ADVERTISEMENT

കയമ (കഥ)

വൃശ്ചിക രാവിന്റെ തണുപ്പിന് കനം കൂടിവരികയാണ്. സുഖനിദ്രയ്ക്ക് തടസ്സം നേരിട്ടതില്‍ അസ്വസ്ഥനായി രഘുനന്ദന്‍  കണ്ണുതുറക്കാതെതന്നെ ബെഡില്‍  പരതി.  കയ്യിലുടക്കിയ  കമ്പിളി പുതപ്പയാള്‍  വലിച്ചെടുത്ത് കാലുകൊണ്ടു ചവിട്ടി നിവര്‍ത്തി തലവഴിമൂടി. കൈകള്‍ രണ്ടും നെഞ്ചോടടുപ്പിച്ച് മുട്ടുകാല്‍ മടക്കി ചുരുണ്ടുകൂടികിടക്കുക്കുമ്പോള്‍ അയാളുടെ ഉള്ളില്‍ സുഖശീതളക്കാറ്റാഞ്ഞുവീശി. പുലരാന്‍ നേരമുള്ള മയക്കം  . അതിനൊരു പ്രത്യേകസുഖമാണ് .

 

കുറച്ചുനേരം മുന്‍പ് ബോധമില്ലാത്ത ഉറക്കത്തിനിടെ ഒരു ദാക്ഷണ്യവുമില്ലാതെ തന്‍റെ  ചോര വലിച്ചു കുടിച്ച ഈഡിസ് ജനുസ്സില്‍പ്പെട്ട ഒരു കൊതുക് വിശന്നു തുടങ്ങിയപ്പോള്‍ വീണ്ടും വന്നിരിക്കുന്നു. കമ്പിളി പുതപ്പിന് മുകളിലൂടെ തന്റെ ഇരയെതേടി, എവിടെയെങ്കിലും ഒരു സാധ്യത കിട്ടിയാല്‍ തന്‍റെ മൂര്‍ച്ചയുള്ള ആയുധം അവിടെ പ്രയോഗിക്കാന്‍ തയാറായി മൂളിപറക്കുന്നു. പുതപ്പെടുത്ത് ക്രൂരമായി ഒന്ന് കുടഞ്ഞതും ആ മൂളിപ്പാട്ട് ദൂരേക്ക് ദൂരേക്ക് നേർത്ത് നേർത്ത് അലിഞ്ഞുപോയി.  

 

പുറത്തെ മുറിയിലെ റേഡിയോയിൽ  നിന്നും പ്രഭാതഗീതം വളരെ നേർത്ത ശബ്‌ദത്തിൽ ഉയരുന്നു. അതിരാവിലെ എഴുന്നേറ്റാൽ നിർമ്മലയ്ക്ക് അത് നിർബന്ധമാണ്. കുളിച്ചുതോർത്തി പൂജാറൂമിൽ വിളക്കുവെച്ചതിനു ശേഷം മാത്രം ബാക്കി കാര്യങ്ങൾ. രാവിലെ സംഗീതം കേട്ടുണരുക എന്നുള്ളത് രഘുനന്ദനെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ ഒരു കാര്യവുമായിരുന്നു.

മയക്കത്തിനിടയിൽ നിർമ്മല പുറത്തുനിന്നും ഉറക്കെ വിളിക്കുന്നതുപോലെ തോന്നി . സുഖത്തിന് ഭംഗം വരുമെന്നോർത്തപ്പോൾ ശ്രദ്ധിക്കാതെ കിടന്നു .

 

 “രഘുവേട്ടാ... ഏട്ടാ ...എണീക്ക് ... നമ്മുടെ കയമേന്‍റെ മോൻ വന്ന് വിളിക്ക്ന്ന്‍ ” 

പുതപ്പുമാറ്റിയപ്പോൾ മുഖത്തേക്ക് അടിച്ച ലൈറ്റിൽ അസ്വസ്ഥനായി രഘുനന്ദൻ മുഖം തിരിച്ചു .

“ഹോസ്‌പിറ്റലിൽ പോകാനേൽപ്പിച്ച വണ്ടിക്കാരന് ഇന്ന് വരാൻ പറ്റൂലോലെ. ഇപ്പോഴാ ഓൻ വിളിച്ചു പറേന്നത് ..”

നിർമ്മലയുടെ സ്വരത്തിൽ വണ്ടിക്കാരനോടുള്ള മുഷിപ്പ് പ്രകടമായിരുന്നു. പുതപ്പ് മുഴുവനായി മാറ്റി രഘുനന്ദൻ പെട്ടെന്നെഴുന്നേറ്റു. പാതിയഴിഞ്ഞുപോയ മുണ്ട് മുറുക്കിയുടുത്ത് അയാള്‍ ക്ലോക്കിലേക്ക് നോക്കി.

 

“ഷഫീക്കിനെന്തു പറ്റിയാവോ ? അവൻ പോവാന്നേറ്റതാണല്ലോ??!!”

രാത്രിയിൽ ചാർജ് ചെയ്യാൻവെച്ച ഫോണെടുത്തയാൾ പുറത്തേക്ക് നടന്നു. സ്‌ക്രീനിൽ തെളിഞ്ഞുവന്ന മിസ്ഡ് കോളുകളെ അവഗണിച്ചുകൊണ്ട്  ഇന്നലെ വൈകിട്ട് വിളിച്ചുവെച്ച നമ്പറില്‍ അയാളുടെ വിരല്‍പതിഞ്ഞു .

 

‘‘ന്നലെ വൈന്നേരം ചെറ്യോരു തലവേദനണ്ടായിരുന്നു.രാത്രിയായപ്പോ നല്ല പനിയാ.. തീരെ വയ്യ രഘുവേട്ടാ ..’’

 

മുറ്റത്ത് കുറച്ച് ദൂരെയായി കയമയുടെ മകൻ നിൽക്കുന്നു. മുന്നില്‍ ലയണല്‍ മെസ്സിയുടെ പേരെഴുതിയ നീലയും വെള്ളയും കലര്‍ന്ന ബനിയനും നിക്കറുമാണ് വേഷം. തണുപ്പിനെ പ്രതിരോധിക്കാനെന്നവണ്ണം അവൻ കൈകൾ രണ്ടും കഴുത്തിനോട് ചേര്‍ത്ത് പിണച്ചുവെച്ച് നിൽക്കുകയാണ്. അവന്റെ ചുരുണ്ട തലമുടിയ്‌ക്ക്‌ മുകളിൽ മഞ്ഞിന്റെ നേർത്തകണങ്ങൾ നിറഞ്ഞിരിക്കുന്നു. ആ പതിമൂന്നുവയസ്സുകാരന്റെ   മുഖത്ത് ഒരു ഓമനത്തമുണ്ടായിരുന്നു . 

 

രഘുനന്ദനെ കണ്ടതും അവൻ വിനയത്തോടെ അടുത്തേക്ക് നീങ്ങിനിന്നു . 

“അപ്പനെ കൊണ്ടുപൊവ്വ ഏൽപ്പിച്ച വണ്ടിക്കാര വരുവ കാണി. എന്റ അപ്പൻ ഊടെ വന്ത് പറവ പറഞ്ചു.” 

 

കയമയുടെ കാലിന് ഒരു മാസം  മുൻപ് ശസ്ത്രക്രിയ കഴിഞ്ഞതാണ്.ഇന്നാണ് പ്ലാസ്റ്ററെടുക്കാൻ മെഡിക്കൽ കോളേജിലേക്ക് പോവേണ്ടത്. ഈ സമയം ഇനി ഏത് വണ്ടി കിട്ടാനാണ്!! .രഘുനന്ദന്‍റെ ഓര്‍മ്മഡയറിയില്‍ താളുകൾ മറിഞ്ഞു . ഫലം കണ്ടില്ല എന്നുള്ളത് അയാളുടെ ആ നില്‍പ്പില്‍ തന്നെ  വ്യക്തമായിരുന്നു . . 

 

നിർമ്മലയുടെ നോട്ടം രഘുനന്ദന്‍റെ  നേരെ നീണ്ടു. അതിന്റെ അര്‍ത്ഥം മനസ്സിലായെന്നോണം  അയാളുടെ കൈകൾ വീണ്ടും മൊബൈലിലേക്ക് നീണ്ടു

“സർ... എനിക്കിന്നൊരു അത്യാവശ്യ ഹോസ്പിറ്റൽ കേസുണ്ടായിരുന്നു ” 

 

വിളിച്ചതിനുശേഷമാണ് എന്താത്യാവശ്യമാണ് പറയേണ്ടതെന്നാലോചിച്ചത്. അയാളുടെ പരുങ്ങൽ കണ്ടുകൊണ്ട് നിന്ന നിർമ്മല കൈകൊണ്ട് സ്വയം ചൂണ്ടി ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു . 

“സർ ..അത് ..വൈഫിനു തീരെ വയ്യ ... ഒന്ന് ഡോക്ടറെ കാണിക്കണം ”

 

ആ മറുപടിയിൽ സംതൃപ്തി വന്നതുപോലെ അവളൊന്ന് ചിരിച്ചു. ബ്രെഷെടുത്ത് നേരെ ബാത്റൂമിലേക്ക് നടക്കുമ്പോഴാണ് ആ കാഴ്ച കണ്ടത് .നിർമ്മല അവനെ സ്നേഹത്തോടെ കൈപിടിച്ച് അകത്തേക്ക് കൊണ്ടുവരുന്നു. അകത്തേയ്ക്ക് കയറുമ്പോഴും അവന്റെ ചമ്മൽ അവനെ വിട്ടുമാറിയിട്ടില്ല എന്ന് വ്യക്തമായിരുന്നു. പാത്രത്തിലേക്ക് ദോശ വെച്ചുകൊടുക്കുമ്പോഴും അവൻ പാതിമുറിഞ്ഞ സമ്മതത്തോടെ ഇരുന്നു . 

 

നിര്‍മ്മലയ്ക്ക് വന്ന മാറ്റമായിരുന്നു രഘുനന്ദന്റെ മനസ്സിലേക്ക് ഓടിയെത്തിയ കാര്യം. കാലങ്ങളും അനുഭവങ്ങളുമാണല്ലോ മനുഷ്യന്‍ മറ്റൊരു മനുഷ്യനെ മനുഷ്യനായി കാണുന്നതിനുള്ള ഘടകങ്ങള്‍ . 

 

ഒന്നുരണ്ട് മാസങ്ങള്‍ക്ക് മുമ്പ് വരെ കയമയെ കാണുന്നത് തന്നെ അവള്‍ക്കു ചതുർഥിയായിരുന്നു. ഒരു ദിവസം രാവിലെ വീട്ടിലേക്ക് കിതച്ചുകൊണ്ട് ഓടിവന്ന കയമയ്ക്ക് മുന്നില്‍ നിര്‍മ്മല ഉറഞ്ഞുതുള്ളുകയായിരുന്നു . 

“രഘുച്ചേട്ടാ…രഘുച്ചേട്ടാ... ചേട്ടൻ ആടെ ഉളാനോ ചേച്ചീ...  

“ഉം .. എന്താ കയമാ കാര്യം ”

“എന കണ്ടത്തിനതിരു കൂട്ടി  അപ്പുറത്തെ വാച്ചു വേലി കെട്ടിഉളെ. ചോയിപ്പാൻ പോയ എന്നെയും മകാനേം അവര് അറാഞ്ചു ചേച്ചീ ” 

 

കയമ ഒരു കൊച്ചുകുട്ടിയെപ്പോലെ കരയുകയായിരുന്നു . 

“അയിന് നീയെന്തിനാ ഇങ്ങോട്ടേക്ക് ഓടിവന്നത്. എന്ത് ണ്ടേലും  ഓൻ ഇങ്ങോട്ടേക്കാ പറന്ന് വെര്ന്നത്. രഘുവേട്ടനെന്താ നിന്‍റെ അളിയനാണോ’’ 

എടുത്തടിച്ചുള്ള നിര്‍മ്മലയുടെ സംസാരം കേട്ട് കയമയൊന്ന് പരുങ്ങി ... 

 

“യെങ്കക്കു ബേറെ ആരും കാണി ചേച്ചീ ...  ” 

“പരാതിയുണ്ടെല്‍ പോലീസ് സ്റ്റേഷനില്‍ പോയി കേസ്സുകൊടുക്കെടാ... ഓന് ഇങ്ങോട്ടേക്ക് പാഞ്ഞ് വന്ന്‍ട്ടുണ്ട്” 

 

നിര്‍മ്മല ഒരു ദാക്ഷണ്യവുമില്ലാതെ അവനെ അവിടെനിന്നും ഓടിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതുകേട്ടുകൊണ്ടാണ് തേങ്ങയും കയ്യില്‍ പിടിച്ച് പറമ്പില്‍ നിന്നും രഘുനന്ദന്‍ കേറിവരുന്നത് .. കയമയുടെ കരഞ്ഞുകൊണ്ടുള്ള നില്‍പ്പില്‍ അയാള്‍ക്കെന്തോ പന്തികേടുതോന്നി .    

“രഘുച്ചേട്ടാ .. ആ വാച്ചു എനെ.”

“ഇവനും ആ വാസൂം കൂടി അടിയിണ്ടാക്കിയിട്ട്ണ്ടു .. അത് തീര്‍ക്കാന്‍ ഇങ്ങോട്ടേക്ക് ഒടിവന്നതാ. രഘുവേട്ടനിപ്പോ അതിനല്ലേ നേരം… കയമാ ..നീ  വേഗം പോ  ”

 

കയമയെ പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ നിര്‍മ്മല ഇടയ്ക്ക് കയറി. കയമ തോളത്തിരുന്ന തോര്‍ത്തെടുത്ത് രണ്ടുകണ്ണുകളും തുടച്ചു. കയ്യിലിരുന്ന തേങ്ങ ഭിത്തിക്കരുകിലേക്കിട്ട് രഘുനന്ദന്‍ അകത്തേയ്ക്ക് കയറി ഷര്‍ട്ടിട്ട് വേഗത്തില്‍ പുറത്തേക്ക് വന്നു . 

 

“ഏട്ടാ ...നിങ്ങക്കെന്തിന്‍റെ കേടാ ..രാവിലെതന്നെ കള്ളും കുടിച്ച് അടിണ്ടാക്കീട്ട് അയിന് മധ്യസ്ഥം പറയാന്‍ പോവ്വാ ..?” 

“യെങ്കക്കു ബേറെ ആരും കാണി ചേച്ചീ ... ’’

നിറഞ്ഞ കണ്ണുകളോടെ കയമ കൈകള്‍കൂപ്പി. അവന്‍റെ നേരെ എന്തോ പറയാനാഞ്ഞ നിര്‍മ്മലയ്ക്ക് നേരെ രഘുനന്ദന്‍ തീ പാറുന്ന ഒരു നോട്ടം അയച്ചതോടെ അവള്‍ ഒന്നും മിണ്ടാതെ അകത്തേയ്ക്ക് കയറിപ്പോയി .

 

താറിട്ട റോഡിൽനിന്നും കോളനിയിലേക്കുള്ള  മൺപാതയിലേക്ക് കയറുമ്പോൾ താഴെ കൈവരിയിലിരിക്കുകയായിരുന്ന കുരങ്ങന്മാർ ആളനക്കം കേട്ടിട്ടാവണം അടുത്തുള്ള മരച്ചില്ലയിലേക്ക് ചാടിക്കയറി . അതിന്  ഓളത്തിലെന്നവണ്ണം  ഇടതൂർന്ന് നിൽക്കുന്ന മുളകളുടെ ചില്ലകൾ കാറ്റിൽ ആടിയുലഞ്  ആകാശകാഴ്ചകളെ  മറച്ചുകൊണ്ടിരുന്നു .

 

കോളനിക്കുള്ളിൽ അവിടവിടെയായി ഉയർന്നു നിൽക്കുന്ന ഒറ്റനില കോൺക്രീറ്റ് കെട്ടിടങ്ങൾ. വെളുത്ത ചുമരുകളിൽ മുറുക്കിത്തുപ്പലുകൾ കൊണ്ട്  പൂക്കളം വരച്ചിരിക്കുന്നു. എല്ലാ കെട്ടിടങ്ങൾക്കും സമാന്തരമായി തങ്ങളുടെ പ്രിയപ്പെട്ട പാരമ്പര്യ കുടിലുകളും കാണാം. കോളനിയ്ക് മുന്നിൽ സൂര്യപ്രകാശത്തിനു നേരെ, മുട്ടുകാലിൽ രണ്ടുകൈകളുമൂന്നി ആബാലവൃദ്ധം വെയിൽകായാനായി ഇരിക്കുന്നുണ്ട് .

തന്നെ കണ്ടതും മിന്നായംപോലെ ഒരാൾ കുടിലിന് പുറകിലേക്ക് മാറുന്നത് രഘുനന്ദന്റെ ശ്രദ്ധയിൽപെട്ടു. നടന്നുപോവുന്നതിനിടയിൽ അയാൾ ഇടംകണ്ണിട്ട് അങ്ങോട്ടേക്കൊന്ന് നോക്കി . മണ്ണുകൊണ്ട് പാകിയ കുടിലിന്റെ  ചുമരിന് ചേർന്ന്,  താൻ പോവുന്നതും നോക്കി തല മാത്രം പുറത്തുകാണിച്ച്  ഒളിച്ചിരിക്കുന്ന ചോമൻ . പറമ്പിലെ തെങ്ങിൽ കയറാനായി അവനോട് പറഞ്ഞിട്ട് മാസം ഒന്ന് കഴിഞ്ഞിരിക്കുന്നു.പലപ്പോഴും അവനെ കാണാൻ വന്നെങ്കിലും കിട്ടാറില്ല .രഘുനന്ദൻ പെട്ടെന്ന് അവന്റെ നേരെ തിരിഞ്ഞുനിന്നു .

 

“ചോമാ ... ഇപ്പൊ എനിക്ക് നേരമില്ല .ഞാൻ വരുന്നുണ്ട് ,നിന്നെ കയ്യും കാലും കെട്ടി കൊണ്ടുപോവാൻ ”

കളവു കണ്ടുപിടിച്ച ജാള്യതയിൽ ഇളിഞ്ഞൊരു ചിരിയുമായി തലചൊറിഞ്ഞുകൊണ്ട് ചോമൻ അയാളുടെ മുന്നിലേക്ക് വന്നു .

“കാവ് ലെ  ഉൽച്ചവം കഴിഞ്ട്ട് ബെര രഘുച്ചേട്ടാ ..’’

മുഷിഞ്ഞൊരു ഷർട്ടും മുണ്ടും ധരിച്ച് മുന്നില്‍ നടക്കുന്ന കയമയെ കണ്ടപ്പോള്‍ രഘുനന്ദന് വിഷമം വന്നു . ഇവനോട് ഒരിയ്ക്കൽപ്പോലും  തനിക്കൊരു വെറുപ്പ് തോന്നിയിട്ടില്ല. അതിനവനൊരു സാഹചര്യം ഉണ്ടാക്കിയിട്ടില്ല എന്നുതന്നെ പറയാം . എന്തിനും വിളിച്ചാൽ വിളിപ്പുറത്ത് അവനുണ്ടാകും .എന്നിട്ടും അവനോടുള്ള  നിര്‍മ്മലയുടെ പെരുമാറ്റമായിരുന്നു അയാളുടെ ചിന്തയില്‍.

 

അതിനെക്കുറിച്ച് അന്വേഷിച്ച് ചെന്നെത്തിയത് ചാരുമടത്തെ കോമളവല്ലിയിലാണ്. കുളിക്കടവിലെ നാട്ടുവിശേഷങ്ങള്‍ക്കിടയില്‍ നിര്‍മ്മലയുടെ മനസ്സില്‍ അവള്‍ ഏഷണിയുടെ വിത്തുമുളപ്പിച്ചിരിക്കുന്നു 

“ആ കോളനീലെ കൂട്ടങ്ങളെ നിനക്കറിയാഞ്ഞിട്ടാ നിര്‍മ്മലേ ..നിന്‍റെ രഘുവേട്ടനെന്തിനാ അവരെ എല്ലാ കാര്യത്തിലും പോയി എടപ്പെടുന്നത്.നിന്നോടുള്ള സ്നേഹം കൊണ്ട് പറയാ ..ഒന്ന് ശ്രദ്ധിച്ചേക്ക് ”

 

ഏഷണിയ്ക്ക് സംസ്ഥാന പുരസ്കാരംലഭിച്ചിട്ടുള്ള ആളാണ് കോമളവല്ലി എന്നറിയുന്നതുകൊണ്ടുതന്നെ നിര്‍മ്മല അത് ‘സാ’ മട്ടില്‍ ഈ ചെവിയിലൂടെ കേട്ട് ആ ചെവിയിലൂടെ പുറത്തേക്ക് കളഞ്ഞു .കയ്യിലിരുന്ന സാരി അലക്കിപിഴിഞ്ഞെടുത്ത് സ്വകാര്യം പറയാണെന്നവണ്ണം അവള്‍  നിര്‍മ്മലയുടെ ചെവിയ്ക്കരുകിലേക്ക് നീങ്ങിനിന്നു .   

“ആ കോളനീലെ ഒരു മൊട്ടത്തി കല്ല്യാണം കഴിയാതെ പ്രസവിച്ചിട്ട്ണ്ട്.സൂക്ഷിച്ചോ മോളേ ..അവള് രഘൂന്‍റെ പേരെങ്ങാനും പറഞ്ഞാല്‍ ..അല്ല ... ഇല്ല ..അങ്ങനെ പറയുന്നല്ല..ഇനി വെറുതെ എങ്ങാനും പറഞ്ഞാല്‍ ...”

ആ ഏഷണി ബോംബ് നിര്‍മ്മലയുടെ മനസ്സിൽ ഒരു സ്‌ഫോടനം തന്നെ സൃഷ്ട്ടിച്ചു...അവളുടെ മുഖഭാവത്തില്‍ സംപ്രീതയായി ഉള്ളില്‍ വെളുക്കെ ചിരിച്ചുകൊണ്ട്  കോമളവല്ലി പടവുകള്‍ കയറി  മെല്ലെ നടന്നു നീങ്ങി . 

 

കയമയോടും ആ കോളനിക്കാരോടും കോമളവല്ലിയ്ക്കും അവളുടെ കുടുംബക്കാര്‍ക്കും തീര്‍ത്താതീരാത്ത പകയാണുള്ളത് .ഒരിക്കല്‍ അവളുടെ ആങ്ങള സുശീലന്‍ കോളനിയിലെ ഒരു പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതിന്  കയമയും കൂട്ടരും ശരിക്ക് പെരുമാറിയതോടെയാണ് ആ പക ഉടലെടുത്തത് .ഒത്തുതീര്‍പ്പിനിടെ രഘൂനന്ദന്റെ ചില നിലപാടുകളും അവര്‍ക്ക് എതിരായിരുന്നു 

അതുകൊണ്ടുതന്നെ അവരെ രഘുനന്ദനുമായി തെറ്റിക്കാനുള്ള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച കോമളവല്ലി ഒരു പരിധിവരെ അതില്‍ വിജയിക്കുകയും ചെയ്തു .പിന്നീട് നിര്‍മ്മല പലപ്പോഴും കയമയുമായുള്ള അയാളുടെ സൗഹൃത്തെ  എതിര്‍ത്തുപോന്നു  .. 

 

കോമളവല്ലി പറഞ്ഞ കാര്യങ്ങളിലെ വിപത്തുകൾ എല്ലാം  അവള്‍ രഘുനന്ദനോട് സൂചിപ്പിച്ചെങ്കിലും , തല്ല് കിട്ടിയാലോ എന്ന് പേടിച്ചാവണം കോളനീലെ കല്ല്യാണം കഴിക്കാതെ പ്രസവിച്ച മൊട്ടത്തിയുടെ കാര്യം മാത്രം മിണ്ടിയില്ല . 

 

കോളനിയില്‍ കയമയുടെ വീടിന് സമീപത്തായി അയല്‍വാസികള്‍ കൂടിനില്‍പ്പുണ്ടായിരുന്നു .രഘുനന്ദനെ കണ്ടതും ബാഹുമാനത്തോടെ അവര്‍ ഒതുങ്ങിനിന്നു .  

ഒത്തുതീര്‍പ്പിനൊടുവില്‍ ചെയ്തുപോയ തെറ്റിന് സാഷ്ട്ടാങ്കം മാപ്പുപറഞ്ഞു വാസു വേലി പൊളിച്ച് ദൂരെക്കളഞ്ഞതോടെ പ്രശ്നം അവസാനിപ്പിച്ചു കയമയും വാസുവും പരസ്പരം ആശ്ലേഷിച്ചു .

പാവങ്ങളാണ് .അപ്പോൾ തോന്നുന്ന ബുദ്ധിയിൽ എന്തെങ്കിലും കാണിക്കുന്നതാണ് .എങ്കിലും തെറ്റാണെന്നു മനസ്സിലായാൽ സമ്മതിക്കാനും പ്രായശ്ചിത്തം ചെയ്യാനും അവർക്കു മടിയില്ല .. 

കോളനിയിറങ്ങി വരുന്നതിനിടെ രഘുനന്ദന്റെ പുറകിലായി കയമ ഓടിവന്നു .

 

“യെങ്കക്കു നീങ്ക മാത്രേ ഉളായി രഘുച്ചേട്ടാ... അയ് കൊണ്ടന്റു എന്തെങ്കിലും പ്രചനം ഉണ്ടാകിന്റാക്കു ഊടെക്കോ പാഞ്ചു വന്റായി .ഇനി നാനു വാര എന്റു. ചേച്ചീനെ കൂടെ പറേണം .” 

കയമയുടെ സ്വരം ഇടറിയിരുന്നു .അവന്റെ കയ്യിലിരുന്ന രണ്ടുവയസ്സുകാരി മാളുവിനെ വാങ്ങി രഘുനന്ദൻ തോളോട് ചേർത്തു . അവളുടെ കയ്യിലെ കരിമണിവള മെല്ലെ ഇളക്കി കവിളിൽ അയാളൊരുമ്മ കൊടുത്തു .

 

‘‘ഡാ ..ഇനി നീ വീട്ടിലേക്ക് വരേണ്ടെന്ന് ഞാൻ പറഞ്ഞാൽ മാത്രം നീ അനുസരിക്കേണ്ടതുള്ളു .കേട്ടല്ലോ ..ചെറുപ്പത്തിൽ നമ്മൾ കളിച്ചുവളർന്ന വീടാത്  .. അത് നിന്റേത് കൂടിയാ…. .”

കയമ രണ്ടുകൈകളും കൂപ്പി രഘുനന്ദനന്റെ മുൻപിൽ തല കുനിച്ചു നിന്നു .അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു .രഘുനന്ദൻ അവനെ ചേർത്തുപിടിച്ചു ..വർഷങ്ങൾക്കു മുമ്പ് രക്തബന്ധത്തിൽ അല്ലാതെ രഘുനന്ദന് കൂടെപ്പിറപ്പായവനാണ്  .

 

നെല്ലുകൊയ്യും കാലം അച്ഛനോടൊപ്പം പാടത്ത് പോയപ്പോൾ കണ്ടതാണ് ചേറ്റിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കയമയെന്ന ആറുവയസ്സുകാരൻ മൊട്ടത്തലയനെ . പാടത്തെ സ്ഥിരം പണിക്കാരൻ വെളുക്കന്‍ മൂപ്പന്‍റെ മകൻ. കളിക്കൂട്ടുകാരനെ കിട്ടിയ സന്തോഷത്തിലായിരുന്നു രഘുനന്ദൻ. പാടത്തും പറമ്പിലും അവർ ഓടിക്കളിച്ചു. പക്ഷിയെ അമ്പെയ്തു വീഴ്ത്താനും  ഞണ്ടിനെ പിടിക്കാനുമുള്ള കയമയുടെ പ്രാവീണ്യം കണ്ടവൻ അമ്പരന്നു നിന്നു . വെള്ളത്തുണികൊണ്ട് ചെറിയ കലത്തിന്റെ വാ മൂടിക്കെട്ടി  ചെറിയൊരു ദ്വാരമിട്ട് അതിനുള്ളിൽ ചോറുംവറ്റിട്ട് അവർ പിടിച്ച പരൽ മീനുകളെ വീടിനടുത്ത് കുഴിച്ചുണ്ടാക്കിയ ചെറിയ കുളത്തിൽ ഇട്ട് വളർത്തുമായിരുന്നു .  

 

പാടത്തു നിന്ന് കിട്ടിയ ആമയെ കിണറിനുള്ളിൽ കൊണ്ടുപോയി ഇട്ട രഘുനന്ദനും കയമയ്ക്കും അച്ഛന്റെ കയ്യിൽ നിന്നും കണക്കിന് ചീത്ത കേൾക്കുകയുണ്ടായി . കിണറിനുള്‍വശം ആകെ കുഴിച്ച് നാശമാക്കിയ ആമയെ വെളുക്കന്‍ മൂപ്പന്‍ വന്നു പിടിച്ചുകൊണ്ടുപോയതോടെ രണ്ടുപേരും ആശ്വാസത്തിലായിരുന്നു . അടി കിട്ടാതെ രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസം.   

 

രഘുനന്ദന്‍ പഠിപ്പിച്ചുകൊടുത്ത ആദ്യാക്ഷരങ്ങള്‍ വളരെ വേഗത്തിൽ തന്നെ കയമ ഹൃദിസ്ഥമാക്കിയതോടെ അവനെ സ്കൂളിൽ ചേർക്കാൻ രഘുനന്ദൻ അച്ഛനെ നിർബന്ധിച്ചു .അന്നത്തെക്കാലത്ത് അടിസ്ഥാന വിദ്യാഭ്യാസത്തെക്കുറിച്ച്   അവബോധമില്ലാതിരുന്ന പണിയ സമൂഹത്തിലെ വെളുക്കൻ മൂപ്പനെ പറഞ്ഞു സമ്മതിപ്പിക്കാൻ രഘുനന്ദനന്റെ അച്ഛൻ ഒരുപാട് കഷ്ട്ടപ്പെട്ടു. ഒടുവിൽ പുതിയ ഉടുപ്പും ബാഗും കുടയുമായി രഘുനന്ദനന്റെ ഒപ്പം കയമ നന്ദനവിലാസം സ്കൂളിലെ ഒന്നാം ക്ളാസിലേക്ക് .. 

 

എന്നും രാവിലെ രണ്ടുപാത്രത്തിൽ ചോറുനിറച്ച് അമ്മ ബാഗിൽ വെയ്ക്കും. ചതച്ചമുളകിൽ പുളിചേർത്തുണ്ടാക്കിയ ചമ്മന്തി സ്ഥിരം സാന്നിധ്യമായിരുന്നു. അതിനോട് തനിയ്‌ക്ക് വല്ല്യ പഥ്യമില്ലെങ്കിലും  കയമയ്ക്ക് ഏറെ പ്രിയങ്കരമാണെന്ന് അമ്മയ്ക്കറിയാമായിരുന്നു .

‘‘ഉച്ചയ്ക്ക് ആ മോൻ കഴിക്കുന്നുണ്ടോന്ന് നീ പോയി നോക്കണേ ..’’

കയമയെ ജാതീയമായി അധിക്ഷേപിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്ത മുരുകേശനു കണക്കിനുതന്നെയാണ് രഘുനന്ദൻ കൊടുത്തത് . 

 

‘‘എന്‍റെ  കൂടപ്പെറപ്പാത് ..അവന്‍റെ  നേരെ ഇനി നിന്റെ കൈപൊങ്ങിയാ ...വിവരറിയും നീ ’’

ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി മറ്റൊരു സ്കൂളിലേക്ക് രഘുനന്ദൻ പോയതോടെ കയമ സ്കൂൾ പഠനം അവസാനിപ്പിച്ചു. പിന്നെ കാട്ടിൽ വിറകും മരുന്നും  ശേഖരിക്കാനും മറ്റും പോയിതുടങ്ങി. ഇതിനിടയിൽ കിട്ടുന്ന നെല്ലിക്കയുടേയും കാട്ടുതേനിന്റെയും ഒരു പകുതി അവൻ വീട്ടിലെത്തിക്കുമായിരുന്നു . 

 

ഒരിക്കൽ അമ്മ അതിന്റെ പൈസ അവനു നേരെ നീട്ടിയതും അവൻ ആകെ വല്ലാതായി. അതുവാങ്ങാതെ കുറേനേരം അമ്മയുടെ മുഖത്തേക്ക് നോക്കി  നിന്ന അവൻ പിന്നെ ഒന്നും പറയാതെ തലതാഴ്ത്തി പുറത്തേക്കിറങ്ങിപ്പോയി ... അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.

 

എന്തുപറഞ്ഞാലും അവനിവിടെ വരാതിരിക്കാനാവില്ല. എനിക്കവനെ കാണാതിരിക്കാനും. സ്നേഹം പാകിയൊരുക്കിയ അടിത്തറ അത്രപെട്ടെന്നൊന്നും പൊളിച്ചുമാറ്റാനാവില്ലല്ലോ ..

ഓഫിസിൽ ഫയലിനുള്ളിൽ മുഖംപൂഴ്ത്തിയിരിക്കുമ്പോഴാണ് ഫോൺ ബെല്ലടിക്കുന്നത് .വല്യമ്മയുടെ മകൻ മുരളിയാണ് . 

 

“മുരള്യേ .... പറ …” 

“രഘൂ ...നീ ഒന്ന് വേഗം താലൂക്കാശൂത്രിലേക്ക് വാ ..” 

കിതച്ചുകൊണ്ട് സംസാരിച്ച അവന്റെ ശബ്‌ദത്തിൽ എന്തോ ഒരു അപകട സൂചന രഘുനന്ദന് അനുഭവപ്പെട്ടു  

“കൊഴപ്പൊന്നുല്ലടാ  ..മോള് ചെറുതായിട്ടൊന്നു വീണു .നീ ബേജാറായിട്ടൊന്നും വരണ്ട .”

ഓഫിസിൽ നിന്നും ഓടിയിറങ്ങുമ്പോൾ മോളുടെ മുഖമായിരുന്നു രഘുനന്ദനന്റെ മനസ്സിൽ .രാവിലെ ഇറങ്ങുമ്പോൾ കെട്ടിപിടിച്ച് ഉമ്മ തന്ന തന്റെ മോൾ .... 

 

താലൂക്ക് ആശുപത്രിയുടെ മുന്നിൽ മുരളിയും അയൽവാസിയായ ബിജുവേട്ടനും  മറ്റ് നാലഞ്ചുപേരുമുണ്ടായിരുന്നു. രഘുനന്ദനെ കണ്ടതും മുരളി അയാളുടെ അടുത്തേക്ക് ചെന്നു .

“മോള് കളിക്കുന്നതിനിടെയിൽ കാലുതെറ്റി കിണറ്റിലേക്ക് വീണു .ദൈവം സഹായിച്ച് നമ്മുടെ മോൾക്ക് ഒരു കൊഴപ്പവും സംഭവിച്ചില്ല ..പക്ഷേ ..!!!”

 

മുരളി പറഞ്ഞുനിർത്തിയ ‘പക്ഷേ’  രഘുനന്ദന്റെ ഹൃദയത്തിലൂടെ ഒരു മിന്നൽപ്പിണറായി കടന്നുപോയി .  

“നമ്മുടെ കയമ !!!!”

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ഗൗരിമോൾ ഒരു തുമ്പിയെ പിടിക്കാനായി ഓടി. തൊടിയിലെ പൂച്ചെടികളിലെല്ലാം പാറിനടന്ന് അവളെ പറ്റിച്ച തുമ്പി കിണറിന്റെ മുകളിലെ വലയിലാണ് പറന്നു നിന്നത്. കിണറിന്റെ ആൾമറയ്ക്ക് മുകളിൽ എങ്ങനെയോ പിടിച്ചു കയറിയ ഗൗരിമോൾ കാൽ തെറ്റി കിണറിനുള്ളിലേക്ക് പതിച്ചു . 

ഒച്ചകേട്ട് ഓടിയെത്തിയ നിർമ്മലയുടെ വിളികേൾക്കാൻ ആ പരിസരത്താരുമുണ്ടായിരുന്നില്ല .. ഏതോ നിമിഷത്തിൽ അങ്ങോട്ടേക്ക് വന്ന കയമ മറ്റൊന്നും ചിന്തിക്കാതെ കിണറ്റിലേക്ക് എടുത്ത് ചാടി .. 

 

“ഞങ്ങളെത്തുമ്പോഴേക്കും കയമ മോളെ രക്ഷിച്ച് പടെമ്മല് ഇരുത്തീട്ട്ണ്ടായിരുന്നു. മോളെ മേത്ത് തട്ടാണ്ട്ക്കാൻ ഓൻ സൈഡിലേക്കാ ചാട്യേ.. കാലിന് നല്ല പരിക്കാ. ഓനെ കോളേജിലേക്ക് കൊണ്ടോവാൻ പറഞ്ഞിട്ടുണ്ട്”

എന്തുപറയണമെന്നറിയാതെ രഘുനന്ദൻ ആശുപത്രിയുടെ അകത്തേക്കോടി. ബെഡിൽ കിടക്കുന്ന മോളുടെ നെറ്റിയിൽ അയാൾ തുരുതുരെ ചുംബിച്ചു. അയാളുടെ കണ്ണുകൾ കയമയെ തിരയുകയായിരുന്നു. 

 

തലയിലും കാലിലും ബാന്റേജ് കൊണ്ട് പൊതിഞ്ഞു കിടക്കുന്ന കയമയുടെ അടുത്തേക്ക് അയാൾ ഓടിച്ചെന്നു. കണ്ടതും കയമ അയാളെനോക്കി ഒന്ന് ചിരിച്ചു .. രഘുനന്ദൻ അവന്റെ കൈ മൃദുവായി തലോടി . എങ്ങനെയോ  പിടിച്ചു നിർത്തിയ അയാളുടെ വിതുമ്പൽ അപ്പോഴേക്കും പുറത്ത് ചാടിയിരുന്നു.

“മോക്ക് ഒന്റും പറ്റ രഘുച്ചേട്ടാ... തെയ്യം കാക്കും .. ”..  

 

രഘുനന്ദൻ കുളിച്ചൊരുങ്ങി വരുമ്പോഴേക്കും നിർമ്മല കാറിറക്കി വെച്ചിരുന്നു. ഗൗരിമോൾ കയമയുടെ മോനോടൊപ്പം ഇരിക്കുന്നു .പച്ചോലകൊണ്ട് അവൻ തത്തയെ ഉണ്ടാക്കുന്നത് സസൂഷ്മം വീക്ഷിക്കുകയാണവൾ... തന്റെ കൊച്ചുപെങ്ങളെന്ന കരുതലിൽ അവൻ അവളെ ചേർത്തുപിടിച്ചിരിക്കുന്നു ..

 

ജാതീയവും മതപരവുമായ വിവേചനങ്ങളാൽ അന്ധത ബാധിച്ച സമൂഹത്തിന് നഷ്ടമാവുന്നത് ഇത്തരം ബന്ധുര സ്നേഹബന്ധങ്ങളാണെന്നുള്ള കാര്യം നാം പലപ്പോഴും വിസ്മരിച്ചുപോവുകയാണ്. നാളെ ആര്, ആർക്ക് തണലാവുമെന്നറിയാതെയുള്ള ജീവിതയാനങ്ങളിൽ വെറുപ്പിനും വിദ്വേഷത്തിനും എന്ത് പ്രസക്തിയാണുള്ളത് . 

 

കാറിൽ കയറാനുള്ള വിസമ്മതത്തിൽ അവൻ പുറകിലേക്ക് മാറിനിന്നു. മുൻഡോർ തുറന്ന് നിർമ്മല ബലമായി അവനെ സീറ്റിലേക്ക് എടുത്തിരുത്തുമ്പോൾ ഗൗരിമോൾ കൈകൊട്ടി ആർത്തുചിരിക്കുകയായിരുന്നു .

 

റോഡിലേക്കിറങ്ങുമ്പോഴാണ് ചാരുമടത്തെ കോമളവല്ലിയുടെ വരവ്. വക്രദൃഷ്ടിയോടെ കാറിനുള്ളിലേക്കുള്ള  അവളുടെ നോട്ടം രഘുനന്ദന് അരോചകമായിത്തോന്നി .

 

“നിർമ്മലേ ... ആ ചെക്കനേം കൊണ്ടെങ്ങോട്ടാ നിന്റെ കെട്ട്യോൻ ? ഓനെ ഒക്കെ കാറിൽ കേറ്റാൻ തൊടങ്ങിയോ..അതും മുൻസീറ്റിൽ .. ’’

നിർമ്മലയെ നോക്കി പരിഹാസരൂപേണ കോമളവല്ലി ചുണ്ടുകോട്ടി. 

 

“കോമളേച്ചീ .. നിങ്ങളുടെ ഏഷണിയില് വീണ് കുറച്ചുദിവസം ഞാനും നിങ്ങളെപ്പോലെ ഒരു യക്ഷിയായി മാറിയിരുന്നു .ഇപ്പോ എനിക്ക് മനുഷ്യനെ തിരിച്ചറിയാനുള്ള വിവേകവും ബുദ്ധിയും ഉണ്ട് .. എന്നെ വിട്ടേക്ക് ചേച്ചീ ”

 

കോമളവല്ലിയുടെ പ്രതീക്ഷകളെ തകിടംമറിച്ചുകൊണ്ടുള്ള നിർമ്മലയുടെ സംസാരത്തിൽ അവളൊന്ന് ചൂളി.

‘‘ഏട്ടാ.. മടങ്ങുമ്പോൾ കയമയേയും കൊണ്ട് ഇതുവഴി വരണേ .. ചോറ് ഞാനിവിടെ തയ്യാറാക്കുന്നുണ്ട് ...’’

മെല്ലെ നീങ്ങുകയായിരുന്ന കാറിനെ നോക്കി കയ്യുയർത്തി വിളിച്ചുപറയുന്നതിനിടെ, ഒരു കള്ളച്ചിരിയോടെ കോമളവല്ലിയെ ഇടംകണ്ണിട്ട് നോക്കാനും നിർമ്മല മറന്നില്ല ...

 

English Summary: Kayama, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com