‘അവിടെ ഇരിക്ക്‌ പെണ്ണേ...’ പിറകില്‍ നിന്ന്‌ അട്ടഹാസം കേട്ടപ്പോഴാണ് ബോധം വന്നത്‌; ഗോഡ്ഫാദർ ഓർമ

ഞങ്ങളും കണ്ടൂ ഗോഡ് ഫാദർ (കഥ)
ഗോഡ്‌ഫാദർ
SHARE

ഞങ്ങളും കണ്ടൂ ഗോഡ് ഫാദർ (കഥ)

കോതനല്ലൂർ എം പി സിന്റെ മനോഹരമായ വെള്ളിത്തിരയില്‍ പ്രദര്‍ശനം നാളെ മുതല്‍ ആരംഭിക്കുന്നു... ഗോഡ്‌ ഫാദര്‍....കോളാമ്പി വച്ചു കെട്ടിയ ജീപ്പില്‍ നിന്ന്‌ അലയടിച്ചെത്തിയ ശബ്ദം മാഞ്ഞൂർ എന്ന എന്റെ കൊച്ചു ഗ്രാമത്തിന്റെ മുക്കിലും മൂലയിലും മറ്റൊലികൊണ്ടു.... ജീപ്പില്‍ നിന്ന്‌ പാറി വരുന്ന ഇളംചുവപ്പു നിറത്തിലുള്ള നോട്ടിസ്‌ പെറുക്കാന്‍ കുട്ടികള്‍ വണ്ടിയുടെ പുറകെ ഓടി. (മാഞ്ഞൂര്‍ പഞ്ചായത്തിലെ ചലച്ചിത്ര ആസ്വാദകര്‍ക്ക്‌ ആകെയുള്ള രണ്ട്‌ സിനിമ കൊട്ടക കളില്‍ ഒന്നാണ്‌ കോതനല്ലൂര്‍ എം പി സ്..) 

“എടീ ചേച്ചി നീ അത്‌ കേട്ടോ.. ആണ്ടെ, ഗോഡ്‌ ഫാദര്‍ എമ്പീസില്‍ വന്നു.. ഓ എങ്ങിനെ എങ്കിലും ഒന്നു കാണണം’’. അപ്പ സമ്മതിക്കുവോ? അറിയില്ല..‘നിന്റെ പരീക്ഷ തുടങ്ങാന്‍ പോകുവല്ലേ..എസ്‌എസ്‌എല്‍സി പരീക്ഷക്ക്‌ മുമ്പുള്ള സ്റ്റഡി ലീവ്‌ ആണ്‌..അതേ..പക്ഷേ ഇപ്പൊള്‍ കാണാന്‍ പറ്റിയില്ല എങ്കില്‍ എപ്പോ കാണാന്‍ കഴിയും??

ഒന്നുമറിയില്ല തന്നെ...

ഒരു വര്‍ഷം മുമ്പ്‌ റിലീസ്‌ ആയതാണ്‌  ഗോഡ്‌ ഫാദര്‍.. കോട്ടയം പോലുള്ള ടാണില്‍ ഒക്കെ സിനിമ കാണാന്‍ പോകുക എന്നത്‌ ഒരു സാധാരണ ക്രൈസ്തവ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഞങ്ങള്‍ക്ക്‌ സ്വപ്നം കാണുന്നതിനും അപ്പുറമായിരുന്നു...പെണ്‍കുട്ടികള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി കഴിയണം എന്നത്‌ എഴുതപ്പെടാത്ത നിയമം ആണല്ലോ..

ഈ ഞായറാഴ്ച മാറ്റിനി കാണാന്‍ പോകാം.അമ്മയെ കൂട്ടി വേണം പോകാന്‍.അപ്പ ഒരു ചലച്ചിത്ര ആസ്വാദകന്‍ അല്ല എന്നതു കൊണ്ട്‌ തന്നെ മക്കളെ സിനിമ കാണാന്‍ വിടുന്നത്‌ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്‌. ഞായറാഴ്ച വേദപാഠം കഴിഞ്ഞ് തിരികെ വീട്ടില്‍ എത്തി.  ഭക്ഷണം കഴിഞ്ഞു ചാരുകസേരയില്‍ അപ്പ ഉച്ച മയക്കത്തിന്‌ കിടക്കുന്ന സമയം... ഞാന്‍ പതിയെ അപ്പയെ സമീപിച്ചു.

അപ്പാ...

ആ എന്താടി? 

എന്തോകാര്യ സാധ്യം ഉണ്ടെന്ന്‌ എന്റെ വിളി കേട്ട്‌ അപ്പ മനസ്സിലാക്കി. അപ്പാ...പിന്നെയും വിളി...എന്താ കാര്യം? അപ്പ തല ഉയര്‍ത്തി എന്നെ നോക്കി ചോദിച്ചു. അപ്പാ, ഒരു സിനിമ വന്നിട്ടുണ്ട് കോതനല്ലൂറ്‌എമ്പിസില്‍..എന്റെ മറുപടി.. ഓ.. അത്‌കൊണ്ട്‌? അപ്പ വീണ്ടും..ഞാനും ചേച്ചിയും അമ്മയുടെ കൂടെ പോയി ആ സിനിമ കണ്ടോട്ടെ?? നിനക്ക്‌ പരീക്ഷ തുടങ്ങാന്‍ പോകുവല്ലെ? വല്ലതും പോയിരുന്നു പഠിക്കെടി..ഇനി പ്രതീക്ഷയ്ക്ക്‌ വകയില്ല എന്നു മനസ്സിലാക്കിയ ഞാന് ഉദ്യമത്തില്‍ നിന്നും പിന്മാറി...

(കെഎസ്ആർടിസി സ്റ്റുഡന്റ്സ്‌ പാസ്സ് എടുക്കാന്‍ എന്ന വ്യാജേന കൂട്ടുകാരുടെ കൂടെ കോട്ടയത്ത്‌പോയി സിനിമ കണ്ടു കഴിഞ്ഞ എന്റെ സഹോദരന്‍ ‘അവളുടെ ഒരു സിനിമ. നീ ഒന്നും ഇത്‌ കാണാന്‍ പോകുന്നില്ല’ എന്നും മൊഴിഞ്ഞ്‌ അകത്തേക്ക്‌ പോയി. എല്ലാ പട്ടിക്കും ഒരു ദിവസം വരും എന്ന്‌ മനസ്സില്‍ പറഞ്ഞ്‌ ഞാനും ചേച്ചിയും അടുക്കളയിലേക്ക്‌ പാത്രം കഴുകാനും പോയി.

ദിവസങ്ങള്‍ സംഭവ ബഹുലമായി കടന്നു പോയി. ഒരാഴ്ച കഴിഞ്ഞു പോയത്‌ എങ്ങനെ എന്നറിയില്ല. കോതനല്ലൂര്‍ എമ്പീസിന്റെ മനോഹരമായ വെള്ളിത്തിരയില്‍. ഗോഡ്‌ ഫാദര്‍ രണ്ടാം വാരം. ആ ഞായറാഴ്ചയും പക്ഷേ അപ്പയുടെ മനസ്സലിഞ്ഞില്ല...അങ്ങിനെ ഗോഡ് ഫാദർ എന്ന സ്വപ്നം ഞാനും ചേച്ചിയും ഉപേക്ഷിച്ചു എന്ന്‌ തന്നെ പറയാം... 

ദിവസങ്ങള്‍ പോയി മറഞ്ഞു. അടുത്ത വ്യാഴാഴ്ച വന്നെത്തി. ഉച്ചയൂണ്‌ ഒക്കെ കഴിഞ്ഞു ആകാശവാണിയിലെ ചലച്ചിത്ര ഗാനങ്ങള്‍ ആസ്വദിച്ചു ഞങ്ങളിരിക്കുമ്പോള്‍, അതാ വീണ്ടും കേള്‍ക്കുന്നു.പ്രേക്ഷകരുടെ അഭ്യര്‍ഥനങ്ങള്‍ മാനിച്ച്‌ കൊണ്ടു കോതനല്ലര്‍ എമ്പീസിന്‍െറ ചരിത്രത്തില്‍ ആദ്യമായി മൂന്നാം വാരവും പ്രദര്‍ശനം തുടരുന്നു. ഗോഡ്‌ ഫാദര്‍...ദിവസം നാല്‌ കളികള്‍...ദിവസവും മാറ്റിനി... ഉച്ചഭാഷിണിയിലൂടെ വീണ്ടും ആ സ്വരം ഞങ്ങളുടെ കാതുകളില്‍ ഒഴുകി എത്തി.. ഈ ആഴ്ച എങ്ങനെ എങ്കിലും കാണണം.. ഒത്തിരി തിരക്ക്‌ കാണും അത്‌ കൊണ്ട്‌ ആയിരിക്കും ദിവസവും മാറ്റിനി... ഞങ്ങള്‍ പരസ്പരം പറഞ്ഞു.അടുത്ത ബുധനാഴ്ച എസ്എസ്എൽസി പരീക്ഷ തുടങ്ങും..അതിനു മുമ്പ്‌ എങ്ങനെ എങ്കിലും കണ്ടില്ലെങ്കില്‍ പിന്നെ എന്ന് കാണാൻ?

നമ്മുടെ ചുറ്റുവട്ടത്തുള്ള സ്ത്രീകളും കുട്ടികളും അടങ്ങുന്ന സഹൃദയരായ നാട്ടുകാർ എല്ലാവരും തന്നെ ഇതിനോടകം ഈ സിനിമ കണ്ടിരുന്നു. അമ്മയുടെ കൂട്ടുകാരായ മറിയാമ്മ ചേടത്തിയും ഭവാനി അമ്മയും ഒക്കെ അതില്‍ ചിലര്‍ മാത്രം. ഒരു നല്ല ചലച്ചിത്ര ആസ്വാദക ആയിരുന്ന ഭവാനി അമ്മ ആവട്ടെ സിനിമയെപ്പറ്റി വാചാലയായി. ‘എന്റെ ചിന്നമ്മേ, (എന്റെ അമ്മ) എന്തൊരു തമാശ ആണെന്നോ? ഒന്ന്‌ കാണേണ്ടത്‌ തന്നെ.. ആ പിള്ളേരും ആയി പോയി കാണണം. ഉതുപ്പുട്ടി നാനരോട്‌ (എന്റെ അപ്പ) പറഞ്ഞ്‌ കൊടുക്ക്‌.’ ‘എന്റെ ഭവാനി, ആ മനുഷ്യന്‌ സ്വന്തമായി തോന്നണം.. അല്ലാതെ എങ്ങനെ ?’  അമ്മ ഭവാനി അമ്മയോട്‌ പറഞ്ഞു...

ആ ഞായറാഴ്ച വേദപാഠം ഇല്ലാതിരുന്നത്‌ കൊണ്ട്‌ രാവിലെ ആദ്യത്തെ കുർബാനക്ക്‌ തന്നെ പള്ളിയില്‍ പോയി. പോകുന്ന വഴിയില്‍ മറിയാമ്മച്ചേടത്തിയെ കണ്ടു. കുശലാന്വേഷണം നടത്തുന്നതിനിടെ മറിയാമ്മച്ചേടത്തി ചോദിച്ചു. ‘‘മക്കളെ നിങ്ങള്‌ കണ്ടോ ആ സിനിമ?..ഞാനും പോയി.. ചിരിച്ചു മടുത്തു.. നല്ല സിനിമ..എന്റെ ചിന്നമ്മ ചേടത്തി നിങ്ങള്‌ അതൊന്ന്‌ കാണണം’ .മറിയാമ്മ ചേടത്തിയുടെ സിനിമ അവലോകനം കഴിഞ്ഞ്‌ അമ്മ പറഞ്ഞു... അതിപ്പം ഇവരുടെ അപ്പന്‍ സമ്മതിക്കണ്ടെ..’

വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു ഭയഭകതി ബഹുമാനപൂര്‍വം വീട്ടിലേക്ക്‌ തിരികെ നടന്നു വരുമ്പോള്‍ ആണ്‌ മാമ്പിള്ളിയിലെ പേരമ്മ മന്ദം മന്ദം നടന്നു വരുന്നത്‌ കാണുന്നത്‌..പേരമ്മേ, ഞങ്ങള്‍ സ്നേഹപൂര്‍വം വിളിച്ചു..തലയില്‍ നിന്ന്‌ ഉര്‍ന്നിറങ്ങിയ നേരിയത് വലിച്ചിട്ട്‌ കൊണ്ട്‌ പേരമ്മ തിരിഞ്ഞു നോക്കി.. 'ആ നിങ്ങള്‍ ആയിരുന്നോ?? അമ്മ വന്നില്ലേ?’ അമ്മ തൊട്ടു പിറകിൽ തന്നെയുണ്ട്. മക്കളെ നിങ്ങള്‍ ആ സിനിമ കണ്ടോ? പേരമ്മ ചോദിച്ചു..ഇല്ല പെരമ്മേ..നഷ്ടബോധത്തോടെ ഞങ്ങള്‍ പറഞ്ഞു. പേരമ്മ കണ്ടോ? ആകാംഷയോടെ ഞങ്ങള്‍ ചോദിച്ചു.

‘ആ കണ്ടെടി,നല്ല തമാശയാണ്‌..ചിരിപ്പടമാണ്‌’  തന്റെ സ്വതസിദ്ധ ശൈലിയില്‍ പേരമ്മ പറഞ്ഞു നിര്‍ത്തി. ‘ചേടത്തി, പിള്ളേരും ആയി പോയി കാണ്‌’ കൂടെ അമ്മക്കൊരു ഉപദേശവും... എല്ലാവരും എന്നോട്‌ പറയും, ഇവര്‍  ആരെങ്കിലും നിങ്ങടെ അപ്പനോട്‌ പറഞ്ഞു സമ്മതിപ്പിക്കുമോ?? അമ്മ പിറു പിറുത്തു...

മാറ്റിനി സാധാരണ ഉച്ചകഴിഞ്ഞ്‌ 2.15 നാണ്‌ ആരംഭിക്കുക.. അതിന്‌ മുമ്പ്‌ അപ്പായെ പറഞ്ഞ്‌ സമ്മതിപ്പിക്കണം.. വലിയ ഉദ്യമം തന്നെ...പക്ഷേ, ഒമ്പത്‌ മക്കളില്‍ ഏറ്റവും ഇളയത്‌ എന്ന പ്രത്യേക പരിഗണന ഉള്ളത്‌ കൊണ്ട്‌ തന്നെ, അപ്പയുടെ അനുവാദം മേടിക്കാന്‍  ചേച്ചി എന്നെ നിർബന്ധിച്ച് കൊണ്ടിരുന്നു.

മക്കളെ അപ്പാക്ക്‌ ചോറ്‌ എടുത്ത്‌ കൊടുക്കണേ..അമ്മ പുല്ല്‌ പറിക്കാന്‍ പോകുവാ..എന്നും പറഞ്ഞ്‌ അമ്മ പശുവിന്‌ കൊടുക്കാനുള്ള പുല്ല്‌ പറിക്കാന്‍ സുഹൃത്തുക്കള്‍ ആയ ഭവാനി അമ്മയുടെയും മറിയാമ്മ ചേടത്തിയുടെയും കൂടെ പാടത്തേക്ക് പോയി. ഈ പുല്ല്‌ ശേഖരണം ഇത്തിരി ആയാസപ്പെട്ട പണി ആണെങ്കിലും അമ്മയ്ക്കും കൂട്ടുകാര്‍ക്കും അത്‌ ഒരു നേരം പോക്ക്‌ കൂടി ആയിരുന്നു. അമ്മ പോയി കുറെ കഴിഞ്ഞപ്പോള്‍ ഒരു മണി ആകുന്നതിന്‌ മുമ്പ്‌ തന്നെ

അപ്പാക്ക്‌ ഇഷ്ടപ്പെട്ട താറാവിന്‍ മുട്ടയും പൊരിച്ച്‌ ചോറു വിളമ്പി കൊടുത്തു..ഞങ്ങളും കഴിച്ചു.. എടീ, നീ പോയി അപ്പയോടു ചോദിക്ക്‌ . പാത്രം കഴുകുന്നത്‌ നിടയിൽ ചേച്ചി എന്നോട്‌പറഞ്ഞു...

ഉച്ചയൂണ്‌ കഴിഞ്ഞ്‌ അപ്പ ചാരു കസേരയില്‍ പത്രം വായിച്ചു കൊണ്ടിരുന്നു.അപ്പാ.. നീട്ടിയുള്ള ആ വിളി കേട്ടപ്പോള്‍ തന്നെ അപ്പാക്കു എന്തോ കാര്യ സാധ്യത്തിന്‌ വേണ്ടി ഉള്ളതാണ്‌ എന്ന്‌ മനസ്സിലായി...

അപ്പാ.. ഞാന്‍ പിന്നെയും വിളിച്ചു.. അപ്പൊള്‍ അതാ അപ്രതീക്ഷിതമായി വേറൊരു സ്വരം..‘ചേട്ടായി’ നോക്കിയപ്പോള്‍ കണ്ടത്‌ ദാ,വരുന്നു അപ്പയുടെ വകയിലെ ഒരു സഹോദരന്‍...മാതാവേ..ഇനി സിനിമ കാര്യം ചോദിക്കാന്‍ തന്നെ പറ്റുമെന്ന്‌ തോന്നുന്നില്ല..ഈ അപ്പാപ്പന്‌ കയറി വരാന്‍ കണ്ട സമയം? മനസ്സില്‍ തോന്നിയ ദേഷ്യം മുഖത്ത്‌ പ്രകട മാക്കാതെ ഞാന്‍ ചിരിച്ചുകൊണ്ട്‌...അപ്പപ്പനോ, കേറി വാ, ദാ അപ്പ , കുഞ്ചേറിയ അപ്പാപ്പൻ വന്നിരിക്കുന്നു. കറുപ്പും മഞ്ഞയും നിറത്തിലുള്ള വട്ട കസേര നീക്കിയിട്ടു കൊണ്ട് ഞാന്‍ ചോദിച്ചു. ചോറ്‌ വിളമ്പട്ടെ അപ്പാനെ? ഞാന്‍ കഴിച്ചിട്ട്‌ ആണ്‌ മോളെ വന്നത്‌..ഒരു പാട്‌ ദൂരത്തൊന്നുമല്ല അപ്പാന്റെ വീട്‌..തോടിന്റെ അക്കരെ ആണ്‌.. അപ്പയേ ഇടക്കിടെ സന്ദര്‍ശിക്കുന്നത്‌ പുള്ളിക്കാരന്റെ ഒരു സ്വഭാവമാണ്‌.

എന്റെ ഏടി, ഒന്നും നടക്കുമെന്ന്‌ തോന്നുന്നില്ല..ഈ  അപ്പാപ്പാനു വരാന്‍ കണ്ട ഒരു സമയം..ഇനി എന്തു ചെയ്യും? ഞാന്‍ അടുക്കളയിലേക്ക്‌ ചെന്ന്‌ പാത്രം കഴുകി കൊണ്ടിരുന്ന ചേച്ചിയോട്‌ പറഞ്ഞു.. അയ്യോ, എന്റെ മോളെ സമയം ഒന്നര ആയി..നീ പെട്ടെന്ന്‌ പോയി അപ്പയോട്‌ ചോദിക്ക്‌..ഞാനും കൂടി വരാം.. ഞങ്ങള്‍ രണ്ടാളും തിണ്ണയിലേക്ക്‌ വന്നെത്തി നോക്കി... അവിടെ അപ്പാനും എന്റെ ഫാദറും കൂടി കൂലം കലുഷിതമായ ചര്‍ച്ച...എന്തോ ചിട്ടിക്കാര്യം ആണ്‌... കര്‍ത്താവേ..പണി പാളിയോ? അപ്പ ഇത്തിരി ചൂടില്‍ ആണെന്ന്‌ തോന്നുന്നു..എങ്ങിനെ എങ്കിലും ഇടിച്ച്‌ കയറി ചോദിച്ചില്ലെങ്കില്‍ ശരി ആവുല്ല...

അപ്പാ, രണ്ടും കല്‍പിച്ച്‌ കതകിനു മറഞ്ഞുനിന്ന്‌ നീട്ടി ഒരു വിളി... എന്നതാടി?? അപ്പ കലിപ്പോടെ ചോദിച്ചു,?? ഞങ്ങള്‍ ഒന്നു സിനിമ കാണാന്‍ പോക്കൊട്ടെ അപ്പ, ഈ ആഴ്ചയും കൂടി മാത്രേ അതുള്ളു..ഭവാനി അമ്മയും  മറിയാമ്മ ചേടത്തിയും എന്തിന്‌ നമ്മുടെ മാമ്പിള്ളി ലെ പേരമ്മ പോലും കണ്ടൂ.. ഞങ്ങള്‌ മാത്രേ ഇനി കാണാത്തത്‌ ഉള്ളൂ.. 12 രൂപ മതി അപ്പ.. (കോതനല്ലൂര്‍ എമ്പിസില്‍ ഫസ്റ്റ്‌ ക്ളാസ്‌ ടിക്കറ്റിന്‌ അന്ന്‌ 4 രൂപ മാത്രമേ ഉള്ളൂ.. ബാല്‍ക്കണി ആണെങ്കില്‍ 5 രൂപ.. അതൊരു ആര്‍ഭാടം ആവും..അത്രയും ഒന്നും വേണ്ട.. ഫസ്റ്റ്‌ ക്ളാസ്‌ മതി.. സെക്കന്റ്‌ ക്ലാസ്സിലെ തടി കസേരയില്‍ ഇരിക്കാന്‍ ഒരു സുഖമില്ല.. )ഏത്‌ സിനിമ കാണാന്‍ ആണ്‌ കൊച്ചേ? കുഞ്ചെറിയാ അപ്പാൻ ചോദിച്ചു..ഗോഡ്‌ഫാദര്‍.. ഞങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.. ആ അത്‌ ഒരു നല്ല സിനിമയാ..

‘ചേട്ടായി, ആ കുഞ്ഞുങ്ങളെ വിട്‌..’ അപ്പാന്റെ ശുപാർശ... ‘എങ്കില്‍ നീ ഒരു പത്ത്‌ രൂപ കൊടുക്ക്‌.. അവര്‍ക്ക്‌ സിനിമ കാണാന്‍’  അപ്പയുടെ മറുപടി കേട്ട്‌ പുള്ളിക്കാരന്‌ നിശബ്ദനായി.. ശുദ്ധഗതിക്കാരനായ എന്റെ അപ്പയേ ഒന്നും രണ്ടും പറഞ്ഞു പാട്ടിലാക്കി പത്തോ ഇരുപതോ മേടിച്ച്‌ വേണം പുള്ളിക്കാരന്‌ ആത്മനിർവൃതി തരുന്ന അന്തികള്ള്‌ മോന്താൻ.. അതിനിടക്ക്‌ സിനിമ...കൊള്ളാം..

അപ്പാ, ഒന്ന്‌ വിട്‌ അപ്പ, രണ്ടേ കാലിന്‌ സിനിമ തുടങ്ങും.. ആ. ശരി , മേശക്കകത്ത്‌ പൈസ ഉണ്ട്‌....മനസ്സില്‍ ഒരായിരം ലഡ്ഡു ഒന്നിച്ച്‌ പൊട്ടി... എടീ, ഓടിപ്പോയി അമ്മയെ വിളിച്ചിട്ട്‌ വരാം... അമ്മ പുല്ലു പറിക്കാന്‍ പോകുന്ന പാടം കുറച്ച്‌ ദൂരെ ആണ്‌... ഒരൊറ്റ ഓട്ടം..ശ്വാസം വിടുന്നത്‌ അമ്മച്ചിയുടെ അടുത്ത്‌ എത്തിയിട്ടാണ്‌.. ആരാ മക്കളേ വീട്ടില്‍

വന്നത്‌, ഞങ്ങളുടെ വെപ്രാളം കണ്ട്‌ അമ്മ വിചാരിച്ചു വീട്ടില്‍ ആരോ വിരുന്നുകാരു വന്നതാണെന്ന്‌..അല്ല അമ്മേ, അപ്പ സിനിമ കാണാന്‍ സമ്മതിച്ചു..അമ്മ പെട്ടെന്ന്‌ വാ.. പെട്ടെന്ന്‌ പോ ചിന്നമ്മേ, പോയി സിനിമ കാണ്‌..ഭവാനി അമ്മയും മറിയാമ്മ ചേടത്തിയും കട്ടസപ്പോര്‍ട്ട്‌. കിട്ടിയ പുല്ല് വാരികെട്ടി തലയില്‍ വച്ച്‌ ഞങ്ങള്‍ ഓടി..അമ്മ പതുക്കെ വന്നേക്കാം..മക്കള്‍ പെട്ടെന്ന്‌ പൊക്കോ... അമ്മ വിളിച്ച്‌ പറഞ്ഞു...

വീട്ടിലെത്തി പുല്ല് പശുവിന്‌ കൊടുത്തു.. കിണറ്റില്‌ നിന്നും വെള്ളം കോരി കാലും മുഖവും കഴുകി എന്ന്‌ വരുത്തി..അമ്മക്കും ഒരു തൊട്ടി വെള്ളം കോരി വച്ചു.. പാവാടയും ബ്ലൗസും മാറി മേശ തുറന്ന്‌ പൈസ എടുക്കാന്‍ നോക്കിയപ്പോള്‍ കണ്ണ്‌ തള്ളിപ്പോയി..ഒരു രണ്ടു രൂപ നോട്ടും ബാക്കി മുഴുവനും അഞ്ചും പത്തുമായുള്ള ചില്ലറ പൈസകള്‍..എല്ലാം കൂടി എണ്ണി നോക്കിയപ്പോള്‍ ഉള്ളതാണ്‌ എങ്കിലോ പത്തു രൂപ..അപ്പ, ഇത്‌ പത്ത്‌ രൂപ മാത്രമേ ഉള്ളൂ..എന്റെ കയ്യില്‍ അതേ ഉള്ളൂ.. അതുകൊണ്ട്‌ കണ്ടാല്‍ മതി...ഞാന്‍ വിളിച്ച്‌ പറഞ്ഞത്‌ കേട്ട്‌ അപ്പ മറുപടി നല്‍കി.. സെക്കന്റ്‌ ക്ലാസ്സില്‍ ഇരുന്ന്‌ സിനിമ കാണാന്‍ ഒരു വൈക്ലബ്യം... വാ, കുടുക്ക പൊട്ടിക്കാം..ഞാന്‍ ചേച്ചിയോട്‌ പറഞ്ഞു.. പലതവണയായ്‌ കൈകളില്‍ വരുന്ന അഞ്ചും പത്തും പൈസ സൂക്ഷിച്ച്‌ വച്ചിരിക്കുന്നത്‌ ആണ്‌..ഭാഗ്യം..എല്ലാം കൂടി കൃത്യം രണ്ടു രൂപ..എല്ലാം കൂടി പെറുക്കി , ഒരു തൂവാലയില്‍ പൊതിഞ്ഞു ചേച്ചി കയ്യിൽ മുറുക്കെ പിടിച്ചു. സമയം നോക്കുമ്പോള്‍ രണ്ട്‌ മണി കഴിഞ്ഞു പത്തു മിനിറ്റ്‌..അമ്മ വീട്ടില്‍ വന്നു കേറിയതെ ഉള്ളൂ..മക്കള്‍ ഓടി പൊക്കൊ, അമ്മ മുണ്ടൊക്കെ മാറി പുറകെ വന്നേക്കാം..ശരി അമ്മേ..അപ്പ ഞങ്ങള്‍ പോകുവാ എന്ന്‌ പറഞ്ഞ്‌ ഒരൊറ്റ ഓട്ടം..

ശരിക്കുള്ള വഴി , നടന്ന്‌ പോയാല്‍ ഏറ്റവും കുറഞ്ഞത്‌ ഇരുപത്‌ മിനിട്ട്‌ ആകും കോതനല്ലൂര്‍ എത്താന്‍.. അതുകൊണ്ട്‌ തന്നെ കുറുക്കുവഴി ആയ പാടം കടന്ന്‌ ഓടുകയാണ്‌ ഞാനും ചേച്ചിയും.. ഉസ്സൈൻ ബോൾട്ട്‌ ഒക്കെ എന്ത്‌? ആ ഓട്ടം ഒളിമ്പിക്സിൽ ഒടിയിരുന്നെങ്കിൽ ഇന്ത്യക്ക് ഒരു മെഡൽ ഉറപ്പ്. ഞങ്ങളുടെ ഓട്ടം കണ്ട്‌ , വഴിയരികില്‍ നിന്ന അഭ്യുദയകാംക്ഷി കള്‍ ആയ നാട്ടുകാര്‍ എവിടെ പോകുവാ, എന്ത്‌ പറ്റി എന്നൊക്കെ വിളിച്ചു ചോദിക്കുന്നുണ്ട്‌... ഒന്നിനും മറുപടി കൊടുക്കാന്‍ നേരമില്ല... ഓടെടാ..ഓട്ടം..രാവിലത്തെ വേനല്‍ മഴ വീണു പാട വരമ്പുകള്‍

തെന്നി കിടക്കുന്നതിനാല്‍, ചകിരി കൊണ്ട്‌ തേച്ച്‌ വെളുപ്പിച്ച, പാരഗണ്‍ റബ്ബര്‍ ചെരുപ്പുകള്‍ ഊരി കയ്യില്‍ പിടിച്ചാണ്‌ ഓടുന്നത്‌. മാഞ്ഞൂര്‍ പഞ്ചായത്തിലെ മുഖ്യ ജല സ്രോതസ്സായ ‘തര്‍പ’തോട്‌ മുറിച്ച്‌ കടന്ന്‌ വേണം പോകാന്‍...വേനല്‍ കാലം ആയതിനാല്‍ തോട്ടില്‍ വെള്ളം ജാസ്തിയില്ല... തോട്‌ മുറിച്ച്‌ അപ്പുറം കടന്നു. പിന്നെയും ഉണ്ട്‌ പാട വരമ്പുകള്‍. ഈ വയലുകളില്‍ എല്ലാം വാഴയും പച്ചക്കറികളും ആണ്‌ കൃഷി .ശ് ശു.....ആരോ വിളിക്കുന്ന സ്വരം.. ആരാണാവോ? ഞാൻ പറഞ്ഞു. അത്‌ ആ ഉറുമ്പ്‌ കണ്ണനാ..അവന്റെ ഒരു വിളി... നീ പെട്ടെന്ന്‌ വന്നെ.. ചേച്ചി പറഞ്ഞു.. വാഴയ്ക്ക്‌ വെള്ളം ഒഴിക്കുക ആണെങ്കിലും, വഴിയെ പോകുന്നത്‌ ആരാണ്‌ എന്ന്‌ കൃത്യമായി

പറയും ഇക്കൂട്ടർ.

ഓടിയോടി ഒരു പരുവത്തിന്‌ തീയേറ്ററിന്റെ മുമ്പിലെത്തി..പുറത്തെങ്ങും ആരുമില്ല..സിനിമ തുടങ്ങി എന്ന്‌ തോന്നുന്നു.. ടിക്കറ്റ്‌ കൗണ്ടർ അടയ്ക്കാന്‍ തുടങ്ങുക ആയിരുന്നു.. അപ്പോഴാണ്‌ ഞങ്ങളുടെ രംഗപ്രവേശം..‘അയ്യോ ചേട്ടാ, അടക്കരുത്‌..’ എന്റെ പിള്ളേരെ കുറച്ച്‌ നേരത്തെ വന്നു കൂടയിരു ന്നോ? ആ എത്ര ടിക്കറ്റ്‌ വേണം? ‘മൂന്നു ഫസ്റ്റ്‌ ക്ലാസ്‌’  പന്ത്രണ്ട്‌ രൂപ..ചേച്ചി തൂവാലയില്‍ പൊതിഞ്ഞു പിടിച്ചിരുന്ന പൈസ അദ്ദേഹത്തിന്‌

കൊടുത്തു.. ‘ആ കൊള്ളാം... ഇത്‌ മുഴുവന്‍ എണ്ണി തീര്‍ക്കുമ്പോഴേക്കും പടം തീരുമല്ലോ..എന്നാ നിങ്ങള്‌ കേറിയാട്ടെ..ഞാന്‍ ഇത്‌ എണ്ണി ക്കോള്ളം’  ‘ചേട്ടാ, ഞങ്ങളുടെ അമ്മച്ചി വരുന്നുണ്ട്‌. ഒന്ന്‌ കേറ്റി വിട്ടെക്കണെ..

ചട്ടയും മുണ്ടും ഉടുത്ത അമ്മച്ചിയാ...” അടയാളവും പറഞ്ഞു... ‘ആ ശരി ശരി.. പിള്ളേര്‌ കേറിക്കോ’

ഞങ്ങള്‍ സിനിമ കൊട്ടികയിലേക്ക്‌ കടന്നു...സ്ക്രീനില്‍ ഇന്നസെന്റ്‌ കടല്‍ തീരത്ത്‌ വച്ചു ഒരാളെ അടിക്കുന്ന സീന്‍.. ‘അവിടെ ഇരിക്ക്‌ പെണ്ണേ...’ പിറകില്‍ നിന്ന്‌ അട്ടഹാസം കേട്ടപ്പോഴാണ്‌ നിന്ന്‌ കൊണ്ടാണ്‌ സിനിമ കാണുന്നത്‌ എന്ന ബോധം വന്നത്‌. ചുവന്ന കുഷിനിട്ട മടങ്ങുന്ന കസേരയില്‍ സ്‌ക്രീനില്‍ നിന്ന്‌ കണ്ണെടുക്കാതെ തന്നെ പതുക്കെ

ഇരുന്നു. അമ്മ വന്നത്‌ എപ്പോഴാണ്‌ എന്ന്‌ പോലും  അറിഞ്ഞില്ല.പോപ്കോണും സോഫ്റ്റ്‌ ഡ്രിങ്ക്സ്‌ ഒന്നും അന്ന്‌പ്രചാരത്തില്‍ ഇല്ല..പിന്നെ ഉള്ളത്‌ ചൂട്‌ കടല യാണ്‌..ഞങ്ങളെ സംബന്ധിച്ചിടത്തോളം അത്‌ പോലും ആര്‍ഭാടമാണ്‌. അത്‌ കൊണ്ട്‌ തന്നെ, ഇടവേളക്കൊന്നും കസേരയില്‍ നിന്ന്‌ അനങ്ങുക പോലും ചെയ്തില്ല.. സിനിമ കഴിഞ്ഞ്‌ പുറത്ത്‌ ഇറങ്ങിയപ്പോള്‍ എന്തോ വലിയ കാര്യം സാധിച്ച സന്തോഷം. 

‘പടം ഇഷ്ടപ്പെട്ടോ അമ്മേ?’ പിന്നേ നല്ലതായിരുന്നു.. കുറച്ച്‌ താമസിച്ച്‌ പോയത്‌ കൊണ്ട്‌ ആദ്യമൊന്നും കാണാന്‍ പറ്റിയില്ല.. നിങ്ങള്‍ക്ക്‌ ആദ്യം തുടങ്ങി കാണാന്‍ കഴിഞ്ഞോ?  അമ്മ ഞങ്ങളോട്‌ ചോദിച്ചു..ഞങ്ങളും വന്നപ്പോ തുടങ്ങിയിരുന്നു. ഓ എന്റെ മക്കളേ അമ്മക്കിനി തിരിച്ച്‌ നടക്കാന്‍ വയ്യ..നമുക്ക്‌ മോടപ്പ (കോതനല്ലൂര്‍ കവലയുടെ വിളിപ്പേര്‌)യില്‍ നിന്ന്‌ ബസ്‌ കേറി പോകാം. അമ്മ പറഞ്ഞു.. അതിന്‌ പൈസ എവിടെയാ അമ്മേ? ഞങ്ങള്‍ ഒരേ സ്വരത്തില്‍ ചോദിച്ചു..നിങ്ങള്‌ വാ, അമ്മേടെ അടുത്ത്‌ കുറച്ച്‌ പൈസ ഉണ്ട്‌..അമ്മ മുണ്ടിന്റെ മടിക്കുത്തില്‍ നിന്നും തന്റെ ചെറിയ കറുത്ത പേഴ്‌സ്‌ എടുത്ത്‌ കാണിച്ച്‌ കൊണ്ട്‌ പറഞ്ഞു... പലപ്പോഴായി അപ്പയുടെ മേശയില്‍ നിന്ന്‌ അടിച്ച്‌ മാറ്റുന്നതാണ്‌ അമ്മയുടെ ഈ പേഴ്‌സിലുള്ളത്‌..തന്റെ മേശ വലിപ്പില്‍ നിന്ന്‌ പത്ത്‌ പൈസ കുറഞ്ഞാല്‍ പോലും മനസ്സിലാകുന്ന അപ്പക്ക്‌, രണ്ട്‌ രൂപ കാണാത്തത്‌ ഒക്കെ വളരെ പെട്ടെന്ന്‌ തന്നെ മനസ്സിലാകും... എങ്കിലും കള്ളന്‍ കപ്പലില്‍ തന്നെ ഉള്ളത്‌ കൊണ്ടും അത്‌ തന്റെ പ്രിയ പത്നി ആയതുകൊണ്ടും അപ്പ കണ്ണടയ്ക്കും.. അത്‌ അവരു തമ്മിലുള്ള കെമസ്ട്രിയോ ബയോളജിയോ എന്തൊക്കെയോ ആണ്‌.

മക്കളെ അമ്മ കറി വയ്ക്കാന്‍ എന്തെങ്കിലും മേടിക്കട്ടെ.ഇതും പറഞ്ഞ്‌ അമ്മ പച്ചക്കറി കടയിലേക്ക്‌ കയറി..വീട്ടില്‍ സാധാരണയായി സാധനങ്ങള്‍ വാങ്ങി വരുന്നത്‌ അപ്പയാണ്‌.. അത്കൊണ്ട്‌ തന്നെ ബീന്‍സ്‌

ചീഞ്ഞതാണ്‌, വെണ്ടക്ക വാടി പോയി, എന്തിനേറെ പാവക്കാക്ക് കയിപ്പ്‌ കുറവാണ്‌ എന്ന്‌ വരെ അമ്മ പറഞ്ഞു കളയും... എന്തായാലും ബസ്സ്‌ വന്നപ്പോഴേക്കും അമ്മ അത്യാവശ്യം പച്ചക്കറിയും മേടിച്ച്‌, തിരുക്കുടുമ്പത്തിന്റെ കുരിശ്‌ പള്ളിയില്‍ പ്രാര്‍ത്ഥിച്ചു നേർച്ചയും ഇട്ടു..

‘അമ്മേ , സൗമ്യ വന്നു..വേഗം വാ’ കോതനല്ലൂര്‍, കോതനല്ലൂര്‍.. ആളിറങ്ങാന്‍ ഉണ്ടോ? കിളി നാദം മുഴങ്ങി.. കേറി മാറ്‌ ചേച്ചി. പിന്നെയും കിളിനാദം...വണ്ടിയില്‍ വലിയ തിരക്കൊന്നും ഇല്ല, എങ്കിലും , വായു ഗുളിക മേടിക്കാന്‍ പോകുന്ന തിരക്ക്‌, പ്രൈവറ്റ്‌ ബസ്സുകാരുടെ സ്വഭാവം ആണല്ലോ. വണ്ടിയില്‍ ആദ്യം കയറിയ എനിക്ക്‌ ഒരു സീറ്റ് ഇരിക്കാന്‍ കിട്ടി..അടുത്ത സ്റ്റോപ്പില്‍ ഇറങ്ങണം എങ്കിലും ഇരിക്കാന്‍ സീറ്റ്‌ കിട്ടുന്നത്‌ വല്യ കാര്യം ആണല്ലോ.. എനിക്ക്‌ പിന്നാലെ ചേച്ചി കയറി, ഏറ്റവും പിറകില്‍ അമ്മ പച്ചക്കറി സഞ്ചിയുമായി..പക്ഷേ.. പച്ചക്കറി സഞ്ചി കയില്‍ ഉണ്ടായിരുന്നത്‌ കൊണ്ട്‌ തന്നെ അമ്മക്ക്‌ ബാലന്‍സ്‌ കിട്ടിയില്ല. അപ്പോഴേക്കും കിളി ബെല്ലടിച്ചു, ബസ്സ്‌ മുമ്പോട്ട്‌

ആഞ്ഞു..നീ എവിടെ പോകുവാ? അമ്മ ദേഷ്യത്തോടെ ചോദിച്ചത്‌ കേട്ട്‌. ‘ഞാന്‍ പിറവം വരെ’ എന്ന്‌ കിളി സരസമായി മൊഴിഞ്ഞു... (സൗമ്യ, കോട്ടയം പിറവം റൂട്ടില്‍ ഓടുന്ന ഒരു ബസ്സ്‌ ആയിരുന്നു).അത്‌ കേട്ട്‌ ചിരി വന്നെങ്കിലും ഞാനും ചേച്ചിയും ഗൗരവം അഭിനയിച്ച്‌ നിന്നു. കമ്പിയില്‍ പിടിക്കാന്‍ തുടങ്ങിയ അമ്മയുടെ കയില്‍ നിന്ന്‌ പച്ചക്കറികള്‍ ഒന്നൊന്നായി നിലത്ത്‌ വീഴുന്നു... ഇത്‌ കണ്ട്‌ കൊണ്ട്‌ ടിക്കറ്റ്‌ എടുക്കാന്‍ വന്ന കണ്ടക്ടർ ആദ്ദേഹം..കമന്ററി പറയാൻ തുടങ്ങി..വീണു..ഇല്ല..ഇതാ വീഴാന്‍ തുടങ്ങുന്നു. അതാ വീണു

കഴിഞ്ഞു... അമ്മയുടെ കയ്യില്‍ നിന്നും പച്ചക്കറി ഒന്നാകെ താഴെ വീണു.. ബീന്‍സും വെണ്ടക്കയും വീണിടത്ത്‌ തന്നെ കിടന്നെങ്കിലും തക്കാളി സുന്ദരിയും സവാളയും ഒക്കെ എവിടേക്കോ ഉരുണ്ടു പോയി. ഇതൊക്കെ കണ്ടെങ്കിലും ഞാനൊന്നും അറിഞ്ഞില്ലേ എന്റെ രാമ നാരായണ എന്ന ഭാവത്തില്‍, ഞാന്‍ ഇവരെ ഒന്നും അറിയുകയേ ഇല്ല എന്ന ഭാവത്തിൽ സീറ്റില്‍ ഞെളിഞ്ഞിരുന്നു. പക്ഷേ നല്ലവരായ യാത്രക്കാരുടെ സഹായ സഹകരണത്താൽ സീറ്റിന്റെ അടിയില്‍ നിന്നും മറ്റും ഒരു ട്രഷർ ഹണ്ട്  നടത്തി വീണു പോയ സവാളയും തക്കാളിയും ഒക്കെ അമ്മയും ചേച്ചിയും കൂടി പെറുക്കി എടുത്തു.

ടിക്കറ്റ്‌സ്‌. കണ്ടക്ടർ നീട്ടി വിളിച്ചു. ‘രണ്ട്‌ മാഞ്ഞൂര്‍’ രണ്ടോ..അമ്മേ, ഞാന്‍ ഇപ്പൊള്‍ പത്താം ക്ലാസ്സില്‍ ആണ്‌ പഠിക്കുന്നത്‌ എന്ന്‌ ഓര്‍മിപ്പിക്കാന്‍ എന്നോണം ഞാന്‍ അമ്മയെ നോക്കി.. ‘അപ്പോ ഇതോ’ അമ്മയോട്‌ കണ്ടക്ടര്‍ ചോദിച്ചു.. അത്‌ കൊച്ചല്ലേ. ടിക്കറ്റ്‌ വേണ്ട... (അമ്മമാര്‍ക്ക്‌ മക്കള്‍ എന്നും കുഞ്ഞുങ്ങള്‍ ആണല്ലോ )അമ്മ ബാക്കി

ഉണ്ടായിരുന്ന ചില്ലറ കൊടുത്തുകൊണ്ട്‌ പറഞ്ഞു. ഒരു സ്റ്റോപ്‌ ദൂരം പോകാന്‍ എന്ത്‌ ടിക്കറ്റ്‌?.  മാഞ്ഞൂര്‍.. മാഞ്ഞൂര്‍... ആള്‍ ഇറങ്ങാനുണ്ടോ? കിളി നാദം മുഴങ്ങി. ഈ ലോകം മുഴുവന്‍ വെട്ടിപ്പിടിച്ചത്‌ പോലുള്ള സന്തോഷത്തില്‍ ഞാൻ ബസ്സില്‍ നിന്നിറങ്ങി. വീട്ടിലേക്ക്‌ നടക്കുമ്പോള്‍ ബസ്സില്‍ ഞാന്‍ കാണിച്ചത്‌ തീരെ ശരിയായില്ല എന്ന്‌ചേച്ചി പരിഭവം പറഞ്ഞു. തിരികെ വീട്ടില്‍ എത്തി, ഞങ്ങളുടെ പ്രിയ സഹോദരനോട് അൽപം ഗർവോടെ ഞങ്ങൾ ഏക സ്വരത്തില്‍ പറഞ്ഞു. ‘ഞങ്ങളും  കണ്ടു ഗോഡ് ഫാദർ’.

English Summary : Njangalum Kandu Godfather, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;