സ്നേഹമരച്ച് വേവിച്ച് പാകമാക്കി കൈമാറിയിരുന്ന രുചികൾ

beef-curry
പ്രതീകാത്മക ചിത്രം : Photocredit : SAM THOMAS A / Shutterstock
SHARE

ചൊറിയൻ ചെടിയെ ചവിട്ടി മെതിച്ചും മുള്ളു നിറഞ്ഞ  തൊട്ടാവാടി തണ്ടുകൾ പിടിച്ചു വലിക്കാതിരിക്കാൻ ഇടതുകൈകൊണ്ട് മാക്സി അല്പം പൊക്കിപ്പിടിച്ചും സാറാത്ത സൈതാലിക്കയുടെ പറമ്പിന്റെ ഒറ്റവരിക്കല്ല് പാകിയ അതിര് ചാടിക്കടന്നു. വലതുകയ്യിലിരുന്ന സ്റ്റിൽപാത്രത്തിൽ പോത്ത് കറിയുടെ മുകളിലായി പടർന്നു കിടക്കുന്ന എണ്ണയിൽ തെങ്ങോലകൾ മാറി മാറി മുഖം നോക്കി. ഇറച്ചിമസാല നിറം മാറ്റിയ എണ്ണക്ക് മുകളിൽ കിടന്ന മല്ലിയിലകൾ തെങ്ങോലകളുടെ പ്രതിബിംബത്തെ പാതി മറച്ചു.

‘‘ദാ ആമിനുകുട്ടിത്താ.. കുറച്ചു ബീഫ് കറിയാണ്.. കുട്ട്യോൾക്ക് കൊടുത്തോ...’’

ഉമ്മറത്തെ അരമതിലിൽ പാത്രം വെച്ച് കൊണ്ട് സാറാത്ത പറഞ്ഞു.

‘‘ഉമ്മോ.. ഒന്നിങ്ങാട്ട് വന്നേ.. ’’

സാറത്തയെ കണ്ടതും കാലുകൾക്ക് സ്വാധീനമില്ലാത്ത ആമിനുക്കുട്ടിത്ത നെയ്ത്തുകസേരയിൽ ഇരുന്നുകൊണ്ട് തന്നെ അകത്തേക്ക് തലചെരിച്ച് നീട്ടി വിളിച്ചു. എന്നിട്ട് സാറത്തയോട് ചോദിച്ചു:

‘‘ആ.. ഇന്ന് പോത്തിറച്ചി വാങ്ങി അല്ലെ... അന്റെ മാപ്ലക്ക് ഇന്ന് പണില്ലേ..?’’

‘‘പണിണ്ട്, മൂപ്പര് ചോറ് തിന്നാൻ വന്നിട്ടുണ്ട്.. ഞാൻ പിന്നെ വരാം, പാത്രം അപ്പോൾ എടുത്തോളാ..’’

രുചിയുടെ വകഭേദങ്ങൾ തിരയാൻ ഫുഡ് വ്‌ളോഗുകളും വ്യത്യസ്തതകൾ കണ്ടെത്താൻ യൂട്യൂബുമൊന്നും ഇല്ലാതിരുന്ന കാലം. വിവാഹ, വിരുന്നു വേളകളിലെ ഭക്ഷണങ്ങളിൽ പോലും വലിയ വൈവിധ്യങ്ങളോ നോർത്തും സൗത്തും ചൈനീസും അറബിക്കുമെല്ലാം പരസ്യപ്പലകകളിൽ എഴുതിവെച്ച ഭക്ഷണ ശാലകളോ നഗരം വിട്ടുവരാത്ത സമയം. അന്ന് സ്‌കൂൾ വിട്ട് വന്ന് ചോറ് തിന്നാനിരുന്ന എനിക്ക് മുമ്പിൽ സാറത്തയുണ്ടാക്കിയ ബീഫ് കറിയിരുന്നു.

അന്ന് വരെ നുകരാത്തൊരു ഗന്ധം.. ഞാനതിലേക്ക് വീണ്ടും നോക്കി. വീട്ടിൽ ഇതുവരെ കാണാത്തൊരു പാത്രത്തിലായതിനാൽ വരത്തനാണ് എന്നതുറപ്പാണ്. ഗന്ധത്തോടൊപ്പം നിറവും സമർപ്പിച്ച മല്ലിയിലകൾ ചുവന്ന എണ്ണയിൽ ഇരുണ്ട ചിത്രം വരച്ചു കിടന്നു. ഇരുതലയും മുറിഞ്ഞ റേഷനരിയുടെ ചോറിലേക്ക് ബീഫ് കറിയൊഴിച്ചു. വിരലുകളമർന്നപ്പോൾ വെന്ത ഇറച്ചി കഷ്ണങ്ങളിൽ ഇതളുകൾ വിരിഞ്ഞു.

‘‘ഉമ്മാ, കുറച്ചും കൂടി ചോറ്..’’

കുടലു നിറഞ്ഞിട്ടും മനസ്സ് നിറയാതെ വന്നപ്പോൾ ഉമ്മയെ വിളിച്ചു.

‘‘തൗഫിയും സിനിയുമൊന്നും കഴിച്ചിട്ടില്ല.. ഇറച്ചിക്കറി കൊറച്ച് അവർക്കും വെച്ചോട്ടാ..’’

‘‘ആം..’’

മനസ്സില്ലാ മനസ്സോടെ ചില കഷ്ണങ്ങളെ കറിപാത്രത്തിൽ ഉപേക്ഷിച്ച് കറിമാത്രമൊഴിച്ചു. പാത്രത്തിൽ വീണ്ടും വിരലുകൾ ചലിച്ചു. വറ്റുകളെല്ലാം പോയിക്കഴിഞ്ഞപ്പോൾ പാത്രത്തിലവശേഷിച്ച കറിയുടെ അവസാന നനവിനെയും വിരലുകളാൽ വടിച്ചെടുത്തു.

അലക്കുകല്ലിൽ പറ്റിപ്പിടിച്ച ചേരൻ ബാർ സോപ്പിൽ ഉരസി കൈ കഴുകിയിട്ടും കറിയുടെ മണം പോകാൻ മടിച്ചു നിന്നു.

‘‘ഇങ്ങൾക്കും ഇടക്ക്  ഇതുപോലെ ഉണ്ടാക്കിക്കൂടെ ഉമ്മാ.. മല്ലിയിലയൊക്കെ ഇട്ട്..’’

കയ്യിലെ നനവ് ഉമ്മയുടെ സാരിത്തുമ്പിൽ തുടച്ചു കൊണ്ട് ഞാൻ ചോദിച്ചു.

‘‘വെള്ളിയാഴ്‌ച്ച ആവട്ടെ ട്ടാ.. ഉമ്മർക്കാടെ അവിടുന്ന് അരക്കിലോ ഇറച്ചി വാങ്ങി വരുമ്പോൾ ചെറിയേട്ടന്റെ കടേൽന്ന് അമ്പയ്സക്ക് മല്ലിയെലയും വേടിച്ചോ..’’

വയനാട്ടിൽ നിന്നും മാറഞ്ചേരിയിലെത്തി അയൽവാസിയായ സെയ്താലിക്കയുടെ പറമ്പിൽ കുടിൽകെട്ടി താമസിച്ചിരുന്ന സാറാത്തയുടെ ബീഫ് കറിയുടെ ഗന്ധം ഞങ്ങളുടെ അടുപ്പിലിരുന്നും ആവി പറത്തി.

ഭർത്താവായ ഹുസൈൻക്കയുടെ തൊഴിൽ ആവശ്യാർത്ഥം മറ്റൊരിടം തേടി സാറാത്ത യാത്രയായി. അന്ന് കട്ടിയുള്ള ആഹാരം കഴിക്കാൻ മാത്രമുള്ള  പ്രായമെത്താതിരുന്ന കുഞ്ഞനിയൻ റാഷി കാറ്ററിങ് മേഖലയിലേക്ക് തിരിഞ്ഞു. യൂട്യൂബും റ്റിക്റ്റോക്കും ഫേസ്ബുക്കും വാട്ട്സാപ്പുമൊക്കെ പലപല രുചികൾ പരിചയപ്പെടുത്തി. നിറം മാറിയും ആകൃതി മാറിമറിഞ്ഞും അവയെല്ലാം അവ തീന്മേശയിൽ നിറഞ്ഞു. രുചിച്ചറിയാത്തതിനാൽ പേരുകൊണ്ടവ ഐക്യം പുലർത്തി.

സൈതാലിക്ക കാലത്തിനൊപ്പം യാത്രയായി. അവരുടെ മക്കൾ പലയിടത്തേക്ക് പറിച്ചുനടപ്പെട്ടു. ഭൂമിക്ക് പുതിയ അവകാശികളെത്തി. ഒറ്റവരിക്കല്ല് പാകിയ അതിരിന്റെ സ്ഥാനത്ത് വലിയ മതിലുയർന്നു. എങ്കിലും മതിലുയരാത്ത അയല്പക്കത്തെ സൈറത്തയുടെ വീട്ടിലെ വാഴ കുലച്ച് വിളവെടുത്താൽ ഉണ്ണിത്തണ്ടും ഫാത്തിമത്താടെ വീട്ടിലെ പ്ലാവ് കായ്ച്ചാൽ ചക്കയും നാലുവീടുകൾക്ക് അപ്പുറമെങ്കിലും ഉമ്മുത്താടെ വീട്ടിലെ മുരിങ്ങക്കായയും വന്ന്  ഞങ്ങളുടെ അടുക്കളയിൽ പല വിഭവങ്ങളായി രൂപാന്തരപ്പെടാറുണ്ട്.

അടുക്കളയിൽ നിന്നുയർന്ന പുകയും മണവും നോക്കി വിശപ്പും ആവശ്യവും മനസ്സിലാക്കി, ഹൃദയം കൊണ്ട് പരസ്പരം  കൈമാറിയിരുന്ന രുചികളും വിളകളും ശമിപ്പിക്കുന്നത് കുടലിന്റെ നിലവിളികൾ മാത്രമല്ല, സാമൂഹ്യ ബന്ധങ്ങളുടെ തേങ്ങലുകൾ കൂടിയാണ്. സ്നേഹമരച്ച് വേവിച്ച്  പാകമാക്കിയതും  കരുതൽ നനച്ച് വളർത്തിയെടുത്തതും ചുറ്റുമുള്ളവർക്ക്  പങ്കുവെക്കാൻ ഹൃദയത്തിൽ മതിൽ കേട്ടതിരിക്കാം. രുചികൾക്കൊപ്പം സ്നേഹവും മനസ്സ് നിറയ്ക്കട്ടെ.

English Summary: Writers Blog - Memoir written by Rafees Marancher

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;