ADVERTISEMENT

ആസ്വാദനം (കഥ)

ചുമരിൽ കൊളുത്തിയിട്ട കണ്ണാടിയിലേക്ക് എത്തി നോക്കി. ജാനറ്റ് നെറുകയിൽ സിന്ദൂരം ഒന്നുകൂടി ശരിയാക്കിയെടുത്ത്. കൂടെ കിടന്ന സിമ്രാന്റെ ശബ്ദം അവൾ കേട്ടില്ലെന്നു നടിച്ചു.

‘‘എന്തോന്നാടി കോപ്പേ ചെവി കേൾക്കില്ല?’’ – ധൃതിയിൽ ചലിക്കുന്ന ശരീരത്തിൽ നിന്നും ജാനറ്റ് പറഞ്ഞു.

‘‘ഞാൻ.... വെറുതെ ഒന്ന് പുറത്തേക്ക്....’’

‘‘കൂടെ?’’

‘‘ആരുമില്ല.’’

‘‘ങും .... അതെന്താ.... പതിവില്ലാതെ ഒറ്റയ്ക്കൊരു സഞ്ചാരം.’’

കോറിഡോറിലെത്തിയ ജാനറ്റ് വാതിൽ ചാരി നിന്നു. കൈയ്യിലെ പ്ലാസ്റ്റിക് കവർ പുറകിലേക്ക് മാറ്റിപ്പിടിച്ചു. 

അരിശം നിറഞ്ഞ മുഖത്തോടെ കട്ടിലിൽ എഴുന്നേറ്റിരുന്നു സിമ്രാന്റെ നോട്ടം അവളിൽ പതിച്ചു നിന്നു. 

‘‘ഞാൻ ഇവിടെ വരെയേ പോകുന്നുള്ളൂ.’’

‘‘അതല്ലേടീ ഞാനും ചോദിച്ചത്... എവിടെയാണ് ഈ ഇവിടം’’

‘‘വൈറ്റൽ റിയാലിറ്റി’’

കിടക്കയിൽ മുഷ്ടി ചുരുട്ടിയിടിച്ച് സിമ്രാൻ തലകൾ ഇളക്കി ചിരിച്ചു. അത് ഇടനാഴിയിലൂടെ ചിന്നിച്ചിതറി ഓരോ വാതിലിലും തട്ടിയുണർത്താൻ തുടങ്ങി. അത് ഭയന്ന് ജാനറ്റ് അകത്ത് കയറി വാതിലടച്ചു.

 

ചിരിയുടെ ക്ലൈമാക്സിൽ സിമ്രാന്റെ കണ്ണുകൾ നിറഞ്ഞു. അവളത് അമർത്തി തുടയ്ക്കുമ്പോൾ തലതാഴ്ത്തി ജാനറ്റ് അവളെയുരുമ്മി നിന്നു. 

ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതിന്റെ മൂന്നാംദിനം ഓവർബ്രിഡ്ജിനടിയിലൂടെ നടക്കവേ ശരീരഭാഗങ്ങൾ ഒന്നും പറിഞ്ഞുപോകുന്നില്ലെന്നതിൽ ജാനറ്റ് ആശ്വസിച്ചു. ആനയുടമകളുടെ സംസ്ഥാന സമ്മേളനത്തിന്റെ ഫ്ലെക്സിൽ നാട്ടിലെ പ്രശസ്തനായ അച്ഛന്റെയും മകന്റെയും ചിത്രം നോക്കവേ സിമ്രാൻ അവളുടെ ശ്രദ്ധയെ മറ്റൊരിടത്തേക്ക് ആകർഷിച്ചു. 

‘‘ദി കോണ്ടം ഷോപ്പ്.’’ 

 

തലസ്ഥാന നഗരിയും റോയലിൽ നിന്നും മെട്രോവാൽക്കരിക്കപ്പെടുന്നു. 

നഗരത്തിൽ പുതിയതായതിനാൽ ജാനറ്റ് നാണിച്ചു റോഡ് മുറിച്ചുകടക്കവേ എതിർവശത്തെ ബിൽഡിങ്ങിൽ ഓരോ ബോർഡിലും അവളുടെ കണ്ണുകൾ പരതികൊണ്ടിരുന്നു...  കാഴ്ചകൾ അവൾക്ക് പുതുമയാണ്. അവളൊരു പുതുമുഖമാണല്ലോ... അനന്തപദ്മനാഭന്റെ മണ്ണിൽ നിർത്തിയിട്ടിരിക്കുന്ന കാറുകൾക്കിടയിലൂടെ മുന്നോട്ട് ആ ബോർഡും അതിനു താഴെയുള്ള കടയും കണ്ടത്... മുൻപിൽ നടക്കുന്ന സിമ്രാന്റെ കൈകളിൽ അവൾ ബലമായി പിടിച്ചു. 

‘‘ഞാൻ വരില്ല.’’ 

‘‘അതെന്താ... ?’’

 

ഗ്ലാസ് വാതിലുകൾക്ക് പുറകിലെ മാനിക്യുനുകളെ അവൾ ഇടം കണ്ണിൽ ചൂണ്ടിക്കാട്ടി.... 

‘‘ഓ പിന്നെ കടകളിലൊക്കെ .... ബുർഖയണിഞ്ഞ പെണ്ണുങ്ങളെ നിർത്താം.... ഒന്ന് പോടീ...’’

കടയിലേക്ക് ചാടിക്കയറിയ സിമ്രാനെ അനുഗമിക്കാതെ നിവൃത്തിയില്ലാതായി ജാനറ്റിന്. സിമ്രാൻ ഡിസ്പ്ലേ ചെയ്ത വകകളിലേക്ക് തിരിഞ്ഞു. തിരക്ക് കുറവായിരുന്ന കടയിലെ സേവനത്തിനായി നിൽക്കുന്നവരെല്ലാം ആണുങ്ങളായിരുന്നു. ഇളം നീല ജീൻസും വെളുത്ത ഷർട്ടും ധരിച്ച അവർക്ക് കണ്ണ് തട്ടാതിരിക്കാനെന്നപോലെ ക്യാഷ് കൗണ്ടറിൽ പെൺസാന്നിധ്യമുണ്ടായിരുന്നു. 

ഡിസ്പ്ലേ ബോർഡിലേക്ക് കൈചൂണ്ടി സിമ്രാൻ ചോദിച്ചു.  

 

ആ മെറൂൺ ലൈസ് വെച്ചതിന് എത്രയാ .... 

മുന്നൂറ്റമ്പത്. 

അതിന്റെ 34 ബി. വേറെ കളറുകൾ ഉണ്ടെങ്കിൽ അതും കൂടി. 

ഷെൽഫിൽ തിരയവേ സെയിൽസ് മാൻ ചോദിച്ചു. 

മാഡം ... 32 ബി പോരെ .... ?

ഹണിമൂൺ ശേഖരത്തിൽ തറച്ചുനിന്നിരുന്ന അവളുടെ ശ്രദ്ധ ആ  ഒറ്റ ചോദ്യത്തിൽ വേർപെട്ടുപോയി. 

എന്താ... ?

അല്ല സൈസ് 32 ബി പോരെ. ...?

തന്നെക്കാൾ അഞ്ചാറ് വയസ്സ് കുറവുള്ള അവന്റെ നോട്ടം ശരീരത്തിന്റെ ആസ്ഥാനത്തേക്ക് നീളുന്നത് അവളറിഞ്ഞു. 

‘‘ഫിദൽ’’

അവൾ അവന്റെ നെയിം പ്ലെയിറ്റ് നോക്കി മനസ്സിൽ വായിച്ചു.

 

‘‘പോരാ... മോനെ 34 സി തന്നെ വേണം.’’ 

ഉത്തരം അവന്റെ മുഖത്ത് ചുളിവുകൾ വീഴ്ത്തി. അത് ആസ്വദിക്കാനാണ് അവൾ ജാനറ്റിനെ തിരഞ്ഞത്. അത്ഭുതലോകത്തെത്തിയ അലീസിനെ പോലെയുള്ള അവളുടെ അവസ്ഥ സിമ്രാനിൽ ചിരിയുണർത്തി. 

 

‘‘നിനക്കെന്തുപറ്റി മുഖംവീർപ്പിക്കാൻ.”

നീ വേറെ ഷോപ്പൊന്നും കണ്ടില്ലേ? എല്ലാം ആണുങ്ങൾ മാത്രം... ഓരോന്നിന്റെ നോട്ടം കണ്ടാൽ മതി. 

മാഡം...  

‘ഫിദൽ’ ആണ്. 

 

ഓരോരോ ആവശ്യങ്ങൾക്കായി ഫിദലിനെ വട്ടം കറക്കുകയാണ് സിമ്രാൻ. ജാനറ്റിന് അടിമുടി പെരുത്ത് വന്നു. എങ്കിലും ഫിദലിനെ അവളുടെ കണ്ണുകൾ അളന്നുകൊണ്ടേയിരുന്നു. അവനത് മനസ്സിലാവുകയും ചെയ്തു. 

 

ബില്ലിങ്ങിനും പാക്കിങ്ങിനും ഇടയിലുള്ള സമയം സിമ്രാൻ അവളെ മറ്റൊരു രംഗം കാട്ടി കൊടുത്തു. 

തന്റെ പെണ്ണിന് വേണ്ടി വാങ്ങാനെത്തിയ ചെറുപ്പക്കാരനെ ചൂണ്ടി അവൾ ചിരിക്കാൻ തുടങ്ങി. 

കണ്ടോടീ... ? ആ സെയിൽസ്മാനെ കവർ തുറക്കാൻ പോലും അയാൾ അനുവദിക്കുന്നില്ല.... അതിൽ മറ്റാരുടെയും കൈവിരൽ പതിയുന്നതുപോലും അയാൾക്കിഷ്ടമല്ല. 

അയാളുടെ ചേഷ്ടകൾ ജാനറ്റിലും ചിരി പടർത്തി. 

 

ബില്ലും കൊണ്ട് അവരുടെ അടുത്തെത്തിയ ഫിദൽ ജാനറ്റിനെ നോക്കി ചോദിച്ചു. 

മാഡത്തിനൊന്നും വേണ്ടേ? 

ഓ ഞാനത് മറന്നു..... നിനക്ക് വേണ്ടേ? 

വേണ്ട... ജാനറ്റ് കൗണ്ടറിലേക്ക് നടന്നു...  പിന്നെ എന്തോ ഓർത്തപോലെ പറഞ്ഞു. 

‘‘ഇപ്പോൾ വേണ്ട. നേരം വൈകി.’’ 

ഹോസ്റ്റൽ മുറിയിൽ കൂട്ടുകാർ ഫിദലിന് ചുറ്റും ഇരുന്നു. ഓൾഡ് പോർട്ട് റമ്മിന്റെ മണവും ഫിൽറ്റർ സിഗരറ്റിന്റെ ഗന്ധവും അവനിലും മനം പുരട്ടലുണ്ടാക്കി. 

 

‘‘എടാ.... ഇന്ന് നിന്റെയടുത്ത് കിടിലൻ ചരക്ക് വന്നില്ലേ .... വെളുത്ത് മെലിഞ്ഞു... അഴകളവുകളൊത്ത് ... അവളിവിടെ പുതിയതെന്നാ തോന്നുന്നത്.... കൂടെ വന്നവൾ സ്ഥിരം കസ്റ്റമറാ. ടെക്നോപാർക്ക് കക്ഷി...’’  

 

അവർ അന്ന് വന്നവരെ ഓരോരുത്തരെയായി അളന്നു തൂക്കാൻ തുടങ്ങി. 

കൂട്ടത്തിൽ ചേരാതിരിക്കാനായി അവൻ ഉറങ്ങാൻ കിടന്നു. എപ്പോഴോ വന്ന ഉറക്കത്തിൽ മരുഭൂമിയിലൂടെ വെള്ളം കിട്ടാതെ അലയുന്നതും ഭ്രാന്തിയായി വീടുവിട്ടിറങ്ങിയ അമ്മ മുലപ്പാൽ നൽകുന്നതായും സ്വപ്നം കണ്ട് അവൻ ഇടയ്ക്കിടെ ഞെട്ടി ഉണർന്നു. 

ബാത്റൂമിന്റെ വാതിൽ തുറക്കുന്നതും ആരുടെയോ ശ്വാസോഛാസങ്ങൾ .... രതിമൂർച്ഛയിൽ എത്തുന്നതും അവനറിഞ്ഞു. പിന്നെ വീണ്ടും വാതിലടക്കുന്നതുവരെ മൂടിപ്പുതച്ച് കിടന്നു. അപ്പോഴും ജാനറ്റിന്റെ അളവൊത്ത ശരീരം അവനുമാത്രമായി കാത്തിരിക്കുന്നതായുള്ള തോന്നൽ.... ജ്വലിച്ചചിന്തയായി.... പടർന്നുനിന്നു.

 

പഴയ ഓർമകളിൽ നിന്ന് ഉണർന്ന സിമ്രാൻ പറഞ്ഞു... ജാനറ്റ് ഞാനും വരാം. അവൾ അപ്പോഴേക്കും കട്ടിലിൽ നിന്നിറങ്ങി ദേഹശുദ്ധി വരുത്തി... ജാനറ്റിന്റെ മണവും ചുംബനങ്ങളുടെ ചൂടും നഷ്ടമാവുമെന്നറിഞ്ഞും അവൾ അത് ചെയ്തത്.... ജാനറ്റിനു വേണ്ടിയായിരുന്നു.... അവൾ ഇന്നും പഴഞ്ചനാണ്. ... ഉണർന്നെണീറ്റാൽ കുളിച്ചു.... പൊട്ടു തൊടണം... വേണ്ട... ഞാൻ പോകാം.... എത്രയോ തവണ നിനക്കൊപ്പം, ഞാനും അവിടെ വന്നിരിക്കുന്നു.... ഇന്ന് എനിക്കായി ഞാൻ അവിടെ പോവാമെന്നേ ... 

 

“വേണ്ട” ... ജാനറ്റ് ... ഞാനും വരാം ....’’ പക്ഷേ ജാനറ്റ് ഇറങ്ങി നടന്നിരുന്നു.

എന്താ...  ഇവിടെ നിന്നും ഒന്നും വാങ്ങാത്തത് ... എന്നും കൂട്ടുകാരിക്ക് തുണ വരികയേ ഉള്ളൂ. ... 

ആദ്യമായാണ് ഫിദൽ അവളോട് സംസാരിക്കുന്നത്. അവന്റെ നോട്ടം അവളുടെ ശരീരത്തെ .... അളന്നെടുത്തിട്ടുണ്ടെങ്കിലും .... 

 

ദേ  .... കൂട്ടുകാരിയെത്തിയല്ലോ....?  ഒന്നും പറയാനാകാതെ നിന്ന അവളെ രക്ഷിച്ചതും ഫിദൽ ആയിരുന്നു. 

 

ദേഷ്യം കലർന്ന മുഖത്തോടെ സിമ്രാൻ അവൾക്കരികിലെത്തി... 

ഫിദൽ മനസ്സ് തുറക്കാനാകാതെ വിമ്മിഷ്ടനായി. ഒരു ശലഭമായി ജാനറ്റിനെ വലം വെയ്ക്കാൻ അവൻ മോഹിച്ചു. അവന്റെ വിരലുകൾ കബോഡുകളിൽ ചലിച്ചു.... നിറങ്ങൾ ... അഴകളവുകൾക്കനുസൃതമായി നൃത്തം വെച്ചു. 

കൗണ്ടർ മേശയിൽ.... അടിവസ്ത്രങ്ങൾ ... വർണ്ണരാജി തീർത്തു.... 

‘‘വേറെ ഏതെങ്കിലും തരമാണോ വേണ്ടത്....’’

ഒന്നും പറയാതെ നിൽക്കുന്ന ജാനറ്റിനോട് ഫിദൽ ചോദിച്ചു. 

സിമ്രാന്റെ മുഖമാണ് ഇപ്പോൾ വിളറിയത്. ജാനറ്റ് ഉറച്ച സ്വരത്തിൽ പറഞ്ഞു. 

‘‘പാഡ് ആണ് വേണ്ടത്... പോസ്റ്റ് സർജറി’’

ജാനറ്റ് അത് പറയവേ അരുതാത്തത് കേട്ടപോലെ അവൻ നടുങ്ങി. 

 

പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു. 

സൈസ്  30 

ഇപ്പോൾ വരാം എന്ന ആംഗ്യത്തോടെ അവൻ അകത്തേക്ക് പോയി. അകലെ പുതുമണവാളൻ പുതുമണവാട്ടിക്കു ഏറ്റവും സുന്ദരമായത് സെലക്ട് ചെയ്യുകയാണ്. മണവാട്ടിയുടെ കവിളിൽ നാണം പ്രകാശം പരത്തുന്നു. അത് കറുത്ത തട്ടവും കടന്നു കടയാകെ നിറഞ്ഞു.

വാതിൽ തുറക്കവേ... അവൻ അങ്ങോട്ട് തിരിഞ്ഞു... 

 

‘‘ആവശ്യക്കാർ കുറവായതിനാൽ ഇവിടെ വെക്കാറില്ല.’’ 

ഫിദൽ ക്ഷമാപണ സ്വരത്തിൽ പറഞ്ഞു. ജാനറ്റ് അവനൊരു പുഞ്ചിരി തിരികെ നൽകി. അപ്പോഴും ഫിദൽ സംശയാലുവായിരുന്നു. 

 

തനിക്കിഷ്ടപ്പെട്ടത് തിരഞ്ഞെടുത്തത് ബിൽ അടച്ച ശേഷമേ ജാനറ്റ് സിമ്രാനെ നോക്കിയുള്ളൂ. അന്ന് ഹോസ്റ്റൽ മുറിയിലെത്തും വരെ മൗനമായിരുന്നു അവരുടെ ഭാഷ. പാചകവും കുളിയും പതിവ് തമാശകളും മുടക്കമില്ലാതെ തുടർന്നു.... തങ്ങൾക്ക് എങ്ങനെ ഇത് പോലെ പെരുമാറാൻ പറ്റുന്നുവെന്നു അവൾ അതിശയിച്ചു. 

 

എന്നിട്ടും ഒരേ കിടക്കയിൽ ഉറങ്ങാൻ കിടക്കവേ.... ഉള്ളിലെ വിങ്ങൽ അവർ രണ്ടാളും ഒരു പോലെ തിരിച്ചറിഞ്ഞു. അത് അവരുടെ ഉറക്കം കെടുത്തുക തന്നെ ചെയ്തു. പിന്നെയും ആരുടെയോ ഉറക്കം അന്നത്തെ രാവ്, മോഷ്ടിച്ചെടുത്ത്. അത് അവർ രണ്ടുപേരുടെയും മാത്രമായിരുന്ന രഹസ്യം പങ്കിട്ടെടുത്തവരുടേതായിരുന്നു. 

 

English Summary: Writers Blog - Aswadanam, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com