ADVERTISEMENT

നമ്മുടെയൊക്കെ അടുക്കളയാണിത്, ദി ഗ്രേറ്റ് അടുക്കള (കുറിപ്പ്)

‘ഡാ ആ പ്ലംബറോട് ഒന്നു വരാൻ പറയണം.. ടാങ്കിൽ വെള്ളം കയറുന്നില്ല‘

 

രാവിലെ പ്രാതലും കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഉമ്മ പറഞ്ഞതാണ്, പക്ഷേ മറന്നു.

 

ഉച്ചക്ക് വീട്ടിൽ വന്നു കയറുമ്പോൾ ഉമ്മയും ഭാര്യയും കൂടി പൈപ്പ് കെട്ടി വലിച്ച് വാൾവ് മാറ്റുന്നതാണ്. 

 

‘ഞാൻ മറന്നു ഉമ്മാ..’

കുറ്റബോധം ഉള്ളിലൊളിപ്പിച്ച് ഞാനും അവരുടെ കൂടെ കൂടാനൊരുങ്ങി.

 

‘സാരല്യ, പ്ലാവിലെ ഇല കിണറ്റിൽ വീണ് വാൾവിൽ കരട് കുടുങ്ങിയതാവും.. അങ്ങട്ട് മാറി നിന്നോ ആ കുപ്പായത്തിലൊന്നും ആവണ്ട..’

the-great-indian-kitchen-movie-poster

 

എന്ന് പറഞ്ഞു കൊണ്ട് ഉമ്മ ഒരു കയ്യാൽ മാക്സിയൊന്ന് കയറ്റി കുത്തി പണിതുടർന്നു.

 

ഇങ്ങനെയെന്തൊക്കെ നമ്മൾ മറന്നിരിക്കുന്നു!‘ശെരിയാക്കാം’ എന്നുപറഞ്ഞു എന്തൊക്കെ നമ്മൾ മറന്നു കൊണ്ടിരിക്കുന്നു!! ‘അതിപ്പോൾ എന്തിനാ’ എന്നു പറഞ്ഞു എന്തൊക്കെ നമ്മൾ അവഗണിച്ചു കൊണ്ടിരിക്കുന്നു.

 

ഒന്നോർത്തു നോക്കിയാൽ, കടമകളും കർത്തവ്യങ്ങളും താരതമ്യപ്പെടുത്തിയാൽ ഉള്ളിൽ കുറ്റബോധത്തിന്റെ കറുത്ത പുക നിറയുന്ന അങ്ങിനെ എത്രയെത്ര അവസരങ്ങൾ കാണാൻ കഴിയും? സമയാ സമയത്തെ ഇടപെടലുകൾ കൊണ്ട് പുകയകറ്റി പുഞ്ചിരി വിരിയിക്കാൻ നമുക്ക് കഴിയുമായിരുന്നില്ലേ? നല്ലൊരു വാക്ക് കൊണ്ട് തളർച്ചയിൽ ശക്തി പകരാനാകുമായിരുന്നില്ലേ?

 

‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ ചിത്രീകരിച്ചിരിക്കുന്നത് നമ്മുടെയൊക്കെ അടുക്കളയിലാണ്. വേഷവും ഭാഷാ ശൈലിയും വിശ്വാസവും ആചാരങ്ങളും വിളമ്പുന്ന വിഭാവങ്ങളും മാത്രമാണ് മാറുന്നത്. അതേ അടുക്കളയിൽ, അതേ മുറ്റത്ത്, അതേ തൊടിയിൽ നമ്മളൊക്കെ സുരാജ് വെഞ്ഞാറമൂടിനും നിമിഷ സജയനും പകരമായി എന്നേ മുഖത്ത് ചായമിട്ട് ജീവിതമാടുന്നവരാണ്.

 

വെള്ളിത്തിരയിലെ നേർക്കാഴ്ചയായ  മഹത്തായ ഇന്ത്യൻ അടുക്കളയിൽ ആക്ഷൻ കട്ട് പറയുന്ന ജിയോ ബേബിക്ക് പകരം സമുദായവും സമൂഹവും ചുറ്റുപാടും തിരുത്താൻ മടിയുള്ള നിലപാടുകളുമാണ് നമ്മുടെ ജീവിതം സംവിധാനം ചെയ്ത് കൊണ്ടിരിക്കുന്നത്.

 

കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ കാലത്ത് പണിത വിശാലമായ ഇടനാഴിയും വരാന്തയും ചായ്പ്പും നിറഞ്ഞ പഴയ തറവാടുകളുടെ ആധുനിക പതിപ്പുകൾ ഇന്നത്തെ ആധുനിക അണുകുടുംബ വ്യവസ്ഥിതിയിലും തുടരുന്നുവെന്നത് സിനിമയിൽ കാണിക്കാത്ത മറ്റൊരു സത്യം. മൂന്നു അടുക്കളയും കാറില്ലെങ്കിലും കാർപോർച്ചും തുടർക്കഥയാകുമ്പോൾ നടുവൊടിഞ്ഞു കൊണ്ടേയിരിക്കും.

 

വീട്ടിലിരിക്കുന്നതിന്റെയും വീട്ടിലിരുന്നു ജോലി ചെയ്യുന്നതിന്റെയും (അത് വീട്ടു ജോലിയായാലും) പ്രയാസങ്ങൾ പഠിപ്പിച്ചത് ലോക് ഡൗൺ കാലമാണ്. ഓഫീസിലോ കമ്പനിയിലോ പുറത്തോ എട്ടോ പത്തോ മണിക്കൂറുകൾ ജോലി ചെയ്ത് ടെന്ഷനുകൾ മാറ്റി വെച്ച് വീട്ടിലെത്തിയിരുന്ന കാലത്തോട് വിട ചൊല്ലി വീട്ടിലിരുന്നു ജോലി ആരംഭിച്ചപ്പോൾ അത് മണിക്കൂറുകളുടെ അതിർത്തി ലംഘിച്ചു.

 

‘കമ്പനിയിലാകുമ്പോൾ എട്ടു മണിക്കൂർ പണിയെടുത്താൽ, ഇത് ഇരുപത്തിനാലു മണിക്കൂറും കെട്ടിയിട്ട പോലെ’ എന്നാണ് വർക് ഫ്രം ഹോം കിട്ടിയ ഒരാളുടെ കമന്റ്.  അപ്പോൾ അവരുടെ കാര്യമൊന്നു ആലോചിച്ചു നോക്കൂ. ‘നമുക്കൊന്ന് പുറത്ത് പോവാം’ എന്ന പ്രിയതമയുടെ ആവശ്യം ഇനിയൊരിക്കലും അയാൾ നിരസിക്കുമെന്ന് തോന്നുന്നില്ല.

 

സ്നേഹവും കരുതലും കിട്ടാതെ വരുമ്പോൾ സഹനത്തിന്റെ അതിർ വരമ്പുകളിൽ മാറി ചിന്തിക്കാനുള്ള വെടിയൊച്ച മുഴങ്ങും. ആവശ്യങ്ങളും അപേക്ഷകളും കേൾക്കാതെയാകുമ്പോൾ, ഉള്ളിലെ നൈസർഗിക വാസനകൾക്ക് പരിഗണന  കിട്ടാതെ വരുമ്പോൾ, സ്വന്തം ഇച്ഛകളെ ശമിപ്പിക്കാനുള്ള ഉപകരണമായി അവളുടെ ശരീരത്തെ കാണുമ്പോൾ നമുക്ക് വേണ്ടിയൊരു ബക്കറ്റ് കേൾക്കാതെ പോയ ആവശ്യങ്ങളുടെ ദ്വാരം വീണ സ്വപ്നത്തിന് താഴെ വെയ്ക്കപ്പെടും. അതിൽ സ്വാർത്ഥതയുടെ ദുർഗന്ധം നിറയും. അത് ഒരുനാൾ നമ്മുടെ മുഖത്തേക്ക് ഒഴിക്കപ്പെടും! എത്രമാറ്റിയാലും എന്തൊക്കെ പുരട്ടിയാലും ആ ദുർഗന്ധം മാറില്ല. ഇത് ജീവിതം, റിഹേഴ്സലില്ലാത്ത നാടകം!

 

ആ നാടകത്തിലെ സമഭാവനയ്ക്കും ഒളിച്ചു വെക്കാത്ത അഭിപ്രായങ്ങൾക്കും ‘അവനെ മയക്കിയെടുത്ത ഭയങ്കരി’ എന്നോ ‘ഫെമിനിച്ചി’ എന്നോ പരിഹാസങ്ങളുയർന്നെങ്കിൽ സഹോദരീ നിങ്ങൾ അടിമ ജീവിതം നയിക്കാത്തവളാണ്. സ്വപ്നങ്ങൾ നിറവേറ്റിയതിനും കൂടെ നിന്ന് കരുത്തേകുന്നതിനും  ‘പെൺ കോന്തൻ’ എന്ന വിളിപ്പേരോ ‘ഓളുടെ സാരിത്തുമ്പിലാണ്..’ എന്ന കളിയാക്കലോ ഏൽക്കേണ്ടി വന്നെങ്കിൽ സഹോദരാ നിങ്ങൾക്ക് അഭിമാനിക്കാം.. നിങ്ങൾ അവളുടെ ഹൃദയ മുനമ്പിലാണ്..!

 

ഇടക്കൊന്ന് എത്തിനോക്കുക, അവഗണനയുടെ പുകയേറ്റ് കണ്ണുകൾ നിറയാതിരിക്കട്ടെ.. എന്നും കൂടെ നിൽക്കുക, മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കാതിരിക്കട്ടെ. മനസ്സിനും ശരീരത്തിനും ജീവിതത്തിനും ആരോഗ്യമേകുന്നു ശീലങ്ങൾക്ക് തുടക്കം മഹത്തായ നമ്മുടെ അടുക്കളകളിൽ നിന്നാവട്ടെ..!

 

English Summary: Personal note about the movie The Great Indian Kitchen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com