ADVERTISEMENT

വീരപ്പൻ (കഥ)

സത്യമംഗലം വൈൽഡ് ലൈഫ് സാൻക്ച്വരിയിലേക്കായിരുന്നു ആ  തവണത്തെ യാത്ര. കടുവകളുടെ സെൻസെക്സ് എടുക്കാനുള്ള വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പ്രോഗ്രാമിന്റെ ഭാഗമാവണം, അതിനായിരുന്നു യാത്ര. ടീമിന്റെ കൂടെ പോകേണ്ടതായിരുന്നു. സഹോദരിയുടെ വിവാഹ നിശ്ചയം ആയത് കൊണ്ടാണ് രണ്ട് ദിവസം വൈകിയത്. വൈകിട്ടോടെ ക്യാമ്പിൽ എത്തി ചേരേണ്ടതുണ്ട്. വഴിയിൽ ഒരിടത്തു വണ്ടി നിർത്തി ചായ കുടിക്കാൻ ഇറങ്ങി. അവിടെ വച്ചാണ് ആദ്യമായി വീരപ്പനെ കണ്ട് മുട്ടുന്നത്. വീരപ്പൻ അങ്ങനെ ഒരു പേര്, നമ്മുടെ സാക്ഷാൽ കാട്ടു കള്ളനും, പിന്നെ ഇയാൾക്കും മാത്രം ഈ ഭൂലോകത്തിൽ ഉണ്ടാവാൻ തരമുള്ളു.

 

അയാൾ അവിടെ ആരെയോ പ്രതീക്ഷിച്ചുള്ള നിൽപായിരുന്നു. ചായ കുടിച്ചു കഴിഞ്ഞു ഒരു സിഗററ്റ് വലിക്കാൻ തുടങ്ങിയപ്പോൾ ആണ് ആദ്യമായി അയാളുടെ ശബ്ദം കേൾക്കുന്നത്. പെണ്ണുങ്ങളുടെ പോലെയായിരുന്നു അയാളുടെ ശബ്ദം. ഉയരം കുറഞ്ഞു വെളുത്ത് തടിച്ച ഒരാൾ. മാന്യമായി വേഷം ധരിച്ച ഒരാൾ.

“സർ, മലയാളി താനെ..”

“ആമ്മ, എന്ന വിഷയം..”

“സർ, മലയാളം പോത്തും.. എനിക്കും മലയാളം അറിയാം.. ഒരു ചിന്ന ഹെല്പ്.. ഒരു ലിഫ്റ്റ് തരുമോ..”

 

അയാളുടെ ശബ്ദം മാത്രം കൊണ്ട് തന്നെ ഒരു വല്ലായിമ തോന്നി ഞാൻ ആലോചിച്ചു നിന്നു, അത് മനസ്സിലാക്കി കൊണ്ട് അയാൾ അയാളുടെ ഗതികേട്‌ തുറന്നു പറഞ്ഞു.

 

“സർ ഇവിടെ ആരും എന്നെ വണ്ടിയിലും, ബസിലും ഒന്നും കേറ്റില്ല, ശാപം കിട്ടിയ ജന്മം ആണ് എന്നാണ് പറയുന്നത്. ആണിന് പെണ്ണിന്റെ പോലെ ശബ്ദം വരുന്നത് ശാപം ആണോ സർ.. ഓടിച്ചു വിടും..”

വീരപ്പന്റെ പേരിൽ മാത്രം ആ പവർ ഉള്ളു എന്നത് എനിക്ക് മനസിലാക്കി തരാനുള്ള ശ്രമം ആയിരുന്നു അയാളുടെ ആ ഒരു തുറന്നു പറച്ചില്..

“വീരപ്പന് എവിടെയാ പോകേണ്ടത്..”

“നല്ലൂര്..”

“എനിക്കും ശാപം കിട്ടോ. നിന്നെ കേറ്റിയ..”

“സർ അത് വന്തു ഓരോ തിമിര്... ഞാൻ അപ്പടിയല്ല.. സർ..”

കേറ്റില്ല എന്ന തോന്നാൽ കൊണ്ട് എന്തോ അയാളുടെ നാവ് ചലിച്ചത് അയാളുടെ ഭാഷയിലായിരുന്നു..

 

ഞാൻ മറുപടി ഒന്നും പറയാതെ ചായ ഗ്ലാസ്സ് തിരിച്ചു കൊടുത്ത് കാർ സ്റ്റാർട്ട്‌ ചെയ്തു. വീരപ്പൻ എന്നെ തന്നെ നോക്കി നിന്നു. ഞാൻ കാർ മുന്നോട്ട് എടുത്ത് അയാളുടെ മുന്നിൽ കൊണ്ട് നിർത്തി.

“കേറിക്കോ.. നല്ലുര് ഞാൻ പോണ വഴിക്കാ..”

ഞാൻ മുൻ ഡോർ തുറന്നു കൊടുത്തു. അയാൾ അത് കണ്ട് മടിച്ചു നിന്നു..

“കേറിക്കോ..”

“ശാപം കിട്ടില്ലെ സർ..”

“ഞാൻ ചുമ്മാ പറഞ്ഞതാണ് വീരപ്പ..”

അങ്ങനെയാണ് ഞാനും വീരപ്പനും ആ യാത്ര തിരിച്ചത്.

കോയമ്പത്തൂര് നിന്നു കഷ്ടിച്ച് ഒരു മണിക്കൂർ യാത്രയുള്ളു നല്ലുര്. നന്നായി സംസാരിക്കുന്ന സ്വഭാവം ഉള്ള ഒരു മനുഷ്യൻ. അയാളോട് ആരും സംസാരിക്കാൻ പോകാറില്ലാത്തത് കൊണ്ടാവും വാ തോരാതെ വീരപ്പൻ എന്നോട് സംസാരിച്ചു.

 

“ഈ വഴി എവിടെ പോണ് സർ..”

“സത്യമങ്കലം..”

“അവിടെ കാട്ടില് എന്താ പരിപാടി..”

“കടുവകളുടെ എണ്ണം എടുക്കുന്ന ജോലിയാണ്..”

“സെൻസെക്സ്, വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ആണ്..”

“അതൊക്കെ അറിയോ..”

അത് കേട്ട് വീരപ്പൻ പൊട്ടി ചിരിച്ചു...

“ലുക്ക്‌ കണ്ടിട്ട് ഇതൊക്കെ അറിയുന്ന ആളാണ് തോന്നുന്നില്ലല്ലെ സർ..”

ആ ചോദ്യത്തിന് ഉത്തരം എന്ത് പറയണം എന്ന് അറിയാത്തതു കൊണ്ട് തന്നെ ഞാൻ റോഡിൽ ശ്രദ്ധിച്ചു കേൾക്കാത്തത് പോലെ വണ്ടി ഓടിച്ചു.

 

“സർ, ഞാൻ ഡബിൾ എം എയാണ്..” അത് കേട്ട് ഞാൻ ശരിക്കും ഞെട്ടി.

പച്ച നുണ തന്നെ പറയുന്നത് എന്ന് എന്റെ മനസ്സ് പറഞ്ഞു. പക്ഷേ അങ്ങനെ തന്നെ മുഖത്ത് നോക്കി എങ്ങനെ പറയും.

“ഡബിൾ എം എ! ഏത് യൂണിവേഴ്സിറ്റിയിൽ നിന്നാണ്..”

“അമൃത വിശ്വാ വിദ്യാപ്പീടം, കോയമ്പത്തൂർ “

ഒട്ടും ശങ്കയില്ലാതെ തന്നെ വീരപ്പൻ അത് പറഞ്ഞു.

“എം എ സൈക്കോളജി, എം എ ഫിലോസഫി.”

തള്ളി മറിച്ചു വിടുന്നത് കേട്ട് പുച്ഛം വന്നു നിറഞ്ഞു, അത് ഭാവിക്കാതെ കഷ്ടപ്പെട്ട് ആണ് ഞാൻ പിടിച്ചു നിന്നത്.

 

“നല്ലുര് എന്താ പരിപാടി..”

“അത് ഒന്നുമില്ല, ഒരു പേർസണൽ കാര്യം.. സർ..”

“ഡബിൾ എം എയൊക്കെ എടുത്തിട്ട് എവിടെയാ വർക്ക്‌ ചെയ്യുന്നത്..”

“ഒഹ് ജോലിക്ക് ആരും എടുക്കില്ല.. അത് കൊണ്ട് തന്നെ പഠിച്ചു നടക്കുന്നു.. വേറെ എം എ കൂടി എടുക്കണം..

പൊളിറ്റിക്കൽ സയൻസ് ആയാലോ എന്ന ആലോചന..”

എന്റെ ഉള്ളിലെ പുച്ഛം തിളച്ചു മറിയുന്നത് എനിക്ക് അറിയാം, ശ്വാസം മുട്ടി പോകുന്നത് പോലെ തോന്നി പോയി.

 

“ശാപം പിടിച്ച ആളുകളെ യൂണിവേഴ്സിറ്റിയിൽ എടുക്കോ വീരപ്പ..”

അൽപ്പം പരിഹാസം ആ ചോദ്യത്തിന് പിന്നിൽ ഞാൻ നിറച്ചു വച്ചിരുന്നു.

 

“അതൊക്കെ എന്റെ നാട്ടുകാർക്ക്  അല്ലെ സർ.. പൈത്യം പിടിച്ച നാട്ടുക്കാര്..”

“ജോലിക്ക് ആരും എടുക്കാത്തത് എന്താ.. ഇന്റർവ്യൂ ഒന്നും പോയില്ലെ വീരപ്പൻ.”

“പോയി സർ, എല്ലാർക്കും മെയിൽ ഓർ ഫീമെയിൽ മതിയെന്ന് പറഞ്ഞാൽ, വീ ആർ ഹെല്പ് ലെസ്സ്..!സർ..”

“ഒഹ്.. ’’

 

അങ്ങനെയൊന്ന് ഞാൻ അയാളെ വണ്ടിയിൽ കേറ്റിയപ്പോൾ വിചാരിച്ചിരുന്നില്ല. അയാൾക്ക് എന്റെ മുഖത്ത് നിന്നു അത് വായിച്ചു എടുത്തു.

“എന്നെ വണ്ടിയിൽ കേറ്റിയത് അബദ്ധം ആയിന്ന് തോന്നുന്നുണ്ടോ സർ..”

ഞാൻ അതിന് മറുപടി പറയാതെ, വേറെയൊരു ചോദ്യം അയാളോട് ചോദിച്ചു.

“ആരാ ഈ പേര് ഇട്ടത്..”

ആ ചോദ്യം അയാളെ വിഷമിപ്പിച്ചു എന്ന് മുഖം കണ്ടാൽ മനസിലാക്കാം..

 

“അപ്പ, സർ.. ഞാൻ ജനിച്ചു കഴിഞ്ഞു വലിയ കുഴപ്പം ഒന്നുമില്ലായിരുന്നു. അപ്പന്നുടെ ബിസിനസ്, പന കരിക്ക് ബിസിനസ്‌. നല്ല ദിവസം. ഞാൻ സംസാരിച്ചു തുടങ്ങിയത് മുതൽ കുഴപ്പമായി.. വളർന്നപ്പോൾ എന്നുടെ ചെസ്റ്റ്,ബ്രേസ്റ്റ് പോലെ വളർന്നു വന്ത്.. എല്ലാരു ശാപം പുടിച്ചവൻ എന്ന് സ്വലിച്ചു. അപ്പവുടെ ബിസിനസ്‌ മുടിഞ്ഞു, ആരും അപ്പാടെ അടുത്തുന്നു ബിസിനസ്‌ ചെയ്യാത്.. അപ്പ ഉള്ള സ്ഥലം വിറ്റ് പോകാന് വച്ച്.. ഞാൻ പറഞ്ഞു അത് വേണ്ടാന്ന്, എങ്കെ പോക്കിരേ സർ, അമ്മ ചാവ് നടന്ന ഇടം. അപ്പ റൊമ്പ സെന്റിമെന്റ്സ്.”

വീരപ്പൻ കരയാൻ തുടങ്ങി.

 

“ഞാൻ നന്നായി പഠിച്ചു, മെറിറ്റ് തന്നെ എല്ലാം പാസ്സ് ആയി. പക്ഷേ ഇപ്പോൾ ഫലം ഇല്ല സർ, ആർക്കും വേണ്ട, ജോലി തരമാട്ടെ.. ജോബ് ഒൺലി ഫോർ മെയിൽ ഓർ ഫിമെയിൽ..”

അയാളുടെ മനസ്സ് കണ്ട് സങ്കടം വന്നുവെങ്കിലും, പിടിച്ചു നിന്നു.

“നല്ലുര്, പോയ ഞങ്ങളുടെ ഒരു ഗ്രൂപ്പ്‌ ഉണ്ട്.. വല്ല ജോലി കിട്ടൊന്ന് നോക്കണം..”

“ഈ മലയാളം എങ്ങനെ പഠിച്ചു..”

“ജീവിച്ചു പോവണ്ടെ സർ, മലയാളം മാത്രം അല്ല, കന്നഡ, തെലുഗു, ഹിന്ദി, ഇംഗ്ലീഷ്, സൈൻ ലാംഗ്വേജ് കൂടി തെരിയും .. വെൽ ക്വാളിഫൈഡ് സർ..”

 

അയാൾ നെടുവീർപ്പോടെ പുറത്തേക്ക് നോക്കി കണ്ണുകൾ തുടക്കുന്നത് എനിക്ക് കാണാം. എന്റെ ഉള്ളിലെ പുച്ഛം, സംശയം എല്ലാം തന്നെ ഇല്ലാണ്ട് ആയിരിക്കുന്നു. സഹതാപം നൽകി സ്വയം ഒരു വിഡ്ഢി ആവാൻ ഉദ്ദേശം ഇല്ലാത്തതു കൊണ്ട് ഒരു മറുപടിയും ഞാൻ പറഞ്ഞതുമില്ല.

“സോറി, സർ, ഞാൻ റൊമ്പ ബോർ ആക്കിയല്ലെ ..”

ഞാൻ എന്റെ ബിസിനസ്‌ കാർഡ് പോക്കറ്റിൽ നിന്നു എടുത്ത് വീരപ്പന് കൊടുത്തു.

 

“വീരപ്പൻ, ഇത് വച്ചോ, ആ മെയിൽ ഐഡിയിൽ ഒരു റെസ്യും അയച്ചു തരു ഞാൻ ഒന്ന് ട്രൈ ചെയ്തു നോക്കാം..”

 

ഞാൻ ആ പറഞ്ഞത് കേട്ട് അയാളുടെ കണ്ണുകളിൽ അത്ഭുതം വന്നു നിറഞ്ഞു. ആദ്യം ആവും ഒരാൾ സഹായം ഓഫർ ചെയ്യുന്നത് എന്ന് അതിൽ നിന്നു വ്യക്തം. സത്യത്തിൽ എന്റെ ഒരു ശീലം ആയിരുന്നു അത്. ചിലർ പിന്നിട് കോൺടാക്ട് ചെയ്യും, ചിലർ ഇല്ല. ഒരുപാട് സൗഹൃദം ഉള്ള ഒരു ആളാണ് ഞാൻ, അത് സ്വാഭാവികം ആയി സംഭവിച്ചു പോകുന്നതാണ്. ഈ കാർഡ് കൊടുക്കൽ ഒരു കാരണം ആയിട്ടുണ്ട്. നല്ല ശല്യവും ഇതു കൊണ്ട് ഉണ്ടായിട്ടുണ്ട്, അത് വേറെ വശം. എന്തായാലും വീരപ്പന്റെ അത്ഭുതം കണ്ട് ഞാനും അത്ഭുതം കൊണ്ടു.

 

“എന്താ ഇങ്ങനെ നോക്കുന്നത്..”

“ഇതൊക്കെ ആദ്യം ആയിട്ടാണ്.. സാധാരണ ആളുകള് സഹായിക്കാൻ കൊണ്ട് പോയി അബ്യൂസ് ചെയ്യാറാണ് പതിവ്.. ഒരിക്കൽ ഒരു മലയാളി തന്നെ, അവന് എന്റെ ഓരോന്ന് കേട്ടപ്പോൾ മുടിഞ്ഞ സങ്കടം. അവന്റെ ഒരു ഗസ്റ്റ്‌ ഹൗസിലേക്ക് ക്ഷണിച്ചു. അവിടെ എന്തെങ്കിലും ജോലി തരാം എന്നായിരുന്നു പറഞ്ഞത്. അവിടെ അയാളുടെ തന്നെ നാല് സുഹൃത്തുക്കളും ഉണ്ടായിരുന്നു.ഒഹ് നാല് ദിവസം അവന്മാര് എന്നെ ടോർചർ ചെയ്തു.. വെരി ബുർട്ടല്ലി”

 

അത് പറഞ്ഞു വീരപ്പൻ കുറെ നേരത്തേക്ക് മൗനിയായി..

“ട്രെയ്നിൽ എല്ലാം ഞങ്ങളെ പോലെയുള്ളവര് വരുമ്പോൾ നിങ്ങൾ എല്ലാം പറയുന്നത് കേട്ടിട്ടുണ്ട്. ഈ കോപ്രായങ്ങൾ കാണിക്കാതെ വല്ല പണി എടുത്തു ജീവിച്ചുടെന്ന്.. നിങ്ങളുടെ എല്ലാം കണ്ണിൽ ഞാനും എല്ലാരും സെക്സ് വർക്കേഴ്സ് ആണ്.. എക്സ്പ്ലോർ ചെയ്യാൻ വേറെ വഴിയില്ലാതെ വരുമ്പോൾ എന്ത് ചെയ്യാൻ.. ഈ കാര്യത്തിൽ ആരായാലും മതിയല്ലോ’’

തിരിച്ചു ഒന്നും ചോദിക്കാതെ തന്നെ വീരപ്പൻ അയാളെ കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു.

 

“പഠിച്ചു നേടാനും ആരും സമ്മതിച്ചു തരില്ല, ഇവിടെ ആണിനും പെണ്ണിനും മാത്രം അവകാശം ഉള്ളുന്ന് പറഞ്ഞ് ഒരുത്തൻ ഒരിക്കൽ മുഖത്ത് അടിച്ചു. എസ് ഐയായിരുന്നു ആ മഹാൻ. കാര്യം കഴിഞ്ഞ് ക്യാഷ് ചോദിച്ചപ്പോൾ, പിടിച്ചു അകത്തു ഇടുന്നു പറഞ്ഞായിരുന്നു അടി..”

 

“വീരപ്പന്റെ അപ്പൻ കൂടെയില്ലെ ഇപ്പോൾ..”

“ഭ്രാന്ത് ആയി പോയി..”

“അപ്പനെ കാണാനാണോ നല്ലുര്, പോകുന്നത്..”

“അതെ..സർ. സത്യത്തിൽ ഈ വണ്ടിയിൽ കേറിയത് ഒരു കസ്റ്റമർ ആയിന്ന് വിചാരിച്ചു ആണ്.. ഞാൻ എന്താണ് ചെയ്തു തരേണ്ടത്.. എന്ത് വേണമെങ്കിലും..”

 

വളരെ ദേഷ്യം തോന്നി, ഞാൻ വണ്ടി വഴിയിൽ പെട്ടെന്ന് ബ്രേക്ക്‌ ചവിട്ടി നിർത്തി. എന്റെ നെഞ്ചിലൂടെ ഇടിപ്പ് കേറി കേറി വന്നു. ഞാൻ നന്നായി ശ്വാസം എടുക്കാൻ ശ്രമിച്ചു. എന്റെ ഭാവം കണ്ട് വീരപ്പൻ പേടിച്ചു. മാപ്പ് പറഞ്ഞു.

 

“സർ, സോറി. സർ.. ഇച്ചിരി ക്യാഷ് വേണ്ടിയിരുന്നു. അത് കൊണ്ട് കൂടിയാ.. ആരും വെറുതെ ഇത് വരെ എന്നെ സഹായിച്ചിട്ടില്ല.”

“അത് കൊണ്ട്..”

“സർ, സോറി.. ഞാൻ ഇവിടെ ഇറങ്ങിയേക്കാം.. സോറി സർ..”

ഞാൻ കുറെ നേരം മുന്നോട്ട് റോഡിലേക്ക് തന്നെ നോക്കി ഇരുന്നു. വീരപ്പൻ എന്റെ അനുവാദം കാത്തത് പോലെ എന്നെയും നോക്കി അങ്ങനെ ഇരുന്നു. കുറച്ചു കഴിഞ്ഞ് ഒരു നെടുവീർപ്പോടെ ഞാൻ ഒറ്റ ചോദ്യം അയാളോട് ചോദിച്ചു.

“എത്ര രൂപ വേണ്ടി വരും..” എന്റെ ചോദ്യം, അയാളെ ഉലച്ചു.

“ഞാൻ ഇവിടെ ഇറങ്ങാം സർ..”

വീരപ്പൻ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങാൻ ഭാവിച്ചു. എന്റെ തുറിച്ചുള്ള നോട്ടം അയാളെ അതിൽ നിന്നു പിന്തിരിപ്പിച്ചു.

“എത്ര രൂപ വേണം.. വീരപ്പന്..”

ഞാൻ കൂടുതൽ ശാന്തനായി അയാളുടെ കൈയിൽ കേറി ബലമായി പിടിച്ചു ചോദിച്ചു.എന്റെ ആ പിടുത്തം അയാളിലെ പേടി കൊഴിച്ചു കളഞ്ഞു.

“സർ, ആയിരം രൂപ പോതും..”

“ആയിരം രൂപക്ക് എന്തൊക്കെ ചെയ്യും വീരപ്പൻ..”

“സർ,”

“പറ, സാധാരണ ചെയ്യുന്നത് പറ..”

“കസ്റ്റമർ ഇഷ്ടം പോലെ എല്ലാം!!..”

“വീരപ്പ, ഒരു കിസ്സ് മാത്രം തരാമോ.. ഒറ്റ കിസ്സ്..”

“സർ..”

 

അയാൾക്ക് കരച്ചിൽ വന്നു. കരഞ്ഞു, നെഞ്ചു പൊട്ടി കരഞ്ഞു. ഞാൻ അയാളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചില്ല. കരയട്ടെ. ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു. അയാൾ കരഞ്ഞു വീർത്തു, പുറത്തേക്ക് നോക്കി നിന്നു.

“വീരപ്പ, എന്താ ആലോചിച്ചു കൊണ്ടിരിക്കുന്നത്..”

“ഒന്നുമെയില്ല സർ, എന്നെ നോക്കി കിസ്സ് മട്ടും ചോദിച്ച മുതൽ ആള് സർ താനെ..”

എനിക്ക് അതിൽ വലിയ സന്തോഷം തോന്നി.

“ഒറ്റ ഒരു ചോദ്യം ചോദിച്ചോട്ടെ..”

“ആരോടെങ്കിലും പ്രേമം തോന്നിയിട്ടുണ്ടോ”

അയാൾ അത് കേട്ട് എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു. അതിന്റെ അർത്ഥം കൃത്യമായി ആ പുഞ്ചിരിയിൽ തന്നെ കിടപ്പുണ്ടായിരുന്നു.ഞാനും നല്ലൊരു ചിരി ചിരിച്ചു.

“കിസ്സ് കിട്ടിയില്ല.. ’’

“തരട്ടെ.. ശരിക്കും തരട്ടെ..”

“തന്നോ..”

വീരപ്പൻ എന്റെ കവിളിൽ സ്നേഹം കൊണ്ട് ചുംബിച്ചു..

“ആയിരം രൂപയുടെ കിസ്സ്, അല്ലെ വീരപ്പൻ..”

“സർ.. എനക്ക് ഇതിന്റെ ക്യാഷ് വേണ്ട സർ..”

“ഇതു കിസ്സിനുള്ള ക്യാഷ് ആയി കരുതണ്ട.. കിസ്സ് സ്നേഹത്തിന്റെ പേരിൽ ഇങ്ങു എടുത്തിരിക്കുന്നു. ക്യാഷ് പുതിയ സുഹൃത്തിനു ഞാൻ കൊടുക്കുന്ന മുതൽ കൈ നീട്ടം..”

“സർ..”

“സർ അല്ല, രാജീവൻ, അതാണ് എന്റെ പേര്..”

“രാജീവൻ സർ.. അത് പോതും..”

“ക്യാഷ് വേണോ.. എങ്കി രാജീവൻ.”

“ക്യാഷ് വേണ്ട.. ദിസ്‌ മൂവേമെന്റ്, അത് മട്ടും പോതും.. എന്നോട്  അൻപോടെ സംസാരിച്ച, കിസ്സ് ചോദിച്ച മുതൽ മാനവൻ നിങ്കളാ സർ, അത് പോതും.”

 

ഒരു കുട്ടിയുടെ നിഷ്കളങ്കത എനിക്ക് ആ മുഖത്തു തോന്നി. ജനിച്ചു വീണ ഒരു കുട്ടിയുടെ...

 

വീരപ്പൻ, ക്യാഷ് വാങ്ങാതെ നല്ലുര് ഇറങ്ങി. ഒരുപാട് നന്ദി പറഞ്ഞു. എന്റെ കൂടെ സെൽഫി എടുത്തു.

ഞാൻ വാങ്ങി കൊടുത്ത മസാല ചായയും, ഇഡിലിയും, ചമ്മന്തിയും കഴിച്ചു. ഒരുമിച്ചു സിഗെരെറ്റ് വലിച്ചു. യാത്ര പറഞ്ഞു പിരിയുമ്പോൾ കരഞ്ഞു.

“വിളിക്കാം രാജീവൻ..”

എന്ന് മാത്രം പറഞ്ഞു തിരിഞ്ഞു നടന്നു. പക്ഷേ ഒരിക്കൽ പോലും അയാൾ വിളിച്ചില്ല...

 

ഇന്ന് ഇതൊക്കെ ഓർത്തത് ഒറ്റ കോളം വാർത്ത പത്രത്തിൽ കണ്ടത് കൊണ്ടാണ്. ആ വാർത്ത അത് ഇതായിരുന്നു.

 

‘കോയമ്പത്തൂർ :- കടുവയുടെ ആക്രമണത്തിൽ ട്രാൻസ്ജെൻഡർ യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. വീരപ്പൻ, വയസ്സ് 34, കാട്ടിൽ നഗ്നമായ അവസ്ഥയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ദേഹമാസകലം മുറിവുകൾ കാണപ്പെട്ടു. പുലിയുടെ ആക്രമണം തന്നെ എന്ന് ഉറപ്പിച്ചു പറയാൻ പറ്റാത്ത വിധം ആണ് മുറിവുകൾ. അത് കൊണ്ട് തന്നെ മരണത്തിൽ സംശയമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അമൃത വിശ്വാ വിദ്യാപ്പീടം, എം എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായിരുന്നു മരണപ്പെട്ട വീരപ്പൻ.’.

 

“വിളിക്കാം രാജീവൻ..”

 

അയാൾ പറഞ്ഞ അവസാന വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി കൊണ്ടിരുന്നു...

 

‘ക്യാഷ് വേണ്ട.. ദിസ്‌ മൂവേമെന്റ്, അത് മട്ടും പോതും..എന്നോട്  അൻപോടെ സംസാരിച്ച, കിസ്സ് ചോദിച്ച മുതൽ മാനവൻ നിങ്കളാ സർ, അത് പോതും.”

 

വീരപ്പൻ അന്ന് ഉറക്കത്തിലും ഇത് തന്നെ എന്നോട് വന്നു പറഞ്ഞു. ഇടക്ക് വരാം എന്ന് പറഞ്ഞു ചിരിച്ചു മടങ്ങി. ഞാൻ എന്റെ ഫോണിൽ അന്ന് എടുത്ത സെൽഫി പരതി. ഒരുപാട് ഓർമ്മ ചിത്രങ്ങളുടെ ഇടയിൽ അതും എന്റെ ഗാലറിയിൽ കിടപ്പുണ്ടായിരുന്നു. ഞാൻ ആ സെൽഫി ഒരു നെടുവീർപ്പോടെ ഡിലീറ്റ് ചെയ്തു...

 

മാപ്പ്..

 

English Summary: Veerappan, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com