ADVERTISEMENT

പ്രാദേശിക വാർത്തകൾ വായിക്കുന്നത് (കഥ)

അന്നും കിഴക്കൻ മലയിലെ ആ കൊച്ചുഗ്രാമത്തിൽ പ്രഭാതം പൊട്ടി വിടർന്നു. പക്ഷേ അന്നത്തെ പ്രഭാതത്തിന് പതിവിലും ചൂട് കൂടുതലായിരുന്നു....... 

 

പ്ഭാ ..........

 

നിനക്കത് പറയാൻ കൊളളാമോടീ ? അന്നം തരുന്ന കൈക്ക് കൊത്തുന്ന പണിയാ നിന്റെ കയ്യിലിരിക്കുന്നത്.

 

കാര്യമെന്താന്നറിയാൻ ലത വേലിപ്പത്തലിന്റെ ഇടയ്ക്കൂടെ പണനിലത്തോട്ടൊന്നു എത്തി നോക്കി.

 

എന്തുവാടേ ? എന്തുപറ്റി?

 

എന്തിനാ ലതേ പറയുന്നത് ? എവളെ വീട്ടി കേറ്റുന്നതിന് എന്നെ തന്നെ പറഞ്ഞാ മതി. സീതക്കുട്ടി ചേച്ചി തലയും കുനിച്ച് എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് പോകുന്നതും കണ്ടു.

 

എന്തോ പറ്റിയെന്നാ? ലത ചോദിച്ചു.

 

ഇനി പ്രധാന വാർത്തയിലേക്ക് പോകാം.

 

കിഴക്കൻ മലയിലെ ഒരു കൊച്ചു ഗ്രാമത്തിൽ സീതക്കുട്ടിയമ്മയെന്നും, ജാനമ്മയെന്നും പേരായ രണ്ടമ്മമാരുണ്ടായിരുന്നു. ആ നാടു മുഴുവൻ സീതക്കുട്ടിയമ്മയെ ചേച്ചി എന്നും, ജാനമ്മയെ ജാനമ്മ എന്നും വിളിച്ചു.

 

ഇവരുടെ ജോലി എന്താന്നെറിയണ്ടേ ?  കമ്പിയില്ലാകമ്പി അഥവാ കരകമ്പി. നാട്ടുകാരുടെ വിവരം ശേഖരിച്ച് നാട്ടുകാർക്ക് തന്നെ കൈമാറുക. ഒരു വക കൊടുക്കൽ, വാങ്ങൽ സമ്പ്രദായം. പക്ഷേ ഇതിനിടയ്ക്ക് ചിലപ്പോ രണ്ടു പേർക്കും ഭേഷാ കിട്ടാറുമുണ്ട്. ഇവിടുന്ന് ശേഖരിച്ച കാര്യങ്ങൾ അപ്പുറത്ത് എത്തിക്കുക അവിടുത്തെ കാര്യങ്ങൾ ഇവിടെയും.അതിനായി വേറൊരു ഏജൻസിയും ആ നാട്ടിൽ പ്രവർത്തിക്കുന്നില്ല.

 

രാവിലെ ഉണർന്ന് പല്ല് തേപ്പ് കഴിഞ്ഞാ സീതചേച്ചി വലത്തോട്ടും ജാനമ്മ ഇടത്തോട്ടും പോകും. എതിർ ദിശകളിലേക്ക് മാത്രമേ പോകാറുള്ളു. നേരെ കണ്ടാൽ രണ്ടിന്റേം മുഖം കരിക്കലം പോലെ കറുക്കും.കടന്നലു കുത്തിയപോലെ വീർക്കും.

 

രാവിലെ സീതചേച്ചി പണനിലം വീട്ടിൽ പോയി പ്രാതൽ അകത്താക്കും. എന്നിട്ട് കുറച്ച് വാചക കസർത്തും നടത്തും ആകെ ചെയ്യുന്ന കാര്യം അവിടുത്തെ അമ്മയ്ക്ക് മുറ്റമൊന്നു തൂത്തു കൊടുക്കും. എന്നിട്ട് വീണ്ടും വാചകമടി തുടങ്ങും. എടേയ്, ഇയാളറിഞ്ഞോടെ, തങ്കമണീടെ മോൻ പത്തീ തോറ്റു. ഓ!ചെറുക്കൻ പഠിക്കത്തൊന്നുമില്ല. തേരാ പാരാ നടത്തം തന്നെയാടേ... ആയമ്മ അതൊന്നും ശ്രദ്ധിക്കാറില്ല... പക്ഷേ ചേച്ചി വാചക കസർത്ത് തുടർന്നു കൊണ്ടേയിരിക്കും...

 

ഇതേ സമയം ജാനമ്മ നേരേ മനയിലോട്ട് പോകും. പോകുന്ന വഴിക്ക് അവിടുന്നുമിവിടുന്നുമൊക്കെ കുറച്ച് പോച്ച [പുല്ല് ]പറിച്ച് കയ്യിൽ കരുതും. മനയിലൊരു പശുവുണ്ട്. അതിനാണ്. ചെല്ലുന്നപാടേ ഒരു ചായ അവിടുത്തെ കൊച്ച് കൊടുക്കും. അത് കഴിഞ്ഞ് എരിത്തിലൊന്ന് [ തൊഴുത്ത്‌ ] വൃത്തിയാക്കണം. പശുവിനെ അവിടുന്നഴിച്ച് അപ്പുറത്തോട്ടൊന്ന് കെട്ടണം. പിന്നീടാണ് പ്രാതൽ ലഭിക്കുക. അത് കപ്ലം കുപ്ലം തട്ടിയിട്ട് വെട്ടിയിട്ട വാഴപോലെ ഒറ്റ കിടപ്പായിരിക്കും. ഇനി ഉച്ചയാകുമ്പോഴേയ്ക്കും എഴുന്നേറ്റാ മതി .ഇന്ന് രണ്ടു പേരും ഈ വീടുകളിൽ തന്നെ ആയിരിക്കും. രാവിലെ ഏത് വീടാണോ ഫിക്സ് ചെയ്യുന്നത് ആ വീട്ടിൽ അത്താഴത്തിന്റെ സമയം വരെ ഇവരുടെ സാന്നിദ്ധ്യമുണ്ടാകും. അത് കഴിഞ്ഞേ തിരിച്ചു പോകൂ.

 

പക്ഷേ ഒരു കാര്യമുണ്ട് ഏതെങ്കിലും കാര്യത്തിന് പെണങ്ങിയാ സീതക്കുട്ടി ചേച്ചി ഒരു മാസത്തേക്ക് ആ വീട്ടിലോട്ട് കയറില്ല. ജാനമ്മയുടെ പെണക്കം കൊറച്ചു കൂടെ നീളും. രണ്ടു മാസം വരെയൊക്കെ പോകും. സമയം കഴിഞ്ഞെന്തെങ്കിലുമൊക്കെ പറഞ്ഞ് തിരിച്ചു കേറും.

 

നാട്ടിലെ ഒരു മാതിരിപെട്ട കൊളന്തകളെയെല്ലാം കുളിപ്പിക്കുക, കളിപ്പിക്കുക, കഴിപ്പിക്കുക തുടങ്ങിയ കർമ്മങ്ങൾ ചെയ്ത് വളർത്തി വലുതാക്കിയത് ആയമ്മമാരാണ്, എന്നാണവകാശപ്പെടുന്നത്. കുറച്ചൊക്കെ സത്യമുണ്ട് താനും. അതാണീ സ്വാതന്ത്ര്യത്തിനടിസ്ഥാനം.

 

ഇന്ത്യയ്ക്കകത്തായാലും പുറത്തായാലും പോട്ടെ വീട്ടീന്ന് ഒന്ന് അപ്പുറത്തെ കവല വരെ പോയിട്ട് വന്നാലും അവർക്ക് കിട്ടാനുള്ള പടി കിട്ടണം. കാരണം അവരെയൊക്കെ വളർത്തി വലുതാക്കിയത് ആയമ്മമാരാണ്.. പൈസ വാങ്ങുന്ന കാര്യം വരുമ്പോൾ രണ്ടു പേരും ഒരുമിച്ച് നിക്കും .അതു കഴിഞ്ഞാ പിന്നേയും കീരിയും പാമ്പും .

 

സർക്കാരീന്ന് പെൻഷനൊക്കെ കിട്ടുന്നുണ്ട് രണ്ടാൾക്കും. കാര്യം എന്തായാലും കറക്റ്റ് ദിവസം പെൻഷൻ കൊണ്ടുവരുന്ന ചേച്ചിയെ നോക്കി രണ്ടാളും ഉമ്മറപ്പടിയിൽ തന്നെ കാണും. സർക്കാരിനെ വിശ്വാസമുണ്ട് പക്ഷേ പൈസ കൊണ്ടുവരുന്ന ചേച്ചിയെ അത്ര വിശ്വാസമില്ലെന്ന് തോന്നുന്നു. പൊതുവേ ഇവർക്ക് ആരെയും അത്ര വിശ്വാസമില്ല. തോട്ടിന്റെ അപ്പുറത്തും ഇപ്പറത്തുമാണ് നമ്മുടെ കഥാ നായികമാരുടെ വീടുകൾ... അതുകൊണ്ട് തന്നെ പെൻഷൻ ചേച്ചിയെ കാത്തിരിക്കുമ്പോ പരസ്പരം മോന്തായം കാണാതിരിക്കാൻ ഒന്ന് ചരിഞ്ഞും തിരിഞ്ഞുമൊക്കെയാണിരിക്കാറ്...

 

ആഘോഷങ്ങൾ വരുമ്പോഴാണ് രണ്ടു പേർക്കും കോളടിക്കുന്നത്. തുണിയായിട്ടായാലും പൈസയായിട്ടാലും,  ആഹാര സാധനമായിട്ടായാലും കൈനിറയെ  കിട്ടും. നാട്ടുകാര് വിളിച്ചു കൊടുക്കുന്നതാണ്. പ്രശ്നം ഇതൊന്നുമല്ല എല്ലാം കഴിയുമ്പോഴൊരു കണക്കുപറച്ചിൽ ഉണ്ട്. ഹും.....എന്തോരം കഷ്ടപ്പെട്ടതാ എന്നിട്ട് തന്നതോ “നൂറുലവ”യും . ഒരു മുറുക്കാൻ വാങ്ങാൻ പോലും തികയൂല്ല..

 

ഇങ്ങോട്ട് കിട്ടുന്നതല്ലാതെ ഇവര് രണ്ടുപേരും ആർക്കെങ്കിലും എന്തെങ്കിലും കൊടുക്കാറുണ്ടോ? ഉണ്ട് .

ഏതാഘോഷമായാലും ജാനമ്മ മനയിലോട്ട് അമ്പതു രൂപേടെ പലഹാരം കൊണ്ടുപോകും. അതിന്റെ നാലിരട്ടി പ്രതീക്ഷിച്ചായിരിക്കും ഇതും കൊണ്ട് പോകുന്നത്.

 

സീതക്കുട്ടി ചേച്ചിയും കൊടുക്കാറുണ്ട്. പണനിലത്തിലെ കാരണവർക്ക് ഒരു കെട്ട് പൊയില (പുകയില) കൈനീട്ടം കിട്ടിക്കഴിയുമ്പോൾ ഇതങ്ങ് കൊടുക്കും. പക്ഷേ ഇന്ന് ചേച്ചി ഒരു ഡയലോഗ് കൂടി അടിച്ചു. പൊലിപ്പിക്കാൻ വേണ്ടി ചെയ്തതാണ്. ഉദ്ദേശം ഏതായാലും ഡയലോഗ് പാളിപ്പോയി... അതിതായിരുന്നു.

 

ഇന്നാ അച്ഛാ പൊയില 

 

അടുത്ത ഓണത്തിന് ഇത് വാങ്ങാൻ അച്ഛനുണ്ടാകുമോ എന്നറിയില്ലല്ലോ !

 

ഇത് കേട്ട് അന്തംവിട്ട നിന്ന അച്ഛനെ ഓവർ ടേക്ക് ചെയ്ത് പണനിലത്തമ്മ ഒരൊറ്റയാട്ടായിരുന്നു. പ്ഭാ.......

കിട്ടിയത് വാങ്ങി സീതക്കുട്ടി ചേച്ചി പടിയായി. ഇതാണ് വാർത്ത. വാർത്ത കേട്ട ലത മൂക്കത്ത് വിരൽ വെച്ചു നിന്നു പോയി.

 

ഇതൊക്കെ കേട്ടറിഞ്ഞ  ജാനമ്മ പിറ്റേന്ന് പണനിലം വീട്ടിലോട്ട് വലതുകാൽ വച്ചു കയറി.....

 

അതുകൊണ്ട് തന്നെ ഇവരുടെ

വാർത്തകളിനിയും തുടരും. നന്ദി.

നമസ്കാരം ...

 

English Summary : Pratheshika Varthakal Vayikkunnathu, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com