ADVERTISEMENT

അന്നും നക്ഷത്രങ്ങളുണ്ടായിരുന്നു. നാല് ഈറക്കീറുപോലും കിട്ടാനില്ലാത്ത വറുതിക്കാലത്തെ ക്രിസ്മസ് കാലമാണോർമ്മവന്നത്. ഈറ സംഘടിപ്പിച്ചു വരുമ്പോഴാവും വെള്ളക്കടലാസ് കീറിപ്പോയിരിക്കുന്നുവെന്നും പറഞ്ഞ് ഒരുത്തൻ ഓടിവരുന്നത്. മൂന്നാമൻ സൈക്കിളെടുത്ത് നാല് കിലോമീറ്റർ ആഞ്ഞു ചവിട്ടും. അവൻ കടലാസുമായി വരുമ്പോളാണ് പശപ്രശ്നം തലപൊക്കുന്നത്. കൂട്ടത്തിലെ ചേട്ടനും പ്രശ്നപരിഹാരകനുമായ നാലാമൻ ഒരിക്കലും ഒന്നിലും ഉത്തരം കിട്ടാതെ വിഷമിക്കാറില്ല. എന്തുകാര്യവും അദ്ദേഹത്തോട് പറയാം. പക്ഷേ ഒന്നും ഒളിച്ചുവയ്ക്കാൻ പാടില്ല. അപേക്ഷകൾ സത്യസന്ധമായിരിക്കണം. പരിഹാരം കണ്ടേ വൈകുന്നേരം വീട്ടിലേയ്ക്ക് മടങ്ങൂ. നാലാമൻ പറഞ്ഞു : ഒരു വഴിയുണ്ട്. പശ കിട്ടും. ഇത്തിരി കഷ്ടപ്പെടണം. 

 

പപ്പനാവന്റെ വീടിന്റെ പിന്നാമ്പുറത്ത് പശയുണ്ടാവും. സിനിമ മാറുമ്പോൾ ഒരു ട്രയാങ്കിൾ പിടിവണ്ടിയും വലിച്ച് ചെണ്ട കൊട്ടിപ്പോകുന്നത് പപ്പനാവനാണ്. അയാളുടെ ഒരു മൂക്കളച്ചെക്കനാണ് നോട്ടീസ് വിതരണം. പിടി വണ്ടി വേറൊരാൾ വലിക്കും. പോണവഴി പോസ്റ്ററൊട്ടിക്കാൻ അരിമാവ് കലക്കി പപ്പനാവൻ പശയുണ്ടാക്കി വയ്ക്കാറുണ്ട്. ഒരു ചിരട്ടയുമായി ഒരാൾ പോയാൽ അതിൽ നിന്നു മുക്കിയെടുക്കാം. പക്ഷേ ചേട്ടൻ പോവില്ല. പോവാത്തതിന്റെ കാരണം ചോദിച്ചാൽ ചേട്ടന്റെ ചെവി ഇപ്പോഴും ചുവന്നു വീർക്കും. പണ്ട് നോട്ടീസ് കക്കാൻ പോയി പിടിക്കപ്പെട്ട ഓർമ്മകൾ ചേട്ടന് വീണ്ടും പറയാനിഷ്ടമില്ല. ചെറിയവനായ ഞാനാണ് ആ കൃത്യം നിർവ്വഹിക്കേണ്ടത്. ഞാനൊന്ന് കിടുങ്ങി. പിടിക്കപ്പെട്ടാൽ അയാൾ ചെവി പിടിച്ച് പൊന്നാക്കും. വീട്ടിൽ നിന്ന് കിട്ടുന്ന അടി വേറെയും. ഞാൻ എല്ലാ ദൈവങ്ങളെയും പ്രാർത്ഥിച്ച് കൃത്യനിർവ്വഹണത്തിനായി ധൈര്യം സംഭരിച്ച് വരുമ്പോൾ ചേട്ടൻ ഒരു ബോംബ് കൂടി പൊട്ടിച്ചു. 

 

‘‘ആ തെണ്ടി ആ വീടിന്റെ ഇറയത്ത് ഉറങ്ങാതെ കിടക്കുന്നുണ്ടാവും. സൂക്ഷിച്ചൊക്കെ പോണം. ഉറക്കം വന്നാലും അയാൾ കൺപോളകൾക്കിടയിൽ തീപ്പെട്ടിക്കോൽ കീറി കുത്തിനിറുത്തി ഉറങ്ങാതിരിക്കും. കാരണം അയാൾക്ക് ഭാര്യയെ ഭയങ്കര സംശയമാണ്. ഞാൻ പോകുവായിരുന്നു. അന്ന് എന്റെ കൊങ്ങയ്ക്കു പിടിവീണപ്പോൾ ഈയിരിക്കണ സകല കഴുവേറികളും കർത്താവിനെ ഒറ്റിയതുപോലെ എന്നെ അയാൾക്ക് വിട്ടുകൊടുത്തു മുങ്ങി. 

അവസാനം ഞാൻ പോയി. ചേട്ടൻ തുണ വന്നു. വീടിന്റെ മുന്നിലെത്തി അവിടമെല്ലാം വീക്ഷിച്ച് എന്നോട് പറഞ്ഞു : ഭാഗ്യം. ആ തെണ്ടി തിരിച്ചെത്തിയിട്ടില്ല. വേഗം കയറിക്കോ മുള്ളുവേലി ഗെയ്റ്റ് തുറന്നു ഞാൻ പിന്നാമ്പുറത്തെത്തി. പറഞ്ഞതുപോലെ രണ്ടു തൊട്ടി നിറയെ പശ. കൈയിലിരുന്ന  ചിരട്ട നിറച്ച് ഞാൻ തിരിഞ്ഞോടി’’. 

 

അങ്ങനെ പശപ്രശ്നം സോൾവ് ചെയ്തു നിൽക്കുമ്പോൾ ഒരുത്തൻ പറഞ്ഞു : ‘മെഴുകുതിരിവേണ്ടേ നക്ഷത്രത്തിന്റെ ഉള്ളിൽ കത്തിച്ചു വയ്ക്കാൻ? ’പള്ളിയിലെ കുരിശുംതൊട്ടിയിൽ അകാലമരണം പ്രാപിച്ച ഏതാനും മെഴുകുതിരികളുടെ തിരുശേഷിപ്പുകൾ എപ്പോഴുമുണ്ടാകുമെന്ന തിരിച്ചറിവിൽ രണ്ടാമൻ ഓടി. രണ്ടാമൻ മെഴുകുതിരിയുമായി എത്തിയപ്പോഴേയ്ക്കും ചേട്ടൻ ഈറക്കീറുകളിൽ നക്ഷത്രത്തിന്റെ അസ്ഥികൂടം ഒരുക്കിക്കഴിഞ്ഞു. വെള്ളപ്പേപ്പറൊക്കെ നിവർത്തി ചിരട്ടയിൽ കൈയിടുമ്പോഴാണറിയുന്നത് അത് പശയല്ല ചുണ്ണാമ്പായിരുന്നു എന്ന്. സിനിമാപ്പരസ്യത്തിന്റെ ചെണ്ടകൊട്ടുയാത്ര കഴിഞ്ഞാൽ പപ്പനാവന് വീടുകൾക്ക് വെള്ളപൂശലുണ്ട്. അതിനായി അയാൾ ഒരുക്കിയ കുമ്മായതൊട്ടിയിലാണ് ഞാൻ പോയി കൈയിട്ടത്. ഇനിയെന്ത് ചെയ്യും? 

 

കാലുകൾ മാറി പിടിക്കപ്പെട്ടു. ഫലമുണ്ടായില്ല. ഒത്തിരി ചർച്ചകൾക്കു ശേഷം ചേട്ടൻ ഒരു ഓഫർ വച്ചു. ചേട്ടന്റെ കശുവണ്ടിശേഖരം വിൽക്കുന്ന കാലത്ത് അമ്പത് പൈസയുടെ ഒരു സിനിമാടിക്കറ്റ് ഫ്രീ. മൂന്നാമൻ അതിൽ വീണു. ചേട്ടൻ പതിവ് സുരക്ഷാനിർദ്ദേശങ്ങൾ അനൗൺസ് ചെയ്തു. ‘ഇക്കുറി പപ്പനാവൻ വന്നിട്ടുണ്ടാകും. എക്സ്ട്രാ കെയർ വേണ്ടിവരും.’

 

മൂന്നാമൻ കൃത്യം ജയിച്ചുവന്നു വീണ്ടും ചേട്ടനെ ഓർമ്മിപ്പിച്ചു : ‘ചേട്ടാ വാക്ക് പാലിക്കുമല്ലോ, ഇല്ലേ?’

അങ്ങനെ കഷ്ടപ്പെട്ട്, ബുദ്ധിമുട്ടിയുണ്ടാക്കിയ ആദ്യ തലയിണനക്ഷത്രത്തിനകത്ത് മെഴുകുതിരി കത്തിച്ചിറക്കുമ്പോൾ പേപ്പറിന് തീ പിടിച്ചു. ചേട്ടന്റെ സമയോചിതമായ തല്ലിക്കെടുത്തലിൽ ഈറക്കോലുകൾ രക്ഷപെടുത്തിയെടുത്തു. വീണ്ടും ഒന്നുമുതൽ തുടക്കം. 

 

കടകളിൽ നിന്ന് ഇപ്പോൾ നല്ല കൂർമ്പൻ നക്ഷത്രങ്ങൾ വാങ്ങാൻ കിട്ടുന്നു. വീടുകളിൽ നിന്ന് പഠനകാര്യത്തിനല്ലാതെ സമയവും സഹായവും കിട്ടാത്തകാലത്തും ക്രിസ്മസ് നക്ഷത്രങ്ങളുണ്ടായിരുന്നു. മുനിഞ്ഞു കത്തി, വയറുവീർത്തു പൊട്ടാറായ നക്ഷത്രങ്ങൾ.

 

English Summary: Thalayina Nakshathrangal, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com