മുങ്ങിയവരാവും ഒരിക്കലും തിരിച്ചുവരാത്ത നാട്ടുകാരുടെ പേടി സ്വപ്നമായ ആനച്ചുഴി!

bathing-in-river
പ്രതീകാത്മക ചിത്രം : Photocredit : Santhosh Varghese / Shutterstock
SHARE

ആനച്ചുഴി (കഥ)

നാടുണർന്നത് നടുക്കുന്ന ഒരു വാർത്തയുമായാണ്. രാവിലെ പുഴയിൽ കുളിക്കാനിറങ്ങിയ കാർലോസ് തിരികെ കരയ്ക്ക് കയറിയട്ടില്ലത്രേ. പുഴക്കരയിൽ ജനം തടിച്ചുകൂടി നിന്നു. ചിലർ പുഴയിലിറങ്ങി തിരച്ചിൽ തുടങ്ങിക്കഴിഞ്ഞു. മുങ്ങിയവരെല്ലാം വെറും കൈയ്യുമായി പൊങ്ങുകയും ശ്വാസമെടുത്ത് വീണ്ടും മുങ്ങുകയും ചെയ്തു.  വേമ്പനാട്ട് കായലിൻ്റെ ആഴത്തിൽ പോയി കട്ടകുത്തി കേവ് വളളം നിറയ്ക്കുന്ന കാരിരുമ്പിൻ്റെ കരുത്തുള്ള കാർലോസിനെയാണ് പുഴ കവർന്നത്. പോലീസും ഫയർഫോഴ്സുമൊക്കെ പെരുമഴയിലൂടെ പുഴക്കരയിലേക്കെത്തി. 

‘‘കിഴക്കൻ വെളളം കുത്തി ഒഴുകുവാണല്ലോ കൊച്ചായാ, ഇവിടെ തപ്പിയിട്ട് കാര്യമുണ്ടോ’’

കൊച്ചായൻ  ഒഴുകുന്ന പുഴയേ നോക്കി തെങ്ങിൻ കുറ്റിയിൽ നിശബ്ദനായിരുന്നു. 

‘‘കാർലോസിനെ തൊടാൻ ഇത്രേയൊന്നും ഒഴുക്കു പോര തങ്കച്ചാ, പിന്നെ പണ്ടുള്ളോര് പറയുന്ന പോലെ ആനച്ചുഴിക്ക് ജീവൻ വെക്കണം’’

ആനച്ചുഴി എന്ന് കേട്ടതും ഒരു കാറ്റ് ശക്തിയിൽ അന്തരീക്ഷത്തിലേക്ക് കടന്നു വന്നു. തങ്കച്ചന്റെ നിവർന്ന കുടയുടെ ശീല പിടഞ്ഞാറൻ കാറ്റിൽ പറന്ന് ദൂരേയ്ക്ക് പോയി.  അപ്പോഴും കാർലോസിന്റെ അപ്പൻ മാത്തച്ചൻ കാലൻ കുടയുടെ കീഴിൽ നനഞ്ഞ കണ്ണുമായി പുഴയെ നോക്കിയിരുന്നു. മഴ പിന്നെയും കനത്തപ്പോൾ അയാൾ തങ്കച്ചന്റെ ചായക്കടയിലേക്ക് കയറിയിരുന്നു.

രാത്രിയും മഴ തിമിർത്തു പെയ്തു. വലയിൽ കുടങ്ങാതെ, കൈയ്യിൽ തടയാതെ കാർലോസിന്റ ശരീരം പുഴയിൽ ഒളിച്ചിരിക്കുന്നു. മൂന്നാം നാൾ തിരച്ചിൽ കാണാൻ പുഴവക്കിൽ ജനത്തിരക്കേറി. ജഡം എവിടെയെങ്കിലും പൊങ്ങിക്കിടപ്പുണ്ടോ എന്ന് ജനങ്ങൾ പരതി നടന്നു. 

നിരാശയോടെ അവസാനിച്ച പകലിന്റെ ചിന്തകൾ ആനച്ചുഴിയെന്ന അത്ഭുതത്തിലേയ്ക്ക് ഗ്രാമവാസികളെ ഒന്നാകെ കൂട്ടിക്കൊണ്ടുപോയി. ശവം പോലും മടക്കിത്തരാത്ത ഒരു പിശാചാണ് ആ ചുഴി. ‘‘കുട്ടികൾ മുതൽ പ്രായമായവർ വരെ നീന്തിക്കുളിക്കുന്ന പുഴയിൽ ഇപ്പം എവിടുന്നാ പുതിയൊരു ചുഴി. കാർലോസിന്റെ ചെരുപ്പും കുടയും മാത്രമാണ് കടവിൽ കണ്ടത് എന്ന് കരുതി അയാൾ കയറി പോയിട്ടില്ലെന്ന് എന്തുവാ ഒറപ്പ്’’ സംശയം ചോദിച്ചത് ചായക്കടക്കാരൻ തങ്കച്ചനാണ്. ‘‘തങ്കച്ചാ പണ്ട് പത്തെഴുപത് വർഷങ്ങൾക്ക് മുൻപ് മന്ത്രോം തന്ത്രോം ചെയ്ത് ആനച്ചുഴിയെ ഒഴിവാക്കിയത് ആരാന്നറിയാവോ, അങ്ങ് കുടമാളൂരുന്ന് ഒരു നമ്പൂതിരി വന്നിട്ടാ, പിന്നെയല്ലേ നാട്ടുകാര് നന്നായിട്ടൊന്ന് കുളിക്കാൻ തുടങ്ങിയത്, അത് തന്നല്ല എങ്കിൽ കാർലോസെവിടെ, അപ്പനും മകനും മാത്രമാണല്ലോ ആ വീട്ടിൽ താമസം തള്ള മുൻപേ പോയതല്ലേ. മുരടനാണെങ്കിലും അവന് അപ്പനോട് വല്ല്യ സ്നേഹമാ’’ പറയുന്നത് നാട്ടിലെ കാരണവരായതുകൊണ്ട് ഒരല്പം യുക്തിവാദമൊക്കെ കയ്യിലുള്ള തങ്കച്ചൻ മറുത്തൊന്നും പറഞ്ഞില്ല.

പുഴക്കരയിലെ നാട്ടുവർത്തമാനത്തിൽ കാർലോസ് വലിയൊരു കഥയായി മാറി. കഥകൾക്കിടയിലൂടെ കാർലോസിന്റെ അപ്പൻ മാത്തച്ചൻ പലപ്പോഴും നടന്നു വരുകയും തെങ്ങിൻ കുറ്റിയിലിരുന്ന് പുഴയുടെ ആഴങ്ങളിലേയ്ക്ക് എത്തി നോക്കുകയും ചെയ്തു. അപ്പോൾ പുഴയുടെ അടിത്തട്ടിലൂടെ കാർലോസിന്റെ കറുത്ത രൂപം ഒരു ജലജീവിയേപ്പോലെ സഞ്ചരിക്കുന്നതായി മാത്തച്ചന് തോന്നും. ഉപരിതലം ശാന്തമെങ്കിലും അടിത്തട്ടിലൂടെ ചുഴികൾ തീർത്ത് പുഴ കുതിച്ചു പായുന്നു. കാർലോസിന്റെ മാംസം നഷ്ടപ്പെട്ട ബലമുള്ള അസ്ഥികൾ എവിടെയോ ഒളിച്ചിരിക്കുന്നുണ്ടാവാം അതുമല്ലെങ്കിൽ ആനച്ചുഴി തുരന്ന ഗർത്തത്തിലൂടെ കാർലോസ് ഭൂമിക്കടിയിലേയ്ക്ക് താഴ്ന്ന് പോയിരിക്കാം.

ആനച്ചുഴിയെ ഭയന്ന് കടവുകൾ വിജനമായി. ഒന്നിനെയും കൂസാതെ നടന്ന തങ്കച്ചൻ പോലും ബക്കറ്റിൽ വെള്ളം കോരി കുളിയ്ക്കാൻ തുടങ്ങി. കുട്ടികൾ പുഴയുടെ ചെറുചലനങ്ങളെ പോലും ഭയത്തോടെ നോക്കി നിന്നു. ചെറുവള്ളക്കാർ പോലും കോതിൽ ബലം പിടിച്ചിരുന്ന് തുഴഞ്ഞു പോയി. എത്ര ബലം പിടിച്ചിരുന്നിട്ടും കോതിൽ നിന്ന് പുഴയിലേയ്ക്ക് തെന്നി വീണ മാധവന്റ കഥ നാട്ടിലാകെ വേഗത്തിൽ പാട്ടായി. അയാൾ തെന്നിവീണത് പുഴയുടെ ഒത്ത നടുവിലായാണ് . ആദ്യം കാലുകൾ പുഴയുടെ ആഴങ്ങളിൽ ചെന്ന് തൊട്ടു. കണ്ണ് ചിമ്മിത്തുറന്ന് അയാൾ ആഴങ്ങളിലേയ്ക്ക് നോക്കി. ചുറ്റം കരിമഷിപോലെ പടർന്നു കിടക്കുകയാണ് ജലം. ഒരു ഭയം അയാളുടെ ചിന്തകളിൽ തൊട്ടു നിന്നു. ദൂരെ കരിമഷി പോലെ എന്തോ ഉരുണ്ടുകൂടുന്നു. ഒരു വലിയ ചുഴിയായി തിരിഞ്ഞ് അത് അയാൾക്ക് നേരെ അടുത്തു വരുകയാണ്. ചെളി കലങ്ങി മറിഞ്ഞ് വരുന്നത് കണ്ടതോടെ അയാൾ സർവശക്തിയുമെടുത്ത് മുകളിലേക്ക് കുതിച്ചു. ഉടുമുണ്ടില്ലാതെ അയാൾ വളളത്തിൽ പിടിച്ചു കിടന്നു. വളളം നിന്നിടത്ത് നിന്ന് അതിവേഗം ഒന്ന് വട്ടം കറങ്ങി.ആനച്ചുഴിയുടെ കരങ്ങളിലേയ്ക്ക്, മരണത്തിലേയ്ക്ക് , കാർലോസിന്റെ വഴിയിലേയ്ക്ക് പോകാനൊരുങ്ങുകയാണ് താനെന്ന് അയാൾ തിരിച്ചറിഞ്ഞു. 

‘‘മാധവാ മരണം വേണോ അതോ ജീവിതം വേണോ, നീ സർവ്വശക്തിയുമെടുത്ത് വള്ളത്തിലേയ്ക്ക് കേറ്, ആനച്ചുഴി നിന്നെ കൊണ്ടു പോകാനൊരുങ്ങുകയാണ്’’ ആരോ ഉറക്കെ വിളിച്ചു പറയുന്നതുപോലെ മാധവന് തോന്നി, അതേ അത് കാർലോസിന്റെ ശബ്ദമാണ്. അയാൾ വള്ളത്തിലേക്ക് കുതിച്ചു. ബോധം വീഴുമ്പോൾ മാധവൻ ഒരു സ്വപ്നത്തിൽ നിന്നെന്ന പോലെ ആശുപത്രിയുടെ ഗന്ധത്തിലേക്ക് ഉണരുകയായിരുന്നു. അന്നു മുതലാണ് ഗ്രാമം സമ്പൂർണ്ണമായി പുഴയെ വെറുത്തു തുടങ്ങിയത്.

കടവിലെ കരിങ്കല്ലിൽ കരിമ്പായൽ വന്ന് മൂടി നിന്നു. പുഴയുടെ മറുകരയിലെ സെമിത്തേരിയുടെ മതിലിനോട് ചേർന്ന് മരങ്ങൾ വളരുകയും അതിന്റെ ഇലച്ചിലുകൾ പുഴയിലേയ്ക്ക് ചാഞ്ഞ് നിന്നു. അതിനടിയിലൂടെ വരാൽ തന്റെ ചോര നിറമുള്ള കുഞ്ഞുങ്ങളുമായി സ്വൈര്യമായി വിഹരിച്ചു. ചെറിയ കടകൽ കൂട്ടങ്ങളിൽ ചിലത് തീരത്ത് സ്ഥിരതാമസക്കാരായി മാറി. രാത്രി പത്ത് മണി കഴിഞ്ഞിട്ടും പീടകത്തിണ്ണയിലിരുന്ന് തങ്കച്ചനും കൂട്ടുകാരും കഥ പറഞ്ഞുകൊണ്ടിരുന്നു. മഴ തിമിർത്ത് പെയ്യുകയാണ്. മിന്നൽ വെളിച്ചം കണ്ടതോടെ കറന്റ് പോയി. നീണ്ടുപോകുന്ന പുഴവക്കിന്റെ അങ്ങേ തലയ്ക്കൽ നിന്ന് ഇരുട്ടിൽ ആറടി നീളമുള്ള ഒരു രൂപം കടവിലേയ്ക്ക് നടന്നു വരുന്നു. 

മിന്നൽ വെളിച്ചത്തിൽ ആ രൂപം ഒന്നുകൂടി വ്യക്തമായി കാണാം. ലോക ചട്ടമ്പിയായ തങ്കച്ചന്റെ ശരീരത്തിലൂടെ ഭയം അരിച്ചിറങ്ങി. കൂട്ടത്തിലുണ്ടായിരുന്നവർ ഇരുട്ടിലൂടെ ഓടി മറഞ്ഞു. ആറടി രൂപം കടവിലെത്തി. അതെ അത് കാർലോസാണ്.തങ്കച്ചൻ ഇരുട്ടിൽ മറഞ്ഞിരുന്ന് ആ കാഴ്ച കണ്ടു. കരയിൽ നിന്ന് പുഴയുടെ ആഴങ്ങളിലേക്കിതാ കാർലോസിന്റെ പ്രേതം മടങ്ങിപ്പോകുന്നു. ഇരുകൈകൾ മുകളിലേയ്ക്ക് കൂപ്പി ആ രൂപം ഒരു മത്സ്യത്തെപ്പോലെ പുഴയിലേയ്ക്ക് ആഴ്ന്നിറങ്ങുന്നു. അയാളുടെ ഉപ്പൂറ്റിയിൽ നിന്ന് ഒരു ചെറിയ വൃത്തം ജനിക്കുകയും അത് വശങ്ങളിലേയ്ക്ക് അതിവേഗം സഞ്ചരിക്കുകയും ചെയ്യുന്നു. ശബ്ദമില്ലാതെ വരണ്ട് പോയ നാവുമായി തങ്കച്ചൻ ഇരുളിലൂടെ ഓടുകയാണ്.

പ്രഭാതത്തിൽ കാർലോസിന്റെ പ്രേതത്തെ കണ്ട വാർത്ത നാടാകെ പടർന്നു കയറി. പിൻപേ വാർത്ത തിരുത്തപ്പെട്ടു. അത് പ്രേതമല്ല കാർലോസ് തന്നെയാണ്. അപ്പന്റെ മരണത്തോടെ അടഞ്ഞുകിടന്ന വീട്ടിൽ കാർലോസ് മലർന്ന് കിടക്കുന്നത് ചിലർ ഒളിഞ്ഞ് നിന്ന് നോക്കി ഉറപ്പിച്ചു. നാട്ടുപ്രമാണിമാർ കാർലോസിന്റെ കാര്യ വിവരങ്ങൾ തിരക്കാനെത്തിയെങ്കിലും പരുഷമായ നിശബ്ദതയിലൂടെ കാർലോസ് അതിനെ അവഗണിച്ചു. കാർലോസിന്റെ കുളിക്ക് പിന്നാലേ നാട്ടുകാർ ഓരോരുത്തരായി പുഴയിലിറങ്ങി. കല്ലിലെ കരിമ്പായലുകൾ ഒഴുക്കിലലിഞ്ഞ്  ഇല്ലാതായി. ആനച്ചുഴിയേ അടുത്ത് കണ്ട മാധവൻ കൂടി സ്ഥിരം കുളിക്കാനെത്തിയതോടെ ഗ്രാമം പഴയ പ്രസരിപ്പിലേയ്ക്ക് മടങ്ങിപ്പോയി.

കൊച്ചായന്റെ ഷാപ്പിലെ മൂത്ത കള്ളു മോന്തി മുറ്റത്തെ ചരൽ മണ്ണിൽ ആകാശം നോക്കി കാർലോസ് വെറുതെ കിടന്നു. അനേകം നക്ഷത്രങ്ങളിൽ ഒന്ന് അയാളെ നോക്കി ചിരിച്ചു. മെല്ലെ അത് അടുത്തേയ്ക്ക് വരുകയാണ്. ‘‘മോനെ കാർലോസേ’’

നക്ഷത്രം വിളിച്ചു. അപ്പന്റെ ശബ്ദം കേട്ട് കാർലോസിന്റെ കണ്ണ് നിറഞ്ഞു. ‘‘അപ്പാ, എന്നാലും അപ്പനങ്ങ് പോയിക്കളഞ്ഞല്ലോ’’

കാർലോസ് വിതുമ്പി. ‘‘നീ ഇത്രേം കാലം എവിടാരുന്നെടാ മോനെ. നിന്നെ കാണാതെ വെഷമിച്ചല്ലേ അപ്പൻ പോന്നത്’’ കാർലോസ് നിശബ്ദനായി. മനസ്സിന്റെ നിലതെറ്റി അലഞ്ഞ ഭൂതകാല വഴികൾ ഓർത്തെടുക്കാനാവാതെ കാർലോസ് വിതുമ്പി. കാർലോസിന്റെ മിഴിനീർ അലിഞ്ഞുചേർന്ന പുഴ സർവ്വ ദോഷങ്ങളേയും അതിജീവിച്ച് ശാന്തമായി ഒഴുകി കൊണ്ടിരുന്നു.

English Summary: Anachuzhi, Malayalam short story

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;