം എന്നും. ആശുപത്രിയിൽ നിന്നും ലാബിലേക്ക് പോകുമ്പോൾ ഗോവിന്ദ് ഒന്നും മിണ്ടിയില്ല. രണ്ടാമത് എല്ലാ ടെസ്റ്റിനും കൊടുത്തു റിസൾട്ട് പിറ്റേ ദിവസം രാവിലെ തന്നെ തരാമെന്നു അവർ ഏറ്റു. വൈകിട്ട് വീട്ടിലെത്തിയിട്ട് ആരോടും ഒന്നും പറഞ്ഞില്ല. നാളത്തെ വിധി എഴുതലിനെ കുറിച്ചോർത്തു കിടന്നു 

പിറ്റേന്ന് രാവിലെ റിപ്പോർട്ടും വാങ്ങി ഡോക്ടറുടെ അടുത്തെത്തി. പുതിയ റിപ്പോർട്ട് വായിക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തൊരു ചിരി പടരുന്നത് രാജേഷിന്റെ മനസ്സിനെ ചെറുതായൊന്നു കുളിർപ്പിച്ചു. എല്ലാം നോക്കിയ ശേഷം അദ്ദേഹം എഴുന്നേറ്റു നിന്ന് രാജേഷിന്റെ കൈയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു .. താങ്കൾക്കു ക്യാൻസർ ഇല്ല, ആദ്യത്തെ റിപ്പോർട്ടിൽ വന്ന പിശകാണത്രേ. മരുന്ന് കഴിച്ചാൽ ഒരാഴ്ച കൊണ്ട് മാറുന്ന അസുഖമേ ഉള്ളു. മറുപടി ആയി എന്താ പറയേണ്ടതെന്ന് രാജേഷിനു അറിയില്ലായിരുന്നു. സന്തോഷം കൊണ്ട് അദ്ദേഹത്തെ കെട്ടി പിടിച്ചു പൊട്ടി കരഞ്ഞു പോയി അയാൾ . 

തിരിച്ചിറങ്ങുമ്പോൾ ഗോവിന്ദ് പറഞ്ഞു, ഇത് നിന്റെ രണ്ടാം ജന്മം ആണ്. ശരി ആണ്; എന്തൊക്കെ കഴിഞ്ഞ ജന്മത്തിൽ തനിക്കു നഷ്ട്ടപെട്ടോ അതൊക്കെ ആസ്വദിക്കണം. വെറും ലാപ്ടോപ്പും , ഫോണും മാത്രമല്ല ജീവിതം എന്ന നഗ്ന സത്യം രാജേഷ് തിരിച്ചറിഞ്ഞിരുന്നു. മാനേജറെ വിളിച്ചു ഒരാഴ്ച ലീവ് പറഞ്ഞിട്ടാണ് ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്കു പോയത്. പിറ്റേ ദിവസം തന്നെ കുടുംബത്തോടൊപ്പം അയാൾ ഊട്ടി, കൊടൈക്കനാൽ ടൂറിനു പുറപ്പെട്ടു. രാജേഷ് വീണ്ടും ജീവിതത്തിന്റെ കടംകഥയിലേക്ക് ഊളിയിട്ടു മറ്റൊരു ജന്മത്തിലെന്ന പോലെ...

English Summary: Uyarthezhunnelppu, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;