ADVERTISEMENT

ഫ്രണ്ട്‌ റിക്വസ്റ്റ് (കഥ)

വൈദ്യരുടെ അടുത്തു കാലൊന്നു കെട്ടിക്കാന്‍ വേണ്ടി രാവിലെ ചെന്നു. തിരക്കുള്ളത് കൊണ്ടു ചീട്ടു എടുത്തു പുറത്തിട്ടിരുന്ന കസേരയില്‍ പതിവ് പോലെ മൊബൈലില്‍ നോക്കി ഇരുന്നു. എന്റെ അടുത്തിരുന്ന ചെറുപ്പക്കാര്‍ എല്ലാരും തന്നെ ആരെയും ശ്രദ്ധിക്കാതെ മൊബൈലില്‍ തന്നെ ആയിരുന്നു. ഫേസ്ബുക്കില്‍ പുതിയ ഫ്രണ്ട്‌ റിക്വസ്റ്റ്  ഒരുപാട് വന്നിട്ടുണ്ട്. അതില്‍ പരിചയം ഇല്ലാത്തവരും ഉള്ളവരും. 

 

മിക്കവരെയും അവരുടെ വിവരങ്ങള്‍ നോക്കി എന്റെ മുഖപുസ്തകത്തില്‍ ചേര്‍ത്തു. അങ്ങനെ ഇരിക്കുമ്പോള്‍ അടുത്തു നിന്ന് ഒരു വിറയലോടു കൂടി ഒരു സ്വരം 

 

‘സമയം എത്രയായി’

 

മുഖത്തു നോക്കാതെ ഞാന്‍  ഉത്തരം കൊടുത്തു.

 

‘പത്തു മണി’

 

വീണ്ടും അടുത്ത ചോദ്യം

 

‘എവിടുന്നു വരുന്നു’

 

 ഓരോ ശല്യങ്ങള്‍ എന്നു മനസ്സില്‍ ഓര്‍ത്തു ഞാന്‍ തലയുയര്‍ത്തി നോക്കി.

 

പ്രായം എഴുപതിനു മുകളില്‍ ഉള്ള ഒരു അപ്പച്ചന്‍. മനസ്സില്‍ വന്ന ദേഷ്യം മുഖത്ത് കാണിക്കാതെ മറുപടി നല്‍കി

 

‘കുറച്ചു ദൂരെയാണ്.’

 

പിന്നെയും മൊബൈല്‍ എടുത്തു മുഖം പൂഴ്ത്താനുള്ള എന്റെ ശ്രമം വിഫലം ആക്കി അടുത്ത ചോദ്യം

 

‘എന്ത് ചെയ്യുന്നു’

 

‘സിസ്റ്റം മാനേജര്‍ ആണ്’

 

‘അതെന്താ’

 

‘ഈ കംപ്യുട്ടര്‍ വെച്ചുള്ള’

 

ഇനി കംപ്യൂട്ടര്‍ എന്താണ് എന്ന് പറഞ്ഞു കൊടുക്കേണ്ടി വരുമോ എന്നു പേടിച്ചു.

 

‘അത് ശരി’

 

‘എവിടെയാണ്’

 

‘കൃഷി വിജ്ഞാന കേന്ദ്രത്തില്‍’

 

‘അവിടെ കമ്പ്യൂട്ടര്‍’ ഞാന്‍ മറുപടി ഒന്നും കൊടുത്തില്ല.

 

‘കൃഷി ഇപ്പോള്‍ കാര്‍ഷികവൃത്തി മാത്രമല്ലല്ലോ അത് ഒരു പഠന ശാഖ കൂടി ആണല്ലോ’ എന്ന് അദ്ദേഹം തന്നെ മറുപടി പറഞ്ഞു

 

‘അതേ’

 

അപ്പോഴേക്കും  ചീട്ടു നമ്പര്‍ വിളിച്ചു. അപ്പച്ചന്‍ എഴുന്നേറ്റ് പതുക്കെ അകത്തേക്കു നീങ്ങി.

 

അദ്ദേഹം ഒഴിവായി പോയതില്‍ സമാധാനിച്ചു ഞാന്‍  വീണ്ടും മൊബൈല്‍ നോക്കി ഇരുന്നു. 

 

അന്നേരം അമ്മയുടെ കാള്‍ വന്നു. ഓരോ കാര്യങ്ങള്‍ പറയുന്നതിനിടയില്‍ ആ  അപ്പച്ചന്റെ  കാര്യം കൂടി അമ്മയോട് പറഞ്ഞു.

 

അമ്മ പറഞ്ഞു ‘‘ഫ്രണ്ട്‌ റിക്വെസ്റ്റ് ഞങ്ങളുടെ കാലത്ത് ആളുകളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് ആണ് സ്വീകരിച്ചിരുന്നത്. നിന്റെ തലമുറക്കു നേരിട്ട് ആരെങ്കിലും പരിചയപ്പെടാന്‍ നോക്കുമ്പോള്‍ അതു ശല്യം ആയി മാറുന്നു. 

 

ഫേസ്ബുക് വഴി മാത്രം സുഹൃത്തുക്കളെ സ്വീകരിക്കാന്‍ കഴിയുന്നവരായി നിങ്ങള്‍ മാറി. നിങ്ങളുടെ നേര്‍ക്കാഴ്ച മങ്ങി തുടങ്ങിയിരിക്കുന്നു. പ്രായമായവര്‍ നിങ്ങളില്‍ നിന്ന് അല്പം സഹാനുഭൂതി അര്‍ഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഏകാന്തത മനസിലാക്കാന്‍ നീ ഇനിയും ഒരുപാട് കാലം മുന്നോട്ടു സഞ്ചരിക്കണം’’

 

അമ്മ കാള്‍ കട്ട് ചെയ്തു.

 

മനസ്സില്‍ ഒരു കുറ്റബോധം തോന്നി.

 

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അപ്പച്ചന്‍ ഇറങ്ങി വന്നു. നടക്കാന്‍ ശരിക്കു ബുദ്ധിമുട്ടുന്നുണ്ട്.

 

‘ഞാന്‍ പോകട്ടെ .’

  

ഞാന്‍ മറുപടി ഒന്നും നല്‍കാതെ എഴുന്നേറ്റ് അദ്ദേഹത്തിന്റെ അരികില്‍ ചെന്നു.

 

പടി ഇറങ്ങാന്‍ പ്രയാസപ്പെട്ട് നിന്ന അദ്ദേഹത്തിന്റെ കൈകളില്‍ പിടിച്ച് ഇറക്കി താഴെ കൊണ്ടു വന്നു. റോഡില്‍ നിന്ന് ഒരു ഓട്ടോ കൈ കാണിച്ചു നിര്‍ത്തി അപ്പോള്‍ അദ്ദേഹം എന്റെ കയ്യില്‍ പിടിച്ചു പറഞ്ഞു

 

‘എങ്ങനെ താഴെ ഇറങ്ങും എന്ന് ചിന്തിച്ചു നില്കുകയായിരുന്നു. നിങ്ങള്‍ കുട്ടികള്‍ ആണെങ്കില്‍ മൊബൈലില്‍ ഓരോന്ന് ചെയ്യുന്ന തിരക്കിലും’

 

‘വളരെ നന്ദി.’

 

‘എന്താ മോന്റെ പേര്’

 

‘അനില്‍’

 

‘എന്റെ പേര് രാജന്‍. ഇവിടുന്നു  ഒരു മൂന്ന്  വീട് കഴിഞ്ഞാല്‍ എന്റെ വീടാണ്. ഒരിക്കല്‍ വീട്ടില്‍ വരണം’

 

ഞാന്‍ നിശ്ശബ്ധനായി തലയാട്ടി. അദ്ദേഹം ഓട്ടോയില്‍ കയറി യാത്രയായി.

 

ആ മനുഷ്യനെ ഇനി കാണുമോ എന്നറിയില്ല. എങ്കിലും ഞാന്‍ എന്റെ മനസിന്റെ ഫേസ്ബുക്കില്‍ ആ ഫ്രണ്ട്‌ റിക്വസ്റ്റ് സ്വീകരിച്ചു.

 

അകത്തു നിന്നു എന്റെ ചീട്ടു വിളിക്കുന്നത് കേട്ടു ഞാനും നീങ്ങി.

 

English Summary: Writers Blog - Friend Request, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com