ജോലിയായില്ലേ, പെണ്ണുകെട്ടാറായില്ലേ? എന്തൊക്കെയാണറിയണ്ടത്, ‘ചപ്ലാച്ചി നാട്ടുകാർ!’

young-man
Representative Image. Photo Credit: Andrei Mayatnik / Shutterstock
SHARE

ഇരുപത്തെട്ടാം വയസ്സ് (കഥ)

യൗവനം തീക്ഷണം, ജീവിതം സുന്ദരം. ജോലിഭാരമോ, എന്തിന്, ജോലി തന്നെയോ ഇല്ല. വയസ്സ് ഇരുപത്തെട്ടായെങ്കിലും, പ്രേമം പോലുള്ള പരിതാപങ്ങളും ഇല്ല. കാരണം, മുൻപേതോ കാഥികൻ പറഞ്ഞപോലെ, സ്‌ത്രീകൾ കഠിന ഹൃദയരാണ്, ഡുക്കുഡുകളാണ്. അല്ലാതെ ചോദിക്കാതെ അല്ല. ചോദിച്ചവർ അടിമുടി നോക്കി ചിരിച്ച് തള്ളിയതുകൊണ്ടും അല്ല.

പിന്നാകെയുള്ള പ്രശ്നം ചപ്ലാച്ചി നാട്ടാരാണ്. എന്തൊക്കെയാണറിയണ്ടത്! 

‘‘ജോലിയായില്ലേ, പെണ്ണുകെട്ടാറായില്ലേ?’’ ബ്ലഡി കൺട്രി ഫെല്ലോസ്!

പ്രശ്നം ഗുരുതരമായത് ഈ അപഗാനം ചേച്ചി വീട്ടിൽ ഏറ്റുപാടിയപ്പോഴാണ്. ഒന്നുരണ്ട് തവണ “ആ… പിന്നാവാം” എന്ന് പറഞ്ഞ് ഒഴിഞ്ഞു.

ആ സമയത്താണ് കഥാ നായിക രംഗപ്രവേശനം ചെയ്യുന്നത്! നായിക എന്ന് പറഞ്ഞാൽ നായികയുടെ പേര്. ഒരു സിമിട്ടൻ പേര്! ചിക്കു!

നായികയുടെ സുന്ദര കോമള നാമത്തിന്റെ രംഗപ്രവേശനം അപഗാനം ഏറ്റുപാടുന്ന ചേച്ചിയുടെ നാവിൽ നിന്നുതന്നെയാണ്. അതുകൊണ്ട് തന്നെ ഞാൻ മൈന്റ് ചെയ്യാതങ്ങ് വിട്ടുകളഞ്ഞുകാണുമെന്ന് സഹൃദയരായ വായനക്കാർ ഊഹിച്ചുകാണുമല്ലോ!

അതുതന്നെയാണ് ചേച്ചിയും വീട്ടാരും കരുതിയത്. ഞാൻ ഇറ്റർനെറ്റ് ദൈവങ്ങളെ മുട്ടിപ്പായി വിളിച്ചു. അവരെന്നെ അവളെ കാണിച്ചുതന്നു, ഹൃദയത്തിൽ പ്രേമത്തിന്റെ വിത്തുപാകി. നായികയുടെ ഇൻസ്റ്റാഗ്രാമിലെ സൗന്ദര്യവും, ഫേസ്‌ബുക്കിലെ കുലീന ഭാഷണവും വാഴ്ത്തി കവിതകളും, കഥകളും ഒന്നിന് പുറകേ ഒന്നായൊഴുകി.

ചേച്ചി വീണ്ടും ചോദിച്ചപ്പോൾ ഗമ വിടാതെ “ആം, നോക്കാം..” എന്ന് മാത്രം പറഞ്ഞു.

ഇനിയെന്ത് നോക്കാൻ! നമുക്ക് മഹതിയെ അങ്ങ് ശ്ശി പിടിച്ചിരിക്കണു! ന്നാലും ഗമ കളയാൻ പാടുമോ! ഒരു രണ്ട് ദിവസം കാത്തിരുന്ന്, അതേ ഗമയിൽ, “ഉം… കുട്ടി കൊള്ളാം.” എന്ന് ചേച്ചിയോടും വീട്ടാരോടും നാട്ടാരോടും ഏറ്റുപറഞ്ഞു.

ചേച്ചിക്ക് സന്തോഷമായി. “ഞാൻ ചോദിച്ച് നോക്കട്ടെ” എന്ന് പറഞ്ഞ് ഫോണെടുത്ത് എങ്ങോട്ടോ ഓടി.

പ്രേമം എന്നും ചപ്ലാച്ചിയാണെന്ന് മുൻപറഞ്ഞ കാഥികൻ പണ്ട് പറഞ്ഞത് നിങ്ങൾക്കും ഓർമകാണുമല്ലോ! പാകിയ വിത്തുകൾ മൊട്ടിട്ട് തുടങ്ങിയപ്പോഴിതാ അപഗാനവുമായി ചേച്ചി വീണ്ടും.

“അതേ… അവളുണ്ടല്ലോ, ചിക്കു – അവൾടെ ഉറപ്പ് മിനിയാന്നാരുന്നുപോലും! കല്യാണം അടുത്താഴ്ചയും!”

ഇതൊന്നും ചോദിക്കാതെയാണോ, ഈ പാഴ്നിലം ഉഴുത് മറിച്ച് ആശയുടെ വിത്ത് പാകിയത്? തനി ഡുക്കുഡുകൾ!

ശാന്ത സുന്ദര ഭുമിയേ, അതിലും കോമള ദൈവമേ, ഇന്റർനെറ്റ് ദൈവങ്ങളേ! നിങ്ങളും ഈ പാതകത്തിന് കൂട്ടുനിന്നെന്ന് ഓർക്കുമ്പോൾ!

ചേച്ചി ഡുക്കുഡു. ചിക്കു ഡുക്കുഡു. ഇന്റർനെറ്റ് ദൈവങ്ങൾ ഡുക്കുഡുകൾ!

(ഇവിടെനിന്നാണ് കാഥികൻ തന്റെ ആവിഷ്കാര സ്വാതന്ത്ര്യം ദുരൂപയോഗപ്പെടുത്താൻ ആഗ്രഹിച്ചത്. ശ്രമിച്ചിട്ടും അവളെ മറക്കാനാവുന്നില്ലെന്ന സത്യം മറയ്ക്കുകയായിരുന്നു ലക്ഷ്യം. അതിനേറ്റവും ഉത്തമം സ്വപ്നലോകമാകുന്നുവല്ലോ!)

പിന്നേത് ആലോചന വന്നാലും, വീട്ടാരും, നാട്ടാരും, എന്തിന്, കൂട്ടാരും ഇതു പറഞ്ഞ് ചിരിക്കും. ഞാനും കൂടും.

“പ്രേമം – ദിവ്യ പ്രേമം – ചപ്ലാച്ചി പ്രേമം – അത് തലക്ക് പിടിച്ച ഞാൻ എല്ലാ ആലോചനക്കും ഓരോ കുറവ് കണ്ടുപിടിച്ച് ഒഴിഞ്ഞു. ഇതിനിടക്ക് ഒരു അടിപൊളി ജോലിയുമായി. ഒരു നാല് കൊല്ലം കഴിഞ്ഞ് തളർന്ന് വീട്ടാരും, നാട്ടാരും കേസ് ക്ളോസ് ചെയ്തു.’’

“എവിടെയായാലും ഭവതീ നീ ശുഭമായിരിക്ക. നീയറിയാതെ, നിന്നെത്തന്നെ അറിയാതെ, നിന്നോടുള്ള പ്രേമത്തിൽ ഞാനെന്റെ ശിഷ്ടകാലം അവസാനിപ്പിക്കുന്നു” – എന്ന് നാടകീയമായി ഭാവിയിൽ പറയുന്നതോർത്ത് കിടക്കുമ്പോഴാണ് ചേച്ചി, “ഡാ… ഇവളെ ഒന്ന് നോക്കിയേ…” എന്ന് പറഞ്ഞ് വന്നത്.

മണ്ണാങ്കട്ട.

നാലു ദിവസം കഴിഞ്ഞെങ്കിലും, യൗവനം ഇപ്പോഴും തീക്ഷണം, ജീവിതം അന്നത്തെപോലെതന്നെ സുന്ദരം… എനിക്കും നാട്ടാർക്കും മറ്റൊരു ജോലിയും ഇപ്പോഴുമില്ല! ഇപ്രാവശ്യം നായികയുടെ അതിസുന്ദര പേര്…

English Summary: Irupathettam Vayassu, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;