ADVERTISEMENT

നൊസ്റ്റാൾജിയ (കഥ)

 

നട്ടുച്ചനേരം ആൽതറയിൽ വന്ന് കിടക്കുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെയാണ്. അതാണ് അവൾ അത്യാവശ്യമായി കാണണം എന്നു പറഞ്ഞപ്പോൾ അവിടെ വരാൻ പറഞ്ഞത്. 

 

ഇവിടെയാകുമ്പോൾ ആരുടേയും ശല്യമുണ്ടാവില്ല. ഇടക്കിടെ വീശുന്ന കാറ്റ്, നെൽകതിരുകളേയും ആലിലകളേയും മാത്രമല്ല, തന്റെ നീണ്ടു വളർന്നു ജടക്ക് സമാന അവസ്ഥയിലുള്ള താടിയിലൂടെയും  മുടിയിലൂടെയും  വിരലോടിച്ച് കൊണ്ട് കടന്നു പോകും. കിട്ടുന്ന അവസരങ്ങളിൽ ഇളംവെയിൽ കൺപോളകളിൽ അമർത്തി ചുംബിക്കും. 

 

അവളെന്തിനാണ് കാണണമെന്ന് പറഞ്ഞത്? എന്താണ് അവൾക്ക് പറയാനുണ്ടാവുക? ഓർക്കുമ്പോൾ, കൃത്യമായി പത്തു വർഷങ്ങൾക്കു മുൻപ് അനുഭവപ്പെട്ട അതേ തരിപ്പ്. ഹൃദയമിടിപ്പ് കുറഞ്ഞ് വന്ന് ശ്വാസമെടുക്കാൻ മറന്ന്, സമയത്തിനും സ്ഥലത്തിനുമിടയിലെ ശൂന്യതയിൽ ലയിച്ച അന്ന്. അവളുടെ മുമ്പിൽ വിറക്കാൻ പോലും മറന്ന് നിന്ന അന്ന്. 

 

‘‘പറയെടോ, തനിക്കെന്തോ പറയാനുണ്ടല്ലോ?’’ 

 

വാക്കുകൾ  തൊണ്ടക്കും തലച്ചോറിനുമിടയിൽ കുരുങ്ങി നിന്നു. എങ്ങനെ പറയും? പോയാൽ വെറുമൊരു വാക്കല്ല, അവൾ ‘നോ’ പറഞ്ഞാൽ തകർന്നു വീഴുന്നതു അതുവരെ പടുത്തുയർത്തിയ പ്രണയ ഗോപുരങ്ങൾ മാത്രമല്ല, നഷ്ടപ്പെടുന്നത് തന്നെ തന്നെയാണ്. വാക്കുകളെ തടഞ്ഞു നിർത്തിയിരിക്കുന്നത് അസ്ഥിത്വം നഷ്ടപ്പെടുമെന്നുള്ള ഭീതിയാണ്. 

 

‘‘ഒന്നും പറയാനില്ലേ?’’

‘‘ഇല്ല’’ മറുപടി പെട്ടെന്നായിരുന്നു. 

അതവളിൽ നടുക്കമുണ്ടാക്കിയെന്ന് തോന്നുന്നു. വേറൊന്നും പറയാതെ അവൾ തിരിഞ്ഞു നടന്നു. 

 

പീന്നീട് വർഷങ്ങളോളം എന്തിനങ്ങനെ പറഞ്ഞുവെന്നോർത്ത് മനസ്സ് നീറി കഴിയേണ്ടി വരുമെന്ന് അവനോർത്ത് കാണില്ല. അല്ലെങ്കിൽ തിരിഞ്ഞു നടക്കുമ്പോൾ വിഷാദം പടർന്ന അവളുടെ മുഖം വേദനയോടെ സ്വപ്നങ്ങളിൽ കടന്നു വരുമായിരുന്നില്ല.

 

ഇപ്പോൾ, വർഷങ്ങൾക്കിപ്പുറം എന്തിനായിരിക്കും അവൾ കാണണമെന്ന് പറഞ്ഞത്? 

 

ഒരു ചുവന്ന ഫോക്സ് വാഗൺ പോളോ ചെമ്മൺ പാതയിലൂടെ പൊടി പറത്തി ആൽത്തറക്കരുകിൽ വന്നു നിന്നു. ഡോർ തുറന്ന് അവൾ വെളിയിലിറങ്ങി. അവളാകെ മാറി പോയിരുന്നു. നീണ്ട് എണ്ണ കാച്ചി മിനുക്കി തുളസ്സിക്കതിർ ചൂടിയിരുന്ന മുടി വെട്ടിചുരിക്കിയിരിക്കുന്നു. കസ്തൂരി മഞ്ഞളിന്റെ നേർത്ത മഞ്ഞപ്പ് മാറി മുഖം കൂടുതൽ വെളുത്ത് തുടുത്തു. അടുത്തെന്നോ പച്ച കുത്തിയ തോൾ കാണുന്ന വിധത്തിൽ ടീ ഷർട്ടും ജീൻസുമാണ് വേഷം. നിറഞ്ഞ ചിരിയോടെ അവൾ അടുത്തു വന്നു. 

‘‘എന്ത് കോലമാടാ ഇത്? കുളിയും നനയുമൊന്നുമില്ലേ’’

അവൾ ആൽതറയിൽ അവന് അരികിലായി ഇരുന്നു. 

‘‘എത്ര വർഷമായല്ലേ, എല്ലാം ഇന്നലെ കഴിഞ്ഞുപോയത് പോലെ... അല്ലേ?’’

അവൻ ഒന്ന് ചിരിച്ചു. 

‘‘നിന്റെ സ്വഭാവത്തിന്നു ഒരു മാറ്റവുമില്ലല്ലോ? എന്ത് ചോദിച്ചാലും മിണ്ടാതെ.. ഊമയെ പോലെ’’

 

അവൾ അവന്റെ മുഖത്തു നോക്കി, അവനും. അവരുടെ കണ്ണുകൾ ഇടഞ്ഞു. ഒന്നുമില്ല... ഒരല്പം പോലും പ്രണയത്തിന്റെ സ്ഫുലിംഗങ്ങളില്ല... ചത്ത കണ്ണുകൾ. ഹൃദയമിടിപ്പിന് പഴയ വേഗതയില്ല. വിറയ്ക്കാത്ത കൈവിരലുകളിലെ രോമങ്ങൾ എഴുന്നേറ്റില്ല... 

 

‘‘നീയെന്താ ഒന്നും മിണ്ടാത്തെ? നിനക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ?’’ 

‘‘എന്ത് പ്രശ്നം? ’’

‘‘ഐ മീൻ... സാമ്പത്തികം? അല്ലേൽ ഡിപ്രഷൻ? എന്തുണ്ടെങ്കിലും തുറന്നു പറയടോ.. പരിഹരിക്കാനാവാത്ത പ്രശ്നങ്ങളില്ല ബ്രോ..’’

‘‘എനിക്കങ്ങിനെ പ്രശ്നമൊന്നുമില്ല. നിനക്കു തോന്നുന്നതാ’’

‘‘ഹാവൂ... ഒരു വാക്കെങ്കിലും ഉരിയാടിയല്ലോ നീ.. സമാധാനമായി മരിച്ചാലും വേണ്ടില്ല ഇനി’’

അവൾ ചിരിച്ചു, അവനും. ഒരു കാറ്റ് അവരെ തഴുകി കടന്നു പോയി. 

 

‘‘എന്ത് രസാലേ ഇവിടെ ഇരിക്കാൻ... ആലും, അമ്പലവും, പാടവും കാറ്റും... നിനക്കീ അസുഖമുണ്ടോ?’’

‘‘എന്ത്?’’ 

‘‘നൊസ്റ്റു’’

 

ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല. അതില്ലാതെ എന്തു ജീവിതം. ചിലർ ആവശ്യമുള്ളപ്പോൾ അത് വന്നെടുക്കുന്നു. മറ്റു ചിലർ തിരിച്ചു വരാനാവാത്ത വിധം അതിലാണ്ടു പോവുന്നു. 

 

‘‘എന്റെ കല്യാണത്തിന് നിന്നെ വിളിക്കാൻ വന്നതാണ് ഞാൻ’’ അവൾ അവന്റെ മുഖം സൂക്ഷ്മതയോടെ നോക്കി. 

‘‘നിനക്ക് വിഷമമൊന്നും തോന്നുന്നില്ലതോന്നുന്നില്ലേ?’’

‘‘എന്തിന്?’’ 

അവളുടെ മങ്ങിയ മുഖത്ത് അലസമായി കാറ്റിൽ പാറിയ മുടിച്ചുരുളുകൾ

‘‘പണ്ട് നിനക്ക് എന്നെ ഇഷ്ടമായിരുന്നില്ലേ?’’

‘‘എനിക്കോ? നെവർ!’’ അവൻ ഉറക്കെ ചിരിച്ചു. ഒന്നു പതറിയെങ്കിലും ആ ചിരിയിൽ അവളും ചേർന്നു. 

‘‘എനിക്ക് തോന്നിയതാവും’’

‘‘അതെ നിനക്ക് തോന്നിയതാവും’’

 

നീ ആഗ്രഹിച്ചു വന്നതെന്തിനെന്ന് എനിക്കറിയാം, അവൾ കേൾക്കാതെ അവൻ മനസ്സിൽ പറഞ്ഞു. എന്റെ വായിൽ നിന്നും നീയത് കേൾക്കില്ല. ഇത്ര നാളും ഹൃദയത്തിൽ നിന്റെ ഓർമ്മകൾ കൊണ്ട് ഞാൻ വരച്ചിട്ട മുറിവുകൾ എനിക്കിനിയും വേണം. മനസ്സ് കാൽപനീകതയിൽ നിന്ന് യാഥാർഥ്യത്തിലേക്ക് ട്രാക്ക് മാറുമ്പോൾ പിടിച്ചു നിൽക്കാൻ നൊസ്റ്റാൾജിയയുടെ വേരുകളില്ലാതെ വയ്യ. അത് കൊണ്ട് നീയെന്ന സത്യത്തെ ഞാൻ മൂടിവെക്കുകയാണ്. എന്റെ സ്വപ്നങ്ങളിൽ തുളസിക്കതിർ ചൂടി, നീണ്ട മുടിയുള്ള ആ പെൺകുട്ടിയെയും കാത്ത് ഞാനിരിക്കും. 

 

അവൾ എഴുന്നേറ്റ് കാറ് തുറന്ന് മനോഹരമായി പൊതിഞ്ഞ ഇൻവിറ്റേഷൻ എടുത്ത് അവന് നീട്ടി. 

‘‘തലേന്ന് തന്നെ വരണം, വരാതിരിക്കരുത്. പഴയ കൂട്ടുകാർ എല്ലാവരും ഉണ്ടാകും. നമ്മുക്ക് ഓർമ്മകളൊക്കെ പുതുക്കി അടിച്ചു പൊളിക്കാം’’ അവൾ കാറിൽ കയറി ഡോറടച്ചു. 

അവന്റെ കണ്ണുകളിൽ നോക്കി അവൾ യാത്ര ചോദിച്ചു. 

 

‘‘നീ വരില്ലേ?’’

 

വെറുതെ തലയാട്ടി. അവൾക്കത് മതിയായിരുന്നു. ചെമ്മൺ പാതയിൽ വീണ്ടും പൊടി പറത്തി ചുവന്ന പോളോ തിരിച്ച് പോയി. അവൻ തിരികെ ആൽത്തറയിൽ വന്നിരുന്ന് കല്യാണ കുറി വായിക്കാതെ സാവധാനം കീറി തുണ്ട് തുണ്ടാക്കി കാറ്റിൽ പറത്തി. 

നിന്നോട് നുണ പറഞ്ഞതിൽ നീയെന്നോട് ക്ഷമിക്കുക. കല്യാണത്തിനെന്നല്ല, ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണില്ല, ഉറപ്പ്. ഞാനെന്റെ ഉള്ളോർമ്മയുടെ കണികകളെ താലോലിച്ച് ഇവിടെയിങ്ങനെ ഒഴുകി പറക്കട്ടെ. 

ഗുഡ് ബൈ... നന്ദി.... 

English Summary: Nostalgia, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com