ADVERTISEMENT

കാഴ്ചസമർപ്പണം (കഥ) 

അയാൾ അമ്മയുടെ കൈയ്യിൽ മുറുകെ പിടിച്ചു. ഓടുന്ന കാറിലിരുന്ന് കാഴ്ചകൾ കാണുകയായിരുന്ന അവർ അയാളുടെ മുഖത്തേക്ക് നോക്കി. അമ്മയോട് ചിരിച്ചപ്പോൾ എത്രയോ കാലങ്ങളായി കാത്തിരുന്ന ഒരു നിമിഷമാണ് ഇനി വരാൻ പോകുന്ന മണിക്കൂറിലേത് എന്നോർത്തു. മനസ്സിൽ അത്യാഹ്ലാദത്തിന്റെ തിമിർപ്പാണ്. പുറത്ത്, ഇരുവശങ്ങളിലും കൈവരികളുമായി മുന്നിൽ നിവരുന്ന കറുത്ത വഴി ഫിലിം ചുരുളുകളിൽനിന്ന് പുറത്തുവരുന്നതുപോലെ തോന്നി. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷത്തിനായി കാത്തിരിക്കെ അയാൾ അമ്മയുടെ നാലു വയസു കഴിഞ്ഞ ഉണ്ണിയായി ഒരു ഫ്ലാഷ്ബാക്കിലേക്ക് പോയി.

 

ചെറിയ ഒന്നായിരുന്നു മെയിൻ റോഡിൽ നിന്നും വളഞ്ഞുകയറുന്ന നടവഴി ചെന്ന് നിൽക്കുന്ന മരങ്ങൾക്കിടയിലുള്ള വീട്. 

 

പ്രത്യേകമായി ഒരു തിരക്കുമില്ലാത്ത കാലം. പ്രധാന ജോലി ദിവസമത്രയും അമ്മയുടെ പിന്നാലെ നടക്കുക എന്നതാണ്. വഴിക്കുതാഴെ വെള്ളമെടുക്കാൻ പോകുമ്പോഴും, തുണിയലക്കാൻ തോടിന്റെ വക്കുവരെയും എസ്കോർട്ട് പോകണം. ചേട്ടനും ചേച്ചിയും സ്കൂളിൽ പോയിട്ടുണ്ടാകും. ഇനിയുമൊരുവർഷം കാത്തിരിക്കണമെന്നാകും അവർക്കൊപ്പം സ്കൂളിൽ പോകണമെന്ന് ഉണ്ണി ശാഠ്യം പിടിക്കുമ്പോൾ അമ്മ ആശ്വസിപ്പിക്കുക. സ്കൂൾ പിരിയുന്ന ബഹളത്തിൽ അവരെ കാത്തിരിക്കുക എന്നതായി പിന്നെ ഉണ്ണിയുടെ മറ്റൊരു പ്രധാന പണി.

 

അങ്ങനെയിരിക്കെ ഉണ്ണിക്ക് വിശേഷപ്പെട്ട ഒരു സാധനം ചേച്ചിയുടെ വകയായി കിട്ടി. ഒരു കഷണം സിനിമാ ഫിലിമായിരുന്നു അത്. വഴിയിൽ വീണുകിട്ടിയ ഒരു സന്തോഷം  അവൾ കൊച്ചനിയനുമായി പങ്കുവച്ചതാണ്. അതെന്താണെന്ന് അവൾക്കറിയുമ്പോലെ അനിയന് പറഞ്ഞും കൊടുത്തു. ഓണാവധിക്ക് ഗ്രാമത്തിലെ ഓലക്കൊട്ടകയിൽ സിനിമാ കാണാൻ പോയ കാര്യം ഉദാഹരിച്ചാണ് ചേച്ചി ഉണ്ണിയെ അതിന്റെ സാങ്കേതികത്വം പഠിപ്പിച്ചത്.

 

ഫിലിം കൊള്ളാവുന്ന ഒരു സാധനമായി ഉണ്ണിക്കു തോന്നി. കുഞ്ഞിക്കണ്ണുകൾ കുറുക്കി, അത് സൂര്യനു നേരെ പിടിച്ചാസ്വദിച്ചെങ്കിലും അതിൽ സിനിമാ മുഴുവൻ വരാത്തതിൽ നിരാശയായിരുന്നു കൂടുതലും. ഉണ്ണി ഗ്രാമത്തിലെ ടാക്കീസിൽ കണ്ട സിനിമ ഇങ്ങനെയല്ലല്ലോ. 

 

ഗ്രാമത്തിലെ സിനിമാശാലയിൽ ഇരുട്ടു വരണമെങ്കിൽ തൂക്കുവിളക്കുകൾ ഓഫ് ചെയ്യണം. പിന്നെ പരമ്പു വാതിലുകൾ അടക്കണം. പ്രൊജക്ടറിലെ വെളിച്ചം വരുവോളം ഓല മേഞ്ഞ മേൽക്കൂരയിൽ നിന്നും വരുന്ന നൂൽവെളിച്ചങ്ങൾ മങ്ങാതെ മിച്ചം നിൽക്കുകയും ചെയ്യും. മാവിന്റെയും കശുമാവിന്റെയുമൊക്കെ നിഴലിൽ കൂനിയിരിക്കുന്ന ഉണ്ണിയുടെ വീട്ടിൽ ഇരുട്ടിന് പഞ്ഞമില്ല. ഇനി ഉണ്ണിക്ക് സിനിമ കളിക്കാൻ വെളിച്ചം വേണം. തിരശ്ശീല വേണം. 

 

പുറത്തെ അയയിൽ ഉണങ്ങി വിശ്രമിക്കുന്ന പോളിയെസ്റ്റർ ഡബിൾ മുണ്ടിൽ ഉണ്ണിയൊരു വെള്ളിത്തിര കണ്ടു. അത് വലിച്ചൂരിയെടുത്ത് വീടിനകത്തെ ഇരുട്ടു നിറഞ്ഞ മുറിയൊന്നിലെ അപ്പുറവും ഇപ്പുറവുള്ള പലകഭിത്തികളിൽ, ആവുന്നത്ര ഉയരത്തിൽ വലിച്ചുകെട്ടിയൊപ്പിച്ചു.

 

വെളിച്ചമാണ് ഇനി വേണ്ടത്. ഗ്രാമത്തിലെ ഇരുൾക്കൊട്ടകയിൽ ബീഡിപ്പുകകളെ മുറിച്ചുപാഞ്ഞ് മുന്നിലെ വെള്ളഭിത്തിയിൽ പതിഞ്ഞുപരക്കുന്ന വെളിച്ചത്തിന്റെ ഉത്ഭവം. അന്നു തിരിഞ്ഞു നോക്കിയിരുന്നു. തിരിച്ചറിഞ്ഞിരുന്നു, ഏറ്റവും പിന്നിലെ ചുമരിൽ ചതുരത്തുളകളുണ്ട്, അതിനപ്പുറം ഒരു വിളക്കുണ്ട്.

 

അടുക്കളയിലെത്തി. ചുവരിറമ്പിലിരുന്ന മണ്ണെണ്ണവിളക്കെടുത്ത് അടുപ്പിലേക്ക് നീട്ടി കത്തിച്ചെടുത്തു. 

 

വിളക്ക് ഒരു കൈയ്യിൽ പിടിച്ച് ട്രൗസറിന്റെ കീശയിൽ നിന്നും ഫിലിം കഷണം തപ്പിയെടുത്തു. ഗ്രാമത്തിലെ സിനിമാ പ്രദർശനശാല അപ്പോൾ ഉണ്ണിയുടേതായി. അവിടുത്തെ ഇരുട്ട് ഇപ്പോൾ അവന്റെ കൂടെയുണ്ട്. മുന്നിൽ വിരിഞ്ഞുനിവർന്ന വെള്ളത്തിരശ്ശീല. ഇനി അവിടുത്തെ സിനിമാ ഇവിടെ വന്നാൽ മതി. 

 

ഇടതു കയ്യിലെ ഫിലിം അഞ്ചാറടിയപ്പുറമുള്ള മുണ്ടിന്റെ അഭ്രപാളിയിലേക്ക് നീട്ടി നിർത്തി. വലത്തു കയ്യിലെ വിളക്കിലെ വെളിച്ചം ഫിലിമിനു പിന്നിലെ ഇരുട്ടിൽ മറച്ചുപിടിച്ചു. ആരോ എവിടെയോ വെളിച്ചത്തു പിടിച്ച സിനിമ  ഇവിടെ ഇരുട്ടത്തു കാണാൻ ഒരു കുഞ്ഞൻ ശ്രമം!

 

വെള്ളത്തുണിയിലേക്ക് കണ്ണുതുറിപ്പിച്ചു. ഒന്നും കണ്ടില്ല. കുറച്ചു കൂടി മുന്നോട്ടു പിടിച്ചു. സിനിമ വന്നില്ല. ഇനിയും അടുത്തേക്ക്. പിന്നെ, സ്ക്രീനും പ്രൊജക്ടറും അടുത്തടുത്ത് എന്ന വൈരുധ്യത്തിലേക്ക്...

 

എന്തോ ഒച്ച കേട്ട് അങ്ങോട്ടുവന്ന അമ്മ കണ്ടത്  ഉണ്ണിയുടെ സിനിമാ തെളിയാത്ത സ്ക്രീൻ നിന്നു കത്തുന്നതാണ്. മുണ്ട് വലിച്ചു പറിച്ചെടുത്ത് അമ്മ തീ കെടുത്തി. 

 

ദൈവാനുഗ്രഹത്താൽ അന്നവിടെ തങ്ങളുടെ ‘സിനിമാ കോംപ്ലക്സ്’ മുഴുവൻ കത്തിപ്പോയില്ല! അയാൾ മനസ്സിൽ ചിരിച്ചു.

 

പിന്നീട് പലപ്പോഴും, ഇപ്പോഴും ഒരു കാര്യത്തിൽ അയാൾ അതിശയപ്പെടാറുണ്ട്. പുരമുഴുവൻ തീകത്തിപ്പോയേക്കാവുന്ന കുരുത്തക്കേട് കാണിച്ചിട്ടും അമ്മ അന്ന് തന്നെ വഴക്കു പറഞ്ഞില്ല, തല്ലിയില്ല! ഒരു മുറി ഫിലിമും മണ്ണെണ്ണ വിളക്കുമായി സിനിമാ ടാക്കീസ് കളിക്കാനിറങ്ങിയ  തന്റെ കൗതുകം തീയണച്ചതിനൊപ്പം അമ്മ കെടുത്തിയുമില്ല.

 

കാർ തിയറ്റർ കോമ്പൗണ്ടിൽ പാർക്കു ചെയ്തൊതുങ്ങി. അയാൾ അമ്മയുടെ കയ്യിൽ പിടിച്ചുകൊണ്ടാണ് നടന്നത്. അന്നത്തെ ആ ഓലമേഞ്ഞ കൊട്ടക വലിയൊരു തിയറ്റർ സമുച്ചയമായി രൂപം മാറിയിരിക്കുന്നു. ഈയൊരു നിമിഷത്തിനായാണ് കാത്തിരുന്നത്. 

 

സിനിമാനഗരത്തിലെ വലിയ മൾട്ടിപ്ലെക്സിൽ സംവിധായകന്റെ പ്രഥമ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആഘോഷമാക്കാമെന്ന് നിർമ്മാതാവും സുഹൃത്തുക്കളും ക്ഷണിച്ചതാണ്. സ്നേഹപൂർവ്വം അതു നിരസിച്ചത് ഈയൊരു കാഴ്ചയുടെ സമർപ്പണത്തിനാണ്. 

 

സൂപ്പർതാരം അഭിനയിച്ചതുകൊണ്ട് തിയറ്റർ പരിസരമാകെ തിരക്ക് കാണാം. അമ്മയുടെ കൈപിടിച്ച് ബാൽക്കണിയിലേക്ക് വഴിതാണ്ടുമ്പോൾ ചുറ്റുമുള്ളവരാൽ തിരിച്ചറിയപ്പെടുന്നുണ്ടെന്ന് അയാൾ സന്തോഷിച്ചു. എല്ലാവരോടും ചിരിച്ചൊഴിഞ്ഞു.

 

സംവൽസരങ്ങൾക്കപ്പുറത്തെ ഇരുളവിടെ പുനർജ്ജനിച്ചു. അയാളറിയാതെതന്നെ പിന്നിലേക്ക് തലതിരിച്ചുപോയി. ഏറ്റവും പിറകിൽ ചുമരിലെ ദ്വാരങ്ങളൊന്നിൽനിന്നും വെളിച്ചം ഉറപൊട്ടിയപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി. 

 

അയാൾ തിരിഞ്ഞ് അമ്മയുടെ ചുമലുകളിൽ പിടിച്ച് തന്നോട് ചേർത്തു. അമ്മയെത്തന്നെ നോക്കിയിരുന്ന അയാൾ സ്ക്രീനിലേക്ക് കണ്ണുകൾ മാറ്റിയതേയില്ല. എത്രയോ വർഷങ്ങൾക്കുമുന്നേ അമ്മ തനിക്കിട്ട പേര് കട്ടിക്കണ്ണടയിലൂടെ അവർ തിരശ്ശീലയിൽനിന്നും വായിച്ചെടുത്തപ്പോൾ അയാളത്  ആ കണ്ണുകളിൽ നിന്നും പകർന്നെടുത്തു.

 

English Summary: Kazhchasamarppanam, Malayalam short story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com