ADVERTISEMENT

ഇൻയോമ്പ പക്ഷികൾ പാടുമ്പോൾ (കഥ)

നേരം നന്നായി വെളുത്തിട്ടും ബെഞ്ചമിൻ മുഗാബോ ഉറക്കച്ചടവാർന്ന കണ്ണുകളോടെ, അലസനായി കട്ടിലിൽ തന്നെ കിടന്നതേയുള്ളു. തുറന്നു കിടന്ന ജാലകത്തിലൂടെ, എങ്ങുനിന്നോ ഒഴുകിയെത്തിയ ഇൻയോമ്പ¹ പക്ഷികളുടെ, മനോഹരമായ പാട്ടിനും ചെവിയോർത്ത് അയാൾ, മുകിലുകൾ ഇനിയും വിരുന്നെത്തിയിട്ടില്ലാത്ത ആകാശവും നോക്കി അവിടെത്തന്നെ കിടന്നു. തുരുമ്പെടുത്ത ജനൽക്കമ്പികൾക്കിടയിലൂടെ ആകാശം ദീർഘചതുരക്കഷണങ്ങളായി മുറിച്ചെടുത്ത വെള്ളക്കടലാസുപോലെ തോന്നിച്ചു. അകലെ ആരോ വരച്ചുവച്ച എണ്ണഛായാചിത്രം കണക്കെ വിരുങ്ക മലനിരകൾ. 

 

ഞായറാഴ്ചയായതുകൊണ്ട് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. പള്ളിയിൽ പോകുന്ന ശീലം പണ്ടേയില്ല. തന്നെയുമല്ല, ഞായറാഴ്ചകളിൽ വൈകിയെഴുന്നേൽക്കുന്നത് അയാൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു. 

 

കുട്ടികൾ എഴുന്നേറ്റുകഴിഞ്ഞെന്ന് തോന്നുന്നു, ബെഞ്ചമിൻ ഓർത്തു, പുറത്തു ബഹളം കേൾക്കാനുണ്ട്‌. കാരൾ അടുക്കളയിൽ കയറിക്കാണണം. പാത്രങ്ങളുടെ തട്ടും മുട്ടും കേൾക്കാം. ഉച്ചഭക്ഷണത്തിന് ബുഗാലി² ഉണ്ടാക്കാമെന്ന് ഇന്നലെത്തന്നെ അവൾ സമ്മതിച്ചിട്ടുണ്ട്. അതിന്റെ തയാറെടുപ്പായിരിക്കും. തന്റെ സംഗീത ബാൻഡിലെ ഏതാനും സുഹൃത്തുക്കൾ ഉച്ചഭക്ഷണത്തിന് എത്തിച്ചേരാമെന്ന് പറഞ്ഞിട്ടുള്ളതുകൊണ്ട് കുറച്ച് ഉബുക്കിയും³ സംഘടിപ്പിച്ചിട്ടുണ്ട്. 

 

കുറച്ചിടെയായി സംഗീതബാൻഡ്‌ സജീവമല്ലാത്തതിനാൽ കൂട്ടുകാരെ കാണുന്നത് കുറേനാളുകൂടിയാണ്. ബെഞ്ചമിൻ അതുകൊണ്ടുതന്നെ അതീവ സന്തോഷവാനായിരുന്നു. 

 

കോംഗോയിലെ കടുത്ത വറുതിയിൽ ജനിച്ച ബെഞ്ചമിൻ, അവിടുത്തെ കാടുകളിലെ സ്വകാര്യ ഖനികളിൽ കുറേകാലം പണിയെടുത്തിരുന്നു. ഖനികളെന്നു പറഞ്ഞാൽ, ചെറിയ ഇടുങ്ങിയ, മാളങ്ങൾ. ഭൂഗർഭത്തിലേക്ക് തുറക്കുന്ന, അനന്തമായി നീളുന്ന അവയിലൂടെ തണുപ്പും, ഈർപ്പവും, ചെളിയും വഴുക്കലുമെല്ലാം സഹിച്ച് ഒരു പെരുച്ചാഴിയെപ്പോലെ നൂണ്ടുചെന്ന് അയാൾ പകലും രാവും എന്തെന്നറിയാതെ പണിയെടുത്തു. എന്നിട്ടും ജീവിതത്തിന്റെ ബാക്കിപത്രമായി അവശേഷിച്ച, ഒരിക്കലും തീരില്ലെന്ന് തോന്നിച്ച പട്ടിണിയാണ് അയാളെ റുവാണ്ടയിലേക്ക് പോകാൻ പ്രേരിപ്പിച്ചത്. എണ്ണത്തിൽ ഭൂരിപക്ഷമുള്ള ഹുട്ടു ഗോത്രക്കാരും, ന്യുനപക്ഷമായിരുന്നെങ്കിലും താരതമ്യേന ഉയർന്ന വിഭാഗക്കാരെന്ന് പരിഗണിക്കപ്പെട്ടവരുമായ ടുട്സി ഗോത്രക്കാരും തമ്മിലുള്ള വംശീയ കലാപങ്ങൾ തുടർക്കഥയായ റുവാണ്ട പ്രതീക്ഷകളുടെ സ്വർഗമായതുകൊണ്ടൊന്നുമല്ല അയാൾ അങ്ങോട്ടു പോകാമെന്ന് വച്ചത്. മറിച്ച്, തന്റെ നിലവിലെ ജീവിത പ്രാരാബ്ധങ്ങൾക്ക് എന്തെങ്കിലും ഒരു മാറ്റമുണ്ടാകുമോ എന്നറിയാനുള്ള ഒരു കേവല പരീക്ഷണം, അത്ര മാത്രം.

 

കിഗാലിയിലെ ഒരു ഹോട്ടലിലാണ് അയാൾ ആദ്യകാലങ്ങളിൽ ജോലിചെയ്തത്. പിന്നീട് അതേ ഹോട്ടലിലെ തന്നെ നിശാക്ളബ്ബിലെ സംഗീത ബാൻഡിലെ അംഗങ്ങളുമായി സ്ഥാപിച്ച സൗഹൃദം അയാൾക്ക് ഗിറ്റാർ വായിക്കുവാനുള്ള പരിശീലനം നേടുന്നതിൽ സഹായകമായി. അധികം വൈകാതെ തന്നെ അയാൾ ഒരു ഗിറ്റാറിസ്റ്റായി പേരെടുക്കുകയും ആ സംഗീത ബാൻഡിലെതന്നെ അംഗമായിത്തീരുകയും ചെയ്തു. അങ്ങിനെ ഏതാനും വർഷങ്ങൾ കടന്നുപോയി. തന്നിലൊരു കലാകാരനുണ്ട് എന്ന ഉന്മാദകരമായ തിരിച്ചറിവ് അയാളുടെ ജീവിതത്തിന്റെ യൗവ്വന തീക്ഷ്‌ണതകൾക്ക് ഒരു പുത്തൻ ഉണർവ്വ് നൽകി. ഒപ്പം തന്റെ കലാസപര്യയുടെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയിറങ്ങാനുള്ള ഉൽക്കടമായ ആത്മവിശ്വാസവും. വൈകാതെ അയാളും ഏതാനും കോംഗോക്കാരായ സുഹൃത്തുക്കളും ചേർന്ന് ഒരു സംഗീത ബാൻഡ് രൂപീകരിച്ചു. തെരുവുകളിലും വിവാഹ വേദികളിലും ചുരുക്കം ചിലപ്പോൾ ഇടത്തരം ഹോട്ടലുകളിൽ അരങ്ങേറിയിരുന്ന നിശാപാർട്ടികളിലും അവരുടെ ബാൻഡിന് അവസരങ്ങൾ ലഭിച്ചു. ജീവിതം ചെറിയ ചെറിയ അല്ലലോടെയാണെങ്കിലും സംഗീതസാന്ദ്രമായി കടന്നുപോയ്ക്കൊണ്ടിരുന്ന കാലം.  

 

അങ്ങനെയിരിക്കെയാണ് ഒരുനാൾ, കൃത്യമായി പറഞ്ഞാൽ ഒരു ഡിസംബർ മാസത്തിലെ തണുത്ത സായാഹ്നത്തിലാണ് അയാൾ അവളെ, കാരളിനെ കണ്ടുമുട്ടുന്നത്. അതൊരു ശനിയാഴ്ചയായിരുന്നു. കിബുയേയിലെ വില്ലിങ്ടൺ ഹോട്ടലിലെ സംഗീത പരിപാടിയ്ക്കൊടുവിലായിരുന്നു കാരൾ അയാളുടെ കാതിൽ ഒരു നിമന്ത്രണം പോലെ, തന്റെ പ്രണയം അന്നാദ്യമായി അയാളോട് പറഞ്ഞത്. അയാൾ പക്ഷേ, അതിന് വലിയ പ്രാധാന്യമൊന്നും അപ്പോൾ കൊടുത്തില്ല. അവൾ ഒരുപക്ഷേ, ഒരു കളിയായി പറഞ്ഞതാണെങ്കിലോ? പക്ഷേ, ഗിറ്റാറിന്റെ തന്ത്രികളിൽനിന്ന് ഉതിർന്നു വീണ സ്നേഹതരംഗങ്ങൾ പിന്നീടെപ്പോഴോ തങ്ങളുടെ സിരകളിലൂടെ പ്രണയത്തിന്റെ ലഹരിയായി പടർന്നുകയറിയത് അവർപോലുമറിയാതെയാണ്. അതൊരു വസന്തകാലത്തിന്റെ ആരംഭത്തിലായിരുന്നു. അടുത്ത വസന്തം അവർക്ക് സമ്മാനിച്ചത് രണ്ടു ആൺമക്കളെയാണ്, ഇരട്ടക്കുട്ടികൾ! അതിനടുത്ത വസന്തത്തിൽ മൂന്നാമതൊരു  പെൺകുഞ്ഞും പിറന്നു. വസന്തത്തിൽ പിറന്ന ആ കണ്മണികൾക്ക് അവർ പേരിട്ടതിങ്ങനെ - മുഗാബോ, നാഗോഗ, കെസ. 

ടുട്സി ഗോത്രക്കാരിയായിരുന്ന കാരളിന്റെ നാട്ടുഭാഷയിൽ വളരെ സന്തുഷ്ടമായ ഒരു ‘ഉമുർയാങ്കോ’⁴ വായിരുന്നു അവരുടേത്. 

 

2

 

“എന്താ നേരമിത്രയായിട്ടും എഴുന്നേൽക്കുന്നില്ല എന്നുണ്ടോ?”

 

കാരളാണ്. കൈയ്യിൽ ഒരു കപ്പ് കാപ്പിയും കൊണ്ടാണ് നിൽപ്പ്. ചുണ്ടിൽ തങ്ങൾ പ്രണയപരവശരായിരുന്ന നാളുകളിലെ അതേ പുഞ്ചിരി.  

 

അയാൾ മൂരിനിവർത്തി കട്ടിലിൽ ചാരിയിരുന്നു. ഉറക്കച്ചടവ്‌ വിട്ടുമാറിയിട്ടില്ലെങ്കിലും, തിളക്കമുള്ള കണ്ണുകൾ കൊണ്ട് അവളെ അയാൾ തനിക്കരികിൽ പിടിച്ചിരുത്തി.

 

“കാരൾ, പ്രിയപ്പെട്ടവളെ, നീ വന്നു വിളിക്കാതെ എന്റെ പുലരികൾക്ക് തെളിച്ചം വയ്ക്കാറുണ്ടോ?

 

‘‘മതി മതി കൊഞ്ചൽ. എഴുന്നേറ്റു വന്ന് എന്നെ അടുക്കളയിൽ സഹായിക്ക്’’

 

‘‘കുട്ടികൾ എഴുന്നേറ്റുവോ?’’ കാപ്പി ഒറ്റവലിക്ക് കുടിച്ചു കപ്പ് കാരളിനു നീട്ടുന്നതിനിടെ അയാൾ ചോദിച്ചു.

 

‘‘അവരെല്ലാം എപ്പോഴേ എഴുന്നേറ്റു. കാപ്പികുടിയും കഴിഞ്ഞ് ദാ, കളികൾ തുടങ്ങിക്കഴിഞ്ഞു.’’

 

‘‘ശരി, ശരി. ഞാനിതാ വന്നു കഴിഞ്ഞു.’’

 

ബെഞ്ചമിൻ മുറ്റത്തേക്കിറങ്ങി. വെയിൽ നന്നായി പരന്നു കഴിഞ്ഞിരിക്കുന്നു. വിരുങ്കാ മലകളുടെ ജഠരാഗ്‌നി തണുപ്പിക്കാനെന്നവണ്ണം ഒരു കൂട്ടം മേഘങ്ങൾ അതിനുമുകളിലായി കൂടി നിൽക്കുന്നുണ്ട്. ദൂരെ എവിടെയോ ഒറ്റയ്ക്ക് ഇരുന്ന് ഒരു ഇൻയോമ്പ പക്ഷി പാടുന്നുണ്ട്. മുറ്റത്തിന്റെ അതിരിലുള്ള വലിയ കിഴവൻ യൂക്കാലിമരത്തെ തഴുകിവരുന്ന കാറ്റിന് നല്ല സുഗന്ധം! അയാൾ പല്ലുതേപ്പ് കഴിഞ്ഞു നേരെ അടുക്കളയിലേക്ക് കയറി. കാരൾ കുറച്ചു മധുരക്കിഴങ്ങ് പുഴുങ്ങി വച്ചിട്ടുണ്ട്. പ്രാതൽ അവർ ഒരുമിച്ചിരുന്ന് കഴിച്ചു. കുട്ടികൾ മൂന്നുപേരും അധികം ദൂരത്തല്ലാതെ ചോളപ്പാടത്ത് കളിക്കുകയാണ്.  

 

കാരൾ തന്റെ കുടുംബവകയായുള്ള കൃഷിഭൂമിയിൽ ചോളവും അരിച്ചോളവും കൃഷി ചെയ്തിരുന്നു. അതിനും പുറമെ ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും. സംഗീത പരിപാടികൾ ഇല്ലാത്തപ്പോൾ ബെഞ്ചമിൻ ഗ്രാമത്തിൽനിന്ന് അധികം ദൂരെയല്ലാത്ത ഒരു സോപ്പ് നിർമ്മാണ കമ്പനിയിൽ ജോലിക്ക് പോകാറുണ്ട്. ചിലപ്പോൾ കാരളിനെ കൃഷിയിൽ സഹായിക്കുകയും ചെയ്യും. ഈയിടെയായി അയാൾ കൂടുതലും വീട്ടിൽത്തന്നെയാണ്. സംഗീത പരിപാടികൾ ലഭിക്കുന്നത് വിരളം. കാരണം, നഗരങ്ങളും ഗ്രാമങ്ങളും അശാന്തമാണ്‌. കുറച്ചു നാളുകളായി ഇല്ലാതിരുന്ന വംശീയ കലാപങ്ങളുടെ അഗ്നിസ്ഫുലിംഗങ്ങൾ അങ്ങിങ്ങായി പടരാൻ തുടങ്ങിയതായി കേൾക്കുന്നുണ്ട്. അക്രമങ്ങളുടേയും അരുംകൊലകളുടെയും വാർത്തകൾ ഇടയ്ക്കിടെ കേൾക്കാം. എന്താണ് ശരിക്കും നടക്കുന്നതെന്ന്  അറിയാൻ യാതൊരു നിർവ്വാഹവുമില്ല. പ്രധാനമായും ടുട്സി ഗോത്രക്കാരെയാണ് മറുവിഭാഗമായ ഹുട്ടു ലക്ഷ്യമിടുന്നത്. 

 

വാർത്തകളറിയാൻ തൽക്കാലം മാർഗ്ഗമൊന്നുമില്ല. വല്ലപ്പോഴും കിട്ടുന്നതാകട്ടെ,  കിഗാലിയിൽനിന്നിറങ്ങുന്ന കങ്കുറ ദ്വൈമാസിക മാത്രമാണ്. അതാണെങ്കിൽ തനി ചവറും! അതിനെ ടുട്സികൾക്കെതിരെയുള്ള പ്രചാരണായുധമായി ഉപയോഗിക്കുകയാണ്. ഗോത്രങ്ങൾക്കിടയിൽ പക വളർത്താൻ മാത്രം സഹായിക്കുന്ന കാര്യങ്ങളാണ് അവർ എഴുതിവിടുന്നതത്രയും. പ്രസിഡന്റിന്റെ പാർട്ടിക്കാരുടെ പിന്തുണയുള്ള അവർ ഗോത്രങ്ങൾക്കിടയിൽ വലിയതോതിലുള്ള ആശയക്കുഴപ്പം ഉണ്ടാക്കിയെടുക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലായി ടുട്സികൾക്കെതിരായി ‘പത്തു പ്രമാണങ്ങൾ’ പ്രസിദ്ധീകരിച്ചിട്ടുണ്ട്, കങ്കുറ. ആ നഗെസിയാണ്⁵ എല്ലാത്തിന്റെയും പിന്നിൽ. അയാൾക്ക് എന്തിന്റെ കുഴപ്പമാണ്? കൊടിയ വിഷമാണ് അയാളിൽ നിന്ന് വമിക്കുന്നത്. വംശീയ വിദ്വേഷം വളർത്തുവാൻ മാത്രമാണ് അയാൾ പേനയെടുക്കുന്നത് എന്ന് തോന്നുന്നു. ഏതായാലും കലാപം കൂടുതൽ സ്ഥലങ്ങളിലേക്ക് പടരാൻ സാധ്യതയുണ്ടെന്നാണ് പറഞ്ഞു കേൾക്കുന്നത്. കരുതിയിരിക്കുക എന്ന നിർദ്ദേശം ഗോത്രത്തലവന്മാരും നൽകിക്കഴിഞ്ഞു. ഏതായാലും കുറെ നാളുകൾക്കു ശേഷം ഇന്ന് കൂട്ടുകാരെ കാണാമല്ലോ? അവരിൽനിന്ന് ഒരുപക്ഷേ, ഇപ്പോഴത്തെ സംഭവവികാസങ്ങൾ അറിയാൻ കഴിഞ്ഞേക്കും.

 

ബെഞ്ചമിൻ ഇങ്ങനെ ഓരോന്ന് ചിന്തിച്ചുകൊണ്ടിരുന്നു. 

 

ഇൻയോമ്പ പക്ഷിയുടെ പാട്ട് അവസാനിച്ചിരുന്നു. ചോളക്കതിരിന്റെ മണമുള്ള ഒരു വരണ്ട വയൽകാറ്റ് അയാളെ മുട്ടിയുരുമ്മി കടന്നുപോയി. ചോളച്ചെടികളുടെ തണൽവഴികളിലൂടെ മുഗാബോയേയും നഗോഗയേയും തിരഞ്ഞു നടക്കുകയാണ് കൊച്ചു കെസ. ഒളിച്ചുകളിക്കുകയാണെന്ന് തോന്നുന്നു.  

 

‘‘എന്താ കുട്ടികളുടെ കൂടെ ഒളിച്ചുകളിക്കാൻ തോന്നുന്നുണ്ടോ?’’ കാരളാണ്. കൈയ്യിൽ ഒരു പാത്രത്തിൽ ആട്ടിറച്ചി.

 

‘‘തീർച്ചയായും. നമുക്കും അവരുടെ കൂടെ കുറച്ചു നേരം കളിച്ചാലോ?’’

 

‘‘അയ്യട, ഒളിച്ചുകളിക്കാൻ കണ്ട സമയം’’

 

കൊച്ചു കെസ ദാത്തയെയും മാമയേയും കണ്ടപാടെ ചേട്ടന്മാരെ തിരയുന്നത് നിർത്തി ഓടിവന്നു. മുഗാബോയും നഗോഗായും ഇപ്പോഴും ചോളച്ചെടികൾക്കിടയിൽ, കെസ തങ്ങളെ കണ്ടുപിടിക്കാൻ പോകുന്നില്ല എന്നും വിചാരിച്ച് ഗമയിൽ ഒളിച്ചിരിക്കുകയാണ്. തിരച്ചിൽ നിർത്തി കെസ വീട്ടിലെത്തിയകാര്യം പാവങ്ങൾ അറിയുമ്പോഴുണ്ട് ഒരു ബഹളം. ബെഞ്ചമിന് രസം തോന്നി. കുട്ടികളുടെ ഓരോ കാര്യങ്ങൾ. അയാൾ മകളെ നെഞ്ചോട് ചേർത്തു നെറ്റിയിൽ ഉമ്മ കൊടുത്തു.

 

‘‘ബെഞ്ചമിൻ, നിങ്ങളീ ആട്ടിറച്ചിയൊന്ന് വൃത്തിയാക്കി തരൂ” പാത്രം ബെഞ്ചമിന് നീട്ടിക്കൊണ്ടു കാരൾ പറഞ്ഞു.

 

കെസ അമ്മയുടെ പിറകെ അടുക്കളയിലേക്ക് നടന്നു, ബെഞ്ചമിൻ ആട്ടിറച്ചിയുമായി തൊടിയിലേക്കും.

 

3

 

സമയം ഉച്ചയോടടുക്കുന്നു. കുട്ടികൾ മൂന്നുപേരും ബെഞ്ചമിന്റെ കൂടെ കളികളിൽ ഏർപ്പെട്ടിരിക്കുന്നു. കാരൾ അടുക്കളയിൽ തിരക്കിലാണ്.  

 

‘‘ദാത്ത, ദാത്ത ഗിറ്റാർ വായിക്കുന്നത് ഞങ്ങൾക്ക് കേൾക്കണം” മുഗാബോയാണ്.  

 

‘‘അതെ, അതെ” ഒപ്പം മറ്റുള്ളവരും ഏറ്റുപിടിച്ചു.

 

“ഇപ്പളോ?’’

 

“അതെ, ഇപ്പോൾത്തന്നെ. ദാത്ത  ഈയ്യിടെയായി ഗിറ്റാർ വായിക്കാറേയില്ല”

 

‘‘ഓകെ, എങ്കിൽപ്പിന്നെ വായിച്ചേക്കാം.’’ ബെഞ്ചമിൻ അകത്തെ മുറിയിൽനിന്ന് ഗിറ്റാർ എടുത്തുകൊണ്ടുവന്നു ട്യൂൺ ചെയ്യാൻ തുടങ്ങി.

 

‘‘മക്കളെ, ഏതു പാട്ടാണ് ഞാൻ വായിക്കേണ്ടത്? നിങ്ങൾ തന്നെ പറ’’

 

‘‘ദാത്തയ്ക്കിഷ്ടമുള്ള പാട്ടു വായിക്കൂ’’

 

‘‘ശരി, അങ്ങനെയാകട്ടെ’’

 

അയാളുടെ വിരലുകൾ പതിയെ, വളരെ പതിയെ, ഗിറ്റാറിന്റെ തന്ത്രികളിൽ പ്രകമ്പനങ്ങൾ തീർത്തുകൊണ്ടിരുന്നു. മനോഹരമായ ഒരു ഈണം പതിയെ അതിൽനിന്ന് ഉതിർന്നു വീഴാൻ തുടങ്ങി. പ്രണയാർദ്രമായ ഓർമ്മകളുടെ വഴിത്താരയിലൂടെ, പ്രണയസാഫല്യത്തിന്റെ വസന്തം പൊട്ടിവിടർന്ന പുഷ്പിതവൃക്ഷങ്ങളുടെ തരളിത ദലമർമ്മരങ്ങളായി ആ ഈണം അവിടെ പരന്നൊഴുകി. 

 

ആ ഈണത്തിനു പക്ഷേ, ഓർമ്മകളുടെ സുഗന്ധവും പ്രണയത്തിൻറെ താരള്യമുണ്ടായിരുന്നു. അതെ, പ്രണയം പറഞ്ഞ് കാരൾ അയാളുടെ ഹൃദയം കവർന്നെടുത്തത് ഇതേ ഈണത്തിൻറെ ലാവണ്യത്തിലായിരുന്നു. 

 

4

 

 

മുറ്റത്ത് കാൽപ്പെരുമാറ്റം. അവർ എത്തിയല്ലോ എന്ന് മനസ്സിലോർത്താണ് ബെഞ്ചമിൻ വാതിൽ തുറന്നത്. പക്ഷേ അതവരല്ലായിരുന്നു. അപരിചിതരായ നാലുപേർ. കൈയ്യിൽ തോക്കുകളും വാളുകളും. ഹുട്ടു പോരാളികളാണവരെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടൊന്നും വേണ്ടിവന്നില്ല. മനസ്സിൽ ഭയം ഒരു കൊള്ളിയാൻ പോലെ മിന്നി. അത് അയാളുടെ പെരുവിരലിൽനിന്ന് പതിയെ ശരീരത്തിലാകമാനം പടർന്നുകയറാൻ തുടങ്ങി. ശരീരമാകെ വ്യാപിക്കുന്ന  ഒരുതരം വിറയൽ. ദൈവമേ തന്റെ മക്കൾ. കാരൾ. ഒരു നിമിഷം വേപഥുവോടെ അയാൾ ഓർത്തു. 

 

“ഞങ്ങൾ ഒരു പാമ്പിനെ തിരഞ്ഞു വന്നതാണ്” തീരെ മയമില്ലാത്ത സ്വരത്തിൽ, കണ്ണുകളിൽ ക്രൗര്യം ചിറകെട്ടിയ, ചീർത്ത കവിളുകളുള്ള ഒരാൾ, അവരുടെ നേതാവായിരിക്കണം, പറഞ്ഞു. 

 

‘‘പാമ്പിനെയോ?’’ ബെഞ്ചമിന് ഒന്നും മനസ്സിലായില്ല. ‘‘ഏത് പാമ്പ്?...’’

 

“നിനക്കൊന്നും അറിയില്ല, അല്ലേ?’’

 

“ഇല്ല എനിക്കൊന്നുമറിയില്ല”

 

“നിനക്കെല്ലാം മനസ്സിലാക്കിത്തരുന്നുണ്ട്” അയാളുടെ മുഖം കൂടുതൽ ക്രൂരമായി. ഇടുങ്ങിയതും കലങ്ങിയതുമായ അയാളുടെ കണ്ണുകളിൽ അന്നേരം, ഇരതേടുന്ന വേട്ടക്കാരന്റെ കാർക്കശ്യം ബെഞ്ചമിൻ കണ്ടു.

  

അപ്പോഴാണ് പുറത്തെ സംസാരം കേട്ട് കാരൾ, ബെഞ്ചമിന്റെ കൂട്ടുകാർ വന്നിരിക്കുമെന്നോർത്ത് അടുക്കളയിൽനിന്ന് പുറത്തേയ്ക്ക് വന്നത്.  

 

‘‘ഹ ഹ, പാമ്പ് ഇവിടെത്തന്നെയുണ്ടല്ലോ?’’ കൂട്ടത്തിലൊരുവൻ അലറിവിളിച്ചു.

 

‘‘കണ്ടോടാ നീ? ഇതാണ് ഞങ്ങൾ അന്വേഷിച്ച പാമ്പ്.’’ അതും പറഞ്ഞ് അയാൾ മുറ്റത്ത് കാർക്കിച്ചു തുപ്പി. 

 

പിന്നീടെല്ലാം വളരെ പെട്ടന്നായിരുന്നു. ബെഞ്ചമിന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനുമുമ്പ് അവരിലൊരാൾ കാരളിനെ പിടിച്ചുവലിച്ചു മുറ്റത്തേയ്ക്കിട്ടു. ചരൽ നിറഞ്ഞ മുറ്റത്തേയ്ക്ക് നെഞ്ചകം തല്ലി, ഒരു നിലവിളിയോടെ കമിഴ്ന്നുവീണ മാമയെക്കണ്ട് പേടിച്ചരണ്ട കുട്ടികൾ ബെഞ്ചമിനെ വട്ടംചുറ്റിപ്പിടിച്ചു കരയാൻ തുടങ്ങി. അയാൾ ആകെ തളർന്നു പോയിരുന്നു. ഒരേ സമയം അയാൾ നിസ്സഹായനായ ഒരു പിതാവും ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായനായിപ്പോയ ഒരു ഭർത്താവുമായി മാറിയ നിമിഷങ്ങൾ. 

 

അപ്പോഴേക്കും അതിലൊരുത്തൻ തന്റെ വാളെടുത്തിരുന്നു. കാരളിനെ വെട്ടി നുറുക്കി കഷണങ്ങളാക്കുകയായിരുന്നു ലക്‌ഷ്യം. അങ്ങനെയാണ് നേതൃത്വം അവരെ പഠിപ്പിച്ചിരിക്കുന്നത്. ടുട്സി ഗോത്രക്കാരെ ഒറ്റ വെടിക്ക് തീർക്കരുത്. പരമാവധി വേദന നൽകിക്കൊണ്ട്, വെട്ടിമുറിച്ച് കഷണങ്ങളാക്കി, ഒരു മൃഗത്തെപ്പോലെ കൊല്ലുക. ഈരെഴതെറ്റാതെ പാലിക്കപ്പെടുന്ന ഹുട്ടു ഗോത്രപ്പകയുടെ അലിഖിത നിയമമാണത്. 

 

കരയാൻ പോലും ശബ്ദമില്ലാതെ കാരൾ തന്റെ മക്കളെയും ഭർത്താവിനെയും ദയനീയമായി നോക്കി. വീഴ്ചയിൽ ചതഞ്ഞുപോയ ചുണ്ടുകളിൽനിന്നൊഴുകിയിറങ്ങുന്ന രക്തം മണ്ണിൽ ഒരു അവ്യക്തചിത്രം കോറിയിട്ടു. കഴുത്തിൽ തുകൽബൂട്ടുകൊണ്ട് ചവിട്ടിപ്പിടിച്ചിരിക്കുകയാണ് അതിലൊരുവൻ. മരണത്തിന്റെ വേദനാജനകമായ സ്പർശം, വലിഞ്ഞു മുറുകുന്ന ഞരമ്പുകളിൽ ഞണ്ടുകളെപ്പോലെ ഇറുകെപ്പിടിക്കുന്നു. ശരീരമാകെ  പടർന്നുവ്യാപിക്കുന്ന വേദന. 

 

കണ്ണുനീരോടെ അവരുടെ മുൻപിൽ മുട്ടുകുത്തി നിന്നുകൊണ്ട് ബെഞ്ചമിൻ യാചിച്ചു:

 

“ദയവുചെയ്ത് അവളെ വെറുതെ വിടുക. ഞങ്ങൾ ഈ നാടുവിട്ട് മറ്റെവിടേക്കെങ്കിലും പൊയ്ക്കൊള്ളാം.”

 

“വെറുതെ വിടാനോ?  കൊള്ളാം, ഇന്തരഹമിന്റെയും⁶ കാജുഗായുടെയും⁷ കണ്ണുവെട്ടിച്ച് നിങ്ങൾ എവിടെപ്പോകാൻ? ’’

 

അന്നേരം ബെഞ്ചമിൻ തന്നെ തുറിച്ചുനോക്കുന്ന ഭീകരമായ അനിവാര്യതയെ തിരിച്ചറിഞ്ഞു. കൊട്ടിയടയ്ക്കപ്പെട്ട ഹൃദയ കവാടങ്ങളിൽ അയാളുടെ അപേക്ഷകൾ ക്രൂരമായി നിരാകരിക്കപ്പെടുക മാത്രമല്ല, പരിഹസിക്കപ്പെടുകയും ചെയ്തു. 

 

പക്ഷേ,  അയാൾ വീണ്ടും അപേക്ഷിച്ചു:

  

‘‘എങ്കിൽ ദയവുചെയ്ത് അവളെ വെടിവച്ചു കൊല്ലുക. ആ കാരുണ്യമെങ്കിലും അവളോട് കാണിക്കൂ.”

 

‘‘പാമ്പുകളെ വെടിവച്ചു കൊല്ലാറില്ലെന്ന് നിനക്കറിഞ്ഞുകൂടേ?’’ 

 

അവരിലൊരാൾ വികൃതമായി പല്ലിളിച്ചു. ചുവപ്പു പടർന്ന മഞ്ഞ നിറത്തിലുള്ള പലകപ്പല്ലുകൾ. ജീവരക്തം ഊറ്റിക്കുടിക്കുന്നവൻറെ ധാർഷ്ട്യം നിറഞ്ഞ ഊറ്റം കൊള്ളൽ. അന്നേരം വീശിയ വരണ്ട കാറ്റിൽ ഉയർന്നുപാറിയ പൊടിമണ്ണ്, കണ്ണീർ മറച്ച കാഴ്ചകൾക്കുമേൽ മറ്റൊരാവരണം കൂടി തീർത്തു. പതിയെ നടന്നടുക്കുന്ന മരണത്തിന്റെ കാൽപ്പെരുമാറ്റം. സുനിശ്ചിതമായ മരണത്തിനും അനിശ്ചിതമായ ജീവിതത്തിനുമിടയിൽ മൗനം കനത്തുകിടന്ന നിസ്‌ചേതനമായ നിമിഷങ്ങൾ. 

 

‘‘നിൽക്കൂ” ബെഞ്ചമിൻ അകത്തേയ്ക്കോടി. കുറച്ചു പണവുമായി അയാൾ തിരികെയെത്തി.

 

‘‘ഇത് അയ്യായിരം ഫ്രാങ്കുണ്ട്. ഇതുമാത്രമേ എന്റെ കൈയ്യിൽ ഉള്ളൂ. ഇത് സ്വീകരിക്കുക. എന്നിട്ട്...” ബെഞ്ചമിന് മുഴുമിപ്പിക്കാനായില്ല. ഗദ്‌ഗദം അയാളുടെ വാക്കുകളെ തൊണ്ടക്കുഴിയിൽനിന്നുതന്നെ കവർന്നെടുത്തിരുന്നു.  

 

അവരുടെ കണ്ണുകൾ തിളങ്ങി. പണം. അധ്വാനിക്കാതെ കിട്ടുന്ന പണം. സ്വീകരിക്കാൻ എന്തിനു മടിക്കണം? കൂട്ടത്തിലെ നേതാവെന്ന് തോന്നിച്ചയാൾ മുന്നോട്ടു വന്ന് ബെഞ്ചമിന്റെ കൈയിൽനിന്ന് ആ പണം ആർത്തിയോടെ കൈക്കലാക്കി. പിന്നെ തൻറെ അനുയായികളുടെ നേർക്ക് നോക്കി. 

 

അന്നേരം ബെഞ്ചമിൻ മൂന്നു മക്കളെയും തൻറെ നെഞ്ചോട് ചേർത്തു പിടിച്ചു. പിന്നീട് ഇടറിയ കാലുകളോടെ അവരേയും കൂട്ടി വീടിനകത്തേയ്ക്ക് കയറി വാതിലടച്ചു, തിരിഞ്ഞുനോക്കാതെ. 

 

അതേ നിമിഷം, അതേ നിമിഷം തന്നെ അയാൾ കേട്ടു, ഒന്നല്ല, രണ്ടു വെടിയൊച്ചകൾ...  

 

അപ്പോൾ വഹ്നിസന്തപ്തമായ വിരുങ്കാ മലനിരകൾക്കുമേൽ മേഘക്കൂണുകൾ അപ്രത്യക്ഷമായിരുന്നു. അടുക്കളയിൽ, കനൽ കെട്ടുപോയ അടുപ്പിൽ പാതി തയ്യാറായ ബുഗാലി ഉറുമ്പരിക്കുന്നു. അന്നം വിളഞ്ഞ ചോളപ്പാടങ്ങളുടെ അതിരുകൾക്കുമപ്പുറം നിന്ന് കുതറിയടിച്ച വേനൽകാറ്റിൽ അന്നേരമാണയാൾ കേട്ടത്,  ഒരു ഇൻയോമ്പ പക്ഷിയുടെ പാട്ട്! അകന്നകന്നു പോകുന്ന ആ പാട്ടിനു പക്ഷേ, കാതരമായ പ്രണയത്തിന്റെ എഴുതാൻ ബാക്കിയായ വരികളായിരുന്നു!    

 

പദസൂചിക:

 

 

1. ഇൻയോമ്പ- റുവാണ്ടയിലെ ഒരിനം പക്ഷി.  

2. ബുഗാലി- ആഫ്രിക്കയിലെ ഒരു ജനപ്രിയ ഭക്ഷണം

3. ഉബുക്കി- തേൻ പുളിപ്പിച്ചെടുത്ത് ഉണ്ടാക്കുന്ന ഒരു തരം വീര്യം കൂടിയ നാടൻ ബിയർ

4. ഉമുർയാങ്കോ- കുടുംബം എന്നർത്ഥം വരുന്ന കിനിയാർവാണ്ടൻ പദം

5. നഗെസി (Hassan Ngeze) ഹസ്സൻ നഗെസി. കങ്കുറയുടെ പ്രഥമ പത്രാധിപർ. റുവാണ്ടൻ വംശഹത്യക്ക് കളമൊരുക്കിയതിന്റെ പേരിൽ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയുടെ നേതൃത്വത്തിൽ റുവാണ്ടൻ വംശഹത്യ വിചാരണകൾ കൈകാര്യം ചെയ്യാൻ സ്ഥാപ്പിച്ച ട്രിബ്യുണൽ 2003 ൽ 35 വർഷത്തെ തടവിന് ശിക്ഷിച്ചു.

6. ഇന്തരഹംവെ (interahamwe) തൊണ്ണൂറുകളിൽ രൂപീകരിക്കപ്പെട്ട ഹുട്ടു ഗോത്രക്കാരുടെ അർദ്ധ സൈനിക വിഭാഗം. റുവാണ്ടൻ വംശഹത്യക്ക് നേതൃത്വം കൊടുത്തു.

7. കാജുഗ (Robert Kajuga)– റോബർട്ട് കാജുഗ. ഇന്തരഹമിന് നേതൃത്വം കൊടുത്തു.  

 

English Summary: Inyomba Pakshikal Padumbol, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com