ADVERTISEMENT

സന്തോഷം നമ്മുടെ കൈകളിൽ (കഥ)

ഉയ്യന്റപ്പാ... ഈ ചെക്കനെ കൊണ്ട്, ഡാ മോനെ നീ ഒന്ന് അനങ്ങാണ്ട് നിന്നെ. ഇത് കഴിഞ്ഞ് അമ്മക്ക് വേറെയും ഉണ്ട് തീർത്താൽ തീരാത്ത ജോലികൾ. കുളിപ്പിക്കുന്നതിനിടയിൽ ഏക മകൻ അതുലിന്റെ തുടർച്ചയായ കുസൃതികൾ കണ്ടു രാധിക രാജീവ് എന്ന ഗ്രാജുവേറ്റ് വീട്ടമ്മ കലിപ്പിലായി.

 

‘രാധികേ, ദേ ഫോൺ അടിക്കുന്നുണ്ട്. അവൻ ആയിരിക്കും എന്നും വിളിക്കുന്ന സമയം കഴിഞ്ഞല്ലോ’ മുറിയിൽ നിന്നും അമ്മ വിളിച്ചു പറഞ്ഞു. തൽക്കാലം അതെടുക്കാൻ നിർവാഹം ഇല്ലമ്മേ.  ഞാൻ അതുലിനെ കുളിപ്പിക്കുവാ.

രാധികയുടെ ഭർത്താവ് രാജീവ് അബുദാബിയിൽ ആണ്. പത്തു പന്ത്രണ്ടു വർഷമായി പ്രവാസം തുടങ്ങിയിട്ട്. ഒരർത്ഥത്തിൽ നമ്മുടെ നാടിന്റെ പച്ചപ്പും സുഖവും ഒക്കെ ത്യജിച്ച് അന്യനായി തീർന്നിട്ട് ഒരു ദശാബ്ദം പിന്നിട്ടു എന്നും പറയാം. ഇടക്ക് ഭാര്യയെയും മകനെയും രണ്ടു വർഷം ഗൾഫിൽ കൂടെ താമസിപ്പിച്ചതൊഴിച്ചാൽ വർഷത്തിൽ ഒരു മാസം മാത്രമാണ് കുടുംബമൊത്തുള്ള ജീവിതം.

 

ഏക മകൻ ആയതു കൊണ്ട് തന്നെ അച്ഛന്റെ മരണ ശേഷം ഭാര്യയെ നാട്ടിൽ അമ്മയുടെ കൂടെ തന്നെ നിർത്താൻ നിർബന്ധിതനായി. പിന്നെ മകന്റെ വളർച്ചയും കുസൃതികളും ഒക്കെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ കൂടി കണ്ട് സായൂജ്യമടയുന്നു. എന്നാലും അമ്മയുടെയും മകന്റെയും കാര്യങ്ങളും ബാക്കി വീട്ടുകാര്യങ്ങളും എല്ലാം തന്റെ ഇഷ്ടാനിഷ്ടങ്ങൾക്കും ചിന്താഗതികൾക്കും യോജിച്ചുകൊണ്ട് നിറവേറ്റുന്ന ഭാര്യ രാധികയെ ജീവിതത്തിലെ വലിയ അനുഗ്രഹമായി രാജീവ് കാണുന്നു.

 

മകനെ കുളിപ്പിച്ച് കഴിഞ്ഞു രാധിക ഫോൺ എടുത്തു നോക്കിയപ്പോൾ വിളിച്ചത് ചേട്ടൻ ആയിരുന്നില്ലാ. തന്റെ അനുജൻ സൂരജ് അബുദാബിയാണ്. ഡാ എന്താ വിളിച്ചേ ? വാട്സ്ആപ്പിൽ ടൈപ്പ് ചെയ്തു. എവിടെയാണ് മാഡം, അതുൽ എന്തെങ്കിലും പണി ഒപ്പിച്ചോ? അവന്റെ മറുപടി. അങ്ങനെ കുറച്ചു നേരം അനുജനുമായി ചാറ്റി അമ്മയ്ക്കും മകനും അത്താഴം വിളമ്പി അവരെ കഴിപ്പിച്ചു. ചില മരുന്നുകളൊക്കെ അമ്മയെ കഴിപ്പിക്കാനുള്ളതു കൊണ്ട് തന്നെ അമ്മയെ നേരത്തെ അത്താഴം കഴിപ്പിക്കും. കൂടെ മകനെയും. ശേഷം തകൃതിയായി എന്തൊക്കെയോ ജോലികളിൽ ഏർപ്പെട്ടു.

 

മുറിയിലെ വിരിപ്പൊക്കെ മാറ്റി വിരിക്കുന്നതിനിടെ കാളിങ് ബെൽ അടിയുന്നത് കേട്ട് രാധിക വാതിൽക്കലേക്ക് ധൃതിയിൽ നടന്നു. മണി പത്തായിട്ടുണ്ട്. അമ്മ സുഖ നിദ്രയിലാണ്. ജനാലക്കുള്ളിലൂടെ പുറത്തേക്ക് കണ്ണോടിച്ചപ്പോൾ ആരെയും കാണാനില്ല. ഒരു വണ്ടി വന്നു നിന്ന ചില ലക്ഷണങ്ങളൊക്കെ കാണാനുണ്ട്. വാതിൽ തുറന്നു പുറത്തേക്കിറങ്ങി അൽപം കഴിഞ്ഞപ്പോൾ ദേ ഒരു മനുഷ്യ രൂപം ബൂം എന്ന് പറഞ്ഞു മുന്നിലേക്ക് ചാടി. അമ്മേ.. രാധിക രണ്ടടി പിറകോട്ട്. സ്വബോധം വീണ്ടെടുത്തു ഒന്ന് കൂടെ നോക്കിയപ്പോൾ  ഗൾഫിലുള്ള ചേട്ടൻ നല്ലോണം പല്ലുകാട്ടി ചിരിച്ചു തന്റെ മുന്നിൽ നിൽക്കുന്നു. ഒരു നിമിഷം വാക്കുകളൊന്നും പുറത്തേക്ക് വന്നില്ലാ.

 

‘അച്ചോടാ .. വാവ പേടിച്ചു പോയോ ?’ നാട്ടിലേക്ക് സർപ്രൈസായി വന്നു ഭാര്യയെ ഒന്ന് ഞെട്ടിച്ച ഗമയിൽ രാജീവ് രാധികയെ കെട്ടിപ്പിടിച്ചു ചോദിച്ചു.

 

‘വേണ്ട.ഞാൻ മിണ്ടില്ല.ഒന്ന് പറയായിരുന്നു’ രാധിക പിണക്കം നടിച്ചു.

 

എന്നും ഒരു പോലെ ആയാൽ എങ്ങനാ? ഇടക്ക് ഇത് പോലെ ഒരു വെറൈറ്റി ഒക്കെ വേണ്ടേ? അപ്പോൾ കിട്ടുന്ന ആനന്ദത്തിനു ഒരു പരിധിയും ഇല്ലാ. അമ്മയും മോനും കിടന്നോ ? അവർ കിടന്നിട്ട് അൽപനേരമായി. അവരെ നമുക്ക് തൽക്കാലം നാളെ ഞെട്ടിക്കാം. ഇപ്പോൾ മോൻ പോയി കുളിച്ചേച്ചും വാ. വല്ലതും കഴിക്കാം.

 

എന്നിട്ട് ഞാൻ കാണിച്ചു തരുന്നുണ്ട്. രാധിക രാജീവിന്റെ കവിളിൽ നുള്ളി പറഞ്ഞു. ഓക്കെ എന്നും പറഞ്ഞു രാജീവ് അവളെ ഒരു ചുടു ചുംബനം നൽകി ഇക്കിളിപ്പെടുത്തി നേരെ മുറിയിലേക്ക്. രാധിക പെട്ടികളൊക്കെ ഭദ്രമായി എടുത്തു വെച്ച് അടുക്കളയിലേക്കും തിരിച്ചു. രാജീവ് മുറിയിലേക്ക് കടന്നതും ഒന്ന് അന്ധാളിച്ചു. നല്ല സുഗന്ധം മൂക്കിലേക്ക് അടിച്ചു കയറി. മുറിയൊക്കെ നന്നായി തൂത്തു വൃത്തിയാക്കി ആദ്യ രാത്രിയിൽ വിരിച്ച കിടക്കവിരിയൊക്കെ വിരിച്ചിരിക്കുന്നു. ങേ ഞാൻ വരുന്നത് ഇവൾ അറിഞ്ഞു കാണുമോ? ഹേയ്, അങ്ങനെ വരാൻ ഒരു ചാൻസും കാണുന്നില്ല. ഹാ പിന്നെ തിരക്കാം. കുളി കഴിയട്ടെ.

 

കുളി കഴിഞ്ഞു രാജീവ് തീന്മേശയിലേക്ക് വന്നിരുന്ന നേരത്തു പ്രിയതമ ആഹാരം കൊണ്ട് വന്നു വെച്ച് കൂടെ ഇരുന്നു കഴിച്ചാലും പ്രിയനേ... പാത്രം തുറന്നു നോക്കിയപ്പോ വീണ്ടും അന്ധാളിച്ചു. തനിക്ക് ഇഷ്ടപ്പെട്ട പത്തിരിയും ലിവർ കറിയും. ഇതിപ്പോ എന്താ നടക്കുന്നെ? ഒന്നും മനസ്സിലാകുന്നില്ലല്ലോ എന്ന മട്ടിൽ ഇരിക്കുമ്പോ ഭാര്യ നല്ല ഒരു നുള്ളു കൊടുത്തു കാലിൽ... എന്നിട് അർത്ഥം വെച്ചുള്ള ഒരു ഡയലോഗും.

 

‘കഴിക്കു മാഷേ’

 

‘ഡാ ... എങ്ങനെ അറിഞ്ഞു ഞാൻ വരുന്നത്’

 

രാജീവിന്റെ ആകാംഷ നിറഞ്ഞ ചോദ്യത്തിനു ഒരു സിനിമ ഡയലോഗ് വെച്ച് കൊടുത്തു രാധിക.

 

‘ ഈ എന്നെ ഞെട്ടിക്കാൻ മീശയ്ക്കു ഇത്രയും കട്ടി പോരാ ഈപ്പൻ പാപ്പച്ചി സാറെ’

 

ഓഹോ.. അപ്പോൾ നേരത്തെ എല്ലാം അറിഞ്ഞു അഭിനയിച്ചതാണല്ലേ? അതിപ്പൊ ചേട്ടന്റെ എല്ലാ ത്രില്ലും കളഞ്ഞ്‌ രാധിക എന്ന താരം ഉദിക്കണ്ടാ എന്നു കരുതി. എന്തായാലും എന്നെന്നും ഓർക്കാൻ നമുക്കൊരു അനുഭവം ആയി.

അല്ലെങ്കിലും സുഖവും സന്തോഷവും ഒക്കെ ഒരു പരിധി വരെ നമ്മുടെ കൈകളിൽ തന്നെയാണ്‌. അത്‌ കാണാതിരുക്കുന്നിടത്താണ്‌ തോൽവി സംഭവിക്കുന്നത്‌.

 

താൻ പറഞത്‌ ശെരിയാഡോ. സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം. എന്നാലും ഒരു ഗൾഫുകാരന്റെ സർപ്രൈസ്‌ വിസിറ്റ്‌ എന്ന കലാപരിപാടി പൊളിച്ച്‌ സന്തോഷം കണ്ടെത്തിയ ആ മാന്യ അദ്ദേഹം ആരാണാവോ? രാജീവിന്റെ സങ്കടവും ആകാംഷയും നിറഞ്ഞ ചോദ്യം മുഴങ്ങി. അനുജൻ സൂരജ് കൊടുത്ത വിവരം ആണെന്നും അവൻ എങ്ങനെ അറിഞ്ഞൂന്നും ഒക്കെ പറയുന്നതു വരെ രാജീവ്‌ ചോദിച്ചു കൊണ്ടേയിരുന്നു.

‘പറയെടാ എങ്ങനെ അറിഞ്ഞു’?

 

English Summary : Santhosham Nammude Kaykalil, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com